Kerala

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് സാത്തേയ്ക്ക് പത്മ അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍. വൈമാനികന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതം യുവപൈലറ്റുമാര്‍ക്ക് ആവേശം പകരുന്നതാണെന്ന് മുഖ്യമന്ത്രി ഉദ്ധവ്താക്കറെ അനുസ്മരിച്ചിരുന്നു. മന്ത്രി ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാസമിതിയാണ് പത്മ അവാര്‍ഡുകള്‍ക്കുള്ള പേരുകള്‍ ശുപാര്‍ശ ചെയ്തത്.

ക്യാപ്റ്റന്‍ ദീപക് സാത്തേയ്ക്ക് പുറമെ മൈക്രോബയോളജിസ്റ്റ് ഡോ. ജയന്തി ശാസ്ത്രി, പുണെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വൈറോളജിസ്റ്റ് മിനല്‍ ദഖാവെ ഭോസ്ലെ, ഡോ. സുല്‍ത്താന്‍ പ്രധാന്‍, നടന്‍മാരായ ദിലീപ് പ്രഭാവത്കര്‍, അശോക് സറഫ്, വിക്രം ഗോഖലെ എന്നിവരുടെ പേരുകളും പത്മ അവാര്‍ഡുകള്‍ക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അതേസമയം അഞ്ചുവര്‍ഷത്തിനിടെ മഹാരാഷ്ട്രസര്‍ക്കാര്‍ പത്മ അവാര്‍ഡുകള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവരില്‍ വെറും ആറുപേരെ മാത്രമാണ് കേന്ദ്രം പരിഗണിച്ചതെന്നും കഴിഞ്ഞവര്‍ഷം ശുപാര്‍ശ ചെയ്ത ആരെയും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും മന്ത്രിമാരിലൊരാള്‍ വെളിപ്പെടുത്തി.

യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന ഗായകൻ എം.ജി. ശ്രീകുമാറിന്റെ പരാതിയിൽ മൂന്ന് വിദ്യാർഥികളുടെ പേരിൽ ചേർപ്പ് പോലീസ് കേസെടുത്തു.

പാറളം പഞ്ചായത്തിലെ വിദ്യാർഥികളുടെ പേരിലാണ് കേസ്. ഒരു സ്വകാര്യ ചാനലിൽ നടന്ന സംഗീതപരിപാടിയുടെ ഗ്രാൻഡ് ഫിനാലെയിൽ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാർഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നൽകിയെന്ന ആരോപണമാണ് ഇവർ യൂട്യൂബ് ചാനൽ മുഖേന പ്രചരിപ്പിച്ചത്.

കോഴിക്കോടുള്ള കുട്ടിയുടെ വീട്ടിൽ ഇവർ പോയെങ്കിലും രക്ഷിതാക്കൾ പരാതി ഇല്ലെന്ന് അറിയിച്ചു. ഇതേത്തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ ഇവർ ഇട്ടിരുന്നു.

എങ്കിലും അഞ്ച് ലക്ഷത്തോളം ആളുകൾ വീഡിയോ കണ്ടിരുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇവർ ചെയ്തതെന്ന് എം.ജി. ശ്രീകുമാർ ഡി.ജി.പി.ക്ക്‌ നൽകിയ പരാതിയിൽ പറയുന്നു.ചേർപ്പ് പോലീസ് ഇൻസ്പെക്ടർ ടി.വി. ഷിബു ആണ് കേസന്വേഷിക്കുന്നത്.

കേരള മുന്‍ രഞ്ജി ക്രിക്കറ്റ് താരം എം. സുരേഷ് കുമാറി (ഉമ്പ്രി-47)നെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പഴവീട് ഗൗരീശങ്കരത്തില്‍ വീട്ടില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. റെയില്‍വേയുടെ ആലപ്പുഴ സ്റ്റേഷനില്‍ പബ്ലിക് റിലേഷന്‍ ഓഫീസറാണ്.

ഇതിഹാസതാരം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ‘നാനാത്വത്തില്‍ ഏകത്വത്തെ’ പരാമര്‍ശിക്കാന്‍ ഒരിക്കല്‍ പറഞ്ഞ പേര് എം. സുരേഷ് കുമാറിന്റേതായിരുന്നു. 1991-92 സീസണില്‍ ന്യൂസീലന്‍ഡിനെതിരെ താന്‍ നയിച്ച ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ അംഗമായിരുന്ന ആലപ്പുഴക്കാരന്‍ ‘ഉമ്രി’യെക്കുറിച്ച് വലിയ മതിപ്പായിരുന്നു ദ്രാവിഡിന്. ഇന്ത്യന്‍ ടീമിലെത്താന്‍ പ്രതിഭയുണ്ടായിരുന്നിട്ടും അവസരം കിട്ടാതിരുന്ന, അകാലത്തില്‍ പൊലിഞ്ഞ താരമാണ് എം. സുരേഷ് കുമാര്‍.

72 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ നീണ്ട കരിയറില്‍ ഒരു സെഞ്ചുറിയടക്കം 1657 റണ്‍സും 196 വിക്കറ്റുകളും, നേടിയിട്ടുണ്ട്. ഏഴ് അര്‍ധ സെഞ്ചുറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 51 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 433 റണ്‍സും 52 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട് സുരേഷ് കുമാര്‍.

1973 ഏപ്രില്‍ 19-ന് ആലപ്പുഴയില്‍ ജനിച്ച സുരേഷ് കുമാറിനെ അമ്മാവന്മാരായ മണിറാമും ഹരിറാമുമാണ് ബാല്യത്തിലേ ക്രിക്കറ്റിലേക്കു നയിച്ചത്. ഇപ്പോഴിതാ ജീവിതത്തിന്റെ ക്രീസില്‍നിന്നു മഹാനായ ആ കായികതാരം വിടവാങ്ങിയിരിക്കുന്നു. കളിച്ച കാലത്തെല്ലാം മികവു മാത്രം കരുത്താക്കിയ ‘ഉമ്രി നക്ഷത്രം’. മറക്കാനാകില്ല ഒരിക്കലും.

ആദ്യതവണ തന്നെ തലശേരിയില്‍, കേരളത്തിനായി രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ 9 വിക്കറ്റ് നേടി വരവറിയിച്ച ഉമ്രി 1994-95 സീസണില്‍ കരുത്തരായ തമിഴ്‌നാടിനെതിരെ ചരിത്രത്തിലെ ആദ്യ രഞ്ജി വിജയം നേടാനും കേരളത്തെ സഹായിച്ചു. പാലക്കാട് വിക്ടോറിയ കോളജ് മൈതാനത്ത് 2 ഇന്നിങ്‌സിലുമായി 12 വിക്കറ്റുകള്‍ ഉമ്രി നേടി. അതുവഴി കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ നോക്കൗട്ട് റൗണ്ടിലെത്തി. അവസാന ദിവസം പരുക്കേറ്റ സ്റ്റാര്‍ ബോളര്‍ കെ.എന്‍. അനന്തപത്മനാഭന്‍ പുറത്തിരുന്ന മത്സരത്തില്‍ ഉമ്രിയാണു തമിഴ്‌നാടിനെ എറിഞ്ഞുവീഴ്ത്തി കേരളത്തിനു ചരിത്രജയം സമ്മാനിച്ചത്. ആ സീസണില്‍ ഉമ്രി ആകെ നേടിയത് 25 വിക്കറ്റുകള്‍.

ആ സീസണു ശേഷം ഉമ്രി റെയില്‍വേ ടീമിലേക്കു പോയി. റെയില്‍വേസിനായി 4 സീസണുകളില്‍ നിന്ന് അറുപതോളം വിക്കറ്റുകള്‍ നേടി. 1999-ല്‍ കേരളത്തിലെത്തിയ ഉമ്രി 2000-01 സീസണില്‍ ആന്ധ്രയ്‌ക്കെതിരെ 125 പന്തില്‍ നേടിയ സെഞ്ചുറി ഒന്നര പതിറ്റാണ്ടുകാലം രഞ്ജിയില്‍ കേരളത്തിന്റെ അതിവേഗ സെഞ്ചുറിയായി തുടര്‍ന്നു. ആകെ 72 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിലായി 196 വിക്കറ്റ് നേടിയ അദ്ദേഹം 12 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി. 1657 റണ്‍സും നേടി.

ഏതാനും വര്‍ഷം മുന്‍പ് ഒരു ചടങ്ങിനിടെ, താന്‍ നയിച്ച ഇന്ത്യന്‍ അണ്ടര്‍-19 ടീമിനെ ദ്രാവിഡ് അനുസ്മരിച്ചു: ‘ന്യൂസീലന്‍ഡിനെതിരെ അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ ബാറ്റ് ചെയ്യാന്‍ യുപിക്കാരനായ താരമെത്തി. അദ്ദേഹത്തിനു ഹിന്ദി മാത്രമേ അറിയൂ. ഒപ്പമുള്ളതു കേരളത്തില്‍നിന്നുള്ള സുരേഷ്‌കുമാര്‍. അദ്ദേഹത്തിന് അറിയാവുന്നതു മലയാളം മാത്രം. ഡ്രസിങ് റൂമില്‍ ഞങ്ങള്‍ പിരിമുറുക്കത്തിലായി. എങ്ങനെയാണ് അവര്‍ ബാറ്റിങ്ങിനിടെ ഓടാനും സൂക്ഷിച്ചു കളിക്കാനുമെല്ലാം പറയുക? ഒരാള്‍ പറയുന്നതു മറ്റെയാള്‍ക്കു മനസ്സിലാകില്ല. പക്ഷേ, അവര്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കാരണം അവരുടെ ഭാഷ ക്രിക്കറ്റായിരുന്നു’.

ബാറ്റുകൊണ്ടും പന്തുകൊണ്ടും ദ്രാവിഡിനെ അമ്പരപ്പിച്ചു ഈ ഇടംകൈ സ്പിന്‍ ബോളര്‍. കീവീസിനെതിരായ ആദ്യ ഇന്നിങ്‌സില്‍ സുരേഷ് നേടിയ 46 റണ്‍സായിരുന്നു ടീമിലെ ഏറ്റവും മികച്ച രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍. പിന്നീടു കിവീസ് നായകനായ സ്റ്റീഫന്‍ ഫ്‌ലെമിങ്ങും ഡിയോണ്‍ നാഷും മാത്യു ഹര്‍ട്ടുമെല്ലാമുണ്ടായിരുന്നു അന്നത്തെ ജൂനിയര്‍ ടീമില്‍.

14 വയസ്സില്‍ സുരേഷ് കുമാറിനെ പരിശീലിപ്പിക്കാന്‍ തുടങ്ങിയതാണു ഞാന്‍. അദ്ദേഹം കേരള അണ്ടര്‍-19 ടീമിന്റെ നായകനായപ്പോഴും പിന്നീടു രഞ്ജി ടീമില്‍ കളിക്കുമ്പോഴും ടീമിന്റെ പരിശീലകനായി ഒപ്പമുണ്ടായിരുന്നു. അടുത്ത കാലത്ത് ആലപ്പുഴയില്‍ ഉമ്രിയുടെ മകന്‍ അതുല്‍ കൃഷ്ണനെ പരിശീലിപ്പിക്കാനും കഴിഞ്ഞു. ഞെട്ടിക്കുന്ന വാര്‍ത്തയായി ഇത്. ഉള്‍ക്കൊള്ളാനാകുന്നില്ല ഈ വിയോഗമെന്നാണ് മുന്‍ കേരള പരിശീലകന്‍ പി. ബാലചന്ദ്രന്‍ പറഞ്ഞത്.

‘ഞാനും സുരേഷും ഒന്നിച്ച് ഒരുപാടു മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോഴും ടീമില്‍ സുരേഷ് ഉണ്ടായിരുന്നു. സജീവ ക്രിക്കറ്റില്‍നിന്നു വിരമിച്ച ശേഷം വെറ്ററന്‍സ് മത്സരങ്ങളിലും പരിശീലന പരിപാടികളിലുമെല്ലാം ഞങ്ങള്‍ കണ്ടുകൊണ്ടേയിരുന്നു. ജന്മസിദ്ധമായ പ്രതിഭയായിരുന്നു അദ്ദേഹത്തിന്റേത്. ഏതു മത്സരത്തിലും ‘കൂള്‍’ ആയി നില്‍ക്കുന്ന സുരേഷ് ആണ് ഞങ്ങളുടെ മനസ്സില്‍.’മുന്‍ കേരള ക്രിക്കറ്റ് ക്യാപ്റ്റന്‍ സുനില്‍ ഒയാസിസ് വേദനയോടെ പറഞ്ഞു.

തൃശൂര്‍ അന്തിക്കാട് ബി.ജെ.പി. പ്രവര്‍ത്തകനും കൊലക്കേസ് പ്രതിയുമായ യുവാവിനെ പട്ടാപകല്‍ വെട്ടിക്കൊന്നു. പൊലീസ് സ്റ്റേഷനില്‍ എത്തി റജിസ്റ്ററില്‍ ഒപ്പിട്ട് വീട്ടിലേയ്ക്കു മടങ്ങുംവഴി കാറില്‍ എത്തിയ സംഘം ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.

കഴിഞ്ഞ ജുലൈയില്‍ മുറ്റിച്ചൂര്‍ സ്വദേശി ആദര്‍ശിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായിരുന്നു നിധില്‍. ജാമ്യത്തിലിറങ്ങിയ ശേഷം അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടുമായിരുന്നു. ഇങ്ങനെ, സ്റ്റേഷനില്‍ എത്തി കാറില്‍ മടങ്ങുമ്പോഴാണ് കാരമുക്ക്…അഞ്ചങ്ങാടി റോഡിലിട്ട് കൊലപ്പെടുത്തിയത്.

നിധിലിന്റെ കാറില്‍ അക്രമികളുടെ കാര്‍ ഇടിച്ചു. കാറില്‍ നിന്ന് ഇറങ്ങിയോടാന്‍ നിധില്‍ ശ്രമിക്കുന്നതിനിടെ അക്രമി സംഘം പിന്‍തുടര്‍ന്ന് വെട്ടിവീഴ്ത്തി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് സംഘം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികള്‍ കാറുപേക്ഷിച്ച് സ്ഥലംവിട്ടു. കാര്‍ വാടകയ്ക്കെടുത്തതാണെന്ന് പൊലീസ് കണ്ടെത്തി. നിധിലിന്‍റെ സഹോദരനും ആദര്‍ശ് കൊലക്കേസില്‍ പ്രതിയാണ്. ഇപ്പോഴും ജാമ്യം കിട്ടിയിട്ടില്ല. ആദര്‍ശ് കൊലക്കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്നായിരുന്നു നിധിലിനെതിരായ കുറ്റം. ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട നിധിലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി അദ്ദേഹം പരാതി നല്‍കിയിരുന്നു. തന്റെ കാറില്‍ ലോറിയിടിക്കുകായിരുന്നുവെന്നും തന്നെ അപായപ്പെടുത്താന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നുമാണ് അബ്ദുല്ലക്കുട്ടി പറഞ്ഞത്. സംഭവത്തില്‍ ലോറി പോലീസ് പിടികൂടിയിരുന്നു.

എന്നാല്‍ കാറിലുണ്ടായിരുന്നതു ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടിയാണെന്ന് സ്റ്റേഷനില്‍ ചെന്നപ്പോള്‍ പൊലീസുകാര്‍ പറഞ്ഞാണ് അറിഞ്ഞതെന്ന് അപകടത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവര്‍ ചട്ടിപ്പറമ്പ് പഴമള്ളൂര്‍ അരീക്കത്ത് മുഹമ്മദ് സുഹൈല്‍ പറഞ്ഞു.

മരാമത്ത് റോഡിന്റെ പണിക്കുള്ള പാറമക്ക് (ക്വാറി വേസ്റ്റ് ) ആലത്തിയൂരില്‍ ഇറക്കി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. രണ്ടത്താണിയിലെ കയറ്റത്തിലെത്തിയപ്പോള്‍ മുന്‍പില്‍ വേറെയും വണ്ടികളുണ്ടായിരുന്നു. മുന്നിലെ കാറുകള്‍ പെട്ടെന്ന് നിര്‍ത്തി. കണ്ടയുടന്‍ ബ്രേക്ക് ചെയ്‌തെങ്കിലും മഴയുണ്ടായിരുന്നതു കാരണം വണ്ടി നിന്നില്ല. തെന്നിനീങ്ങി മുന്‍പിലെ കാറില്‍ ഇടിക്കുകയായിരുന്നു- സുഹൈല്‍ വ്യക്തമാക്കി.

അപകടമുണ്ടായ ഉടന്‍ കാറിലുണ്ടായിരുന്നവരോട് എന്തെങ്കിലും പറ്റിയോ എന്നന്വേഷിച്ചിരുന്നു. വണ്ടിക്ക് കേടുപറ്റിയതിനാല്‍ നഷ്ടപരിഹാരം സംബന്ധിച്ചും സംസാരിച്ചു. പിന്നീടാണ് പൊലീസ് എത്തിയതും സ്റ്റേഷനില്‍ ചെന്നതുമെല്ലാമെന്നും സുഹൈല്‍ കൂട്ടിച്ചേര്‍ത്തു.

അപകട സ്ഥലത്തു നടന്ന സംസാരങ്ങള്‍ക്കിടയിലൊന്നും അബ്ദുല്ലക്കുട്ടി ഇടപെട്ടിരുന്നില്ല. വെളിയങ്കോട്ടെ സംഭവത്തെക്കുറിച്ച് അറിയില്ല. ഗൂഢാലോചന ആരോപിച്ചതോടെ വണ്ടി സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്. ലോറി ജീവിത മാര്‍ഗമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി തന്നെ ബലിയാടാക്കരുതെന്നും സുഹൈല്‍ പറഞ്ഞു.

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ആലക്കോട് തേര്‍ത്തല്ലിയില്‍ സ്വദേശി ജോസന്‍ (13) ആണ് മരിച്ചത്. ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു കൗമാരക്കാരന്‍ കൊവിഡ് ബാധിച്ച് മരിക്കുന്നത്.

ഇന്നു രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിക്കുന്നത്. കഴിഞ്ഞ ആറിനാണ് കൊവിഡ് പരിശോധന നടത്തിയത്. വീട്ടിലേക്ക് തിരിച്ചുപോയ ജോസന് രാത്രിയോടെ ആരോഗ്യനില വഷളാവുകയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സ്ഥിതി കൂടുതല്‍ വഷളായതോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഏഴാം തീയതി മുതല്‍ വെന്റിലേറ്ററിലായിരുന്നു ജോസന്‍.

ചെറുപ്പത്തില്‍ യാതൊരുവിധ പ്രതിരോധ കുത്തിവയ്പും ജോസന് എടുത്തിരുന്നില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു. മതവിശ്വാസത്തിന്റെ ഭാഗമാണ് പ്രതിരോധ കുത്തിവയ്പ് കുട്ടികള്‍ക്ക് എടുക്കാത്തതെന്ന് ആയുര്‍വേദ മെഡിക്കല്‍ ഷോപ്പ് ഉടമ കൂടിയായ പിതാവ് പറയുന്നു. ഇവരുടെ മൂന്ന് കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ല. ജോസന് പ്രതിരോധശേഷി ഇല്ലാതെ പോയതിന്റെ കാരണം ഇതായിരിക്കാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

സ്ത്രീകളെ അപമാനിച്ച് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ താമസ സ്ഥലത്തെത്തി അതിക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും കരിയോയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറക്കലും ഒളിവിലാണെന്ന് റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. അതിനാല്‍ ഇവരുടെ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് വിവരം. ഇവരെ വേട്ടയാടില്ലെങ്കിലും തരം കിട്ടിയില്‍ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം.

യൂട്യൂബ് ചാനലില്‍ അപകീര്‍ത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി നായരെ കൈകാര്യം ചെയ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് കാര്യങ്ങല്‍ കൈവിട്ടത്. ജാമ്യാപേക്ഷ അഡിഷനല്‍ സെഷന്‍സ് കോടതി രൂക്ഷ വിമര്‍ശനത്തോടെ തള്ളിയതോടെയാണ് പെട്ടുപോയത്.

ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കള്‍ക്കും കോടതിയുടെ രൂക്ഷ വിമര്‍ശവുമുണ്ടായി. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ല. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയില്‍ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കൈയേറ്റം ചെയ്യല്‍, മോഷണം തുടങ്ങി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. കഴിഞ്ഞ ദിവസം അപേക്ഷ പരിഗണിച്ചപ്പോള്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് ഒരു തെറ്റായ കീഴ്‌വഴക്കമാകും. അത് നിയമം കയ്യിലെടുക്കുന്നനവര്‍ക്ക് പ്രചോദനമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് എതിര്‍ത്തത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്. നിലവില്‍ ഇതുവരെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരുന്നത്‌ ചൂണ്ടിക്കാട്ടിയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കാതിരുന്നത്‌. നിലവില്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ ഇവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാനാകും. എന്നാല്‍ അതുവരെ പോലീസ് കാത്തിരിക്കുമോയെന്നാണ് അറിയേണ്ടത്.

ഇവരുടെ പരാതിയില്‍ വിജയ്‌ക്കെതിരെയും കേസ് എടുത്തെങ്കിലും ഇയാള്‍ക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. വിജയ് നായര്‍ക്കെതിരെ പല പരാതികള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണു തങ്ങള്‍ നേരിട്ടു കൈകാര്യം ചെയ്തതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും വാദം. സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണു ഭാഗ്യലക്ഷ്മിയുടെ നീക്കം. അതേസമയം ഹൈക്കോടതിയില്‍ എത്തും മുമ്പ് അറസ്റ്റ് ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നത്. ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്താല്‍ കോടതിവിധി വന്നതിന് ശേഷം മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിയൂ. ഹൈക്കോടതിയില്‍ കേസ് കൊടുക്കുന്നത് വരെ ഇവര്‍ മാറി നില്‍ക്കുമോയെന്ന് അറിയില്ല. അതെ ധൈര്യമായി അറസ്റ്റ് വരിക്കുമോ. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് കണ്ടതോടെ എല്ലാവരും പെട്ടിരിക്കുകയാണ്

താനൂരില്‍ ആശാരി പണിക്കായെത്തിയ ബേപ്പൂര്‍ സ്വദേശി വൈശാഖി(28)ന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. വൈശാഖിന്റെ സുഹൃത്തും പാലക്കാട് കുമരമ്പുത്തൂര്‍ സ്വദേശിയുമായ ദിനൂപിനെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വൈശാഖിനെ കാണാനില്ലെന്ന് പൊലീസിനെ അറിയിച്ചതും പ്രതി ദിനൂപാണ്.

മുട്ടുകാലുകൊണ്ട് തൊണ്ടക്കുഴിയില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. വൈശാഖിന്റെ ആന്തരിക അവയവങ്ങള്‍ക്ക് മാരകമായ പരുക്കേറ്റതായും കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് താനൂരിലെ പി.വി.എസ് തിയ്യറ്ററിന് അടുത്തുള്ള കുളത്തില്‍ ഇരുപത്തിയേഴുകാരനായ വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൊഴികളിലെ വൈരുദ്ധ്യം, കാണാതായ വൈശാഖിന്റെ മൃതദേഹം കുളത്തിലുണ്ടാകാമെന്ന പ്രതിയുടെ അഭിപ്രായ പ്രകടനം, തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയാണ് ദിനൂപിനെ കുടുക്കിയത്.

13 വര്‍ഷമായി ജോലി ചെയ്യുന്ന ദിനൂപിനെക്കാള്‍ ഒരു വര്‍ഷം മുമ്പ് ജോലിക്ക് വന്ന വൈശാഖിന് ലഭിച്ച സ്വീകാര്യതയാണ് കൊലപാതകത്തിന് പിന്നില്‍.

മരിക്കുന്നതിന് തൊട്ടു മുന്‍പുള്ള രാത്രിയില്‍ വൈശാഖും സുഹൃത്തുക്കളും തമ്മില്‍ മദ്യപിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

വൈശാഖിന്റെ മൃതശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചതാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്.

എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന സൂചനകൾ ലഭിച്ചത്.

തൃശൂരിൽ കൊവിഡ് സെന്ററിൽ മരിച്ച റിമാൻഡ് പ്രതിക്ക് ക്രൂര മർദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ നാൽപതിലേറെ മുറിവുകളുണ്ട്. തലയ്ക്ക് ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാർന്ന് പോയിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കഞ്ചാവ് കേസിൽ പിടികൂടിയ തിരുവനന്തപുരം സ്വദേശി ഷമീറാണ് കൊവിഡ് സെന്ററിൽ മരിച്ചത്. ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. തൃശൂരിലെ അമ്പിളിക്കല കൊവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിലിരിക്കെയാണ് മരണം. കൊവിഡ് സെന്ററിൽ നിരീക്ഷണത്തിലിരിക്കെ ഷമീറിന് അപസ്മാരം വന്നുവെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ഇത് കൂടെയുണ്ടായിരുന്ന പ്രതികൾ തള്ളിയിരുന്നു. ഷമീറിന് കൊവിഡ് സെന്ററിൽ മർദനമേറ്റിരുന്നുവെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ.

കോട്ടയം∙ ആര്‍പ്പൂക്കര സ്വദേശിയായ മലയാളി നഴ്സ് റിയാദില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. റിയാദ് അല്‍ജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് സൗമ്യ നോബിളിന്‍റെ മരണത്തില്‍ ആശുപത്രി മാനേജ്മെന്‍റിനു പങ്കുണ്ടെന്നാണ് ആരോപണം. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് പരാതി നല്‍കിയതിന്‍റെ പേരില്‍ സൗമ്യ കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായി ഭര്‍ത്താവ് നോബിള്‍    പറഞ്ഞു.

ആശുപത്രി ഹോസ്റ്റലിന്‍റെ ഗോവണിയില്‍ സൗമ്യ തൂങ്ങിമരിച്ചുവെന്നാണ് ബുധനാഴ്ച വീട്ടുകാരെ റിയാദില്‍നിന്ന് അറിയിച്ചത്. ആശുപത്രി മാനേജ്മെന്‍റിന്‍റെയും ഡോക്ടര്‍മാരുടെയും പീഡനത്തെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങാനിരിക്കെയാണു സൗമ്യയുടെ മരണം. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ ഭര്‍ത്താവ് നോബിളുമായി സൗമ്യ വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. ആശുപത്രി ജീവനക്കാരുടെയും ഹോസ്റ്റല്‍ സെക്യൂരിറ്റിയുടെയും സൗമ്യയോടുള്ള മോശമായ പെരുമാറ്റത്തിന് നോബിള്‍ സാക്ഷിയാണ്.

ആശുപത്രിയുടെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഏഴുമാസം മുന്‍പ് സൗമ്യ പരാതി നല്‍കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആശുപത്രിയിലെ പീഡനങ്ങള്‍ സംബന്ധിച്ച് എംബസിക്കു റിയാദിലെ തൊഴില്‍ വകുപ്പിനും സൗമ്യ പരാതി നല്‍കിയിരുന്നു.

താന്‍ മരിച്ചാല്‍ ഉത്തരവാദി ആശുപത്രിയിലെ ഡോക്ടര്‍മാരും മാനേജ്മെന്‍റുമാണെന്നും സൗമ്യ ചൊവ്വാഴ്ച ഇമെയിലിലൂടെ എംബസിയെയും അറിയിച്ചിരുന്നു. മരണത്തിലെ ദുരൂഹത നീക്കാനും മൃതദേഹം നാട്ടിലെത്തിക്കാനും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ സഹായം തേടിയിരിക്കുകയാണ് കുടുംബം. മൂന്നരവയസുള്ള മകന്‍ ക്രിസ്, നോബിളിനൊടൊപ്പം നാട്ടിലാണ്. ആര്‍പ്പൂക്കര ചക്കുഴിയില്‍ ജോസഫ് എല്‍സമ്മ ദമ്പതികളുടെ മകളാണ് സൗമ്യ.

Copyright © . All rights reserved