Kerala

ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെത്തുടർന്നു മലയാളി വീട്ടമ്മ മരിച്ചു. നവി മുംബൈ ഉൾവ നിവാസിയായ ആലപ്പുഴ അവലൂക്കുന്ന് കൈതവളപ്പിൽ ഗോപാലൻ നിവാസിലെ വിമലയ്ക്ക് (53) ആണു ദാരുണാന്ത്യം. താൽകാലിക ജോലി ആവശ്യത്തിനായി ദുബായിൽ പോയ ഭർത്താവ് എഴുപുന്ന സ്വദേശി സോമൻ, വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിയിരിക്കുകയാണ്.

മൂന്നാഴ്ച മുൻപ് വീണു പരുക്കേറ്റ വിമലയെ നവിമുംബൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 10 ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് നവിമുംബൈയിലെ 5 ആശുപത്രികളിൽ എത്തിച്ചെങ്കിലും കോവിഡ് പരിശോധനാഫലം ഉണ്ടെങ്കിലേ പ്രവേശിപ്പിക്കൂ എന്നു പറഞ്ഞു തിരിച്ചയച്ചു.

ഒടുവിൽ ഡി.വൈ. പാട്ടീൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സ്ഥിതി വഷളായി. ഇതിനിടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് ഡോക്ടർമാർ അറിയിച്ചതായും മലയാളി സംഘടനാപ്രവർത്തകർ അറിയിച്ചു. ഏകമകൾ: സൗമ്യ. വിമലയുടെ സംസ്കാരം ഇന്ന്.

ഒരിക്കലും പ്രതീക്ഷിക്കാത്തിടത്ത് കോവിഡ് ബാധിതയായി സഹപ്രവർത്തകയെ കണ്ടതും ചോദിച്ചിട്ടു പോലും ഒരു തുള്ളി വെള്ളം കൊടുക്കാൻ കഴിയാതെ വന്ന നിസഹായാവസ്ഥയും ശിൽപ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

യുകെയിലെ ഹാർലോ പ്രിൻസസ് അലക്സാൻട്ര എൻഎച്ച്എസ് ഹോസ്പിറ്റലിൽ ഐസിയു നഴ്സായി 2006 മുതൽ ജോലി ചെയ്യുന്ന മലയാളി ശിൽപ്പ ധനേഷ് കോവിഡ് അനുഭവം പങ്കുവയ്ക്കുന്നു

ശിൽപ്പയുടെ പോസ്റ്റ് വായിക്കാം…..

14 വർഷത്തെ നഴ്സിങ് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇതുപോലൊരു അവസ്ഥയെ ഞാൻ നേരിടുന്നത്. നിസഹായത തോന്നി, പേടി തോന്നി. പതിവ് പോലെ നൈറ്റ് ഡ്യൂട്ടിക്ക് കയറുമ്പോൾ ഈ ദിവസം കടന്നുപോകാൻ ഇത്രയും ഞാൻ വിഷമിക്കും എന്ന് കരുതിയില്ല. ഏകദേശം രാത്രി പന്ത്രണ്ടു മണി ആയപ്പോൾ ഒരു പേഷ്യന്റ് വന്നു. വന്നപ്പോഴാണ് ഞാൻ ജോലി ചെയ്യുന്ന അതേ ഹോസ്പിറ്റലിലെ സ്റ്റാഫ് ആണ് വന്നതെന്ന് മനസിലാകുന്നത്. കൂടെ ജോലി ചെയ്യുന്ന ഒരാളെ ആ ബെഡിൽ കാണാൻ വളരെ പ്രയാസം തോന്നി. വന്നപ്പോൾ അവർക്കു ശരീരത്തിൽ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നു, വെന്റിലേറ്റർ തയാറാക്കാൻ ഡോക്ടർ പറഞ്ഞു. അവർ എന്നോട് വെള്ളം ചോദിച്ചു, വെന്റിലേറ്ററിൽ ഇടാൻ പോകുന്ന ആൾക്ക് വെള്ളം കൊടുക്കാൻ നിർവാഹം ഇല്ലായിരുന്നു. അവർ വളരെ വേഗം കൂടുതൽ അവശയാകാനും തുടങ്ങി. ഡോക്ടർ അവരോടു പറഞ്ഞു നിങ്ങളെ ഉറക്കാൻ ഉള്ള മരുന്ന് തരാൻ പോവാണ്, അതിനു ശേഷം നിങ്ങളെ വെന്റിലേറ്ററിലേക്ക് മാറ്റും എന്ന്. എത്രത്തോളം അവർക്കതു മനസിലായി എന്ന് അറിയില്ല. വെന്റിലേറ്റർ റെഡി ആക്കി വച്ചിട്ട് വെള്ളം എടുത്ത് ഒരു സ്പോഞ്ച് അതിൽ മുക്കി ( വായും ചുണ്ടും നനക്കാൻ ) അവർക്കു കൊടുക്കാൻ ചെല്ലുമ്പോൾ ഡോക്ടർ അവരോടു സംസാരിക്കുകയായിരുന്നു.

വെള്ളം ടേബിളിൽ വച്ച് ഞാൻ അവരെ ബെഡിൽ നേരെ ഇരുത്താൻ നോക്കിയപ്പോഴാണ് ഡോക്ടർ അവരോടു പറയുന്നത് മരുന്ന് തന്ന് ഉറങ്ങുന്നതിനു മുൻപ് ആരെയെങ്കിലും വിളിക്കാൻ ഉണ്ടെങ്കിൽ ഫോൺ ചെയ്യൂ എന്ന്, അവർ ഫോൺ വിളിക്കാൻ നോക്കിയിട്ടു പറ്റുന്നില്ല, ഫോൺ ലോക്ക് ആണ്, അത് തുറക്കാൻ അവർക്കു പറ്റുന്നില്ല കാരണം അവർക്കു അതെങ്ങനെ ചെയ്യണം എന്ന് ഓർക്കാൻ പറ്റുന്നില്ല. ഞാൻ കുറെ സഹായിക്കാൻ നോക്കി പക്ഷെ അപ്പോഴേക്കും അവർക്കു ബോധം കുറഞ്ഞു കുറഞ്ഞു വന്നു. കാത്തു നിൽക്കാൻ സമയം ഇല്ലാത്തതു കൊണ്ട് വേഗം അവരെ സെഡേറ്റു ചെയ്തു intubate ചെയ്തു വെന്റിലേറ്ററിലേക്ക് മാറ്റി.

തിരക്ക് കുറഞ്ഞപ്പോൾ ഞാൻ ഇതേപ്പറ്റി ഡോക്ടറോട് സംസാരിച്ചു. അപ്പോൾ ഡോക്ടർ എന്നോടു പറഞ്ഞു അവർ രക്ഷപ്പെടുമോ എന്ന് ഉറപ്പില്ല, അവസാനമായി ഭർത്താവിനോടോ പ്രിയപ്പെട്ടവരോടോ സംസാരിക്കാമല്ലോ എന്ന് കരുതിയാണ് വിളിക്കാൻ പറഞ്ഞതെന്ന്. എന്തോ അത് കേട്ടപ്പോൾ ഇതുവരെ ഒരിക്കലും അനുഭവിക്കാത്ത വീർപ്പുമുട്ടൽ എനിക്കുണ്ടായി, കണ്ണ് നിറയാൻ തുടങ്ങി. അവർക്കു വെള്ളം കൊടുക്കാൻ പറ്റാത്തതിൽ മരണം വരെ ഞാൻ സങ്കടപ്പെടും.

ഒരു നിമിഷം പെട്ടന്ന് എന്നെത്തന്നെ ആ ബെഡിൽ ഞാൻ കണ്ടു, കണ്ണേട്ടന്റെ, എന്റെ മോൾടെ, മമ്മിയുടെ, പപ്പയുടെ, അനിയത്തിയുടെ ഒക്കെ മുഖങ്ങൾ മുന്നിൽ വരാൻ തുടങ്ങി. അവിടുന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകാനും ഉച്ചത്തിൽ നിലവിളിക്കാനും അപ്പോൾ എനിക്ക് തോന്നി. നിവർത്തിയില്ലാത്തതു കൊണ്ട് വെളിയിൽ പോകാതെ അകത്തുതന്നെ നിൽക്കേണ്ടി വന്നു. ആ രാത്രി മറക്കാൻ എനിക്ക് ഒരിക്കലും സാധിക്കും എന്ന് തോന്നുന്നില്ല. അവരിപ്പോഴും കോറോണയോടു മത്സരിക്കുകയാണ്, അവർ ജയിക്കണം എന്ന് മറ്റാരേക്കാളും കൂടുതൽ ഞാനും ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. അതുകൊണ്ട് അവരെപ്പറ്റി കൂടുതൽ പറയാനാവില്ല.

കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ അറയ്ക്കൽ ജോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നുള്ള വിവരങ്ങൾ പുറത്തുവരുന്നു . വയനാട്ടിലെ കുടിയേറ്റ കർഷക കുടുംബത്തിൽ നിന്ന് ചെറുപ്പത്തിലെ വിദേശത്തെത്തി സ്വപ്രയത്നം കൊണ്ട് വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് അറക്കൽ ജോയി . ഗൾഫിൽ പെട്രോകെമിക്കൽ രംഗത്ത് കൈവെച്ച് തുടങ്ങിയ ജോയി യുഎഇ കേന്ദ്രീകരിച്ചുളള ക്രൂഡ് ഓയിൽ വ്യാപാരത്തിലായിരുന്നു സജീവം . തൊട്ടതെല്ലാം പൊന്നാക്കിയ ഇദ്ദേഹം അടുത്താണ് നാട്ടിൽ വന്ന് പോയത് . വയനാട്ടിലെ – ജീവകാരുണ്യപ്രവർത്തനങ്ങളിൽ എന്നും സജീവമായിരുന്നു ജോയി .

ജോയിയുടെ മരണത്തിൽ ദുരൂഹത ഉണ്ട് എന്നും അറയ്ക്കൽ ജോയിക്കൊപ്പം ഉണ്ടായിരുന്ന അദ്ദേഹവുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്ന ഷെട്ടി ഒളിവിൽ പോയതായും ഷെട്ടി ഇപ്പോൾ എവിടെ എന്ന് അറിയില്ലെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു . ഗൾഫിൽ നിന്നും വരുന്ന മെസേജുകളിൽ പറയുന്നത് ജോയ് അറയ്ക്കൽ എന്ന ബിസിനസുകാരന്റെ മരണം അന്വേഷിക്കണം എന്നും വൻ സാമ്പത്തിക ബാധ്യതയിൽ ജീവനൊടുക്കിയതാണ് എന്നുമാണ് . എന്നാൽ മരണ കാരണമായി ഇതുവരെ പുറത്ത് വന്ന ഔദ്യോഗിക റിപോർട്ടുകൾ ഹൃദയാഘാതം ആണ് . ഗൾഫിൽ നിന്നും ഇദ്ദേഹവുമായി അടുത്ത ബന്ധം ഉള്ളവരിൽ നിന്നും പുറത്തുവരുന്ന ഓഡിയോ ക്ളിപ്പുകൾ വ്യാപകമായി ഇപ്പോൾ വാടസ്പ്പിൽ പ്രചരിക്കുകയാണ്

നടൻ മണികണ്ഠൻ വിവാഹിതനായി. തൃപ്പൂണിത്തുറ പേട്ട സ്വദേശി അഞ്ജലി ആണ് വധു. ലോക്ക് ലൗൺ നിയന്ത്രണങ്ങൾ പാലിച്ചാണ് മണികണ്ഠന്റെ വിവാഹ ചടങ്ങുകൾ നടന്നത്. തൃപ്പൂണിത്തുറയിൽ വെച്ച് ഇന്ന് രാവിലെ നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. വിവാഹച്ചെലവിന് കരുതിവച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സ്വരാജ് എംഎൽഎയാണ് തുക ഏറ്റുവാങ്ങിയത്.

കമ്മട്ടിപ്പാടമെന്ന ഒറ്റ സിനിമ കൊണ്ട് മലയാളിക്ക് പ്രിയങ്കരനായ നടൻ മണികണ്ഠൻ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപനം വെല്ലുവിളിയായെങ്കിലും ആറുമാസം മുൻപ് നിശ്ചയിച്ച കല്യാണതീയതി മാറ്റേണ്ട എന്നായിരുന്നു വധുവരന്മാരുടെ തീരുമാനം. നേരത്തേ ക്ഷണിച്ചവരോടൊക്കെ വിവാഹം ചടങ്ങ് മാത്രമാണെന്ന് വിളിച്ച് അറിയിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്. ലോകം മുഴുവൻ പ്രശ്നത്തിൽ നിൽക്കുന്പോൾ ആഘോഷമായി ചടങ്ങുനടത്തുന്നത് ശരിയല്ലെന്ന മണികണ്ഠന്റെ തീരുമാനത്തോട് അഞ്ജലിയും യോജിക്കുകയായിരുന്നു.

ഇടുക്കി കാഞ്ഞാര്‍ കൂവപ്പിള്ളിയില്‍ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടില്‍ നിന്ന് വീണ് രണ്ടുപേര്‍ മരിച്ചു. മൂലമുറ്റം സ്വദേശികളായ ജയകൃഷ്ണന്‍ (25), ഹരി(26) എന്നിവരാണ് മരിച്ചത്. ഇവര്‍ രണ്ടുപേരും ബന്ധുക്കളാണ്.

വെള്ളച്ചാട്ടത്തില്‍ പോയി തിരിച്ചു വരും വഴി ആയിരുന്നു അപകടം. പാറക്കെട്ടില്‍ കാല്‍വഴുതി അമ്പതടിയോളം തതാഴചയിലേക്ക് പതിക്കുകയായിരുന്നു. തൊടുപുഴയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘം എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

അർബുദ രോഗത്തിന് ബ്രിട്ടനിലെ നോട്ടിങ്ങ്ഹാമിൽ ചികിത്സയിലായിരുന്ന തലശേരി സ്വദേശി പ്രസാദ് ദാസിന് പിന്തുണയുമായി മുൻ ഇന്ത്യൻ സൂപ്പർ താരം വീരേന്ദ്ര സെവാഗ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ജന പ്രതിനിധികള്‍ക്കുമൊപ്പം ഒരു കൂട്ടം നല്ല സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ശ്രമം സഫലമായതിന് പിന്നാലെയാണ് പ്രസാദിന്റെ ഇഷ്ടതാരം അദ്ദേഹത്തിനായി പങ്കുവച്ച വീഡിയോ സന്ദേശം പുറത്ത് വന്നത്.

ലോകം മുഴുവൻ കൂടെയുണ്ടെന്നും ഒരു നിമിഷം പോലും തളരരുത് എന്നുമാണ് സെവാഗ് പ്രസാദിനോട് ആവശ്യപ്പെടുന്നത്. താൻ‌ നിങ്ങളുടെ കൂട്ടുകാരൻ ആണെന്ന് വ്യക്തമാക്കുന്ന സെവാഗ് തന്റെ പ്രാർത്ഥന കൂടെയുണ്ടെന്നും സന്ദേശത്തിൽ പറയുന്നു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടലിലൂടെ ബ്രിട്ടനിൽ നിന്നും പ്രത്യേക അനുമതിയോടെ വെള്ളിയാഴ്ചയാണ് പ്രസാദിനെ നാട്ടിലെത്തിച്ചത്. നോട്ടിങ്ങ്ഹാമില്‍ നിന്ന് ഷാർജയിലേക്കും അവിടെ നിന്ന് മുംബൈ വഴിയുമാണ് എയർ ആംബുലൻസ് കരിപ്പൂരിലെത്തിയത്. മുംബൈയിലും വിമാനത്തിന് സ്റ്റോപ്പ് അനുവദിച്ചിരുന്നു. എയർപോർട്ടിൽ എത്തിയതിന് പിന്നാലെ ഇദ്ദേഹത്തെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

മെയ് മൂന്നിനാണ് രണ്ടാം ഘട്ട ലോക്ഡൗണ്‍ ഔദ്യോഗികമായി അവസാനിക്കുന്നത്. എന്നാല്‍ രാജ്യത്തെ കൊറോണ വൈറസ് രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇത് നീട്ടണമെന്ന ആവശ്യവുമായി ആറു സംസ്ഥാനങ്ങള്‍ രംഗത്തെത്തി. ഡല്‍ഹി, ഒഡീഷ, പഞ്ചാബ്, ബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ഈ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേതു പോലെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഇതും നടക്കുക. ഈ യോഗത്തില്‍ വച്ച് ലോക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായേക്കും എന്നാണ് കരുതുന്നത്. എന്നാല്‍ ദേശവ്യാപകമായി ലോക്ഡൗണ്‍ നീട്ടുന്നതിനേക്കാള്‍ സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്ന കാര്യങ്ങള്‍ക്കായിരിക്കും പ്രാമുഖ്യം കിട്ടുക എന്നാണ് സൂചന.

ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഈ ആറ് സംസ്ഥാനങ്ങളാണ് കോവിഡ്-19 എറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്. ഇതിനുപുറമെ മുംബൈ, പൂനെ എന്നിവിടങ്ങളില്‍ മെയ് മൂന്നിനു ശേഷവും ലോക്ഡൗണ്‍ തുടരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മെയ് 18 വരെ ലോക്ഡൗണ്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ വ്യക്തമാക്കുന്നത്. സംസ്ഥാന വ്യാപകമായി ലോക്ഡൗണ്‍ 15 ദിവസം കൂടി നീട്ടുന്ന കാര്യവും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അവതരിപ്പിക്കും എന്നും അദ്ദേഹം പറയുന്നു.

മേല്‍പ്പറഞ്ഞ ആറ് സംസ്ഥാനങ്ങള്‍ക്ക് പുറമെ ബംഗാള്‍, ഒഡീഷ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും ലോക്ഡൗണ്‍ നീട്ടാന്‍ സാധ്യതയുണ്ട്. ഹൗറ, നോര്‍ത്ത് 24 ര്‍ഗാസ്, ഹൂഗ്ലി, ഈസ്റ്റ് മിഡ്‌നാപ്പൂര്‍, ഈസ്റ്റ് ബര്‍ദ്വാന്‍ തുടങ്ങിയ സ്ഥലങ്ങള്‍ കോവിഡ് ഹോട്‌സ്‌പോട്ടുകളായതിനാല്‍ ഇവിടെ ലോക്ഡൗണ്‍ നീട്ടാന്‍ ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം, ബംഗാളില്‍ പൂര്‍ണമായി ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചേക്കില്ല.

ഒഡീഷയില്‍ ഹോട്‌സ്‌പോട്ടുകളല്ലാത്ത സ്ഥലങ്ങളില്‍ ഘട്ടംഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി നാബ കിഷോര്‍ ദാസ് പറയുന്നു. പഞ്ചാബിലും ലോക്ഡൗണ്‍ പൂര്‍മായി പിന്‍വലിച്ചേക്കില്ല. രോഗബാധ രൂക്ഷമായിട്ടുള്ള മധ്യപ്രദേശിലെ ഇന്‍ഡോര്‍, ഭോപ്പാല്‍, ഉജ്ജയിന്‍, ജബല്‍പ്പൂര്‍, ഖാര്‍ഗാവോണ്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ലോക്ഡൗണ്‍ തുടര്‍ന്നേക്കും. മെയ് മൂന്ന് കഴിഞ്ഞാലും മിക്ക സ്ഥലങ്ങളിലും ഘട്ടം ഘട്ടമായി മാത്രം ലോക്ഡൗണ്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ മേയ് പകുതി വരെ നീട്ടാനാണ് ആലോചന. ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച കോവിഡ് 19 കമ്മിറ്റിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. മേയ് മൂന്ന് വരെയുള്ള ലോക്ക് ഡൗണ്‍ മേയ് പകുതിയെങ്കിലും നീട്ടിയാല്‍ മാത്രം കോവിഡ് കേസുകളെ നിയന്ത്രണവിധേയമാക്കാന്‍ കഴിയൂ എന്ന് സമിതി അഭിപ്രായപ്പെട്ടു. കേന്ദ്രം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് മാര്‍ച്ച് 23ന് തന്നെ ഡല്‍ഹി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. പെട്ടെന്ന് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്താല്‍ അത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമായേക്കുമെന്ന ആശങ്കയാണ് കമ്മിറ്റി മുന്നോട്ടുവച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂടുതലായതിനാല്‍ ലോക്ക് ഡൗണ്‍ നീട്ടുന്നതായിരിക്കും ഉചിതമെന്ന് കോവിഡ് 19 കമ്മിറ്റി ചെയര്‍മാന്‍ ഡോ.എസ് കെ സരിന്‍ പറഞ്ഞു. മേയ് 16 വരെയെങ്കിലും ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരും.

അതേ സമയം, ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം എന്താണോ അതനുസരിച്ച് പ്രവര്‍ത്തിക്കാം എന്ന നിലപാടാണ് ഗുജറാത്ത്, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, ഹരിയാനന, ഹിമാചല്‍ പ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ തീരുമാനിക്കുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രോഗബാധ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കേരളവും അസമും ലോക്ഡൗണ്‍ കാര്യത്തില്‍ തീരുമാനമെടുത്തേക്കും. കേരളത്തില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് ഗ്രീന്‍ സോണായി പ്രഖ്യാപിച്ചിരുന്ന കോട്ടയം, ഇടുക്കി ജില്ലകള്‍ കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓറഞ്ച് സോണാക്കിയിരുന്നു. ഇപ്പോഴും റെഡ് സോണുകളായി തുടരുന്ന ജില്ലകളിലും അതോടൊപ്പം, ഹോട്‌സ്‌പോട്ടുകളിലും മെയ് മൂന്നിനു ശേഷം ലോക്ഡൗണ്‍ പിന്‍വലിക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

പുഞ്ചിരിച്ച് പടിപ്പുര കടന്നുപോയ ഗൃഹനാഥനെ കണ്ണീരോടെ കാത്തിരിക്കുകയാണ് മാനന്തവാടി വള്ളിയൂര്‍ക്കാവിലെ ആ കൊട്ടാരം വീട്. കഴിഞ്ഞദിവസം ദുബായില്‍ അന്തരിച്ച പ്രവാസി വ്യവസായി അറയ്ക്കല്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും.

കേരളത്തിലെ ഏറ്റവും വലിയ വീടെന്ന തലക്കെട്ടുകളോടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന അറയ്ക്കല്‍ പാലസിന്റെ ഗൃഹനാഥനാണ് അകാലത്തില്‍ വിടപറഞ്ഞ ജോയി.
ജോയിയുടെ മരണ വിവരം അറിഞ്ഞപ്പോള്‍ തുടങ്ങിയ സന്ദര്‍ശക പ്രവാഹത്തിന് ഇനിയും കുറവ് വന്നിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പോലീസ് സന്ദര്‍ശനം കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്.

ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇപെടലിലൂടെ അടുത്ത ദിവസം മൃതദേഹം എത്തിക്കാനാകുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.

തന്റെ ജീവിതത്തിലെ നേട്ടങ്ങളെ അടയാളപ്പെടുത്തുംവിധം സമാനതകള്‍ ഇല്ലാത്ത ഒരു നിര്‍മ്മിതിയാകണം തന്റെ വീട് എന്നതായിരുന്നു ബിസിനസ്സുകാരനായ ജോയിയുടെ സ്വപ്നം. അതിന്റെ സാക്ഷാത്കാരമായിരുന്നു മാനന്തവാടിയിലെ അറയ്ക്കല്‍ പാലസ്.

എന്നാൽ ജോയിയുമായി അടുപ്പമുള്ളവരിൽ നിന്നും എന്നപേരിൽ വാട്സാപ്പുകളിൽ പ്രചരിക്കുന്ന വോയിസ് ക്ലിപ്പുകളിൽ ദുരൂഹത ഉണർത്തുന്ന പലകാര്യങ്ങളും പുറത്തു വരുന്നു. വൻ സാമ്പത്തിക ബാധ്യത മൂലം അറക്കൽ ജോയി ആത്മഹത്യാ ചെയ്തതാണെന്നും മരണം അന്വേഷിക്കണം എന്ന രീതിയിലും കാര്യങ്ങളിൽ വ്യക്തത വരാതെ പലപ്രവർത്തികളും പിന്നാമ്പുറത്തു നടക്കുന്നതായാണ് വിവരം. അദ്ദേഹത്തിന് സാമ്പത്തിക ഇടപാടുകൾ ഉള്ള ഷെട്ടി ഒളിവിലിൽ പോയതായും റിപോർട്ടുകൾ.

കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ മാനന്തവാടിയിലെ അറയ്ക്കല്‍ പാലസിലേയ്ക്ക് 2018 ഡിസംബര്‍ 29നാണ് ജോയിയും സഹോദരന്‍ ജോണിയും കുടുംബസമേതം താമസം മാറ്റിയത്.

40000 ചതുരശ്രയടിയില്‍ മാനം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന അറയ്ക്കല്‍ പാലസ് നിര്‍മാണസമയത്തുതന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ധാരാളം അംഗങ്ങളുള്ള കുടുംബത്തിന് കൂട്ടുകുടുംബമായി ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ താമസിക്കാന്‍ വേണ്ടി കൂടിയാണ് ജോയ് വീട് വിശാലമായി ഒരുക്കിയത്.

കൊളോണിയല്‍ ശൈലിയിലാണ് വീടിന്റെ രൂപകല്‍പന. റോഡുനിരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാന്‍ഡ്‌സ്‌കേപ്പും ഒരുക്കിയത്.

അക്കൗണ്ടന്റായി യുഎഇയില്‍ എത്തി ലോകത്തെ ഏറ്റവും മികച്ച റിഫൈനറികളില്‍ ഒന്നിന്റെ ഉടമയായി മാറിയ ജോയിയുടെ ജീവിതവിജയം ഏറെ വെല്ലുവിളികള്‍ നേരിട്ട ശേഷമായിരുന്നു. മധ്യപൂര്‍വേഷ്യയിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകാനായി ചരക്കുകപ്പലുകള്‍ സ്വന്തമാക്കിയതോടെ കപ്പല്‍ജോയി എന്നത് അദ്ദേഹത്തന്റെ വിളിപ്പേരായി.

കഴിഞ്ഞ പ്രളയവും ഉരുള്‍പൊട്ടലും ഏറ്റവുമധികം നാശം വിളിച്ച വയനാട്ടിലെ ദുരിതബാധിതര്‍ക്കായി അറയ്ക്കല്‍ പാലസിന്റെ വാതിലുകള്‍ തുറന്നിട്ടിരുന്നു.

ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പേരില്‍ കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ജീവനക്കാര്‍ നേരിടുന്നത് വലിയ മാനസിക പീഡനം. ആശുപത്രിയില്‍ നിന്നു വീടുകളിലേക്ക് എത്തുന്ന ജീവനക്കാരെ നാട്ടുകാര്‍ തടയുകയാണ്. കുടുംബങ്ങളെ പോലും ഒറ്റപ്പെടുത്തുന്നതായി ജീവനക്കാര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി കലക്ടര്‍ക്ക് പരാതി നല്‍കി.

എടച്ചേരി സ്വദേശിയായ രോഗിയില്‍ നിന്നായിരുന്നു ഇഖ്റ ആശുപത്രിയിലെ നഴ്സിനു കോവിഡ് പകര്‍ന്നത്. തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും നീരീക്ഷണത്തിലാക്കുകയും ചെയ്തു. ഇപ്പോള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മുതല്‍ അറ്റന്‍ഡര്‍മാര്‍ വരെ മാനസിക പീഡനം അനുഭവിക്കുകയാണ്. കോവിഡ് ഐസലേഷന്‍ വാര്‍ഡുമായി ഒട്ടും ബന്ധപ്പെടാത്തവരാണ് ഇത്തരത്തില്‍ പീഡനം നേരിടുന്നത്. കഴിഞ്ഞ ദിവസം രാത്രി രണ്ടു ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞു.

ജീവനക്കാർ അവർ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടി കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ മോശം രീതിയില്‍ ജീവനക്കാരെ കുറിച്ച് സന്ദേശങ്ങള്‍ കൈമാറുന്നതായും കുടുംബങ്ങളെ ഒറ്റപ്പെടുത്തുന്നതായും ഈ പരാതിയില്‍ പറയുന്നു. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ജോലിചെയ്യുന്നവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ വേണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

 

സംസ്ഥാനത്തിന്റെ പല ഭാഗത്തും അടുത്ത ഒന്നുരണ്ടു മണിക്കൂർ ശക്തമായ മിന്നലിനു സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഞായർ വൈകിട്ട് 5 മുതൽ 7 വരെ ജാഗ്രത പാലിക്കണം എന്ന് അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് വ്യക്തമാക്കി. സംസ്ഥാനത്ത് വേനൽമഴയോടനുബന്ധിച്ച് ഇടിമിന്നലോടു കൂടിയ മഴ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

26ന് ഇടുക്കിയിലും 27ന് കോട്ടയത്തും 28ന് പത്തനംതിട്ടയിലും 29ന് കോട്ടയത്തും 30ന് വയനാടും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴയാണ് പ്രവചിച്ചത്. ഏപ്രിൽ 26 മുതൽ 30 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിച്ചു.കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). ഇത്തരം ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിച്ചേക്കാം.ഇടിമിന്നൽ: ജാഗ്രതാ നിർദേശങ്ങൾ

∙ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
∙ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
∙ മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
∙ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
∙ ജനലും വാതിലും അടച്ചിടുക.
∙ ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
∙ ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
∙ ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.
∙ കഴിയുന്നത്ര ഗൃഹാന്തർഭാഗത്തെ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
∙ ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
∙ വീടിനു പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.
∙ വാഹനത്തിനുള്ളിലാണെങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
∙ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
∙ പട്ടം പറത്താൻ പാടില്ല.
∙ തുറസായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽമുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
∙ ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
∙ ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
∙ വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേക്ക് പോകരുത്

മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

RECENT POSTS
Copyright © . All rights reserved