Kerala

മാർത്തോമാ ചെറിയ പള്ളി ഏറ്റെടുക്കാനുള്ള നടപടികളിൽ പ്രതിഷേധിച്ച് കോതമംഗലത്ത് മത മൈത്രി സംരക്ഷണ സമിതി പ്രഖ്യാപിച്ച ഹർത്താൽ പൂർണം. ബുധനാഴ്ച പള്ളി മുറ്റത്ത് വിശ്വാസികൾ ആരംഭിച്ച സമരം തുടരുകയാണ്. പള്ളി ഏറ്റെടുക്കുന്ന കാര്യത്തിൽ സമയം നീട്ടികിട്ടണമെന്ന് ആവശ്യപെട്ട് സർക്കാർ കോടതിയെ സമീപിച്ചേക്കും.

പള്ളി വിട്ടുനൽകി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ആവർത്തിക്കുകയാണ് യാക്കോബായ സഭ. ഈ സാഹചര്യത്തിലാണ് കോതമംഗലത്ത് മതമൈത്രി സംരക്ഷണസമിതി ഹർത്താൽ പ്രഖ്യാപിച്ചതും. കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളി പിടിച്ചെടുക്കാൻ ശ്രമിച്ചാൽ കൂടുതൽ വിശ്വാസികളെ എത്തിച്ച് പ്രതിരോധവലയം തീർക്കുമെന്നും ജീവൻ കൊടുത്തും പള്ളി നിലനിർത്തുമെന്നും വിശ്വാസികൾ പ്രഖ്യാപിച്ചു.

പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്കു കൈമാറാനുള്ള ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈക്കോടതി എറണാകുളം ജില്ലാ കലക്ടറെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം വൈകുന്നതിനിടെ യാക്കോബായ സഭ വിശ്വാസികൾ പ്രാർഥനയും പ്രതിഷേധവും തുടരുകയാണ്. നിലവിൽ പ്രദേശത്ത് സ്ഥിതി ശാന്തമാണ്.

ലോക്കറിലെ പണം ശിവശങ്കറിന്റേതു തന്നെയെന്ന് ആവര്‍ത്തിച്ച് ഇഡി. ഇതുകൊണ്ടാണ് ശിവശങ്കര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ലോക്കറിന്റെ കൂട്ടുടമ ആയത്. ലൈഫ് മിഷനില്‍ ശിവശങ്കറിന് കോഴ ലഭിച്ചതിന് തെളിവുണ്ടെന്നും ഇ.ഡി പറഞ്ഞു. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം തുടരുകയാണ്. സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാം എന്നതിന് തെളിവ് ഇ.ഡി കോടതിയില്‍ നല്‍കി. സ്വപ്നയുടെ മൊഴിയും വാട്സാപ് സന്ദേശങ്ങളുമാണ് കൈമാറിയത്. തെളിവുകള്‍ മുദ്രവച്ച കവറിലാണ് എന്‍ഫോഴ്സ്മെന്റ് നല്‍കിയത്.

സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനിൽ ശിവശങ്കറിനുള്ള കോഴയാണ് കണ്ടെത്തൽ ഇ.ഡിയുടെ കേസിന് എതിരാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ പരിധിയിൽ വരില്ല. മാത്രമല്ല മറ്റ് പദ്ധതികളിൽ നിന്ന് കോഴ ലഭിച്ചു എന്ന കണ്ടെത്തൽ ഈ കേസുമായി ബന്ധിപ്പിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് താൻ നൽകിയ മൊഴികൾ നുണയാണെന്ന തരത്തിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ തെറ്റെന്ന് കലാഭവൻ സോബി. അന്വേഷണത്തെ അട്ടിമറിക്കുന്നതിനായാണ് ഇത്തരം വാർത്തകൾ പുറത്തുവിടുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ വാർത്ത നിഷേധിച്ചിട്ടുണ്ടെന്നും കോടതിയിൽ സമർപ്പിക്കും മുൻപ് മൊഴി പുറത്ത് വിടില്ലെന്നും സോബി പറയുന്നു.

വാർത്തയിൽ വന്ന അതേ വിവരം തന്റടുത്ത് ഇടനിലക്കാരെ അയച്ച ഇസ്രയേലിലുള്ള യുവതി ഒരാഴ്ച മുമ്പ് നാട്ടിൽ ചിലരെ വിളിച്ച് പറഞ്ഞതായി അറിഞ്ഞിരുന്നു. ഇക്കാര്യം ഡിവൈഎസ്പി അനന്തകൃഷ്ണനെ അറിയിക്കുകയും ചെയ്തിരുന്നു. കേസിന്റെ അവസാനം ഇങ്ങനെയെ വരൂ എന്നാണ് അവർ പറഞ്ഞത്. ഇപ്പോൾ ഈ വിവരം വാർത്തയാകുമ്പോൾ കേസ് അട്ടിമറിക്കാനല്ലാതെ മറ്റെന്തിനാണെന്നും സോബി ചോദിക്കുന്നു.

മൊഴി നുണയാണെന്നും അന്വേഷണത്തോട് സഹകരിച്ചിട്ടില്ലെന്നും പറഞ്ഞാൽ സമ്മതിച്ചു നൽകാനാവില്ല. ഉച്ചയ്ക്ക് 12 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടിട്ട് ഒമ്പതു മണിക്കു തന്നെ സിബിഐ ഓഫിസിലെത്തിയ ഞാൻ സഹകരിച്ചില്ലെന്നു പറഞ്ഞാൽ അത് എപ്പോഴാണെന്നു പറയാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ട്. അല്ലെങ്കിൽ കോടതിയിൽ മറുപടി പറയേണ്ടി വരും.

ബ്രെയിൻ മാപ്പിങ് വേണമെന്നാണ് താൻ ആവശ്യപ്പെട്ടത്. അത് അംഗീകരിക്കാതെ നുണപരിശോധനയിൽ ഒതുക്കിയതിൽ തന്നെ ദുരൂഹത സംശയിക്കുന്നുണ്ട്. നുണപരിശോധന സംബന്ധിച്ച വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുന്നതിനു മുമ്പ് അന്വേഷണ സംഘം പുറത്തു വിടില്ലെന്നാണ് ഡിവൈഎസ്പി പറഞ്ഞത്. അദ്ദേഹത്തെ വിശ്വാസമുണ്ട്. താനിപ്പോഴും അന്വേഷണ സംഘത്തിന്റെ പ്രധാന സാക്ഷിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് എന്തെങ്കിലും സംഭവിക്കാതിരിക്കാൻ നിരീക്ഷണം ശക്തമാക്കിയിട്ടുണെന്നും സോബി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബീഫ് വില കിലോഗ്രാമിന് 180 രൂപ വരെ എത്തി. കച്ചവടക്കാര്‍ മത്സരിച്ച് വില്‍പന തുടങ്ങിയതോടെയാണ് ബീഫ് വില കുത്തനെ കുറഞ്ഞത്. ഇതോടെ ഇറച്ചി വാങ്ങാനെത്തിയവരുടെ എണ്ണം കൂടി. ഏറെ നേരം ക്യൂ നില്‍ക്കാനും പലരും തയ്യാറായി.

കച്ചവടക്കാര്‍ തമ്മിലുള്ള പോര്‍വിളിയും ഇറച്ചി വാങ്ങാനെത്തിയവരുടെ നീണ്ട നിരയും കാരണം ഇന്നലെ രാവിലെ പുന്നക്കാട് ചുങ്കം ബഹളമയമായി. 260 രൂപയുണ്ടായിരുന്നപ്പോള്‍ 2 ദിവസം മുന്‍പ് ഒരു കച്ചവടക്കാരന്‍ ഇറച്ചി കിലോയ്ക്ക് 220 രൂപ നിരക്കില്‍ വിറ്റു.

ഇതോടെ അടുത്തുള്ള കച്ചവടക്കാരന്‍ 200 രൂപയാക്കി. ഇന്നലെ മത്സരം മൂത്ത് കിലോയ്ക്ക് 180 രൂപയ്ക്കാണ് വിറ്റത്. ഇതോടെ സംസ്ഥാന പാതയോരത്ത് ഇറച്ചി വാങ്ങാനെത്തിയവരുടെ നീണ്ട നിരയായി. ഇറച്ചി തികയാതെ പലരും നിരാശരായി മടങ്ങി.

ഇന്നും കിലോയ്ക്ക് 220 രൂപ നിരക്കില്‍ ഇറച്ചി വില്‍ക്കുമെന്നാണ് ഒരു കടക്കാരന്‍ അറിയിച്ചത്. നേരത്തേ ഇവിടെ 280 രൂപയായിരുന്ന ഇറച്ചി വില. കോവിഡ് കാലത്ത് 260 രൂപയാക്കിയിരുന്നു. നിരവധി ആളുകളാണ് വിലക്കുറവ് വാര്‍ത്ത കേട്ട് ഇവിടേക്ക് എത്തിയത്.

രാജ്യാന്തര കൊള്ളസംഘം തലസ്ഥാനത്ത് പിടിയില്‍. കേരളം കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന ഇറാനിയന്‍ പൗരന്മാരാണ് പോലീസ് പിടിയിലായത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് കന്റോണ്‍മെന്റ് പോലീസാണ് സംഘത്തെ പിടികൂടിയത്.

ഈ സംഘം ചേര്‍ത്തലയില്‍ ഒരു മോഷണം നടത്തിയതായി ഷാഡോ പോലീസ് സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവരെ ചേര്‍ത്തല പോലീസിന് കൈമാറി. കേരളത്തില്‍ വലിയ കൊള്ള നടത്താന്‍ പദ്ധതിയിട്ടാണ് സംഘം എത്തിയതെന്നാണ് സൂചന. മണി എക്സചേഞ്ച് സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസും കൊള്ളയടിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ഇവര്‍ മോഷണം നടത്തിയിരുന്നു.

അച്ഛന്‍ ജയിലിലായതും അമ്മ ജീവനൊടുക്കിയതുമറിയാതെ പന്ത്രണ്ടുകാരനായ മകന്‍. മാല മോഷണ കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് പന്ത്രണ്ടുകാരനെ തനിച്ചാക്കി മാതാവ് ജീവനൊടുക്കിയത.

അയ്യപ്പന്‍കോവില്‍ ആലടിയില്‍ വാടകയ്ക്കു താമസിക്കുന്ന പാറശാല മുരിയങ്കര ഭാഗത്ത് കുവരക്കുവിള വീട്ടില്‍ സജുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഭാര്യ ബിന്ദു വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. നാല്‍പ്പത് വയസ്സായിരുന്നു. മരണവിവരം അറിയിക്കാതെ സമീപത്തെ വീട്ടില്‍ താമസിപ്പിച്ചിരിക്കുന്ന മകനെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിട്ടുണ്ട്.

പ്രണയിച്ചാണ് സജുവും ബിന്ദുവും വിവാഹിതരായത്. ഇവരുടെ ബന്ധുക്കള്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്നാണ് പന്ത്രണ്ടുവയസ്സുകാരനായ മകനെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തത്. സംസ്‌കാരത്തിനുശേഷം മകനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.

കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ പൊന്‍കുന്നം പൊലീസ് സജുവിനെ തെളിവെടുപ്പിനായി ചൊവ്വാഴ്ച ഏലപ്പാറയില്‍ എത്തിച്ചിരുന്നു. പൊലീസ് പോയ ഉടന്‍ മകനെ ടിവി കാണാന്‍ ഇരുത്തി ബിന്ദു മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ചു.

ഏറെസമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ മകന്‍ അയല്‍വീട്ടിലെത്തി വിവരം പറഞ്ഞു. അയല്‍വാസികളാണ് തൂങ്ങി മരിച്ച നിലയില്‍ ബിന്ദുവിനെ കണ്ടെത്തിയത്. കോവിഡ് പരിശോധനയ്ക്കുശേഷം ബിന്ദുവിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. കോട്ടയം ജില്ലാ പഞ്ചായത്തില്‍ പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

ഇത് സൂചിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ഡിസിസിക്ക് കത്ത് നല്‍കി. പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മന് സീറ്റ് നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.

പുതുപ്പള്ളി മണ്ഡലം കമ്മറ്റിയും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് പുതുപ്പള്ളിയില്‍ വിജയം ഉറപ്പിച്ചത്.

ബിജെപി മുന്നണിയില്‍ ചേരില്ലെന്ന് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ദേവന്‍. ബിജെപി നേതൃത്വം താനുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ വ്യക്തിത്വം അടിയറ വെയ്ക്കാന്‍ താന്‍ തയാറല്ലെന്നും ദേവന്‍ വ്യക്തമാക്കി. തന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിക്കാന്‍ എറണാകുളം പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ല. എന്നാല്‍ സമാന ചിന്താഗതിയുള്ള പ്രാദേശിക പൗരസമിതി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയും സഹായവും നല്‍കുമെന്നും നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും ദേവന്‍ വ്യക്തമാക്കി.

ഒരു മുന്നണിയുമായും സഹകരിക്കാതെ ഒറ്റയ്ക്ക് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കും. സംസ്ഥാനത്തെ മുന്നണികളില്‍ മാലിന്യ സംസ്‌കരണം അനിവാര്യമാണ്. പാര്‍ട്ടികളല്ല, അവയെ നയിക്കുന്ന നേതാക്കളാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നമെന്നും ദേവന്‍ പറഞ്ഞു.

നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ ഔദ്യോഗിക പതാക പ്രകാശനവും ചടങ്ങില്‍ നടത്തി. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് ഫ്രാന്‍സിസ്, സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ. നിസാം, യൂത്ത് വിങ് പ്രസിഡണ്ട് അശോകന്‍ എന്നിവരും പങ്കെടുത്തു.

ചപ്പുചവറുകള്‍ക്ക് ഇട്ട തീ വസ്ത്രത്തില്‍ പടര്‍ന്നു പൊള്ളലേറ്റു യുവതി വെന്തു മരിച്ചു. നെടുംകുന്നം പുതുപ്പള്ളിപ്പടവ് തൊട്ടിക്കല്‍ സിനോജിന്റെ ഭാര്യ കെപി പ്രതിഭ (36) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6.15ഓടെയായിരുന്നു സംഭവം.

വീടിനു സമീപത്തു ചപ്പുചവറുകളും കരിയിലകളും കൂട്ടിയിട്ടു കത്തിക്കുന്നതിനിടെ പ്രതിഭയുടെ വസ്ത്രത്തിലേക്കു തീ പിടിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ പ്രതിഭ സമീപത്തെ ശുചിമുറിയില്‍ കയറിയെങ്കിലും അവിടെ വെള്ളം ഇല്ലായിരുന്നു.

കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണു തീ കെടുത്തിയത്. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

ദുബായിൽ താമസിക്കുന്ന തിരൂർ സ്വദേശികളുടെ ഒരു വയസുകാരി മകളെയാണ് മുടി മുറിച്ചു മാറ്റി രക്ഷപെടുത്തിയത്. ദുബായ് അൽബദായിലെ വില്ലയിലാണ് എഴുത്തുകാരൻ കൂടിയായ അസീസും ഭാര്യ ഷെഹിയും കുഞ്ഞുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഇരുവരുടെയും നടുവിലായാണ് കുട്ടിയെ കിടത്തിയിരുന്നത്. എന്തായിരുന്നു യഥാർഥത്തിൽ സംഭവിച്ചതെന്ന് പങ്കുവയ്ക്കുകയാണ് കുട്ടിയുടെ പിതാവ് അസി. ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു.

അസിയുടെ കുറിപ്പ്:

ഇന്നലെ ഞങ്ങൾക്കുണ്ടായ വിചിത്രമായ ഒരു അനുഭവം പങ്കുവെക്കുകയാണ് രാത്രി മൂന്നു മണിക്ക് ഷെഹി വിളിക്കുന്നത് കേട്ടാണ് ഉണർന്നത് . ഞങ്ങൾക്കിടയിൽ ഒരു വയസ്സുള്ള മകൾ കിടക്കുന്നുണ്ട് . ലൈറ്റ് ഓഫു ചെയ്തതിനാൽ ഇരുട്ടാണ് . ഷെഹി, കുട്ടിക്ക് പുറം തിരിഞ്ഞാണ് കിടക്കുന്നത് . അവൾ പരിഭ്രമത്തോടെ പറഞ്ഞു “ മോളെ ഒന്ന് നോക്കോ, എനിക്ക് അനങ്ങാൻ പറ്റുന്നില്ല ..ഞാൻ അനങ്ങിയാൽ മോള് കരയുന്നുണ്ട് .എന്റെ മുടി വലിച്ചിട്ടു കിട്ടുന്നില്ല . ഇടനെ മൊബൈൽ ഫോണിന്റെ സ്‌ക്രീനിന്റെ വെളിച്ചത്തിൽ ഞാൻ മോളെ നോക്കി. അപ്പോൾ കണ്ട കാഴ്ച്ച ! ഷഹിയുടെയുടെ മുടികൾ ചേർന്ന് കഴുത്തിന് ചുറ്റും ചുറ്റി അമർന്നു ശ്വാസം മുട്ടുകയാണ് മോൾ !

എനിക്ക് കൈകൾ വിറച്ചു ,കൂടുതൽ വെളിച്ചത്തിനു വേണ്ടി മൊബൈലിന്റെ ടോർച്ചു ഓൺ ചെയ്യാൻ നോക്കിയിട്ടു ടെൻഷൻ കാരണം പറ്റുന്നില്ല . സ്‌ക്രീനിന്റെ വെളിച്ചത്തിൽ തന്നെ മുടി വേർപെടുത്താൻ നോക്കി പക്ഷെ അകെ കെട്ടു പിണഞ്ഞു കയറു പോലെ കിടക്കുന്ന മുടി വലിച്ചിട്ടും കിട്ടുന്നില്ല . മോൾക്ക് ഉറക്കത്തിൽ ഉരുളുന്ന പരിപാടിയുണ്ട് അതിനിടയിൽ സംഭവിച്ചതാകണം . കുട്ടിയെ പൊക്കിയപ്പോൾ ഷെഹി തിരിഞ്ഞു കുട്ടിക്ക് അഭിമുഖമായി വന്നു . ഞാൻ ഒരു മുൻകരുതലായി മുടിക്കിടയിൽ വിരല് കടത്തി കഴുത്തിലെ മുറുക്കം കുറക്കാൻ നോക്കി . ലൈറ്റ് ‌ ഓൺ ചെയ്ത് എത്ര ശ്രമിച്ചിട്ടും മുടി അഴിക്കാൻ പറ്റുന്നില്ല .കുറച്ചു മുടി അഴിക്കാൻ ശ്രമിക്കുമ്പോൾ ചിലതു മുറുകുന്നു .യാതൊരു രക്ഷയുമില്ല അവസാനം കത്രിക എടുത്ത് കഴുത്തിൽ തട്ടാതെ ശ്രദ്ധിച്ച്‌ മുടി മുറിക്കേണ്ടി വന്നു .

സുഹൃത്തുക്കളെ ഇത് ഇവിടെ ഷെയർ ചെയ്യുവാൻ കാരണം . കുട്ടിക്ക് പുറം തിരിഞ്ഞു കിടക്കുന്ന ഷെഹി , മോളുടെ കരച്ചിൽ കേട്ട് അവളുടെയടുത്തേക്കു തിരിയാനായി നോക്കുമ്പോൾ , കുഞ്ഞിന്റെ കരച്ചിലിന്റെ വ്യത്യാസം മനസ്സിലാക്കി അനങ്ങാതിരുന്നത് കൊണ്ടാണ് ഒരു വലിയ വിപത്തിൽ നിന്ന് രക്ഷപെട്ടത് ,എഴുന്നേൽക്കുവാനോ തിരിഞ്ഞു കിടക്കുവാനോ ശ്രമിച്ചിരുന്നെങ്കിൽ കഴുത്തിൽ കുരുക്ക് മുറുകിയേനെ . കുട്ടികളുടെ കൂടെ കിടക്കുന്ന എല്ലാ അമ്മമാരും നിങ്ങളുടെ മുടികൾ കുഞ്ഞിന് അപകടമാകാതെ സൂക്ഷിക്കുക.

Copyright © . All rights reserved