ഷെറിൻ പി യോഹന്നാൻ
മലയാളത്തിലെ ആദ്യ ഒടിടി റിലീസ്. വിജയ് ബാബുവിന്റെ നിർമാണത്തിൽ ഇന്ന് പുറത്തിറങ്ങിയ ‘സൂഫിയും സുജാതയും.’ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഒരു പ്രതീക്ഷയും വയ്ക്കാതെ തന്നെ കാണാൻ ഇരുന്നതിനാൽ മനോഹര കാഴ്ചയായാണ് സൂഫിയുടെയും സുജാതയുടെയും പ്രണയകഥ എനിക്കനുഭവപ്പെട്ടത്. 10 വർഷത്തിന് ശേഷം തന്റെ ഗുരുവിന്റെ ഗ്രാമത്തിലേക്ക് എത്തുന്ന സൂഫിയിലൂടെയാണ് കഥ ആരംഭിക്കുന്നത്. സൂഫിയുടെ ബാങ്ക് വിളിയിലാണ് ആ ഗ്രാമം അന്ന് ഉണർന്നത്. പലതും ഉള്ളിലൊളിപ്പിച്ച സൂഫി പ്രേക്ഷകനെ 10 വർഷം പിന്നിലേക്ക് കൊണ്ടുപോകുന്നു. അവിടെ നമ്മൾ സുജാതയെ കണ്ടുമുട്ടുന്നു.
കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ നിന്നുകൊണ്ടാണ് ചിത്രം ഇറക്കുന്നതെന്ന് വിജയ് ബാബു തന്നെ പറഞ്ഞിട്ടുണ്ട്. അതിനെയാദ്യം അഭിനന്ദിക്കണം. വ്യത്യസ്ത മതത്തിൽ നിന്നുള്ള രണ്ട് പേരുടെ പ്രണയകഥ പുതുമയാർന്ന ഒരു വിഷയം അല്ല. എന്നാൽ ഇമ്പമാർന്ന ഗാനങ്ങളിലൂടെയും അഭിനയങ്ങളിലൂടെയുമൊക്കെ ഈ കൊച്ചു ചിത്രത്തെ മനോഹരമാക്കി തീർക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
എടുത്ത പറയേണ്ട പ്രകടനം അതിഥി റാവുവിന്റേതാണ്. ഒരു നർത്തകിയായും പ്രണയിനിയായുമൊക്കെ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സപ്പോർട്ടിങ് റോളിൽ വന്ന ജയസൂര്യ, സിദ്ദിഖ്, ഉസ്താദ് ആയി വേഷമിട്ട സ്വാമി, സൂഫിയായി അഭിനയിച്ച ദേവ് മോഹൻ തുടങ്ങിയവരെല്ലാം തന്നെ ഒട്ടും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എം ജയചന്ദ്രന്റെ ഗാനങ്ങൾ ചിത്രത്തിന്റെ ആസ്വാദനതലത്തിന് ശക്തിപകർന്നിട്ടുണ്ട്. ഇടയ്ക്കിടെ വന്നുപോകുന്ന റൂഹ് എന്ന ഗാനവും വാതുക്കല് വെള്ളരിപ്രാവ് എന്ന ഗാനവും നന്നായിരുന്നു.
സൂഫിയും സുജാതയും തമ്മിലുള്ള പ്രണയരംഗങ്ങൾ പ്രേക്ഷകനുള്ളിലേക്ക് കയറികൂടുന്ന വിധത്തിൽ ഒരുക്കിയെടുത്തിരിക്കുന്നു. സാധാരണപോലെ അവസാനിക്കുമെന്ന് കരുതിയെങ്കിലും അവസാന 20 മിനിറ്റ് വ്യത്യസ്തമാക്കി തീർത്തു. അതാണ് കൂടുതൽ ഇഷ്ടമായതും. ഗംഭീര സിനിമയെന്ന് അവകാശപ്പെടാനില്ലെങ്കിലും സമയനഷ്ടം തോന്നാത്ത വിധത്തിൽ ഒരുതവണ കണ്ടിരിക്കാവുന്ന ചിത്രമാണിത്.
ഒരു പ്രണയകഥ സുന്ദരമാവുകയാണ്; ഒരുപാട് ഗാനങ്ങളിലൂടെയും കൊച്ചു കൊച്ചു കഥാസന്ദർഭങ്ങളിലൂടെയും. തങ്ങളുടെ മറക്കാനാവാത്ത പ്രണയത്തിൽ സൂഫിയും സുജാതയും ലയിച്ചുചേരട്ടെ. ഒരു മാലയിൽ കൊരുത്ത മുത്തുപോലെ.. ! ഗംഭീര സിനിമയല്ലെങ്കിലും നിരാശ സമ്മാനിക്കാത്ത ചലച്ചിത്ര കാഴ്ചയാണ് ‘സൂഫിയും സുജാതയും.’ മലയാളത്തിലെ ആദ്യ ഒടിടി റിലീസ് എല്ലാംകൊണ്ടും തൃപ്തികരം. കണ്ടുനോക്കുക !
മാപ്രംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി കവിരാജിനെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. കല്യാണരാമനിലും നിറത്തിലും നിറഞ്ഞു നിന്ന കവിരാജ് ഇപ്പോള്‍ ജീവിതവേഷത്തില്‍ കെട്ടിയാടുന്നത് പൂജാരി വേഷമാണ്. എന്നാല്‍ കലാജീവിതം കൈവിട്ടിട്ടില്ലെന്നും നല്ല വേഷങ്ങള്‍ കിട്ടിയാല്‍ അഭിനയത്തിലേക്കു തിരിച്ചെത്തുമെന്നും കവിരാജ് പറയുന്നു.
ഇല്ലായ്മകളിലാണു കവിരാജിന്റെ ജീവിതം തുടങ്ങുന്നത്. ആലപ്പുഴയില്‍ സ്റ്റീല്‍പാത്ര വില്‍പന തുടങ്ങിയ ആദ്യകാല കടകളിലൊന്ന് കവിരാജിന്റെ പിതാവ് സുബ്രഹ്മണ്യന്‍ ആചാരിയുടേതായിരുന്നു. സ്വര്‍ണപ്പണിയും വ്യാപാരവും എല്ലാം ഉണ്ടായിരുന്നെങ്കിലും അതെല്ലാം നഷ്ടത്തിലായി. 6 മക്കളെയും കൊണ്ട് ഒന്നുമില്ലായ്മയിലേക്ക് എന്ന അവസ്ഥ ആ അച്ഛന് വന്നു. ശേഷം പിതാവ് കാന്‍സര്‍ ബാധിച്ചു മരിച്ചതോടെ ജീവിതം ഇനി എങ്ങനെ എന്ന ചോദ്യമാണ് ബാക്കിയായത്. അമ്മ സരസ്വതി അമ്മാളിന് വേണ്ടിയായി പിന്നീടുള്ള ജീവിതം. 10ാം ക്ലാസില്‍ എത്തിയതോടെ സ്വര്‍ണപ്പണി തുടങ്ങി.
പഠനവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാനാവാത്ത സ്ഥിതി വന്നതോടെ നാടുവിട്ട് കോടമ്പക്കത്ത് എത്തി. ഒരു സുഹൃത്തിനെ യാദൃച്ഛികമായി കണ്ടുമുട്ടി. അയാള്‍ക്കൊപ്പം എത്തിയത് ഹൈദരാബാദിലെ നൃത്തപഠനകേന്ദ്രത്തിലായിരുന്നു. നൃത്തം പഠിച്ചു, ഒപ്പം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി. കിട്ടുന്ന തുക വീട്ടിലേയ്ക്ക് അയച്ചു കൊടുക്കും. ഇതിനു പുറമെ, സഹോദരിയുടെ ഭര്‍ത്താവ് മരിച്ചതോടെ ആ കുടുംബത്തെയും ഒപ്പം കൂട്ടി. നിറത്തിനു ശേഷം കല്യാണരാമന്‍, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനന്‍, രണ്ടാംഭാവം, മഴത്തുള്ളിക്കിലുക്കം തുടങ്ങി 50ലേറെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ കവിരാജ് വേഷമിട്ടു.
പിന്നീട് സീരിയലിലേയ്ക്ക് ചുവടുവെച്ചു. പ്രമുഖ ചാനല്‍ പരമ്പരകളില്‍ വില്ലനും നായകനുമായി താരം ാേനിറഞ്ഞു നിന്നു. ഇതിനിടെയാണ് കൊല്ലം സ്വദേശിനി അനു ജീവിതത്തിലേയ്ക്ക് എത്തുകയും ചെയ്തു. ജീവിത്തില്‍ കാലുറപ്പിച്ചു വന്നപ്പോഴാണ് അമ്മയുടെ വിയോഗം. അമ്മകൂടി പോയതോടെ ആത്മീയതയിലേക്കു കൂടുതല്‍ അടുക്കുകയായിരുന്നു. മന്ത്രങ്ങളും മറ്റും പഠിച്ചുതുടങ്ങി. മകന്‍ ജനിച്ച് കുറച്ചുനാളുകളേ ആയിരുന്നുള്ളൂ. ആത്മീയതയിലേക്കു തിരിഞ്ഞതോടെ ഭാര്യയില്‍ ആശങ്ക നിഴലിച്ചു. വഷളാവുന്നു എന്ന് കണ്ടതോടെ വീട്ടുകാരെത്തി അനുവിനെ കൊണ്ടുപോയി. അപ്പോഴാണ് ശരിക്കും ഒറ്റപ്പെടല്‍ കവിരാജ് അറിയുന്നത്. അങ്ങനെയാണ് ഹിമാലയ യാത്ര തുടങ്ങിയത്.
ബദരീനാഥ് ക്ഷേത്രത്തിലാണ് അത് അവസാനിച്ചത്. പുതിയ ജന്മമെടുക്കുകയാണെന്ന തോന്നല്‍ ഉണ്ടായത് അവിടെ നിന്നാണ്. തിരിച്ചെത്തിയ ഉടന്‍ ഭാര്യയെ വിളിച്ചു. നാട്ടിലെത്തി, പതിയെ ക്ഷേത്രപൂജകളിലും സപ്താഹങ്ങളിലും ഭാഗമാവുകയും ചെയ്തു. ഇതിനിടെ ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിനു സമീപം വീടുപണിയുകയും ചെയ്തു.
എസ്എസ്എല്‍സി റിസള്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ കിടലന്‍ ഓഫറാണ് മലപ്പുറത്തെ ഒരു കാറ്ററിംഗ് കിച്ചണ്‍ നല്‍കിയത്. മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രീ അല്‍ഫഹം നല്‍കുന്നതായിരുന്നു ആ ഓഫര്‍.
എസ്എസ്എല്‍സി റിസള്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ഈ വമ്പന്‍ ഓഫര്‍ നല്‍കിയിരിക്കുന്നത് മലപ്പുറം മൈലപ്പുറം ഫ്രൈപാന്‍ കിച്ചണ്‍ ആണ്. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവര്‍ക്ക് കിച്ചണില്‍ നിന്നും സൗജന്യമായി അല്‍ഫഹം നല്‍കിയിരിക്കുകയാണ് ഉടമകള്‍.
മുഴുവന്‍ എ പ്ലസ് കിട്ടിയവരെ മാത്രമല്ല പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞവര്‍ക്കും ഇവര്‍ സമ്മാനം നല്‍കിയിട്ടുണ്ട്. ജയിച്ചവര്‍ക്ക് വിലക്കിഴിവില്‍ ഇഷ്ടഭക്ഷണ വിഭവങ്ങള്‍ നല്‍കിയപ്പോള്‍ പരീക്ഷയില്‍ തോറ്റുപോയവരെയും ഇവര്‍ മുറുകെ പിടിച്ചു. അവര്‍ക്കും വിലക്കുറവില്‍ ഭക്ഷണം നല്‍കി.
കൊറോണ കാലത്ത് പലരും സാമ്പത്തികമായി പ്രതിസന്ധിയിലാണെന്ന് പറയുമ്പോള്‍ എല്ലാവരേയും പോലെ ബുദ്ധിമുട്ടുകള്‍ പങ്കുവെക്കാന്‍ ഈ സ്ഥാപന ഉടമകള്‍ തയ്യാറായില്ല. നഷ്ടക്കണക്ക് ഇവര്‍ പങ്കു വെച്ചില്ല. നേരത്തെയും ഓരോ സീസണുകളിലും വ്യത്യസ്തമായ ഓഫറുകള്‍ ശ്രദ്ധ നേടിയിരുന്നു ഈ സ്ഥാപനം. വരും ദിവസങ്ങളിലും ഓഫറുകള്‍ നല്‍കി മുന്നോട്ട് പോകുമെന്നാണ് സ്ഥാപനത്തിന്റെ അണിയക്കാര്‍ പറയുന്നത്.
ലഡാക്ക് തലസ്ഥാനമായ ലേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സർപ്രൈസ് വിസിറ്റ്. മുൻകൂട്ടി പ്രഖ്യാപിക്കാതെ അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി ലേയിലെത്തിയത്. ജൂൺ 15ന് ഉണ്ടായ ചൈനീസ് സൈനികരുമായുള്ള ഇന്ത്യൻ സൈന്യത്തിന്റെ സംഘർഷത്തിന് ശേഷം അതിർത്തിയിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. അതിർത്തിയിലെ സൈനിക വിന്യാസവും ചൈനീസ് സൈനികരുമായുള്ള ചർച്ചകളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തും.
ഇതോടൊപ്പം, സംഘർഷത്തിൽ പരിക്കേറ്റ് സൈനിക ആശുപത്രിയിൽ കഴിയുന്ന സൈനികരുമായി പ്രധാനമന്ത്രി സംവദിക്കും. സൈനികരുടെ മനോവീര്യം വർധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദർശനമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ചീഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, കരസേനാ മേധാവി എംഎം നരവനെ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലഡാക്ക് സന്ദർശനം ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി അപ്രതീക്ഷിതമായി അവിടെ എത്തിയിട്ടുള്ളത്.
ജൂൺ 15ന് ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചിരുന്നു.
ഇറ്റാലിയൻ കപ്പലായ എൻറിക്ക ലെക്സിലെ നാവികർ 2012 ഫെബ്രുവരി 15ന് സെന്റ് ആന്റണീസ് എന്ന മത്സ്യബന്ധന ബോട്ടിലെ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ രാജ്യാന്തര ആർബിട്രേഷൻ ട്രൈബ്യൂണൽ വിധി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇന്ത്യക്ക് നഷ്ടപരിഹാരത്തിന് അർഹത.
കടൽക്കൊല കേസിൽ അന്താരാഷ്ട്ര തർക്ക പരിഹാര ട്രൈബ്യൂണലിൽ ഇന്ത്യയ്ക്ക് വിജയം. കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ടെന്ന് ട്രൈബ്യൂണൽ വിധിച്ചു. ഇറ്റലിയൻ നാവികർക്കെതിരെ ഇന്ത്യ നിയമ നടപടി സ്വീകരിച്ചതും ട്രൈബ്യൂണൽ ശരിവച്ചു. എന്നാൽ ഇന്ത്യയിലെ കോടതികൾക്ക് ഈ കേസിൽ തീർപ്പ് കൽപ്പിക്കാനുള്ള അധികാരമില്ലെന്ന് ട്രൈബ്യൂണൽ നീരീക്ഷിച്ചു. ജീവഹാനി, ശാരീരികമായ ഉപദ്രവം, ബോട്ടിനുള്ള കേടുപാടുകൾ, ധാർമികമായ ക്ഷതം എന്നിവയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. ഇന്ത്യയും ഇറ്റലിയും പരസ്പ്പരം ചർച്ച നടത്തി നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കണം. രണ്ടു രാജ്യങ്ങൾക്കും ഇക്കാര്യത്തിൽ ട്രൈബ്യൂണലിന്റെ റൂളിങ്ങിനായി സമീപിക്കാം.
2012ൽ ആണ് കേസിനാസ്പദമായ സംഭവം. ഒരു ഇറ്റാലിയൻ എണ്ണക്കപ്പൽ കേരള തീരക്കടലിലൂടെ നീങ്ങുമ്പോൾ അതിൽ കാവൽ ഡ്യൂട്ടിയിലായിരുന്ന 2 നാവികർ നടത്തിയ വെടിവയ്പ്പിൽ ഒരു മലയാളി ഉൾപ്പെടെ രണ്ടു മൽസ്യത്തൊഴിലാളികൾ കൊല്ലപ്പെടുകയായിരുന്നു. കേസിൽ ഇറ്റാലിയൻ നാവികൻ സാൽവത്തോറെ ജിറോണിനെയും മസ്സിമിലാനോ ലത്തോറിനെയും 2012 ഫെബ്രുവരി 19ന് അറസ്റ്റു ചെയ്തു.
കേസിന്റെ വിചാരണയ്‌ക്കായി സുപ്രീം കോടതി, പ്രത്യേക കോടതിയെ നിയോഗിച്ചെങ്കിലും ട്രൈബ്യൂണലിന്റെ നിർദേശപ്രകാരം നടപടികൾ നിർത്തേണ്ടിവന്നു. ജാമ്യം അനുവദിച്ചെങ്കിലും പ്രതികൾ രാജ്യം വിടുന്നതു വിലക്കിയിരുന്നു. പിന്നീട്, ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്തു ലത്തോറിനെ ഇറ്റലിയിലേക്കു പോകാൻ കോടതി അനുവദിച്ചു.
നാലുവർഷം ഇന്ത്യയിൽ തടവിൽ കഴിഞ്ഞിരുന്ന സൽവത്തോറെ ജിറോൺ പിന്നീട് മോചിതനായി. പ്രതികളെ വിസ്തരിക്കാൻ ആർക്കാണ് അധികാരമെന്ന് അവിടെ തീരുമാനമാവുംവരെ അവരെ തടവിലിടരുതെന്ന കോടതി നിർദേശത്തെ തുടർന്ന് ഇന്ത്യയിലെ സുപ്രീം കോടതി ജിറോണിനെ മോചിപ്പിക്കുകയായിരുന്നു. നെതർലൻഡ്സിൽ ഹേഗിലെ രാജ്യാന്തര ട്രൈബ്യൂണലാണ് പിന്നീട് കേസ് പരിഗണിച്ചത്. കഴിഞ്ഞ വർഷം ജൂലൈലാണ ്അവസാന വാദം കേട്ടത്.
ഇവർക്കെതിരായ കേസ് നിയമ തർക്കങ്ങൾക്കൊടുവിൽ അന്താരാഷ്ട്ര തർക്ക പരിഹാര ട്രൈബ്യൂണലിൽ എത്തുകയായിരുന്നു. കേസ് എടുക്കാൻ കേരളാ പൊലീസിന് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചു. പിന്നീട് ഹേഗിലെ അന്താരാഷ്ട്ര തർക്ക പരിഹാര കോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും വാദം കേട്ട ശേഷം ട്രൈബ്യൂണൽ യുഎൻ ചട്ടങ്ങൾക്ക് വിരുദ്ധമായി നാവികർ പെരുമാറിയെന്ന് കണ്ടെത്തി. നാവികർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിച്ച ഇന്ത്യയുടെ നടപടി ശരിവച്ചു. എന്നാൽ ഇന്ത്യയിലെ കോടതികൾക്ക് ഈ കേസിൽ തീർപ്പ് കൽപിക്കാനുള്ള അധികാരം ഇല്ലെന്നാണ് അന്താരാഷ്ട്ര കോടതിയുടെ നീരീക്ഷണം.
മത്സ്യതൊഴിലാളികള്‍ക്ക് ധനസഹായം നൽകണമെന്നും നാവികർക്ക് എതിരായ ക്രമിനൽ അന്വേഷണം അവസാനിപ്പിക്കണമെന്നും ട്രൈബ്യൂണൽ വിധിച്ചു. ഇന്ത്യ നിയമ വിരുദ്ധമായി തടങ്കലിൽ വച്ചതിന് നാവികർക്ക് നഷ്ടപരിഹാരം നൽകണമെന്ന ഇറ്റലിയുടെ ആവശ്യം ട്രൈബ്യൂണൽ തള്ളി. ഈ ഉത്തരവിന് അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ക്വാറന്റീൻ പൂർത്തിയാക്കിയിട്ടും പ്രവാസി നഴ്സിന് അഭയം നൽകാതെ ഭർത്താവും വീട്ടുകാരും ക്രൂരതയുടെ പര്യായമായി . തൻറെ നേഴ്സിങ് ജോലിക്ക് ഇടയ്ക്ക് ഒത്തിരി പേരുടെ വേദനകളിൽ ആശ്വാസം നൽകിയ ആ മാലാഖ രണ്ടു കുഞ്ഞുങ്ങളുമായി അഭയം തേടി അലഞ്ഞത് എട്ട് മണിക്കൂറോളം ആണ് . കോട്ടയം കലക്ടറേറ്റിന്റെ പടികൾ കയറി ഇറങ്ങുമ്പോൾ നഴ്സായ ആ അമ്മ രണ്ടു മക്കളേയും ചേർത്തു പിടിച്ചു. പോകാനുള്ള വഴികൾ അടഞ്ഞപ്പോഴാണ് അവർ മൂവരും അഭയം തേടി വിവിധ വകുപ്പ് അധികൃതരുടെ മുന്നിലെത്തിയത്.
ബെംഗളൂരുവിൽ നിന്ന് എത്തി 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയിട്ടും സ്വന്തം വീട്ടിലോ ഭർതൃവീട്ടിലോ സ്വീകരിക്കാതെ വന്നതോടെയാണ് കുറവിലങ്ങാട് നസ്രത്ത് ഹിൽ സ്വദേശിനിയായ യുവതിയും (38) മക്കളായ 7 വയസ്സുകാരിയും 4 വയസ്സുകാരനും കലക്ടറേറ്റിൽ എത്തിയത്.എട്ട് മണിക്കൂറോളമാണ് രണ്ടു കുഞ്ഞുങ്ങളുമായി ആ അമ്മ അഭയം തേടി അലഞ്ഞത്. താൽക്കാലിക അഭയ സ്ഥാനത്ത് നിന്ന് എങ്ങോട്ട് പോകണമെന്ന് ഇവർക്ക് ഇനിയും അറിയില്ല.
ഒന്നര വർഷമായി ബെംഗളൂരുവിൽ നഴ്സിങ് ജോലി ചെയ്തുവരുന്ന യുവതി കുട്ടികളുമായി രണ്ടാഴ്ച മുൻപാണ് കേരളത്തിൽ എത്തിയത്. പാലായിലെ ക്വാറന്റീൻ കേന്ദ്രത്തിൽ 2 ആഴ്ച കഴിഞ്ഞ ശേഷം ഭർത്താവിനെ വിവരം അറിയിച്ചു. ഇന്നലെ രാവിലെ ഭർത്താവ് എത്തി ഇവരെ പാലായിലെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്നു വിളിച്ചു കൊണ്ടു വന്നു. കുറുമള്ളൂർ വേദഗിരിയിൽ ഉള്ള വീട്ടിലാക്കുന്നതിന് പകരം യുവതിയുടെ വീടായ കുറവിലങ്ങാട് നസ്രത്ത് ഹില്ലിലേക്കാണ് ഇയാൾ ഭാര്യയെയും മക്കളെയും കൊണ്ടുപോയത്. വീടിനു സമീപം ഇവരെ നിർത്തിയ ശേഷം മടങ്ങി.
വീട് പൂട്ടിയ നിലയിലായിരുന്നു. അമ്മയെ ഫോണിൽ വിളിച്ചിട്ടും ലഭിച്ചില്ല. ബെംഗളൂരുവിലുള്ള സഹോദരനെ ഫോണിൽ വിളിച്ചെങ്കിലും നാട്ടിൽ പോലും കയറരുതെന്നാണ് പറഞ്ഞതെന്ന് യുവതി പറയുന്നു. ക്വാറന്റീൻ കഴിഞ്ഞ ശേഷം എത്തിയാൽ താമസിപ്പിക്കാമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി യുവതി പറയുന്നു.വീട്ടിൽ കയറാൻ കഴിയാതെ വന്നതോടെയാണ് ഇവർ കലക്ടറേറ്റിൽ എത്തിയത്. കലക്ടർ സാമൂഹിക ക്ഷേമ ഓഫിസറോടു നടപടി സ്വീകരിക്കാൻ നിർദേശിച്ചു. എന്നാൽ പൊലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ നിർദേശം നൽകാമെന്ന് അറിയിച്ച് ഇവരും കൈവിട്ടു. ഭക്ഷണം പോലും കഴിക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടിയ ഇവരെ സാമൂഹ്യ പ്രവർത്തകർ ഇടപെട്ട് ഇന്നലെ വൈകിട്ട് അഞ്ചോടെ താൽക്കാലിക സൗകര്യം ഒരുക്കി കളത്തിപ്പടിയിലെ കോവിഡ് സംരക്ഷണ കേന്ദ്രത്തിലാക്കി.
കോവിഡ് 19 വൈറസ് ബാധിച്ച് ഡല്‍ഹിയില്‍ കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ കൂടി മരിച്ചു. സിസ്റ്റര്‍ അജയമേരി, തങ്കച്ചന്‍ മത്തായി എന്നിവരാണ് മരിച്ചത്. എഫ്‌ഐഎച്ച് ഡല്‍ഹി പ്രൊവിന്‍സിലെ പ്രൊവിന്‍ഷ്യാള്‍ ആയിരുന്നു സിസ്റ്റര്‍ അജയമേരി.
പത്തനംതിട്ട പന്തളം സ്വദേശിയാണ് കോവിഡ് ബാധിച്ച് മരിച്ച തങ്കച്ചന്‍ മത്തായി. 65 വയസായിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞദിവസമാണ് രോഗം മൂര്‍ച്ഛിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. രോഗബാധിതരുടെ എണ്ണം 89000 കവിഞ്ഞു. മരണം 2800ഉം കടന്നു. അതേസമയം ഡല്‍ഹിയില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുന്നിലെത്തി. 66.08 ശതമാനം പേര്‍ക്കാണ് രോഗം മാറിയത്.
എന്നാല്‍ ഡല്‍ഹിയില്‍ കോവിഡ് സാഹചര്യങ്ങള്‍ മാറുന്നുവെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്. ജൂണ്‍ 30 കഴിയുമ്പോള്‍ 60000 കോവിഡ് ആക്ടീവ് കേസുകള്‍ പ്രതീക്ഷിച്ചെങ്കില്‍ അത് 26,000 ആക്കി കുറയ്ക്കാന്‍ സാധിച്ചുവെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.
കൊവിഡാണെന്ന ഭീതിയിൽ കുഴഞ്ഞുവീണയാളെ സഹായിക്കാതെ നാട്ടുകാർ. ഒരു മണിക്കൂറിലേറെ ചികിത്സ വൈകിയതിനെത്തുടർന്ന് നഗരമധ്യത്തിൽ കുഴഞ്ഞുവീണ വയോധികൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. വൈക്കം സ്വദേശി തങ്കപ്പനാണ് മരിച്ചത്. കുഴഞ്ഞുവീണ ഇദ്ദേഹത്തെ സ്വകാര്യ വാഹനങ്ങളിൽ കയറ്റാൻ പലരും മടിക്കുകയായിരുന്നു. തുടർന്ന് ചികിത്സ ലഭിക്കാതെ ഒരുമണിക്കൂറോളം റോഡിൽ കിടന്നശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ലഭിച്ചത്.
ഒരുമണിക്കൂറിനു ശേഷമെത്തിയ സ്വകാര്യ ട്രസ്റ്റിന്റെ ആംബുലൻസിൽ തങ്കപ്പനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഇദ്ദേഹം കെഎസ്ആർടിസി സ്റ്റാൻഡിൽ തീയ്യേറ്റർ റോഡിനോട് ചേർന്ന് കുഴഞ്ഞുവീണത്.
മതിലിനോട് ചേർന്ന് നിൽക്കുന്നതിനിടെ മുഖമടിച്ച് വീഴുകയായിരുന്നു. യാത്രക്കാർ അറിയിച്ചതനുസരിച്ച് കൺട്രോൾ റൂമിൽനിന്ന് പോലീസെത്തിയെങ്കിലും ആംബുലൻസ് ലഭിച്ചില്ല. അഗ്നിരക്ഷാസേനയെ അറിയിച്ചെങ്കിലും കൊവിഡിന്റെ പേരുപറഞ്ഞ് എത്താൻ കഴിയില്ലെന്ന് അറിയിച്ചു. പോലീസും യാത്രക്കാരും പല ആംബുലൻസുകാരെയും വിളിച്ചിട്ടും കൊവിഡ് ഭീതിയിൽ ആരും വരാൻ തയാറായില്ല.
സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗമുക്തരായ ദിനമാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 9 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ എട്ട് പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ അഞ്ച് പേര്‍ക്കും, വയനാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. യുഎഇ- 27, കുവൈറ്റ്- 21, ഒമാന്‍- 21, ഖത്തര്‍- 16, സൗദി അറേബ്യ- 15, ബഹറിന്‍- നാല്, മാള്‍ഡോവ- ഒന്ന്, ഐവറി കോസ്റ്റ്- ഒന്ന് എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. ഡല്‍ഹി- 13, മഹാരാഷ്ട്ര-10, തമിഴ്‌നാട്- എട്ട്, കര്‍ണാടക- ആറ്, പഞ്ചാബ്- ഒന്ന്, ഗുജറാത്ത്- ഒന്ന്, പശ്ചിമബംഗാള്‍- ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.
14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയില്‍ അഞ്ച് പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലയില്‍ നാല് പേര്‍ക്ക് വീതവം കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
മലപ്പുറം ജില്ലയില്‍ 57 പേരുടെയും (പാലക്കാട്-1), പാലക്കാട് ജില്ലയില്‍ 53 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ 23 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ 15 പേരുടേയും, കണ്ണൂര്‍ ജില്ലയില്‍ 14 പേരുടെയും (കാസര്‍ഗോഡ്-8), ഇടുക്കി ജില്ലയില്‍ 13 പേരുടെയും, എറണാകുളം ജില്ലയില്‍ 11 പേരുടെയും (ആലപ്പുഴ 1), തൃശൂര്‍ ജില്ലയില്‍ 8 പേരുടെയും, ആലപ്പുഴ ജില്ലയില്‍ 7 പേരുടെയും, കോട്ടയം ജില്ലയില്‍ ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2,088 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2,638 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.
വിവിധ ജില്ലകളിലായി 1,78,099 പേരാണ് നിരീക്ഷണത്തിലുള്ളത്. 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരില്‍ 1,75,111 പേര്‍ വീട്/ഇന്‍സ്‌റ്റിറ്റ‌്യൂഷണൽ ക്വാറന്റെെനിലും 2,988 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 403 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,589 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിൾ, ഓഗ്‌മെന്റഡ് സാംപിൾ, സെന്റിനൽ സാംപിൾ, പൂള്‍ഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,46,799 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4,722 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 52,316 സാംപിളുകൾ ശേഖരിച്ചതില്‍ 50,002 സാപിളുകൾ നെഗറ്റീവ് ആയി.
ഇന്ന് മൂന്ന് പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ (കണ്ടെയ്‌ൻമെന്റ് സോണ്‍ വാര്‍ഡുകള്‍: 3, 26, 31), കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോര്‍പ്പറേഷൻ (56, 62, 66), ഒളവണ്ണ (9) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ.
മൂന്ന് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ (എല്ലാ വാര്‍ഡുകളും), കീഴല്ലൂര്‍ (4 സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ ആനക്കര (13) എന്നിവയെയാണ് കണ്ടെയ്‌ൻമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 123 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്.
ഇടതുമുന്നണി വാതില്‍ തുറന്നാല്‍ അതിലൂടെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് കയറിവരാമെന്ന് പാലാ എംഎല്‍എ മാണി സി. കാപ്പന്‍. ഇടതുമുന്നണി തീരുമാനത്തിനൊപ്പം നല്‍ക്കും. എന്നാല്‍ പാലാ സീറ്റില്‍ ഒത്തുതീര്‍പ്പില്ല. സീറ്റ് വീട്ടുകൊടുക്കുന്ന വിഷയം ഉദിക്കുന്നില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.
അതേസമയം, കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലേക്ക് അടുപ്പിക്കാനുള്ള പാലമിട്ട് സിപിഎം. യുഡിഎഫ് പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജനകീയ അടിത്തറയുള്ള പാര്‍ട്ടിയെന്ന് കോടിയേരിയുടെ പ്രശംസ. ജോസ് കെ മാണി പി ജെ ജോസഫ് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു.
യുഡിഎഫിന്റെ ഭാഗമായിരുന്ന എല്‍ ജെ ഡി യുഡിഎഫ് വിട്ട് എല്‍ ഡി എഫിലേക്ക് വന്നിരുന്നുവെന്നും പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. യുഡിഎഫിലെ പ്രതിസന്ധി എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞു. ബാര്‍ കോഴ സമരം ഇപ്പോഴത്തെ വിഷയമല്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ തിരുവനന്തപുരത്ത് പറഞ്ഞു.