Kerala

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ എം.സി കമറുദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തു. വിശ്വാസ വഞ്ചന ഉള്‍പ്പെടെ നാലോളം വകുപ്പുകള്‍ ചുമത്തിയാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. ഇതിന് പുറമെ നിക്ഷേപകര്‍ക്ക് സംരക്ഷണം നല്‍കുന്ന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. തെളിവുകളെല്ലാം എം.എല്‍.എയ്ക്ക് എതിരാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നാല് കേസുകളിലാണ് എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പണം നഷ്ടപ്പെട്ടവരുടെ പരാതിയില്‍ മൊത്തം 115 കേസുകള്‍ എം.എല്‍.എയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എം.എല്‍.എ നടത്തിയത് ആസൂത്രിത തട്ടിപ്പാണെന്ന് പോലീസ് വ്യക്തമാക്കി. ജ്വല്ലറി ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക വീഴ്ചയാണെന്ന എം.സി കമറുദീന്‍െ്‌റ വാദം നിലനില്‍ക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ആസൂത്രിതമായി നിക്ഷേപകരെ വഞ്ചിക്കുന്നതിന് വേണ്ടി നടന്ന തട്ടിപ്പാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മുസ്ലീം ലീഗിന്‍െ്‌റ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ കമറുദീനെതിരെ പരാതിയും മൊഴിയും നല്‍കിയിരുന്നു.

മുസ്ലീം ലീഗിന്റെ പ്രവര്‍ത്തകര്‍ തന്നെയാണ് തട്ടിപ്പിനിരയായത്. അതുകൊണ്ടുതന്നെ മുസ്ലീം ലീഗ് നേതൃത്വം ഇടപെട്ട് പണം തിരിച്ചുനല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പോലീസ് പരാതിയിലേക്ക് എത്തുന്നതിന് മുമ്പാണ് പണം തിരികെ നല്‍കാന്‍ മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ കമറുദീന്‍ പണം തിരികെ നല്‍കാന്‍ തയ്യാറായില്ല.

ഇതിനിടെ കഴിഞ്ഞ മുസ്ലീം ലീഗ് നേതൃത്വം ജ്വല്ലറിയുടെ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കാനാകില്ലെന്ന് വ്യക്തമായതോടെയാണ് കമറീദിനെ ലീഗ് നേതൃത്വം കൈവിടുന്നത്. ജ്വല്ലറിയുടെ കേരളത്തിലെയും കര്‍ണാടകയിലെ ആസ്തികളില്‍ ഭൂരിഭാഗവും വിറ്റ് പണമാക്കി മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇതോടെ കമറുദീന്‍ ഒറ്റയ്ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കട്ടെ എന്ന നിലപാടിലേക്ക് മുസ്ലീം ലീഗ് നേതൃത്വം എത്തിയിരുന്നു. നേരത്തെ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ ലീഗ് നേതൃത്വം കമറുദീന് ആറ് മാസത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ആസ്തികള്‍ ഇതിനകം വിറ്റഴിച്ചതിനാല്‍ ഇനി നിക്ഷേപകര്‍ക്ക് പണം ലഭിക്കാനുള്ള വഴികള്‍ അടഞ്ഞിരിക്കുകയാണ്.

നിക്ഷേപകരില്‍ നിന്ന് വാങ്ങിയ പത്ത് കോടി രൂപയ്ക്ക് എം.സി കമറുദീനും പൂക്കോയ തങ്ങളും ബംഗളുരുവില്‍ ഇലക്‌ട്രോണിക് സിറ്റിയില്‍ ഭൂമി വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഭൂമി വാങ്ങിയത് കമ്പനി രജിസ്റ്ററില്‍ ഇല്ലെന്നും ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു ഭാഗം വിറ്റതായും കണ്ടെത്തി. നിക്ഷേപത്തിൻെറ പേരില്‍ 150 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.

തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. വെള്ളിയാഴ്ച നടത്തിയ റെയ്ഡില്‍ ഏഴ് കോടി രൂപകൂടി പിടികൂടി. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ മെഡിക്കല്‍ കോളേജ് കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നാണ് പണം പിടികൂടിയത്. മെഡിക്കല്‍ കോളേജ് ജീവനക്കാരന്റെതാണ് ഈ കാര്‍.

ഡല്‍ഹിയിലും കേരളത്തിലുമായുള്ള ബിലീവേഴ്‌സ് സ്ഥാപനങ്ങളില്‍ നിന്നും ഇതുവരെ കണക്കില്‍ പെടാത്ത 15 കോടി രൂപയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 6000 കോടി രൂപ ബിലീവേഴ്സ് ചര്‍ച്ചിന്റെ ട്രസ്റ്റുകള്‍ക്ക് വിദേശത്ത് നിന്ന് കിട്ടിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. വിദേശസഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ബിലീവേഴ്സ് ചര്‍ച്ചുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് ആദായ നികുതി വകുപ്പ് പറയുന്നത്.

ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകള്‍ സര്‍ക്കാരിനു നല്‍കണമെന്നുമാണ് നിയമം പറയുന്നത്. എന്നാല്‍ ചാരിറ്റിയുടെ പേരില്‍ കൈപറ്റിയ തുക റിയല്‍ എസ്റ്റേറ്റ് മേഖലയിലെല്ലാമാണ് ബിലീവേഴ്സ് ചര്‍ച്ച് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍. കണക്കുകള്‍ നല്‍കിയതിലും വലിയ പൊരുത്തക്കേടുണ്ട്.

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ വിവിധ സ്ഥാപനങ്ങളില്‍ കേന്ദ്ര ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡ് തുടരുകയാണ്. കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും പള്ളികളിലും എല്ലാം പരിശോധനകള്‍ തുടരുകയാണ്. ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുന്നുണ്ട്.

കോടികണക്കിനു രൂപയുടെ പണം ഇടപാടുകള്‍ പിടികൂടിയിട്ടുണ്ട്. റെയ്ഡ് നടത്തവേ കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപ ബിലിവേഴ്‌സ് ചര്‍ച്ചിന്റെ സ്റ്റാഫിന്റെ കാറില്‍ നിന്നും പിടിച്ചെടുത്തിരുന്നു. കൂടാതെ ഉദ്യോഗസ്ഥര്‍ എത്തിയ ശേഷം തിരുവല്ലയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ 70 കോടി രൂപയുമായി കടന്നു കളഞ്ഞതായി വിവരം ഉണ്ട്.

ഇയാള്‍ ഈ പണവുമായി മുങ്ങിയത് തിരുവല്ലയിലെ ബിലിവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് തുടങ്ങിയ ശേഷമായിരുന്നു. തിരുവല്ലയില്‍ പരിശോധനയ്ക്കിടയില്‍ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 50 ലക്ഷം രൂപ പിടിച്ചെടുത്തത്.

ബിലീവേഴ്സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യാ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തില്‍ കെപി യോഹന്നാന്‍ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതായും സംസ്ഥാനത്തിന് അകത്തും പുറത്തും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായുമുള്ള പരാതി നേരത്തെ ഉയര്‍ന്നിരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡ് തുടരുന്നതിനാല്‍ കനത്ത സുരക്ഷ വേണമെന്നാണ് പോലീസിനോട് ഇടി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം തിരുവല്ലയിലെ ബിലിവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് അടക്കം സംസ്ഥാനത്തെ 40ല്‍ അധികം കേന്ദ്രങ്ങളില്‍ തുടരുന്ന പരിശോധനയില്‍ നിര്‍ണായക വിവരങ്ങളാണ് ആദായ നികുതി വകുപ്പിന് ലഭിച്ചിരിക്കുന്നത്.

ബിഷപ്പ് കെപി യോഹന്നാനുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്ന പണമിടപാടുകളും നികുതി വെട്ടിപ്പുകളും അടിസ്ഥാനമാക്കി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് വിവരം.

നാട്ടില്‍ പല ജോലികളും ചെയ്തിട്ടും ഒന്നും പച്ച പിടിക്കാതെ വരുമ്പോഴാണ് കുടുംബം പുലര്‍ത്താന്‍ പലരും പ്രവാസലോകത്തേക്ക് ചേക്കേറുന്നത്. എന്നാല്‍ പ്രവാസലോകത്തു നിന്നും വരുന്ന അപ്രതീക്ഷിത മരണവാര്‍ത്തകള്‍ വേദനയുളവാക്കുന്നതാണ്.

നിതൃവൃത്തിക്കായി പ്രവാസ ലോകത്തെത്തി ഒടുവില്‍ മരണം കീഴടക്കിയ അസ്‌കര്‍ എന്ന യുവാവിനെകുറിച്ച് ഹൃദയവേദനയോടെ തുറന്നെഴുതുകയാണ് സ്റ്റാലിന്‍ രാജെന്ന യുവാവ്. പെങ്ങളെ കല്യാണം കഴിപ്പിച്ചതിന്റെ കടം തീര്‍ക്കാനും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും കരകയറാനുമാണ് 24 വയസ്സുകാരനായ അസ്‌കര്‍ പ്രവാസലോകത്തെത്തിയത്.

സ്ഥിരമായ ഒരു ജോലി ശരിയാവാത്തതിനാല്‍ കുറഞ്ഞ ദിവസം കൂടിയുള്ള വിസിറ്റിങ്ങ് കഴിഞ്ഞ് നാട്ടില്‍ പോവാനിരിക്കേ രാത്രി ഉറങ്ങിയ അസ്‌കര്‍ രാവിലെ അലറാം മുഴങ്ങിയിട്ടും എഴുന്നേല്‍ക്കാതെ വന്നപ്പോള്‍ റൂം മേറ്റ് വിളിച്ചു നോക്കിയപ്പോഴേക്കും എല്ലാരേയും കണ്ണീരിലാഴ്ത്തി എന്നന്നേക്കും നിദ്രയിലാണ്ട് പോയിരുന്നു.- സ്റ്റാലിന്‍ വേദനയോടെ പറയുന്നു.

നെഞ്ചുതകരും വേദനയോടെ കുറിപ്പ്

നാട്ടില്‍ പല ജോലികളും ചെയ്തിട്ടും ഒന്നും പച്ച പിടിക്കാതെ ആയപ്പോഴാണ് പെങ്ങളെ കല്യാണം കഴിപ്പിച്ചതിന്റെ കടവും, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടും കൂലിപ്പണിക്കാരനായ ഉപ്പയ്ക്ക് സാമ്പത്തികമായി ഒരു സഹായവും ആവുമല്ലോ എന്ന് കരുതിയാണ് മൂന്ന് ആണ്മക്കളും , മൂന്ന് പെണ്മക്കളുമുള്ള കുടുംബത്തിലെ ഇരുപത്തിനാല് വയസ്സുള്ള രണ്ടാമത്തെ പുത്രനായ കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം സ്വദേശിയായ അസ്‌കര്‍ ദുബായിലേക്ക് വിസിറ്റിങ്ങില്‍ കയറി വന്നത്.

എന്നാല്‍ കൊറോണ എന്ന മഹാമാരി അസ്‌കറിന്റെ ഭാവിയിലും കരിനിഴല്‍ പരത്തി. ദിവസച്ചിലവിനും മറ്റുമായി ദുബായ് കറാമയിലെ അല്‍ അത്താര്‍ ഷോപ്പിംഗ് മാളില്‍ ചെറിയ ഒരു ജോലിയില്‍ കയറി. അതിനിടയില്‍ മൂന്ന് വിസിറ്റിങ്ങും എടുക്കേണ്ടി വന്നു. സ്ഥിരമായ ഒരു ജോലി ശരിയാവാത്തതിനാല്‍ കുറഞ്ഞ ദിവസം കൂടിയുള്ള വിസിറ്റിങ്ങ് കഴിഞ്ഞ് നാട്ടില്‍ പോവാനിരിക്കേ രാത്രി ഉറങ്ങിയ അസ്‌കര്‍ രാവിലെ അലറാം മുഴങ്ങിയിട്ടും എഴുന്നേല്‍ക്കാതെ വന്നപ്പോള്‍ റൂം മേറ്റ് വിളിച്ചു നോക്കിയപ്പോഴേക്കും എല്ലാരേയും കണ്ണീരിലാഴ്ത്തി എന്നന്നേക്കും നിദ്രയിലാണ്ട് പോയിരുന്നു.

ചുരുങ്ങിയ മാസം കൊണ്ട് തന്നെ നല്ല പെരുമാറ്റം കൊണ്ട് ഷോപ്പിങ്ങ് മാളിലെ എല്ലാവരുടേയും ഹൃദയം കീഴടക്കിയിരുന്നു . ഇന്നലെ മരിച്ചിട്ടും ഇന്നും കൂട്ടുകാരുടെ കണ്ണീര്‍ തോര്‍ന്നില്ല. ആ സഹോദരന്റെ കുടുംബത്തിന് സഹന ശക്തി നല്‍കണമേയെന്ന് പടച്ചവനോട് പ്രാര്‍ത്ഥിക്കുന്നു. മരണം എന്നത് ചെരിപ്പിന്റെ വാര്‍ കാലിനോടടുത്ത് നില്‍ക്കുന്നത് പോലെയാണ് എന്ന വചനം എത്ര സത്യമാണ്.

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിയേണ്ടതില്ലെന്ന് സി.പി.എം. സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. മകനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താനോ പാര്‍ട്ടിയോ ഇടപെടേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണനും സെക്രട്ടേറിയറ്റിൽ പറഞ്ഞതായാണ് റിപ്പോർട്ട്. ബിനീഷ് കോടിയേരി നേരിടുന്ന കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടിയേരി സെക്രട്ടേറിയറ്റിൽ വിശദീകരിച്ചു.

ഒരു വ്യക്തിയെന്ന നിലയില്‍ ബിനീഷ് തന്നെയാണ് കേസ് നേരിടേണ്ടത്. അത് അദ്ദേഹം തന്നെ നേരിടുകയും ചെയ്യും. അന്വേഷണം നടക്കുകയാണ്. തെറ്റുചെയ്‌തെന്നു തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടട്ടേയെന്നുമാണ് കോടിയേരി പറഞ്ഞത്.ബിനീഷുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാര്‍ട്ടിയുടെ സഹായം ആവശ്യമില്ലെന്നും താനും ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കമ്മിറ്റിയും അംഗീകരിച്ചു. എന്നാല്‍ 24 മണിക്കൂറിലധികം ബിനീഷിന്റെ കുടുംബത്തെ പൂട്ടിയിട്ട നടപടി മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കടത്ത്, ലൈഫ് കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് സിപിഎം സെക്രട്ടേറിയേറ്റ് വിലയിരുത്തി. സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏജന്‍സികള്‍ മുന്നോട്ടുപോകുന്നത്. അതുകൊണ്ട് ഇക്കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാനുളള തീരുമാനവും ഇന്നത്തെ കമ്മിറ്റിയിലുണ്ടായി.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇവ തുറന്നുകാട്ടിക്കൊണ്ട് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് സി.പിഎം. തീരുമാനം.

റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിന്റെ കുടുംബത്തെ തടഞ്ഞുവെച്ച സംഭവത്തിൽ ഇഡിക്ക് കേരള പോലീസ് ഇമെയിൽ അയച്ചു. എൻഫോഴ്‌സ്‌മെന്റിന് എതിരെ ബിനീഷ് നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി.

പോലീസ് നേരിട്ടാവശ്യപ്പെട്ടിട്ടും വിശദീകരണം നൽകാൻ ഇഡി തയ്യാറായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേരളാപോലീസ് മെയിൽ അയച്ചിരിക്കുന്നത്. ഇഡിയുടെ റെയ്ഡിൽ ബിനീഷിന്റെ ഭാര്യയെയും അമ്മയെയും കുഞ്ഞിനെയും അനധികൃതമായി തടഞ്ഞുവെച്ചു എന്ന പരാതിയാണ് പൂജപ്പുര പോലീസിന് ലഭിച്ചിരിക്കുന്നത്. പരാതി ലഭിച്ച പോലീസ് നോട്ടീസ് മുഖാന്തരം പരാതിയെ കുറിച്ച് ഇഡിയെ അറിയിക്കുകയും ചെയ്തിരുന്നു. വീട്ടിൽ റെയ്ഡ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെയായിരുന്നു പോലീസിന്റെ നടപടി.

പിന്നീട്, റെയ്ഡിന് ശേഷം പുറത്തേക്കിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് പൂജപ്പുര സിഐ വിശദീകരണം തേടിയെങ്കിലും പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. തുടർന്നാണ് പൂജപ്പുര പോലീസ് ഇപ്പോൾ മെയിലിൽ വിശദീകരണം ആരാഞ്ഞിരിക്കുന്നത്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരുടെ മുഴുവൻ വിശദാംശങ്ങളും അവരുടെ മൊഴി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, ബിനീഷിന്റെ ഭാര്യാപിതാവ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ സൂര്യകുമാർ മിശ്രയ്ക്ക് ഇമെയിൽ മുഖാന്തരം പരാതിയും അയച്ചിട്ടുണ്ട്. തന്റെ മകളെയും ഭാര്യയെയും പേരക്കുട്ടിയെയും ഇഡി ഉദ്യോഗസ്ഥർ ബലമായി പിടിച്ചുവെച്ചു. വീട്ടിൽ നിന്ന് കണ്ടെടുത്തതാണെന്ന് പറഞ്ഞ് ഒരു ക്രെഡിറ്റ് കാണിക്കുകയും അത് സ്ഥിരീകരിച്ച് സാക്ഷ്യപ്പെടുത്തി ഒപ്പുനൽകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്നും അത് നിരസിച്ചപ്പോൾ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിച്ചെന്നും ആ പരാതിയിൽ പറയുന്നു. രാത്രിയോടെ വീട്ടിൽ നിന്നും തന്നെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടുവെന്നും ്‌ദ്ദേഹം പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കാറിന്റെ ഡിക്കിയില്‍ നിന്നും 55 ലക്ഷം രൂപ പിടിച്ചെടുത്തു. തിരുവല്ലയിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകനും ബിഷപ്പുമായ കെപി യോഹന്നാന്റെ അടുത്ത സഹായിയുടെ വാഹനത്തില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

കെപി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് പുരോഗമിക്കുകയാണ്. പത്തനംതിട്ട തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ഇന്ന് രാവിലെ ഏഴ് മണി മുതലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. വിദേശനിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന. വിവിധ സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

കെപി യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ബിലീവേഴ്‌സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2012ല്‍ കെപി യോഹന്നാനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഗ്ലോസ്റ്റർ : അപൂർവങ്ങളിൽ അപൂർവമാണ് ഈ നിയോഗം . എൺപത്തിയൊന്ന് വയസ്സുള്ള തന്റെ അമ്മ അന്നമ്മ വർഗീസ് എഴുതിയ ഇടവകയുടെ സുവനീറിൽ പ്രസിദ്ധീകരിച്ച കവിത അവിചാരിതമായി കണ്ട നിമിഷം മുതൽ ജോണി വർഗീസിന്റെ മനസ്സിലേക്ക് ഓടിയെത്താത്ത ദിവസങ്ങളില്ല. മാതാവിനോടുള്ള ഭക്തിയും കാവ്യഭംഗിയും നിറഞ്ഞു നിന്ന ആ കവിത ജോണിയുടെ മനസ്സിന്റെ വിങ്ങലായപ്പോൾ 13 വർഷമായി യുകെയിലെ ഗ്ലോസ്റ്ററിൽ ജീവിക്കുന്ന ഈ പ്രവാസി മലയാളി ലോക മലയാളി സമൂഹത്തിന്  സമ്മാനിച്ചത് അതുല്യമായ ഒരു ദൃശ്യവിസ്മയ കാഴ്ചയാണ് .

വീട്ടു ചെലവുകൾ മാത്രം ഡയറിയിൽ എഴുതിയിരുന്ന തന്റെ അമ്മ സ്വപ്നത്തിൽ മാതാവിനെ ദർശിച്ചതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെഴുതിയ ഈ മനോഹരമായ കാവ്യം പാടിയിരിക്കുന്നത് ക്രിസ്തീയ ഭക്തിഗാന മേഖലയിലെ സ്വർഗ്ഗീയ ഗായകനായ ക്ലസ്റ്ററാണ്.  ഈ ഗാനത്തിന് അതിമനോഹരമായി ഈണം നൽകിയിരിക്കുന്നത് ജോണിയുടെ ബാല്യകാല സുഹൃത്തും യു എ യിൽ പ്രവാസി മലയാളിയുമായി കഴിയുന്ന കെ എക്സ് രാജേഷ് ആണ്. കഴിഞ്ഞ മുപ്പത്തഞ്ച് വർഷങ്ങളായി ഗായകസംഘാംഗമായിരുന്ന കെ എക്സ് രാജേഷ് ഇപ്പോൾ ഷാർജ പള്ളിയിലെ ഗായസംഘത്തിനെ നയിക്കുകയാണ്. ഈ ഗാനത്തിന് ആശംസകൾ നേർന്ന ഓസ്ട്രയലിലുള്ള ബേബിയച്ചൻ ജോണി വർഗീസിന്റെയും  കെ എക്സ് രാജേഷിന്റെയും സഹപാഠിയായിരുന്നു.

കോവിഡ് കാലത്ത് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഈ ഗാനത്തിന് ദൃശ്യാവിഷ്ക്കാരം നൽകാൻ സാധിച്ചത് പരിശുദ്ധ മാതാവിന്റെ പ്രത്യേക അനുഗ്രഹത്താലാണെന്ന് ജോണി വർഗീസ് മലയാളം യുകെയോട് പറഞ്ഞു . തന്റെ അമ്മയുടെ രചനയുടെ ദൃശ്യാവിഷ്കാരം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ജോണി. സെന്റ് പീറ്റേഴ്സ് ചർച്ച് ഗ്ലോസ്റ്റർ , ഗ്ലോസ്റ്റർ കത്തീഡ്രൽ , പ്രിങ്ക്നാഷ് ആബി ക്രാൻഹാം ഗ്ലോസ്റ്റർ , സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലായാണ് ഈ ഗാനത്തിന്റെ ചിത്രീകരണം യുകെയിലെ പ്രമുഖ വീഡിയോ ഗ്രാഫറായ ബെറ്റർ ഫ്രെയിമ്സിന്റെ സോജി തോമസ് പൂർത്തിയാക്കിയത്. ഈ ഗാനം റെക്കോർഡ് ചെയ്തത് കേരളത്തിലും , മ്യൂസിക്ക് മിക്‌സിംഗ് നടത്തിയത്  യു എ യിലും , ചിത്രീകരണം നടന്നത് ഇംഗ്ളണ്ടിലും , സ്കോട്ട്ലൻഡിലും , ഒസ്‌ട്രേലിയലുമായാണ്.

ഓർമ്മവെച്ച നാൾ മുതൽ എല്ലാദിവസവും ജപമാല ചൊല്ലുന്ന മരിയ ഭക്തയായ തന്റെ അമ്മയ്ക്ക് പരിശുദ്ധ മാതാവിന്റെ പ്രത്യേക അനുഗ്രഹത്താൽ സാധിതമായതാണ് ഈ രചനയെന്നാണ് ജോണി വിശ്വസിക്കുന്നത്. കേരളത്തിൽ കൊച്ചി കടവന്ത്ര സ്വദേശിയായ ജോണിയും ഭാര്യ അനി മേരി ജോസും ഗ്ലോസ്റ്റർ റോയൽ ഹോസ്പിറ്റലാണ് ജോലി ചെയ്യുന്നത്. അന്ന ജോണി, ജോസ് ജോണി, റോസ് ജോണി എന്നിവരാണ് ജോണി – അനി ദമ്പതികളുടെ മൂന്നു കുട്ടികൾ . ജോണിയുടെ മൂത്ത സഹോദരൻ ജോസ് വർഗീസും കുടുംബവും യുകെയിലെ തന്നെ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്നത്. ചലച്ചിത്ര രംഗത്ത് അസിസ്റ്റന്റ് ഡയറക്റ്ററായി പ്രവർത്തിച്ചിട്ടുള്ള ജോണി വർഗീസിന് സ്വന്തം അമ്മയ്ക്കായി ചിത്രീകരിച്ച ഗാനത്തിന്റെ ഡയറക്റ്ററായി പ്രവർത്തിക്കുവാനുള്ള ഭാഗ്യം കൂടിയാണ് ലഭിച്ചത്.

അമ്മയെ കാത്തിരിപ്പൂ എന്ന അതിമനോഹരമായ ഗാനം ആസ്വദിക്കുവാൻ താഴെയുള്ള യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക .

                        

Singer : Kester                                                                 Music director : K X Rajesh

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇഷ്ടമുള്ളത് ചെയ്യട്ടേയെന്ന് ബിനീഷ് കോടിയേരി. പതിവ് വൈദ്യപരിശോധനയ്ക്കായി ബംഗളുരു ശാന്തിനഗറിലെ ഇ.‍ഡി ഓഫീസില്‍ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ബിനീഷിന്റെ പ്രതികരണം.

തുടര്‍ച്ചയായ എട്ടാം ദിവസവും ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. രാവിലെ എട്ടരയോടെ വില്‍സണ്‍ ഗാര്‍ഡണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ശാന്തിനഗറിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോണല്‍ ഓഫീസിലെത്തിച്ചു. പത്തരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങി. ബിനീഷിന്റെ ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി, പഞ്ചാബ് നാഷണല്‍ എന്നീ ബാങ്കുകളിലുള്ള അക്കൗണ്ടുകളില്‍ കൂടി നടന്ന ഇടപാടുകള്‍ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. അതേസമയം ബനീഷിന്റെ തിരുവനന്തപുരത്തെ പ്രധാന ബെനാമിയെന്ന് ആരോപിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇതുവരെ ഇ.ഡിക്കു മുന്നില്‍ ഹാജരായിട്ടില്ല.

നേരത്തെ നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡ് ക്വാറന്റീന്‍ കാരണം രണ്ടാം തിയ്യതിക്കു ശേഷമേ ഹാജരാകാന്‍ കഴിയൂവെന്നായിരുന്നു ഇയാള്‍ ഇഡിയെ അറിയിച്ചിരുന്നത്. ഇന്നലെ കാര്‍ പാലസില്‍ റെയ്ഡ് നടക്കുമ്പോഴും അബ്ദുള്‍ ലത്തീഫ് ഉണ്ടായിരുന്നില്ല. ഇന്നലെ മുതല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഹാജരാകുകയാണെങ്കില്‍ ബിനീഷിനൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം.

ഇതിനിടെ, ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് 26 മണിക്കൂറിനുശേഷം പൂര്‍ത്തിയാക്കി. ഭാര്യാമാതാവിന്‍റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. റെയ്ഡിനിടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിനീഷിന്‍റെ കുടുംബവും റെയ്ഡ് തടസപ്പെടുത്തിയെന്നാരോപിച്ച് ഇ.ഡിയും പൊലീസിനെ സമീപിച്ചു. അനൂപ് മുഹമ്മദിന്‍റെ കാര്‍ഡ് കണ്ടെത്തിയെന്ന മഹസറില്‍ ഒപ്പിട്ടില്ലെന്നും ബിനീഷിന്‍റെ ഭാര്യ റെനീറ്റ പറഞ്ഞു.

ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ രണ്ട്‌ റവന്യൂ ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. റവന്യു ഓഫീസറായ പി ടി സുശീലയും റവന്യു ഇൻസ്പെക്ടറായ സി ആർ ശാന്തയുമാണ് അയ്യായിരം രൂപ കൈക്കൂലിയുമായി വിജിലൻസ് പിടിയിലായത്. കാനഡയിൽ ജോലിനോക്കുന്ന പോത്തോട് സ്വദേശി ബിനു തോമസ്‌ പുതുതായി നിർമിച്ച വീടിന്‌ കരം അടയ്ക്കാൻ സജി എന്നയാളെ ചുമതലപ്പെടുത്തിയതനുസരിച്ച്‌ ബുധനാഴ്‌ച കരംകെട്ടാൻ ഇയാൾ ചങ്ങനാശേരി മുനിസിപ്പാലിറ്റിയിൽ എത്തി.

കരം അടയ്‌ക്കേണ്ടത് 3500 രൂപയാണെന്നും കരം അടയ്‌ക്കണമെങ്കിൽ റവന്യു ഓഫീസറായ പി ടി സുശീലയ്‌ക്കും റവന്യു ഇൻസ്പെക്ടറായ സി ആർ ശാന്തയ്‌ക്കും കൂടി 5000 രൂപ കൈക്കൂലി നൽകണമെന്നും ബന്ധപ്പെട്ട ജീവനക്കാരൻ പറഞ്ഞു. കരം അടയ്‌ക്കാതെ പുറത്തിറങ്ങിയ സജി ഇക്കാര്യം വിജിലൻസ് കിഴക്കൻ മേഖല സൂപ്രണ്ട് വി ജി വിനോദ് കുമാറിനെ അറിയിക്കുകയും ഉടൻതന്നെ വിജിലൻസ് കെണി ഒരുക്കുകയുംചെയ്‌തു.

ഇതനുസരിച്ച്‌ വൈകിട്ട് 4.25 ഓടെ ചങ്ങനാശേരി മുനിസിപ്പാലിറ്റി ഓഫീസിൽ 5000- രൂപ കൈക്കൂലിയായി വാങ്ങവെ ഇവരെ കോട്ടയം വിജിലൻസ് ഡിവൈഎസ്‌പി ബി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു. കൈക്കൂലി വാങ്ങിയ തുകയിൽ നിന്നും 4500- രൂപ സി ആർ ശാന്തയിൽനിന്നും 500- രൂപ പി ടി സുശീലയിൽനിന്നും വിജിലൻസ് പിടിച്ചെടുത്തു. വിജിലൻസ് സംഘത്തിൽ ഡിവൈഎസ്‌പിയെ കൂടാതെ ഇൻസ്പെക്ടർമാരായ റിജോ പി ജോസഫ്‌, എം റെജി, എ ജെ തോമസ്‌ എന്നിവരും സബ് ഇൻസ്പെക്ടർമാരായ വിൻസെന്റ്‌ കെ മാത്യു, തുളസീധര കുറുപ്പ്, സ്റ്റാൻലി തോമസ്‌ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോട്ടയം വിജിലൻസ് കോടതി മുമ്പാകെ വ്യാഴാഴ്‌ച ഹാജരാക്കും.

Copyright © . All rights reserved