Kerala

യുഡിഎഫിനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മുസ്‌ലിം ലീഗ്-ജമാ അത്ത് ഇസ്‌ലാമി-എസ്‌ഡിപിഐ കൂട്ടുക്കെട്ടിലൂടെ വർഗീയ ധ്രുവീകരണത്തിനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു. വർഗീയ കൂട്ടുക്കെട്ടുകളെ തോൽപ്പിക്കുകയാണ് സിപിഎം ലക്ഷ്യമെന്നും അതിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും കോടിയേരി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

“യുഡിഎഫ് പ്രതിസന്ധിയിലാണ്. വർഗീയ ധ്രുവീകരണത്തിനു ശ്രമങ്ങൾ നടക്കുന്നു. അടുത്തുവരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജമാ അത്ത് ഇസ്‌ലാമി, എസ്‌ഡിപിഐ പാർട്ടികളുമായി യോജിക്കാൻ ആലോചനകൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. വർഗീയ കൂട്ടുക്കെട്ടുകളെ തോൽപ്പിക്കണം. ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കരുത്. മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ യോജിപ്പ് വളർത്തിയെടുക്കണം. മതനിരപേക്ഷ നിലപാടിനെ ശക്തിപ്പെടുത്തി വർഗീയ ധ്രുവീകരണ ശക്തികളെ തോൽപ്പിക്കാൻ ഇടതുമുന്നണി പരിശ്രമിക്കും. അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ സെക്രട്ടറിയേറ്റിൽ തീരുമാനമായിട്ടുണ്ട്,” കോടിയേരി പറഞ്ഞു.

കേരള കോൺഗ്രസ് ജോസ് വിഭാഗത്തോടുള്ള നിലപാടും കോടിയേരി വ്യക്തമാക്കി. യുഡിഎഫിലെ ആഭ്യന്തര സംഘർഷമാണ് ജോസ് കെ.മാണിയെ പുറത്താക്കാൻ കാരണം. ജോസ് കെ.മാണി ആദ്യം രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കണം. ജോസ് കെ.മാണി നിലപാട് പ്രഖ്യാപിച്ചശേഷം മാത്രമേ ഇടതുമുന്നണിയിൽ ഈ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യൂ. ജോസ് വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം അവരോടുള്ള സമീപനം വ്യക്തമാക്കുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജോസ് കെ.മാണി വിഭാഗവുമായി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. അങ്ങനെയൊരു ചർച്ചയ്‌ക്ക് ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയെ സമീപിച്ചിട്ടുമില്ല. അതുകൊണ്ട് രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കുന്നതിനനുസരിച്ച് അവരോടുള്ള സമീപനം ഇടതുമുന്നണി ചർച്ച ചെയ്യുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിലും കോടിയേരി നിലപാട് വ്യക്തമാക്കി.” ‘ഒരു ദിവസം ആരോപണം ഉന്നയിക്കുന്നു, താെട്ടടുത്ത ദിവസം അത് പിൻവലിക്കുന്നു’ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയ്യുന്നത് ഇതാണ്. ആരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസം വന്ന് സർക്കാർ പറഞ്ഞതാണ് ശരിയെന്ന് പറയേണ്ടിവരുന്നു. ചെന്നിത്തലയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ അദ്ദേഹം തെളിവുകൾ കൊണ്ടുവരട്ടെ. തെളിവുകൾ ഉണ്ടെങ്കിൽ വിജിലൻസിനെയോ മറ്റ് ഏജൻസികളെയോ സമീപിക്കാമല്ലോ.” കോടിയേരി വെല്ലുവിളിച്ചു

അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആംനസ്റ്റി ഇന്റർനാഷണലിന്റെ തുർക്കി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന രണ്ട് മുൻ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ തീവ്രവാദക്കുറ്റം ഇസ്താംബൂൾ കോടതി ശരിവച്ചു. മുൻ ആംനസ്റ്റി തുർക്കി ഡയറക്ടർ ഇഡിൽ എസറിനെ ‘ഒരു തീവ്രവാദ സംഘടനയെ സഹായിച്ചു’ എന്ന് ആരോപിച്ചാണ് കോടതി ഒരു വർഷം പതിമൂന്ന് മാസം തടവിന് ശിക്ഷിച്ചിരിക്കുന്നത്.

മുൻ ആംനസ്റ്റി ഇന്റർനാഷണൽ ടർക്കി ചെയർ ടാനർ കിലിക്കിനെ ‘തീവ്രവാദ സംഘടനയിൽ അംഗത്വം ഉണ്ടെന്ന്’ ആരോപിച്ച് ആറ് വർഷവും മൂന്ന് മാസവും തടവുശിക്ഷ വിധിച്ചതായും ആംനസ്റ്റി തുർക്കി അറിയിച്ചു. ജർമ്മൻ പൗരനായ പീറ്റർ സ്റ്റീഡ്‌നർ, സ്വീഡിഷ്കാരനായ അലി ഗരവി എന്നിവരടക്കം മറ്റ് ഏഴ് മനുഷ്യാവകാശ പ്രവര്‍ത്തകരെ കോടതി വെറുതെ വിടുകയും ചെയ്തു.

‘ഇത് പ്രകോപനമാണ്. അസംബന്ധ ആരോപണങ്ങളാണ് മുന്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഒരു തെളിവുപോലും ചൂണ്ടിക്കാട്ടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് ഒരു തീവ്രവാദ സംഘടനയിൽ അംഗമായി എന്നു പറഞ്ഞ് ടാനർ കിലിക് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. എല്ലാവരേയും കുറ്റവിമുക്തരാക്കുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല’ – ആംനസ്റ്റിയുടെ ആൻഡ്രൂ ഗാർഡ്നർ ട്വീറ്റ് ചെയ്തു.

സമൂഹത്തിൽ അരാജകത്വം” സൃഷ്ടിക്കാൻ ശ്രമിച്ചതായി ആംനസ്റ്റി പ്രവർത്തകർക്കെതിരെ ആരോപണം ഉയർന്നിരുന്നു. 2013-ല്‍ തുർക്കിയെ പിടിച്ചുകുലുക്കിയ സർക്കാർ വിരുദ്ധ പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെയും ഇതേ ആരോപണമാണ് ഉന്നയിക്കപ്പെട്ടിരുന്നത്. ഇപ്പോൾ ആംനസ്റ്റിയുടെ ഓണററി ചെയർ ആയി സേവനമനുഷ്ഠിക്കുന്ന കിലിക് 14 മാസത്തെ ജയിൽവാസത്തിന് ശേഷം 2018 ഓഗസ്റ്റിൽ ജാമ്യത്തിൽ ഇറങ്ങിയിരുന്നു.

തുർക്കി നിരോധിച്ച യുഎസ് ആസ്ഥാനമായുള്ള മുസ്‌ലിം പ്രസംഗകൻ ഫെത്തുല്ല ഗെലന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനവുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. 2016-ൽ പ്രസിഡന്റ് റെസെപ് ത്വയ്യിപ് എർദോഗാനെ അട്ടിമറിക്കാൻ ശ്രമം നടത്തിയത് ഗെലനാണെന്നാണ് തുര്‍ക്കിയുടെ ആരോപണം. അട്ടിമറി പ്രവര്‍ത്തികള്‍ ഏകോപിപ്പിക്കുന്നതിന് ഉപയോഗിച്ചതായി അധികൃതർ കരുതുന്ന എൻക്രിപ്റ്റ് ചെയ്ത ‘ബൈലോക്ക്’ എന്ന ആപ്ലിക്കേഷൻ കിലിക് ഉപയോഗിച്ചതായി അധികൃതർ അവകാശപ്പെടുന്നു.

ഇടുക്കിയിൽ രാജാപ്പാറയിലുള്ള സ്വകാര്യ റിസോർട്ടിൽ കൊവിഡ് സാഹചര്യത്തിലെ പ്രത്യേക നിയന്ത്രണങ്ങളെ കാറ്റിൽപ്പറത്തി വ്യവസായി സംഘടിപ്പിച്ച നിശാപാർട്ടിയിൽ പങ്കെടുത്തത് ഉന്നതർ. റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും മദ്യസത്കാരവും സംഘടിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർചെയ്തു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ചായിരുന്നു മുന്നൂറോളം പേരെ പങ്കെടടുപ്പിച്ച് പാർട്ടി നടത്തിയത്. സംഭവത്തിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യനെതിരേയാണ് ശാന്തൻപാറ പോലീസ് വ്യാഴാഴ്ച കേസെടുത്തത്. നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്.

ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായസ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ജൂൺ 28ന് ഡിജെ പാർട്ടിയും ബെല്ലി ഡാൻസ് ഉൾപ്പെടെയുള്ള പരിപാടികളും ഉണ്ടായിരുന്നു. രാത്രി എട്ടിന് തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടു. മതമേലധ്യക്ഷന്മാരും സിനിമാതാരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളടക്കം പൊതുപ്രവർത്തകരും ഉന്നതോദ്യോഗസ്ഥരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

ഈ പാർട്ടി സജ്ജീകരിച്ചത് സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ്. ആഘോഷത്തിൽ മുന്നൂറോളം പേർ പങ്കെടുത്തെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമികവിവരം. ഒരേസമയം 60 മുതൽ നൂറു പേർവരെ ഒത്തുചേർന്നു. മദ്യപിക്കുന്നതിനുള്ള സൗകര്യവും ഏർപ്പാടാക്കിയിരുന്നു. ബെല്ലി ഡാൻസിനായി നർത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ചെന്നാണ് വിവരം.

വ്യാപകമായി ആക്ഷേപം ഉയർന്നിട്ടും ആദ്യഘട്ടത്തിൽ പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. ഇതിൽ പ്രതിഷേധമുയർന്നപ്പോഴാണ് കേസെടുത്തത്. പാർട്ടി നടന്ന ദിവസം റിസോർട്ടിൽ പരിശോധന നടത്താൻ പോലീസെത്തിയതായും വിവരമുണ്ട്. എന്നാൽ ഉന്നത ഇടപെടലിനെത്തുടർന്ന് ഇവർ മടങ്ങുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ശാന്തൻപാറ പോലീസ് അറിയിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ജില്ലാ പോലീസ് മേധാവിയോട് സംസാരിച്ച് നടപടി ഉറപ്പുവരുത്തിയിരുന്നു എന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ പറഞ്ഞു.

കണ്ണൂർ ശ്രീകണ്ഠാപുരത്ത് സ്വകാര്യ ക്ലിനിക്കിൽ പരിശോധനയ്ക്കായി എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകണ്ഠാപുരം ബസ് സ്റ്റാൻഡിലെ എസ്എംസി ക്ലിനിക്കിലെ ഡോ. പ്രശാന്ത് ജി നായ്ക്കിനെയാണ് ശ്രീകണ്ഠാപുരം എസ്‌ഐ ടിസുനിൽകുമാർ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ചെവിവേദനയുമായി ഭർത്താവിനും കുഞ്ഞിനുമൊപ്പം ശ്രീകണ്ഠാപുരത്തെ ക്ലിനിക്കിലെത്തിയ യുവതിയോടായിരുന്നു ഡോക്ടറുടെ ക്രൂരത. ചെവിയിൽ മരുന്നൊഴിച്ചതിനുശേഷം യുവതിയോട് ഡോക്ടർ പുറത്തിരിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് മറ്റു രോഗികളെ പരിശോധിച്ച് വിട്ടശേഷം കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ച് യുവതിയെ കടന്നുപിടിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.

13 വർഷം മുൻപ് ബെംഗളൂരുവിൽനിന്ന് കേരളത്തിലെത്തിയ പ്രശാന്ത് നായിക്ക് പയ്യാവൂർ, കോഴിത്തുറ, ചുണ്ടപ്പറമ്പ്, കുറുമാത്തൂർ എന്നിവിടങ്ങളിലെല്ലാം ജോലിചെയ്തിട്ടുണ്ട്.

അതേസമയം, മുമ്പ് ഒരു സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കടന്നതിന് പയ്യാവൂരിലടക്കം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നാല് ക്രിമിനൽ കേസുകളുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.

ബിജോ തോമസ് അടവിച്ചിറ

ദിലീപിന്റ കരിയറിലെ ഏറ്റവും സൂപ്പർ ഹിറ്റ് ചിത്രം ഇതെന്ന് ചോദിച്ചാൽ കുട്ടികൾ തുടങ്ങി മുതിർന്നവർ വരെ ഒറ്റവാക്കിൽ പറയും അത് സിഐഡി മൂസ എന്ന്. മലയാളികളുടെ സിനിമ ആസ്വാദനത്തിൽ ചിരി വർഷങ്ങൾ വിരിയിച്ചു സിഐഡി മൂസ കടന്നു വന്നിട്ട് ഇന്ന് 17 വർഷം ആകുന്നു. സിഐഡി മൂസ എന്ന ചിത്രം ജോണി ആന്റണി എന്ന സംവിധയകന്റെ പിറവികൂടി ആയിരുന്നു. ചങ്ങനാശേരി മാമ്മൂട് നിവാസി ആയ ജോണി ആന്റണി ഒട്ടനവധി കോമഡി പ്രമേയം ആക്കി സിനിമകൾ ചെയ്‌തെങ്കിലും ഇന്നും ആരാധകരെ ആവേശത്തിൽ ആക്കി ഒരു രണ്ടാം ഭാഗം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടി ആണ് സിഐഡി മൂസ.

ഇന്ന് മലയാള സിനിമയ്ക്ക് കൊച്ചിൻ ഹനീഫയും ജഗതിയെയും പോലുള്ള കലാകാരന്മാരുടെ വിടവ് നികത്താൻ പകരക്കാർ ഇല്ലാതെ ഇരിക്കുന്ന വേളയിൽ. ഒട്ടനവധി ചിത്രങ്ങളിൽ കോമഡി കഥാപാത്രങ്ങളിലൂടെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ തകർപ്പൻ പ്രകടനം നടത്തി ജോണി ആന്റണി പ്രേക്ഷകരുടെ മനസ്സിൽ മറ്റൊരു സ്ഥാനം കൂടെ നേടിയിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം……

നമസ്‌കാരം ,

ഇന്ന് ജൂലൈ നാല് … 17 വര്‍ഷം മുന്നേ 2003 ജുലൈ 4ന് ആണ് ‘ CID മൂസ ‘ എന്ന എന്റെ ആദ്യ സിനിമയും ഞാന്‍ എന്ന സംവിധായകനും പിറവി കൊണ്ടത് .ഈ അവസരത്തില്‍ ഞാന്‍ ആദ്യം ഓര്‍ക്കുന്നത് എതൊരു തുടക്കകാരന്റെയും ഒരുപാട് നാളത്തെ അലച്ചിലുകള്‍ക്കും കഷ്ടപാടുകള്‍ക്കും ഒടുവില്‍ ആദ്യമായി എനിക്ക് ഒരു സിനിമ ചെയ്യാന്‍ അവസരം തന്ന ദിലീപിനെയും ആ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായ അനൂപിനെയും ആണ് ,അതുപോലെ എന്റെ മനസ്സിനിണങ്ങിയ ഒരു തിരകഥ എനിക്ക് നല്‍കിയ പ്രിയപ്പെട്ട എന്റെ എഴുത്തുകാര്‍ ഉദയനും സിബിയും ,മോണിറ്റര്‍ പോലും ഇല്ലാതിരുന്ന കാലത്ത് എന്റെ കണ്ണും മനസ്സും ആയി പ്രവര്‍ത്തിച്ച ഗുരുതുല്യനായ പ്രിയപ്പെട്ട ക്യാമറാമാന്‍ സാലുവേട്ടന് , മികച്ച ചിത്രസംയോജനത്തിലൂടെ ആ വര്‍ഷത്തെ സ്റ്റേറ്റ് അവാര്‍ഡ് നേടിയ എന്റെ പ്രിയ രഞ്ജന്‍ എബ്രഹാമിന് ,കേള്‍ക്കുന്ന ഏതൊരാളും മൂളിപ്പോകുന്ന തരത്തില്‍ ജനകീയമായ ഗാനങ്ങള്‍ തന്ന് എന്നെ അനുഗ്രഹിച്ച വിദ്യാസാഗര്‍ സാറിനും ഗിരീഷേട്ടനും ,ആ പാട്ടുകള്‍ക്ക് അഴകേറുന്ന ചുവടുകള്‍ സംവിധാനം ചെയ്ത് തന്ന പ്രസന്ന മാസ്റ്റര്‍ക്കും ,ഈ സിനിമയിലെ ഫൈറ്റ് മാസ്റ്റെര്‍സ് ആയ ത്യാഗരാജന്‍ മാസ്റ്റര്‍ക്കും മാഫിയ ശശിയേട്ടനും , നല്ല കലാസംവിധാനത്തിലൂടെ ആ സിനിമയ്ക്ക് ഭംഗി കൂട്ടിയ പ്രിയപെട്ട ബാവയ്ക്ക് ,മേക്കപ്പ് ചെയ്ത ശങ്കരേട്ടനും , വസ്ത്രാലങ്കാരം നിര്‍വഹിച്ച സായിക്കും മനോജ് ആലപ്പുഴയ്ക്കും ,കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ സ്വാധീനം തീരെയില്ലായിരുന്ന ആ കാലത്തും അത്യാധുനിക സാങ്കേതികതയുടെ പുത്തന്‍ വശങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ച കമല കണ്ണന്,റിലീസിന്റെ ഓട്ടപാച്ചിലിനിടയില്‍
വെറും 24 മണിക്കൂര്‍ കൊണ്ട് മിക്‌സിംഗ് പൂര്‍ത്തിയാക്കി തന്ന AVMലെ രവി സാറിനോട് , ആ സിനിമ സമാധാനമായി പൂര്‍ത്തീകരിക്കാന്‍ എന്നെ സഹായിച്ച പ്രിയപെട്ട ആല്‍വിന്‍ ആന്റണിക്കും, ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ച മെറിലാന്‍ഡ് യൂണിറ്റിനും പിന്നെ അസാമാന്യമായ അഭിനയ മികവിലൂടെ നിങ്ങളെ പൊട്ടിചിരിപ്പിച്ച കയ്യടിപ്പിച്ച ഇന്ന് നമ്മളെ വിട്ടുപിരിഞ്ഞ മുരളി ചേട്ടന്‍, ഹനീഫിക്ക ,ക്യാപ്റ്റന്‍ രാജുച്ചായന്‍,ഒടുവില്‍ ഉണ്ണികൃഷ്ണേട്ടന്‍ ,സുകുമാരി ചേച്ചി,മച്ചാന്‍ വര്ഗീസ് ,പറവൂര്‍ ഭരതന്‍ പിന്നെ അപകടം വരുത്തിയ ആരോഗ്യ സ്ഥിതിയില്‍ നിന്ന് എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ എന്ന് നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്ന ,പ്രാര്‍ത്ഥിക്കുന്ന നമ്മുടെ പ്രിയപെട്ട അമ്പിളി ചേട്ടന് ( ജഗതി ശ്രീകുമാര്‍ ), പ്രിയപെട്ട ഹരിശ്രീ അശോകന്‍ ചേട്ടന്, സലിം കുമാര്‍ ,ഇന്ദ്രന്‍സ് ഏട്ടന്‍ , വിജയരാഘവന്‍ ചേട്ടന്‍ , ആശിഷ് വിദ്യാര്‍ത്ഥി , ശരത് സക്‌സേന , ഭാവന , കസാന്‍ ഖാന്‍ ,സുധീര്‍ ,റെയ്സ് ,ബിന്ദു പണിക്കര്‍ ,നാരായണന്‍ കുട്ടി ചേട്ടന്‍ എന്നിവരൊടൊപ്പം ഇവരെയൊക്കെ കടത്തി വെട്ടി സ്‌ക്രീനില്‍ കയ്യടി നേടിയ ഞങ്ങളുടെ പ്രിയപെട്ട നായക്കുട്ടി അര്‍ജുനും ,
ഞങ്ങളുടെ സിനിമയെ നല്ല രീതിയില്‍ വിതരണം ചെയ്ത ഹംസക്കയ്ക്കും സേവ്യറേട്ടനും , അതുപോലെ ആ സിനിമയെ നന്നായി പ്രദര്‍ശിപ്പിച്ച എല്ലാ തീയേറ്റര്‍ ഉടമകളോടും എല്ലാത്തിനും പുറമേ CID മൂസ എന്ന സിനിമയെ അന്നും ഇന്നും എന്നും നെഞ്ചിലേറ്റി സൂക്ഷിക്കുന്ന ഓരോ പ്രേക്ഷകര്‍ക്കും ,പിന്നെ ഞാന്‍ എന്ന സംവിധായാകന്‍ ഉണ്ടാവണം എന്നും എന്റെ ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റ് ആവണം എന്നും ഏറ്റവും അധികം ആഗ്രഹിച്ച എന്നെ സിനിമയില്‍ എത്തിച്ച കഴിഞ്ഞ വര്‍ഷം നമ്മളെ വിട്ടുപിരിഞ്ഞ എന്റെ പ്രിയപെട്ട ജോക്കുട്ടനും അങ്ങനെ എല്ലാവരോടും ഈ പിറന്നാള്‍ ദിനത്തില്‍ ഹൃദയത്തില്‍ തൊട്ടു ഒരിക്കല്‍ കൂടി ഞാന്‍ പറയുന്നു …

നന്ദി ! നന്ദി ! നന്ദി
സ്‌നേഹത്തോടെ
ജോണി ആന്റണി

പ്രതികൂല കാലാവസ്ഥയിലും ഇനി കൊച്ചിയില്‍ വിമാനമിറങ്ങാം.
അത്യാധുനിക റണ്‍വെ ലൈറ്റിങ് സംവിധാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സജ്ജമായി. മോശം കാലാവസ്ഥയിലും പൈലറ്റിന് അതീവ സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ സഹായിക്കുന്ന കാറ്റഗറി-3 റണ്‍വേ ലൈറ്റിങ് സംവിധാനമാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്.

എയ്റോനോട്ടിക്കല്‍ ഗ്രൗണ്ട് ലൈറ്റിങ് എന്ന റണ്‍വെയിലെ വെളിച്ചവിതാനത്തിന്റെ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് കാറ്റഗറി-3. ദക്ഷിണേന്ത്യയില്‍ ബാംഗ്ലൂര്‍ വിമാനത്താവള റണ്‍വേക്ക് മാത്രമാണ് ഇതുവരെ ഈ സംവിധാനമുണ്ടായിരുന്നത്. 124 കോടിയോളം രൂപമുടക്കി നടത്തിയ റണ്‍വെ പുനരുദ്ധാരണ പദ്ധതിയ്ക്കൊപ്പമാണ് 36 കോടി രൂപയുടെ ലൈറ്റിങ് നവീകരണം നിര്‍വഹിച്ചത്.

റണ്‍വെ, ടാക്സി വേ, ടാക്സി ലിങ്കുകള്‍, പാര്‍ക്കിങ് ബേ എന്നിവിടങ്ങളിലെല്ലാം ആധുനികമായ ലൈറ്റിങ് സംവിധാനം ഘടിപ്പിച്ചതോടെ ശക്തമായ മഴ വന്നാലും പുകമഞ്ഞുള്ളപ്പോഴും പൈലറ്റിന് റണ്‍വേയും അനുബന്ധ പാതകളും വ്യക്തമായി കാണാന്‍ കഴിയും. മഴക്കാലത്തും പുകമഞ്ഞ് ഉള്ളപ്പോഴും വിമാനം, വിമാനത്താവളത്തെ സമീപിക്കുന്ന സമയം മുതല്‍ ലാന്‍ഡിങ്, പാര്‍ക്കിങ് സമയം വരെ പൈലറ്റിന് ഏറ്റവും സുരക്ഷിതമായി നിയന്ത്രിക്കാന്‍ കാറ്റഗറി മൂന്ന് ലൈറ്റിങ് സംവിധാനം സഹായിക്കും.

റണ്‍വെയുടെ മധ്യരേഖയില്‍ 30 മീറ്റര്‍ ഇടവിട്ടുള്ള ലൈറ്റിങ് 15 മീറ്റര്‍ ഇടവിട്ടാക്കിയിട്ടുണ്ട്. റണ്‍വെയുടെ അരികുകള്‍, വിമാനം ലാന്‍ഡ് ചെയ്യുന്ന ഭാഗത്തെ 900 മീറ്റര്‍ ദൂരം, റണ്‍വെ അവസാനിക്കുന്ന ഭാഗം, ടാക്സിവേ, അഞ്ച് ടാക്സിവേ ലിങ്കുകള്‍ എന്നിവയുടെ ലൈറ്റിങ് സംവിധാനം ആധുനികമാക്കി. ഇതിനായി മൊത്തം മൂന്ന് ലക്ഷം മീറ്ററോളം കേബിള്‍ ഇടേണ്ടിവന്നു. നിലവിലുള്ള ലൈറ്റുകള്‍ക്ക് പുറമേ രണ്ടായിരത്തോളം ലൈറ്റുകള്‍ സ്ഥാപിച്ചു. ലൈറ്റിങ് സംവിധാനം തകരാറിലായാല്‍ ഉടന്‍തന്നെ സമാന്തര സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങും. പൂര്‍ണമായും കമ്പ്യൂട്ടര്‍ നിയന്ത്രിതമാണ് സിയാല്‍ സ്ഥാപിച്ച കാറ്റഗറി- 3 ലൈറ്റിങ്.

ലോകത്താകമാനം കോവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുക്കുകയാണ്. അതിനിടെ മഹാമാരിയെ പിടിച്ചുകെട്ടിയെന്ന അവകാശവാദവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഉത്തരകൊറിയ. കോവിഡിനെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞുവെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞു.

കോവിഡ് വ്യാപനം തടയാന്‍ കഴിഞ്ഞത് വലിയ സന്തോഷം നല്‍കുന്നുവെന്നും നിര്‍ദേശങ്ങള്‍ ജനങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചതിനാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്നും കിം കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമമായ കെസിഎന്‍എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡിനെ പ്രതിരോധിക്കുന്നതിന് ചേര്‍ന്നു പ്രവര്‍ത്തിച്ച പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയെയും തീരുമാനങ്ങള്‍ അക്ഷരംപ്രതി അനുസരിച്ച ജനങ്ങളെയും കിം അഭിനന്ദിച്ചു. ലോകമെമ്പാടും ആരോഗ്യപ്രതിസന്ധി തുടരുന്നതിനിടെയും മാരകമായ വൈറസിനെ പിടിച്ചുകെട്ടാന്‍ പകര്‍ച്ചവ്യാധി വിരുദ്ധ സാഹചര്യം നിലനിര്‍ത്താന്‍ കിം നിര്‍ദേശിച്ചിരുന്നതായി കെസിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു.

അയല്‍രാജ്യങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യമായതിനാല്‍ കഴിയുന്നത്ര മുന്‍കരുതലെടുക്കണമെന്നും ജാഗ്രത പാലിക്കണമെന്നും കിം നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധി വിരുദ്ധ തയാറെടുപ്പുകളില്‍ ഇളവുകള്‍ വരുത്തുന്നത് ഒരിക്കലും ചിന്തിക്കാന്‍ കഴിയാത്ത തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കാവും വഴിതെളിക്കുകയെന്നും കിം വ്യക്തമാക്കുന്നു.

കോഴിക്കോട്∙ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ തന്റെ സ്കൂളിൽ നിന്ന് ഒരാൾ തോറ്റുവെന്നും അവനെ മാത്രമേ താൻ വിളിച്ച് അന്വേഷിച്ചുള്ളൂവെന്നും ഹെഡ്മാസ്റ്ററായ വി.പി. പ്രഭാകരൻ. വടകര മടപ്പള്ളി ജിവിഎച്ച്എസിലെ പ്രധാന അധ്യാപകനാണ് പ്രഭാകരൻ മാസ്റ്റർ. വിജയിച്ച 434 പേരെയും വിളിച്ചില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. കുറിപ്പിങ്ങനെ–

‘തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തിൽ. ഞാൻ അവനെ മാത്രമേ വിളിച്ചുള്ളൂ. വിജയിച്ച 434 പേരിൽ ഒരാളെയും വിളിക്കാതെ. കാരണം അവനോടൊപ്പം തോറ്റയാളിൽ ഒരാളാണു ഞാനും. ഇപ്രാവശ്യം ആരും തോല്‍ക്കുമെന്നു കരുതിയിരുന്നില്ല. തോൽക്കുമെന്നു കരുതിയവരെ നാം കൂടെ കൊണ്ടു നടന്നു. അതിൽ അക്ഷരം ശരിക്കെഴുതാൻ അറിയാത്തവരുമുണ്ടായിരുന്നു. അവരോട് കാണിച്ച കരുതൽ, സ്നേഹം പൂർണമായും അവർക്കു തിരിച്ചറിയാൻ കഴിഞ്ഞു. പരാജയഭീതിയിൽ വെളിച്ചമറ്റ കണ്ണുകളിൽ കണ്ട തിളക്കം, ലൈബ്രറി മുറിയിൽ പോകുമ്പോഴൊക്കെ ഞാൻ തിരിച്ചറിഞ്ഞു. എന്തൊരു സ്നേഹത്തോടെയാണ് ടീച്ചർമാർ അവരോടു പെരുമാറിയിരുന്നത്. ഒരുപക്ഷേ ആ കുട്ടികൾ ജീവിതത്തിൽ ഈ സ്നേഹം മുൻപ് അനുഭവിച്ചിട്ടുണ്ടാവില്ല. ഇത്ര സ്നേഹവും കരുതലും നല്‍കാൻ ടീച്ചർക്ക് ഇതിനു മുൻപ് ഒരവസരം ലഭിച്ചിട്ടുമുണ്ടാവില്ല.

പരീക്ഷാ ദിനങ്ങളിൽ ഇവർ ഇരിക്കുന്ന ക്ലാസ് മുറികളിൽ പോകുമ്പോൾ അവരുടെ കണ്ണുകളിൽ തെളിഞ്ഞ നന്ദി സൂചകമായ നനവിന്റെ തിളക്കം. അവരുടെ അടുത്ത് പോയി തോളിൽ തട്ടി പ്രശ്നമൊന്നുമില്ലല്ലോ എന്നു പറഞ്ഞപ്പോൾ നോക്കിയ നോട്ടത്തിലെ സ്നേഹം. എനിക്ക് ഇപ്പോൾ തോന്നുകയാണ് തോറ്റുപോയ ആ മോനും ഒരു പക്ഷേ എന്നെ നോക്കിയിട്ടുണ്ടാവാം. ഞാനത് കണ്ടില്ലല്ലോ? നമ്മുടെ നോട്ടത്തിൽനിന്ന് കരുതലിൽനിന്ന് സ്നേഹത്തിൽനിന്ന് വിട്ടു പോയ ഒരു കുട്ടി.

ഇന്നു വിളിച്ചപ്പോൾ പറഞ്ഞു: സാർ ഞാൻ ജയിക്കുമെന്ന് തന്നെയാണു കരുതിയത്. വീട്ടിൽ ഉമ്മയില്ലേ എന്ന് ചോദിച്ചപ്പോൾ അവർ അടുത്ത വീട്ടിലാണെന്ന് പറഞ്ഞു. കുറച്ച്കഴിഞ്ഞപ്പോൾ ഉമ്മ തിരിച്ചുവിളിച്ചു– എന്റെ മോൻ മാത്രം തോറ്റു പോയി. പരീക്ഷ കഴിഞ്ഞപ്പോൾ അവൻ ജയിക്കുമെന്നാണ് എന്നോട് പറഞ്ഞത്. ജയവും തോൽവിക്കുമിടയിൽ എന്താണുള്ളത്? വെറുതെ ചിന്തിച്ചു പോയി. നമ്മുടെ കരുതലിന്റെ എന്തെങ്കിലും ഒരു കുറവ്? അവനോടൊപ്പം തോറ്റു പോയത് നമ്മൾ കൂടിയാണല്ലോ.

റീവാല്വേഷനിൽ അവൻ ജയിക്കുമായിരിക്കും. അല്ലെങ്കിൽ സേ പരീക്ഷയിൽ. നൂറ് ശതമാനം ലഭിക്കുമ്പോഴാണ് എല്ലാ വിജയങ്ങളും ആഘോഷമാവുന്നത്. പക്ഷേ, പരീക്ഷകളിൽ പരാജയപ്പെട്ട എത്രയോ പേർ പിന്നീട് ജീവിതത്തിൽ വലിയ വിജയം ആഘോഷിച്ചിട്ടുണ്ട് എന്നും നമുക്കറിയാം. ഞാൻ അവനോട് പറഞ്ഞു, സാരമില്ല, നീ നാളെ സ്ക്കൂളിൽ വാ. അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: വരാം സാർ. ഫോണിനപ്പുറത്ത് അവന്റെ മുഖം എനിക്കു ശരിക്കും കാണാമായിരുന്നു.

കലക്ടറേറ്റിന്റെ പടികൾ കയറി ഇറങ്ങുമ്പോൾ ആ അമ്മ രണ്ടു മക്കളേയും ചേർത്തു പിടിച്ചു. പോകാനുള്ള വഴികൾ അടഞ്ഞപ്പോഴാണ് അവർ മൂവരും അഭയം തേടി വിവിധ വകുപ്പ് അധികൃതരുടെ മുന്നിലെത്തിയത്. ബെംഗളൂരുവിൽ നിന്ന് എത്തി 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയിട്ടും സ്വന്തം വീട്ടിലോ ഭർതൃവീട്ടിലോ സ്വീകരിക്കാതെ പെരുവഴിയിലായി കുറവിലങ്ങാട് നസ്രത്ത് ഹിൽ സ്വദേശിനികളായ യുവതിയും (38) മക്കളും. 7 വയസ്സുകാരിയും 4 വയസ്സുകാരനും അമ്മയോടൊപ്പമാണ് കലക്ടറേറ്റിൽ എത്തിയത്. എട്ട് മണിക്കൂറോളം രണ്ടു കുഞ്ഞുങ്ങളുമായി ആ അമ്മ അഭയം തേടി അലഞ്ഞു. താൽക്കാലിക അഭയ സ്ഥാനത്ത് നിന്ന് എങ്ങോട്ട് പോകണമെന്ന് ഇവർക്ക് ഇനിയും അറിയില്ല.

ഒന്നര വർഷമായി ബെംഗളൂരുവിൽ നഴ്സിങ് ജോലി ചെയ്തുവരുന്ന യുവതി കുട്ടികളുമായി രണ്ടാഴ്ച മുൻ‍പാണ് കേരളത്തിൽ എത്തിയത്. പാലായിലെ ക്വാറന്റീൻ കേന്ദ്രത്തിൽ 2 ആഴ്ച കഴിഞ്ഞ ശേഷം ഭർത്താവിനെ വിവരം അറിയിച്ചു. ഇന്നലെ രാവിലെ ഭർത്താവ് എത്തി ഇവരെ പാലായിലെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്നു വിളിച്ചു കൊണ്ടു വന്നു. കുറുമള്ളൂർ വേദഗിരിയിൽ ഉള്ള വീട്ടിലാക്കുന്നതിന് പകരം യുവതിയുടെ വീടായ കുറവിലങ്ങാട് നസ്രത്ത് ഹില്ലിലേക്കാണ് ഇയാൾ ഭാര്യയെയും മക്കളെയും കൊണ്ടുപോയത്. വീടിനു സമീപം ഇവരെ നിർത്തിയ ശേഷം മടങ്ങി.

വീട് പൂട്ടിയ നിലയിലായിരുന്നു. അമ്മയെ ഫോണിൽ വിളിച്ചിട്ടും ലഭിച്ചില്ല. ബെംഗളൂരുവിലുള്ള സഹോദരനെ ഫോണിൽ വിളിച്ചെങ്കിലും നാട്ടിൽ പോലും കയറരുതെന്നാണ് പറഞ്ഞതെന്ന് യുവതി പറയുന്നു. ക്വാറന്റീൻ കഴിഞ്ഞ ശേഷം എത്തിയാൽ താമസിപ്പിക്കാമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി യുവതി പറയുന്നു. വീട്ടിൽ കയറാൻ കഴിയാതെ വന്നതോടെ സാന്ത്വനം ഡയറക്ടർ ആനി ബാബുവിനെ ഫോണിൽ വിളിച്ചു. തുടർന്നാണ് ഇവർ കലക്ടറേറ്റിൽ എത്തിയത്.

ആനി ബാബു കലക്ടറെ കണ്ട് ഇവരുടെ സ്ഥിതി ബോധ്യപ്പെടുത്തി. കലക്ടർ സാമൂഹിക ക്ഷേമ ഓഫിസറോടു നടപടി സ്വീകരിക്കാൻ നിർദേശിച്ചു. എന്നാൽ പൊലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാ‍ൻ നിർദേശം നൽകാമെന്ന് അറിയിച്ച് ഇവരും കൈവിട്ടു. ഭക്ഷണം പോലും കഴിക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടിയ ഇവരെ ആനി ബാബു ഇടപെട്ട് ഇന്നലെ വൈകിട്ട് അഞ്ചോടെ താൽക്കാലിക സൗകര്യം ഒരുക്കി കളത്തിപ്പടിയിലെ ‍കോവിഡ് സംരക്ഷണ കേന്ദ്രത്തിലാക്കി.

ഷെറിൻ പി യോഹന്നാൻ

മലയാളത്തിലെ ആദ്യ ഒടിടി റിലീസ്. വിജയ് ബാബുവിന്റെ നിർമാണത്തിൽ ഇന്ന് പുറത്തിറങ്ങിയ ‘സൂഫിയും സുജാതയും.’ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഒരു പ്രതീക്ഷയും വയ്ക്കാതെ തന്നെ കാണാൻ ഇരുന്നതിനാൽ മനോഹര കാഴ്ചയായാണ് സൂഫിയുടെയും സുജാതയുടെയും പ്രണയകഥ എനിക്കനുഭവപ്പെട്ടത്. 10 വർഷത്തിന് ശേഷം തന്റെ ഗുരുവിന്റെ ഗ്രാമത്തിലേക്ക് എത്തുന്ന സൂഫിയിലൂടെയാണ് കഥ ആരംഭിക്കുന്നത്. സൂഫിയുടെ ബാങ്ക് വിളിയിലാണ് ആ ഗ്രാമം അന്ന് ഉണർന്നത്. പലതും ഉള്ളിലൊളിപ്പിച്ച സൂഫി പ്രേക്ഷകനെ 10 വർഷം പിന്നിലേക്ക് കൊണ്ടുപോകുന്നു. അവിടെ നമ്മൾ സുജാതയെ കണ്ടുമുട്ടുന്നു.

കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ നിന്നുകൊണ്ടാണ് ചിത്രം ഇറക്കുന്നതെന്ന് വിജയ് ബാബു തന്നെ പറഞ്ഞിട്ടുണ്ട്. അതിനെയാദ്യം അഭിനന്ദിക്കണം. വ്യത്യസ്ത മതത്തിൽ നിന്നുള്ള രണ്ട് പേരുടെ പ്രണയകഥ പുതുമയാർന്ന ഒരു വിഷയം അല്ല. എന്നാൽ ഇമ്പമാർന്ന ഗാനങ്ങളിലൂടെയും അഭിനയങ്ങളിലൂടെയുമൊക്കെ ഈ കൊച്ചു ചിത്രത്തെ മനോഹരമാക്കി തീർക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.

എടുത്ത പറയേണ്ട പ്രകടനം അതിഥി റാവുവിന്റേതാണ്. ഒരു നർത്തകിയായും പ്രണയിനിയായുമൊക്കെ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സപ്പോർട്ടിങ് റോളിൽ വന്ന ജയസൂര്യ, സിദ്ദിഖ്, ഉസ്താദ് ആയി വേഷമിട്ട സ്വാമി, സൂഫിയായി അഭിനയിച്ച ദേവ് മോഹൻ തുടങ്ങിയവരെല്ലാം തന്നെ ഒട്ടും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എം ജയചന്ദ്രന്റെ ഗാനങ്ങൾ ചിത്രത്തിന്റെ ആസ്വാദനതലത്തിന് ശക്തിപകർന്നിട്ടുണ്ട്. ഇടയ്ക്കിടെ വന്നുപോകുന്ന റൂഹ് എന്ന ഗാനവും വാതുക്കല് വെള്ളരിപ്രാവ് എന്ന ഗാനവും നന്നായിരുന്നു.

സൂഫിയും സുജാതയും തമ്മിലുള്ള പ്രണയരംഗങ്ങൾ പ്രേക്ഷകനുള്ളിലേക്ക് കയറികൂടുന്ന വിധത്തിൽ ഒരുക്കിയെടുത്തിരിക്കുന്നു. സാധാരണപോലെ അവസാനിക്കുമെന്ന് കരുതിയെങ്കിലും അവസാന 20 മിനിറ്റ് വ്യത്യസ്തമാക്കി തീർത്തു. അതാണ് കൂടുതൽ ഇഷ്ടമായതും. ഗംഭീര സിനിമയെന്ന് അവകാശപ്പെടാനില്ലെങ്കിലും സമയനഷ്ടം തോന്നാത്ത വിധത്തിൽ ഒരുതവണ കണ്ടിരിക്കാവുന്ന ചിത്രമാണിത്.

ഒരു പ്രണയകഥ സുന്ദരമാവുകയാണ്; ഒരുപാട് ഗാനങ്ങളിലൂടെയും കൊച്ചു കൊച്ചു കഥാസന്ദർഭങ്ങളിലൂടെയും. തങ്ങളുടെ മറക്കാനാവാത്ത പ്രണയത്തിൽ സൂഫിയും സുജാതയും ലയിച്ചുചേരട്ടെ. ഒരു മാലയിൽ കൊരുത്ത മുത്തുപോലെ.. ! ഗംഭീര സിനിമയല്ലെങ്കിലും നിരാശ സമ്മാനിക്കാത്ത ചലച്ചിത്ര കാഴ്ചയാണ് ‘സൂഫിയും സുജാതയും.’ മലയാളത്തിലെ ആദ്യ ഒടിടി റിലീസ് എല്ലാംകൊണ്ടും തൃപ്തികരം. കണ്ടുനോക്കുക !

RECENT POSTS
Copyright © . All rights reserved