ദുര്‍ബലമായ യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മുന്നണിയിലേക്ക് വരുന്നുവെന്ന് വ്യക്തമാക്കി പിസി ജോര്‍ജ്. യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലര്‍ അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

നാളെ യുഡിഎഫ് യോഗം ചേരുന്നുണ്ട്. യുഡിഎഫ് പ്രവേശനം കാത്തിരിക്കുന്ന ജനപക്ഷം സെക്കുലറിന്റെ കാര്യത്തില്‍ നാളെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ യോഗത്തില്‍ പിസി ജോര്‍ജിനെ മുന്നണിയിലെടുക്കണോയെന്ന കാര്യത്തില്‍ അന്തിമമായ തീരുമാനം കൈക്കൊള്ളും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ എത്താന്‍ പിസി ജോര്‍ജ് ശ്രമം നടത്തിയിരുന്നു.

താന്‍ യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പിസി ജോര്‍ജ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ നീക്കം യുഡിഎഫ് നേതൃത്വം തള്ളിക്കളയുകയായിരുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തുന്ന എതിര്‍പ്പാണ് പി സി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തിന് തടസ്സം ആയത്.

കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് യാതൊരു തര്‍ക്കവുമില്ല. പ്രദേശികമായ ചില തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കാവുന്നതേയുള്ളൂ. അത് ആനക്കാര്യമല്ലെന്ന് കോട്ടയത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിസി ജോര്‍ജ് വ്യക്തമാക്കി.

കഴിഞ്ഞ നാലു വര്‍ഷമായി ഉമ്മന്‍ ചാണ്ടിയുമായി ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരിനെതിരെ മത്സരിച്ച് കേരളം പിടിച്ചടക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ പോലുള്ള ഒരു വലിയ നേതാവ് തന്നെ മുന്‍പന്തിയില്‍ നില്‍ക്കണം.
ഒരു നേതാവും തന്റെ മുന്നണി പ്രവേശനത്തെ എതിര്‍ക്കുന്നില്ല എന്നും പിസി ജോര്‍ജ് പറഞ്ഞു.

മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ താന്‍ വരുന്നതിനോട് വലിയ തോതില്‍ അനുകൂല നിലപാടാണ് പ്രകടിപ്പിക്കുന്നത് എന്നും ജോര്‍ജ് പറയുന്നു. ആന്റോ ആന്റണി എംപിയുമായും തനിക്ക് പ്രശ്‌നമില്ല എന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്ത നേതാവ് എന്ന നിലയിലാണ് കെ സുരേന്ദ്രന് അനുകൂലമായ നിലപാട് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ എടുത്തത് എന്നും ജോര്‍ജ് പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ഉണ്ടായ വലിയ തിരിച്ചടിയാണ് ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ യുഡിഎഫിനുള്ളില്‍ നിന്ന് അനുകൂല ചര്‍ച്ചകള്‍ ഉണ്ടായത്. താന്‍ ഒപ്പം ഉണ്ടായിരുന്നു എങ്കില്‍ നാല് ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ യുഡിഎഫ് പരാജയപ്പെടില്ലായിരുന്നു എന്നും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. മുണ്ടക്കയം, എരുമേലി, ഭരണങ്ങാനം കുറവിലങ്ങാട് സീറ്റുകളാണ് ജോര്‍ജ് ചൂണ്ടിക്കാട്ടുന്നത്. ഈ നാല് സീറ്റുകള്‍ ലഭിച്ചിരുന്നുവെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ ഭരണം ഉറപ്പായിരുന്നു എന്നും ജോര്‍ജ് പറയുന്നു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് പിസി ജോര്‍ജ് ഈരാറ്റുപേട്ടയിലെ മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ നടത്തിയ ഫോണ്‍ സംഭാഷണം വിവാദമായിരുന്നു. മുസ്ലിം വിഭാഗങ്ങളിലുള്ളവര്‍ തീവ്രവാദികളായി മാറുന്നു എന്നായിരുന്നു പ്രസ്താവന. അന്ന് ബിജെപിയുമായി ചേര്‍ന്ന് നിന്ന സമയത്തായിരുന്നു ജോര്‍ജ് ഫോണില്‍ കൂടി ഇങ്ങനെ സംസാരിച്ചത്. ഈ സംഭാഷണത്തില്‍ മാപ്പ് പറഞ്ഞാണ് പിസി ജോര്‍ജ് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്.

ഈരാറ്റുപേട്ടയിലെ മുസ്ലിം ജനങ്ങളുമായുള്ള പ്രശ്‌നം ‘പൊരുത്തപ്പെട്ടതാണ്’. മുസ്ലിങ്ങള്‍ പൊരുത്തപ്പെട്ടാല്‍ പിന്നീട് പ്രശ്‌നമില്ല. ആ വിഭാഗത്തില്‍ നിന്നുള്ളവര്‍ മാപ്പ് അംഗീകരിച്ചതായി ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരുന്നത്.