Kerala

മതമില്ലാത്ത പെണ്ണേ.. മരിച്ചാല്‍ നിന്റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കുമെന്ന ചോദ്യവും ആധിയും പങ്കുവെയ്ക്കുന്നവര്‍ക്ക് വായടപ്പിച്ച് മറുപടിയുമായി ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. ഫേസ്ബുക്കിലൂടെയാണ് ജസ്‌ല മറുപടി കുറിക്കുന്നത്. ആ കുറ്റിക്കാട്ടില്‍ ആറടിമണ്ണില്‍ കിടന്നാല്‍ മാത്രമാണോ ശവം മണ്ണില്‍ ലയിക്കുന്നതെന്ന് ജസ്ല ചോദിക്കുന്നു.

മരിക്കുവോളം എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം..മരിച്ച് കഴിഞ്ഞാല്‍ 3ആംദിവസം ചീഞ്ഞ് തുടങ്ങുന്ന ശരീരം..എവിടെ കുഴിച്ചിട്ടാലും ചീയും..അത് ഇന്നസ്ഥലത്ത് കുഴിച്ചിടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല..എന്റെ ശരീരം ഞാന്‍ മെഡിക്കല്‍ കോളേജിനെഴുതിക്കൊടുത്തിട്ടുണ്ട്… മരണസമയത്ത് ജീവനറ്റുപോകാത്ത ഏത് അവയവം ബാക്കിയുണ്ടെങ്കിലും അത് ജീവനുള്ള ശരീരങ്ങള്‍ക്ക് എടുക്കാന്‍ പറ്റുന്നതാണെങ്കില്‍ അതെടുക്കാനും ബാക്കിവരുന്നത്…മെഡിക്ല് സ്റ്റുഡന്റ്‌സിന് പഠിക്കാനും കൊടുത്തിട്ടുണ്ട്..
കുട്ടികള്‍ കീറിപ്പഠിക്കട്ടെ..എന്നിട്ട് കുഴിച്ചിടേ..കത്തിക്കേ.. എന്ത് വേണേലും ചെയ്യട്ടെ. ജസ്ല കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മരണശേഷം എന്‍റെ മയ്യത്ത് (ശവശരീരം )എന്ത് ചെയ്യുമെന്ന ആധി…ഇസ്ലാം മതവിശ്വാസികളില്‍ ഒരുപാട് പേര്‍ പ്രകടിപ്പിക്കുന്നത് പലവെട്ടം കണ്ടിട്ടുണ്ട്..
നേരിട്ടും ചിലര്‍ ചോദിക്കും..മഹല്ല് കമ്മറ്റി എന്നെ മഹല്ലില്‍ നിന്ന് ഒഴിവാക്കിയതിലേറെ ആഹ്ലാദവും അവര്‍ പ്രകടിപ്പിക്കും…
കാരണം പള്ളിക്കബറിടത്തില് നിന്‍റെ മയ്യത്തടക്കില്ലല്ലോ… എന്ന്..
എന്ത് കഷ്ടാണ്…
ആ കുറ്റിക്കാട്ടില്‍ ആറടിമണ്ണില്‍ കിടന്നാല്‍ മാത്രമാണോ ശവം മണ്ണില്‍ ലയിക്കുന്നത്..??
പലവട്ടം അവരോടിതിന് മറുപടി പറഞ്ഞിട്ടുണ്ട്…
വീണ്ടും ഒരിക്കല്‍ കൂടി.. പറയാം.
മതമില്ലാത്ത പെണ്ണേ..
മരിച്ചാല്‍ നിന്‍റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കും..?
ഹറാം പെറപ്പല്ലേ നീ…
പള്ളീല് ഖബറടക്കാന്‍ ഞമ്മള് സമ്മയ്ക്കൂല…
എനിക്ക് ഇവരോട് പറയാനുള്ള ഉത്തരം ഇതേയുള്ളൂ.
മരിക്കുവോളം എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം..മരിച്ച് കഴിഞ്ഞാല്‍ 3ആംദിവസം ചീഞ്ഞ് തുടങ്ങുന്ന ശരീരം..എവിടെ കുഴിച്ചിട്ടാലും ചീയും..അത് ഇന്നസ്ഥലത്ത് കുഴിച്ചിടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല..എന്‍റെ ശരീരം ഞാന്‍ മെഡിക്കല്‍ കോളേജിനെഴുതിക്കൊടുത്തിട്ടുണ്ട്…
മരണസമയത്ത് ജീവനറ്റുപോകാത്ത ഏത് അവയവം ബാക്കിയുണ്ടെങ്കിലും അത് ജീവനുള്ള ശരീരങ്ങള്‍ക്ക് എടുക്കാന്‍ പറ്റുന്നതാണെങ്കില്‍ അതെടുക്കാനും ബാക്കിവരുന്നത്…മെഡിക്ല്‍ സ്റ്റുഡന്‍റ്സിന് പഠിക്കാനും കൊടുത്തിട്ടുണ്ട്..
കുട്ടികള്‍ കീറിപ്പഠിക്കട്ടെ..എന്നിട്ട് കുഴിച്ചിടേ..കത്തിക്കേ..
എന്ത് വേണേലും ചെയ്യട്ടെ…
ഇനി വെറുതെ വെച്ചാലും കുഴപ്പല്ല..
ചീഞ്ഞ് നാറ്റം വരുമ്പോള്‍ നിങ്ങള്‍ തന്നെ അതിനൊരു പരിഹാരം കാണും..
അല്ല പിന്നെ..
മരിച്ച ഞാന്‍ അതറിയുന്നില്ല…
ഇനിയറിഞ്ഞാലും..വഴക്കുണ്ടാക്കാനും വരില്ല..
ജീവിക്കുമ്പോള്‍ എന്നെ ഞാനായി ജീവിക്കാനനുവദിച്ചാല്‍ മാത്രം മതി..
മാത്രമല്ല..ഈ ആധുനിക കാലത്ത് ..21 ആം നൂറ്റാണ്ടിലും മതം വിഴുങ്ങി ജീവിക്കുന്നത് കൊണ്ടാണ് ഇത്തരം സംശയങ്ങള്‍ നിങ്ങള്‍ക്ക് വരുന്നത്..ടെക്നോളജിയെ കുറിച്ച് അറിവില്ലാത്തത് കൊണ്ട്..
ഇന്ന് ധാരാളം ഇലക്ട്രിക് സ്മശാനങ്ങളുണ്ട്..
അതിലേക്കിട്ട് ഒരു സ്വിച്ച് അമര്‍ത്തിയാല്‍ ..”’ഭും ””’….ചാരമായി ഇല്ലാതാവാന്‍ നിമിഷങ്ങള്‍ മതി…
ഒരു ശവശരീരത്തിന്‍മേല്‍ ഇത്രമേലാശങ്കയോ…???
കഷ്ടം.
പിന്നെ ഈ കമന്‍റില്‍ അവന്‍ പറഞ്ഞ ദൈവമാണ് ലോക സൃഷ്ടാവാണെങ്കില്‍..അയാള്‍ക്ക് എന്‍റെ കാര്യം നോക്കി നടക്കാന്‍ ആണോ സഹോ സമയം..കോടാനകോടി മനുഷ്യരും മനുഷ്യരില്‍ പരം ജീവികളും പ്രപഞ്ച ഗോളങ്ങളുമൊക്കെ ഉള്ളിടത്ത് ഞാനെന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുന്ന അങ്ങേരെ സമ്മദിക്കണം..
പിന്നെ മരണശേഷം പള്ളിയില്‍ അടക്കാന്‍ വേണ്ടിയാണ് ഇവിടെ പൊട്ടക്കിണറ്റിലെ തവളകളായി ജീവിക്കുന്നത് വിശ്വാസികള്‍ എന്നോര്‍ക്കുമ്പോഴാ ..തമാശ.
NB:ഞാന്‍ മതവിശ്വാസിയല്ല

പള്ളുരുത്തി ∙പ്രതീക്ഷകൾ അസ്തമിച്ചു. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഇരട്ടക്കുഞ്ഞുങ്ങൾക്ക‌ു ജന്മം നൽകിയ രാജലക്ഷ്മി (28) മരിച്ചു. ഇടക്കൊച്ചി ഇന്ദിര‌ാഗാന്ധി റോഡിൽ എഡി പുരം വീട്ടിൽ ഷിനോജിന്റെ ഭാര്യയാണ്. കഴിഞ്ഞ 14നാണു രാജലക്ഷ്മിയെ കോവിഡ് ബാധിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 8 മാസം ഗർഭിണിയായിരുന്ന ഇവർക്ക് കടുത്ത ന്യുമോണിയയും പിടിപെട്ടിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അവിടെ ജന്മം നൽകിയ ഇരട്ടപെൺകുട്ടികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം ന്യുമോണിയ കടുത്തതും വൃക്കയെ ബാധിച്ചതുമാണ് രാജലക്ഷ്മിയുടെ മരണകാരണം. കോവിഡ് നെഗറ്റീവായ കുഞ്ഞുങ്ങൾ സുരക്ഷിതരാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലക്ഷങ്ങൾ മുടക്കിയ ഐവിഎഫ് ചികിത്സയുടെ ഫലമായാണ് രാജലക്ഷ്മി ഗർഭം ധരിച്ചത്. കോവിഡ് ബാധിച്ചതിനു ശേഷമുള്ള മാസം തികയാത്ത പ്രസവത്തിനും ചികിത്സയ്ക്കും 10 ലക്ഷത്തിലേറെ രൂപ ചെലവായിരുന്നു. ഇവരുടെ ദയനീയാവസ്ഥ സംബന്ധിച്ചു മനോരമ വാർത്ത നൽകിയിരുന്നു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയായ രാജലക്ഷ്മിയുടെ സംസ്കാരം ഇന്ന് ഇടക്കൊച്ചിയിൽ നടത്തും.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ആത്മഹത്യ ശ്രമത്തെ തുടർന്ന് ചികിൽസയിലായിരുന്ന മലയാളി നഴ് സ്‌ മരണമടഞ്ഞു. കോട്ടയം നെടുംകുന്നം സ്വദേശിനി ഡിംപിൾ യൂജിൻ (37) ആണ് ഇന്ന് കാലത്ത്‌ അദാൻ ആശുപത്രിയിൽ വെച്ച്‌ മരണമടഞ്ഞത്‌. കഴിഞ്ഞ വ്യാഴാഴ്ച മംഗഫിലിൽ ഇവർ താമസിക്കുന്ന ഫ്ലാറ്റിലെ ശുചി മുറിയിൽ വെച്ച്‌ തൂങ്ങി മരിക്കനുള്ള ഉദ്യമം നടത്തിയിരുന്നു. എന്നാൽ ഭർത്താവും അയൽ വീട്ടുകാരും ചേർന്ന് ഇവരെ ഉടൻ തന്നെ അദാൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിൽ ആയിരുന്ന ഇവർ കഴിഞ്ഞ 2ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലാണു കഴിഞ്ഞിരുന്നത്‌. മുബാറക്‌ അൽ കബീർ ആശുപത്രിയിലെ നഴ് സാണ് . കുവൈത്തിലെ മംഗഫിലിൽ കുടുംബ സമേതമായിരുന്നു താമസിച്ചിരുന്നത്‌. ഭർത്താവ്‌ യൂജിൻ ജോൺ കുവൈത്തിൽ ഹോട്ടൽ വ്യാപാരിയാണ്.

മക്കൾ – സൈറ, ദിയ, ക്രിസിയ

തൃശൂര്‍ അന്തിക്കാട് ബി.ജെ.പി. പ്രവര്‍ത്തകന്‍ നിധിലിനെ പട്ടാപകല്‍ റോഡിലിട്ട് വെട്ടിക്കൊന്ന അക്രമി സംഘം എത്തിയത് സനല്‍ ഓടിച്ച കാറിലാണ്. മുറ്റിച്ചൂര്‍ സ്വദേശിയായ സനല്‍ നട്ടെല്ലിനു കാന്‍സര്‍ ബാധിച്ച് ചികില്‍സയിലാണ്. കൊലയാളി സംഘത്തിലൊരാള്‍ വികലാംഗനാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. കാരണം, വടി കുത്തിപ്പിടിച്ചാണ് ഒരാള്‍ നടന്നിരുന്നത്. അത്, സനലായിരുന്നു.

കാന്‍സര്‍ ബാധിച്ചതിനാല്‍ നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ഇതിനു ശേഷം നേരാവണ്ണം നടക്കാന്‍ സനലിനു കഴിയില്ല. അതുക്കൊണ്ട് വടി കുത്തിപിടിച്ചാണ് നടക്കാറുള്ളത്. തൃശൂര്‍ പാലിയേക്കരയില്‍ നിന്ന് കാര്‍ വാടകയ്ക്കെടുത്തു. ചേര്‍പ്പിലെ വാടക വീട്ടിലാണ് സനല്‍ ഉള്‍പ്പെടെ നാലു പേര്‍ താമസിച്ചിരുന്നത്. നിധില്‍ അന്തിക്കാട് സ്റ്റേഷനില്‍ ഒപ്പിടാന്‍ വരാറുള്ളത് പ്രതികള്‍ക്ക് അറിയാമായിരുന്നു. രാവിലെ നല്ലവണ്ണം മദ്യപിച്ച ശേഷമാണ് ചേര്‍പ്പിലെ വാടക വീട്ടില്‍ നിന്നിറങ്ങിയത്. നേരെ പോയത്, അന്തിക്കാട് സ്റ്റേഷന്‍ പരിസരത്തേയ്ക്കായിരുന്നു. സനല്‍ മാത്രം മദ്യപിച്ചിരുന്നില്ല.

അന്തിക്കാട് സ്റ്റേഷന്‍ പരിസരത്തുവച്ച് നിധിലിനെ അക്രമി സംഘം കണ്ടു. പക്ഷേ, കൂടെ മൂന്നോ നാലോ പേര്‍ ഉണ്ടായിരുന്നു. പദ്ധതി ഉപേക്ഷിച്ച് ഇവര്‍ മടങ്ങി. വഴിയരികിലെ മരച്ചുവട്ടില്‍ വിശ്രമിച്ചു. വീണ്ടും, അന്തിക്കാട് ഭാഗത്തേയ്ക്കു പോകാനായി കാറെടുത്തു. മാങ്ങാട്ടുകരയില്‍ എത്തിയപ്പോഴാണ് നിധിലിന്റെ നീല കാര്‍ എതിരെ വരുന്നത് കണ്ടത്. കാറില്‍ തനിച്ചാണെന്ന് മനസിലായതോടെ അതേവേഗതയില്‍തന്നെ നേര്‍ക്കുനേര്‍ കാറിലിടിച്ചു. കാറില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിധിലിനെ അക്രമി സംഘം വെട്ടിവീഴ്ത്തി. കാറില്‍ നിന്നിറങ്ങിയ സനലും വെട്ടാന്‍ ശ്രമിച്ചു. ഇതിനിടെയാണ്, വിരലിന് സ്വന്തം സംഘാംഗങ്ങളുടെ പക്കല്‍ നിന്ന് തന്നെ വെട്ടു കൊണ്ടത്. വിരല്‍ അറ്റുതൂങ്ങിയ നിലയിലായിരുന്നു.

നിധില്‍ കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ കാറില്‍ രക്ഷപ്പെടാനായിരുന്നു അക്രമി സംഘത്തിന്റെ ശ്രമം. കാര്‍ സ്റ്റാര്‍ട്ടായില്ല. ഉടനെ, അതുവഴി വന്ന മറ്റൊരു കാര്‍ മഴുവും വാളും കാട്ടി കൊലയാളി സംഘം തടഞ്ഞു. കാറ്ററിങ് നടത്തിപ്പുകാരനായ യുവാവായിരുന്നു കാറില്‍. ആയുധങ്ങള്‍ കണ്ടതോടെ കാര്‍ നിര്‍ത്തി കാറ്ററിങ്ങുകാരന്‍ ഓടി. ഈ കാറുമായി കൊലയാളി സംഘം രക്ഷപ്പെട്ടു. വഴിമധ്യേ, സനലിനെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടു.
തൃശൂര്‍ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കാണ് പോയത്. അപകടത്തില്‍ വിരല്‍ അറ്റു തൂങ്ങിയതാണെന്ന് ആശുപത്രിക്കാരോട് പറഞ്ഞു. അടിയന്തര ശസ്ത്രക്രി വേണ്ടതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്തു. ആംബുലന്‍സിലാണ് സനല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. കൊലയാളി സംഘത്തെ പൊലീസ് തിരയുമ്പോള്‍ പ്രതി ആംബുലന്‍സില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു.

കൊലയാളി സംഘത്തിലെ ഒരാള്‍ക്ക് പരുക്കേറ്റതായി നാട്ടുകാര്‍ പൊലീസിന് വിവരം കൈമാറിയിരുന്നു. ജില്ലയിലെ എല്ലാ ആശുപത്രികളിലും പൊലീസ് അന്വേഷിച്ചു. വികലാംഗനായി നാട്ടുകാര്‍ പറഞ്ഞ ആള്‍ സനലാണെന്ന് പൊലീസ് മനസിലാക്കിയിരുന്നു.
വടി കുത്തിപ്പിടിച്ചു നടക്കുന്ന ക്രിമിനല്‍ സംഘാംഗം സനലാണെന്ന് അന്തിക്കാട്ടെ പൊലീസുകാര്‍ക്ക് അറിയാമായിരുന്നു. തൃശൂരിലെ പൊലീസ് സംഘം നേരെ സ്വകാര്യ ആശുപത്രിയില്‍ എത്തി. അപ്പോഴാണ്, സനല്‍ ആശുപത്രി വരാന്തയിലൂടെ വോക്കറിന്‍റെ സഹായത്തോടെ നടക്കുന്നത് കണ്ടത്. കയ്യോടെ പിടികൂടി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ‘നീ സനല്‍ അല്ലേടാ’ പൊലീസിന്റെ ചോദ്യത്തിനു മുമ്പില്‍ ആദ്യം പതറി. പിന്നെ, ഓരോ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. വിരലിന് അടിയന്തര ശസ്ത്രക്രിയ നടത്തി. പൊലീസ് കാവലില്‍ ആശുപത്രിയില്‍ തുടരുകയാണ്. കൂട്ടുപ്രതികളുടെ പേരുകളെല്ലാം സനല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

പാലാ സീറ്റ് വിട്ട് നല്‍കില്ല എന്ന് ആവര്‍ത്തിച്ച്‌ മാണി സി കാപ്പന്‍. ജയിച്ച സീറ്റുകള്‍ വിട്ട് നല്‍കേണ്ടതില്ല എന്നതാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. രാജ്യസഭാ സീറ്റ് ആര്‍ക്ക് വേണം എന്നും മാണി സി കാപ്പന്‍ ചോദിച്ചു. പാല മാണി സാറിന് ഭാര്യയായിരുന്നെങ്കില്‍ എന്റെ ചങ്കാണ് വിട്ടിട്ട് പോകുന്ന പ്രശ്‌നമില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ജോസ് കെ മാണിയും കൂട്ടരും എല്‍ഡിഎഫിലേക്ക് വരികയാണെങ്കില്‍ സ്വാഗതം ചെയ്യുന്നു, എന്‍സിപി ജയിച്ചൊരു സീറ്റും വിട്ടുകൊടുക്കില്ല, വിട്ടുകൊടുത്തരു ചര്‍ച്ചക്കില്ല, മാണി സാര്‍ ജയിച്ച പാലയല്ല ഇപ്പോ, അതൊക്കെ മാറി, ഓരോ മത്സരത്തിലും മാണിയുടെ ഭൂരിപക്ഷം കുറക്കുകയായിരുന്നു, അതിനാല്‍ ജോസ് കെ മാണിക്ക് വലിയ വൈകാരികതയുടെ ആവശ്യമൊന്നുമില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

അതേസമയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തെ ജോസ് കെ. മാണി വിഭാഗത്തിന് എല്‍.ഡി.എഫിലെത്താന്‍ പാലായുള്‍പ്പെടെ 13 സീറ്റ് വാഗ്ധാനം ചെയ്ത് സി.പി.എം രംഗത്ത് എത്തിയിരുന്നു. ഈ പശ്ചാതലത്തിലാണ് മാണി സി കാപ്പന്‍ തന്റെ മുന്‍നിലപാട് ഒരിക്കല്‍ കൂടിയാവര്‍ത്തിച്ചത്. ജോസ് വിഭാഗം ഇടതുമുന്നണിയോട് ചങ്ങാത്തം കൂടാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ പാലാസീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നതാണ്. ആ നിലപാടില്‍ ഉച്ചുനില്‍ക്കുകയാണ് അദ്ദേഹം ഇപ്പോഴും. അതിനിടെ ഇടതുപ്രവേശനം ഉറപ്പാക്കിയ ജോസ് വിഭാഗത്തിന് 20 സീറ്റുകള്‍ നല്‍കാമെന്ന സി പി എം ഉറപ്പുനല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കഴി‍ഞ്ഞ പ്രാവശ്യം മത്സരിച്ച സീറ്റുകള്‍ വേണമെന്ന ഉറച്ച നിലപാട് ജോസ് കെ മാണി വിഭാഗം ചര്‍ച്ചകളിലെടുത്തു. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടല്ല.

പാലാ സീറ്റും വേണമെന്ന് നിലപാടിലാണ് ജാേസ് വിഭാഗം എന്നാണ് അറിയുന്നത്.ജോസ് കെ.മാണിയുടെ ഇടത് മുന്നണി പ്രവേശനം ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്നാണ് സൂചന നേരത്തെ പുറത്തു വന്നിരുന്നു . എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള അന്തിമഘട്ട ചര്‍ച്ചകള്‍ ജോസ് കെ.മാണി പൂര്‍ത്തിയാക്കിയിരുന്നു . നിയമസഭ സീറ്റുകള്‍ സംബന്ധിച്ചും ഇതില്‍ ഏകദേശ ധാരണയായി. കോട്ടയം ജില്ലയില്‍ നാല് സീറ്റുകള്‍ ജോസ് ഉറപ്പിക്കുന്നു. പാലാ സീറ്റിലും കണ്ണുണ്ട്.രാജ്യസഭ സീറ്റ് മാണി സി.കാപ്പന് വിട്ടു നല്‍കി പാലാ സ്വന്തമാക്കാനുള്ള നീക്കം നടത്തുന്നതായും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. ഇത് പാടെ നിഷേധിക്കുകയാണ് എന്‍സിപിയും മാണി സി.കാപ്പനും. പൊരുതി നേടിയ പാലായെ കൈവിടില്ലെന്ന് മാണി സി.കാപ്പന്‍ വ്യക്തമാക്കിയത് .

ജോസ് വിഭാഗം മത്സരിച്ചിരുന്ന നിലവില്‍ സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റുകളായ ഏറ്റുമാനൂരും, പേരാമ്പ്രയും സിപിഎം നിലനിര്‍ത്തും. കുട്ടനാട് സീറ്റിലും ജോസ് കെ.മാണി അവകാശം ഉന്നയിക്കില്ല. കാഞ്ഞിരപ്പള്ളി വിട്ടു നല്‍കുന്നതില്‍ സിപിഐക്ക് ഇപ്പോഴും എതിര്‍പ്പുണ്ട്. സിപിഎമ്മിന്റെ കൈവശമുള്ള സീറ്റുകളിലൊന്ന് വിട്ടു നല്‍കി സിപിഐയെ അനുനയിപ്പിക്കാനാണ് നീക്കം. മാണി സി.കാപ്പനെയും എന്‍സിപിയെയും തൃപ്തിപ്പെടുത്തുന്ന ഫോര്‍മുലയ്ക്കായുള്ള ആലോചനകളാണ് പുരോഗമിക്കുന്നത്.

ജോസ് കെ മാണി വിഭാഗത്തിന് പാല സീറ്റ് നല്‍കുന്നതില്‍ പ്രതിഷേധിച്ച് ഇടതു മുന്നണി വിടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മാണി സി കാപ്പന്‍ നേരത്തെ വന്നിരുന്നു . പാല സീറ്റില്‍ നിന്നും മാറണമെന്ന് ഇടതു മുന്നണി ആവശ്യപ്പെട്ടിട്ടില്ലെന്നും തങ്ങളുടെ സീറ്റുകള്‍ ഒന്നും തന്നെ വീട്ടുകൊടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്നും മാണി സി കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു .

ഏഴ് ലോക്‌സഭ അംഗങ്ങളും എട്ട് രാജ്യസഭ അംഗങ്ങളുമുള്ള ഒരു അഖിലേന്ത്യ പാര്‍ട്ടിയാണ് എന്‍സിപി. ശരദ് പവാര്‍ ആണ് ഞങ്ങളുട നേതാവ്. പാര്‍ട്ടിയെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത് അദ്ദേഹമാണ്. ഒരു സീറ്റും വിട്ടുകൊടുക്കേണ്ടെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം’ മാണി സി കാപ്പന്‍ പറഞ്ഞു. തന്നെ ബന്ധപ്പെട്ട മാധ്യമങ്ങളോടും ഇക്കാര്യമാണ് പറഞ്ഞതെന്നും ഇതിലെവിടെയാണ് മുന്നണി വിടുമെന്ന പരാമര്‍ശമുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു സിനിമാക്കാരന്‍ കൂടി ആയതുകൊണ്ട് തന്റെ ഡയലോഗുകള്‍ എഡിറ്റ് ചെയ്ത് ഉപയോഗിച്ചതാണോ എന്നും അദ്ദേഹം മാധ്യമ വാര്‍ത്തകളെ പരിഹസിച്ചുകൊണ്ട് ചോദിച്ചിരുന്നു .ഈ സാഹചര്യത്തിൽ ആണ് ഇപ്പോൾ പാലാ സീറ്റ് വിട്ടുകൊടുക്കില്ല എന്ന സുപ്രധാന തീരുമാനം വെളിപ്പെടുത്തി മാണി സി കാപ്പൻ രംഗത്ത്‌ വരുന്നത് .

ഗർഭിണിയായിരിക്കെ കൊവിഡ് പോസിറ്റീവ് ആയ യുവതി മരിച്ചു. ഇടക്കൊച്ചി കണ്ണങ്ങാട് സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. പ്രസവ ശേഷവും ലക്ഷ്മി കൊവിഡ് ചികിത്സയിലായിരുന്നു.

എറണാകുളം ജില്ലയിൽ ഇന്ന് അഞ്ച് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. തൃപ്പൂണിത്തുറ സ്വദേശി കേശവ പൊതുവാൾ (90), കതൃക്കടവ് സ്വദേശിനി മേരി ബാബു (69), പിറവം സ്വദേശി അയ്യപ്പൻ (82), വെണ്ണല സ്വദേശി സതീശൻ (58), കണ്ണമാലി സ്വദേശിനി ട്രീസ ലോനൻ (89) എന്നിവരാണ് മരിച്ചത്. അഞ്ച് പേരും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് സാത്തേയ്ക്ക് പത്മ അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍. വൈമാനികന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതം യുവപൈലറ്റുമാര്‍ക്ക് ആവേശം പകരുന്നതാണെന്ന് മുഖ്യമന്ത്രി ഉദ്ധവ്താക്കറെ അനുസ്മരിച്ചിരുന്നു. മന്ത്രി ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാസമിതിയാണ് പത്മ അവാര്‍ഡുകള്‍ക്കുള്ള പേരുകള്‍ ശുപാര്‍ശ ചെയ്തത്.

ക്യാപ്റ്റന്‍ ദീപക് സാത്തേയ്ക്ക് പുറമെ മൈക്രോബയോളജിസ്റ്റ് ഡോ. ജയന്തി ശാസ്ത്രി, പുണെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വൈറോളജിസ്റ്റ് മിനല്‍ ദഖാവെ ഭോസ്ലെ, ഡോ. സുല്‍ത്താന്‍ പ്രധാന്‍, നടന്‍മാരായ ദിലീപ് പ്രഭാവത്കര്‍, അശോക് സറഫ്, വിക്രം ഗോഖലെ എന്നിവരുടെ പേരുകളും പത്മ അവാര്‍ഡുകള്‍ക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അതേസമയം അഞ്ചുവര്‍ഷത്തിനിടെ മഹാരാഷ്ട്രസര്‍ക്കാര്‍ പത്മ അവാര്‍ഡുകള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവരില്‍ വെറും ആറുപേരെ മാത്രമാണ് കേന്ദ്രം പരിഗണിച്ചതെന്നും കഴിഞ്ഞവര്‍ഷം ശുപാര്‍ശ ചെയ്ത ആരെയും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും മന്ത്രിമാരിലൊരാള്‍ വെളിപ്പെടുത്തി.

യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന ഗായകൻ എം.ജി. ശ്രീകുമാറിന്റെ പരാതിയിൽ മൂന്ന് വിദ്യാർഥികളുടെ പേരിൽ ചേർപ്പ് പോലീസ് കേസെടുത്തു.

പാറളം പഞ്ചായത്തിലെ വിദ്യാർഥികളുടെ പേരിലാണ് കേസ്. ഒരു സ്വകാര്യ ചാനലിൽ നടന്ന സംഗീതപരിപാടിയുടെ ഗ്രാൻഡ് ഫിനാലെയിൽ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാർഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നൽകിയെന്ന ആരോപണമാണ് ഇവർ യൂട്യൂബ് ചാനൽ മുഖേന പ്രചരിപ്പിച്ചത്.

കോഴിക്കോടുള്ള കുട്ടിയുടെ വീട്ടിൽ ഇവർ പോയെങ്കിലും രക്ഷിതാക്കൾ പരാതി ഇല്ലെന്ന് അറിയിച്ചു. ഇതേത്തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ ഇവർ ഇട്ടിരുന്നു.

എങ്കിലും അഞ്ച് ലക്ഷത്തോളം ആളുകൾ വീഡിയോ കണ്ടിരുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇവർ ചെയ്തതെന്ന് എം.ജി. ശ്രീകുമാർ ഡി.ജി.പി.ക്ക്‌ നൽകിയ പരാതിയിൽ പറയുന്നു.ചേർപ്പ് പോലീസ് ഇൻസ്പെക്ടർ ടി.വി. ഷിബു ആണ് കേസന്വേഷിക്കുന്നത്.

കേരള മുന്‍ രഞ്ജി ക്രിക്കറ്റ് താരം എം. സുരേഷ് കുമാറി (ഉമ്പ്രി-47)നെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പഴവീട് ഗൗരീശങ്കരത്തില്‍ വീട്ടില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. റെയില്‍വേയുടെ ആലപ്പുഴ സ്റ്റേഷനില്‍ പബ്ലിക് റിലേഷന്‍ ഓഫീസറാണ്.

ഇതിഹാസതാരം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ‘നാനാത്വത്തില്‍ ഏകത്വത്തെ’ പരാമര്‍ശിക്കാന്‍ ഒരിക്കല്‍ പറഞ്ഞ പേര് എം. സുരേഷ് കുമാറിന്റേതായിരുന്നു. 1991-92 സീസണില്‍ ന്യൂസീലന്‍ഡിനെതിരെ താന്‍ നയിച്ച ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ അംഗമായിരുന്ന ആലപ്പുഴക്കാരന്‍ ‘ഉമ്രി’യെക്കുറിച്ച് വലിയ മതിപ്പായിരുന്നു ദ്രാവിഡിന്. ഇന്ത്യന്‍ ടീമിലെത്താന്‍ പ്രതിഭയുണ്ടായിരുന്നിട്ടും അവസരം കിട്ടാതിരുന്ന, അകാലത്തില്‍ പൊലിഞ്ഞ താരമാണ് എം. സുരേഷ് കുമാര്‍.

72 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ നീണ്ട കരിയറില്‍ ഒരു സെഞ്ചുറിയടക്കം 1657 റണ്‍സും 196 വിക്കറ്റുകളും, നേടിയിട്ടുണ്ട്. ഏഴ് അര്‍ധ സെഞ്ചുറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 51 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 433 റണ്‍സും 52 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട് സുരേഷ് കുമാര്‍.

1973 ഏപ്രില്‍ 19-ന് ആലപ്പുഴയില്‍ ജനിച്ച സുരേഷ് കുമാറിനെ അമ്മാവന്മാരായ മണിറാമും ഹരിറാമുമാണ് ബാല്യത്തിലേ ക്രിക്കറ്റിലേക്കു നയിച്ചത്. ഇപ്പോഴിതാ ജീവിതത്തിന്റെ ക്രീസില്‍നിന്നു മഹാനായ ആ കായികതാരം വിടവാങ്ങിയിരിക്കുന്നു. കളിച്ച കാലത്തെല്ലാം മികവു മാത്രം കരുത്താക്കിയ ‘ഉമ്രി നക്ഷത്രം’. മറക്കാനാകില്ല ഒരിക്കലും.

ആദ്യതവണ തന്നെ തലശേരിയില്‍, കേരളത്തിനായി രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ 9 വിക്കറ്റ് നേടി വരവറിയിച്ച ഉമ്രി 1994-95 സീസണില്‍ കരുത്തരായ തമിഴ്‌നാടിനെതിരെ ചരിത്രത്തിലെ ആദ്യ രഞ്ജി വിജയം നേടാനും കേരളത്തെ സഹായിച്ചു. പാലക്കാട് വിക്ടോറിയ കോളജ് മൈതാനത്ത് 2 ഇന്നിങ്‌സിലുമായി 12 വിക്കറ്റുകള്‍ ഉമ്രി നേടി. അതുവഴി കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ നോക്കൗട്ട് റൗണ്ടിലെത്തി. അവസാന ദിവസം പരുക്കേറ്റ സ്റ്റാര്‍ ബോളര്‍ കെ.എന്‍. അനന്തപത്മനാഭന്‍ പുറത്തിരുന്ന മത്സരത്തില്‍ ഉമ്രിയാണു തമിഴ്‌നാടിനെ എറിഞ്ഞുവീഴ്ത്തി കേരളത്തിനു ചരിത്രജയം സമ്മാനിച്ചത്. ആ സീസണില്‍ ഉമ്രി ആകെ നേടിയത് 25 വിക്കറ്റുകള്‍.

ആ സീസണു ശേഷം ഉമ്രി റെയില്‍വേ ടീമിലേക്കു പോയി. റെയില്‍വേസിനായി 4 സീസണുകളില്‍ നിന്ന് അറുപതോളം വിക്കറ്റുകള്‍ നേടി. 1999-ല്‍ കേരളത്തിലെത്തിയ ഉമ്രി 2000-01 സീസണില്‍ ആന്ധ്രയ്‌ക്കെതിരെ 125 പന്തില്‍ നേടിയ സെഞ്ചുറി ഒന്നര പതിറ്റാണ്ടുകാലം രഞ്ജിയില്‍ കേരളത്തിന്റെ അതിവേഗ സെഞ്ചുറിയായി തുടര്‍ന്നു. ആകെ 72 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിലായി 196 വിക്കറ്റ് നേടിയ അദ്ദേഹം 12 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി. 1657 റണ്‍സും നേടി.

ഏതാനും വര്‍ഷം മുന്‍പ് ഒരു ചടങ്ങിനിടെ, താന്‍ നയിച്ച ഇന്ത്യന്‍ അണ്ടര്‍-19 ടീമിനെ ദ്രാവിഡ് അനുസ്മരിച്ചു: ‘ന്യൂസീലന്‍ഡിനെതിരെ അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ ബാറ്റ് ചെയ്യാന്‍ യുപിക്കാരനായ താരമെത്തി. അദ്ദേഹത്തിനു ഹിന്ദി മാത്രമേ അറിയൂ. ഒപ്പമുള്ളതു കേരളത്തില്‍നിന്നുള്ള സുരേഷ്‌കുമാര്‍. അദ്ദേഹത്തിന് അറിയാവുന്നതു മലയാളം മാത്രം. ഡ്രസിങ് റൂമില്‍ ഞങ്ങള്‍ പിരിമുറുക്കത്തിലായി. എങ്ങനെയാണ് അവര്‍ ബാറ്റിങ്ങിനിടെ ഓടാനും സൂക്ഷിച്ചു കളിക്കാനുമെല്ലാം പറയുക? ഒരാള്‍ പറയുന്നതു മറ്റെയാള്‍ക്കു മനസ്സിലാകില്ല. പക്ഷേ, അവര്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കാരണം അവരുടെ ഭാഷ ക്രിക്കറ്റായിരുന്നു’.

ബാറ്റുകൊണ്ടും പന്തുകൊണ്ടും ദ്രാവിഡിനെ അമ്പരപ്പിച്ചു ഈ ഇടംകൈ സ്പിന്‍ ബോളര്‍. കീവീസിനെതിരായ ആദ്യ ഇന്നിങ്‌സില്‍ സുരേഷ് നേടിയ 46 റണ്‍സായിരുന്നു ടീമിലെ ഏറ്റവും മികച്ച രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍. പിന്നീടു കിവീസ് നായകനായ സ്റ്റീഫന്‍ ഫ്‌ലെമിങ്ങും ഡിയോണ്‍ നാഷും മാത്യു ഹര്‍ട്ടുമെല്ലാമുണ്ടായിരുന്നു അന്നത്തെ ജൂനിയര്‍ ടീമില്‍.

14 വയസ്സില്‍ സുരേഷ് കുമാറിനെ പരിശീലിപ്പിക്കാന്‍ തുടങ്ങിയതാണു ഞാന്‍. അദ്ദേഹം കേരള അണ്ടര്‍-19 ടീമിന്റെ നായകനായപ്പോഴും പിന്നീടു രഞ്ജി ടീമില്‍ കളിക്കുമ്പോഴും ടീമിന്റെ പരിശീലകനായി ഒപ്പമുണ്ടായിരുന്നു. അടുത്ത കാലത്ത് ആലപ്പുഴയില്‍ ഉമ്രിയുടെ മകന്‍ അതുല്‍ കൃഷ്ണനെ പരിശീലിപ്പിക്കാനും കഴിഞ്ഞു. ഞെട്ടിക്കുന്ന വാര്‍ത്തയായി ഇത്. ഉള്‍ക്കൊള്ളാനാകുന്നില്ല ഈ വിയോഗമെന്നാണ് മുന്‍ കേരള പരിശീലകന്‍ പി. ബാലചന്ദ്രന്‍ പറഞ്ഞത്.

‘ഞാനും സുരേഷും ഒന്നിച്ച് ഒരുപാടു മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോഴും ടീമില്‍ സുരേഷ് ഉണ്ടായിരുന്നു. സജീവ ക്രിക്കറ്റില്‍നിന്നു വിരമിച്ച ശേഷം വെറ്ററന്‍സ് മത്സരങ്ങളിലും പരിശീലന പരിപാടികളിലുമെല്ലാം ഞങ്ങള്‍ കണ്ടുകൊണ്ടേയിരുന്നു. ജന്മസിദ്ധമായ പ്രതിഭയായിരുന്നു അദ്ദേഹത്തിന്റേത്. ഏതു മത്സരത്തിലും ‘കൂള്‍’ ആയി നില്‍ക്കുന്ന സുരേഷ് ആണ് ഞങ്ങളുടെ മനസ്സില്‍.’മുന്‍ കേരള ക്രിക്കറ്റ് ക്യാപ്റ്റന്‍ സുനില്‍ ഒയാസിസ് വേദനയോടെ പറഞ്ഞു.

തൃശൂര്‍ അന്തിക്കാട് ബി.ജെ.പി. പ്രവര്‍ത്തകനും കൊലക്കേസ് പ്രതിയുമായ യുവാവിനെ പട്ടാപകല്‍ വെട്ടിക്കൊന്നു. പൊലീസ് സ്റ്റേഷനില്‍ എത്തി റജിസ്റ്ററില്‍ ഒപ്പിട്ട് വീട്ടിലേയ്ക്കു മടങ്ങുംവഴി കാറില്‍ എത്തിയ സംഘം ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.

കഴിഞ്ഞ ജുലൈയില്‍ മുറ്റിച്ചൂര്‍ സ്വദേശി ആദര്‍ശിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായിരുന്നു നിധില്‍. ജാമ്യത്തിലിറങ്ങിയ ശേഷം അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടുമായിരുന്നു. ഇങ്ങനെ, സ്റ്റേഷനില്‍ എത്തി കാറില്‍ മടങ്ങുമ്പോഴാണ് കാരമുക്ക്…അഞ്ചങ്ങാടി റോഡിലിട്ട് കൊലപ്പെടുത്തിയത്.

നിധിലിന്റെ കാറില്‍ അക്രമികളുടെ കാര്‍ ഇടിച്ചു. കാറില്‍ നിന്ന് ഇറങ്ങിയോടാന്‍ നിധില്‍ ശ്രമിക്കുന്നതിനിടെ അക്രമി സംഘം പിന്‍തുടര്‍ന്ന് വെട്ടിവീഴ്ത്തി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് സംഘം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികള്‍ കാറുപേക്ഷിച്ച് സ്ഥലംവിട്ടു. കാര്‍ വാടകയ്ക്കെടുത്തതാണെന്ന് പൊലീസ് കണ്ടെത്തി. നിധിലിന്‍റെ സഹോദരനും ആദര്‍ശ് കൊലക്കേസില്‍ പ്രതിയാണ്. ഇപ്പോഴും ജാമ്യം കിട്ടിയിട്ടില്ല. ആദര്‍ശ് കൊലക്കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്നായിരുന്നു നിധിലിനെതിരായ കുറ്റം. ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട നിധിലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

Copyright © . All rights reserved