Kerala

നിഷ ജോസ് കെ മാണി

അച്ചാച്ചനും അമ്മയ്ക്കും ഒപ്പം

അച്ചാച്ചനുമായിട്ടുള്ള ഓണം എന്നും മനോഹര സ്മരണകൾ നിറഞ്ഞതായിരുന്നു .അതുകൊണ്ടു തന്നെ അച്ചാച്ചൻ ഞങ്ങളെ വിട്ടുപിരിഞ്ഞ ആദ്യ ഓണത്തിന് ആ ഓർമകളുടെ ഒക്കെ വേലിയേറ്റം എൻെറ മനസ്സിലുണ്ട്. വിവാഹത്തിന് മുൻപുള്ള ഓണത്തിന് അവധിക്കാലം എന്നതിനപ്പുറമുള്ള ഓർമ്മകളൊന്നും എൻെറ മനസിലില്ല. എല്ലാവരും കൂടി അവധിക്കാലത്തു വരുന്നു അത്രയൊക്കയേ ഉള്ളൂ. പക്ഷെ കല്യാണം കഴിഞ്ഞുള്ള ഓരോ ഓണവും അച്ചാച്ചൻറെ സ്നേഹത്തിൻെറയും വാത്‌സല്യത്തിൻെറയും ഓർമകളാണ് ഞങ്ങളുടെ മനസ്സിൽ. ഓരോ ഓണവും അച്ചാച്ചൻ ഞങ്ങൾ കുടുംബാംഗങ്ങൾക്കു വേണ്ടി സ്‌പെഷ്യൽ ആക്കുമായിരുന്നു. എവിടെയെങ്കിലും ഞങ്ങൾ എല്ലാവരും കൂടി പോകുമായിരുന്നു .ഇനി ഒരിടത്തും പോയില്ലെങ്കിലും ഞങ്ങളെല്ലാവരും ഒരുമിച്ചായിരിക്കും. ഏല്ലാവരുംകൂടി ഓണസദ്യ ഉണ്ട് .എൻെറ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത് ഓണസദ്യ കഴിഞ്ഞാൽ അച്ചാച്ചനും ജോയും കുട്ടികളും എല്ലാവരുംകൂടി ഇരുന്ന് കുറേനേരം വർത്തമാനം പറയും അമ്മയും കാണും…..അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് …….. എവിടെയാണെങ്കിലും …

ഒരു പഴയകാല ഓർമ ചിത്രം

ഒരു ജൂണിലാണ് ഹെയർ ഫോർ ഹോപ് ഇന്ത്യാ ക്യാംപയിൻെറ ഭാഗമായി ക്യാൻസർ രോഗികൾക്ക് വിഗ്ഗുണ്ടാക്കാനായി എൻെറ തലമുടി ഞാൻ നൽകിയത് . തലമുടി മുറിച്ചു കഴിഞ്ഞും ക്ലാസൊക്കെ എടുക്കുവാൻ ഞാൻ പോകുമായിരുന്നു. അങ്ങനെയിരിക്കെയാണ് ആഗസ്റ്റ് സെപ്റ്റംബർ ആയപ്പോൾ ഓണക്കാലം വന്നത്. അപ്പോൾ എൻെറ തലമുടി ഒട്ടും വളർന്നിട്ടില്ല ചെറിയ തലമുടി അങ്ങനെ ആണുങ്ങളുടെ തലമുടി പോലെ ….ശരിക്കും അത്രയും പോലും ആയിട്ടില്ലായിരുന്നു. എനിക്കാണേൽ കേരളസാരി ഒക്കെ ഉടുക്കുമ്പോൾ മുല്ലപൂ ചൂടാൻ വലിയ ഇഷ്ടവുമാണ്. എല്ലാവർക്കും അങ്ങനെ ആയിരിക്കുമല്ലോ . എനിക്ക് ഭയങ്കര സങ്കടമായി കാരണം മുല്ലപൂ കുത്താനിയിട്ട് തലമുടി ഇല്ല . അതുപോലെ തന്നെ അച്ചാച്ചൻ ഞങ്ങൾ എല്ലാവരുമായി ഓണം സെലിബ്രേറ്റ് ചെയ്യാൻ ആലോചിക്കുകയും ചെയ്തു. പക്ഷെ എനിക്കൊരു ധൈര്യം ഇല്ലായിരുന്നു. ക്ലാസെടുക്കാൻ പോവുമ്പോൾ തലമുടി ഇല്ലേലും കുഴപ്പമില്ലായിരുന്നു .പക്ഷെ അച്ചാച്ചനും എല്ലാവരുമായി ഓണം ആഘോഷിക്കാൻ …..

അന്ന് ഓണത്തിന് എല്ലാവരും ഒരുങ്ങി കേരളം സാരി ഒക്കെ ഉടുത്തപ്പോൾ ഞാൻ മാത്രം വിഷമിച്ചിരിക്കുകയായിരുന്നു . തലമുടി മുറിച്ചതിൽ പിന്നെ ഞാൻ അച്ചാച്ചനെയോ ആരെയോ കണ്ടിട്ടില്ലാ . അങ്ങനെ ഞങ്ങൾ എല്ലാവരും തിരുവന്തപുരത്തെ വീട്ടിൽ ഓണം ആഘോഷിക്കാനായി എത്തി . തലമുടി ഇല്ലാത്ത എന്നെ കണ്ടപ്പോൾ അച്ചാച്ചൻെറ മുഖത്ത് ഇത്തിരി വിഷമം ഉണ്ടായിരുന്നു . പക്ഷെ പുറമെ കാണിക്കാതെ ചിരിച്ചുകൊണ്ട് അച്ചാച്ചൻ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു . ആ ചിരിയിലും അച്ചാച്ചൻെറ വിഷമം എനിക്കു കാണാമായിരുന്നു . പക്ഷെ ആ സമയം അച്ചാച്ചൻ എന്നോടു പറഞ്ഞ ഒരു കാര്യം അദ്ദേഹത്തിൻെറ വലിയ മനസ്സിൻെറ ധൃഷ്ട്ടാന്തമായിരുന്നു . അച്ചാച്ചൻ പറഞ്ഞു മോളേ  “യു ആർ ദ മോസ്റ്റ് ബ്യൂട്ടിഫുൾ പേഴ്സൺ ഇൻ ദ വേൾഡ്.  നമ്മൾ നോക്കുന്ന ബ്യൂട്ടി എന്നു പറയുന്നത് ഒന്നും പുറമേ ഉള്ള ബ്യൂട്ടി അല്ല ബട്ട് ദ തിങ്ക്സ് ദാറ്റ് വി ഡു . . ഐ ആസ് യുവർ ഫാദർ ഇൻ ലോ റിയലി അപ്പ്രീഷിയേറ്റ് ദി ഫാക്ട് ദാറ്റ് യു ഹാവ് റിയലി ടൺ സംതിങ് ഗ്രെയ്റ്റ് …”. അച്ചാച്ചന്റെ വാക്കുകൾ എനിക്ക് പകർന്നു നൽകിയ സന്തോഷവും അഭിമാനവും വളരെ ഏറെയായിരുന്നു .

അച്ചാച്ചനും കുടുബാംഗങ്ങളും

അതിനുശേഷം അന്ന് തന്നെ എൻെറ മനസിനു വളരെ സന്തോഷം തന്ന് ഇരട്ടി മധുരം പോലെ ഞാൻ മുടി കൊടുത്ത ആൾ എന്നെ വിളിച്ചു, നന്ദി പറയാനും ഓണം ആശംസിക്കാനും. അത്രയും നാളുകൾക്കു ശേഷം അന്നാണവർ എന്നെ വിളിക്കുന്നത് . അവർ പറഞ്ഞു ചേച്ചി ഞാൻ ഇങ്ങനെ കീമോ ഒക്കെ കഴിഞ്ഞ് എന്തു ചെയ്യും എന്ന് വിചാരിച്ചിരുന്നപ്പോഴാണ് ചേച്ചി എനിക്കു മുടി തന്നത്. ആ കുട്ടിയുടെ സന്തോഷം കണ്ടപ്പോൾ എനിക്കു തോന്നി ഇതാണ് എൻെറ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓണമെന്ന്. അച്ചാച്ചൻ തന്ന ആ മെസേജുകളും ആ കുട്ടിയുടെ ഓണാശംസകളും കൂടി ആയപ്പോൾ ആ ഓണം എൻെറ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു ….

മലയാളം യുകെ യുടെ എല്ലാ വായനക്കാർക്കും സന്തോഷത്തിൻെറയും , സംതൃപ്തിയുടെയും , സഹോദര്യത്തിൻെറയും ഓണാശംസകൾ .

നിഷ  ജോസ് കെ മാണി

 ഡോ . ജോർജ് ഓണക്കൂർ  

ജനതകളുടെ സംസ്കാരത്തെ ഉണർത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് ഉത്സവങ്ങളാണ് . ഓർമ്മകളിൽ നിറയുന്ന ആഹ്ലാദത്തിരകളിൽ കാലവും ജീവിതവും സമ്പന്നമാകുന്നു.  ഋതുപരിണാമങ്ങൾ ,ചരിത്രവിജയങ്ങൾ , മഹത്തുക്കളുടെ അനുസ്മരണങ്ങൾ എന്നിവയൊക്കെ ദേശാന്തരങ്ങളിൽ ഉത്സവച്ഛായ സൃഷ്ടിക്കുന്നു ; മാനവികതയെ നവീകരിക്കുന്നു .

ഇതിഹാസപുരാണങ്ങളോടു ബന്ധപ്പെട്ട ഉത്സവങ്ങൾ തിന്മയുടെ മേൽ നന്മ വിജയം വരിക്കുന്നതിന്റെ ആഘോഷങ്ങളാണ്. അധർമചാരികളായ ദുഷ്ടകഥാപാത്രങ്ങളെ നിഗ്രഹിച്ച് സത്യവും ശാന്തിയും സ്യഷ്ടിക്കുന്ന ദേവതാത്മാക്കൾ. ഈ ദേവാസുരഗണത്തിൽ സാമാന്യത്തിൽ നിന്നു വേറിട്ടു നിൽക്കുന്ന ചില വ്യക്തിചിത്രങ്ങൾ ഉണ്ട് .

മഹാഭാരതയുദ്ധം ധർമ്മാധർമ്മങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് . സുധർമ്മികളായ പാണ്ഡവർ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹത്തോടെ അധർമ്മികളായ കൗരവരെ പരാജയപ്പെടുത്തി വധിക്കുന്നു.  അതിനിടയിൽ ദാനധർമ്മിയായ ഒരു കൗന്തേയനും കൊല്ലപ്പെടുന്നു ; സൂര്യപുത്രനായ സാക്ഷാൽ കർണൻ . അത് ശരിക്കും വിധിവൈപരീത്യം . ധർമത്തിന്റെ വിജയാഘോഷങ്ങൾ ഉത്സവച്ഛായ തീർക്കുന്ന കുരുക്ഷേത്രത്തിൽ കർണ വധം വിഷാദച്ഛവി പരത്തുന്നു . മാനവസംസ്കൃതിക്ക് ഗ്ലാനി നേരിടുന്ന അനുഭവം . പരാജിതനായി , നിരായുധനായി യുദ്ധഭൂമിയിൽ നിൽക്കേ മരണം പൂകേണ്ടി വരുന്ന കർണൻ ശരിക്കും ഒരു ദുരന്തനായകൻ ; ( Tragic Hero ). മഹാഭാരതത്തിലൂടെ മനസ്സ് കടന്നു പോകുമ്പോൾ എപ്പോഴോ കർണനോട് മമത തോന്നിയിട്ടുണ്ട് . നിരന്തരം അപമാനിതമായ ആ വ്യക്തിത്വത്തിന്റെ ശക്തിദൗർബല്യങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട് .

പരാജിതനാണ് ; എങ്കിലും പ്രിയംകരൻ . ഈ ഗണത്തിൽ മഹത്ത്വത്തിന്റെ കിരീടം ചൂടിനിൽക്കുന്ന അസുര ചക്രവർത്തിയാണ് മഹാബലി.  അന്യൂനമായ സ്വഭാവമഹിമ ; നിരതിശയമായ ദാനശീലം. അപാരമായ നീതിബോധം . കള്ളവും ചതിവുമില്ലാത്ത സുവർണകാലം .

“ മാവേലി നാടു വാണീടും കാലം

മാനുഷരെല്ലാരു മൊന്നുപോലെ

കള്ളവുമില്ല ചതിവുമില്ല

എളേളാളമില്ല പൊളിവചനം ”

ഇങ്ങനെ ഒരു നീതിന്യായ വ്യവസ്ഥ , അഥവാ മാനവികത സൃഷ്ടിച്ച ഭരണാധികാരി ; സമത്വാധിഷ്ഠിതമായ ജീവിതക്രമത്തിലേക്ക് പ്രജകളെ നയിച്ചു ; സർവാദരണീയനായി . ഒരു ദാനവൻ യശസ്വിയാവുകയോ ?  ദേവസിംഹാസനത്തിന്റെ ആണികൾ ഇളകി . എങ്ങനെയും ബലിചക്രവർത്തിയെ പരാജിതനാക്കി. ‘ പാതാള ‘ ത്തിൽ അയയ്ക്കണം . കർണനോട് പ്രയോഗിച്ച അതേ അടവ് ; നന്മയെ മുതലെടുക്കുക . മഹാബലിയും ദാനശീലൻ. ദേവന്മാരെ സാന്ത്വനിപ്പിക്കാൻ മഹാവിഷ്ണു ഒരു’ ബ്രാഹ്മണവടു ‘ ആയി വേഷം മാറി . ചക്രവർത്തിയുടെ മുന്നിൽ എത്തി. തനിക്കിരുന്നു തപം ചെയ്യാൻ മൂന്നടി സ്ഥലം ആവശ്യപ്പെട്ടു .

ആര്യസംസ്കാരത്തിന്റെ ചതിയറിയാതെ ആ ദ്രാവിഡൻ മൂന്നടി സ്ഥലം ദാനം ചെയ്തതും ആകാശത്തോളം വളർന്ന വടുവിന് മൂന്നാമത്തെ അടിവയ്ക്കാൻ സ്വന്തം ശിരസ്സ് കുനിച്ചു കൊടുക്കണ്ടി വന്നതും ബലിയുടെ പരാജയകഥ. വർഷത്തിലൊരിക്കൽ സ്വന്തം പ്രജകളെ സന്ദർശിക്കാനുള്ള അവകാശം ഒരു സൗജന്യം.

ചിങ്ങമാസത്തിലെ പൊന്നോണനാളിൽ പ്രജകളെ കാണാനെത്തുന്ന മഹാബലിയെ  വരവേൽക്കാൻ മലയാളനാട് ഒരുങ്ങുന്നു . ഓണപ്പാട്ടുകൾ പാടിയും ഊഞ്ഞാലിൽ ആടിയും തിരുവാതിര കളിച്ചും പ്രായഭേദമില്ലാതെ , ആൺപെൺ വ്യത്യാസം വിസ്മരിച്ച് ഒരു ജനതയുടെ സംസ്കാരമഹിമ വെളിപ്പെടുത്തുന്ന ഒരുമയുടെ ദേശീയ ഉത്സവം .

ആര്യസംസ്കാരത്തിന്റെ അധിനിവേശത്തിലും സ്വത്വം നഷ്ടപ്പെടാത്ത ദ്രാവിഡ സംസ്കൃതിയുടെ തനിമ വിളിച്ചോതുന്ന ഓണമഹോത്സവം.  അത്തം തൊട്ട് പത്തുനാൾ നീളുന്ന ആഘോഷപൂർണിമ . ഇന്നിപ്പോൾ കേരളത്തിൽ മാത്രമല്ല , ഒരുപക്ഷേ മലയാളികൾ നിവസിക്കുന്ന ദേശാന്തരങ്ങളിലെല്ലാം ഓണപ്പൂക്കൾ വിടരുന്നു ; ഓണപ്പാട്ടുകൾ ഉയരുന്നു ; ഓണസദ്യയുടെ നിറവ് ; ഓണക്കോടികളുടെ തിളക്കം . . . .!

ഓണം എന്നെ ആകർഷിക്കുന്നത് അതിൽ സകലമനുഷ്യരും ഭിന്നതകൾ മറന്ന് ഒരുമിക്കുന്നതു നിമിത്തമാണ് . ലിംഗനീതി ഉറപ്പുവരുത്തുന്ന ഉത്സവം . കായികാദ്ധ്വാനത്തെ ആദരിക്കുന്ന സംസ്കൃതി . ഏത് അധികാരശക്തിക്കും നീതിയെ പരാജയപ്പെടുത്താൻ  കഴിയില്ല.  ബഹിഷ്കൃതർ , പാർശ്വവൽക്കരിക്കപ്പെട്ടവർ , പരാജിതർ , എല്ലാം തിരിച്ചുവരും . എന്നും ആദരിക്കപ്പെടും.

മഹാബലി ശരിക്കും ഒരു യുഗചൈതന്യമാണ് . ഓണം കാലാതീതമായ സംസ്ക്കാരത്തിന്റെ സൗന്ദര്യമാണ് , സംഗീതമാണ് .

കേരളനാട്ടിൽ ഈ വർഷം ഓണം കടന്നുവരുന്നത് പ്രളയക്കെടുതികളെ പിൻതുടർന്നാണ് . ജീവനും വീടും കഷ്ടിച്ച് സ്വരുക്കൂട്ടിയ സമ്പത്തും പ്രളയജലത്തിൽ ഒലിച്ചു പോയ ഹതഭാഗ്യർ . അതിനിടയിൽ സ്വജീവനെക്കുറിച്ചുപോലും ചിന്തിക്കാതെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ ഏറെ. ജാതിമതവർണവർഗ ചിന്തകളില്ലാതെ ഒരുമിച്ച മനുഷ്യഹ്യദയങ്ങൾ !

ഇത് ഒരു ചരിത്രപാഠമാണ് . കണ്ണീർക്കടലിൽ നിലയില്ലാതെ രക്ഷയുടെ തുരുത്തു തേടി തുഴയുമ്പോൾ തമ്മിൽ അകറ്റുന്ന സ്വാർത്ഥചിന്തകൾ അകലെ . എല്ലാവരും ഒരേ ഭൂമിയുടെ അവകാശികളും. പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിതം ധന്യമാക്കാൻ വിധിക്കപ്പെട്ടവർ .

ആ തത്ത്വം മലയാളി മനസ്സിൽ പ്രകാശവർഷം ചൊരിഞ്ഞ കാലം ;  കേരള സംസ്കാരം.  അത് നിലനിറുത്തണം.  എന്നോ എവിടെയോ നഷ്ടപ്പെട്ടുപോയ നവോത്ഥാന മൂല്യങ്ങൾ വിണ്ടെടുക്കണം. ഒരു മനസ്സായി , ഒരേ മാനവികതയെ പുണർന്ന് മുന്നോട്ട് . . .

നദികൾ ഒഴുകുന്നത് മുന്നോട്ടാണ് . കാറ്റിന്റെ ചലനം ജീവപ്രകൃതിയിൽ പ്രതീക്ഷകളുടെ പൂക്കൾ വിടർത്തുന്നു . പരാജയങ്ങളിലും വിജയപ്രതീക്ഷകൾ . . . അതിജീവനത്തിന്റെ മനോഹാരിതകൾ . . . .

ഈ വർഷത്തെ ഓരോ ഉത്സവവും നവസംസ്കൃതിയുടെ ഹൃദയ പാഠങ്ങളാകട്ടെ എന്ന് ആശംസ .

ഡോ . ജോർജ് ഓണക്കൂർ

ചിത്രീകരണം : അനുജ കെ

‘കൊച്ച് പോയത് നാന്‍ അറിഞ്ഞിട്ടേയില്ല, നാന്‍ പോയാലും എന്‍ കൊച്ചിനെ വിടില്ലായിരുന്നു, ഇത് സത്യാണ്’. പറയുന്നത് മൂന്നാറിന് സമീപം രാജമലയില്‍ ജീപ്പില്‍ നിന്നും തെറിച്ചുവീണ ഒന്നര വയസ്സുകാരിയുടെ അമ്മ സത്യഭാമയാണ്. കുഞ്ഞിനെ അശ്രദ്ധമായി പരിപാലിച്ച മാതാപിതാക്കള്‍ക്കെതിരെ അടിമാലി പോലീസും ബാലാവകാശ കമ്മിഷനും കേസെടുത്തതിനെ തുടര്‍ന്ന് വിവിധ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. എന്നാല്‍ ജീപ്പിന്റെ മുന്നിലിരുന്നവര്‍ കൊച്ച് പിന്നിലാണെന്നും പിന്നിലിരുന്നവര്‍ മുന്നിലൈണെന്നും കരുതി പോരികയായിരുന്നെന്ന് കുട്ടിയുടെ അച്ഛന്‍ സബീഷ് വ്യക്തമാക്കി. കമ്പിളിക്കണ്ടത്ത് വന്നപ്പോഴും സത്യമായിട്ടും കൊച്ചിനെ കാണാനില്ലെന്ന് അറിഞ്ഞത്. ഉണര്‍ന്നപ്പോള്‍ മുമ്പിലാണ് കുട്ടിയെന്നാണ് ആദ്യം കരുതിയതെന്ന് സത്യഭാമ പറയുന്നു. കുട്ടി കൂടെയില്ലെന്ന് അറിഞ്ഞപ്പോഴുണ്ടായ വിഷമം പറയാനാകില്ല. രണ്ട് ദിവസമായി യാത്രയിലായിരുന്നു. യാത്രക്ഷീണവും അതിനൊപ്പം തലവേദനയ്ക്ക് ഗുളിക കഴിച്ചതും കൊണ്ടായിരിക്കും ഉറങ്ങിപ്പോയത്. കൊച്ച് താഴെ വീണത് അറിഞ്ഞില്ല, അറിഞ്ഞെങ്കില്‍ താനും എടുത്ത് ചാടിയേനെ. കാണാനില്ലെന്ന് അറിഞ്ഞപ്പോള്‍ വിഷമം സഹിക്കാനായില്ലെന്നും ബോധംകെട്ടു വീണെന്നും സത്യഭാമ പറയുന്നു.

ഗുളിക കഴിക്കുമ്പോള്‍ ചേട്ടായിയുടെ അച്ഛന്റെ കയ്യിലായിരുന്നു കുഞ്ഞ്. മറയൂരെത്തിയപ്പോള്‍ ചേട്ടത്തിയുടെ വീട്ടില്‍ പോയി. അവിടെ നിന്നും രാജമലയിലെത്തുന്നതിന് കുറച്ച് മുമ്പാണ് തന്റെ കയ്യില്‍ കുഞ്ഞിനെ തന്നതെന്നും സത്യഭാമ ഓര്‍ത്തെടുക്കുന്നു. കുഞ്ഞിന് പാലുകൊടുത്തുകൊണ്ടിരുന്നപ്പോള്‍ കൊച്ച് ഉറങ്ങിപ്പോകുകയും ചെയ്തു. അതുകഴിഞ്ഞ് കൊച്ചെങ്ങനെയോ ഊര്‍ന്ന് പോയി. അത് താന്‍ അറിഞ്ഞതുമില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. പിന്നെ തനിക്കൊന്നുമറിയില്ല. കമ്പിളിക്കണ്ടത്തെത്തിയപ്പോള്‍ അമ്മയോട് കുഞ്ഞിനെ ചോദിക്കുമ്പോഴാണ് കുഞ്ഞ് വണ്ടിയിലില്ലെന്ന് അറിഞ്ഞത്. വിഷമം കാരണം താന്‍ അപ്പോള്‍ തന്നെ ബോധംകെട്ട് വീണു.

അപ്പോഴാണ് വെള്ളത്തൂവല്‍ പോലീസ് പട്രോളിംഗിനായി അതുവഴി വന്നത്. ഇവരില്‍ നിന്നും വിവരമറിഞ്ഞ പോലീസ് ഉടന്‍ തന്നെ മൂന്നാര്‍ പോലീസുമായി ബന്ധപ്പെട്ടു. വെള്ളത്തൂവല്‍ പോലീസില്ലായിരുന്നെങ്കില്‍ തന്റെ കുഞ്ഞിനെ ലഭിക്കില്ലായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ഇടപെടലില്‍ തനിക്ക് നന്ദിയുണ്ടെന്നും ഈ അമ്മ പറയുന്നു.

മൂന്നാറില്‍ ഒന്നരവയസ്സുകാരി ജീപ്പില്‍ നിന്നും തെറിച്ചുവീണ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കുമെതിരെ അടിമാലി പോലീസ് കേസെടുത്തു. ബാലനീതി പ്രകാരം കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കത്തതിനാണ് കേസ്. സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

അടിമാലി കമ്പിളിക്കണ്ടം സ്വദേശികളായ സബീഷിന്റെയും സത്യഭാമയുടെയും 13 മാസം പ്രായമുമുള്ള കുട്ടിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രാജമല അഞ്ചാം മൈലില്‍ വച്ചാണ് കുട്ടി ജീപ്പില്‍ നിന്നും തെറിച്ചു വീണത്. റോഡില്‍ വീണ കുട്ടി ഇഴഞ്ഞ് ചെക്ക്‌പോയിന്റിലേക്ക് തന്നെ നീങ്ങിയതിനാലാണ് രക്ഷപ്പെട്ടത്. അതേസമയം കുട്ടി ജീപ്പിലില്ലെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത് മൂന്ന് മണിക്കൂറിന് ശേഷം അമ്പത് കിലോമീറ്റര്‍ അകലെ കമ്പിളിക്കണ്ടത്ത് വച്ചാണ്.

സതീഷും സത്യഭാമയും ഞായറാഴ്ച പഴനിയില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മടങ്ങവെ രാത്രി 10 മണിയോട് കൂടിയാണ് സംഭവം നടന്നത്. വളവു തിരിയവെ മാതാവിന്റെ കൈയില്‍ നിന്നും കുട്ടി തെറിച്ചു വീഴുകയായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ട് പോവുകയും ചെയ്തു. രാജമലയിലെ അഞ്ചാം മൈലില്‍ വച്ചായിരുന്നു സംഭവം.

രാത്രി കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാര്‍ സിസി ക്യാമറയിലൂടെ റോഡില്‍ ചെക്പോസ്റ്റിന്റെ ഭാഗത്ത് എന്തോ ഇഴഞ്ഞു നടക്കുന്നത് കാണുകയും കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. കുട്ടിക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനെ വിവരമറിയിക്കുകയും ചെയ്തു. വാര്‍ഡന്റെ നിര്‍ദ്ദേശപ്രകാരം കുട്ടിയെ പിന്നീട് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചു.

പന്ത്രണ്ടരയോടെ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തുകയും, വാഹനത്തില്‍ നിന്ന് ഇറങ്ങുന്ന വേളയില്‍ കുട്ടി ഇല്ലെന്ന് തിരിച്ചറിയുകയും ജീപ്പില്‍ അന്വേഷിച്ചിട്ട് കാണാത്തതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. വെള്ളത്തൂവല്‍ സ്റ്റേഷിനില്‍ നിന്നും മൂന്നാറിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോളാണ് കുട്ടിയെ ലഭിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് കുട്ടിയെ കൈമാറുകയായിരുന്നു.

അതേസമയം പോലീസ് നടപടികളെ നിയമപരമായി നേരിടുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു. കുഞ്ഞ് എങ്ങനെ നഷ്ടപ്പെട്ടുവെന്ന് അറിയില്ലെന്ന് അച്ഛന്‍ സബീഷ് പറഞ്ഞു. കുഞ്ഞിനെ കാണാനില്ലെന്ന് അറിഞ്ഞ് വിഷമം സഹിക്കാനാകാതെ താന്‍ ബോധം കെട്ടുവീണുവെന്ന് സത്യഭാമ അറിയിച്ചു.

മലയാളി യുവതി ദുബായിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ.കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി. വിദ്യാ ചന്ദ്രന്‍(40) ആണ് ദുബൈ അല്‍ഖൂസിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്.ഇന്നു രാവിലെയായിരുന്നു സംഭവം.

സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു. വാക്കുതര്‍ക്കത്തിനിടെ ഭര്‍ത്താവ് വിജേഷാണു കുത്തിക്കൊന്നതെന്നാണ് വിവരം. ഇരുവരും തമ്മില്‍ നേരത്തെ കുടുംബ വഴക്കുണ്ടായിരുന്നു. വിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

കൊച്ചി:മട്ടാഞ്ചേരിയിലെ ഏറ്റവും പഴയ ചരിത്ര പ്രസിദ്ധമായ കറുത്ത ജൂതരുടെ സിനഗോഗ് തകര്‍ന്നു വീണു. പഴയ കൊച്ചിയിലെ ജൂത തെരുവ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഈ സിനഗോഗ്. തിങ്കളാഴ്ച്ച രാത്രി പെയ്ത മഴയിലാണ് 400 വര്‍ഷം പഴക്കമുളള കെട്ടിടത്തിന്റെ മുന്‍ഭാഗം അടക്കം ഇടിഞ്ഞുവീണത്.

ഇന്ത്യയിലെ ജൂതര്‍ക്ക് തദ്ദേശീയരില്‍ ജനിച്ചവരെയാണ് കറുത്ത ജൂതര്‍ എന്ന് വിളിച്ചിരുന്നത്. ഇവര്‍ക്കായി പ്രത്യേകം സ്ഥാപിച്ച ജൂതപ്പളളിയായിരുന്നു ഇത്. കഴിഞ്ഞകുറേക്കാലമായി ആരും ശ്രദ്ധിക്കാരെ നാശത്തിന്റെ വക്കിലായിരുന്നു. ഇടക്കാലത്ത് ഇതിന്റെ ഒരു ഭാഗം ഗോഡൗണായി മാറിയിരുന്നു.

ഓണസദ്യയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തതായി പരാതി. എറണാകുളം എസ് ആര്‍ എം റോഡില്‍ വനിതകള്‍ നടത്തുന്ന കൊതിയന്‍സ് ഹോട്ടലിന് നേരെയാണ് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഏഴ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

മഹാരാജാസ് കോളേജിലെ ഓണാഘോഷങ്ങളുടെ ഭാഗമായി 550 പേര്‍ക്കുള്ള സദ്യയ്ക്ക് വിദ്യാര്‍ത്ഥികള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഭക്ഷണം തയ്യാറാക്കി ഹോട്ടലുകാര്‍ കോളേജില്‍ എത്തിച്ചും നല്‍കി. എന്നാല്‍ തയ്യാറാക്കി നല്‍കിയ ഭക്ഷണം തികഞ്ഞില്ല എന്നാരോപിച്ചാണ് ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെത്തി അക്രമണം നടത്തിയത്. മുന്‍കൂറായി നല്‍കിയ ഇരുപതിനായിരം രൂപയും ഇവര്‍ ബലമായി കൈക്കലാക്കി.

മഹാരാജാസ് കോളേജിലെ എഎസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥികള്‍ ആക്രമണം നടത്തിയത്. കോളേജിലേയ്ക്ക് ഭക്ഷണം കൊണ്ടുപോയ പാത്രങ്ങള്‍ തിരികെ നല്‍കാനും വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. തുടര്‍ന്ന് ഹോട്ടലുടമ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഏഴ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു.

 ബിജോ തോമസ് അടവിച്ചിറ

പ്രളയം കനത്ത നാശം വിതച്ച കേരളം ഓണത്തിലേക്ക് കടക്കുകയാണ്.
തിരുവോണത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾക്കായുള്ള ഉത്രാടപ്പാച്ചിൽ .പ്രളയക്കെടുതി കേരളത്തിലെ ഓണവിപണിയെ വന്‍ നഷ്ടത്തിലേക്കാണ് തള്ളി വിട്ടത്. ഓണത്തിനായി നേരത്തെ എടുത്തുവച്ചിരുന്ന സ്റ്റോക്കുകൾ പലതും വെള്ളത്തിലായി.

എന്നിരുന്നാലും തിരുവോണത്തിന് മുന്നോടിയായുള്ള ഉത്രാടപാച്ചിലിലാണ് കേരളക്കര. ഓണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് നാടും നഗരവുമെല്ലാം.

സംസ്ഥാനത്ത് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ഇന്ന് ചെയ്യും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഓദ്യോഗിക ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക.കാര്‍ഷിക സംസ്‌കൃതിയുടെ ഒളി മങ്ങാത്ത ഓര്‍മകളുടെചൂളം വിളികളുമായെത്തുന്ന ഓണനാളുകളിലെ സവിശേഷമായ ദിനമാണ് ഉത്രാടം. ഓരോ ഉത്രാടദിനവും മലയാളികള്‍ക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ ആഘോഷത്തിന്റെ ഓണമാണ്.

മലയാളി മനസ്സുകളില്‍,ഐശ്വര്യത്തിന്റെയും ആഹ്ലാദത്തിന്റെയും, ഉത്സവംതീര്‍ക്കുവാന്‍ വീണ്ടുമൊരു ഉത്രാട ദിനം കൂടി പടികടന്നെത്തി. കാര്‍ഷിക സംസ്‌കൃതിയുടെ ഒളി മങ്ങാത്ത ഓര്‍മകളുടെചൂളം വിളികളുമായെത്തുന്ന ഓണനാളുകളിലെ സവിശേഷമായ ദിനമാണ് ഉത്രാടം. ഓരോ ഉത്രാടദിനവും മലയാളികള്‍ക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ ആഘോഷത്തിന്റെ ഓണമാണ്.

സജീവതയുടെ ഉത്സവക്കാഴ്ച്ചകളാണ് കുടുംബബന്ധങ്ങളെ ഊഷ്മളമാക്കുവാന്‍ സ്‌നേഹമന്ത്രവുമായെത്തുന്ന ഓരോ ഉത്രാടദിനവും മലയാളിക്ക് സമ്മാനിക്കുന്നത്. നാടും നഗരവുമെല്ലാം ഇപ്പോള്‍ ഓണത്തിരക്കിലാണ്. എന്തൊക്കെ കരുതിയാലും ഉത്രാടച്ചന്തയില്‍ കയറിയിറങ്ങാതെ മലയാളിക്ക് തിരുവോണത്തിനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാകില്ല. സാമ്പാറും അവിയലും പായസവും പപ്പടവുമൊക്കെയായി ഇല നിറക്കാന്‍ രാവിലെ തന്നെ മലയാളികള്‍ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.

സമൃദ്ധിയുടെ സന്ദേശങ്ങളാണ് കേരളക്കരയുടെ ആഘോഷപ്പെരുമയ്ക്ക് നിറം പകരുന്ന ഉത്രാടം നമുക്ക് പകര്‍ന്ന് തരുന്നത്.പൂവിളിയുടെ ആരവങ്ങളും മലയാളത്തനിമ നിറയുന്ന ഓണകാഴ്ചകളും തിരുവോണ ദിനത്തിലേക്കുള്ള ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളും ഉത്രാട ദിനാഘോഷത്തിനു കൂടുതല്‍ വര്‍ണപ്പൊലിമ പകരുന്നു. എല്ലാവരും ഇന്ന് ഉറങ്ങി എഴുന്നേല്‍ക്കുന്നത് മാവേലി മന്നനെ എതിരേല്‍ക്കുന്ന പ്രഭാതത്തിലേക്കാണ്, അതായത് തിരുവോണ നാളിലേക്ക്. ആഘോഷിക്കാം ഈ ഓണം വര്‍ണാഭമായി തന്നെ.

എല്ലാ മലയാളം യുകെ വായനക്കാർക്കും ഉത്രാട ദിനാശംസകള്‍

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കരസേനയുടെ മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം. പരിശോധനകള്‍ കര്‍ശമാക്കാന്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഒണാഘോങ്ങള്‍ കൂടി നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഒാണഘോഷങ്ങള്‍ നടക്കുന്നയിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കണം. ഓണത്തിരക്കുള്ള സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷയ്ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് ഡിജിപി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ബസ് സ്റ്റാന്‍ഡുകളിലും റയില്‍വേ സ്റ്റേഷനുകളിലും,വിമാനത്താവളങ്ങളിലും പരിശോധന നടത്തണമെന്നും നിർദേശം വ്യക്തമാക്കുന്നു. ആള്‍ത്തിരക്കുള്ള സ്ഥലങ്ങള്‍, സൈനിക താവളങ്ങള്‍, തന്ത്രപ്രധാന മേഖകള്‍ എന്നിവിടങ്ങളിലാണ് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. രാജ്യത്തെ സുപ്രധാന മേഖലകളിലും ഇതിനോടകം സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

ഗുജറാത്തിലെ സര്‍ ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സൈന്യം രംഗത്തെത്തിത്. കരസേന ദക്ഷിണമേഖല കമാന്‍ഡിങ് ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ എസ്.കെ. സൈനിയാണ് ഇക്കാര്യം മാധ്യമങ്ങളഎ അറിയിച്ചത്. കച്ച് പ്രദേശത്തിലൂടെ പാകിസ്താൻ കമാൻഡോകൾ ഇന്ത്യൻ തീരത്തേക്ക് നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗുജറാത്തിലെ തുറമുഖങ്ങൾ അതീവ ജാഗ്രത പാലിക്കുകയും ചെയ്തിരുന്നു. സമുദ്ര പാത ഉപയോഗിച്ച് കടന്നു കയറുന്നവർ സാമുദായിക പ്രശ്‌നങ്ങൾക്ക് പ്രേരിപ്പിക്കുകയോ തീവ്രവാദ ആക്രമണം നടത്തുകയോ ചെയ്യുമെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം പി.യു ചിത്ര ഉള്‍പ്പെടെ 12 മലയാളി താരങ്ങള്‍ 25 അംഗ ടീമില്‍ ഇടം നേടി. 1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയിലാണ് ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ചിത്രയെ ഒഴിവാക്കിയ നടപടി വിവാദമായിരുന്നു. ജിന്‍സണ്‍, അനസ്, ഗോപി കെ.ടി.ഇര്‍ഫാന്‍ എന്നിവരും ടീമിലുണ്ട്. ജാവലിന്‍ താരം നീരജ് ചോപ്രയുടെയും വനിതാ റിലേ ടീമില്‍ സരിതാ ബെന്‍ ഗെയ്ക്വാദും ടീമില്‍ ഇടം നേടിയില്ല.

ദോഹയില്‍ സെപ്റ്റംബര്‍ 27-നാണ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്. 1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയിലാണ് ചിത്ര ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. ചിത്രയ്ക്ക് പുറമെ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍, അനസ്, ഗോപി കെ.ടി.ഇര്‍ഫാന്‍ എന്നിവരും ടീമിലുണ്ട്. വി.കെ വിസ്മയയും ടീമിലിടം പിടിച്ചു.

ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ പുരുഷ ടീം: എം പി ജാബിര്‍(400 മീ ഹര്‍ഡില്‍സ്), ജിന്‍സണ്‍ ജോണ്‍സണ്‍(1500 മീ), അവിനാശ് സാബ്ലെ(3000 മീ സ്റ്റീപ്പിള്‍ ചേസ്), കെ ടി ഇര്‍ഫാന്‍, ദേവേന്ദര്‍ സിംഗ്(20 കി. മി. നടത്തം), ടി.ഗോപി(മാരത്തണ്‍), എം.ശ്രീശങ്കര്‍(ലോംഗ് ജംപ്), തജീന്ദര്‍ പാല്‍ സിംഗ് തൂര്‍(ഷോട്ട് പുട്ട്), ശിവ്പാല്‍ സിംഗ്(ജാവലിന്‍ ത്രോ), മുഹമ്മദ് അനസ്, നിര്‍മല്‍ നോഹ ടോം, അലക്‌സ് ആന്റണി, ഓമോജ് ജേക്കബ്, കെ എസ് ജീവന്‍, ധരുണ്‍ അയ്യസ്വാമി, ഹര്‍ഷ കുമാര്‍(4*400 റിലേ, മിക്‌സഡ് റിലേ).

വനിതാ ടീം: പി യു ചിത്ര(1500 മീ), അന്നു റാണി(ജാവലിന്‍ ത്രോ), ഹിമ ദാസ്, വി കെ വിസ്മയ, എം ആര്‍ പൂവമ്മ, എം ആര്‍ ജിസ്‌ന മാത്യു, വി രേവതി, ശുഭ വെങ്കടേശന്‍, ആര്‍, വിദ്യ(4*400 റിലേ, മിക്‌സഡ് റിലേ)

Copyright © . All rights reserved