കൊല്ലത്ത് നിന്നും കോട്ടയം വൈക്കത്ത് എത്തി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ മരണത്തിൽ ദുരൂഹത. കൊല്ലം അഞ്ചൽ സ്വദേശി അമൃത, കടമകുളം സ്വദേശി ആര്യ എന്നിവർ വീട്ടിൽ നിന്നും ഇറങ്ങിയത് ഡിഗ്രി സർട്ടിഫിക്കറ്റുകൾ വാങ്ങാനെന്നു പറഞ്ഞായിരുന്നു. നവംബർ 13നാണ് ഇരുവരും വീടുവിട്ടിറങ്ങിയത്. അഞ്ചലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥികളായിരുന്നു ഇരുവരും.
തീവ്രമായ സൗഹൃദത്തിലായിരുന്ന ആര്യയും അമൃതയും ഒരുമിച്ചായിരുന്നു എപ്പോഴും. വിദേശത്ത് ജോലിചെയ്യുന്ന അമൃതയുടെ പിതാവ് അടുത്തിടെ നാട്ടിലെത്തിയപ്പോൾ ക്വാറന്റീൻ സൗകര്യത്തിനായി അമൃത ആര്യയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. 12 ദിവസത്തോളം ആര്യയുടെ വീട്ടിലാണ് അമൃത താമസിച്ചത്. ഇതിനിടെ അമൃതയുടെ പിതാവ് വിവാഹാലോചനകളും ആരംഭിച്ചിരുന്നു.
എന്നാൽ, വിവാഹം കഴിഞ്ഞാൽ കൂട്ടുകാരിയെ വേർപിരിയേണ്ടിവരുമെന്ന വിഷമത്തെ തുടർന്ന് പെൺകുട്ടികൾ ആത്മഹത്യയിൽ അഭയം പ്രാപിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.
കൊല്ലത്ത് നിന്നും ശനിയാഴ്ച രാത്രിയോടെയാണ് വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ വൈക്കത്ത് എത്തിയത്. പിന്നീട് പെൺകുട്ടികൾ മുറിഞ്ഞപ്പുഴ പാലത്തിൽനിന്ന് ആറ്റിലേക്കെ എടുത്ത് ചാടുകയായിരുന്നു. രണ്ടു പേർ ആറ്റിൽ ചാടിയെന്ന് സമീപത്തെ കുട്ടികളാണ് ആദ്യം നാട്ടുകാരെ അറിയിച്ചത്. പിന്നാലെ പോലീസും മുങ്ങൽ വിദഗ്ധരടക്കമുള്ളവരും തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
പിന്നീട് തെരച്ചിൽ പുനരാരംഭിച്ചതോടെ തിങ്കളാഴ്ച രാവിലെ പൂച്ചാക്കൽ പാണാവള്ളി ഊടുപുഴ ഭാഗത്തുനിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പെരുമ്പളത്തുനിന്ന് രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി.
കോട്ടയം ജില്ലാപഞ്ചായത്തിലെ തദ്ദേശതെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട എല്‍ഡിഎഫിലെ തര്‍ക്കങ്ങള്‍ അവസാനിച്ചു. 22 ഡിവിഷനുകള്‍ ഉള്ള ജില്ലാ പഞ്ചായത്തില്‍ ജോസ് വിഭാഗത്തിന് ഒമ്പത് സീറ്റുകള്‍ നല്‍കാനാണ് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായത്. 11 സീറ്റുകള്‍ നല്‍കണമെന്നായിരുന്നു ജോസ് വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്.
സിപിഐഎം ഒമ്പതും സിപിഐ നാലും സീറ്റുകളില്‍ മത്സരിക്കുമെന്നും ധാരണയായിട്ടുണ്ട്. കഴിഞ്ഞ തവണ ഒരൊ സീറ്റില്‍ വീതം മത്സരിച്ച ജനതാദള്‍ എസിനും എന്‍സിപിക്കും ഇത്തവണ സീറ്റ് ഇല്ല.
വിജയ സാധ്യ നോക്കിയാണ് സീറ്റ് വിഭജനം നടത്തിയതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ പറഞ്ഞു. ജില്ലയില്‍ അപൂര്‍വ്വ ഇടങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നു.
ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
പതിവിന് വിരുദ്ധമായി ഏറെ തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് കോട്ടയത്ത് എല്‍ഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായത്. മുന്നണിയിലെ പുതിയ കക്ഷിയായ ജോസ് വിഭാഗത്തിന് നല്‍കുന്ന സീറ്റിന് സംബന്ധിച്ചായിരുന്ന് തര്‍ക്കം. 11 സീറ്റില്‍ അവകാശ വാദം ഉന്നയിച്ച ജോസ് വിഭാഗം 9 സീറ്റില്‍ തൃപ്തിപെടുകയായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ ഒരണ്ണം മാത്രമേ വിട്ട് നല്‍കൂ എന്ന നിലപാടിലായിരുന്നു സിപിഐ. ഒരു സീറ്റുകൂടി വിട്ടുകൊടുക്കണമെന്ന നിര്‍ദ്ദേശമാണ് സിപിഐഎം സിപിഐക്ക് മുന്നില്‍ വെച്ചത്. എന്നാല്‍, സിപിഐയുടെ നിലപാടാണ് മുന്നണി അംഗീകരിച്ചത്.
സീറ്റ് വിഭജനം സംബന്ധിച്ച് ശനിയാഴ്ച്ച ഉഭയകക്ഷി യോഗം ചേര്‍ന്നിരുന്നെങ്കിലും തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് വീണ്ടും യോഗം ചേര്‍ന്നത്. ജില്ലാ പഞ്ചായത്തില്‍ 4 സീറ്റും പാല മുന്‍സിപ്പാലിറ്റിയില്‍ 7 സീറ്റും വേണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് സിപിഐ. അതേസമയം ജില്ലാ പഞ്ചായത്തില്‍ 11 ഉം പാലായില്‍ 13 സീറ്റുമാണ് കേരളാ കോണ്‍ഗ്രസ് ചോദിച്ചിരിക്കുന്നത്.
ഇതോടെ സിപിഐഎമ്മും കേരള കോണ്‍ഗ്രസും മത്സരിക്കുന്ന സീറ്റുകള്‍ തുല്യമായിരിക്കുകയാണ്.
മണിപ്പുഴ ഈരയിൽക്കടവ് റോഡിൽ വീണ്ടും അപകടം. നിയന്ത്രണംവിട്ട ബൈക്ക് എതിർദിശയിൽ നിന്നും എത്തിയ കാറിൽ ഇടിച്ച് യുവാവ് ദാരുണമായി മരിച്ചു. ചിങ്ങവനം പോളച്ചിറ സ്വദേശി ജോയൽ പി ജോസ് (23) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് എട്ടരയോടെ നാലുവരി പാതയിൽ പെട്രോൾ പമ്പിൽ ഭാഗത്തേക്ക് തിരിയുന്ന ഇടവഴിയിൽ ആയിരുന്നു അപകടം. പുതുപ്പള്ളി തൃക്കോതമംഗം ഗോകുലത്തിൽ (കടവിൽപറമ്പിൽ) ഗോകുൽ (20) ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചിരുന്നു.
ശനിയാഴ്ച വൈകിട്ട് എട്ടരയോടെ ഇരയിൽ കടവ് റോഡിൽ അമിതവേഗത്തിലെത്തിയ ആഡംബര ബൈക്ക് എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറും ബൈക്കും പൂർണമായും തകർന്നു.
ബൈക്കിൽ രണ്ടു പേരുണ്ടായിരുന്നു എന്നാണ് പ്രദേശവാസികൾ നൽകുന്ന സൂചന. ഇടിയുടെ ആഘാതത്തിൽ ഇതിൽ വായുവിൽ ഉയർന്നു തെറിച്ച ജോയൽ റോഡിൽ തലയിടിച്ചാണ് വീണത്.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ജോയലിനെ എടുത്തുയർത്തി എങ്കിലും അബോധാവസ്ഥയിലായിരുന്നു. നാട്ടുകാർ തന്നെ ചേർന്ന് ഇയാളെ ഇതുവഴി എത്തിയ മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവിടെ എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
ദുബായില്‍ ഐപിഎല്‍ ഫൈനല്‍ കാണാനെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുബായിലെ വീട്ടില്‍ അടുക്കള കൈയേറിയിരിക്കുകയാണ് താരം ഇപ്പോള്‍. ഭക്ഷണം ഉണ്ടാക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. താരത്തിന്റെ ഫാന്‍സ് പേജുകളിലാണ് ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്.
മോഹന്‍ലാല്‍ ഉണ്ടാക്കുന്ന ഭക്ഷണം രുചിച്ച് നോക്കുന്ന ഭാര്യ സുചിത്രയേയും ചിത്രങ്ങളില്‍ കാണാം. താരം ഉണ്ടാക്കുന്നത് എന്ത് ഭക്ഷണമാണ് എന്നാണ് ആരാധകരുടെ സംശയം. ദ്രാവക രൂപത്തിലെ ഭക്ഷണം പാകപ്പെടുത്തി ഓംലെറ്റ് രൂപത്തില്‍ മറ്റൊരു പാത്രത്തിലേക്ക് വിളമ്പുന്നതും ചിത്രങ്ങളില്‍ കാണാം.
ദൃശ്യം 2വിന്റെ ചിത്രീകരണം പൂര്‍ത്തിയായതോടെയാണ് മോഹന്‍ലാല്‍ ദുബായിലേക്ക് പോയത്. 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രീകരണം 46 ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സെപ്റ്റംബര്‍ 21-ന് ആണ് തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിച്ചത്.
അതേസമയം, ദൃശ്യം 2വിന്റെയും റാം ചിത്രത്തിന്റെയും എഡിറ്റിംഗ് പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണിവ. ദൃശ്യം 2വിന്റെയും റാമിന്റെയും എഡിറ്റിംഗിലേക്ക് ഒരേസമയം കടന്നിരിക്കുകയാണ് എന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് പങ്കുവച്ചത്.
മുംബൈ: ദീപാവലി ദിവസം മലയാളികളെ കണ്ണീരിലാഴ്‌ത്തി മഹാരാഷ്ട്രയിലെ മലയാളികളുടെ മരണ വാര്‍ത്ത. നവി മുംബയില്‍ ഇന്ന് പുലര്‍ച്ചയൊണ് മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. അഞ്ച് പേര്‍ തല്‍ക്ഷണം തന്നെ മരിച്ചിരുന്നു.
എട്ടു പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ സത്താറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നവി മുംബൈ സ്ഥിരതാമസമാക്കിയ മലയാളികളായ ദിവ്യ മോഹന്‍(30), ദീപാ നായര്‍(32) ലീലാ മോഹന്‍ (35) ഇവര്‍ ന്യൂ മുംബൈയിലെ വാശി സെക്ടറില്‍ താമസിക്കുന്നവരാണ്.
മോഹന്‍ വേലായുധന്‍ (59), സിജിന്‍ ശിവദാസന്‍ (8) ദീപ്തി മോഹന്‍ (28) ഇവര്‍ കോപ്പര്‍ കിര്‍ണ സ്വദേശികളാണ്. സജ്ജുന മധുസൂദനന്‍ നായര്‍(15) വാശി സെക്ടര്‍, ഡ്രൈവര്‍ റിങ്കു ഗുപ്ത(30) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്.
നവി മുംബൈയില്‍ നിന്ന് ഗോവയ്ക്ക് പോകുന്നവഴി ഇവര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ പാലത്തില്‍ നിന്ന് നദിയിലേക്കു മറിയുകയായിരുന്നു. പുണെ ബെംഗളൂരു ഹൈവേയിലെ സത്താറയില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് അപകടം.ഡ്രൈവര്‍ ഒഴികെ എല്ലാ യാത്രക്കാരും മുംബൈയിലെ സ്ഥിരതാമസക്കാരാണ്. കരാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
സത്താരായ്ക്കും കരാടിനും ഇടയ്ക്കുള്ള ദേശീയപാതയിലാണ് മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കരാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നതിന് ഇടയിൽ കോട്ടയത്ത് ഇന്ന് വീണ്ടും എൽഡിഎഫ് യോഗം. കൂടുതൽ സീറ്റ് വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസും, സീറ്റ് വിട്ടുനൽകില്ലെന്ന നിലപാടിൽ സിപിഐയും ഉറച്ച് നിൽക്കുന്നതോടെയാണ് പ്രതിസന്ധി കനക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച 5 സീറ്റുകളിൽ ഒരു സീറ്റ് വിട്ടുനല്‍കാമെന്ന നിലപാടിലാണ് സിപിഐ. കൂടുതൽ സീറ്റുകൾ വിട്ടുനല്‍കണമെന്ന് സിപിഎം അറിയിച്ചെങ്കിലും സിപിഐ അതിന് തയ്യാറായില്ല.
ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടത്തിയ സിപിഐ-സിപിഎം ഉഭയകക്ഷി ചർച്ചയും പരാജയപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്തിൽ നാല് സീറ്റും, പാലാ മുൻസിപ്പാലിറ്റിയിൽ 7 സീറ്റും എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോവാൻ സിപിഐ തയ്യാറല്ല. പാലായിൽ 13 സീറ്റും, ജില്ലാ പഞ്ചായത്തിൽ 11 സീറ്റുമാണ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരള കോൺഗ്രസിന് വേണ്ടി കൂടുതൽ സീറ്റുകൾ വിട്ടുനൽകില്ലെന്ന് വ്യക്തമാക്കിയ സിപിഐ ഇനി ചർച്ചയ്ക്കില്ലെന്നും പറഞ്ഞു.
എട്ട് സീറ്റുകൾ ജോസഫ് വിഭാഗത്തിന് നൽകി യുഡിഎഫ് പതിവിലും വിപരീതമായി സീറ്റ് വിഭജനം ഇത്തവണ നേരത്തെ പൂർത്തിയാക്കിയിരുന്നു. എൽഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ രണ്ട് ദിവസം കൂടി തുടരും.
എൽഡിഎഫിലെ രണ്ടാം കക്ഷി സിപിഐ തന്നെയാണെന്ന്, സീറ്റ് വിഭജനത്തെ ചൊല്ലി കോട്ടയം എല്‍ഡിഎഫില്‍ പ്രതിസന്ധി നിലനിൽക്കെ കാനം രാജേന്ദ്രൻ പറഞ്ഞു. കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് ആണ് ഒന്നാമത്തെ കക്ഷി എന്ന വി എൻ വാസവന്റെ അഭിപ്രായത്തോട് യോജിപ്പില്ല. സിപിഐയോട് മത്സരിക്കാൻ കേരള കോൺഗ്രസ് ആയിട്ടില്ല. ജോസ് പക്ഷത്തിന്‍റെ വരവോടെ എല്‍ഡിഎഫ് ശക്തിപ്പെടും, യുഡിഎഫ് ദുര്‍ബലമാകുമെന്നും കാനം രാജേന്ദ്രൻ ഇന്നലെ പറഞ്ഞു.
വൈക്കത്ത് ആറ്റില്‍ ചാടിയ യുവതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. കഴിഞ്ഞദിവസം വെളിച്ചക്കുറവ് മൂലം നിര്‍ത്തിവെച്ച തെരച്ചിലാണ് ഇപ്പോള്‍ പുനഃരാരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് രണ്ട് യുവതികള്‍ മുറിഞ്ഞപ്പുഴ പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടിയത്. പാലത്തിന് സമീപം താമസിക്കുന്നവരാണ് യുവതികള്‍ ആറ്റില്‍ ചാടിയ വിവരം പോലീസിനെ അറിയിച്ചത്.
പോലീസും അഗ്‌നിരക്ഷാസേനയും സംഭവ സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും വെളിച്ചക്കുറവ് കാരണം രാത്രി വൈകി തെരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഇന്ന് രാവിലെ രാവിലെ മുങ്ങല്‍ വിദഗ്ധരുടെയും മറ്റ് സംവിധാനങ്ങളുടെയും സഹായത്തോടെയാണ് വീണ്ടും തിരച്ചില്‍ ആരംഭിച്ചത്.
കഴിഞ്ഞദിവസം കൊല്ലം ചടയമംഗലത്ത് നിന്ന് കാണാതായ യുവതികളാണ് ആറ്റില്‍ ചാടിയതെന്നാണ് സംശയം. പാലത്തിന് സമീപത്തുനിന്ന് ഇവരുടെ തൂവാലയും ചെരിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ ഡോ.അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിൽ പ്രത്യേകം തയാറാക്കിയ മദ്ബഹയിലായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷ. വിശുദ്ധ കുർബാനയ്ക്ക് ഡോ. യുയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പാ കാർമികത്വം വഹിച്ചു.സ്ഥാനാരോഹണത്തിനു മുൻപ് മെത്രാപ്പോലീത്ത പ്രതിജ്ഞ ചൊല്ലി. തുടർന്ന് വൈദികർ സിംഹാസനത്തിലിരുത്തി ഉയർത്തി ഇദ്ദേഹം യോഗ്യൻ എന്നർത്ഥം വരുന്ന ഓക്സിയോസ് ചൊല്ലി. തിയഡോഷ്യസ് മെത്രാപ്പോലീത്ത എല്ലാവർക്കും വാഴ്‌വ് നൽകി. സ്ഥാനാരോഹണത്തിന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റo വലിയ മെത്രാപ്പോലീത്ത ആരോഗ്യ പരിമിതികൾ വകവെക്കാതെ എത്തിച്ചേർന്നു. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഉപേക്ഷിക്കപ്പെട്ടവർക്കുമൊപ്പം സഭ നിലകൊള്ളുമെന്ന് തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു.
തേഞ്ഞിപ്പലം(മലപ്പുറം): ചേലേമ്പ്ര ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ നവദമ്പതിമാർക്ക് ദാരുണാന്ത്യം. വേങ്ങര കണ്ണമംഗലം മാട്ടിൽ കെ.ടി.സലാഹുദ്ദീന്‍ (25) ഭാര്യ ചേലേമ്പ്ര പുല്ലിപ്പറമ്പ് കുറ്റീരി നാസറിന്റെ മകള്‍ ഫാത്തിമ ജുമാന(19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.
ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് ചേലേമ്പ്ര സ്പിന്നിങ് മില്ലിന് സമീപം മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണംതെറ്റി ബൈക്ക് മറിയുകയും ദമ്പതിമാര്‍ എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. സലാഹുദ്ദീന്റെ ശരീരത്തിലൂടെ ലോറി കയറിറങ്ങി. സലാഹുദ്ദീൻ സംഭവസ്ഥലത്തുവെച്ചും ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.
പത്ത് ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ശനിയാഴ്ച ഫറോക്ക് പേട്ടയിലുള്ള ജുമാനയുടെ പിതൃസഹോദരിയുടെ വീട്ടിലേക്ക് വിരുന്നിന് വരുന്നതിനിടെയായിരുന്നു അപകടം. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പി.ഡി.പി നേതാവ് പൂന്തുറ സിറാജ് ഐ.എൻ.എല്ലിൽ ചേർന്നു. തിരുവനന്തപുരം കോർപറേഷനിൽ ഇടതു സ്ഥാനാർഥിയായി സിറാജ് മത്സരിക്കും.
പി.ഡി.പിയുടെ വർക്കിംഗ് ചെയർമാനായിരുന്ന സിറാജ് അടുത്തിടെ നടന്ന സംഘടന തിരഞ്ഞെടുപ്പിൽ പ്രാധാന്യം ലഭിച്ചിരുന്നില്ല. നിലവിൽ പി.ഡി.പി ഒറ്റക്ക് മത്സരിക്കുന്ന ഈ ഡിവിഷൻ ഇടതുമുന്നണി ഐ.എൻ.എല്ലിന് നൽകിയതാണ്.
നേരത്തേ കോർപറേഷനിലേക്ക് ജയിച്ചിട്ടുള്ള പൂന്തുറ സിറാജ് വഴി സീറ്റ് വിജയിക്കാമെന്ന എന്ന നിഗമനത്തിലാണ് ഐ.എൻ.എൽ പൂന്തുറ സിറാജിനെ സ്വാഗതം ചെയ്യുന്നത്.
സംഘടനാ അച്ചടക്കലംഘനത്തിന്റെ പേരിൽ പൂന്തുറ സിറാജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ബാംഗ്‌ളൂരിൽ നിന്ന് സിറാജിനെ പുറത്താക്കിയെന്ന് അറിയിച്ചതായി പി.ഡി.പി.സംസ്ഥാന കമ്മിറ്റി സംഘടനാകാര്യ ജനറൽ സെക്രട്ടറി വി.എം.അലിയാർ പ്രസ്താവനയിൽ പറഞ്ഞു.
25 വർഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോർപ്പറേഷൻ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാർമീകതക്ക് നിരക്കാത്തതും വഞ്ചനയുമാണെന്നും പാർട്ടി കേന്ദ്രകമ്മിറ്റി പത്രകുറിപ്പിൽ അറിയിച്ചു.