വീട്ടമ്മയുടെ വ്യാജ നഗ്നചിത്രം ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത കേസില്‍ ഒരു ഡോക്‌ടറും സീരിയല്‍ നടനും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളജ് ദന്തവിഭാഗത്തില്‍ ജോലിചെയ്യുന്ന ഡോ.സുബു, സീരിയല്‍ നടന്‍ ജസ്‌മീര്‍ ഖാന്‍, മൊബൈല്‍ കടയുടമ ശ്രീജിത്ത് എന്നിവരെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തത്.
വര്‍ക്കല സ്വദേശിയായ വീട്ടമ്മയുടെ മോര്‍ഫ് ചെയ്‌ത ചിത്രമാണ് പ്രതികള്‍ പ്രചരിപ്പിച്ചത്. വീട്ടമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ദാമ്ബത്യജീവിതം തകര്‍ക്കുന്നതിനായി വ്യാജ പേരുകളില്‍ നിന്നും കത്തുകള്‍ അയച്ചു ശല്യം ചെയ്യുകയും ചെയ്‌തിരുന്നതായി പരാതിയുണ്ടായിരുന്നു.
വീട്ടമ്മയുടെ സഹോദരിയുടെ മകനാണ് കേസിലെ ഒന്നാംപ്രതിയും ദന്തഡോക്‌ടറുമായ സുബു. ഇയാളാണ് മുഖ്യ ആസൂത്രകന്‍. സുബുവിന്റെ ആവശ്യപ്രകാരമാണ് സീരിയല്‍ നടന്‍ ജസ്‌മീര്‍ ഖാന്റെ ഫോണില്‍ നിന്ന് മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ജസീര്‍ ഖാന് സിം കാര്‍ഡ് എടുത്തുനല്‍കിയതാണ് ശ്രീജിത്തിനെതിരെയുള്ള കുറ്റം. പരാതി ലഭിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് പൊലീസ് നടപടി.
ദന്താശുപത്രിയില്‍വച്ച് സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി സോന ജോസ് (30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദന്താശുപത്രിയില്‍വച്ച് സുഹൃത്തും ദന്താശുപത്രിയുടെ പാര്‍ട്നറുമായ മഹേഷ് സോനയെ കുത്തിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഞായറാഴ്ച രാവിലെയായിരുന്നു മരണം. കൊലപാതകത്തിനു പിന്നില്‍ സാമ്പത്തിക പ്രശ്നങ്ങളെന്ന് പോലീസ് പറഞ്ഞു.
അതേസമയം സോനയെ കുത്തിയശേഷം ഒളിവില്‍ പോയ പ്രതി മഹേഷിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ സോന കഴിഞ്ഞ രണ്ടു വര്‍ഷമായി മഹേഷിനൊപ്പം ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കത്തെ തുടര്‍ന്ന് മഹേഷിനെതിരേ സോന പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്.
ഫേസ്ബുക്ക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.സ്ത്രീകളെക്കുറിച്ചു അശ്ളീല പരാമര്‍ശം നടത്തി വീഡിയോകള്‍ ചെയ്യുന്ന വിജയ് പി നായരേ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യ ലക്ഷ്മിയ്ക്ക് അനുകൂലമായും പ്രതികൂലമായും ഉള്ള പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.അതുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ ഈ പ്രതികരണവും.സൗഹൃദം എന്നാൽ മുൻപിൽ നിന്ന് ചിരിച്ചിട്ട് പിന്നിൽ നിന്ന് കുത്തുക എന്നാണോ എന്നും ഭാഗ്യലക്ഷ്മി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഭാഗ്യലക്ഷ്മി പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം
ഫേസ്ബുക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞിരിക്കുന്നു. അത് കേൾക്കാനുള്ള സുഖം കൊണ്ടാണ് അത്തരം പരദൂഷണം പറയുന്നവർക്ക് ആരാധകർ ഏറി വരുന്നതും.
അതിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളുടെയും പങ്ക് വളരെ വലുതാണെന്ന് ഈ സംഭവത്തിന് ശേഷം കുറേക്കൂടി വ്യക്തമായി..
ഈ സംഭവം നടന്ന പിറ്റേ ദിവസം എന്റെ ഒരു സുഹൃത്ത്,(സ്ത്രീ ) എന്റെ തൊട്ടപ്പുറത്തെ ഫ്ലാറ്റിൽ താമസിക്കുന്നവരാണവർ, എന്നെ വിളിച്ച് പറഞ്ഞു ഭാഗ്യലക്ഷ്മി ഗംഭീരമായി. എന്താണ് ഇവിടെ നടക്കുന്നത്, കൊറോണ പിടിച്ചു ചാകണം എല്ലാം. അയ്യേ എന്തൊരു വൃത്തികെട്ട ലോകമാണിത്, ഭാഗ്യലക്ഷ്മി തളരരുത്, ഞാനുണ്ട്, എന്റെ 2പെണ്മക്കൾ ഉണ്ട്, അവർ പറഞ്ഞു അമ്മ ആന്റീ യെ വിളിക്കണം സപ്പോർട്ട് അറിയിക്കണം, ഞങ്ങൾ ഉണ്ട് കൂടെ, എന്ന് പറഞ്ഞു ഫോൺ വെച്ച അവർ നേരെ പോയി ഫേസ്ബുക്കിൽ എഴുതി. ഭാഗ്യലക്ഷ്മി എന്റെ 30വർഷത്തെ സുഹൃത്താണ് പക്ഷെ എനിക്കവരുടെ നിലപാടുകളോട് യോജിക്കാനാവില്ല, എന്ന് തുടങ്ങി എന്റെ സ്വകാര്യ ജീവിതവും പറയുന്നു. അവരുടെ pro pic പോലും ഞങ്ങൾ ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയാണ്
ഇതെന്ത് തരം സമീപനമാണ്, ഞാൻ പരാതിപ്പെട്ട 2 വ്യക്തികൾ എന്റെ സുഹൃത്തുക്കൾ അല്ല, 2പേരും ഇത് തൊഴിലായി ജീവിക്കുന്നവർ. പക്ഷെ ഇവർ എന്റെ സുഹൃത്തെന്നു പറഞ്ഞുകൊണ്ടാണ് ലൈക്സ് നും കമന്റിനും വേണ്ടി മാത്രം ഇങ്ങനെ എഴുതിയത്. പാവം. എത്ര ചെറിയ മനസും ലോകവുമാണ് അവരുടേത്.മറ്റുള്ളവരുടെ സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിലൂടെ പറയുന്നവർ അവരുടെ ജീവിതത്തെ പറ്റി പറയാനുള്ള ധൈര്യം കാണിക്കുമോ?
ഞാൻ എടുത്ത നിലപാടിനോട് യോജിക്കാത്ത വ്യക്തിയുടെ എഴുത്തിനെതിരെ കമന്റ് ഇട്ടവരെ അവർ block ചെയ്യുന്നു. അതുപോലും സഹിക്കാനാവാത്തവരാണ് പറയുന്നത് എന്റെ നിലപാടിനോട് യോജിക്കുന്നില്ല എന്ന്.
എന്നെ ആക്രമിക്കുന്നവർ എനിക്ക് പരിചയമില്ലാത്തവരാണ്. അതിലെനിക്ക് പരിഭവമില്ല. പക്ഷെ 30 വർഷത്തെ സുഹൃത്താണ് ഈ ഇരട്ടത്താപ്പ് നിലപാട് എടുത്തത് എന്ന് ആലോചിക്കുമ്പോഴാണ് അത്ഭുതം തോന്നുന്നത്… എല്ലാത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു ഞാൻ. ആ എന്നെ ഇങ്ങനെ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചതും ഈ ആക്രമിക്കുന്നവരാണ്..
നാളെ ഓരോരുത്തർക്കും ഇതരത്തിലൊരു സൈബർ ആക്രമണം വരുമ്പോൾ ശിക്ഷിക്കാനൊരു ശക്തമായ നിയമം ഇവിടെ ഉണ്ടാവാൻ വേണ്ടിയാണ് ഞാൻ പോരാടിയത്.. അത് മനസിലാക്കാൻ സ്ത്രീകൾക്ക് പോലും സാധിക്കുന്നില്ലെങ്കിൽ……….
ഇത് പറയാൻ വേണ്ടി മാത്രം വന്നതാണ്… ഇനിയും ഇവിടേയ്ക്ക് വരുമോ വരില്ലേ എന്നറിയില്ല.. വരാതിരിക്കാൻ ശ്രമിക്കും.
ആരുടേയും പിന്തുണക്കോ രാഷ്ട്രീയ ലക്ഷ്യത്തിനോ വേണ്ടിയല്ല ഇതിനു ഇറങ്ങിതിരിച്ചത്.. എന്റെ മനസാക്ഷിക്കു വേണ്ടിയാണ്.. ഒരുപാടു പേരുടെ കണ്ണുനീർ കണ്ടിട്ടാണ്. അതുകൊണ്ട് തന്നെ ഒരു അക്രമണവും എന്നെ ബാധിക്കില്ല.
സൗഹൃദം എന്നാൽ മുൻപിൽ നിന്ന് ചിരിച്ചിട്ട് പിന്നിൽ നിന്ന് കുത്തുക എന്നാണോ എന്ന് ചിന്തിച്ചു പോയി.ഇത്തിരി സങ്കടം വന്നു. 30 വർഷത്തെ കള്ളത്തരം ഓർത്ത്.
അതേസമയം വിജയ് പി നായർക്കെതിരെയുള്ള പരാതിയിൽ സൈബർ പൊലീസ് പരാതിക്കാരിയായ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. രണ്ടു ദിവസമായി നടന്ന മൊഴിയെടുക്കലിൽ തന്റെ കൈവശമുള്ള ഡിജിറ്റൽ തെളിവുകൾ ഭാഗ്യലക്ഷ്മി കൈമാറി. അതിനിടെ വിജയ് പി.നായരെ താമസ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയും പരാതി നൽകുകയും ചെയ്ത 3 പേരിൽ ഒരാളായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെയും സൈബർ പൊലീസിൽ പരാതി ലഭിച്ചു.
ശ്രീലക്ഷ്മി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പല വിഡിയോകളും സംസ്കാരത്തിനു ചേരാത്ത അശ്ലീല പരാമർശങ്ങൾ നിറഞ്ഞതാണെന്ന് ആരോപിച്ച് ഫെയ്സ്ബുക് കൂട്ടായ്മയായ മെൻസ് റൈറ്റ്സ് അസോസിയേഷൻ ആണു പരാതി നൽകിയത്. പ്രാഥമിക പരിശോധന കഴിഞ്ഞ ശേഷമേ കേസ് എടുക്കണോയെന്നു തീരുമാനിക്കൂ എന്നു സൈബർ പൊലീസ് ഡിവൈഎസ്പി ടി.ശ്യാംലാൽ പറഞ്ഞു.
കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് നാവികസേന ഉദ്ദ്യോഗസ്ഥരും മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി രാജീവ് ത്സാ, ബീഹാര്‍ സ്വദേശി സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഇരുവരേയും ഐഎന്‍എസ് സഞ്ജീവനിയിലേക്ക് മാറ്റിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം ഗ്ലൈഡര്‍ തകര്‍ന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ബോര്‍ഡിനെ നിയോഗിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെ ബിഒടി പാലത്തിന് സമീപത്താണ് ഗ്ലൈഡര്‍ തകര്‍ന്നു വീണത്.
രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. പാലത്തിന് സമീപത്തുള്ള റോഡിന്റെ ഒഴിഞ്ഞ ഭാഗത്തേക്കാണ് ഗ്ലൈഡര്‍ തകര്‍ന്നു വീണത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.
മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് വിജയ് യേശുദാസ്. കോലക്കുഴൽ വിളി കേട്ടോ… എന്ന് ഗാനം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഗായകൻ എന്നതിൽ ഉപരി അഭിനയത്തിലും വിജയ് ഒരു കൈ നോക്കിട്ടുണ്ട്. 2000 ൽ പുറത്തിറങ്ങിയ മില്ലേനിയം സ്റ്റാർസ് എന്ന ചിത്രത്തിലൂടെയാണ് വിജയ് യേശുദാസ് പിന്നണി ഗാന രംഗത്ത് എത്തിയത്. ഈ ഗാനം പുറത്തിറങ്ങിയിട്ട് 20 വർഷം ആകുകയാണ്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ആ ഗാനം ചർച്ചയാകാറുണ്ട്.
ഇപ്പോഴിത മലയാളത്തിൽ തന്നെ വിസ്മയിപ്പിച്ച നടനെ കുറിച്ച് വെളിപ്പെടുത്തുകയാണ് വിജയ് യേശുദാസ്. കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടിലെ മോഹൻലാൽ മമ്മൂട്ടി കമൽഹാസൻ- രജനികാന്ത് ഫാൻസിനെ കുറിച്ചും വിജയ് പറയുന്നുണ്ട്.
ഞാൻ പണ്ട്തൊട്ടേ ഒരു ലാലേട്ടൻ ഫാനാണ്. എന്റെ വീട്ടിൽ ഞാൻ ലാലേട്ടന് ഫാനു ,എന്റെ ചേട്ടൻ മമ്മൂക്ക ഫാനുമായിരുന്നു തമിഴിൽ ഞാൻ രജനി ഫാനും അനിയൻ കമൽ ഫാനുമായിരുന്നു. പക്ഷെ അഭിനയരംഗത്തേയ്ക്ക് വന്നതിന് ശേഷം ഭയങ്കരമായി ആരാധിക്കുന്ന ഒരാൾ എന്ന് പറയുന്നത് മമ്മൂക്കയാണ്. ഡ്രസിംഗിലുൾപ്പെടെ എല്ലാത്തിലുമുള്ള ശ്രദ്ധ ഞാൻ ഫോളേ ചെയ്യുന്ന ഒരു കാര്യമാണ്- വിജയ് യേശുദാസ് പറയുന്നു. ചില കഥാപാത്രം മമ്മൂക്ക ചെയ്താല ശരിയാകുകയുളളൂ, ചിലത് ലാലേട്ടന് ചെയ്യാൻ മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ ഈ ജനറേഷനിൽ രണ്ട് പേരെ പറയുകയാണെങ്കിൽ അത് ഫഹദ് ഫാസിലും പാർവതിയുമായിരിക്കു കഥാപാത്രമാകാനുളള അവരുടെകഴിവ് ഭയങ്കരമായി ഇഷ്ടപ്പെട്ടു.
ജീവിതത്തിൽ അച്ഛൻ യേശുദാസ് ചെയ്യരുതെന്ന് പറഞ്ഞതിനെ കുറിച്ചും വിജയ് യേശുദാസ് പറയുന്നുണ്ട്. അഭിനയത്തിൽ പേകേണ്ട അത് പാട്ടിനെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആദ്യമൊക്കെ അത് കേട്ടു. പാട്ടിലൊന്ന് പച്ച പിടിച്ചതിന് ശേഷമാണ് മാരിയിൽ ഓഫർ വരുന്നത്. അഭിനയിക്കണമെന്ന ആഗ്രഹം ആദ്യമേ ഉളളതു കൊണ്ട് അത് ചെയ്തു- വിജയ് യേശുദാസ് പറയുന്നു.
വിജയ് യേശുദാസ് വീണ്ടും നായകനായി എത്തുകയാണ്. ബഹുഭാഷ ചിത്രമായ സാൽമൺ ആണ് വിജയ് യുടെ പുതിയ ചിത്രം. നല്ലൊരു കോൺസപ്റ്റിലുള്ള പടമാണ്. നായകന്റേയും സുഹൃത്തുക്കളുടേയും ജീവിതത്തിൽ നടക്കുന്ന സംഭവത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം . ഒരു ശതമാനം ചിത്രീകരണം കഴിഞ്ഞു. ഇനി പാട്ടിന്റെ ഷൂട്ട് ബാക്കിയുണ്ട്. അത് ഇനിയുള്ള പെർമിഷനും കാര്യങ്ങളും പോലെയിരിക്കും അതിന് കാത്തിരിക്കുകയാണെന്നും വിജയ് യേശുദാസ് പറഞ്ഞു.
പുതിയ ചുവട് വയ്പ്പിനെ കുറിച്ചും വിജയ് യേശുദാസ് അഭിമുഖത്തിൽ പറയുന്നുണ്ട്. ബിസിനസ്സിലേയ്ക്കാണ് പുതിയ മാറ്റം. സലൂൺ ബിസിനസ്സിലേയ്ക്കാണ് വിജയ് യുടെ ചുവട് വയ്പ്പ്. സലൂൺ എന്ന ആശയം വന്നത് ഒരു സുഹൃത്ത് വഴിയാണ്. എന്റെയടുത്ത് ഇങ്ങനെയൊരു ഐഡിയ പറഞ്ഞപ്പോൾ പോയി അന്വേഷിച്ചു. ഇന്റീരിയൽസ്, ആംബിയൻസ് എല്ലാം വ്യത്യസ്തമായ ഒരു കോൺസപ്റ്റിലാണ്. അമേരിക്കയിലൊക്കെ പോകുമ്പോൾ താടിയൊക്കെ ട്രിം ചെയ്യാൻ പ്രോപ്പറായിട്ടുള്ള ബാർബർ ഷോപ്പിലൊക്കെയാണ് പോകാറ്. കൊച്ചിയിൽ ആദ്യമായി അങ്ങനെയൊരു ഷോപ്പ് തുടങ്ങാൻ പറ്റുമെന്ന ഐഡിയ വന്നപ്പോൾ ഞാൻ അതിൽ പിടിച്ചു. ഞങ്ങൾ മൂന്ന് പേരാണ് ബിസിനസ് പാർട്‌നേഴ്സ്. പ്രൊഡക്ട്സിന്റെ ക്വാളിറ്റിയിലോ, സർവീസിലൊരു കോംപ്രമൈസുമില്ല. ഹൈജീനിന്റെ കാര്യം പ്രത്യേകിച്ച് എടുത്ത് പറയേണ്ട കാര്യമില്ല. അതിനൊന്നും വേറെ ചാർജുകളൊന്നും ഈടാക്കുന്നില്ല. മലയാളികൾക്ക് മൊത്തത്തിലൊരു പുതിയ അനുഭവമായിരിക്കും- വിജയ് പറഞ്ഞു
അവധി ദിവസം കൂട്ടുകാരോടൊപ്പം ചൂണ്ടയിടാന്‍ പോയ പ്രവാസി മലയാളി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം വൈലോങ്ങര ആശാരിപ്പടി സ്വദേശി മൂന്നാക്കല്‍ മുഹമ്മദലിയാണ് ജിദ്ദക്കടുത്ത ശുഹൈബയില്‍ മരിച്ചത്. 48 വയസ്സായിരുന്നു.
ശനിയാഴ്ചയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയതായിരുന്നു മുഹമ്മദലി. അതിനിടെയാണ് ശക്തമായ പൊടിക്കാറ്റ് വീശിയത്. ഇതോടെ എല്ലാവരും വാഹനത്തിനു സമീപത്തേക്ക് തിരിച്ചെങ്കിലും അവിടെയെത്തിയപ്പോഴാണ് മുഹമ്മദലി കൂടെയില്ലെന്ന് മനസിലാകുന്നത്.
പരസ്പരം കാണാന്‍ കഴിയാത്ത കാറ്റായിരുനെങ്കിലും പരിസരത്ത് തിരച്ചില്‍ നടത്തി. മീന്‍ പിടിക്കാനിരുന്നിരുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ ചൂണ്ടയും മാസ്‌കും കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷത്തിലാണ് വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മക്കയിലെ ബജറ്റ് റെന്റ് എ കാര്‍ കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: പരേതനായ മൂന്നാക്കല്‍ സൂപ്പി, ഉമ്മ: ഖദീജ വഴിപ്പാറ, ഭാര്യ: പാലത്തിങ്ങല്‍ റജീന പെരിന്തല്‍മണ്ണ, മക്കള്‍: ജിന്‍സിയ, സിനിയ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കും.
സംഗീത നാടക അക്കാദമി വിവാദത്തില്‍ പ്രതികരണവുമായി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത. ആര്‍എല്‍വി രാമകൃഷ്ണന്റെ ആരോപണത്തെ പാടെ തള്ളിയാണ് കെപിഎസി ലളിത രംഗത്ത് വന്നിരിക്കുന്നത്. രാമകൃഷ്ണന്റെ ആരോപണം അവാസ്തവവും ദുരുദ്ദേശപരവുമെന്ന് കെപിഎസി ലളിത പറയുന്നു.
സെക്രട്ടറിയോട് രാമകൃഷ്ണന് വേണ്ടി സംസാരിച്ചു എന്ന പ്രസ്താവന സത്യവിരുദ്ധമാണെന്നും നൃത്താവതരണത്തിന് ഇതുവരെ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ലെന്നും കെപിഎസി ലളിത കൂട്ടിച്ചേര്‍ത്തു. കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കെപിഎസി ലളിതയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. കേരള സംഗീത നാടക അക്കാദമിയില്‍ നിന്നും താന്‍ ജാതീയവും ലിംഗപരവുമായ വിവേചനം നേരിട്ടെന്നാണ് പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ ആരോപിച്ചത്. മോഹിനിയാട്ടം അവതരിപ്പിക്കാന്‍ കേരള സംഗീത നാടക അക്കാദമി അവസരം നല്‍കിയില്ലെന്ന് മോഹിനിയാട്ടത്തില്‍ പിഎച്ച്ഡിയുള്ള ആര്‍എല്‍വി രാമകൃഷ്ണന്‍ പരാതി ഉന്നയിച്ചു.
അക്കാദമി സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ജാതീയവും ലിംഗപരവുമായ വിവേചനമാണുണ്ടായതെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു. തനിക്ക് അവസരം നല്‍കിയാല്‍ പല വിമര്‍ശനങ്ങളും നേരിടേണ്ടി വരുമെന്നും അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കലം ഇട്ടുടയ്ക്കുന്നതെന്തിനെന്ന് അക്കാദമി സെക്രട്ടറി കെ രാധാകൃഷ്ണന്‍ നായര്‍ ചോദിച്ചതായി കെപിഎസി ലളിത തന്നോട് പറഞ്ഞെന്നും രാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ കേരള സംഗീത നാടക അക്കാദമി നടത്തുന്ന ഡാന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കാന്‍ എത്തിയപ്പോഴാണ് സംഭവം. ‘ആദ്യം സമീപിച്ചത് അക്കാദമിയുടെ ചെയര്‍പേഴ്സണ്‍ കെപിഎസി ലളിതയെ ആയിരുന്നു. അവര്‍ അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേരള സംഗീത നാടക അക്കാദമിയിലെത്തി. എന്നാല്‍ അപേക്ഷ സ്വീകരിക്കാന്‍ അക്കാദമിയിലുള്ളവര്‍ ആദ്യം തയ്യാറായില്ല. സ്ഥിരം ജോലിയുള്ളവര്‍ക്ക് അവസരമില്ലെന്നാണ് ആദ്യം പറഞ്ഞത്. ജോലി സ്ഥിരമല്ല, താല്‍ക്കാലികമാണെന്ന് അറിയിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് മാത്രമേ അവസരമുള്ളൂവെന്ന് പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നു.’ രാമകൃഷ്ണന്‍ പറയുന്നു.
നിരാശയോടെ കെപിഎസി ലളിതയെ വിളിച്ചപ്പോള്‍ കെപിഎസി ലളിത അക്കാദമിയിലെത്തി. സെക്രട്ടറിയോട് സംസാരിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. രാമകൃഷ്ണന് അവസരം നല്‍കിയാല്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാവുമെന്ന് സെക്രട്ടറി പറഞ്ഞതായി കെപിഎസി ലളിത അറിയിച്ചു. തനിക്ക് അവസരം നല്‍കിയാല്‍ അക്കാദമിയുടെ ഇമേജ് തകര്‍ന്നു പോകുമെന്ന് സെക്രട്ടറി പറഞ്ഞത് അങ്ങേയറ്റം വേദനിപ്പിക്കുന്നുണ്ടെന്നും 35 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുകയാണെന്നും സര്‍ക്കാരിന്റെ വേദി ഫ്യൂഡല്‍ തമ്പുരാന്‍മാര്‍ക്ക് അടക്കി വാഴാനുള്ളതല്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഇതെല്ലാം പാടെ തള്ളുകയാണ് നടി കെപിഎസി ലളിത.
ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സംഗീതനാടക അക്കാദമിയെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍.
സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാവൂ എന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോ എന്നും ഇതൊക്കെ സംഗീതനാടക അക്കാദമിയുടെ വെറും പിടിവാശിയും ഈഗോയുമാണെന്നാണ് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മഹാവിഷ്ണു സ്ത്രീവേഷം പൂണ്ട് മോഹിനിയായിമാറി അസുരന്‍മാരുടെ മുന്നില്‍ കളിച്ച നൃത്തത്തിന്റെ രൂപമാണ് മോഹിനിയാട്ടം എന്ന് ഒരു കഥ ഈ നൃത്ത രൂപത്തെ പറ്റി പറയാറുണ്ടെന്നും അങ്ങനെയാണങ്കില്‍ പുരുഷനായ മഹാവിഷ്ണു കളിച്ച ഈ നൃത്തം മറ്റു പുരുഷന്‍മാര്‍ കളിക്കുന്നതില്‍ എന്താണ് തെറ്റ് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി എടുത്ത വ്യക്തിയാണു രാമകൃഷ്ഷ്ണന്‍ എന്നും നൃത്തത്തിനു വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച ഒരു ചെറുപ്പക്കാരനെ നമ്മുടെ സംഗീതനാടക അക്കാദമി ഇത്രമേല്‍ മാനസികമായി വേദനിപ്പിക്കണമായിരുന്നോ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
കലാഭവന്‍ മണിയുടെ അനുജന്‍ രാമകൃഷ്ണന്‍ ആത്മഹത്യാശ്രമം നടത്തി എന്ന വാര്‍ത്ത ഞെട്ടലോടെ ആണ് ഇന്നലെ വാര്‍ത്താ മാദ്ധ്യമങ്ങളിലൂടറിഞ്ഞത്. കുറച്ചു ദിവസങ്ങളായി സംഗീത നാടക അക്കാദമി നടത്തുന്ന മോഹാനിയാട്ട കലോല്‍സവത്തില്‍ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചതില്‍ രാമകൃഷ്ണന്‍ ഏറെ ദുഖിതനായിരുന്നു. മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി എടുത്ത വ്യക്തിയാണു രാമകൃഷ്ഷ്ണന്‍. നൃത്തത്തിനു വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച ഒരു ചെറുപ്പക്കാരനെ നമ്മുടെ സംഗീതനാടക അക്കാദമി ഇത്രമേല്‍ മാനസികമായി വേദനിപ്പിക്കണമായിരുന്നോ? പ്രത്യേകിച്ച് ദളിതരുടെ ഉന്നമനമാണ് ഞങ്ങളുടെ നയം എന്നു നാഴികയ്കു നാല്‍പ്പതുവട്ടം പറയുന്ന അധികാരികള്‍, ഒരു ദളിത് കലാകാരനായ രാമകൃഷ്ണന്‍ സംഗീതനാടക അക്കാദമിയുടെ മുന്നില്‍ കഴിഞ്ഞ ദിവസം സത്യാഗ്രഹം ഇരുന്നതു പോലും അറിഞ്ഞില്ലന്നാണോ?
സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാവു എന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോ? ഇല്ലന്നാണറിഞ്ഞത്. കീഴ് വഴക്കമാണങ്കില്‍ അത്തരം വിവേചനപൂര്‍ണ്ണമായ കീഴ് വഴക്കങ്ങള്‍ പലതും മാറ്റിയിട്ടില്ലേ.ഈ നാട്ടില്‍?പാലാഴിമഥനം കഴിഞ്ഞ് അമൃതുമായി കടന്ന അസുരന്‍മാരുടെ കൈയ്യില്‍ നിന്നും അതു വീണ്ടെടുക്കാന്‍ മഹാവിഷ്ണു സ്ത്രീവേഷം പൂണ്ട് മോഹിനിയായിമാറി അസുരന്‍മാരുടെ മുന്നില്‍ കളിച്ച നൃത്തത്തിന്റെ രൂപമാണ് മോഹിനിയാട്ടം എന്ന് ഒരു കഥ ഈ നൃത്ത രൂപത്തെ പറ്റി പറയാറുണ്ട്. അങ്ങനെയാണങ്കില്‍ പുരുഷനായ മഹാവിഷ്ണു കളിച്ച ഈ നൃത്തം മറ്റു പുരുഷന്‍മാര്‍ കളിക്കുന്നതില്‍ എന്താണ് തെറ്റ് എന്നു ചിന്തിച്ചു കൂടെ? ഇതൊക്കെ സംഗീതനാടക അക്കാദമിയുടെ വെറും പിടിവാശിയും ഈഗോയുമാണ്. ഇന്നു തന്നെ ബഹുമാന്യയായ കെപിഎസി ലളിതച്ചേച്ചി ഇടപെട്ട് ഈ തീരുമാനം മാറ്റുമെന്നു പ്രതീക്ഷിക്കട്ടെ.
മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-ജോഷി ടീം. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക സിനിമകളും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. മാസ് എന്റര്‍ടെയ്‌നറുകളും സീരിയസ് സിനിമകളും അടക്കം ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. 1990ലാണ് മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ടില്‍ നമ്പര്‍ 20 മദ്രാസ് മെയില്‍ റിലീസ് ചെയ്തത്. മോഹന്‍ലാല്‍ ടോണി കുരിശ്ശിങ്കല്‍ എന്ന കഥാപാത്രമായി അഭിനയിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്.
മോഹന്‍ലാലിനൊപ്പം ജഗദീഷ്, മണിയന്‍പിളള രാജു, എംജി സോമന്‍, അശോകന്‍, ജയഭാരതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിയും അതിഥി വേഷത്തില്‍ എത്തിയ സിനിമ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച സ്വീകാര്യതയാണ് നമ്പര്‍ 20 മദ്രാസ് മെയിലിന് ലഭിക്കാറുളളത്.
ഭൂരിഭാഗം രംഗങ്ങളും ട്രെയിനില്‍ വെച്ച് ചിത്രീകരിച്ച സിനിമ കൂടിയായിരുന്നു ഇത്. മോഹന്‍ലാലിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയ സിനിമയായിരുന്നു നമ്പര്‍ 20 മദ്രാസ് മെയില്‍. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലാണ് ജോഷി ഈ ചിത്രം അണിയിച്ചൊരുക്കിയത്. ഔസേപ്പച്ചന്‍ ഒരുക്കിയ സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം നമ്പര്‍ 20 മദ്രാസ് മെയില്‍ സമയത്തെ ഒരു ലൊക്കേഷന്‍ അനുഭവം സംവിധായകന്‍ ജോഷി പങ്കുവെച്ചിരുന്നു. തന്റെ ജീവിതത്തില്‍ ഇത്രയും കഷ്ടപ്പെട്ട് മറ്റൊരു സിനിമ താന്‍ ഷൂട്ട് ചെയ്തിട്ടില്ലെന്ന് ജോഷി പറയുന്നു. ട്രെയിനില്‍ ഒരു ദിവസം സിനിമ ചിത്രീകരിക്കാന്‍ 25000രൂപയായിരുന്നു വാടക. അഞ്ച് ലക്ഷം രൂപയാണ് ട്രെയിനില്‍ ചിത്രീകരിക്കാന്‍ വേണ്ടി റെയില്‍വേസ്‌റ്റേഷനില്‍ കെട്ടിവെയ്‌ക്കേണ്ട തുക.
25 ലക്ഷം പൂപയുടെ ബജറ്റില്‍ സൂപ്പര്‍സ്റ്റാര്‍ സിനിമ പുറത്തിറങ്ങുന്ന കാലമായിരുന്നു. എന്നിട്ടും ഒറിജിനല്‍ ട്രെയിനില്‍ ചിത്രീകരിക്കാന്‍ നിര്‍മ്മാതാവ് തയ്യാറായെന്ന് ജോഷി പറയുന്നു. നമ്പര്‍ 20 മദ്രാസ് മെയിലിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവമായിരുന്നു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജോഷി പങ്കുവെച്ചിരുന്നത്. ചാറ്റല്‍ മഴ പെയ്ത ദിവസമാണ് ക്ലൈമാക്‌സിലെ ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നത്.
ട്രെയിന്‍ കംപാര്‍ട്ട്‌മെന്റിലാണ് ഫൈറ്റ് നടക്കുന്നത്. ബാഷയാണ് സ്റ്റണ്ട് മാസ്റ്റര്‍. അദ്ദേഹത്തിന്റെ ടീമിലെ ഒരംഗത്തെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ നിന്ന് മോഹന്‍ലാല്‍ ചവിട്ടി താഴെയിടുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ഒന്നുരണ്ടുവട്ടം റിഹേഴ്‌സല്‍ നടന്നു. മോഹന്‍ലാല്‍ ചെറുതായി ചവിട്ടുമ്പോള്‍ കമ്പിയില്‍ പിടിച്ചു കുനിയണം. അതായിരുന്നു സീന്‍. ടേക്കില്‍ മോഹന്‍ലാലിന്റെ ചവിട്ടു കൊണ്ട് അയാള്‍ക്ക് വാതില്‍പ്പടിയില്‍ പിടികിട്ടിയില്ല.
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നയാള്‍ തെറിച്ചു വീണു. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും പരിഭ്രാന്തരായി. ‘ട്രെയിനിനടിയിലേക്ക് അയാള്‍ വീണിട്ടുണ്ടാകാം. എന്തും സംഭവിക്കാം’ ഷൂട്ടിങ് സ്ഥലത്തുണ്ടായിരുന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അയാളെ ജീവനോടെ തിരിച്ചു കിട്ടണേ എന്ന പ്രാര്‍ഥനയായിരുന്നു എല്ലാവര്‍ക്കും. മോഹന്‍ലാല്‍ എന്ന നടനിലെ മനുഷ്യത്വം മറ്റുള്ളവര്‍ തിരിച്ചറിഞ്ഞ സന്ദര്‍ഭം കൂടിയായിരുന്നു അത്.
ചങ്ങല വലിച്ച് നിര്‍ത്തി. അപ്പോഴേക്കും അപകടസ്ഥലത്തു നിന്ന് ഒന്നര കിലോമീറ്റര്‍ പിന്നിട്ടിരുന്നു ട്രെയിന്‍. മഴ നന്നായി കനത്തിരുന്നു. കൂരിരുട്ട്. ചെളി നിറഞ്ഞ വഴി. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. എന്നിട്ടും അപകട സ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയത് മോഹന്‍ലാലാണ്. ട്രാക്കിനരികില്‍ ഒരു കുറ്റിക്കാട്ടില്‍ കിടന്നിരുന്ന അയാളെ വാരിയെടുത്ത് മോഹന്‍ലാല്‍ ആശുപത്രിയിലേക്ക് ഓടി.
ഭാഗ്യം കൊണ്ട് ജീവന്‍ തിരിച്ചുകിട്ടി. കയ്യും കാലും ഒടിഞ്ഞിരുന്നു. നട്ടെല്ലിനും പരിക്കേറ്റു. ഒരു മാസത്തെ ചികിത്സ വേണ്ടിവന്നു ആശുപത്രി വിടാന്‍. സാമ്പത്തികമായും മോഹന്‍ലാല്‍ സഹായിച്ചു. പക്ഷേ, വിധി അയാളെ പിന്തുടര്‍ന്നു. നാലഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു തമിഴ് സിനിമയുടെ സെറ്റില്‍ വച്ച് ഇതുപോെല മറ്റൊരു അപകടത്തില്‍ പെട്ട് അയാള്‍ക്കു ജീവന്‍ നഷ്ടമായി. ബാഷ തന്നെയാണ് ഈ വിവരം എന്നെ അറിയിച്ചത്.” ജോഷി പറഞ്ഞു
ഇരുമ്പ് ഗ്രില്ലില്‍ തൂങ്ങിയാടിക്കളിക്കുന്നതിനിടെ ഭിത്തിയും ഗ്രില്ലും പൊളിഞ്ഞ് ദേഹത്തുവീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലത്ത് ആക്കല്‍ പെരപ്പയം മണിച്ചേമ്പിൽ വീട്ടില്‍ നൗഫല്‍, തൗബ ദമ്പതികളുടെ മകള്‍ ഹന്ന ഫാത്തിമ ആണ് മരിച്ചത്.
വീട്ടിന് സമീപമുള്ള വാതിലിന്റെ ഗ്രില്ലില്‍ പിടിച്ച് ചവിട്ടിനിന്ന് ഹന്നയും സഹോദരന്‍ നെബിനും ഇവരുടെ ബന്ധുവായ തമീമും ഊഞ്ഞാലാടി കളിക്കുന്നതിനിടെ ഭിത്തി ഉള്‍പ്പെടെ പൊളിഞ്ഞ് ഹന്ന ഫാത്തിമയുടെ ദേഹത്ത് വീഴുകയായിരുന്നു.
വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ഗ്രില്‍ ഇളക്കിമാറ്റി കുട്ടിയെ മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കുടുംബശ്രീ 100 ദിവസം കൊണ്ട് 15690 പേർക്ക് തൊഴിൽ നൽകും. കുടുംബശ്രീയുടെ പ്രവർത്തനമികവിനെക്കുറിച്ച് അറിയാവുന്ന ആർക്കും ഇതൊരു അതിശയോക്തിയാണെന്നു തോന്നില്ല. കോവിഡ് കാലത്ത് കുടുംബശ്രീ വഴി രണ്ടായിരത്തോളം കോടി രൂപ പാവപ്പെട്ടവർക്ക് അധികവായ്പയായി ലഭ്യമാക്കുകയുണ്ടായി. അങ്ങനെ മൊത്തം ഏതാണ്ട് 10,000 കോടി രൂപ സാധാരണക്കാരുടെ വീടുകളിൽ എത്തിക്കുന്നു. അഞ്ചുലക്ഷം ലാപ്ടോപ്പുകൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിനുള്ള സ്കീം ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പമാണ് വ്യവസായ സേവന മേഖലകൾ കേന്ദ്രീകരിച്ച് വേതനാധിഷ്ഠിത തൊഴിലോ സ്വയം തൊഴിലോ ഉള്ള ഈ ബൃഹദ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
സൂക്ഷ്മ തൊഴിൽ സംരംഭങ്ങളിൽ വലിയ അനുഭവ സമ്പത്ത് കുടുംബശ്രീയ്ക്കുണ്ട്. അതുകൊണ്ട് ഇത്തരം സംരംഭങ്ങളെ ആശ്രയിച്ചുകൊണ്ടാണ് തൊഴിലവസര സൃഷ്ടിയ്ക്ക് പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ഗ്രാമീണ മേഖലയിൽ 600 പേർക്കും നഗരമേഖലയിൽ 660 പേർക്കും തൊഴിൽ നൽകുന്നതിനുള്ള സംരംഭങ്ങൾ ആരംഭിക്കും. കാർഷിക മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ സംരംഭങ്ങളിൽ 700 പേർക്ക് തൊഴിൽ നൽകും. ബ്ലോക്ക് അടിസ്ഥാനത്തിൽ സംരംഭകരെ പരിശീലിപ്പിച്ച് സ്വയം തൊഴിൽ പ്രാപ്തരാക്കുന്ന പദ്ധതിയാണ് സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണോർഷിപ്പ് പ്രോഗ്രാം. ഈ സംരംഭങ്ങളിൽ 1000 പേർക്ക് തൊഴിൽ നൽകും. ഹരിത കർമ്മ സേനയുമായി സഹകരിച്ച് ആരംഭിക്കുന്ന ഹരിതസംരംഭങ്ങളിൽ 3000 പേർക്ക് തൊഴിൽ നൽകും. അങ്ങനെ സൂക്ഷ്മ തൊഴിൽ സംരംഭങ്ങളിൽ മൊത്തം 5960 തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
സമീപകാലത്ത് വൈദഗ്ധ്യവികസനത്തിന്റെ അടിസ്ഥാനത്തിൽ സേവന മേഖലയിൽ സ്വയം തൊഴിലോ വേതനാധിഷ്ഠിത തൊഴിലോ നൽകുന്നതിനുള്ള പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഫെസിലിറ്റി മാനേജ്മെന്റ് സെന്ററുകൾ വഴി 1046 പേർക്ക് തൊഴിൽ നൽകും. കൊച്ചി മെട്രോ ഇപ്പോൾ കുടുംബശ്രീ ഇത്തരത്തിൽ പരിപാലിക്കുന്നുണ്ട്. ഫിനിഷിംഗ് പരിശീലനത്തിനുശേഷം പ്രാദേശികമായി കടകളിലും കെയർ സ്ഥാപനങ്ങളിലും മറ്റുമായി 3195 പേർക്ക് തൊഴിൽ ലഭ്യമാക്കും. ഇതുപോലെതന്നെ കേന്ദ്രസർക്കാരിന്റെ സ്കീമായ ദീൻ ദയാൽ ഉപാധ്യായ വൈദഗ്ധ്യ വികസന പരിപാടിയുടെ നഗര ഉപജീവന മിഷന്റെയും കീഴിൽ 2000 പേർക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കും. അങ്ങനെ ആകെ വൈദഗ്ധ്യപോഷണത്തിന്റെ അടിസ്ഥാനത്തിൽ 6241 പേർക്ക് തൊഴിൽ നൽകും.
ആദ്യഘട്ടത്തിൽ 500 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. ഇനിയുള്ള 3 മാസം കൊണ്ട് 500 ഹോട്ടലുകൾ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇവയിൽ കുറഞ്ഞത് 1500 പേർക്ക് തൊഴിൽ ലഭിക്കും. കുടുംബശ്രീ ഡിസ് ഇൻഫെക്ഷൻ ടീമുകളിൽ 300 പേർക്ക് തൊഴിൽ ലഭിക്കും.
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തുടങ്ങുന്ന നൂതനമായ വിപണന ശൃംഖല കയർ & ക്രാഫ്റ്റ് സ്റ്റോറുകളാണ്. പേരിനുള്ള ഇമ്പത്തിനുവേണ്ടിയാണ് കയർ & ക്രാഫ്റ്റ് എന്നു വിളിക്കുന്നത്. യഥാർത്ഥത്തിൽ ഇത് ഭക്ഷ്യ സ്റ്റോറുകളും കൂടിയാണ്. ഹോം ഷോപ്പിയുടെ പ്രാദേശിക ഉൽപാദന ശൃംഖലയും ഇതുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക. കേരളത്തിൽ ഉണ്ടാക്കുന്ന കളിമൺ പാത്രങ്ങൾ, മുള, ഈറ, വള്ളി തുടങ്ങിയവകൊണ്ടുള്ള നാനാവിധ ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാകും. തകർച്ചയെ നേരിടുന്ന ഈ മേഖലകൾക്ക് കേരളത്തിൽ എല്ലായിടത്തും ഒരു വിപണനശാല തുറന്നുകിട്ടുകയാണ്. ഇതുവഴി ആയിരക്കണക്കിനു പേർക്കാണ് ഉപജീവനം ഉറപ്പാകുന്നത്. അവരുടെ എണ്ണമൊന്നും ഇവിടെ കണക്കെടുക്കുന്നില്ല. ഒരു സ്റ്റോറിൽ വീടുകളിൽ വിപണനം നടത്തുന്നവരടക്കം 5 പേരെങ്കിലും വേണം. അടുത്ത 100 ദിവസത്തിനുള്ളിൽ 300 കേന്ദ്രങ്ങൾ തുറക്കും. ഇവയിൽ 1500 പേർക്ക് തൊഴിൽ ലഭിക്കും.
വിപണന കിയോസ്കുകൾ, കേരള ചിക്കൻ സംരംഭങ്ങൾ, ചിക്കൻ ഔട്ട്ലെറ്റുകൾ തുടങ്ങിയവയിൽ 189 പേർക്ക് തൊഴിൽ ലഭിക്കും. അങ്ങനെ വിപണനവുമായി ബന്ധപ്പെട്ട് മൊത്തം 3489 പേർക്കാണ് തൊഴിൽ ലഭിക്കുന്നത്. അങ്ങനെ മൊത്തം സൂക്ഷ്മസംരംഭങ്ങൾ (5960) വൈദഗ്ധ്യ പരിശീലനാടിസ്ഥാനത്തിലുള്ള തൊഴിലുകൾ (6241) അടക്കം മൊത്തം 15690 പേർക്ക് കുടുംബശ്രീ തൊഴിൽ നൽകും.