ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കരസേനയുടെ മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം. പരിശോധനകള്‍ കര്‍ശമാക്കാന്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഒണാഘോങ്ങള്‍ കൂടി നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഒാണഘോഷങ്ങള്‍ നടക്കുന്നയിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കണം. ഓണത്തിരക്കുള്ള സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷയ്ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് ഡിജിപി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ബസ് സ്റ്റാന്‍ഡുകളിലും റയില്‍വേ സ്റ്റേഷനുകളിലും,വിമാനത്താവളങ്ങളിലും പരിശോധന നടത്തണമെന്നും നിർദേശം വ്യക്തമാക്കുന്നു. ആള്‍ത്തിരക്കുള്ള സ്ഥലങ്ങള്‍, സൈനിക താവളങ്ങള്‍, തന്ത്രപ്രധാന മേഖകള്‍ എന്നിവിടങ്ങളിലാണ് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. രാജ്യത്തെ സുപ്രധാന മേഖലകളിലും ഇതിനോടകം സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ഗുജറാത്തിലെ സര്‍ ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സൈന്യം രംഗത്തെത്തിത്. കരസേന ദക്ഷിണമേഖല കമാന്‍ഡിങ് ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ എസ്.കെ. സൈനിയാണ് ഇക്കാര്യം മാധ്യമങ്ങളഎ അറിയിച്ചത്. കച്ച് പ്രദേശത്തിലൂടെ പാകിസ്താൻ കമാൻഡോകൾ ഇന്ത്യൻ തീരത്തേക്ക് നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗുജറാത്തിലെ തുറമുഖങ്ങൾ അതീവ ജാഗ്രത പാലിക്കുകയും ചെയ്തിരുന്നു. സമുദ്ര പാത ഉപയോഗിച്ച് കടന്നു കയറുന്നവർ സാമുദായിക പ്രശ്‌നങ്ങൾക്ക് പ്രേരിപ്പിക്കുകയോ തീവ്രവാദ ആക്രമണം നടത്തുകയോ ചെയ്യുമെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം പി.യു ചിത്ര ഉള്‍പ്പെടെ 12 മലയാളി താരങ്ങള്‍ 25 അംഗ ടീമില്‍ ഇടം നേടി. 1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയിലാണ് ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ചിത്രയെ ഒഴിവാക്കിയ നടപടി വിവാദമായിരുന്നു. ജിന്‍സണ്‍, അനസ്, ഗോപി കെ.ടി.ഇര്‍ഫാന്‍ എന്നിവരും ടീമിലുണ്ട്. ജാവലിന്‍ താരം നീരജ് ചോപ്രയുടെയും വനിതാ റിലേ ടീമില്‍ സരിതാ ബെന്‍ ഗെയ്ക്വാദും ടീമില്‍ ഇടം നേടിയില്ല.
ദോഹയില്‍ സെപ്റ്റംബര്‍ 27-നാണ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്. 1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയിലാണ് ചിത്ര ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. ചിത്രയ്ക്ക് പുറമെ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍, അനസ്, ഗോപി കെ.ടി.ഇര്‍ഫാന്‍ എന്നിവരും ടീമിലുണ്ട്. വി.കെ വിസ്മയയും ടീമിലിടം പിടിച്ചു.
ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ പുരുഷ ടീം: എം പി ജാബിര്‍(400 മീ ഹര്‍ഡില്‍സ്), ജിന്‍സണ്‍ ജോണ്‍സണ്‍(1500 മീ), അവിനാശ് സാബ്ലെ(3000 മീ സ്റ്റീപ്പിള്‍ ചേസ്), കെ ടി ഇര്‍ഫാന്‍, ദേവേന്ദര്‍ സിംഗ്(20 കി. മി. നടത്തം), ടി.ഗോപി(മാരത്തണ്‍), എം.ശ്രീശങ്കര്‍(ലോംഗ് ജംപ്), തജീന്ദര്‍ പാല്‍ സിംഗ് തൂര്‍(ഷോട്ട് പുട്ട്), ശിവ്പാല്‍ സിംഗ്(ജാവലിന്‍ ത്രോ), മുഹമ്മദ് അനസ്, നിര്‍മല്‍ നോഹ ടോം, അലക്‌സ് ആന്റണി, ഓമോജ് ജേക്കബ്, കെ എസ് ജീവന്‍, ധരുണ്‍ അയ്യസ്വാമി, ഹര്‍ഷ കുമാര്‍(4*400 റിലേ, മിക്‌സഡ് റിലേ).
വനിതാ ടീം: പി യു ചിത്ര(1500 മീ), അന്നു റാണി(ജാവലിന്‍ ത്രോ), ഹിമ ദാസ്, വി കെ വിസ്മയ, എം ആര്‍ പൂവമ്മ, എം ആര്‍ ജിസ്‌ന മാത്യു, വി രേവതി, ശുഭ വെങ്കടേശന്‍, ആര്‍, വിദ്യ(4*400 റിലേ, മിക്‌സഡ് റിലേ)
‘ഞങ്ങൾക്കിവിടുന്ന് പോയിക്കഴിഞ്ഞാൽ താമസിക്കാൻ വേറെ ഇടമില്ല. എല്ലാവരും പറയുന്നതു പോലെ എൻ.ആർ.ഐകളും സിനിമാക്കാരുമല്ല ഇവിടെ താമസിക്കുന്നത്. പ്രായമായവരും സർക്കാർ ഉദ്യോഗസ്ഥരുമാണ് ഭൂരിഭാഗം പേരും. ഞങ്ങൾ എവിടെ പോകും എന്ന് കൂടി പറഞ്ഞു തരൂ. ‘രണ്ടു ദിവസം കൂടിക്കഴിഞ്ഞാൽ തിരുവോണമാണ്. പൂക്കളമിടാൻ കുട്ടികൾ പൂവന്വേഷിക്കുന്നു, ഓണാഘോഷത്തെക്കുറിച്ചു ചോദിക്കുന്നു. മിണ്ടാൻ പോലും പറ്റാതെ നിൽക്കേണ്ടി വരുന്ന ഞങ്ങളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കണം. മരിച്ച വീടു പോലെയാണ് ഓരോ ഫ്ലാറ്റും. പലരും ബന്ധുവീടുകളിലേക്കു മാറി…’’ തീരനിയമം ലംഘിച്ചു പണിത ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി നിലപാടു നടപ്പാക്കിയാൽ ജീവനൊടുക്കാതെ വഴിയില്ലെന്നു പറയുകയാണ് മരടിലെ ഫ്ലാറ്റ് ഉടമകൾ. ‘‘ഫ്ലാറ്റിൽ താമസിക്കുന്നവരെല്ലാം ആർഭാട ജീവിതക്കാരല്ല. ജീവിതത്തിലെ അവസാനഘട്ടത്തിലാണ് പലരും…’ അവർ പറയുന്നു.
ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ ചെലവഴിച്ചാണ് ഇത് വാങ്ങിയത്. 20 വർഷം മുൻപ് കമ്മീഷൻ ചെയ്ത ഫ്ലാറ്റാണിത്. എല്ലാവർക്കും ലോൺ ഉള്ളവരാണ്. എല്ലാം ക്ലിയർ ആയതുകൊണ്ടല്ലേ ബാങ്ക് ലോൺ തന്നത്. സർക്കാരെങ്കിലും ഞങ്ങൾ പറയുന്നത് കേൾക്കണമായിരുന്നു. ഞങ്ങൾ എന്ത് തെറ്റ് ചെയ്തു..’- മരടിലെ ഫ്ലാറ്റ് ഉടമകൾ ചോദിക്കുന്നു.
സമ്പാദ്യമെല്ലാം ചേർത്തു ഫ്ലാറ്റ് വാങ്ങി കായൽക്കാറ്റേറ്റ് സ്വസ്ഥമായി ജീവിക്കാമെന്ന് ആശിച്ചവരാണ് 70 ശതമാനവും. വിദേശത്തു ചോര നീരാക്കി ജോലി ചെയ്തു സമ്പാദിച്ച പണവും സ്വത്തുമെല്ലാം നിക്ഷേപിച്ചവർ. ‘‘ഇതു നഷ്ടപ്പെട്ടാൽ ഞങ്ങൾക്കു വേറെ വഴിയില്ല. ഇനി സമ്പാദിക്കാനുള്ള ശേഷിയുമില്ല. ഞങ്ങളെ സംബന്ധിച്ച് ആത്മഹത്യ മാത്രമേ മുന്നിലുള്ളു. വിദേശത്തു ജോലി ചെയ്യുന്നവരുടെ ആയുഷ്‌കാല സമ്പാദ്യമാണിത്…’’
ഫ്ലാറ്റ് പൊളിക്കുകയാണെങ്കിൽ തന്റെ മൃതദേഹം വിദേശത്തു നിന്നു നാട്ടിലെത്തിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നാണ് ഫ്ലാറ്റ് ഉടമയായ സ്ത്രീ ആവശ്യപ്പെട്ടതെന്ന് ഒരു ഫ്ലാറ്റ് ഉടമ പറഞ്ഞു.
കാസര്‍കോട് ഭീമനടിയിലെ ജിമ്മി മാത്യുവിന്റെ ഭാര്യ ജൂലിയാണ് ടെക്സാസ് സംസ്ഥാനത്തെ ഫോര്‍ട്ട്ബെന്റ് കൗണ്ടിയിലെ ജഡ്ജി. നിയമനം ലഭിച്ച ശേഷം ആദ്യമായാണ് ജൂലി കേരളത്തിലെത്തിയത്.
തിരുവല്ല സ്വദേശിനിയായ ജൂലി കഴിഞ്ഞ 32 വര്‍ഷമായി യുഎസ്സില്‍ സ്ഥിരതാമസമാണ്. നിയമബിരുദത്തിന് ശേഷം പതിനഞ്ച് വര്‍ഷം അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു. തുടര്‍ന്നായിരുന്നു ജിവിതത്തിലെ നിര്‍ണായക വഴിത്തിരിവ്. യുഎസ്സില്‍ ജഡ്ജിയാകാന്‍ വിദ്യാഭ്യാസയോഗ്യതയ്ക്കൊപ്പം ജനപിന്തുണ കൂടിയാവശ്യമാണ്. ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി മത്സരിച്ചു.
ഏഷ്യന്‍ വംശജയായ ആദ്യ ജഡ്ജി എന്ന മുദ്രാവാക്യം തുണയായി. 54 ശതമാനം വോട്ട് സ്വന്തമാക്കി ഫോര്‍ട്ട്ബെന്റ് കൗണ്ടിയിലെ ന്യായാധിപയായി. നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോഴും എല്ലാം ദൈവത്തിന്റെ അനുഗ്രഹം എന്നു മാത്രമാണ് ഇവര്‍ പറയുന്നത്.ക്രിമിനല്‍ കേസുകള്‍ക്ക് പുറമെ, ലഹരി, കുട്ടികള്‍ക്കുനേരെയുള്ള അതിക്രമം തുടങ്ങിയ കേസുകളാണ് ജൂലിയ്ക്ക് കൈകാര്യം ചെയ്യേണ്ടി വരുന്നത്.
പത്താമത്തെ വയസില്‍ യുഎസ്സില്‍ എത്തിയതാണെങ്കിലും കേരളം ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്നു. നാട്ടിലേയ്ക്കുള്ള ഓരോ യാത്രയും അത്രമേല്‍ ആസ്വദിക്കുകയാണ്.പല പ്രചാരണ വേദികളിലും ഉയർന്ന ‘ഫോർട്ട്‌ബെന്റിന് വേണം ആദ്യ ഏഷ്യൻ വംശജയായ ജഡ്ജി’ എന്ന മുദ്രാവാക്യം ജൂലിക്ക് അനുകൂല ഘടകമായി മാറി. യുഎസിലെ ഏറ്റവും വൈവിധ്യമുള്ള ജനത അധിവസിക്കുന്ന അഞ്ചു കൗണ്ടികളിലൊന്നാണ് ഫോർട്ട്‌ബെന്റ്. സ്ഥലത്തിന്റെ ഈ വൈവിധ്യം നിയമപാലന രംഗത്തും പ്രതിഫലിക്കണമെന്ന ആശയത്തിലൂന്നിയായിരുന്നു പ്രചാരണം. എതിർപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് 45.9 ശതമാനം വോട്ട് ലഭിച്ചപ്പോൾ 54.1 ശതമാനം വോട്ട് നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ ജൂലി തിരഞ്ഞെടുക്കപ്പെട്ടു.
2002-ൽ ഷുഗർലൻഡിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിലേക്ക് താമസം മാറ്റി. സ്ഥിരമായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ ജയിച്ചുവരുന്ന സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായാണ് ജൂലി മത്സരിച്ചത്. 2019 ജനുവരി 29 മുതൽ മുതൽ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ വ്യവഹാരങ്ങൾക്ക് തീർപ്പുകൽപ്പിക്കുന്നത് ജൂലിയാണ്. ഹൂസ്റ്റണിലെ സാമൂഹിക സാംസ്‌കാരിക വേദികളിലെ സജീവ സാന്നിധ്യം കൂടിയാണ് ജൂലി.
ക്രിമിനൽ കേസുകൾക്കു പുറമെ ലഹരി, കുടുംബപ്രശ്‌നങ്ങൾ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നീ കേസുകളും കൈകാര്യം ചെയ്യുന്ന കോടതിയിലെ ജഡ്ജിയാണ് ജൂലി. വിവാഹം നടത്താൻ പോലും കോടതിയെ സമീപിക്കുന്നവർ യുഎസിലുണ്ടെന്ന് ജൂലി പറയുന്നു. ഈ ചുമതലയിൽ എത്തുന്നതിനു മുൻപ് ആർക്കോള നഗരത്തിലെ മുനിസിപ്പൽ ജഡ്ജിയായും ഈ യുവ അഭിഭാഷക സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഫിലഡൽഫിയയിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജൂലി പെൻ സർവകലാശാലയിൽനിന്ന് ബിരുദം നേടി. വൈഡ്‌നർ ഡെലവറിലെ ലോ സ്‌കൂളിൽനിന്ന് നിയമപഠനം പൂർത്തിയാക്കി. അമേരിക്കയിലെ പ്രശസ്തമായ സ്വിക്കർ ആൻഡ് അസോസിയേഷൻ എന്ന നിയമസ്ഥാപനത്തിൽ മൂന്നരവർഷമായി പ്രവർത്തിച്ചുവരുന്ന ജൂലി സിവിൽ-ക്രിമിനൽ കൈകാര്യം ചെയ്തിരുന്നു. ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ഇന്റീരിയർ ഡിസൈനിങ് കമ്പനി നടത്തുകയാണ് ഭർത്താവ് ജിമ്മി മാത്യു. ജൂലിയുടെ മാതാപിതാക്കളും സഹോദരൻ ജോൺസൻ തോമസും വർഷങ്ങളായി യുഎസിലാണ്. ഭർത്താവ് ജിമ്മി മാത്യു യുഎസിൽ വ്യാപാര രംഗത്തു പ്രവർത്തിക്കുന്നു. അൽന, ഐവ, സോഫിയ എന്നിവരാണു മക്കൾ. അടുത്തയാഴ്ച ഇവർ യുഎസിലേക്ക് മടങ്ങും.
ജോസഫ് സിനിമ മോഡൽ കൊലപാതകമായിരുന്നു തന്റെ മകന്റേതെന്ന് ആരോപിച്ച് പിതാവ് രംഗത്ത്. പരുമ്പടപ്പ് ബ്‌ളോക്ക് ഓഫീസിനു സമീപം 2016 നവംബര്‍ 19ന് രാത്രി 11.30 ന് സ്‌കൂട്ടര്‍ അപകടത്തിൽ മരിച്ച നജീബുദ്ദീന്റെ മരണമാണ് കൊലപാതകമെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയിരിക്കുന്നത്.അവിയൂര്‍ മൂത്തേടത്ത് ഉസ്മാനാണ് മകന്‍ നജീബുദ്ദീന്റെ മരണം ‘ജോസഫ്’ സിനിമ മോഡലില്‍ നടത്തിയ കൊലപാതകമാണെന്നു ആരോപിച്ച് മുഖ്യമന്ത്രി, പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ വൈദ്യുതി കാലില്‍ ഇടിച്ചാണ് അപകടം എന്നാണ് പോലീസ് റിപ്പോര്‍ട്ട്. നജീബുദ്ദീന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പൊരുത്തക്കേട് തോന്നി കഴിഞ്ഞ രണ്ട് വര്‍ഷമായി ഉസ്മാന്‍ നടത്തിയ അന്വേഷണത്തില്‍ ശേഖരിച്ച രേഖകളും ചിത്രങ്ങളും കൊലപാതകത്തിന്റെ സൂചനകളാണെന്നു കാട്ടിയാണ് ഉസ്മാന്‍ പരാതി നല്‍കിയിരിക്കുന്നത്.
പാലപ്പെട്ടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി നജീബുദ്ദീന്‍(16),കൂട്ടുകാരന്‍ വന്നേരി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വന്നേരി കോരുവളപ്പില്‍ ഹനീഫയുടെ മകന്‍ വാഹിദ് എന്നിവരായിരുന്നു മരിച്ചത്.അപകടത്തെ തുടര്‍ന്ന് വാഹിദ് സംഭവസ്ഥലത്തും നജീബുദ്ദീന്‍ മൂന്നാം ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. വന്നേരി സ്‌കൂള്‍ മൈതാനത്ത് നടന്നിരുന്ന അണ്ടര്‍ 18 ഫ്‌ളഡ്‌ലിറ്റ് ഫുഡ്‌ബോള്‍ മേള കാണാനാണ് ഇരുവരും പോയത്.പിന്‍ സീറ്റിലിരുന്ന നജീബുദ്ദീന് കാര്യമായ പരിക്കില്ലെന്നും രണ്ട് ദിവസത്തിനകം സാധാരണഗതിയിലാവുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതെങ്കിലും മരണദിവസം അര്‍ധരാത്രി വേറെ രണ്ട് ഡോക്ടര്‍മാര്‍ എത്തിയെന്നും ഒന്നരമണിക്കൂറിനകം കുട്ടി മരിച്ചുവെന്ന് അറിയിക്കുകയായിരുന്നുവെന്നും ഉസ്മാന്‍ പറയുന്നു.
അപകടസമയത്ത് ശരീരത്തിലില്ലാത്ത മുറിവുകള്‍ പിന്നീട് ശരീരത്തില്‍ കണ്ടതായി നജീബുദ്ദീന്റെ പോസ്റ്റ്‌മോര്‍ട്ട സമയത്തെടുത്ത ഫോട്ടോകളില്‍ വ്യക്തമായിരുന്നെന്നും കഴുത്ത്,വയറിന്റെ ഇടതു,വലതു വശങ്ങള്‍ ഉള്‍പ്പെടെ എട്ടിടത്ത് ശസ്ത്രക്രിയ ചെയ്തതായി കാണുന്നുണ്ടെന്നും ഉസ്മാന്‍ പറഞ്ഞു. ഈ കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ കാണിക്കുന്നില്ല. അപകടസ്ഥലത്തുനിന്ന് ആരാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചതെന്നും തെളിവുകള്‍ ഇല്ല.
അപകട ദിവസം സ്വകാര്യ ആവശ്യത്തിനായി തിരുവനന്തപുരത്തുപോയ തന്റെ പേരില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതില്‍ ദുരൂഹതയുണ്ടെന്നും പിതാവ് ആരോപിച്ചു. നജീബുദ്ദീന്റെ ഇരുകൈകളിലും കഴുത്തിലും കെട്ട് മുറുക്കിയ തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടായിരുന്നതായും പറയുന്നു. മറ്റെവിടെയോ വെച്ച് അപകടം നടത്തി വന്നേരി സ്റ്റേഷനു സമീപം അപകടം നടന്നതായി നാടകം കളിക്കുകയായിരുന്നെന്നും ഉസ്മാന്‍ പറയുന്നു. അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ ഉടനെ കഴുകിയതായും ആരോപണമുണ്ട്.
ഇടുക്കി : ഇടുക്കി രാജമലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് രാത്രി പുറത്തേക്ക് വീണ ഒന്നര വയസുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചെക്ക് പോസ്റ്റിന് സമീപത്ത് ഇഴഞ്ഞെത്തിയ കുഞ്ഞിനെ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള മേഖലയാണിത്.
ജീപ്പ് 40 കിലോമീറ്റര്‍ പിന്നിട്ടതിന് ശേഷമാണ് മാതാപിതാക്കള്‍ കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കമ്പളിക്കണ്ടം സ്വദേശികളുടേതാണ് കുഞ്ഞ്. പഴനി യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു ഇവര്‍. രാജമല ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ചാണ് കുഞ്ഞ് ഇവര്‍ സഞ്ചരിച്ച ജീപ്പില്‍ നിന്ന് താഴെ വീണത്. ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങള്ളിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്.
കൂട്ടിയെ പിന്നീട് പോലീസിന് കൈമാറി. കമ്പളിക്കണ്ടത്തെ വീട്ടിലെത്തിയതിന് ശേഷം മാത്രമാണ് മാതാപിതാക്കള്‍ കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നാണ് ഇവര്‍ പോലീസിനെ അറിയിച്ചത്. രാത്രി തന്നെ കുഞ്ഞിനെ പോലീസ് മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.
അതിരുവിട്ട ഓണാഘോഷത്തിനിടെ ജീപ്പിൽ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാർഥികൾക്ക് പരിക്കേറ്റു. കോഴിക്കോട് ദേവഗിരി കോളേജിലെ വിദ്യാർഥികളാണ് ജീപ്പിന് മുകളിൽ കയറി ഓണാഘോഷം നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം തുടങ്ങി.
വെള്ളിയാഴ്ച രാവിലെയാണ് ആഘോഷം നടന്നത്. ഓണാഘോഷത്തിന്‍റെ ഭാഗമായി രണ്ടാം വർഷ ബിരുദ വിദ്യാർഥികൾ കോളേജിലേക്ക് എത്തിയത് ജീപ്പിന് കൂട്ടമായി ഇരുന്നായിരുന്നു. മെഡിക്കൽ കോളേജ് ജങ്ഷനിൽ നിന്ന് ആരംഭിച്ച് കോളേജ് ഗേറ്റ് വരെ നടത്തിയ യാത്രയ്ക്കൊടുവിലായിരുന്നു അപകടം. മൂന്നാം വർഷ വിദ്യാർഥികളും ഇതേ ദിവസം സമാനമായ രീതിയില്‍ അഭ്യാസങ്ങൾ നടത്തിയതായി വിദ്യാർഥികൾ പറഞ്ഞു.
റാലി നടത്തിയ റോഡിന് സമീപം ഒരു സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് മെഡിക്കൽ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ വിദ്യാർഥികൾ ഓടിച്ച ജീപ്പിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റതിന് പിറ്റേന്നാണ് കോഴിക്കോട്ടെ സംഭവം. ആഘോഷങ്ങൾ പരിധിവിട്ടാല്‍ കർശന നടപടിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജാര്‍ഖണ്ഡില്‍ സൈനികന്റെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബന്ദാര പോലീസ് സ്റ്റേഷന് സമീപത്തുള്ള ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിനുശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയതാകാമെന്ന് കരുതുന്നു. ജാര്‍ഖണ്ഡിലെ ലോഹര്‍ദഗ്ഗയിലാണ് സംഭവം.
ശനിയാഴ്ച വൈകീട്ട് യുവതിയെ കാണാനായി മൂന്നുപേര്‍ എത്തിയിരുന്നതായി ഗ്രാമവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണം തുടങ്ങി. സ്ത്രീയെ കാണാനെത്തിയത് ആരൊക്കെയാണെന്ന് കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ഹിമാചല്‍ പ്രദേശിലാണ് കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്.
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മന്‍ കോടതി തള്ളി. പരാതിക്കാരന്‍ നാസന്‍ അബ്ദുള്ളയുടെ വാദം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന് മതിയായ തെളിവ് കോടതയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി കണ്ടെത്തി.
നേരത്തെ തുഷാറിന്റ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെച്ചിരുന്നു. പാസ്‌പോര്‍ട്ടും കോടതി ഇപ്പോള്‍ തിരികെ നല്‍കി. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായത്. ആറ് കോടി രൂപ നല്‍കിയാലെ കേസ് അവസാനിപ്പില്ലാനാകൂ എന്ന് നാസില്‍ പറഞ്ഞിരുന്നു. എന്നാല്‍ തുഷാര്‍ അതിന് തയ്യാറായില്ല. അതേസമയം തുഷാറിനെ നാസിഫ് കുരുക്കാന്‍ ശ്രമിക്കുകയാണ് എന്ന ഓഡിയെ സന്ദേശവും പുറത്തു വന്നിരുന്നു.
കോടതി ജാമ്യം അനുവദിച്ചതോടെ ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തുഷാര്‍ വെള്ളാപ്പള്ളി പുറത്തിറങ്ങി. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം കിട്ടിയത്. വ്യവസായി എംഎ യൂസഫലിയാണ് തുഷാറിനെ സഹായിച്ചത്.
കൊച്ചി മരടില്‍ തീരദേശ മേഖലാ ചട്ടം ലംഘിച്ച് നിര്‍മിച്ച അഞ്ചു ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാനുള്ള നടപടികള്‍ തുടങ്ങി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് മരട് നഗരസഭാ സെക്രട്ടറിക്കു ലഭിച്ചു. പൊളിക്കാനുള്ള ഏജന്‍സിയെ കണ്ടെത്താനും നിര്‍ദേശമുണ്ട്. താമസക്കാരെ ഒഴിപ്പിച്ച് താത്കാലികമായി പുനരധിവസിപ്പിക്കാനും നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു. ഈ മാസം 20-നകം എല്ലാ ഫ്ലാറ്റുകളും പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയാതോടെയാണിത്. ഇല്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ അടക്കം ഉണ്ടാവുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
വിഷയം ചര്‍ച്ച ചെയ്യാന്‍ നഗരസഭ കൌണ്‍സില്‍ ഉടന്‍ യോഗം ചേരുമെന്ന് ചെയര്‍പേഴ്സണ്‍ എന്‍.എച്ച് നാദിറ വ്യക്തമാക്കി. ഈ ഫ്ലാറ്റുകള്‍ ഒറ്റയ്ക്ക് പൊളിച്ചു നീക്കാന്‍ നഗരസഭയ്ക്ക് കഴിയാത്ത സാഹചര്യത്തില്‍ കളക്ടറുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു.
കുണ്ടന്നൂര്‍ ഹോളി ഫെയ്ത് എച്ച്ടുഒ, നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, ഗോള്‍ഡന്‍ കായലോരം, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കോവ്, ഹോളിഡേ ഹെറിറ്റേജ് എന്നിവയാണ് സുപ്രീം കോടതി പൊളിച്ച് നീക്കാന്‍ ആവശ്യപ്പെട്ട ഫ്ളാറ്റ് സമുച്ചയങ്ങള്‍. ഇതില്‍ ഹോളിഡേ ഹെറിറ്റേജ് പണി തുടങ്ങിയിട്ടില്ല. പഞ്ചായത്ത് അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയതിനാല്‍ നിര്‍മ്മാണം തുടങ്ങാനായില്ല. മറ്റ് നാല് സമുച്ചയങ്ങളിലായി 350 ഫ്ളാറ്റുകളാണ് ഉള്ളത്.
അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത് മെയ് എട്ടിനായിരുന്നു. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. എന്നാല്‍ കോടതി വിധി നടപ്പാക്കിയില്ല. മാനുഷിക പരിഗണന കാട്ടണമെന്നും കേസില്‍ യാതൊരുവിധത്തിലും പങ്കാളികളല്ലാത്ത തങ്ങളെ കേള്‍ക്കാന്‍ കോടതി തയ്യാറാവണമെന്നും അപേക്ഷിച്ച് ഫ്‌ളാറ്റ് ഉടമകള്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി. എന്നാല്‍ ജൂലൈ 11ന് കോടതി പുന:പരിശോധനാ ഹര്‍ജികളെല്ലാം തള്ളി.
ഇതിനിടെ അവധിക്കാല ബഞ്ചിനെ സമീപിച്ച് ഉടമകള്‍ ഇടക്കാല സ്റ്റേ വാങ്ങി. എന്നാല്‍ ഒരു മാസത്തിനകം നടപ്പാക്കണമെന്ന ഉത്തരവ് പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ മുന്‍വിധി പരിഗണിക്കുകയായിരുന്നു. കോടതി വിധി നടപ്പാക്കാത്ത കേരള സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഈ മാസം 20-നകം എല്ലാ ഫ്‌ളാറ്റുകളും പൊളിച്ചു നീക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന അന്ത്യശാസനം നല്‍കുകയായിരുന്നു സുപ്രീം കോടതി. ഉത്തരവ് നടപ്പാക്കാന്‍ മടിക്കുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് വരുന്ന 23ന് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാവാനും നിര്‍ദ്ദേശിച്ചു.
തീരദേശ മേഖലാ ചട്ടം ലംഘിച്ചാണ് ഫ്ളാറ്റ് നിര്‍മ്മിച്ചതെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് കോടതി വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നിര്‍മ്മാണം നിരോധിക്കപ്പെട്ട തീരദേശ ചട്ടം- മൂന്നിലെ ഭൂമിയിലാണ് ഫ്ളാറ്റ് നില്‍ക്കുന്നത് എന്നാണ് സമിതിയുടെ കണ്ടെത്തല്‍.
തീരനിയമം ലംഘിച്ച് കായലോരത്ത് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന കാര്യം വച്ചുതാമസിപ്പിക്കാനുള്ള തന്ത്രങ്ങളാണ് ഉണ്ടാകുന്നതെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. സംസ്ഥാനം സുപ്രീം കോടതി വിധി ലംഘിച്ചു. അതിസാഹസമൊന്നും വേണ്ട. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരായ സ്റ്റേ തള്ളിയപ്പോള്‍ അവധിക്കാല ബഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങുകയാണുണ്ടായത്. മുതിര്‍ന്ന അഭിഭാഷകരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പണം മാത്രമാണോ നിങ്ങള്‍ക്ക് എല്ലാം? എന്നിങ്ങനെയായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിമര്‍ശനം. സംസ്ഥാന സര്‍ക്കാരിന് ഇനി ഒരു അവസരമില്ല എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ അന്ത്യശാസനം. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചപ്പോള്‍ അത്തരം മുടന്തന്‍ ന്യായങ്ങള്‍ പറയേണ്ട എന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രതികരണം. 14 ദിവസത്തിനകം ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്നും ഇതിന് ഇത്രയും ദിവസം ധാരാളമാവുമെന്നും കോടതി പറഞ്ഞു. അല്ലാത്ത പക്ഷം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന മുന്നറിയിപ്പ് കൂടി കോടതി നല്‍കി.
പൊളിച്ച് നീക്കണമെന്ന കടുംപിടുത്തത്തില്‍ സുപ്രീം കോടതി നിലനില്‍ക്കുമ്പോള്‍ കിടപ്പാടം ഇല്ലാതായാല്‍ ജീവനൊടുക്കുമെന്നാണ് കഴിഞ്ഞ ദിവസം ഉടമകള്‍ പറഞ്ഞത്. “ജീവിതത്തിലെ അവസാനഘട്ടത്തിലൂടെ കടന്ന് പോവുന്നവരാണ് ഫ്ളറ്റിലുള്ള പലരും. ജീവിത സമ്പാദ്യങ്ങളല്ലാം ചേര്‍ത്ത് ഫ്‌ളാറ്റ് വാങ്ങിയവരാണ് അതില്‍ എഴുപത് ശതമാനവും. വിദേശത്ത് പോയും, ജോലി ചെയ്തും സമ്പാദിച്ച പണവും സ്വത്തും എല്ലാം ഇതില്‍ നിക്ഷേപിച്ചവര്‍. ഇത് പോയാല്‍ അവര്‍ക്ക് വേറെ വഴിയില്ല. ഇനി സമ്പാദിക്കാനുള്ള വഴിയുമില്ലാത്തവരാണ് അധികവും. അവരെ സംബന്ധിച്ച് കായലില്‍ ചാടി ആത്മഹത്യ ചെയ്യുക എന്ന വഴിയേ മുന്നിലുള്ളൂ. വിദേശത്ത് ജോലി ചെയ്യുന്നവരുടെ ആയുഷ്‌ക്കാല സമ്പാദ്യമാണിത്. ഫ്ളാറ്റ് പൊളിക്കുകയാണെങ്കില്‍ തന്റെ മൃതദേഹം വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ചെയ്യണമെന്നാണ് ഒരു സ്ത്രീ ആവശ്യപ്പെട്ടിരിക്കുന്നത്”, ഒരു ഫ്ളാറ്റ് ഉടമ പറഞ്ഞു.
‘ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ ഞങ്ങള്‍ക്കുള്ള കല്ലറ കൂടി ഒരുക്കൂ’…… സുപ്രീം കോടതി പൊളിക്കാന്‍ അന്ത്യശാസനം നല്‍കിയ മരട് ഫ്ലാറ്റിലെ താമസക്കാര്‍
നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി കായല്‍ തീരത്ത് ഒരേക്കറിലേറെ സ്ഥലത്ത് ഒരുലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഫ്ലാറ്റ് സമുച്ചയങ്ങളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് തന്നെ ലക്ഷങ്ങള്‍ മുടക്കി ഫ്ളാറ്റ് വാങ്ങിയവരുണ്ട്. അന്ന് നാല്‍പ്പത് ലക്ഷം മുതല്‍ എണ്‍പത് ലക്ഷം വരെ നല്‍കിയാണ് പലരും ഫ്ളാറ്റുകള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും മൂന്ന് മാസം മുമ്പ് വരെയും ഒരു കോടിയും മൂന്ന് കോടി വരെയും പണം മുടക്കി ഫ്ളാറ്റ് വാങ്ങിയവരുമുണ്ട്. ഗോള്‍ഡന്‍ കായലോരം, മരടില്‍ ആദ്യം നിര്‍മ്മിച്ച ഫ്ളാറ്റ് സമുച്ചയമാണ്. 2006ല്‍ 40ഉം 50ഉം ലക്ഷം രൂപ മുടക്കിയാണ് പലരും ഫ്ളാറ്റ് വാങ്ങിയത്. ചമ്പക്കര കനാല്‍ റോഡില്‍ കായലിനോട് ചേര്‍ന്നുള്ള അറുപത് സെന്റിലാണ് ഫ്ലാറ്റ്. പത്ത് നിലകളില്‍ മൂന്ന് മുറികളോട് കൂടിയ നാല്‍പ്പത് ഫ്ളാറ്റുകള്‍. 37 എണ്ണത്തില്‍ താമസക്കാരുണ്ട്. ഹോളി ഫെയ്ത്തും ആല്‍ഫ വെന്‍ച്വറും ജയിന്‍ ഹൗസിങ്ങും ലക്ഷ്വറി അപാര്‍ട്‌മെന്റ്‌സ് ആണ്. കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിന്ന് 200 മീറ്റര്‍ ദൂരത്തില്‍ കുണ്ടന്നൂര്‍ കായല്‍ തീരത്താണ് ഹോളി ഫെയ്ത്ത് അപ്പാര്‍ട്‌മെന്റ്. ഒരേക്കര്‍ സ്ഥലത്ത് 60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്ലാറ്റ് സമുച്ചയത്തില്‍ നൂറിലേറെ കുടുംബങ്ങള്‍ താമസമുണ്ട്. കായല്‍ തീരത്ത് നിന്ന് പത്ത് മീറ്റര്‍ വ്യത്യാസത്തില്‍ മാത്രമാണ് ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. നെട്ടൂരില്‍ കടത്തുകടവിന് സമീപം ഒരേക്കര്‍ സ്ഥലത്ത് 10 നിലകളുള്ള രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളാണ് ആല്‍ഫ വെന്‍ച്വര്‍. ഇവയും കായല്‍ തീരത്ത് നിന്ന് പത്ത് മീറ്റര്‍ വ്യത്യസത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മരട് നഗരസഭാ കെട്ടിടത്തിന് സമീപത്താണ് ഫ്ളാറ്റ് സമുച്ചയം. നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷന് സമീപത്താണ് ജെയിന്‍ ഹൗസിങ്. സമുച്ചയത്തിലെ ഒട്ടുമിക്ക ഫ്ളാറ്റുകളും പലരും സ്വന്തമാക്കിയെങ്കിലും നഗരസഭാ ശ്മശാനം മുന്നൂറ് മീറ്റര്‍ വ്യത്യാസത്തില്‍ മാത്രമായതിനാല്‍ ശ്മശാനത്തില്‍ നിന്നുള്ള പുക ഫ്ളാറ്റുകളിലേക്ക് എത്തുന്നതു കൊണ്ട് പലരും അവിടെ താമസിക്കാറില്ല. നെട്ടൂര്‍ കായലില്‍ നിന്ന് മൂന്ന് മീറ്റര്‍ വ്യത്യാസം മാത്രമാണ് ഫ്ലാറ്റ് സമുച്ചയത്തിനുള്ളത്.
സിആര്‍ഇസെഡ്-3 കാറ്റഗറിയിലുള്ളയിടത്ത് എന്ത് തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെ അനുമതി വേണം. എന്നാല്‍ 2006-2007 കാലഘട്ടത്തില്‍ നഗരസഭയായി മാറുന്നതിന് മുമ്പ് മരട് പഞ്ചായത്ത് അതോറിറ്റിയെ അറിയിക്കാതെ നിര്‍മ്മാണ അനുമതി നല്‍കുകയായിരുന്നു. ഇതാണ് ഇന്ന് 350-ലേറെ ഫ്ലാറ്റുകള്‍ പൊളിക്കേണ്ടതിലേക്ക് എത്തിയിരിക്കുന്നത്.