ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിനടീമില്‍ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ ഉൾപ്പെടുത്തി. രോഹിത് ശര്‍മയെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ക്യാപ്റ്റന്‍ വിരാട് കോലി ആദ്യ ടെസ്റ്റിനുശേഷം നാട്ടിലേക്ക് മടങ്ങും. സഞ്ജുവിനെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ട്വന്റി20 ക്രിക്കറ്റ് ടീമിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു.
പരുക്കിന്റെ പേരിൽ രോഹിത് ശർമയെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വിവാദമായതിനു പിന്നാലെ, താരത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. പരുക്കിന്റെ പശ്ചാത്തലത്തിൽ ഏകദിന, ട്വന്റി20 പരമ്പരകളിൽനിന്ന് രോഹിത്തിന് വിശ്രമം അനുവദിച്ചു.
ജനുവരിയിൽ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിൽനിന്ന് ക്യാപ്റ്റൻ വിരാട് കോലിയെ ഒഴിവാക്കി. അഡ്‌ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് കോലി സിലക്ഷൻ കമ്മിറ്റിയെ അറിയിച്ച സാഹചര്യത്തിലാണിത്.
ഐപിഎലിനിടെ പരുക്കേറ്റ തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തിയെ ട്വന്റി20 ടീമിൽനിന്ന് ഒഴിവാക്കി. ടീമിനൊപ്പം പ്രത്യേകം ചേർത്തിരുന്ന തമിഴ്നാട്ടിൽനിന്നു തന്നെയുള്ള പേസ് ബോളർ ടി. നടരാജനെ പകരം ട്വന്റി20 ടീമിൽ ഉൾപ്പെടുത്തി.
പരുക്കു ഭേദമായാൽ ഇഷാന്ത് ശർമയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പരുക്കുമൂലം ഐപിഎലിൽ പുറത്തിരിക്കുന്ന വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കാര്യത്തിലും പരുക്ക് ഭേദമാകുന്ന മുറയ്ക്ക് അന്തിമ തീരുമാനം കൈക്കൊള്ളും. യുവതാരം കംലേഷ് നാഗർകോട്ടിയും ഓസ്ട്രേലിയിലേക്ക് പോകുന്നില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ബോളിങ് വർക്‌ലോഡ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് അദ്ദേഹം ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായതിനാലാണ് ഇത്
ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയര്‍ സീരീസിൽ ഇടം നേടി കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. വോഗ് ഇന്ത്യയുടെ ഏറ്റവും പുതിയ പതിപ്പില്‍ ശൈലജടീച്ചറുടെ എക്സ്ക്ലൂസീവ് അഭിമുഖവുമുണ്ട്. മുഖചിത്രമായും ടീച്ചര്‍ എത്തുന്നു. നിപ്പാ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുന്നില്‍ നിന്നു നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ടീച്ചറെ അടയാളപ്പെടുത്തുന്നത്. ബോളിവുഡ് താരം ശിൽപ ഷെട്ടി, സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് എന്നിവരുടെയും പ്രത്യേക അഭിമുഖം ഈ ലക്കത്തെ വോഗ് ഇന്ത്യയിൽ ഉണ്ട്.
ലോകപ്രശസ്ത ഫാഷന്‍, ലൈഫ്സ്‌റ്റൈല്‍ മാഗസിനാണ് വോഗ്. ഈ മാസം അവസാനമായിരിക്കും വിജയയിയെ പ്രഖ്യാപിക്കുക.
ഇക്കഴിഞ്ഞ ജൂലൈയിൽ പ്രോസ്പെക്ടസ് മാഗസീന്റെ പട്ടികയിലും കെ.ക ശൈലജ ഇടം നേടിയിരുന്നു. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിന്‍ പ്രസിദ്ധീകരിച്ച അമ്പതംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് കേരള ആരോഗ്യമന്ത്രിയുടെ പേരും ഉള്‍പ്പെടുത്തിയത്.
കെ.പി യോഹന്നാന്റെ ബിലിവേഴ്സ് ചർച്ചിൽ ആദായ വകുപ്പ് നടത്തിയ നാല് ദിവസം നീണ്ടുനിന്ന റെയ്ഡ് പൂർത്തിയായി. റെയ്ഡിനിടയിൽ അദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും വൈദീകനും തമ്മിൽ സംഘർഷം ഉണ്ടായിരിക്കുന്നെന്ന വിവരമാണ് ഒരു മാധ്യമം പുറത്തുവിടുന്നത്. ഫാ സിജോ പന്തപ്പള്ളി എന്ന വൈദീകൻ ഇൻ കം ടാക്സ് ഉദ്യോഗസ്ഥരുമായി മൽ പിടുത്തം നടത്തി.
കെപി യോഹന്നാന്റെ ബിലിവേഴ്സ് ചർച്ചിന്റെ എല്ലാ കാര്യങ്ങളും നടത്തുന്നത് ഫാ സിജോയാണ്. അദ്ദേഹമാണ് ഈ സംഭവത്തിലെ യഥാർത്ഥ വില്ലനെന്ന് ഓൺലൈൻ മാധ്യമം പുറത്തുവിട്ടിരുന്നു. ഫാ സിജോയുടെ കാറിൽ നിന്നാണ് ആദായ നികുതി വകുപ്പ് പണം പിടിച്ചെടുത്തത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണത്തിനായി ചെന്നപ്പോൾ ഫാ സിജോ കാറും പണവും രേഖകളുമായി കടന്നുകളയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സ്വന്തം ഐ ഫോൺ തറയിൽ എറിഞ്ഞ് പൊട്ടിക്കാൻ ശ്രമിച്ച വൈദികന്റെ നീക്കവും ഉദ്യോഗസ്ഥർ തടഞ്ഞു. മൽപ്പിടുത്തത്തിലൂടെയാണ് വൈദികനെ ആദായ വകുപ്പ് ഉദ്യോഗസ്ഥർ പൂട്ടിയത്
സ്വന്തം ലേഖകൻ
ബ്രിസ്റ്റോൾ : ബ്രിസ്റ്റോളിൽ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം താമസിക്കുന്ന ഫ്രാൻസിസ് സേവ്യറിന് അടുത്ത ദിവസങ്ങളിലാണ് രക്താർബുദം പിടിപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത്. തമിഴ് നാട്ടിൽ നിന്നുള്ള ഫ്രാൻസിസ് സേവ്യർ ഇപ്പോൾ ബ്രിസ്റ്റോളിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ചികിത്സയുടെ ഭാഗമായി ഫ്രാൻസിസിന് കീമോതെറാപ്പി നടത്തിയെങ്കിലും ഫലം കാണാതെ വന്നപ്പോൾ ആരോഗ്യമുള്ള സ്റ്റെം സെൽ മറ്റൊരു വ്യക്തിയിൽ നിന്ന് സ്വീകരിച്ചുള്ള ചികിത്സയിലൂടെ മാത്രമേ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ കഴിയുകയുള്ളു എന്ന് ഡോക്ടർമാർ വിലയിരുത്തുകയായിരുന്നു . അതിന്റെ ഭാഗമായി അനേകം ബന്ധുക്കൾ വഴിയും , സുഹൃത്തുക്കൾ വഴിയും ഫ്രാൻസിസിന് യോജിച്ച ഒരു സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഇതുവരെ ആ ശ്രമം വിജയിച്ചിട്ടില്ല.
പ്രിയ സുഹൃത്തുക്കളെ ഡി കെ എം എസ് ഡാറ്റാബേസിൽ ഒരു ദാതാവായി നിങ്ങൾ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ നമ്മൾക്ക് ഒരുപക്ഷേ ഫ്രാൻസിസിൻെറ ജീവൻ രക്ഷിക്കാൻ സാധിച്ചേക്കും. ഒരു ജീവൻ രക്ഷിക്കാനുള്ള ഈ ജീവകാരുണ്യ പ്രവർത്തിയിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഒരു ദാതാവായി ഡി കെ എം എസ് ഡേറ്റാബേസിൽ പേര് രജിസ്റ്റർ ചെയ്യുക. പിന്നീട് നിങ്ങളുടെ ടിഷ്യൂ ടൈപ്പ് രോഗിയുടെ ടിഷ്യൂ ടൈപ്പുമായി മാച്ച് ചെയ്യുകയാണെങ്കിൽ സ്റ്റെം സെല്ലുകൾ ദാനം ചെയ്യാൻ നിങ്ങൾക്ക് കഴിയും. സന്നദ്ധരായവരുടെ വിവരങ്ങൾ ലോകത്തെല്ലായിടത്തുമുള്ള രക്താർബുദ രോഗികളിൽ ആരുടെയെങ്കിലും ജീവൻ നിലനിർത്താൻ ഉപകാരപ്പെടാം. ഓർക്കുക ഡി കെ എം എസ് ഡേറ്റാബേസിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രായപരിധി 17 വയസ്സു മുതൽ 55 വയസ്സ് വരെയാണ്.
നിങ്ങൾ ഒരു ദാതാവായി രജിസ്റ്റർ ചെയ്ത് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, താഴെയുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലോ , ഫേസ്‌ബുക്ക് ഗ്രൂപ്പിലോ ചേർന്ന് ഞങ്ങളുടെ പരിശ്രമത്തിനോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
https://chat.whatsapp.com/GL2HbzryQSQKE67Ugrdm8s
https://www.facebook.com/stemcarebristol/
തപാൽ മുഖേന ഉപയോഗിക്കാൻ എളുപ്പമുള്ള ഓറൽ സ്വാബ് കിറ്റ് ഡി കെ എം എസ് നിങ്ങൾക്ക് അയയ്ച്ചു നൽകുന്നതായിരിക്കും . അതിലെ നിങ്ങൾ നിർദ്ദേശങ്ങൾ പാലിച്ച് സ്വാബ് എടുത്തതിനുശേഷം കിറ്റ് തിരികെ നൽകേണ്ടതുണ്ട്. അങ്ങനെ നിങ്ങൾ രജിസ്ട്രിയിൽ എത്തിക്കഴിഞ്ഞാൽ, തപാൽ വഴി നിങ്ങൾക്ക് ഒരു ദാതാവിന്റെ കാർഡ് ലഭിക്കും. നിങ്ങളുടെ ടിഷ്യു രോഗിയുടെ ടിഷ്യുവുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സ്റ്റെം സെല്ലുകൾ ആ രോഗിക്ക് ദാനം ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നിങ്ങൾക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നുമില്ല മറിച്ച് ഒരു ജീവൻ നിലനിർത്താൻ നിങ്ങൾ കാരണമാവുകയും ചെയ്യുന്നു.
സ്റ്റെം സെൽ ദാന പ്രക്രിയയെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളോ, ചോദ്യങ്ങളോ ഉണ്ടെങ്കിൽ ദയവായി താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക . നിങ്ങൾക്ക് വിദഗ്ദ്ധരായ ആരോഗ്യ പ്രവർത്തകരിൽ നിന്ന് വേണ്ട നിർദ്ദേശങ്ങൾ ലഭിക്കുന്നതായിരിക്കും.
യുകെയിലുള്ള ഒരാൾക്ക് സ്വാബ് കിറ്റിനായി അഭ്യർത്ഥിക്കാൻ താഴെപ്പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഇന്ത്യയിലോ യുണൈറ്റഡ് സ്റ്റേറ്റ്സിലോ ഉള്ളവർ സ്വാബ് കിറ്റിനായി അഭ്യർത്ഥിക്കാൻ താഴെപ്പറയുന്ന വെബ് സൈറ്റ് സന്ദർശിക്കുക
അതോടൊപ്പം ദക്ഷിണേന്ത്യയിൽ നിന്നുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ ലിങ്കുകൾ അയച്ച് കൊടുത്ത് ഫ്രാൻസിസിന്റെ ജീവൻ നിലനിർത്താൻ നടത്തുന്ന ദൗത്യത്തിൽ പങ്കാളിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക.
ലോറൻസ് പെല്ലിശ്ശേരി : 0044 7762224421
അനധികൃത മദ്യവിൽപ്പന ചോദ്യം ചെയ്ത റിപ്പോർട്ടറെ ഒരു സംഘം ആളുകൾ ചേര്‍ന്ന് വെട്ടിക്കൊന്നു. തമിഴ്നാട് കുണ്ട്രത്തുറിലെ സോമഗംലത്താണ് ഞെട്ടിക്കുന്ന സംഭവം. തമിഴൻ ടിവി റിപ്പോര്‍ട്ടർ മോസസ് (26) കൊല്ലപ്പെട്ടത്. തന്‍റെ വീടിന് സമീപ പ്രദേശത്തെ സർക്കാർ പുറമ്പോക്ക് ഭൂമി ചിലർ ചേർന്ന് അനധികൃതമായി വിൽക്കാൻ ശ്രമിക്കുന്നത് മോസസ് ചോദ്യം ചെയ്തിരിന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്ക് നേരെ ആക്രമണം നടന്നത്.
തമിഴൻ ടിവിയുടെ ശ്രീപെരുമ്പദൂര്‍, കുണ്ട്രത്തുർ മേഖല റിപ്പോർട്ടറായിരുന്നു മോസസ്. ഇയാളുടെ പിതാവ് ജ്ഞാനരാജ് യേശുദാസനും മാധ്യമപ്രവർത്തകനാണ്. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടിലായിരുന്നു മോസസ് ആരോ വിളിച്ചതനുസരിച്ചാണ് പുറത്തേക്കിറങ്ങിയത്. സുഹൃത്തുക്കളെ കാണാൻ പോയതാണെന്നായിരുന്നു വീട്ടുകാര്‍ കരുതിയത്.
പൊലീസ് പറയുന്നതനുസരിച്ച് വീട്ടിന് സമീപത്തേക്കുള്ള ഒരു തടാകപ്രദേശത്തേക്കാണ് മോസസ് പോയത്. എന്നാൽ വീട്ടിൽ നിന്ന് ഏതാനും ചുവട് വച്ചപ്പോഴേക്കും കുറച്ചാളുകള്‍ ചേര്‍ന്ന് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പകച്ച യുവാവ് വീട്ടിലേക്ക് തിരികെയോടാൻ ശ്രമിച്ചെങ്കിൽ അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു. മോസസിന്‍റെ കരച്ചിൽ കേട്ട് പിതാവും അയൽക്കാരും ഓടിയെത്തിയപ്പോഴേക്കും ഇവർ ഓടിരക്ഷപ്പെട്ടു.
ഉടൻ തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാഞ്ചിപുരം ഡിസ്ട്രിക്റ്റ് സൂപ്രണ്ടന്‍റ് ഡി.ഷൺമുഖപ്രിയയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവിടെ തടാകത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ ചില സാമൂഹിക വിരുദ്ധർ കയ്യേറ്റം നടത്തിയിരിക്കുന്നുവെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. കൃത്രിമം നടത്തി ഈ ഭൂമി കച്ചവടം നടത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് ആരോപണം.
ഇതിനിടെ നാട്ടുകാര്‍ ഇടപെട്ട് ഈ പ്രദേശത്തെ ചില അനധികൃത നിർമ്മാണങ്ങൾ തകർക്കുകയും പൊലീസ് ഇടപെടലുണ്ടാവുകയും ചെയ്തിരുന്നു. പ്രദേശവാസികളെ ഇത്തരം കൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് മാധ്യമപ്രവർത്തകരായ മോസസും പിതാവുമാണെന്നാണ് അക്രമികൾ വിശ്വസിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. ഇതാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചതും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊറോട്ട ശ്വാസനാളത്തിൽ കുടുങ്ങി 55കാരൻ മരിച്ചു. പറവൂർ ചേന്നമംഗലത്ത് പാലാതുരുത്ത് മാത്തുപറമ്പിൽ മുരളിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽവെച്ച് പൊറോട്ട കഴിക്കുന്നതിനിടെയാണ് ശ്വാസനാളത്തിൽ കുടുങ്ങിയത്. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ മുരളിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അതിനോടകംതന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നു പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകിട്ടോടെ സംസ്ക്കാരം ശ്മശാനത്തിൽ നടന്നു. അംബികയാണ് മുരളിയുടെ ഭാര്യ. അരുൺ, അഖിൽ എന്നിവർ മക്കളാണ്.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്നതിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എങ്കിലും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത കൂടുതല്‍.
അശ്രദ്ധകൊണ്ടും വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് മൂലവും ആഹാരപദാര്‍ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങാം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്നതിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
നാലു വയസില്‍ താഴെയുള്ള കുട്ടികളിലാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ ഏറെയും ഉണ്ടാകുന്നത്. കുട്ടികള്‍ക്ക് ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണമെന്ന് അറിയാത്തതുകൊണ്ട് അപകടം സംഭവിക്കുന്ന സാഹചര്യങ്ങളുമുണ്ട്.
മുതിര്‍ന്നവരില്‍ അമിത വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ തൊണ്ടയില്‍ കുടുങ്ങാം. അമിത മദ്യപാനവും ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന് കാരണമാകാറുണ്ട്.
1. സംസാരിക്കാന്‍ കഴിയാതെ വരിക
2. നിര്‍ത്താതെയുള്ള ചുമ
3. ശരീരം വിയര്‍ക്കുക
4. കൈകാലുകള്‍ നീലനിറമാകുക
5. അബോധാവസ്ഥയിലാകുക
തൊണ്ടയിലെ ലാരിങ്‌സ്, ട്രക്കിയ, ബ്രോങ്കസ് തുടങ്ങിയ ഭാഗങ്ങളില്‍ എവിടെയും ഭക്ഷണം തടയാം. കുട്ടികളില്‍ സാധാരണഗതിയില്‍ കടല, കശുവണ്ടി, പഴങ്ങളുടെ കുരു തുടങ്ങിയവയാണ് തൊണ്ടയില്‍ തടയുന്നത്.
ഭക്ഷണം ലാരിങ്‌സിലാണ് കുടുങ്ങിയതെങ്കില്‍ ചുമയ്ക്കുമ്പോഴുണ്ടാകുന്ന മര്‍ദ്ദം മൂലം കുടുങ്ങിയ ഭക്ഷണ പദാര്‍ഥം പുറത്ത് വരും. ആശുപത്രിയില്‍ കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായാല്‍ ആംബുലന്‍സിന്റെ സഹായം തേടാവുന്നതാണ്.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുമ്പോള്‍, തൊണ്ട പൂര്‍ണമായും അടഞ്ഞുപോകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. തൊണ്ട അടഞ്ഞുപോകുന്നത് കുറച്ച് സമയത്തേക്ക് ഓക്‌സിജന്‍ പ്രവാഹത്തിന് തടസം സൃഷ്ടിക്കും. ഈ സമയം ഓക്‌സിജന്‍ സര്‍ക്കുലേഷന്‍ കുറഞ്ഞാല്‍ മസ്തിഷ്‌കത്തിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം കുറയും.
ഇത് അബോധാവസ്ഥയിലേക്കും തുടര്‍ന്ന് മരണം സംഭവിക്കാനും ഇടയാക്കും. തൊണ്ട പൂര്‍ണമായും അടഞ്ഞുപോകുന്ന അവസ്ഥയില്‍ ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ തൊണ്ട പകുതി അടഞ്ഞ അവസ്ഥയില്‍ ആയിരിക്കും.
രണ്ട് മക്കളെയും ഭർത്താവിനെയും തനിച്ചാക്കിയാണ് ക്രിസും പിഞ്ചോമനയും യാത്രയായത്. മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കാനിരിക്കെയാണ് ക്രിസ് കോവിഡു ബാധിച്ചുള്ള മരണത്തിന് കീഴടങ്ങുന്നത്. സിസേറിയനിലൂടെ പുറത്തെടുത്ത ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതറിയാതെയാണ് ക്രിസ് മരണപ്പെടുന്നത്. നേരത്തെ കൊവിഡ് ബാധിച്ച് ക്രിസിന്റെ പിതാവ് ബെഞ്ചമിനും മരിച്ചിരുന്നു.
അമ്മ കുഞ്ഞാവയെയുമായി ആശുപത്രിയിൽ നിന്ന് എത്തുന്നതും കാത്തിരിക്കുകയാണ് എമിയും എസയും.മക്കളോട് എന്ത് പറയണമെന്നറിയാതെ ആകെ തളർന്നിരിക്കുകയാണ് ഭർത്താവ് റിച്ചാർഡ്. നാല് മക്കള്‍ വേണമെന്നായിരുന്നു ക്രിസിന്റെ മോഹം.
ക്രിസിന്റെ വിയോഗം റിച്ചാര്‍ഡ്‌സ് അമ്മയോടുപോലും വിവരം വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസം മാത്രമാണ്. മരണവിവരമറിഞ്ഞ് നെഞ്ച് തകര്‍ന്നിരിക്കുകയാണ് ആ അമ്മ. പൂർണ്ണ ഗർഭിണിയായിരുന്ന ക്രിസിനെ ഒരാഴ്ച മുമ്പാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിനെ പുറത്തെടുത്ത് ഇന്‍കുബേറ്ററിലാക്കിയെങ്കിലും അടുത്ത ദിവസം കുഞ്ഞും മരിച്ചു. ഇതൊന്നും അറിയാതെ വെന്റിലേറ്ററില്‍ ബുധനാഴ്ച രാത്രിയോടെ ക്രിസും യാത്രയായി.
ശ്വാസംമുട്ടലിന്റെ പ്രയാസം ഉണ്ടായിരുന്നതാണ് ക്രിസിന് കോവിഡ് ഗുരുതരമാകാന്‍ കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൊവിഡ് നെഗറ്റീവായപ്പോള്‍ മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ ഒതുക്കിയിട്ട കാറില്‍ ക്രിസ് രോഗംമാറി തിരിച്ചു വരുന്നതും കാത്തിരിക്കുകയായിരുന്നു റിച്ചാര്‍ഡ്. പ്രിയതമ ഇനി തിരിച്ചു വരവില്ലെന്നറിഞ്ഞതിന്റെ തീരാകണ്ണീരിലാണ് റിച്ചാർഡ്. അതോടൊപ്പം മക്കളോട് അമ്മയും വാവയും ഇനി വരില്ലെന്ന സത്യം എങ്ങനെ പറയുമെന്നതിന്റെ ആധിയും.
സ്വന്തം നാടായ വയനാട്ടിലേക്ക് മടങ്ങി പാവപ്പെട്ടവര്‍ക്കായി ഒരു ആശുപത്രി ആരംഭിക്കണം ഇതായിരുന്നു നിതയുടെ വലിയ ആഗ്രഹം.രണ്ട് വര്‍ഷമെങ്കിലും സൗജന്യമായി സേവനം ചെയ്യണം.-ഡോ. നിതയുടെ സ്വപ്‌നം ഇതായിരുന്നു.സുഹൃത്തുക്കളോടും പിതാവ് എസി തോമസിനോടും പല പ്രാവശ്യം നിത ഇക്കാര്യം പറഞ്ഞിട്ടുണ്ട്.ഇതിനിടെയാണ് അകാലത്തില്‍ മരണം നിതയെ തട്ടിയെടുത്തത്.ഷിക്കാഗോയില്‍ ആയിരുന്നു ഉഴവൂര്‍ കുന്നുംപുറത്ത് എസി തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകള്‍ ഡോ നിത കുന്നുംപുറത്ത്(30) താമസിച്ചിരുന്നത്.അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാവിലെ 6.30നായിരുന്നു(ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകിട്ട് ആറ്)അപകടമുണ്ടായത്.
ഫ്‌ലോറിഡയില്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേക്ക് കാര്‍ മറിഞ്ഞാണ് നിത മരിക്കുന്നത്.തൊട്ട് പിന്നാലെ കാറില്‍ എത്തിയവര്‍ ഡോക്ടറെ രക്ഷിക്കാന്‍ കനാലില്‍ ഇറങ്ങിയെങ്കിലും ചീങ്കണ്ണികള്‍ പാഞ്ഞെത്തിയതിനെ തുടര്‍ന്ന് കരയിലേക്ക് തിരികെ കയറുകയായിരുന്നു.ഇവര്‍ വിവരം അറിയിച്ചതിന് അനുസരിച്ച് പോലീസ് എത്തി ഡോക്ടറെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.മയാമിയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. നിത ഇല്ലിനോയ് ബെന്‍സന്‍വില്ലെയിലെ താമസസ്ഥലത്തുന്ന് നേപ്പിള്‍സിലേക്ക് ഒറ്റക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിക്കുന്നത്.നിത ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട കാര്‍ കനാലില്‍ വീഴുകയായിരുന്നു.
തൊട്ടുപിന്നാലെ എത്തിയ കാറില്‍ അമേരിക്കന്‍ ദമ്പതികള്‍ ആയിരുന്നു.ഇവരില്‍ ഭര്‍ത്താവ് കനാലിലേക്ക് ചാടി കാറില്‍ നിന്നും നിതയെ പുറത്ത് എടുത്തു.ഈ സമയം നിതയുടെ ബോധം നഷ്ടപ്പെട്ടിരുന്നു.തുടര്‍ന്ന് നിതയെ കരക്ക് എത്തിക്കുന്നതിനിടെ ചീങ്കണ്ണികള്‍ പാഞ്ഞെത്തി.ഇത് കണ്ട് കരയില്‍ നിന്ന ഭാര്യ അലറിക്കരഞ്ഞതോടെ അദ്ദേഹം ശ്രമം ഉപേക്ഷിച്ച് കരക്ക് കയറുകയായിരുന്നു.തുടര്‍ന്ന് ഇദ്ദേഹം പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി നിതയെ കരക്ക് എത്തിക്കുകയും ചെയ്തു.എന്നാല്‍ ഈ സമയം മരണം സംഭവിച്ചിരുന്നു.
പത്താംക്ലാസ് പഠനത്തിന് ശേഷമാണ് നിത കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്.നിതയുടെ മൂത്ത സഹോദരന്‍ നിതിന്‍ ഫാര്‍മസിയിലും സഹോദരി നിമിഷി ഫിസിയോതെറാപ്പിയിലും ബിരുദം നേടി.നിത മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സര്‍ജറിയില്‍ ബിരുദാനന്തര ബിരുദം നേടാനായി മയാമിയില്‍ ആശുപത്രിയില്‍ ചേര്‍ന്നു.ഇതോടെ കഴിഞ്ഞ ഡിസംബറില്‍ മയാമിയിലേക്ക് താമസം മാറ്റി.
നിതയുടെ മരണം അമേരിക്കന്‍ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി.കാറിന് അരികിലേക്ക് ചീങ്കണ്ണികള്‍ നീന്തി വരുന്നതിന്റെ വീഡിയോയും ചില മാധ്യങ്ങള്‍ പുറത്ത് വിട്ടു.കാറിന് ചുറ്റും ചീങ്കണ്ണികള്‍ കൂടി നിന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.കനാലിലേക്ക് ഇറങ്ങാനാവാത്ത അവസ്ഥയായിരുന്നു.ഒന്നു രണ്ട് ചീങ്കണ്ണികള്‍ക്ക് നേരെ വെടിയുതിര്‍ത്തതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ സാധിച്ചതെന്ന് പോലീസ് പറയുന്നു.
കുരിശുപള്ളി മാതാവിന്റെ മുന്‍പില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിക്കുന്ന നടന്‍ സുരേഷ് ഗോപിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കൈയ്യടക്കുന്നത്. കുമളിയില്‍ കാവല്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങുന്ന വഴിയാണ് സുരേഷ് ഗോപി പാലായില്‍ എത്തിയത്. ദൈവകൃപയോടെ മുന്നോട്ട് എന്ന് കുറിച്ചുകൊണ്ട് താരം ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കുരിശുപള്ളിയില്‍ തിരി കത്തിച്ച് പ്രാര്‍ഥിച്ചതിന് ശേഷം കീഴ്തടിയൂര്‍ യൂദാ സ്ലീഹാ പള്ളിയിലും സുരേഷ് ഗോപി സന്ദര്‍ശിക്കുകയും ചെയ്തു. സുരേഷ് ഗോപിയുടെ ഇരുനൂറ്റിയന്‍പതാമത് ചിത്രമായ ഒറ്റക്കൊമ്പന്റെ ആദ്യ ഷോട്ട് എടുത്തതും ഈ പള്ളിമുറ്റത്തുവച്ചായിരുന്നു. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ഒറ്റക്കൊമ്പനില്‍ പാലാക്കാരന്‍ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്.
കോഴിക്കോട് തലയാട് മണിച്ചേരി മലയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മണിച്ചേരിമല പന്നിയാനിച്ചിറ സണ്ണിയുടെ ഭാര്യ റീന സണ്ണിയാണ് മരിച്ചത്. 47 വയസായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീടിനു പുറകിലെ അടുക്കള ഭാഗത്ത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെയാണ് ഇടിമിന്നലേറ്റത്.
പരിക്കേറ്റ റീനയെ തലയാട്, പൂനൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ശനിയാഴ്ച വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.ശക്തമായ ഇടിമിന്നലില്‍ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. റോണി സണ്ണി, സോണി സണ്ണി എന്നിവരാണ് മക്കള്‍.
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറഖപ്പെടുവിച്ചിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം).
മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്ന് പ്രത്യേകം നിര്‍ദേശം നല്‍കുന്നു.
*കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്*
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
*പൊതു നിര്‍ദ്ദേശങ്ങള്‍*
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല. പട്ടം പറത്തുവാന്‍ പാടില്ല. തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക. ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ്ണ നിമിഷങ്ങളാണ്. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേയ്ക്ക് പോകരുത്.