തിരുവനന്തപുരം ∙ മെഡിക്കൽ കോളജിൽ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ കോവിഡ് നോഡൽ ഓഫിസറെയും 2 ഹെഡ് നഴ്സുമാരെയും സസ്പെൻഡു ചെയ്ത നടപടി പിൻവലിച്ചു. ഇവർക്കെതിരെ വകുപ്പുതല നടപടി തുടരും. ഡോ. അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ, കെ.വി.രജനി എന്നിവർക്കെതിരായ സസ്പെൻഷനാണ് പിൻവലിച്ചത്. ഡിഎംഒ ഡോ. എ.റംലാ ബീവിയുടെ റിപ്പോർട്ടിനെ തുടർന്നാണു നടപടി.
സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരും നഴ്സുമാരും സമരം ആരംഭിച്ചിരുന്നു. മന്ത്രി കെ.കെ.ശൈലജയുമായി സംയുക്ത സമരി സമിതി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനമായത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരായ നടപടി പുനഃപരിശോധിക്കുമെന്നുള്ള ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
നടപടിക്ക് വിധേയരായവർ ത്യാഗപൂർണായ സേവനം ചെയ്തവരാണെന്നും ചെറിയ ശതമാനം വീഴ്ചകൾ ഉണ്ടാകുന്നത് യാഥാർഥ്യമാണെന്നും കെ.കെ.ശൈലജ പറഞ്ഞിരുന്നു.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യംചെയ്യല്‍ ആറ് മണിക്കൂറിലധികം നീണ്ടു. കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യംചെയ്തത്. ബെംഗളൂരു ശാന്തിനഗറിലുള്ള എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ രാവിലെ 10.45നാണ് ബിനീഷ് ഹാജരായത്.
ഹോട്ടൽ തുടങ്ങാൻ അനൂപിന് പണം നൽകിയിട്ടുണ്ടെന്നും, ലഹരി ഇടപാടുകളിൽ അറിവില്ലെന്നുമുള്ള മൊഴി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് മുന്നിലും ബിനീഷ് ആവർത്തിച്ചു. ഹോട്ടൽ തുടങ്ങാനായി അനൂപിന് നൽകിയ പണത്തിന്റെ ഉറവിടവും, മറ്റ് പണമിടപാടുകളെപ്പറ്റിയുള്ള വിവരങ്ങളുമാണ്.
വീട്ടിലെ മൃഗങ്ങളെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് കുട്ടികള്‍ തന്നെയായിരിക്കും. അവര്‍ക്ക് കൂട്ടുകാരിയോ കൂട്ടുകാരനോ എല്ലാമായിരിക്കും വളര്‍ത്തു മൃഗങ്ങള്‍. അതുകൊണ്ട് തന്നെ അവയുടെ വേര്‍പാട് കുട്ടികളില്‍ വലിയ വേദനയും ഉണ്ടാക്കും. അത്തരത്തില്‍ ചത്തുപോയ കോഴിയുടെ അടുത്തിരുന്നു കരയുന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
‘കോഴ്യേ…കോഴ്യേ…എനിക്ക് ഇഷ്ടപ്പെട്ടതാ നിന്നെ…നന്നായി നിന്നെ ശ്രദ്ധിച്ചില്ല്യല്ലോ..അതുകൊണ്ടല്ലേ നീ ചത്തുപോയത്…’ കുഞ്ഞ് സങ്കടം പറഞ്ഞ് കരയുന്നതിങ്ങനെ. ഇടയ്ക്കിടയ്ക്ക് സങ്കടം പറയുകയും തുടര്‍ന്ന് കരയുകയും ചെയ്യുന്ന കുഞ്ഞിനെ ഇതിനോടകം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.
കുഞ്ഞിന് കോഴിയോടുള്ള നിഷ്‌കളങ്കമായ സ്‌നേഹം കണ്ട് കണ്ണു നിറഞ്ഞുപോയി എന്നാണ് പലരും കമന്റ് ചെയ്യുന്നത്. മറ്റു ചിലര്‍ കുഞ്ഞിന്റെ കരച്ചില്‍ കണ്ട് മറ്റൊരു കോഴിയെ കൊടുക്കാം എന്നും പറയുന്നുണ്ട്.
മലയാള സിനിമയിൽ ക്യാരക്ടർ റോളുകളിലൂടെ ഒരു കാലത്ത് ശ്രദ്ധ നേടിയ വ്യക്തിയാണ് ഇബ്രാഹിംകുട്ടി. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരൻ എന്ന നിലയിലാണ് മലയാളികൾക്ക് ഇദ്ദേഹത്തെ കൂടുതൽ അറിയുക. ഇബ്രാഹിംകുട്ടിയുടെ യൂ ട്യൂബ് വ്ലോകും ഏറെ ശ്രദ്ധേയമായാണ്. ഇബ്രുസ് ഡയറി ബൈ ഇബ്രാഹിംകുട്ടി എന്ന യൂ ട്യൂബ് ചാനലിൽ വളരെ രസകരമായ വീഡിയോകളാണ് അദ്ദേഹം ചെയ്യാറുള്ളത്. പുതിയ എപ്പിസോഡിൽ മലയാളത്തിലെ കംപ്ലീറ്റ് ആക്ടർ എന്ന് സിനിമ പ്രേമികളും ആരാധകരും വിശേഷിപ്പിക്കുന്ന മോഹൻലാലിനെ കുറിച്ചാണ് വിഡിയോ ചെയ്തിരിക്കുന്നത്. ഒരു എപ്പിസോഡ് പൂർണ്ണമായും മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തിനോടൊപ്പം ചിലവഴിച്ച നിമിഷങ്ങളിൽ ലഭിച്ച അനുഭവങ്ങളും ഇബ്രാഹിംകുട്ടി തുറന്ന് പറയുന്നുണ്ട്.
മോഹൻലാലിന്റെ വ്യക്തിത്വവും കുട്ടിത്തം മാറാത്ത ഭാവങ്ങളും ഏതൊരു വ്യക്തിയെ സ്വാധീനിക്കുമെന്ന് ഇബ്രാഹിംകുട്ടി വ്യക്തമാക്കി. നരസിംഹത്തിലെ മോഹൻലാലിനെക്കാൾ നാടോടികാറ്റിലെ മോഹൻലാലിനെ ആയിരിക്കും പലർക്കും ഇഷ്ടമെന്ന് അദ്ദേഹം പറയുകയുണ്ടായി. ക്ലൈമാക്സ് കാണാത്ത ഒരുപാട് മോഹൻലാൽ ചിത്രങ്ങൾ ഉണ്ടെന്നും ക്ലൈമാക്സിലെ കഥാപാത്രത്തിന്റെ പ്രകടനം കണ്ട് സങ്കടം വരും എന്ന് അറിയുന്നത്കൊണ്ടാണ് താൻ അത് കാണാത്തതെന്നും ഇബ്രാഹിംകുട്ടി വ്യക്തമാക്കി. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചു അഭിനയിച്ച ഒരുപാട് ചിത്രങ്ങളുടെ ലൊക്കേഷനിൽ പോകാൻ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. മോഹൻലാൽ നമ്മുടെ അടുത്ത് വന്നിട്ട് പോയാൽ ഒരു പ്രെസൻസ് കുറെ നേരത്തേക്ക് ഫീൽ ചെയ്യുമെന്നും ഒരുപാട് പോസിറ്റീവ് എനർജി നൽകുമെന്നും മമ്മൂട്ടി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഇബ്രാഹിംകുട്ടി വ്യക്തിമാക്കി.
മമ്മൂട്ടി ഷൂട്ട് കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ബാപ്പ സിനിമകളുടെ വിശേഷങ്ങൾ ചോദിക്കാതെ മോഹൻലാൽ കൂടെ ഉണ്ടായിരുന്നോ എന്നും അവന്റെ വീട്ടിലും ഇതുപോലെ അച്ഛനും അമ്മയും അവനെ കാത്തിരിപ്പുണ്ടായിരിക്കുമല്ലേ എന്ന് പലപ്പോഴായി പറയാറുണ്ടെന്ന് ഇബ്രാഹിംകുട്ടി തുറന്ന് പറയുകയുണ്ടായി. ഭഗവാൻ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് അഭിനയിക്കാൻ ഒരു ചമ്മൽ ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടനെല്ലൂർ (തൃശൂർ) ∙ ഡന്റൽ ക്ലിനിക് നടത്തിയിരുന്ന ഡോ. സോന (30) കുത്തേറ്റു മരിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഒപ്പം താമസിച്ചിരുന്ന പാവറട്ടി സ്വദേശി മഹേഷാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകൾ ഡോ. സോനയ്ക്കു ചൊവ്വാഴ്ചയാണു ക്ലിനിക്കിൽ കുത്തേറ്റത്. ബന്ധുക്കളും മഹേഷിന്റെ സുഹൃത്തുക്കളും നോക്കിനിൽക്കെയാണു സംഭവം. വയറ്റിലും അടിവയറ്റിലും കുത്തേറ്റ സോനയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും ഞായറാഴ്ച രാവിലെ ആശുപത്രിയിൽ മരിച്ചു.
പഠന ശേഷം അങ്കമാലി ഭാഗത്തുള്ള ഒരാളെ വിവാഹം കഴിച്ചെങ്കിലും രണ്ടു വർഷം കഴിഞ്ഞപ്പോൾ ഭർത്താവുമായി സോന അകന്നു. തുടർന്ന് വിദേശത്ത് ഉൾപ്പെടെ സോന ജോലി ചെയ്തെങ്കിലും മഹേഷ് സൗഹൃദം സ്ഥാപിച്ച് നാട്ടിൽ കൊണ്ടുവരികയായിരുന്നു. മഹേഷിന്റെ നിർബന്ധത്തിനാണ് കുട്ടനല്ലൂരിൽ ഡന്റൽ ക്ലിനിക് ആരംഭിച്ചത്. അതിനുള്ള സ്ഥലം കണ്ടു പിടിച്ചതടക്കം സഹായങ്ങൾ ചെയ്തത് മഹേഷായിരുന്നു. തൃശൂർ കുരിയച്ചിറയിൽ ഇരുവരും ഒരുമിച്ച് താമസിക്കുകയുമായിരുന്നു. ഭാര്യയും ഭർത്താവുമാണ് എന്നാണ് ഇവർ പറഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുന്ന കാലം മുതൽ മഹേഷുമായി സൗഹൃദത്തിലായിരുന്നു സോന. ഒരു കൂട്ടുകാരിയുടെ ബന്ധുവാണ് മഹേഷ് എന്നാണു വിവരം.
ക്ലിനിക് നടത്തിപ്പിന് സൗകര്യം ഒരുക്കിയത് മഹേഷാണെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുമിച്ച് താമസിക്കുന്ന വിവരം സോന വീട്ടിൽ അറിയിച്ചിരുന്നില്ല. എതിർത്താൽ ഇക്കാര്യങ്ങൾ വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇക്കാലമത്രയും കൂടെ താമസിപ്പിച്ചതും പണം തട്ടിയെടുത്തതുമെന്നാണ് ബന്ധുക്കൾ പറയുന്നത്. ക്ലിനിക്കിലെ വരുമാനം മുഴുവൻ കഴിഞ്ഞ ഒരു വർഷമായി മഹേഷ് തട്ടിയെടുക്കുയായിരുന്നു. 2018 -19 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ലഭിച്ച 22 ലക്ഷം രൂപ മഹേഷ് തട്ടിയെടുത്തിരുന്നു.
ഒരാഴ്ച മുമ്പാണ് മൂവാറ്റുപുഴ സ്വദേശിയായ ഡോക്ടർ സോനയെ സുഹൃത്തായ മഹേഷ് കുത്തി പരിക്കേൽപ്പിച്ചത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സോന മഹേഷിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായാണ് മഹേഷ് ക്ലിനിക്കിലെത്തി സോനയെ ആക്രമിച്ചത്. മാരകമായി പരിക്കേറ്റ സോന ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞദിവസമാണ് മരിച്ചത്. ദന്തഡോക്ടറായ സോന കോളേജ് പഠനകാലത്താണ് പാവറട്ടി സ്വദേശിയായ മഹേഷുമായി പരിചയപ്പെടുന്നത്. പിന്നീട് കുട്ടനെല്ലൂരിൽ ക്ലിനിക്ക് ആരംഭിച്ചപ്പോൾ സ്ഥാപനത്തിലെ ഇന്റീരിയർ ഡിസൈനിങ് ജോലികളും മഹേഷിനെ ഏൽപ്പിച്ചു. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന സോന കുരിയാച്ചിറയിലെ ഫ്ളാറ്റിൽ മഹേഷിനൊപ്പം താമസവും തുടങ്ങി. ഇതിനുപിന്നാലെയാണ് മഹേഷ് സോനയിൽനിന്ന് പലതവണയായി ലക്ഷങ്ങൾ കൈക്കലാക്കിയത്. തുടക്കത്തിൽ ഇന്റീരിയർ ഡിസൈനിങ് ജോലികളുടെ ചിലവെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. പിന്നീട് ഭീഷണിയായി. ക്ലിനിക്കിലെ വരുമാനം മുഴുവൻ മഹേഷ് സ്വന്തമാക്കുകയും ക്ലിനിക്കിന്റെ നടത്തിപ്പിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
പ്രശ്നങ്ങൾ രൂക്ഷമായതോടെയാണ് സോന പോലീസിൽ പരാതി നൽകിയത്. ബന്ധുക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിന് പിന്നാലെ ക്ലിനിക്കിലേക്ക് തിരിച്ചെത്തി. ഇതിനിടെയാണ് മഹേഷ് ക്ലിനിക്കിലെത്തി സോനയെ ആക്രമിച്ചത്. കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് സോനയുടെ വയറിലും തുടയിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെടുകയും ചെയ്തു. ഇയാളുടെ കാർ പിന്നീട് മറ്റൊരിടത്തുനിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
പത്തനാപുരം ∙ പൊടി പറക്കുന്ന, പച്ചമണ്ണിന്റെ ഗന്ധം വിട്ടുമാറാത്ത തറയിൽ, പുൽപ്പായയിൽ ഉറങ്ങാൻ കിടന്ന കുരുന്ന് ഇന്നു ഗ്രാമത്തിന്റെ നോവാണ്. പിതൃസഹോദരിയുടെ മകൾക്കൊപ്പം മുത്തശ്ശിക്കഥകളും ചൊല്ലി ഉറങ്ങിയ 10 വയസ്സുകാരി ആദിത്യ മണ്ണിലലിഞ്ഞു. മാതാപിതാക്കളും രണ്ട് കുരുന്നുകളും ഉൾപ്പെടുന്ന കുടുംബത്തിന് മൺകട്ടയിൽ പൊതിഞ്ഞ ചുമരുകളും ടാർപോളിൻ വിരിച്ച മേൽക്കൂരയും ഒരു സംരക്ഷണവും നൽകുന്നില്ലെന്ന് അറിഞ്ഞിട്ടും സാങ്കേതികത്വം പറഞ്ഞ് മുഖം തിരിച്ചതാണ് അധികൃതർ.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് 1990ൽ നിർമിച്ചു നൽകിയ വീട് നല്ലൊരു കാറ്റടിച്ചാൽ നിലംപതിക്കുന്ന അവസ്ഥയിലാണ്. 2 മുറികളുള്ള വീട്ടിൽ നിലത്തു പായ വിരിച്ചാണ് ആദിത്യയും പിതൃസഹോദരീ പുത്രിയും ഉറങ്ങാൻ കിടന്നത്. പതിവില്ലാതെ പുലർച്ചെ എഴുന്നേറ്റ ആദിത്യ, തളർച്ചയിലേക്കു വീണുകൊണ്ടിരുന്നു. തോളെല്ലിലും കഴുത്തിനു പിന്നിലുമായി മുറിവിന്റെ പാടുകൾ കണ്ടെങ്കിലും തടിച്ചതു പോലെ തോന്നിയതിനാൽ ഉറുമ്പോ മറ്റോ ആണെന്നു കരുതി.
ഏഴു മണിയോടെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണു പാമ്പു കടിച്ചതാണെന്നു ബോധ്യമാകുന്നത്. വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാർ ആദിത്യ കിടന്ന മുറി പരിശോധിച്ചപ്പോഴാണു ഭിത്തിയോടു ചേർന്ന മാളത്തിൽ ഒളിച്ചിരുന്ന പാമ്പിനെ കണ്ടെത്തിയത്.
പഠിക്കാൻ മിടുക്കിയായിരുന്ന ആദിത്യ കൂട്ടുകാർക്കിടയിലെ താരമായിരുന്നു. ഇനി അവൾ കണ്ണീരോർമ. വിവിധ പദ്ധതികളിലായി 2 തവണ വീട് അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാലാണു മുടങ്ങിയത്. നിലവിൽ പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെട്ട ഇവർക്കു വീട് ഉടൻ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഷെഹല ഷെറിന്നു പാമ്പുകടിയേറ്റതു ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ വെച്ചായിരുന്നു . അന്ന് ക്ലാസ് റൂമിൽ പാമ്പുകൾക്ക് കയറിക്കൂടാൻ പാകത്തിലുള്ള നിരവധി മാളങ്ങളാണ് കണ്ടെത്തിയത് . സമാന സാഹചര്യത്തിലാണ് ആദിത്യയ്ക്കും പാമ്പുകടിയേറ്റ ത് . അത് സ്വന്തം വീട്ടിൽ നിന്നാണ് എന്ന് മാത്രം
സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. മാതാപിതാക്കളുടെ രേഖാ മൂലമുള്ള അനുമതിയുണ്ടെങ്കില്‍ മാത്രം വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോയാല്‍ മതി. ഹാജറിന്‍റെ കാര്യത്തില്‍ കടുംപിടുത്തമുണ്ടാകില്ല. വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുവാദം നല്‍കും. ഈ മാസം 15 മുതല്‍ ഘട്ടംഘട്ടമായി സ്കൂള്‍ തുറക്കാനാണ് മാര്‍ഗരേഖ. സ്കൂളില്‍ അണുനശീകരണം നടത്തണം. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കണം. സാമൂഹിക അകലം പാലിച്ചായിരിക്കണം വിദ്യാര്‍ഥികളുടെ ഇരിപ്പിടങ്ങള്‍. സ്കൂളിലുള്ള മുഴുവന്‍ സമയവും വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്ക് ധരിക്കണം. സ്കൂളില്‍ പരിപാടികളും ചടങ്ങുകളും അനുവദിക്കില്ല. അടിയന്തരസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കര്‍മസമിതികള്‍ രൂപീകരിക്കണം. തിരക്കൊഴിവാക്കാന്‍ കഴിയുംവിധം പിരീഡുകളും പരീക്ഷകളും ക്രമീകരിക്കണം. പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കും മുന്‍പ് ലഭ്യമാക്കണം. സംസ്ഥാനങ്ങള്‍ക്ക് അവിടുത്തെ സാഹചര്യം അനുസരിച്ച് കൂടുതല്‍ മാര്‍ഗനിര്‍ദേശം തയ്യാറാക്കാമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസും രണ്ടാമത്തെ വനിതാ ചീഫ് ജസ്റിസ് എന്നീ നിലകളില്‍ പ്രശസ്തയായ ജ. കെ.കെ. ഉഷ (81) അന്തരിച്ചു. 2000-2001 സമയത്തായിരുന്നു ജ. കെ കെ ഉഷ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലുണ്ടായിരുന്നത്. ഇതിന് മുന്‍പ് ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1991 ഫെബ്രുവരി 25 മുതല്‍ 2001 ജൂലൈ മൂന്നു വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. 1961-ല്‍ അഭിഭാഷകവൃത്തി ആരംഭിച്ച ഉഷ സുകുമാരന്‍ 1979-ല്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിതയായി.
1939 ജൂലൈ മൂന്നിന് തൃശൂരിലായിരുന്നു ജനനം. ഹൈക്കോടതി റിട്ട. ജഡ്ജി കെ. സുകുമാരന്‍ ആണ് ഭര്‍ത്താവ്. രാജ്യത്തെ ആദ്യ ന്യായാധിപ ദമ്പതികള്‍ എന്ന നിലയില്‍ ശ്രദ്ധയേയരായിരുന്നു ഇരുവരും. മക്കള്‍: ലക്ഷ്മി (യുഎസ്), കാര്‍ത്തിക (അഭിഭാഷക, കേരള ഹൈക്കോടതി. മരുമക്കള്‍: ഗോപാല്‍ രാജ് (ദ ഹിന്ദു), ശബരീനാഥ് (ടൈംസ് ഓഫ് ഇന്ത്യ).
ജസ്റ്റിസ് കെ കെ ഉഷ യുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നൽകിയ ജഡ്ജിയും അഭിഭാഷകയുമായിരുന്നു ജസ്റ്റിസ് കെ കെ ഉഷ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹൈക്കോടതി ജഡ്ജി എന്ന നിലയിലും ചീഫ് ജസ്റ്റിസ് എന്ന നിലയിലും മികച്ച പ്രവർത്തനമാണ് അവർ നടത്തിയത്. സ്ത്രീകളുടെ പ്രശ്നങ്ങളിൽ സ്ത്രീപക്ഷ കാഴ്ചപ്പാടോടെ അവർ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
അഭിഭാഷകവൃത്തിയിൽ സ്ത്രീകൾ കുറവായിരുന്ന കാലത്താണ് അവർ ഈ രംഗത്തേക്ക് വന്നതും സ്വപ്രയത്നത്തിലൂടെ ശോഭിച്ചതും. സൗമ്യമായ പെരുമാറ്റവും സമഭാവനയോടെയുള്ള ഇടപെടലും അവരുടെ മറ്റൊരു സവിശേഷതയായിരുന്നു. ഉഷയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ കേരള സംഗീത നാടക അക്കാദമിയില്‍ നിന്നുണ്ടായ അധിക്ഷേപത്തിന്റെ പേരില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടു. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും അക്കാദമി സെക്രട്ടറിയും റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
ആര്‍എല്‍വി രാമകൃഷ്ണന് മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് ഉണ്ടെന്നും ദളിത് വിഭാഗത്തിലുള്ളയാളായതു കൊണ്ടു മാത്രമാണ് അദ്ദേഹം അക്കാദമിയുടെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും പിന്തള്ളപ്പെട്ടതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ഗിന്നസ് മാടസ്വാമി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന്ഉത്തരവില്‍ പറയുന്നുണ്ട്.
ഇരിട്ടിക്കു സമീപം ഉളിക്കല്‍ നുച്യാട് കോടാറമ്പ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതിയുടെയും സഹോദരപുത്രന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ച യുവതിയുടെ മകനെ കണ്ടെത്താനായില്ല. ഉളിക്കല്‍ പഞ്ചായത്തിലെ നുച്ച്യാട് വാര്‍ഡ് മെംബര്‍ കബീറിന്റെ സഹോദരി പള്ളിപ്പാത്ത് താഹിറ(32), സഹോദര പുത്രന്‍ ബാസിത്ത്(13) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. താഹിറയുടെ മകന്‍ ഫായിസിനെയാണ് കണ്ടെത്താനുള്ളത്. രാത്രി വരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും വെളിച്ചക്കുറവും പുഴയിലെ ശക്തമായ നീരൊഴുക്കും കാരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. തിരച്ചില്‍ ശനിയാഴ്ച രാവിലെ പുനരാരംഭിക്കും. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് നാടിനെ നടുക്കിയ അപകടം. കോടാറമ്പ് പുഴയോട് ചേര്‍ന്ന് താമസിക്കുന്ന താഹിറയും കുടുബവും അലക്കാനും കുളിക്കാനും മറ്റും ഈ പുഴയിലാണു പോവാറുള്ളത്.
വെള്ളിയാഴ്ച താഹിറയോടൊപ്പം എത്തിയ കുട്ടികള്‍ അബദ്ധത്തില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് നിഗമനം. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് താഹിറയും പുഴയില്‍ അകപ്പെട്ടതെന്നു കരുതുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ പരിസരവാസികള്‍ താഹിറയെയും ബാസിത്തിനെയും കണ്ടെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരിട്ടിയില്‍ നിന്നു ഫയര്‍ഫോഴ്‌സ്, ഉളിക്കല്‍ പോലിസ്, ഇരിട്ടി തഹസില്‍ദാര്‍ ദിവാകരന്‍ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്.