കുറുപ്പ് ഞങ്ങളെ കാത്തു. ഇത്രനാളത്തെ കണ്ണീരിന് ശേഷം കിട്ടിയ സന്തോഷം. ജനങ്ങൾ തിയറ്ററിലേക്ക് ആർത്തിരമ്പിയെത്തുന്ന കാഴ്ച. തെക്കൻ കേരളത്തിൽ മഴ പെയ്യുന്നുണ്ട്. അപ്പോഴും ഇവിടെ കുറുപ്പ് ഹൗസ് ഫുള്ളാണ്. ഇതിനപ്പുറം എന്ത് പറയാനാണ്. ഞങ്ങളുടെ സൂപ്പർ സ്റ്റാറാണ് ദുൽഖർ..’ ഫിയോക് പ്രസിഡന്റ് വിജയകുമാർ പറയുന്നു. സിനിമ തിയറ്ററിൽ ഓടിയാൽ ലാഭം കിട്ടില്ല എന്ന കരുതുന്നവർക്ക് ജനം നൽകിയ മറുപടിയാണിതെന്ന് അദ്ദേഹം പറയുന്നു. കണക്കുകളും വിവരങ്ങളും നിരത്തി വിജയകുമാർ കുറുപ്പ് കാത്ത ഉറപ്പുകളെ പറ്റി പറയുന്നു.
കുറിപ്പിന്റെ ആദ്യ ദിനം അതിഗംഭീരമെന്ന് പറയാം. 505 തിയറ്ററുകളാണ് കേരളത്തിൽ സിനിമ റിലീസ് ചെയ്തത്. ലോകമെങ്ങും 1500 സ്ക്രീനുകൾ. ആദ്യ ദിനം കേരളത്തിൽ നിന്നുമാത്രം 6 കോടി 30 ലക്ഷം രൂപ ഗ്രോസ് കലക്ഷൻ നേടി. 3 കോടി 50 ലക്ഷം രൂപ നിർമാതാക്കളുടെ ഷെയർ. മലയാള സിനിമയിലെ സർവകാല റെക്കോർഡാണിത്. അടുത്തെങ്ങും തകർക്കാൻ കഴിയാത്ത റെക്കോർഡ് എന്ന് പറയാം. കാരണം ഇത്രമാത്രം തിയറ്ററുകൾ ഇനിവരുന്ന സിനിമയ്ക്ക് ഒരുമിച്ച് കിട്ടാൻ പാടാണ്. ഇന്നലെ മാത്രം 2,600 ഷോകളാണ് ഈ 505 തിയറ്ററുകളിൽ നടത്തിയത്. സിനിമ തിയറ്ററിൽ എത്തിക്കുന്നവർക്ക് ഉള്ള ശുഭസൂചനയാണ് ഇത്. ഒടിടിക്ക് ലാഭം നോക്കി െകാടുക്കണം എന്ന് ചിന്തിക്കുന്നവർക്കുള്ള മറുപടി ജനം െകാടുക്കുന്നു,
ആർക്ക് വേണ്ടിയും കുറുപ്പ് പിൻവലിക്കില്ല
25 ദിനങ്ങൾ എങ്കിലും മികച്ച റിപ്പോർട്ട് നൽകി കുറുപ്പ് പോകും എന്ന് ഉറപ്പാണ്. ഇനി മരക്കാർ വരുന്നു എന്ന് പറഞ്ഞു െകാണ്ട് കുറുപ്പ് തിയറ്ററിൽ നിന്നും പിടിച്ച് മാറ്റാൻ തിയറ്ററർ ഉടമകൾ സമ്മതിക്കില്ല. കാരണം കുറുപ്പ് നേട്ടം െകായ്യുന്നുണ്ട്. 24ന് സുരേഷ് ഗോപിയുടെ കാവൽ കൂടി എത്തുന്നുണ്ട്. ഇതെല്ലാം െകാണ്ടുതന്നെ മരക്കാറിന് വേണ്ടി തിയറ്ററുകൾ എല്ലാം ഒഴിച്ചുകാെടുക്കാൻ സാധ്യമല്ല. പടം കലക്ഷൻ ഉണ്ടാക്കുന്നുണ്ടെങ്കിൽ തിയറ്ററിൽ തന്നെ തുടരും.
കുറുപ്പിന് പകരം ഇത്ര തിയറ്ററിൽ മരക്കാർ എത്തിയിരുന്നെങ്കിൽ ഇതിലും വലിയ നേട്ടം െകായ്യാമായിരുന്നു എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. പക്ഷേ അന്ന് അത് ആരും കേട്ടില്ല. 500 തിയറ്റർ, 15 കോടി ഡെപ്പോസിറ്റ്, 21 ദിവസം മിനിമം റൺ ഓഫർ ഞങ്ങൾ ചെയ്തതാണ്. എന്നിട്ടും അന്ന് അവർ തയാറായില്ല. അപ്പോഴാണ് കുറുപ്പ് വന്നത്. ഈ പറഞ്ഞതൊക്കെ ഞങ്ങൾ കുറുപ്പിന് െകാടുത്തു. അതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത്. മറ്റുള്ളവർക്ക് ഇതൊരു പാഠമാകട്ടെ എന്നാണ് പറയാനുള്ളത്.സിനിമ തിയറ്ററിനുള്ളതാണ്. അത് തിയറ്ററിൽ കളിക്കണം. ഏത് പ്രതിസന്ധിയിലും ജനമെത്തും. നല്ലതാണെങ്കിൽ അവർ വിജയിപ്പിക്കും..’ വിജയകുമാർ പറയുന്നു.
ഷെറിൻ പി യോഹന്നാൻ
പിടികിട്ടാപ്പുള്ളി എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്കെത്തുന്ന പേരാണ് സുകുമാരകുറുപ്പ്. ഇവിടെയാണ് സിനിമയ്ക്കുള്ള സാധ്യത ഒരുങ്ങുന്നതും. തന്റെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി ഒരു വ്യക്തിയെ ക്രൂരമായി കൊലപ്പെടുത്തിയ കുറ്റവാളി മാത്രമല്ല കുറുപ്പ്. കേരള പോലീസിന് ഏറ്റവുമധികം വെല്ലുവിളിയുയർത്തിയ ക്രിമിനൽ കൂടിയാണ്. അതിനാൽ സുകുമാരകുറുപ്പ് കേസ് ഇന്നും പ്രസക്തമായി നിലകൊള്ളുന്നു. ദുൽഖറിനെ നായകനായി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ‘കുറുപ്പ്’ ഈയൊരു സംഭവത്തെ അടിസ്ഥാനമാക്കി നിർമിച്ചതാണ്. ഒരു കൊലപാതകിയെ ഗ്ലോറിഫെെ ചെയ്ത് കാണിക്കുന്നത് ശരിയല്ലെന്നും എന്നാൽ സിനിമയെ സിനിമയായി കാണണമെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ വിവാദങ്ങൾക്കുള്ള മറുപടി ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെ നൽകുകയുണ്ടായി.
ഡി.വൈ.എസ്.പി. കൃഷ്ണദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങിലൂടെയാണ് ചിത്രം കഥ പറഞ്ഞാരംഭിക്കുന്നത്. കൃഷ്ണദാസിന്റെ കേസ് ഡയറിൽ നിന്നാണ് ഗോപീകൃഷ്ണന്‍ എന്ന സുധാകരകുറുപ്പിന്റെ ജീവിതത്തിലേക്ക് കഥ നീങ്ങുന്നത്. നോൺ ലീനിയർ കഥ പറച്ചിൽ രീതിയാണ് ചിത്രം പിന്തുടരുന്നത്. സുഹൃത്തായ പീറ്ററിന്റെ ആഖ്യാനത്തിലൂടെയാണ് കുറുപ്പിന്റെ ഭൂതകാലം പ്രേക്ഷകൻ മനസ്സിലാക്കുന്നത്. പിന്നീട് കൊലപാതകവും രക്ഷപെടലും കുറുപ്പിന്റെ രഹസ്യങ്ങളുമായി കഥ മുന്നോട്ട് നീങ്ങുന്നു.
സാങ്കേതിക വശങ്ങളിലെല്ലാം ചിത്രം മികവ് പുലർത്തിയിട്ടുണ്ട്. സുഷിൻ ശ്യാമിന്റെ ഗംഭീര പശ്ചാത്തലസംഗീതം, നിമിഷ് രവിയുടെ മികവാർന്ന ക്യാമറ കാഴ്ചകൾ, കളർ ഗ്രേഡിങ്, നിർമാണ മികവ് എന്നിവ ഒരു ക്രൈം ഡ്രാമയുടെ മൂഡ് ക്രീയേറ്റ് ചെയ്തു വയ്ക്കുന്നു. കഥ നടക്കുന്ന കാലത്തെ അതിന്റെ തനിമയോടെ പുനരാവിഷ്കരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ‘പകലിരവുകളാൽ’ എന്ന് തുടങ്ങുന്ന ഗാനം മനോഹരമാണ്. അൻവർ അലിയുടെ വരികൾ പതിവ് പോലെ ഇവിടെയും മനസ്സ് കീഴടക്കുന്നു. പിള്ളയെന്ന കഥാപാത്രത്തെ ഷൈൻ ടോം ഗംഭീരമാക്കുമ്പോൾ ദുൽഖറും ഇന്ദ്രജിത്തും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്.
വിജയരാഘവൻ, അനുപമ, സണ്ണി വെയ്ൻ തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങൾ വന്നുപോകുന്നുണ്ടെങ്കിലും അവർക്ക് കഥയിൽ കൃത്യമായ സ്പേസ് നൽകുന്നില്ല. ഇനി കുറുപ്പിലേക്ക് വരാം… യഥാർത്ഥത്തിൽ കുറുപ്പ്, ഒരു പരാജയപ്പെട്ട ക്രിമിനലാണെന്ന് ഞാൻ പറയും. ആദ്യ കുറ്റകൃത്യം തന്നെ പാളിപ്പോയി. ബുദ്ധിമാനായ പോലീസ് ഉദ്യോഗസ്ഥൻ കുറുപ്പിന് വേണ്ടി തിരച്ചിൽ ആരംഭിച്ചു. പോലീസിന് പിടികൊടുക്കാതെ നടക്കുന്ന കുറുപ്പാണ് ചിത്രത്തിന്റെ രണ്ടാം പകുതിയിൽ. നായകന്റെ മാനറിസം, ഡയലോഗ് എന്നിവയിലൂടെ കഥാപാത്രത്തിന് ഒരു ഹീറോ പരിവേഷം കൈവരുന്നു. കുറുപ്പിന്റെ പ്രണയത്തോടൊപ്പം പ്രേക്ഷകനറിയാവുന്ന കഥയുമായി മുന്നോട്ടു നീങ്ങിയ ആദ്യ പകുതി തൃപ്തികരമാണ്.
രണ്ടാം പകുതിയിലാണ് തിരക്കഥ ദുർബലമാകുന്നത്. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ ശക്തമായ, വിശ്വസനീയമായ രംഗങ്ങൾ ഒരുക്കിയെടുക്കുന്നതിൽ സംവിധായകൻ പരാജയപ്പെടുന്നത് കാണാം. ഇൻഷുറൻസ് തുകയ്‌ക്ക് വേണ്ടിയൊരു കൊലപാതകം എന്ന നിലയിൽ നിന്നും മറ്റൊരു വഴിയിൽ സിനിമ സഞ്ചരിക്കുന്നുണ്ട്. എന്നാൽ ഇൻട്രസ്‌റ്റിംഗ് ആക്കാമായിരുന്ന രംഗങ്ങൾ ഇവിടെ കഥയുടെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുകയാണ്.
കുറുപ്പ് എന്ന കഥാപാത്രത്തെ അധികം എക്സ്പ്ലോർ ചെയ്യാൻ തിരക്കഥ തയ്യാറായിട്ടില്ല. വില്ലനായ കുറുപ്പിനെ പ്രേക്ഷകൻ വെറുക്കണം. എന്നാൽ സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന നായക കഥാപാത്രത്തിന് ലഭിക്കുന്ന കയ്യടിയിലാണ് ചിത്രം അവസാനിക്കുന്നത്. കുറുപ്പ് ഒരു ഫിക്ഷണൽ കഥാപാത്രം അല്ലാത്തിടത്തോളം നാൾ എനിക്കീ ക്ലൈമാക്സുമായി പൊരുത്തപ്പെടാൻ കഴിയില്ല. സാങ്കേതിക വശങ്ങളിലെ മികവ് ചിത്രത്തെ എൻഗേജിങ് ആയി നിലനിർത്തുമ്പോഴും തിരക്കഥയിലെ പോരായ്മ പരിഹരിക്കാൻ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിന് കഴിയുന്നില്ല.
ബിനോയ് എം. ജെ.
ആധുനിക സമൂഹത്തിൽ ഏറ്റവുമധികം ശ്രദ്ധയാകർഷിക്കുന്ന പ്രതിഭാസമാണ് തകരുന്ന കുടുംബ വ്യവസ്ഥിതി. ലോകമാസകലം കുടുംബങ്ങൾ തകരുകയാണ്. കുട്ടികളെ നോക്കുവാൻ മാതാപിതാക്കൾക്ക് ആവുന്നില്ല. മാതാപിതാക്കളെ നോക്കുവാൻ കുട്ടികൾക്കും ആവുന്നില്ല. പണ്ടൊക്കെ കൂട്ടുകുടുംബങ്ങൾ ആയിരുന്നു. അത് നല്ലതും ആയിരുന്നു. പക്ഷേ കാലം മാറി വരുന്നു. കൂട്ടുകുടുംബങ്ങൾ പണ്ടേ തിരോഭവിച്ചു കഴിഞ്ഞു. ഇന്ന് അണുകുടുംബങ്ങൾ ആണ്. അവയും തിരോഭവിക്കുകയാണ്. പണ്ടൊക്കെ കുട്ടികളെ നോക്കുവാൻ മാതാപിതാക്കൾക്ക് സമയവും സാഹചര്യങ്ങളും ഉണ്ടായിരുന്നു. മാതാപിതാക്കളെ വാർദ്ധക്യത്തിൽ നോക്കുവാൻ കുട്ടികൾക്കും സമയവും സാഹചര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സാഹചര്യങ്ങൾ മാറി വരുന്നു. ഇന്ന് എല്ലാവർക്കും തങ്ങളുടെ ജോലിയും ഉത്തരവാദിത്വങ്ങളും ഉണ്ട്. അതിന്റെ കൂടെ കുട്ടികളെയോ മാതാപിതാക്കളെയോ നോക്കുവാൻ ആർക്കാണ് സമയം? കാലം മാറി വരുന്നു . പഴയ മൂല്യങ്ങളും ഉത്തരവാദിത്വങ്ങളും തിരോഭവിക്കുന്നു. അവിടെ പുതിയ മൂല്യങ്ങളും ഉത്തരവാദിത്വങ്ങളും രംഗപ്രവേശം ചെയ്യുന്നു .അതിനെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കിയിട്ട് കാര്യവുമില്ല.
സമൂഹ ശാസ്ത്രജ്ഞന്മാർ(sociologists) തുടക്കംമുതലേ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്- കുടുംബത്തിന് പകരം വയ്ക്കാൻ മറ്റൊരു സംവിധാനവും ഇല്ലേ? അതോ കുടുംബം സാർവ്വത്രികം ആണോ? അങ്ങനെയൊരു ബദൽ സംവിധാനം നിർദ്ദേശിക്കുവാൻ തങ്ങൾ പരാജയപ്പെടുന്നതിൽ ഭൂരിപക്ഷം സാമൂഹ ശാസ്ത്രജ്ഞന്മാർക്കും അസംതൃപ്തിയുമുണ്ട്. അത്തരമൊരു ബദൽ സംവിധാനം സാമൂഹ്യമാറ്റത്തിന്റെ കാഹളധ്വനിയാണ്. കുടുംബത്തിന് തീർച്ചയായും ഒരു ബദൽ സംവിധാനം ഉണ്ട്. അതിനെക്കുറിച്ച് പ്ലേറ്റോ ഇപ്രകാരം പറയുന്നു. സമൂഹം മൊത്തത്തിൽ ഒരു കുടുംബമാണ്. അതിനുള്ളിൽ മറ്റു കുടുംബങ്ങൾ പാടില്ല .2500 വർഷങ്ങൾക്കു മുമ്പ് പ്ളേറ്റോ പറഞ്ഞ ഈ കാര്യം ഇനിയും നമ്മുടെ തലയിൽ പ്രവേശിച്ചിട്ടില്ല എന്നു തോന്നുന്നു. പണ്ടൊക്കെ- അതായത് കൂട്ടുകുടുംബം ഉണ്ടായിരുന്നപ്പോൾ – കുടുംബം തന്നെയായിരുന്നു സമൂഹം .എന്നാൽ ഇന്ന് കാലം മാറി വരുന്നു .ഇന്ന് സമൂഹം തന്നെ ഒരു വലിയ കുടുംബമായി മാറി വരുന്നു. കുട്ടികളെ നോക്കുന്നതിനും മാതാപിതാക്കളെ സംരക്ഷിക്കുന്നതിനും ഇന്ന് ബദൽ സംവിധാനങ്ങൾ ആയി വരുന്നു. ഇന്ന് സമൂഹം എല്ലാം നോക്കുന്നു. ഇത് സോഷ്യലിസത്തിന്റെ കാഹളധ്വനിയാണ്. സമൂഹം മുഴുവൻ ഒരൊറ്റ കുടുംബമായി മാറി വരികയാണ്.
ഇതിനോടൊപ്പം ചോദിക്കേണ്ട മറ്റൊരു ചോദ്യം കൂടി ഉണ്ട്. മറ്റ് ജീവികളിൽ നിന്നും വ്യത്യസ്തമായി മനുഷ്യ ശിശുക്കൾ സ്വന്തം കാര്യം നോക്കാൻ പ്രാപ്തിയുള്ളവരായി മാറുന്നതിന് വളരെയധികം കാലം വേണ്ടിവരുന്നു. എന്താണ് ഇതിന്റെ കാരണം? ഉത്തരം വളരെ ലളിതമാണ്. കുട്ടികളെ മുതിർന്നവർ വളരെ ശക്തമായി അടിച്ചമർത്തുന്നു. ഈ അടിച്ചമർത്തലിൽ നിന്നും മോചനം നേടുവാൻ വളരെയധികം വർഷങ്ങൾ എടുക്കുന്നു. കുട്ടികൾ കഴിവ് കുറഞ്ഞവരാണ് എന്ന ഒരു ധാരണ പരക്കെ കണ്ടുവരുന്നു. ഇത് എത്രമാത്രം ശരിയാണ്? കുട്ടികളെ അടിച്ചമർത്തിയാൽ അവർ കഴിവുകെട്ടവരായി കാണപ്പെടും. അതിൽ അത്ഭുതമൊന്നുമില്ല . എന്നാൽ കുട്ടികളെ അവരുടെ സ്വാതന്ത്ര്യത്തിന് -പൂർണ്ണമായും അവരുടെ ഇഷ്ടത്തിന് -വിട്ടു കൊടുത്താൽ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് അവർ പ്രാപ്തരാവുന്നത് കാണാം. അവരുടെ കഴിവുകൾ അപ്പോൾ ഉണർന്നെണീൽക്കും. അവർ മുതിർന്നവർക്ക് തുല്യരായി മാറും . ഈ കാര്യത്തിലും സമത്വം ഉണ്ടെന്ന് അറിഞ്ഞുകൊള്ളുക.
കുട്ടികളുടെ മന:ശ്ശാസ്ത്രം പഠിച്ചാൽ അവർ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരും അവരുടേതായ രീതിയിൽ ജീവിക്കുവാനും വളരുവാനും ആഗ്രഹിക്കുന്നവരും ആണെന്ന് കാണാം. എന്നാൽ മാതാപിതാക്കളും അധ്യാപകരും മറ്റു മുതിർന്നവരും അവർക്ക് ഒട്ടും തന്നെ സ്വാതന്ത്ര്യം കൊടുക്കുന്നില്ല . കുട്ടികളുടെ കഴിവുകളെ കുറിച്ച് അവർ അജ്ഞരും ഭയം നിറഞ്ഞവരും ആണെന്നതാണ് കാര്യം. കുട്ടികൾ കഴിവുള്ളവരും കാര്യപ്രാപ്തിയുള്ളവരും ആണെന്ന് സമ്മതിച്ചാൽ അടുത്തപടി അവരെ അവരുടെ ഇഷ്ടത്തിന് വിടുക എന്നുള്ളതാണ്. മുതിർന്നവരല്ല കുട്ടികളെ വളർത്തേണ്ടത്. കുട്ടികളെ കുട്ടികൾക്ക് തന്നെ വിട്ടു കൊടുക്കുക. തലമുറകൾ തമ്മിലുള്ള അന്തരത്തെ പൂർണ്ണമായും ഒഴിവാക്കുക. അപ്പോഴേ ഇവിടെ സമത്വവും നീതിയും പുലരൂ …കുട്ടികളെ ആരും സഹായിക്കേണ്ട !അവർക്ക് ആരുടേയും സഹായവും ആവശ്യമില്ല! അവരെ ഉപദ്രവിക്കാതെ വിട്ടാൽ മതി.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
വിവാഹം കഴിഞ്ഞ് ഒരുമാസത്തിനകം വിവാഹ മോചനം ആവശ്യപ്പെട്ട് യുവാവ്. മേക്കപ്പില്ലാതെ ഭാര്യയുടെ മുഖം കണ്ടതാണ് വിവാഹമോചനത്തിനു കാരണമായി യുവാവ് കോടതിയെ അറിയിച്ചത്. ഭാര്യക്ക് താൻ വിചാരിച്ച സൗന്ദര്യമില്ലെന്നാണ് യുവാവിന്റെ വാദം. ഈജിപ്തിലാണ് സംഭവം. മേക്കപ്പില്ലാത്ത ഭാര്യയെ കണ്ടപ്പോൾ ഞെട്ടലുണ്ടായെന്നും ഇയാൾ കോടതിയെ അറിയിച്ചു. വിവാഹത്തിനു മുൻപ് കനത്ത മേക്കപ്പ് ഉപയോഗിച്ചിരുന്ന അവൾ എന്നെ ചതിച്ചു. മേക്കപ്പില്ലാതെ അവളെ കാണാൻ ഭംഗിയില്ല. ’– യുവാവ് കോടതിയിൽ പറഞ്ഞു. ഒരുമാസം ഒരുമിച്ചു കഴിഞ്ഞെങ്കിലും ആ മുഖത്തെ സ്നേഹിക്കാൻ സാധിച്ചില്ലെന്നും യുവാവ് കോടതിയിൽ പറഞ്ഞു. തുടർന്ന് യുവാവ് വിവാഹ മോചനം ആവശ്യപ്പെടുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവതിയുടെ മേക്കപ്പിട്ട ഫോട്ടോകളാണ് ഫേസ് ബുക്കിൽ ഉണ്ടായിരുന്നത്. ഈ ഫോട്ടോകളിൽ ആകൃഷ്ടനായാണ് യുവാവ് വിവാഹം ചെയ്തത്. എന്നാൽ പിന്നീടാണ് ഫോട്ടോകളെല്ലാം മേക്കപ്പിട്ടതാണെന്ന് മനസ്സിലായതെന്നും യുവാവ് കോടതിയിൽ വ്യക്തമാക്കി.
‘വിവാഹത്തിനു മുൻപ് പല തവണ കണ്ടിട്ടുണ്ടെങ്കിലും അന്നെല്ലാം അവൾ മേക്കപ്പിട്ടിരുന്നു. അതിനാൽ യഥാർഥ രൂപം മനസ്സിലായിരുന്നില്ല. അവളുടെ യഥാർഥ രൂപം കണ്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. മുൻപ് കണ്ട വ്യക്തിയേ ആയിരുന്നില്ല അവൾ. തികച്ചും വ്യത്യസ്തയായിരുന്നു. ഞാൻ വഞ്ചിക്കപ്പെട്ടു. എനിക്ക് വിവാഹ മോചനം വേണം. പരമാവധി ഒത്തു പോകാൻ ശ്രമിച്ചു. സാധിക്കാത്തതിനാലാണ് വിവാഹ മോചനം ആവശ്യപ്പെട്ടുന്നത്. ’– യുവാവ് കോടതിയിൽ പറഞ്ഞു
ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിലണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധായകന്‍. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്. ആഗോള തലത്തില്‍ 1500 തിയറ്റുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 450 തിയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നു.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. സിനിമയ്ക്ക് സമ്മിശ്ര അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സുകുമാരക്കുറുപ്പിനെ ചിത്രത്തില്‍ ഗ്ലോറിഫൈ ചെയ്തിട്ടുണ്ടെന്നാണ് ഉയരുന്ന വിമര്‍ശനങ്ങളിലൊന്ന്. എന്നാല്‍ ദുല്‍ഖറും ഷൈന്‍ ടോമും മത്സരിച്ചുള്ള അഭിനയമാണ് കാഴ്ച്ച വെച്ചിരിക്കുന്നതെന്നും ഇത് തീയേറ്ററില്‍ തന്നെ എത്തേണ്ട ചിത്രമാണെന്നുമാണ് മറ്റു ചിലരുടെ അഭിപ്രായം.
ശ്രീനാഥ് രാജേന്ദ്രനാണ് സംവിധായകന്‍. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്. ആഗോള തലത്തില്‍ 1500 തിയറ്റുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 450 തിയറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നു. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുന്നത്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
എം.ബി.ബി.എസ്. ഡിഗ്രി ഉള്ളവര്‍ എം.ബി.ബി.എസ് ചികിത്സ മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന സഭയിലെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എ എന്‍ ഷംസീര്‍ എം എല്‍ എ വ്യാജവൈദ്യത്തിനെതിരായുള്ള നിയമനിര്‍മ്മാണ അവതരണ വേളയില്‍ ഷംസീര്‍ നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
എം.ബി.ബി.എസ് ബോര്‍ഡും വെച്ച് പീടിയാട്രിക്‌സും ഗൈനക്കോളജിയും അടക്കമുള്ള ചികിത്സ നടത്തുന്ന കള്ളനാണയങ്ങളെ നമുക്ക് തിരിച്ചറിയാന്‍ കഴിയണമെന്നാണ് ഷംസീര്‍ സഭയില്‍ പറഞ്ഞത്. അവര്‍ ജനറല്‍ മെഡിസിനോ, നെഫ്രോളജിയോ, സൂപ്പര്‍ സ്പെഷ്യാലിറ്റിയോ നേടിയ ചികിത്സാ രീതികള്‍ നല്‍കാന്‍ പാടില്ലെന്നും അത് തടയപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ സംഭവിച്ചത് നാക്കു പിഴയാണെന്നും അതുണ്ടാക്കിയ വേദനയില്‍ താന്‍ മാപ്പു പറയുന്നുവെന്നും ഷംസീര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. തന്റെ പ്രസംഗത്തില്‍ എംബിബിഎസ് ഡോകര്‍മാരെ ആക്ഷേപിക്കുന്ന തരത്തില്‍ തെറ്റിദ്ധാരണ ഉളവാക്കുന്ന പരാമര്‍ശങ്ങള്‍ കടന്നുവന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നിയമസഭാ രേഖകളില്‍ തിരുത്താന്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
എംബിബിഎസ് ബിരുദം നേടിയ ചിലര്‍ പിജിയുണ്ടെന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രീതിയിലുള്ള പല കേസുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് തടയണമെന്നുമാണ് താന്‍ ഉദ്ദശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
”പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍” എന്ന ശ്രീനിവാസന്‍ തിരക്കഥ രചിച്ച ചിത്രം 2012ല്‍ ആണ് റിലീസ് ചെയ്തത്. സരോജ് കുമാര്‍ എന്ന ചിത്രത്തിലൂടെ ശ്രീനിവാസന്‍ തന്നെ പരിഹസിച്ചതാണോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ചര്‍ച്ചയായിരുന്നു.
ആ സിനിമ തന്നെക്കുറിച്ചുള്ളതല്ല എന്ന് താന്‍ ചിന്തിച്ചാല്‍ പോരെ എന്നാണ് മോഹന്‍ലാല്‍ കൈരളി ടിവിയിലെ ജെ.ബി ജംഗ്ഷന്‍ പരിപാടിക്കിടെ പ്രതികരിച്ചത്. താനും ശ്രീനിവാസനും തമ്മില്‍ പിണക്കമൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഉദയനാണ് താരത്തിന് ശേഷം തങ്ങള്‍ക്ക് ഒരുമിച്ച് സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്.
പിന്നീട് താന്‍ അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീനിവാസന്‍ തന്നെ അപമാനിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം ചെയ്ത സിനിമയാണ് സരോജ് കുമാര്‍ എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഒരിക്കലും ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല.
തന്നെ കുറിച്ച് ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നാണ് താന്‍ വിശ്വസിക്കുന്നത്. ചിത്രം ഇറങ്ങിയതിന് ശേഷവും കുറേ പേര്‍ ഇതിനെ കുറിച്ചെല്ലാം ചോദിച്ചിരുന്നു. എന്നാല്‍ അതിനൊന്നും പ്രതികരിക്കാന്‍ പോയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
നാസയ്ക്ക് വേണ്ടിയുള്ള സ്‌പേസ് എക്‌സിന്റെ പുതിയ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജന്‍. തെലങ്കാനയില്‍ കുടുംബവേരുകളുള്ള യുഎസ് എയര്‍ഫോഴ്‌സ് പൈലറ്റ് രാജ ചാരി(44) യാണ് ബുധനാഴ്ച പുറപ്പെട്ട നാലംഗസംഘത്തിന്റെ നായകന്‍.
ക്രൂ ഡ്രാഗണ്‍ പേടകവുമായി ബുധനാഴ്ച രാത്രിയാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചത്. ചാരിയെക്കൂടാതെ കയ്‌ല ബറോണ്‍, ടോം മര്‍ഷ്‌ബേണ്‍, മത്യാസ് മോറെര്‍ എന്നിവരാണ് സംഘത്തിലുള്ളത്. 22 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷമാണ് ഇവര്‍ ബഹിരാകാശ നിലയത്തിലെത്തുന്നത്. ആറ് മാസം അവിടെ ചെലവിടും. മെറ്റീരിയല്‍സ് സയന്‍സ്, ആരോഗ്യ സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ എന്നിവയില്‍ ഗവേഷണം നടത്തുകയാണുദ്ദേശം.
ഈ ദൗത്യത്തിലൂടെ 60 വര്‍ഷത്തിനിടെ ബഹിരാകാശത്തെത്തുന്നവരുടെ എണ്ണം 600 ആയി. പതിനെട്ട് മാസത്തിനിടെ സ്‌പേസ് എക്‌സ് പതിനെട്ട് പേരെയാണ് ബഹിരാകാശത്ത് എത്തിച്ചത്. ഫെബ്രുവരിയില്‍ ബഹിരാകാശ സഞ്ചാരികളുടെ രണ്ടാം സംഘത്തെ സ്‌പേസ് എക്‌സ് അയക്കും. ഇവര്‍ക്ക് ആതിഥേയത്വം വഹിക്കുക എന്നതും ചാരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചുമതലയാണ്.
ഇന്ത്യയ്ക്ക് യഥാർതഅഥ സ്വാതന്ത്യം ലഭിച്ചത് 2014ൽ മോഡി അധികാരത്തിലേറിയപ്പോഴാണെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷവിമർശനം. കങ്കണ ചെയ്തത് രാജ്യദ്രോഹമാണെന്നും സ്വാതന്ത്ര്യ സമരത്തെ അപമാനിച്ച കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
”മഹാത്മാഗാന്ധി, നെഹ്‌റു, സർദാർ പട്ടേൽ എന്നിവരുടെ നേതൃത്വത്തിലുള്ള ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ വിപ്ലവകാരികളുടെ ത്യാഗങ്ങളെ ഇകഴ്ത്തുന്നതുമാണ് കങ്കണ റണാവത്തിന്റെ പ്രസ്താവന,”-കോൺഗ്രസ് വക്താവ് ആനന്ദ് ശർമ പറഞ്ഞു.
ദേശീയ മാധ്യമശൃംഖലയുടെ വാർഷിക ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ഇകഴ്ത്തി സംസാരിച്ചത്. ”സവർക്കറിലേയ്ക്കും ലക്ഷ്മിഭായിയിലേയ്ക്കും നേതാജി ബോസിലേയ്ക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകൾക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവർക്കത് അറിയാമായിരുന്നു. അവർ തീർച്ചയായും ഒരു സമ്മാനം നൽകി. അത് സ്വാതന്ത്ര്യമായിരുന്നില്ല, അത് ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത്,” എന്നായിരുന്നു കങ്കണയുടെ വാദം.
അതേസമയം, ബിജെപിയിൽ നിന്നടക്കം കടുത്ത വിമർശനമാണ് കങ്കണയ്ക്ക് നേരെ ഉയർന്നിരിക്കുന്നത്. കങ്കണയുടെ പരാമർശത്തെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നാണ് ബിജെപി എംപി വരുൺ ഗാന്ധി ചോദിച്ചത്.
‘ചിലപ്പോൾ മഹാത്മാഗാന്ധിയുടെ ത്യാഗത്തിനോടുള്ള അപമാനം, അദ്ദേഹത്തിന്റെ കൊലയാളിയോടുള്ള ബഹുമാനം, ഇപ്പോൾ മംഗൾ പാണ്ഡെ മുതൽ റാണി ലക്ഷ്മിഭായി, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, നേതാജി തുടങ്ങി ദശലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളോടുള്ള ഈ അവഗണന. ഈ ചിന്താ പ്രക്രിയയെ ഞാൻ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കണ്ടത്,’-വരുൺ പറഞ്ഞു.