Kerala

പുതുവൈപ്പിനിൽനിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കായലിൽനിന്ന് കണ്ടെത്തി. സൗത്ത് പുതുവൈപ്പ് പുത്തൻ ചക്കാലയ്ക്കൽ സോണിയുടെ ഭാര്യ ക്രിസ്റ്റീന(ഷെറിൻ-46)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം വല്ലാർപാടം റെയിൽവേ പാലത്തിനടുത്ത് കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ക്രിസ്റ്റീനയെ കാണാതായത്.

വെള്ളിയാഴ്ച വൈകിട്ട് ഒരാൾ ഗോശ്രീ രണ്ടാംപാലത്തിൽനിന്ന് കായലിലേക്ക് ചാടിയതായി വിവരം ലഭിച്ചിരുന്നു. തുടർന്നാണ് കായലിൽ തിരച്ചിൽ നടത്തിയത്.

ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്ന ക്രിസ്റ്റീനയെ കോവിഡ് വ്യാപകമായ സാഹചര്യത്തിൽ ജോലിയിൽനിന്ന് താത്‌കാലികമായി ഒഴിവാക്കിയിരുന്നു.

ആലപ്പുഴയില്‍ യുവാവും യുവതിയും മരിച്ചനിലയില്‍. ചെന്നിത്തലയില്‍ വീടിനുള്ളിലാണ് സംഭവം. പത്തനംതിട്ട കുരമ്പാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ ദേവിക (20) എന്നിവരാണ് മരിച്ചത്.

ജിതിന്‍ തൂങ്ങിയ നിലയിലും ദേവികയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടത്. ദേവികയുടേത് കൊലപാതകമാണെന്നാണ് സൂചന. കഴിഞ്ഞ മൂന്ന് മാസമായി ചെന്നിത്തലയില്‍ വാടകക്ക് താമസിക്കുന്ന ഇവര്‍ വിവാഹിതരല്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികപ്രയാസങ്ങളുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക…..

ടോൾഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056

സംവിധായക വിധു വിന്‍സെന്റിന്റെ വെളിപ്പെടുത്തലിനുപിന്നാലെ ഡബ്ലുസിസിക്കുനേരെ ആരോപണമുന്നയിച്ചത് വസ്ത്രാലങ്കാരക സ്റ്റെഫി സേവ്യര്‍ ആണ്. ഡബ്ലുസിസി തന്നോട് എങ്ങനെയാണ് പെരുമാറിയതെന്ന് സ്റ്റെഫി വിശദീകരിക്കുന്നു.സ്റ്റെഫിക്കു പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും ഫേസ് ബുക്കിൽ കമന്റ് ഇട്ടിരുന്നു

2017ല്‍, ഡബ്ലുസിസിയുടെ അമരത്തിരിക്കുന്ന സംവിധായകയുടെ, പിന്നീട് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമയില്‍ കോസ്ട്യും ചെയ്യാന്‍ വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാന്‍സോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ എന്നെ ഏല്‍പ്പിച്ച രണ്ടു ഷെഡ്യുളുകളില്‍ ഒന്ന് പൂര്‍ത്തിയാക്കുകയും, അവസാന ഷെഡ്യുള്‍ പ്രീ പ്രൊഡക്ഷനും, ട്രയലും വരെ കഴിയുകയും ചെയ്തു. അതിന് ശേഷം ഞാന്‍ റെമ്യുണറേഷന്‍ ചോദിച്ചപ്പോള്‍, അത് ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ടോ എന്തോ, വ്യക്തമായ കാരണം പോലും പറയാതെ എന്നെ പ്രോജക്ടില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ട് പോകുകയും, ഇതിനെതിരെ ഞാന്‍ പ്രതികരിച്ചപ്പോള്‍, സ്റ്റെഫി ജനിക്കുമ്പോള്‍ ഞാന്‍ സിനിമയില്‍ വന്ന ആളാണ് എന്ന മാസ്സ് ഡയലോഗ് അടിച്ചതും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. അതോടൊപ്പം എന്റെ അസിസ്റ്റന്റ്‌സിനോട് എന്നെ അറിയിക്കാതെ അവരോട് ഒപ്പം ചെന്ന് വര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പിന്നീട് സിനിമയുടെ ടൈറ്റില്‍ കാര്‍ഡിലോ, താങ്ക്‌സ് കാര്‍ഡിലോ പോലും എന്റെ പേര് ഒന്ന് വെക്കാന്‍ തയ്യാറാകാതിരുന്ന ആളുകളാണ് വനിതകളുടെ ഉന്നമനത്തിന് എന്ന പേരില്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ട് wcc നേതൃത്വത്തില്‍ നിന്ന് സംസാരിക്കുന്നത്.

സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, സ്ത്രീകളെ തുല്യരായി കാണാത്തതും പുരുഷന്മാര്‍ മാത്രമാണെന്ന് വിശ്വസിക്കുന്ന, സ്ത്രീ സംഘടനയില്‍ തന്നെ പ്രിവിലേജ്ഡ് ലെയര്‍ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടത്. അതോടൊപ്പം മറ്റൊരു സിനിമയുടെ സെറ്റില്‍ WCC മെമ്പറായ ഒരു വനിതാ അസ്സോസിയേറ്റ് ഡയറക്റ്ററിന്റെ ഭാഗത്തു നിന്നുണ്ടായ അത്യന്തം മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഞങ്ങള്‍ കുറച്ചുപേര്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ സാറിനെ കാണുകയും, പരാതി പറഞ്ഞപ്പോള്‍, WCCയ്ക്ക് എതിരെയുള്ള ചട്ടുകമായി ഈ വിഷയത്തെ എടുക്കാതെ, ഏറ്റവും സുതാര്യമായി ഈ വിഷയം ഒത്തുതീര്‍പ്പാക്കുകയും ചെയ്തത് ശ്രീ ബി. ഉണ്ണികൃഷ്ണന്‍ സാറാണ്. തുല്യത എന്ന് പറയുമ്പോള്‍, അവനവന്‍ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളര്‍ച്ച മാത്രമല്ല, മറിച്ച് തോട്ടു താഴെയുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെയും, ടെക്‌നിഷ്യന്‍സിന്റെയും വളര്‍ച്ച കൂടി ഒന്നു പരിഗണിക്കാം. വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോര്‍ട്ടന്‍സും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ വളരെ സങ്കടമുള്ള കാര്യമാണ്.

2015 ല്‍ എന്റെ സിനിമാജീവിതം തുടങ്ങിയ സമയത്ത് ലൊക്കേഷനില്‍ ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍, ലൊക്കേഷനില്‍ നിന്നു മറ്റാരോ പറഞ്ഞറിഞ്ഞു ആ പ്രശ്‌നത്തില്‍ ഇടപെട്ട് അത് സോള്‍വ് ചെയ്തു തരുകയും ചെയ്ത സംഘടനയാണ് ഫെഫ്ക. അന്നുമുതല്‍ ഇന്നുവരെ ഒരു റൂറല്‍ ഏരിയയില്‍ നിന്ന് സിനിമയില്‍ എത്തിയ പെണ്‍കുട്ടി എന്ന നിലയില്‍ എല്ലാവിധ സഹായങ്ങളുമായി കൂടെ നിന്നിട്ടുള്ളതും, എനിക്ക് മാത്രമല്ല, സിനിമയുടെ ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്ക തന്നെയാണ്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തന്റെ മരുമകളാണെന്നെന്ന് ചില സൈബർ സഖാക്കൾ പ്രചാരണം നടത്തുന്നുണ്ടെന്നും എന്നാൽ അതിൽ യാതൊരു വസ്തുതയുമില്ലെന്നും കോൺഗ്രസ് നേതാവ് തമ്പാനൂർ രവി. ഫേസ്ബുക്ക് പോസ്റ്റിലാണ് തമ്പാനൂർ രവി ഇക്കാര്യം പറഞ്ഞത്. സ്വപ്ന സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ഈ രാജ്യദ്രോഹ കേസിനെ വഴിതിരിച്ചുവിടാൻ ചില രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രമിക്കുന്നു. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് തമ്പാനൂർ രവി വ്യക്തമാക്കി. നേരത്തെ സോളാർ അഴിമതി കേസ് പ്രതി സരിത എസ് നായരുമായുള്ള ബന്ധത്തിന്റെ പേരിൽ ആരോപണവിധേയനായിരുന്നു തമ്പാനൂർ രവി. സരിതയുമായുള്ള തമ്പാനൂർ രവിയുടെ ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു.

തമ്പാനൂർ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കോണ്സുലേറ്റ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപനാ സുരേഷ് എന്റെ മരുമകൾ ആണ് എന്ന തരത്തിൽ ചില സൈബർ സഖാക്കൾ പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. ഈ സ്വപ്നാ സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ചില രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാൻ നടത്തുന്ന ശ്രമമായി ആണ് ഞാൻ ഇതിനെ കാണുന്നത്. ഇത്തരത്തിൽ വ്യാജ വാർത്തകൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചവർക്ക് എതിരെ ഡിജിപിക്ക് പരാതി നൽകി നിയമ നടപടി സ്വീകരിക്കുന്നതാണ്.

കേരള രാഷ്‌ട്രീയത്തിലെ ‘ധീരവനിത’ കെ.ആർ.ഗൗരിയമ്മ 102 ന്റെ നിറവിൽ. ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഗൗരിയമ്മയുടെ ഇത്തവണത്തെ പിറന്നാൾ. റിവേഴ്‌സ് ക്വാറന്റെെനിലാണ് ഗൗരിയമ്മ ഇപ്പോൾ. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ പുറത്തിറങ്ങുന്നില്ല, സന്ദർശകരും ഇല്ല. കഴിഞ്ഞ സെപ്റ്റംബറിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറച്ചുനാൾ ചികിത്സ തേടിയതു മാത്രമാണ് വീടിനു പുറത്തേക്ക് അടുത്തകാലത്ത് നടത്തിയ യാത്ര.

1919 ജൂലൈ 14ന‌ാണ‌് ജനിച്ചതെങ്കിലും നാളനുസരിച്ച‌് മിഥുനത്തിലെ തിരുവോണത്തിലാണ് ഗൗരിയമ്മ പിറന്നാൾ ആഘോഷിക്കുന്നത‌്. ജാതീയമായ അസമത്വങ്ങളും ചൂഷണങ്ങളും ജന്മിത്വവും കൊടികുത്തി വാണിരുന്ന കാലത്ത്, ഇതൊന്നും ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതികരിക്കുകയും അതെല്ലാം ശരിയാക്കാൻ ഇറങ്ങിപ്പുറപ്പെടുകയും ചെയ്ത ഗൗരിയമ്മ കേരള രാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മാറുകയായിരുന്നു.

ലോകത്ത് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ അംഗമായിരുന്ന കെ.ആര്‍.ഗൗരിയമ്മ ഭൂപരിഷ്‌കരണ നിയമമടക്കം നിയമസഭയില്‍ അവതരിപ്പിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്‌ത വ്യക്തിയാണ്. 1957, 1967, 1980, 1987 കാലത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ കെ.ആർ.ഗൗരിയമ്മ അംഗമായിരുന്നു. 1957 ലാണ് കമ്യൂണിസ്റ്റ് പാർട്ടി നേതാവും മന്ത്രിസഭയിലെ സഹ അംഗവുമായ ടി.വി.തോമസിനെ വിവാഹം കഴിക്കുന്നത്.

1964 ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സിപിഎം സ്ഥാപിക്കപ്പെട്ടപ്പോൾ കെ.ആർ.ഗൗരിയമ്മ സിപിഎമ്മിൽ ചേർന്നു. പിന്നീട് 1994ൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിന്റെ പേരിൽ സിപിഎമ്മില്‍ നിന്നും കെ.ആർ.ഗൗരിയമ്മയെ പുറത്താക്കി. ഇതേ തുടർന്ന് ജെഎസ്എസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ജെഎസ്എസ് യുഡിഎഫിന്റെ ഭാഗമാവുകയും 2001-06 കാലത്ത് എ.കെ.ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ പ്രധാന വകുപ്പുകളുടെ ചുമതല കെ.ആർ.ഗൗരിയമ്മ വഹിക്കുകയും ചെയ്‌തു.

ഇപ്പോഴും തന്റേതായ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന ഗൗരിയമ്മ കേരളത്തിലെ എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും നല്ല ബന്ധം പുലർത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹ വാർത്ത അറിഞ്ഞ് ഗൗരിയമ്മ നേരിട്ട് ആശംസ അറിയിച്ചിരുന്നു.

തിരുവനന്തപുരം∙ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ആരോപണം ശക്തമാകുമ്പോൾ സർക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘മുഖ്യ വികസനമാർഗം. സ്വർണം പ്രവാസി നാട്ടിൽ നിന്നും വരണം. പ്രവാസികൾ വരണം എന്ന് നിർബന്ധമില്ല. സ്വർണത്തിളക്കത്തോടെ നാം മുന്നോട്ട്..’ എന്നാണ് അദ്ദേഹം കുറിച്ചത്.

അതേസമയം സ്വർണ കടത്തുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. സ്വർണക്കടത്തിൽ ആരോപണം നേരിടുന്ന സ്വപ്ന സുരേഷിനെ ഏതു സാഹചര്യത്തിലാണ് ഐടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിൽ നിയമിച്ചതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അതേക്കുറിച്ച് അന്വേഷിച്ച് മനസിലാക്കാം. താൻ അറിഞ്ഞ നടപടിയല്ല ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം എസ്‌എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച് ഡയറക്‌ടറുടെ അനുമതി. കുറ്റപത്രം ഇന്നു തന്നെ കൊല്ലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചേക്കും.

കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. കേസിൽ കക്ഷി ചേർക്കണമെന്ന ആവശ്യവുമായി വെള്ളാപ്പള്ളിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയെ ക്രൈം ബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്‌തിരുന്നു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം വെള്ളാപ്പള്ളിയെ ചോദ്യം ചെയ്‌തത്.

വെള്ളാപ്പള്ളി നടേശനെതിരെ രണ്ടാഴ്‌ചയ്‌ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി ജൂൺ 30 ന് ഉത്തരവിട്ടിരുന്നു. സുവർണ ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വെട്ടിപ്പ് നടത്തിയെന്ന കേസിൽ അന്വേഷണം പുർത്തിയാക്കാൻ പ്രത്യേക സംഘത്തിന് ഹൈക്കോടതി ഒരു മാസം കൂടി അനുവദിച്ചിട്ടുണ്ട്.

സുവർണ ജൂബിലി ആഘോഷ നടത്തിപ്പിനായി വെള്ളാപ്പള്ളി നടേശൻ ജനറൽ കൺവീനറായി 1997-98 കാലയളവിൽ പിരിച്ച 1,02,61296 രൂപയിൽ വൻ തുക വെട്ടിച്ചെന്നാണ് കേസ്. എസ്എൻ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി.സുരേഷ് ബാബു 2004ൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ക്രൈം ഡിറ്റാച്ച്‌മെന്റ് എസ്‌പി അന്വേഷണം നടത്തി കേസ് എഴുതിത്തള്ളിയിരുന്നു. ഹർജിക്കാരന്റെ തടസവാദം പരിഗണിച്ച വിചാരണ കോടതി പൊലിസിന്റെ റിപ്പോർട്ട് തള്ളി. അന്വേഷണത്തിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹർജിക്കാരൻ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് എഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദേശിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് വിവാദത്തിൽ ഐടി സെക്രട്ടറിക്കെതിരെ നടപടി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറി ശിവശങ്കർ ഐഎഎസിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി. പകരം മിർ മുഹമ്മദ് ഐഎഎസിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. ഐടി വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ശിവശങ്കറിനോട് വിശദീകരണം പോലും തേടിയില്ല. മുഖ്യമന്ത്രി നേരിട്ടാണ് ശിവശങ്കർ ഐഎഎസിനെതിരെ ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. എന്നാൽ, ഐടി സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയിട്ടില്ലെന്നാണ് വിവരം.

സ്വർണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരയായ ഐടി വകുപ്പ് ജീവനക്കാരി സ്വപ്‌ന സുരേഷിന്റെ നിയമനത്തെ കുറിച്ച് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഐടി സെക്രട്ടറിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഐടി സെക്രട്ടറിക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചത്.

അന്വേഷണം കൃത്യമായി മുന്നോട്ടുപോകണമെന്നാണ് ശിവശങ്കർ പറയുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും ശിവശങ്കർ ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം, സ്വർണ്ണക്കടത്ത് മുഖ്യസൂത്രധാര സ്വപ്‌ന സുരേഷിനായി തെരച്ചിൽ തുടരുകയാണ്. ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചറിൽ ഓപ്പറേഷൻസ് മാനേജറായിരുന്നു സ്വപ്‌ന. സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ സ്വപ്‌നയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇവർ മുൻപ് യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.

യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിതിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സരിത്താണ് സ്വപ്‌നയ്‌ക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ നിന്ന് സ്വപ്‌ന സുരേഷ് മുങ്ങിയത് രണ്ടുദിവസം മുന്‍പാണെന്നാണ് വിവരം. രണ്ടുദിവസം മുന്‍പ് സ്വപ്‌ന ഫ്ലാറ്റില്‍ നിന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. സ്വപ്‌നയുടെ തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ കസ്റ്റംസ് നടത്തിയ റെയ്‌ഡിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. അമ്പലമുക്കിലെ ഫ്ലാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. എന്നാൽ സ്വര്‍ണക്കടത്ത് പിടിച്ചയുടന്‍ കസ്റ്റംസിനെ തേടിയെത്തിയ ആദ്യ ഫോണ്‍ കോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നാണെന്ന കെ സുരേന്ദ്രന്റെ ആരോപണം അസംബന്ധമാണെന്നു പിണറായി വിജയന്‍ പറഞ്ഞു. “എന്തെങ്കിലും ആരോപണമുണ്ടാകുമ്പോള്‍ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അതിന്റെ ഭാഗമാക്കാന്‍ കഴിയുമെന്നാണ് ചിലര്‍ കരുതുന്നത്. അതിന്റെ ഭാഗമായാണ് സുരേന്ദ്രന്റെ ആരോപണം. മറ്റ് ദുരാരോപണങ്ങള്‍ ഉന്നയിച്ച് തെറ്റ് ചെയ്യുന്നവര്‍ക്ക് പരിരക്ഷ നല്‍കുന്ന സമീപനം പാടില്ല,” മുഖ്യമന്ത്രി പറഞ്ഞു.

“ഒരു കേസിലേയും തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫിസ്. ഇക്കാര്യം നാലു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ജനങ്ങള്‍ക്കു ബോധ്യമായിട്ടുണ്ട്. അതിനെ കളങ്കപ്പെടുത്താന്‍ കെ. സുരേന്ദ്രന്റെ നാവിനു കഴിയില്ല,”മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനം താനറിഞ്ഞുകൊണ്ടല്ല. കൂടുതല്‍ അറിയില്ല. ഇക്കാര്യത്തില്‍ എന്താണ് നടന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണങ്ങളും രാഷ്ട്രീയവിവാദങ്ങളും കൊഴുക്കുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫിസ് എല്ലാ അഴിമതിയുടേയും പ്രഭവകേന്ദ്രമായി. മുഖ്യമന്ത്രിയുടെ ഓഫിസ് സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്നത് ഇതാദ്യമാണ്. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സ്ത്രീയ്ക്ക് എങ്ങനെ ഐടി വകുപ്പില്‍ ജോലി നല്‍കിയെന്ന് വ്യക്തമാക്കണം. രാജ്യാന്തര കള്ളക്കടത്ത് സംഘവുമായി മുഖ്യമന്ത്രിയുെട ഓഫിസില്‍ ആര്‍ക്കാണ് ബന്ധമെന്നും ചെന്നിത്തല ചോദിച്ചു.

ആരോപണങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സിബിഐ അന്വേഷിക്കണം. സ്വര്‍ണക്കടത്ത് കേസില്‍ പ്രൈസ്‍വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് എന്താണ് ബന്ധം?. സ്വര്‍ണം വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടത് ആരാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കേസിലെ ആരോപണങ്ങളെ അസംബന്ധമെന്ന് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിക്കുവേണ്ടി മുഖ്യമന്ത്രിയുെട ഓഫിസില്‍ നിന്ന് വിളിച്ചുവെന്ന ആരോപണം അസംബന്ധം. ഒരു കേസിലേയും തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫിസ്. ഈ ഓഫിസിലെ ജനങ്ങള്‍ക്ക് അറിയാം. അതിനെ കളങ്കപ്പെടുത്താന്‍ സുരേന്ദ്രന്റെ നാക്ക് പോര– മുഖ്യമന്ത്രി പറഞ്ഞു.

പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. കസ്റ്റംസാണ് അന്വേഷിക്കുന്നത്; ജാഗ്രതയോടെ അന്വേഷണം മുന്നോട്ടുപോകുന്നു. സ്ഥാനസര്‍ക്കാര്‍ അന്വേഷണത്തിന് മുഴുവന്‍ പിന്തുണയും നല്‍കും. ഈ ഘട്ടത്തില്‍ അവരെ അഭിനന്ദിക്കുന്നു. തെറ്റ് ചെയ്യുന്നവര്‍ക്ക് മറ്റ് ദുരാരോപണങ്ങള്‍ ഉന്നയിച്ച് പരിരക്ഷ നല്‍കുന്ന സമീപനം പാടില്ല– അദ്ദേഹം പറഞ്ഞു.

എങ്ങനെ ഐടി വകുപ്പില്‍ സ്വപ്ന എത്തി എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. താനറിഞ്ഞല്ല ആ നിയമനം. കൂടുതല്‍ അറിയില്ല.

ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ കണ്ണികളിലൊരാളെക്കുറിച്ച് അന്വേഷകര്‍ക്ക് വിവരം കിട്ടിയതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന സുരേഷിനും ഈ ഇടപാടില്‍ പങ്കാളിത്തമുണ്ടെന്ന് നിലവില്‍ അന്വേഷകരുടെ പിടിയിലുള്ള സരിത്ത് വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്വപ്നം ഇപ്പോള്‍ ഒളിവിലാണ്. ഇവരാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

ഒരു ഇടപാട് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇരുവര്‍ക്കും 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നെന്നാണ് വിവരം. നേരത്തെയും പലതവണ ഇവര്‍ ഡിപ്ലോമാറ്റിക് ബാഗേജുകളില്‍ നിറച്ച് സ്വര്‍ണം കടത്തിയിരുന്നെന്നും സൂചനകളുണ്ട്. സ്വപ്ന നിലവിൽ സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡില്‍ (KSITIL) ജോലി ചെയ്തു വരികയായിരുന്നു. സ്ഥാപനത്തില്‍ ഓപ്പറേഷൻസ് മാനേജരാണ് സ്വപ്ന. ഐടി മേഖലയില്‍ മുന്‍പരിചയമില്ലാത്ത സ്വപ്ന എങ്ങനെ ഈ പദവിയിലെത്തിയെന്നതിലും ദുരൂഹതയുണ്ട്. ഈ സ്ഥാപനത്തിലെത്തി മാസങ്ങൾക്കകം തന്നെ സ്പേസ് പാർക്ക് പ്രോജക്ട് മാനേജരായി മാറി. സ്വപ്നയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും ഇവര്‍ സ്ഥാപനത്തില്‍ തുടരുന്നത് സ്പേസ് പാര്‍ക്കിന്റെ ചുമതലയുള്ളതു കൊണ്ടാണെന്നാണ് ഐടി വകുപ്പിന്റെ വിശദീകരണം.

നേരത്തെ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സരിത്തിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ചില വഴിവിട്ട ബന്ധങ്ങളുടെ പുറത്തായിരുന്നു പിരിച്ചുവിടലെന്നാണ് വിവരം. എങ്കിലും കോണ്‍സുലേറ്റിലെ പിആര്‍ഒ എന്ന നിലയിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. കോണ്‍സുലേറ്റിലെ ചില ജീവനക്കാരുമായുള്ള ബന്ധം മുതലെടുത്ത് നിരവധി പേരെ കബളിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുഎഇ കോൺസുലേറ്റിന്റെ പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പല ബാഗേജുകളും സരിത് കൈപ്പറ്റിയിരുന്നു. വിമാനത്താവളത്തിനു പുറത്തേക്ക് ബാഗേജ് എത്തിക്കുകയെന്ന ചുമതലയാണ് സരിത്തിനുണ്ടായിരുന്നത്.

കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എക്സ്പോർട്ടിംഗ് കമ്പനിയും സ്വർണക്കടത്തിന് പിന്നിൽ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.അതെസമയം സ്വപ്ന സുരേഷിനെ ഐടി വകുപ്പ് പിരിച്ചുവിട്ടതായി മാധ്യമം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വപ്നയും സരിത്തും ചേര്‍ന്ന് 2019 മുതല്‍ 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയെന്നാണ് സരിത്തിന്റെ മൊഴികളില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കുന്നത്. ആര്‍ക്കാണ് സ്വര്‍ണം എത്തിച്ചേരുന്നതെന്ന് സരിത്തിന് അറിയില്ല. സ്വര്‍ണം വിമാനത്താവളത്തിനു പുറത്തെത്തിക്കുന്നതോടെ തന്റെ ജോലി കഴിയുന്നുവെന്നാണ് സരിത്തിന്റെ വിശദീകരണം. സ്വപ്ന എയർപോർട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെയും വാട്സ്ആപ് ചാറ്റിന്റെയും വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഐ.ബി, റോ ഉദ്യോഗസ്ഥർ സരിത്തിനെ ചോദ്യം ചെയ്യുകയാണ്.

അഞ്ച് പേരെ ഉപയോഗിച്ചാണ് ഈ സ്വര്‍ണക്കടത്ത് നടത്തിയിരുന്നതെന്നാണ് വിവരം. ഇവരിലൊരാളാണ് സ്വപ്ന സുരേഷ്.ഞായറാഴ്ചയാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജിലൊളിപ്പിച്ച 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. നയതന്ത്ര ഉടമ്പടി പ്രകാരം കോണ്‍സുലേറ്റിലേക്ക് വരുന്ന ഡിപ്ലോമാറ്റിക് ബാഗേജുകള്‍ പരിശോധിക്കാന്‍ പാടില്ല. ഇനി പരിശോധിക്കണമെങ്കില്‍ കേന്ദ്ര അനുമതി നിര്‍ബന്ധമാണ്. കൂടാതെ കോണ്‍സുലേറ്ററുടെ സാന്നിധ്യത്തില്‍ മാത്രമേ ഇത്തരമൊരു പരിശോധന നടത്താനാകൂ. കഴിഞ്ഞദിവസം നടത്തിയ പരിശോധനയും കോണ്ഡസലേറ്ററുടെ സാന്നിധ്യത്തിലായിരുന്നു.

RECENT POSTS
Copyright © . All rights reserved