Latest News

ഡോ. ഐഷ വി

എന്റെ ഓഫീസ് റൂമിലേയ്ക്ക് വന്ന് ഞങ്ങളുടെ കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ സുബി .റ്റി.എസ് തന്റെ സൃഹൃത്തായ ഒരാളെ എനിക്ക് പരിചയപ്പെടുത്തിത്തരട്ടേയെന്ന് എന്നോട് അനുവാദം ചോദിച്ചു. ഞാൻ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞു. സുബിയോടൊപ്പം വാതിൽ തുറന്ന് അകത്തു വന്നത് ഒരു ആജാന ബാഹു. ഇത് ഇസ്മായിൽ കാസിം. രാഷ്ട്രപതിയിൽ നിന്നും ധീരതയ്ക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഞാനവരോട് ഇരിക്കാൻ പറഞ്ഞു. എനിക്ക് ഇസ്മയിലിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം തോന്നി. എന്റെ മുന്നിലിരുന്ന ഇസ്മായിൽ 15 ഓളം ജീവനുകൾ ആപത് ഘട്ടങ്ങളിൽ മരണത്തെ മുഖാമുഖം കണ്ടവർക്ക് തിരിച്ചു പിടിച്ച് ഉള്ളം കൈയിൽ വച്ചു കൊടുത്ത കഥകൾ വീനിതനായി സൗമ്യനായി പറഞ്ഞു തന്നു. ഇസ്മായിൽ അവരെ രക്ഷിച്ച രീതികൾ വിദ്യാർത്ഥികളെ ഒരു പാഠപുസ്തകത്തിലും പഠിപ്പിക്കാത്തതാണ്. പ്രകൃതി ദുരന്തങ്ങളോ അപകടങ്ങളോ ഉണ്ടാകുമ്പോൾ പലപ്പോഴും പാഠപുസ്തകത്തിൽ പഠിച്ചത് അതേ പടി ചെയ്യാനുള്ള സാഹചര്യങ്ങളുമായിരിയ്ക്കില്ല.

അക്കാലത്ത്ഏഴാം ക്ലാസ്സുവരെ മാത്രം പഠിച്ച് പഠനമുപേക്ഷിച്ച, വലിയ ജീവിത സാഹചര്യങ്ങളൊന്നുമില്ലാതിരുന്ന ഒരു കോളനിയിൽ ജനിച്ചു വളർന്ന ഇസ്മായിലിന്റെ പ്രായോഗിക ബുദ്ധിയും ദൈവം നൽകിയ മെയ്ക്കരുത്തും തന്റെ മുന്നിൽ പിടയുന്നത് ഒരു മനുഷ്യ ജീവനല്ലേ എന്ന വിശാലമനസ്കതയും വായനക്കാരുടെ മുന്നിൽ അവതരിപ്പിയ്ക്കണമെന്ന് എനിക്ക് തോന്നി. ഒരു പക്ഷേ ആർക്കെങ്കിലുമൊക്കെ അത് പ്രയോജനപ്പെട്ടേക്കാം.

ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ കോളനിയായ തൊടുപുഴ വെള്ളിയാമറ്റത്ത് ഇളം ദേശം ലക്ഷം വീട് കോളനിയിൽ കാസിം – പാത്തു കുഞ്ഞ് ദമ്പതികളുടെ ഏഴുമക്കളിൽ ഒരാളായി ഇസ്മായിൽ കാസിം ജനിച്ചു. 1972-ൽ സർക്കാരിന് 100 രൂപ വില കൊടുത്ത് ഇസ്മായിലിന്റെ വാപ്പ സ്വന്തമാക്കിയതായിരുന്നു കോളനിയിലെ വീട്. ഏറ്റവും കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതൽ വീടുകൾ വച്ചതു കൊണ്ടാണ് ഈ കോളനി ഏഷ്യയിലെ രണ്ടാം സ്ഥാനത്തിനർഹമായത്. മൂന്നേക്കറിൽ 100 വീടുകൾ . സമ്പത്തില്ലെങ്കിലും സ്നേഹ സമ്പത്തിന്റെ നിറകുടങ്ങളായിരുന്നു ഇസ്മായിലും മാതാപിതാക്കളും സഹോദരങ്ങളും. ഇസ്മായിലിനും കുടുംബാംഗങ്ങൾക്കും ഏതു ജോലിയും ചെയ്യാൻ മടിയില്ലായിരുന്നു. വണ്ടി കഴുകുക വണ്ടിയിൽ സാധനങ്ങൾ കയറ്റി ഇറക്കുക. പടു കുഴിയിലേയ്ക്ക് മറിയുന്ന വണ്ടികൾ പൊക്കിയെടുക്കുക, കാട്ടിലെ ഭാരം കൂടിയ തടികൾ തോളത്ത് എടുത്തു വച്ച് വണ്ടിയിൽ കയറ്റുക, മണൽ വാരുക അങ്ങനെ ഏതു തൊഴിലും മഹത്തരമാണെന്ന് മനസ്സിലാക്കി ഇസ്മായിൽ ചെയ്തുപോന്നു. ഏഴാം ക്ലാസ്സ് കഴിഞ്ഞപ്പോൾ പഠിപ്പു നിർത്തി. കാട്ടിൽ ജോലിക്ക് പോയപ്പോൾ . ഭാരവുമായി ചെറുപാലം മുറിഞ്ഞും മറ്റും താഴ് ച്ചയിലേയ്ക്ക് നിപതിച്ച അനുഭവങ്ങളും ഇസ്മായിലിനുണ്ട്. എല്ലാ അനുഭവങ്ങളും ഇസ്മായിലിന്റെ ശരീരത്തിനും മനസ്സിനും കാരിരുമ്പിന്റെ കരുത്തു പകരുകയായിരുന്നു.

എന്തെല്ലാം ജോലി ചെയ്തിട്ടും വീട്ടിലെ സാമ്പത്തിക ശേഷി കൂടുന്നില്ലെന്ന് കണ്ടപ്പോഴാണ് ഒരു ബന്ധു ഉപദേശിച്ചത്. ആലുവയിൽ പോയി അറബി ടൈപ്പ് റൈറ്റിംഗ് പഠിച്ചാൽ ഗൾഫിൽ നല്ല ജോലി തരപ്പെടും. ആ ഉപദേശം ശിരസാ വഹിച്ച് ഏഴാം ക്ലാസ്സിൽ പഠനമുപേക്ഷിച്ച ഇസ്മയിൽ ആലുവയിലെത്തി അറബി ടൈപ്പ്റൈറ്റിംഗ് പഠിക്കാൻ തുടങ്ങി. അങ്ങനെ 1988 – ൽ ഒരു ദിവസം ആലുവ ദേവന പുന്നയാർ ഭാഗത്തായിരുന്നപ്പോൾ റയിൽവേ ട്രാക്കിൽ ചെരുപ്പു കുടുങ്ങിയ സമയം ട്രെയിൻ കയറിയിറങ്ങി കാലറ്റ് ചോര വാർന്ന് കിടക്കുന്ന കൊടുങ്ങല്ലൂർ ഗോപി എന്നയാളെ കാണാനിടയായി. ഇസ്മായിലിലെ മനുഷ്യത്വം (അതോ ദൈവീകത്വമോ?) ഉണർന്ന് പ്രവർത്തിച്ചു. ഗോപിയേയും അറ്റുപോയ കാലിനേയും തോളത്തേന്തി കരോത്തു കുഴി പ്രൈവറ്റാശുപത്രിയിൽ എത്തിച്ചു. സമയം വൈകിയിരുന്നതിനാൽ അറ്റുപോയ കാൽ കൂട്ടി യോജിപ്പിക്കാൻ പ്രയോജനപ്പെട്ടില്ല. എന്നാൽ ഗോപിയ്ക്ക് ജീവൻ തിരിച്ചു കിട്ടി.
മറ്റൊന്ന് ആലുവയിൽ താമസിക്കുന്ന കാലത്തു തന്നെയാണ്. ശാന്തി പുരത്ത് ടിപ്പു സുൽത്താൻ സ്കൂളിലെ കുട്ടികൾ പാത്രം കഴുകാൻ സമീപത്തായി അരയേക്കർ വിസ്തൃതിയുള്ള കുളത്തിൽ ഇറങ്ങിയതാണ്. ഒരു കുട്ടിയുടെ കൈയ്യിലെ പാത്രം കുളത്തിലേയ്ക്ക് വീണു പോയി. കുട്ടി കുട നിവർത്തി നീട്ടി പാത്രമെടുക്കാൻ ശ്രമിച്ചു. കുടയിൽ വെള്ളം കയറിയപ്പോൾ കുടയും കുട്ടിയും കൂടി വെള്ളത്തിൽ താണുപോയി. പിന്നെ രണ്ടു കുട്ടികൾ താണുപോയ കുട്ടിയെ രക്ഷിയ്ക്കാനായി ശ്രമിച്ചെങ്കിലും അവരും വെള്ളത്തിൽ താണുപോവുകയായിരുന്നു. അപ്പോഴാണ് ഇസ്മായിൽ അതു വഴിവന്നത്. പ്രശ്നം മനസ്സിലാക്കി കുളത്തിൽ ചാടി മൂന്നു കുട്ടികളെയും കരയ് ക്കെത്തിച്ചു. ആദ്യം വെള്ളത്തിൽ വീണ കുട്ടിയെ അവസാനമാണ് രക്ഷിക്കാൻ കഴിഞ്ഞത്. അതിനാൽ ആ കുട്ടിയുടെ നില കൂടുതൽ വഷളായിരുന്നു. എന്നാൽ മൂവരും രക്ഷപ്പെട്ടു. പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ കൊണ്ടുപോയിരുന്നു.

മൂലമറ്റം കാഞ്ഞാറിൽ ആറിനിക്കരെ കൂടി നടന്നു പോവുകയായിരുന്ന ഇസ്മയിൽ ആറ്റിനക്കരെ കുളിച്ചു കൊണ്ടു നിന്നവർ കയത്തിൽ താഴ്ന്ന് പോകുന്നത് കണ്ട് അക്കരയ്ക്ക് നീന്തി എല്ലാവരേയും രക്ഷപെടുത്തിയതാണ് അടുത്ത സംഭവം.

നമുക്കറിയാത്ത പുഴയുടെ മേൽത്തട്ട് ശാന്തമായി തോന്നാം. എന്നാൽ അടിത്തട്ടിൽ കുഴിയുണ്ടെങ്കിൽ ഒഴുക്കു വെള്ളം ആ കുഴിയിൽ ചുഴി തീർക്കും . വേണമെങ്കിൽ വൈദ്യുതി വരെ ഉത്പാദിപ്പിക്കാൻ തക്ക തരത്തിലുള്ള ഊർജ്ജ പ്രവാഹമായിരിയ്ക്കും അത്തരം കയങ്ങളിൽ ഉണ്ടാകുക. പുഴയിൽ നിന്നും വെള്ളം പമ്പു ചെയ്യുന്ന പമ്പ് ഹൗസുകൾ ഉള്ളിടത്തോ പുഴയിൽ നിന്നും മണൽ വാരിയ വൻ കുഴികൾ ഉള്ളിടത്തോ പ്രകൃത്യാ തന്നെ പുഴയിൽ കുഴിയുള്ളിടത്തോ ഇത്തരം ചുഴികൾ വരാം. നന്നായി നീന്തറിയാവുന്നവർ പോലും ചുഴിയിൽപ്പെട്ടാൽ രക്ഷപെടാൻ പ്രയാസമാണ്. പുഴയിലെ ചെളിയിൽ പുതഞ്ഞ് പോകുന്നത് മറ്റൊരു തരം അപകടമാണ്.

ഇസ്മായിലിന് രക്ഷകന്റെ വേഷം മാത്രമേ ഇണങ്ങൂ എന്ന് നിങ്ങൾ വിചാരിക്കരുത്. കവിതയും നന്നായി വഴങ്ങും. നല്ല ഭംഗിയുള്ള കൈപ്പടയിൽ നല്ല വൃത്തഭംഗിയുള്ള കവിതകൾ വെറും ഏഴാം ക്ലാസ്സ് മാത്രം വിദ്യാഭ്യാസമുള്ള ഇസ്മായിൽ എഴുതുമായിരുന്നു.

അറബി റ്റൈപ് റൈറ്റിംഗ് പഠനം കഴിഞ്ഞ് നാട്ടിൽ എത്തിയപ്പോഴാണ് ഔപചാരിക വിദ്യാഭ്യാസം നേടിയതിന്റെ ഒരു സർട്ടിഫിക്കറ്റുമില്ലാതെ ഗൾഫിലെ മണലാരണ്യത്തിൽ ജോലി തേടിപ്പോയിട്ട് യാതൊരു കാര്യവുമില്ല എന്നറിയുന്നത്. എസ്.എസ്.എൽ.സി പാസാകണമെന്ന ആഗ്രഹം തീവ്രമാകുന്നത് അപ്പോഴാണ്. അങ്ങനെ പഠിക്കുന്ന കാലത്ത് ഒരു ദിവസം ബസ്സിൽ സഞ്ചരിക്കുമ്പാഴായിരുന്നു അടുത്ത സംഭവം. പൊട്ടി വീണ വൈദ്യുതി കമ്പി റോഡിൽ നിന്നും കൈ കൊണ്ട് പിടിച്ച് മാറ്റിയിടാൻ ശ്രമിച്ച സുനിൽ എന്ന പയ്യന് ഷോക്കേറ്റു. കൈ വിരലുകൾ വൈദ്യുതി കമ്പിയിൽ മുറുകെ പിടിച്ച നിലയിൽ ആയിരുന്നതിനാൽ അവിടെ കൂടിയ ആളുകൾ വടിയും തടിയും മറ്റു സാധനങ്ങളുമൊക്കെ എടുത്തടിച്ചിട്ടും മടങ്ങിയ വിരലുകൾ കമ്പിയിലെ പിടി വിട്ട് നിവർന്ന് വരുന്നില്ലായിരുന്നു. വൈദ്യുതി പോസ്റ്റിലെ ഫ്യൂസ് ഊരേണ്ടത് ഒന്നര കിലോമീറ്റർ അകലെയും . ഇസ്മായിൽ കയറിയ ബസ്സിൽ നല്ല തിരക്കായതിനാൽ ഫുട്ട്ബോർഡിൽ നിൽക്കേണ്ടി വന്നു. അതിനാൽ സംഭവ സ്ഥലത്തെത്തിയ ബസ്സിൽ നിന്നും വേഗം ഇറങ്ങാൻ സാധിച്ചു. ഇതേ സമയം മറ്റൊരു ബസ്സു കൂടി സംഭവ സ്ഥലത്ത് എത്തിയിരുന്നു. നൂറ്റമ്പതോളം ആളുകൾ നിസ്സഹായരായി നോക്കി നിൽക്കേ ഇസ്മായിലിന്റെ പ്രായോഗിക ബുദ്ധി അതിവേഗത്തിൽ പ്രവർത്തിച്ചു. ഉടുമുണ്ട് ഊരി ഷോക്കടിയേറ്റയാളിന്റെ കൈ വിരലുകളിലും ദേഹത്തുമായി പൊതിഞ്ഞ് പിടിച്ച് വൈദ്യുത കമ്പിയുടെ പൊട്ടി വീണ അറ്റത്തേയ്ക്ക് വലിച്ചു കൊണ്ടുപോയി ഊരിയെടുക്കുകയിരുന്നു. ഈ പ്രവർത്തനത്തിനിടയിൽ ഇസ്മയിലിന് ഒന്നുരണ്ടു പ്രാവശ്യം ചെറുതായി ഷോക്കേറ്റിരുന്നു. അങ്ങനെ സുനിലിന്റെ ജീവൻ തിരികെ കിട്ടി. വൈദ്യുതി കമ്പിയിൽ പിടിച്ച സുനിലിന്റേതും സദുദ്ദേശമായിരുന്നു. തൊട്ടടുത്തു തന്നെയുള്ള സെൻറ് ജോസഫ് സ്കൂളിലെ കുട്ടികൾക്ക് ഷോക്കടിക്കാതിരിക്കുക എന്ന സദുദ്ദേശത്തോടെയാണ് സുനിൽ കമ്പി പിടിച്ച് മാറ്റാൻ ശ്രമിച്ചത്. ഈ സംഭവങ്ങൾ ഇസ്മായിലിനെ രാഷ് പതിയുടെ പുരസ്കാരത്തിലേയ്ക്ക് നയിച്ചു. 1996-ൽ ശ്രീ കെ. ആർ നാരായണൻ രാഷ്ട്രപതിയായിരുന്ന സമയത്താണ് “ജീവൻ രക്ഷാ പഥക് ” നൽകി രാഷ്ട്രം ഇസ്മായിലിനെ ആദരിച്ചത്. അന്ന് 18 വയസ്സിൽ കൂടുതലുള്ള ആരെയും കൂടെ കൊണ്ടുപോകാനോ നല്ലൊരു ഫോട്ടോയെടുത്ത് സൂക്ഷിക്കാനോ ഉള്ള സാമ്പത്തിക ശേഷി ഇസ്മായിലിന്റെ കുടുംബത്തിനില്ലായിരുന്നു. പിൽക്കാലത്ത് സെൻറ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥികൾ ആ നാട്ടിലെ പ്രതിഭയായി ഇസ്മായിലിനെ തിരഞ്ഞെടുത്ത് ആദരിച്ചു.

1998- ൽ മുഖ്യമന്ത്രിയുടെ കൈയ്യിൽ നിന്നും 10000 രൂപ പുരസ്കാരമായി ഇസ്മായിലിന് ലഭിച്ചിരുന്നു.
കാര്യങ്ങൾ ഇത്രത്തോളമെത്തിയപ്പോൾ ശ്രീ പി ജെ ജോസഫ് ഇടപ്പെട്ടു. ഇസ്മായിലിന് കോസ്റ്റ് ഗാർഡിൽ ജോലി ലഭിച്ചു. എന്നാൽ ഇസ്മായിലിന്റെ ഉമ്മയ്ക്ക് ആ ജോലി ഇഷ്ടമില്ലാതിരുന്നതിനാൽ 1998- ൽ ഐ.എച്ച്.ആർ.ഡി യുടെ സ്ഥാപനത്തിൽ ജോലി സ്വീകരിച്ചു. സ്വപ്രയത്നത്താൽ ഹയർ സെക്കന്ററിയും ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സും പാസ്സായി. ഞാൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പട്ടുവത്ത് പ്രിൻസിപ്പാളായി ജോലി നോക്കുമ്പോൾ അവിടത്തെ ലൈബ്രറേനിയനായിരുന്ന ശ്രീ പത്മനാഭനെക്കൊണ്ട് ഡിസൈൻ ചെയ്യിപ്പിച്ച് ഗവ. സാങ്ഷൻ നേടിയെടുത്ത ലൈബ്രററി സയൻസ് കോഴ്സാണ് ഇസ്മായിൽ പാസ്സായിയെന്നത് അദൃശ്യമായ കർമ്മബന്ധം. ഇപ്പോൾ പൈനാവ് ഐ എച്ച് ആർ ഡി യുടെ പോളി ടെക് നിക്കിൽ ലൈബ്രറിയിൽ ജോലി നോക്കുന്നു. സ്വന്തമായി ഒരു ജിമ്മും ഉണ്ട്. മുണ്ടും ഷർട്ടുമിട്ട് ഇസ്മയിൽ ജോലി സ്ഥലത്തെത്തി വിനീതനായി ഇരുന്നാൽ ജീംന്വേഷ്യത്തിൽ പ്രവൃത്തി പരിചയമുള്ളയാളാണെന്നും ധാരാളം പേർക്ക് ടെയിനിംഗ് കൊടുത്തിട്ടുണ്ടെന്നും കാണുന്നവർക്കൊന്നും തോന്നില്ല. കുട്ടികളുടെ ഇടയിലെ കശപിശയും മറ്റും സൗമ്യമായി പറഞ്ഞു തീർക്കാൻ ഇസ്മായിൽ ശ്രമിക്കും. ചിലപ്പോൾ കുട്ടികൾ പിരിഞ്ഞ് പോകും.

ചില ക്ഷിപ്രകോപികൾ കാര്യങ്ങൾ കയ്യാങ്കളിയിലെത്തിക്കും ദൂരെ നിന്ന് ക്ഷമയോടെ ഇതൊക്കെ നിരീക്ഷിക്കുന്ന ഇസ്മയിൽ ക്ഷിപ്രകോപിയെ തറയിൽ നിന്നും ഉയർത്തും. നിലത്ത് കാലുറച്ച് നിൽക്കുമ്പോഴുള്ള വീറും വാശിയുമേ ഈ കുട്ടികൾക്കുള്ളൂ. കാലുറപ്പിക്കാൻ ഇടം കിട്ടാത്തപ്പോൾ അല്പനേരം കാലിട്ടടിയ്ക്കും. പിന്നെ അടങ്ങും. കോപമടങ്ങാനും എല്ലാം കലങ്ങിത്തെളിയാനും അല്പം നേരം വേണമല്ലോ? പിന്നെ സമാധാനിപ്പിച്ച് വിടും. ഇസ്മായിൽ ജിമ്മാണെന്നറിയുന്ന ആൺകുട്ടികൾ എങ്ങനെയാണ് ബോഡി ബിൽഡ് അപ് ചെയ്ത് എടുത്തത് എന്നറിയാൻ ഇസ്മായിലിന്റെ പിറകെ കൂടും. എന്റെ ഓഫീസിന് മുന്നിലും ധാരാളം കുട്ടികൾ ഇസ്മായിലിനെ കാണാൻ നിൽക്കുന്നുണ്ടായിരുന്നു.

ഇസ്മായിലിന് രക്ഷകന്റെ വേഷം ഈശ്വരൻ കല്പിച്ചു നൽകിയതായതിനാൽ 2010 ൽ പൂച്ചപ്ര ഉരുൾ പൊട്ടലിൽ 5 പേരെ രക്ഷിക്കാനുള്ള നിയോഗമുണ്ടായി. നാട്ടിലെ ഏതു കാര്യങ്ങൾക്കും മുന്നിട്ടിറങ്ങി സഹായിക്കുന്ന ശീലമുള്ളതിനാൽ ഈ ഉരുൾപൊട്ടൽ സ്ഥലത്തും കൂട്ടുകാരോടൊപ്പം ഇസ്മായിൽ എത്തി. വടവും മറ്റും കൈയ്യിലുണ്ടായിരുന്നെങ്കിലും രൗദ്ര ഭാവം പൂണ്ടൊഴുകുന്ന കാട്ടാർ നീന്തി കടക്കാൻ ആർക്കും ധൈര്യം പോരായിരുന്നു. പുഴയ്ക്കക്കരെ മലമുകളിലായിരുന്നു ഉരുൾ പൊട്ടലിൽ പെട്ടവീട്. ഒരു വീട്ടിലെ അമ്മയും ഒരാൺകുട്ടിയും മൂന്ന് പെൺകുട്ടികളും അവിടെ ഒറ്റപ്പെട്ടു പോയി. ആ അഞ്ചുപേരെയും രക്ഷിക്കുന്ന ദൗത്യം ഇസ്മായിലിനായിരുന്നു. വലിയ വടവുമായി ഇസ്മായിൽ അക്കരയ്ക്ക് നീന്തി. വീടും വൃക്ഷങ്ങളും കടപുഴക്കി ഒഴുകുന്ന ഉരുൾ വെള്ളത്തിൽ ഒഴുകിപ്പോകാതെ നിന്ന ഒരു വന്മരത്തിൽ വടം കെട്ടിയുറപ്പിച്ചു. മറുകരയിൽ സഹായികൾ ഒരു വൃക്ഷത്തിൽ വടം നന്നായി വലിച്ചു കെട്ടി. ഇസ്മായിൽ രക്ഷിച്ചു കൊണ്ടുവരുന്നവരെ താങ്ങി ഇക്കരെയെത്തിക്കാൻ സഹായികൾ നിലയെത്തും വെള്ളത്തിൽ വടത്തിൽ പിടിച്ച് വരിവരിയായി നിലയുറപ്പിച്ചു. ആൺകുട്ടി ചെറുതായതിനാൽ അതിനെയും രണ്ടു പെൺകുട്ടികളെയും ഇസ്മയിൽ ആദ്യം സഹായികൾ നിൽക്കുന്നിടം വരെ പുഴ നീന്തി എത്തിച്ചു കൊടുത്തു. ഇങ്ങനെ കൊണ്ടുവരുന്ന ആൾക്കാർ എല്ലാം നഷ്ടപ്പെട്ട് മരണത്തെ മുഖാമുഖം കണ്ടവരായതിനാൽ പിച്ചും പേയും പറയുകയും ആത്മഹത്യാപ്രവണത കാണിക്കുകയും രക്ഷകന്റെ ഷർട്ടിലും തലമുടിയിലും പിടിച്ച് വലിച്ച് പിച്ചുകയും ചെയ്യും. അതെല്ലാം സഹിച്ച് ഇവരെയും തോളിലേന്തി നിലയില്ലാ ഒഴുക്കു വെള്ളത്തിൽ വടം ചേർത്ത് നീന്തി സഹായികൾ നിൽക്കുന്നിടം വരെ എത്തിക്കുന്നത് വളരെ സാഹസികമായും ശ്രദ്ധയോടെയും ചെയ്യേണ്ട കാര്യമാണ്. ഏതു നിമിഷവും രക്ഷപ്പെടുത്തിയ ആൾ കൈയ്യിൽ നിന്നും പോകാം. അങ്ങനെ പോയാൽ അതുവരെ ചെയ്ത പ്രയത്‌നങ്ങൾക്കൊന്നും ഫലമില്ലാതെയാകും.

മൂന്ന് പേരെ ഇക്കരെയെത്തിച്ച് തിരികെ അക്കരെയെത്തി മല കയറുമ്പോഴാണ് രണ്ടാമത്തെ ഉരുൾ പൊട്ടിയത്. അമ്മയും മകളും ഉറച്ച മരത്തിൽ പിടിച്ച് നിന്നു. അമ്മ ഭ്രാന്തിയെപ്പോലെ അലറി . ഒരു ഘട്ടത്തിൽ ഉരുൾവെളളത്തിൽ ചാടി ആത്‌മഹത്യ ചെയ്യാൻ അവരൊരുങ്ങി. ഇസ്മായിൽ വേഗം അവരെ ഇക്കരെയെത്തിച്ചു. ഏറ്റവുമവസാനം മരത്തിൽ പിടിച്ച് ധൈര്യപൂർവ്വം കാത്തു നിന്ന പെൺകുട്ടിയേയും. അങ്ങനെ ഒരു വീട്ടിലെ അഞ്ചു പേർ രക്ഷപെട്ടു. ഇതേ ദിവസം ആ നാട്ടിൽ മറ്റൊരിടത്ത് ഇതുപോലെ ആളുകളെ രക്ഷിക്കാനിറങ്ങിയ ഇസ്മയിലിന്റെ ആത്മാർത്ഥ സുഹൃത്തിന്റെ വിയോഗമറിയാതെയായിരുന്നു ഈ രക്ഷാപ്രവർത്തനം. പിന്നീട് അയാളുടെ മൃതദേഹം കണ്ടെടുത്തപ്പോൾ ആർക്കും തിരച്ചറിയാൻ പറ്റുന്നില്ലായിരുന്നു. എന്നാൽ സുഹൃത്തിനെ കാണ്മാനില്ലെന്ന വിവരവും കിട്ടിയിരുന്നു. അവസാനം ഒരാൾ പറഞ്ഞു. നീ അവന്റെ മുഖമൊന്ന് സങ്കല്പിച്ചു കൊണ്ട് ഈ മൃതദേഹത്തിൽ നോക്കുക ഇതവനാണോ എന്ന്. അതയാൾ തന്നെയായിരുന്നു.

സ്പോർട്ട്സിലും വടം വലിയിലും നിരവധി സമ്മാനങ്ങൾ ഇസ്മായിലിന് ലഭിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് വടത്തിന്റെ ഒരു വശത്ത് നിന്ന് വലിച്ച് വടം വലിയിൽ ജയിച്ച അനുഭവവും ഇസ്മയിലിനുണ്ട്.

ഇസ്മായിലിന്റെ വിവാഹവും ഒരു രക്ഷപെടുത്തൽ തന്നെയായിരുന്നു. ഭാര്യ സിന്ധു ( ഇപ്പോഴത്തെ പേര് ഷാഹിദ) ഒരു ക്രിസ്തീയ കുടുംബത്തിലേതായിരുന്നു. അമ്മ മരിച്ചു പോയി. ഒരു സഹോദരന് സിന്ധുവിന്റെ പിതാവ് വീടും പറമ്പും ഒരാൾക്ക് ജാമ്യം വയ്ക്കാനായി നൽകി. പിന്നീട് കുടുംബം കടക്കെണിയിലായി. സിന്ധു മനസ്സിന്റെ ഭാരമെല്ലാം ഇറക്കി വയ്ക്കുന്നത് സമീപ വാസിയായ ഇസ്മായിലിനടുത്തായിരുന്നു. സിന്ധുവിന്റെ ഹൃദയ നൊമ്പരങ്ങൾ കേട്ടുകേട്ട് ഇരുവരും പ്രണയത്തിലായി. പ്രണയം ഇരു വീടുകളിലും എതിർപ്പുളവാക്കി. മതമായിരുന്നു പ്രശ്നം. ഇങ്ങനെയായാൽ എങ്ങിനെയാണ് വിവാഹം നടത്തുക ? ഇരുവർക്കും പിന്മാറിയാലോ എന്ന് ഇസ്മായിൽ സിന്ധുവിനോട് ചോദിച്ചു. സിന്ധു പറഞ്ഞു: ഇസ്മായിൽ വേറെ വിവാഹം കഴിച്ചോളൂ. സിന്ധു അവിവാഹിതയായി തുടരുമെന്ന്. അങ്ങനെ ഇസ്മായിൽ സിന്ധുവിനെ തന്നെ ജീവിത സഖിയാക്കാൻ തീരുമാനിച്ചു.

ഇസ്മായിലിന്റെ വീട്ടിൽ എല്ലാവർക്കും കൂടി കിടക്കാൻ സ്ഥലമില്ലാത്തതിനാൽ ആ കോളനിയിൽ തന്നെയുള്ള ഒരു മുറിയിലായിരുന്നു കിടപ്പ്. സിന്ധുവിന്റെ വീട് റോഡിന് എതിർവശത്തും. ഇസ്മായിൽ ജോലിക്ക് പോകുന്ന ദിവസം ഒരു ഷർട്ടെടുത്തു കടയിലെ മേശപ്പുറത്ത് വച്ചിരുന്നാൽ അതിന്റെയർത്ഥം അന്നേ ദിവസം ഇസ്മായിൽ തിരിച്ചെത്തുമെന്നാണ്. ഒരു കുപ്പി നിറച്ച് വെള്ളം വച്ചാൽ അന്ന് തിരികെയെത്തി ല്ലെന്നും . ഒഴിഞ്ഞ കുപ്പി വച്ചാൽ മറ്റൊരു കോഡ്. അങ്ങനെ ലാന്റ് ഫോണോ മൊബൈൽ ഫോണോ സ്വന്തമായി ഇല്ലാതിരുന്ന കാലത്ത് അവർ കോഡുകൾ കൊണ്ടു സംവദിച്ചു. ഇസ്മായിലിന് അല്പ സ്വൽപം സാമ്പത്തിക സ്ഥിതിയൊക്കെയായപ്പോൾ അവർ വിവാഹിതരാകാൻ തീരുമാനിച്ചു.. സിന്ധു പൊന്നാനിയിൽ പോയി മതം മാറി ഷാഹിദയായി. അവർ കോളനിയിൽ നിന്നും അല്പം ദൂരത്തുമാറി
ഒരു വീട്ടിൽ താമസമാക്കി. അവരുടെ ദാമ്പത്യവല്ലരിയിൽ രണ്ടു കുട്ടികളുണ്ടായി. അൽ സാബിത്തും അൽ സാജിത്തും.

സിന്ധുവിന്റെ സഹോദരൻ ഇംഗ്ലണ്ടിൽ പോയി . കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. ഇപ്പോൾ ഇസ്മായിലും ഭാര്യയും ഇരുവരുടേയും ബന്ധുവീടുകളിലേയ്ക്ക് പോകില്ല. എല്ലാവർക്കും അവരുടെ വീട്ടിലേയ്ക്ക് വരാൻ സ്വാതന്ത്ര്യമുണ്ട്.

ഞങ്ങളുടെ കോളജിലെ എൻ എസ് എസ് വിദ്യാർത്ഥികളും പ്രോഗ്രാം ഓഫീസർ സുബിയും കൂടി ഒരു പുഴക്കരയിൽ 20 ഏക്കർ സ്ഥലത്ത് കാവ് വച്ച് പിടിപ്പിക്കുന്ന ശ്രമത്തിലായിരുന്നു. അതിൽ പങ്കെടുത്ത ശേഷമാണ് ഇസ്മായിൽ കോളേജിൽ എത്തിയത്. പുറത്ത് കുട്ടികൾ ഇസ്മായിലിനെ കാത്ത് നിൽക്കുന്നതിനാൽ ഇസ്മയിൽ വേഗം ഇറങ്ങി. സുബിയുടെ ഭാഷയിൽ പറഞ്ഞാൽ വനത്തിനുള്ളിൽ കഴിയുന്ന ആദിവാസികളുടെ ഇടയിൽ ഇലക്ഷൻ ഡ്യൂട്ടിയ് ക്ക് പോകണമെങ്കിൽ അത് ചോദിച്ചു വാങ്ങി പോകാൻ മടിയില്ലാത്തയാളാണ് ഇസ്മായിൽ . വനത്തിനുള്ളിലെ ഒറ്റയടിപ്പാതയിലൂടെ 15 കിലോമീറ്ററോളം നടന്നാണ് കേരളത്തിലെ ആദ്യ ആദിവാസി ഗ്രാമ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇസ്മായിൽ എത്തിയത്. നല്ല ആരോഗ്യമുള്ളവരെ മാത്രമേ അവിടെ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് ഇടുകയുള്ളൂ. ഇടമല കുടിയിൽ ആകെ 26 കുടികളാണുള്ളത്. ഒരു കുടിയിൽ ഇരുപതോളം വീടുകൾ . പിന്നെ കുറച്ചു ദൂരം ചെന്നശേഷമായിരിയ്ക്കും അടുത്ത കുടി. ഒരു കുടിയ് ക്ക് ഒരു കാണിയുണ്ടാകും. എല്ലാ കാണികൾക്കും കൂടി ഒരു മൂപ്പൻ . ഇവരെ കണ്ടിട്ട് വേണം ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് ഹാജരാകാൻ. ഇടമലകുടിയിൽ രണ്ടായിരത്തോളം വോട്ടർമാർ ഉണ്ടാകും ഒരു ബൂത്തിൽ അഞ്ഞൂറോളം വോട്ടർമാർ ഉണ്ടാകും. ഉച്ചയ്ക്ക് മുമ്പ് വോട്ടെടുപ്പ് കഴിയും. ഇവരെത്തിയ ബൂത്ത് പ്രദേശത്ത് തലേന്നാൾ ഒരു പട്ടിയെ ഒരു പുലി പിടിച്ചിരുന്നു. ഇസ്മായിൽ നടന്നു തളർന്ന ക്ഷീണത്തിൽ സുഖമായി ഉറങ്ങി. മറ്റുള്ളവർ ഉറങ്ങാതെ നോക്കി നിൽക്കുകയായിരുന്നു. നേരം വെളുത്ത് ഇസ്മായിൽ കണ്ണു തുറന്ന് നോക്കിയപ്പോൾ ആരും ഉറങ്ങിയിട്ടില്ലെന്ന് മനസ്സിലായി. എങ്ങിനെ ഉറങ്ങാൻ പറ്റി ? പേടിയായില്ലേ എന്ന് ഇസ്മായിലിനോട് അവർ ചോദിച്ചു . നിങ്ങളെല്ലാം ഉറങ്ങാതെ കാവൽ നിൽക്കുകയല്ലേ? അപ്പോൾ എനിക്ക് സുഖമായി ഉറങ്ങാമല്ലോ എന്നായിരുന്നു ഇസ്മയിലിന്റെ മറുപടി. അതാണ് ഇസ്മായിൽ. ഞാൻ ഡിസാസ്റ്റ ർ മാനേജ്മെന്റിനെക്കുറിച്ച് ഒരു ക്ലാസ്സ് നമ്മുടെ കുട്ടികൾക്കായി ഇസ്മായിലിനെ കൊണ്ട് എടുപ്പിക്കണമെന്ന് സുബിയെ പറഞ്ഞേൽപ്പിച്ചു. അനുഭവസമ്പത്തുള്ളവർക്കല്ലേ അത് വിദ്യാർത്ഥികൾക്ക് പകർന്നു നൽകാൻ കഴിയൂ. ഇനിയും ഒട്ടേറെ പേരുടെ ജീവൻ രക്ഷിക്കാനുള്ള കഴിവും ആരോഗ്യവും ദീർഘായുസ്സും ദൈവം ഇസ്മായിലിന് നൽകട്ടെ.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

മുൻ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നിന്റെ ഏറെ ചർച്ചയായ പ്രണയബന്ധം തകർന്നു. സുസ്മിതയും കാമുകൻ റോഹ്‌മാൻ ഷോവലും വേർപിരിഞ്ഞതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫാഷൻ മോഡലാണ് റോഹ്‌മാൻ. സുസ്മിത ഇൻസ്റ്റഗ്രാമിലൂടെയാണ് തങ്ങൾ വേർപിരിഞ്ഞ വിവരം പങ്കുവച്ചത്.

‘സുഹൃത്തുക്കളായി ഞങ്ങളുടെ ബന്ധം തുടങ്ങി. ഇനിയും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും. എന്നാൽ ആ ബന്ധം അവസാനിച്ചു. സ്നേഹം നിലനിൽക്കുന്നു.’.. റോഹ്‌മാനൊപ്പമുള്ള ചിത്രത്തോടൊപ്പം സുസ്മിത കുറിച്ചു.

സുസ്മിതയ്ക്കും നടി ദത്തെടുത്ത രണ്ട് പെൺകുട്ടികൾക്കും ഒപ്പമായിരുന്നു റോഹ്‌മാൻ വർഷങ്ങളായി താമസിച്ചു കൊണ്ടിരുന്നത്. റെനിയും അലിഷയുമാണ് സുസ്മിതയുടെ മക്കൾ. 2001 ലാണ് സുസ്മിത മൂത്തമകൾ റെനിയെ ദത്തെടുത്തത്. രണ്ടാമത്തെ മകൾ അലിഷയെ 2010ലും.

2017 ൽ ഒരു ഫാഷൻ ഷോയിൽ വച്ചാണ് സുസ്മിതയും റോഹ്‌മാനും പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായതും. പതിനഞ്ച് വയസ് പ്രായ വ്യത്യാസം ഉണ്ട് ഇരുവരും തമ്മിൽ. 44കാരിയാണ് സുസ്മിത. 29 വയസാണ് റോഹ്‌മാന്. ഇരുവരുടേയും പ്രായത്തെ വെല്ലുന്ന പ്രണയത്തിനും ഏറെ ആരാധകരും വിമർശകരുമുണ്ടായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ പൾസർ സുനിയും എട്ടാം പ്രതി നടൻ ദിലീപും തമ്മിൽ അടുത്തബന്ധമെന്ന് ദിലീപിന്റെ മുൻസുഹൃത്ത് ബാലചന്ദ്രകുമാർ. പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധമായിരുന്നെന്നും ഇക്കാര്യം പുറത്തു പറയാതിരിക്കാൻ ദിലീപും ബന്ധുക്കളും തന്നെ നിർബന്ധിച്ചുവെന്നും സംവിധായകൻ കൂടിയായ ബാലചന്ദ്രകുമാർ പ്രമുഖ ദൃശ്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.

ഇത്ര വൈകിയുള്ള വെളിപ്പെടുത്തൽ കേസിൽ പ്രതിയായ ദിലീപിനെ സഹായിച്ചതിലുള്ള കുറ്റബോധവും തന്റെ ജീവന് ഭീഷണിയുള്ളതിനാലുമാണെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ജാമ്യത്തിലിറങ്ങിയപ്പോൾ തന്നെ ദിലീപിനത് ലഭിച്ചെന്നും ഇതിന് താൻ സാക്ഷിയാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരൻ അനൂപും സഹോദരിയുടെ ഭർത്താവ് സുരാജും ഉൾപ്പെടെയുള്ളവർ കാണുന്നതിന് താൻ സാക്ഷിയായി. പോലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകർപ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകൾ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാർ.

2014 ൽ കഥപറയാനെത്തിയ കാലം തൊട്ട് ദിലീപുമായി അടുത്ത സൗഹൃദമുണ്ടെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. ദിലീപിന്റെ കുടുംബവുമായി നല്ല അടുത്ത ബന്ധമുണ്ടായിരുന്നെന്നും താൻ ദിലീപുമായി സൗഹൃദത്തിലായ സമയത്താണ് അദ്ദേഹത്തിന്റെ ആദ്യവിവാഹത്തിന്റെ വിവാഹമോചനക്കേസ് നടന്നിരുന്നതെന്നും ബാലചന്ദ്രകുമാർ പറയുന്നു. ദിലീപിന്റെ അമ്മയും അനിയനുമായൊക്കെ നല്ല സൗഹൃദമായിരുന്നു. ഭാര്യ കാവ്യയുമായിട്ടും സൗഹൃദമാണ്. കാവ്യ എന്നെ വിളിച്ച് സംസാരിക്കാറുണ്ടെന്നും ബാലചന്ദ്രകുമാർ അവകാശപ്പെട്ടു.

പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നെന്നാണ് സംവിധായകന്റെ നിർണായക വെളിപ്പെടുത്തൽ. ദിലീപിന്റെ വീടിന്റെ പാലു കാച്ചലിന്റെ പിറ്റേന്ന് അവിടെയെത്തിയപ്പോൾ പൾസർ സുനിയെ കണ്ടിരുന്നെന്നും അന്ന് വീട്ടിലേക്കുള്ള ഭക്ഷണം വാങ്ങാൻ പോകുമ്പോഴാണ് അയാളെ പരിചയപ്പൈട്ടത്. ദിലീപിന്റെ സഹോദരൻ അനൂപും താനും പൾസർ സുനിയും ചേർന്നാണ് ഒരു കാറിൽ പോയത്.

കാറിൽ കയറാൻ നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരനെ ഞങ്ങൾക്കൊപ്പം കയറ്റി. കൈയ്യിലുള്ള പണം പോക്കറ്റടിച്ചു പോവാതെ നോക്കണമെന്ന് അനൂപ് ചെറുപ്പക്കാരനോട് കാറിൽ വെച്ച് പറയുന്നത് ഞാൻ കേട്ടു. കാറിൽ വെച്ച് ഞങ്ങൾ പരിചയപ്പെട്ടു. പേര് ചോദിച്ചപ്പോൾ സുനി എന്നാണ് പറഞ്ഞത്. പൾസർ സുനി എന്ന് പറഞ്ഞാലേ അറിയൂ എന്ന് അനൂപ് അന്ന് തിരുത്തിപ്പറയുകയും ചെയ്തു.’- ബാലചന്ദ്രകുമാർ പറയുന്നു.

‘പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധം വളരെ അടുത്തതാണെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു. അതവരുടെ ഇടപെടലുകളിൽ നിന്ന് മനസ്സിലായി. നടി ആക്രമിക്കപ്പെട്ട സംഭവം നടന്നപ്പോൾ പ്രതിയെന്ന് പറഞ്ഞ് പുറത്തു വന്ന പൾസർ സുനിയുടെ ചിത്രം കണ്ടപ്പോൾ തന്നെ ദീലിപിനെ വിളിച്ചു. സാറിന്റെ വീട്ടിൽ കണ്ട പയ്യനല്ലേ പിടിയിലായത് എന്ന് ചോദിച്ചു. ഏത് പയ്യനെന്നാണ് ദിലീപ് തിരിച്ചു ചോദിച്ചത്. ബാലുവിന് തെറ്റിയതായിരിക്കുമെന്ന് പറഞ്ഞു. പിന്നീട് ബാലു തന്റെ കൂടെ പൾസർ സുനിയെ കണ്ട കാര്യം പുറത്തു പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു’- സംവിധായകൻ ആരോപിക്കുന്നു.

ബാലചന്ദ്രകുമാറിന്റെ വാക്കുകൾ ഇങ്ങനെ:

‘പിന്നീടങ്ങോട്ട് തന്നോട് വളരെ സ്നേഹം അഭിനയിച്ചു. കേസിൽ ദിലീപ് റിമാൻഡിലായിരിക്കെ ഒരിക്കൽ സഹോദരൻ മുഖേന ആലുവയിലെ ജയിലിലേക്ക് തന്നെ വിളിപ്പിച്ച് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടു. അന്ന് ഒരു ജയിൽപുള്ളിയെ പോലെയല്ല ദിലീപിനെ അവിടെ കണ്ടത്. സന്ദർശകർക്ക് വിലക്കുള്ള സമയത്ത് ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ വെച്ചാണ് ദിലീപിനെ കണ്ടത്.പിന്നീട് ദിലീപും ബന്ധുക്കളും വളരെ സ്നേഹം തന്നോട് കാണിച്ചു. അനൂപ് എന്നെ നിരന്തരം വിളിച്ചു കൊണ്ടിരുന്നു. സുരാജ് എന്ന ദിലീപിന്റെ സഹോദരീ ഭർത്താവ് വിളിച്ചു, അനിയത്തി സബിതയുടെ ഭർത്താവ് വിളിച്ചു, കാവ്യയും നിരന്തരം വിളിച്ചു.’

‘ജാമ്യം ലഭിക്കുന്നത് വരെ പൾസർ സുനിയെ വീട്ടിൽ ദിലീപിനൊപ്പം കണ്ട കാര്യം പറയരുതെന്നാണ് ഇവരെല്ലാവരും ആവശ്യപ്പെട്ടത്. കാവ്യ ഒരുപാട് തവണ വിളിച്ചിട്ടുണ്ട്. ഞാൻ ജയിലിൽ പോയി കാണുന്ന ദിവസം ആഹാരം കഴിച്ചില്ലെന്നാണ് കാവ്യ പറഞ്ഞത്. ബാലുവിന്റെ ഭാഗത്ത് നിന്ന് ഒരു ക്ലാരിറ്റി കിട്ടുന്നത് വരെ ഞാൻ ആഹാരം കഴിക്കില്ലെന്നാണ് കാവ്യ പറഞ്ഞത്.’- അദ്ദേഹം ആരോപിക്കുന്നു.

ഇക്കാര്യങ്ങൾ മുഴുവൻ ചൂണ്ടിക്കാട്ടി ശബ്ദസന്ദേശമുൾപ്പെടെയുള്ള തെളിവുകൾ ഉൾപ്പെടുത്തി ഏതാണ്ട് 30 ലേറെ പേജുള്ള പരാതി ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

പരിശീലനത്തിനിടെയുണ്ടായ അപകടത്തെത്തുടര്‍ന്ന് ശസ്ത്രകിയയ്ക്ക് വിധേയയാക്കിയ ഡച്ച് സൈക്ലിസ്റ്റ് എയ്മി പീറ്റേഴ്‌സിനെ കോമയില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ സമ്മര്‍ദം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള കോമ.

മൂന്ന് തവണ മാഡിസണ്‍ ലോക സൈക്ലിംഗ് ചാംപ്യന്‍ഷിപ്പില്‍ ജേതാവായ എയ്മിക്ക് സ്‌പെയിനിലെ കാല്‍പെയില്‍ നടന്ന ഡച്ച് ദേശീയ ടീമിന്റെ പരിശീലനത്തിനിടെയാണ് കൂട്ടിയിടില്‍ പരിക്കേല്‍ക്കുന്നത്. അപകടത്തെത്തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട എയ്മിയെ ഉടന്‍ തന്നെ എയര്‍ ആംബുലന്‍സിലേക്ക് മാറ്റുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

തലയ്ക്ക് പറ്റിയ സാരമായ മുറിവിനെത്തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. അടുത്ത രണ്ട് മൂന്ന് ദിവസം താരം കോമയില്‍ ആയിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അതിന് ശേഷമാവും താരം എപ്പോള്‍ സുഖം പ്രാപിക്കുമെന്ന ഏകദേശ ധാരണ ലഭിക്കുക.

രാധാകൃഷ്ണൻ മാഞ്ഞൂർ

ഇസ്രയേലിനെ നയിക്കാനുള്ളവൻ പിറക്കുന്നത് അപ്പത്തിൻെറ ഭവനം എന്നർത്ഥമുള്ള ബേത്ലഹേമിൽ ആയിരിക്കുമെന്ന് മിക്കാ പ്രവാചകൻ പ്രവചിച്ചിരുന്നു. ദൈവത്തിൻെറ അനന്തസ്നേഹം കാലിത്തൊഴുത്തിൻെറ ജീർണതയിലേയ്ക്ക് പിറന്നു വീഴുകയായിരുന്നു.ഇല്ലായ്മകളിലേയ്ക്കുള്ള തിരുപ്പിറവി . പൂർണ്ണ ഗർഭിണിയായ മറിയത്തെയും കൊണ്ട് ജോസഫ് എത്രയോ സത്രങ്ങൾക്ക് മുന്നിൽ മുട്ടി. ആട്ടിപ്പായിക്കപ്പെട്ടവൻെറ ഹൃദയ വേദനയുമായി വഴിയരികിൽ ഒരു കാലിത്തൊഴുത്താണ് അഭയത്തിൻെറ കൈത്താങ്ങായി മാറുന്നത്. ഓരോ യാത്രയുടെ ഇടങ്ങളിലും നമുക്കായി ഒരു രക്ഷാ മുനമ്പ് കാത്തിരിക്കുന്നുവെന്ന് ജോസഫിൻറെ ആ രാത്രി നമ്മെ ഓർമിപ്പിക്കുന്നു.

ഭൂമിയിലെ അനാഥർക്കുള്ള നാഥൻറെ പിറവി പ്രതീക്ഷകളുടെ ആകാശം ആകുന്നു. നമ്മുടെ ഹൃദയ കോവിലുകൾ അപരൻെറ ആവശ്യങ്ങളിലേക്ക് തുറന്നിരിക്കുക. ….അവന് സമ്മാനിക്കാൻ സ്നേഹത്തിൻറെ പുൽക്കൂടുകൾ അല്ലാതെ മറ്റെന്താണ് ഉള്ളത്?

മഞ്ഞു പൊഴിയുന്ന പാതിരാ കുർബാനക്കാലം

ഓർമകളുടെ മഞ്ഞുവീണ ആ പാതിരാകുർബാന കാലം ഓർത്തെടുക്കുകയാണ് എഴുത്തുകാരനും റിട്ടയർഡ്‌ അധ്യാപകനുമായ ശ്രീ സെബാസ്റ്റ്യൻ കിളിരുപ്പറമ്പിൽ . ഡിസംബർ മാസം ആരംഭിച്ചു കഴിഞ്ഞാൽ ക്രിസ്തുമസിനായുള്ള തയ്യാറെടുപ്പാണ്.

പൊൻകുന്നം പള്ളിയിലേക്ക് കുർബാനയിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും ഒപ്പം സഞ്ചരിച്ച ആ കാലമൊക്കെ ഇന്നലെയെന്നപോലെ ഓർക്കുന്നു. കൃത്യമായി നോയമ്പ് എടുത്ത് പ്രാർത്ഥനകളിൽ പങ്കെടുത്തു കഴിയുമ്പോൾ എന്തെന്നില്ലാത്ത ഉണർവാണ് മനസ്സിന് .

ഡിസംബർ 1 മുതൽ ആകെ തിരക്കാണ്. ഈന്തൽ ഇലകൊണ്ട് പുൽക്കൂട് ഒരുക്കൽ, മുള കീറി നക്ഷത്രം ഉണ്ടാക്കൽ , കരോളിനുള്ള തയ്യാറെടുപ്പുകൾ അങ്ങനെയങ്ങനെ….. പ്രകൃതിപോലും മഞ്ഞുവീണ് നിശബ്ദമായി കിടക്കുന്നത് പോലെ തോന്നും. കൃത്യം 12 മണിക്ക് പള്ളിക്കുള്ളിൽ വെഞ്ചരിച്ച ഉണ്ണീശോയുമായി അച്ഛൻ പുറത്തേക്ക് വരും. പള്ളിക്ക് വെളിയിൽ ഒരുക്കിയ വലിയ പുൽക്കൂടിനുള്ളിൽ ഉണ്ണീശോയെ കൊണ്ടുവയ്ക്കും. അതിനുള്ളിൽ രാജാക്കന്മാരുടെയും, ആട്ടിടയന്മാരുടെയും നീണ്ട നിരകൾ ഉണ്ടാവും.

മെഴുകുതിരി വെളിച്ചത്തിൽ പുൽക്കൂടൊരു സ്വർഗ്ഗ സമാനമായ കാഴ്ചയായി മാറുകയാണ്. ക്രിസ്തുനാഥൻെറ ജനനം അറിയിച്ച് കതിനകൾ പൊട്ടിക്കുന്ന നേരത്ത് അപ്പവും ഇറച്ചിക്കറിയും വച്ചിരുന്ന ഉറിയും പൊട്ടിച്ച് താഴെവീണ “മഹാൻ “മാരുടെ രസകരമായ കഥകൾ ഏറെയുണ്ടായിരുന്നു.

ഇന്ന് വിപണിയിൽ റെഡിമെയ് ഡ് പുൽക്കൂടുകൾ ലഭ്യമാവുന്ന കാലമാണ്. ചൂരൽ കൊണ്ട് നിർമ്മിച്ചത്. മാഞ്ഞൂരിൽ എൻറെ കുട്ടിക്കാലത്ത് പ്രിയ ചങ്ങാതിയും ഇപ്പോൾ അധ്യാപകനുമായ റജി തോമസും, അനുജൻ റോയിയും , റോബിനും ഒക്കെ ചേർന്നൊരുക്കിയ പുൽക്കൂടുകൾ ഓർമ്മ വരുന്നു. കുന്നൂപ്പറമ്പിലെ പുൽക്കൂട് കാണാൻ പോകുന്നത് ഒരു പരിപാടി തന്നെയായിരുന്നു . അവരുടെ പപ്പാ ( തോമസ് ചേട്ടൻ) എറണാകുളത്തു നിന്ന് വാങ്ങി കൊണ്ടുവരുന്ന രാജാക്കൻമാരും, ആട്ടിടയന്മാരും ഒക്കെ ഉണ്ടാവും. ഈന്തലിൻറെ ഇല കൊണ്ടും മീശ പുല്ലു കൊണ്ടും ഒരുക്കുന്ന നാഥൻറെ കാലിത്തൊഴുത്ത്…… മിന്നിമിന്നിത്തെളിയുന്ന ചെറിയ ബൾബുകളൊക്കെ കൗതുകക്കാഴ്ചയായി ഇന്നുമുണ്ട് മനസ്സിൽ ……ഡിസംബറിലെ ആകാശവിളക്കുകൾ……

ഡിജിറ്റൽ യുഗത്തിലേക്കുള്ള യാത്രയിൽ നമ്മുടെ ആഘോഷങ്ങളും, കൂട്ടായ്മകളും വഴിമാറി പോകുന്നു. നമ്മുടെ ഹൃദയങ്ങളും പ്രവർത്തികളും അസ്വസ്ഥമാവുന്നു. ലോകം കോവിഡിൻെറ കഷ്ടതകളിൽ നിന്നും മോചനം നേടിയിട്ടില്ല. ജീവിതത്തിൻെറ വേവലാതിപ്പുഴ നീന്താനുള്ള വ്യഗ്രതയിൽ നാം സ്വത്വബോധം മറന്ന ഒരു ജനതയാവുന്നു. ആഘോഷങ്ങൾ പഴയ നാട്ടിൽ തനിമകൾ പിന്തുടരട്ടെ…..അയൽക്കാരൻെറ സങ്കടങ്ങൾ പങ്കിടാനുള്ള മനസ്സ് ഉണ്ടാവട്ടെ…… അവൻറെ കാഴ്ചകൾ നമ്മുടേതു കൂടിയാണ് എന്ന് അറിയുക.

ഉപരേഖ

ക്രിസ്തുമസ്, ഓണം എന്നീ ആഘോഷങ്ങൾക്ക് തനത് രുചിശീലങ്ങളുണ്ടായിരുന്നു. ( അടുക്കളയിൽ രൂപപ്പെടുന്ന കറിക്കൂട്ടുകളുടെ മായാജാലം). നമ്മുടെ അമ്മച്ചിമാർ പിന്തുടർന്ന ചേരുവകളിൽ നിന്നും വഴിമാറിയാണ് ആഘോഷ അടുക്കളകൾ പ്രവർത്തിക്കുന്നത്. തനതു രുചി ബോധങ്ങളും , ജീവിതശൈലികളും വീണ്ടെടുക്കാൻ നാം യത്നിക്കണം . മനസിൻെറ പുൽക്കൂടുകൾ തുറന്നിടുക….. മാനവികതയുടെ ആകാശം കാണട്ടെ.

എറണാകുളം കിഴക്കമ്പലത്ത് അന്തർ സംസ്ഥാന തൊഴിലാളികളുടെ അക്രമം. കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് അക്രമികൾ കത്തിച്ചു. തൊഴിലാളികളുടെ കല്ലേറിൽ കുന്നത്തുനാട് സ്റ്റേഷനിലെ ഇൻസ്പെക്ടറടക്കം അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് സംഭവമറിഞ്ഞെത്തിയ പൊലീസിന് നേരെയും ആക്രമണമുണ്ടായത്. പൊലീസുകാരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം ഉണ്ടായത്. കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അന്തർ സംസ്ഥാന തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി. പ്രശ്നം പരിഹരിക്കാൻ ഇടപെട്ട പൊലീസ് സംഘത്തിന് നേരേ അതിഥി തൊഴിലാളികൾ ആക്രമണം നടത്തുകയായിരുന്നു. കിറ്റക്സ് കമ്പനി പരിസരത്ത് വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

കുന്നത്തുനാട് സിഐ ഷാജു അടക്കം അഞ്ച് പൊലീസുകാർക്കാണ് പരിക്കേറ്റത്. സിഐയുടെ തലക്ക് പരിക്കുണ്ട്. കൈ ഒടിഞ്ഞു. പരിക്കേറ്റ മറ്റ് പൊലീസുകാരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. അക്രമത്തിന് പിന്നാലെ കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയെങ്കിലും സംഘർഷത്തിന് അയവു വന്നിട്ടില്ല. നാട്ടുകാരും വലിയ തോതിൽ പ്രതിഷേധത്തിലാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് 150 ലേറെ തൊഴിലാളികൾ കസ്റ്റഡിയിലുണ്ട്. ക്യാംപുകളിൽ പൊലീസ് ഇപ്പോൾ തെരച്ചിൽ നടത്തുന്നുണ്ട്. അക്രമികൾ പലരും സ്ഥലത്ത് നിന്ന് മാറിയിട്ടുണ്ട്. സംഘർഷത്തിന് അയവു വന്നിട്ടില്ല.

ഫാ. ഹാപ്പി ജേക്കബ്

ഏവർക്കും തിരുജനനത്തിന്റെ പുണ്യം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. കാത്തിരുന്ന ദിനം ആഗതമായി. ഈ ആഴ്ചകളിൽ നാം ചിന്തിച്ച വേദ ചിന്തകളുടെ അടിസ്ഥാനത്തിൽ ഏവരും ക്രിസ്തുയേശുവിൽ വളരുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരു ചിന്ത മാത്രം ഏവരും ഉൾക്കൊള്ളുവാൻ ഞാൻ ആഗ്രഹിക്കുന്നു.  പാതിരാ കുർബാന കഴിഞ്ഞ് ദേവാലയത്തിൽ നിന്നും ഇറങ്ങി വരുന്ന ഏവരും ക്രിസ്തുവിനെ കൂടെ കൂട്ടുവാൻ മറക്കല്ലേ. കാത്തിരുന്ന ദിനം , സന്തോഷം ,കൂട്ടായ്മ എല്ലാം ലഭ്യമാകുന്നത് ക്രിസ്തുവിനെ കൂടെ കൂട്ടുമ്പോഴാണ് . അതില്ലാതെ  ഒരു  അനുഭവം നമുക്ക് ഉണ്ടാകരുതേ. കാരണം മറ്റൊന്നുമല്ല. പല കുടുംബങ്ങളുടെയും ഒരുക്കം കാണുമ്പോൾ ഏതോ വലിയ ആഘോഷം എന്ന് തോന്നിപ്പോകുന്നു . വിശുദ്ധ കുർബാന കഴിയുവാൻ സമയം നോക്കിയിരിക്കുവാണ് മിക്കവരും.

ദൂതൻ അവരോട്; ഭയപ്പെടേണ്ട ; സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ളൊരു മഹാസന്തോഷം ഞാൻ നിങ്ങളോട്            സുവിശേഷിക്കുന്നു . കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. വി. ലൂക്കോസ് 2:10-11.

എല്ലാ ഭയാശങ്കകളും നീങ്ങി സന്തോഷ അനുഭവത്തിലേക്ക് നമ്മെ  എത്തിക്കുന്ന  ദിവ്യമായ ത്യാഗം. നോമ്പ് നോറ്റ് ഈ ജനനം സ്വീകരിപ്പാൻ ഒരുക്കത്തോടെ ഇരിക്കുന്ന ഏവർക്കും സന്തോഷം ലഭിക്കുന്ന തിരുജനനം.         ക്രിസ്തുവിന്റെ ജനനം ആണല്ലോ ക്രിസ്മസ് ആയി ആഘോഷിക്കുന്നത്. എന്നാൽ ഒന്നോർക്കുക. കേവലം ആഘോഷത്തിനു വേണ്ടി ഒരു ദിനം മാറ്റി വയ്ക്കാതെ ഈ ജനനത്തെ  നമ്മുടെ ജീവിതവുമായി ചേർത്തുവയ്ക്കുക. അവൻ നമ്മിൽ  ജനിക്കട്ടെ , നമ്മളിൽ വളരട്ടെ. എന്റെ  ഇമ്മാനുവേൽ എന്നിൽ എന്ന് നമുക്ക് തീരുമാനിക്കാം .

മാലാഖമാരും ആട്ടിടയന്മാരും ജ്ഞാനികളും എല്ലാം ക്രിസ്തുവിനെ കാണുന്നത് നമുക്ക് പ്രചോദനങ്ങളാണ്. മാലാഖമാർ ദിവ്യ സന്ദേശവാഹകർ ആയതുപോലെ ഈ തിരുജനനത്തിൻെറ  സന്തോഷം വഹിച്ച് അന്ധകാരത്തിലും മരണ  നിഴലിലും ആയിരിക്കുന്ന അനേകർക്ക്   എത്തിക്കുവാൻ നാം ഒരുങ്ങണം . കഷ്ടതയുടെയും, വേദനയുടെയും, രോഗത്തിൻെറയും   നടുവിൽ കഴിയുന്ന നമ്മുടെ ഓരോരുത്തരുടെയും പ്രതീകമായിട്ടാണ് തണുപ്പ്  ഏറ്റ്  കാത്തിരിക്കുന്ന ആട്ടിടയന്മാർ. ബൗദ്ധികമായ  നേട്ടങ്ങളല്ല, സമർപ്പണമാണ് ഉന്നതിയുടെ ഭാവം എന്ന് വിശിഷ്ട സമ്മാനങ്ങൾ നൽകി ജ്ഞാനികൾ നമ്മെ പഠിപ്പിച്ചു. എന്നാൽ ആണ്ടോടാണ്ട് നാം ഈ  ശുശ്രൂഷകളിൽ പങ്കുകാരായിട്ടും നമ്മിൽ ഒരു ചലനവും ഉണ്ടായിട്ടില്ല എങ്കിൽ നാം ഇനിയും ക്രിസ്തുവിനെ സ്വീകരിച്ചിട്ടില്ല എന്നർത്ഥം. രാജത്വവും ധനവും ദാനവും എല്ലാം ശിശുവിനെ വന്നുകണ്ട്  സമർപ്പിച്ചപ്പോൾ അത് ധന്യതയുടെ അനുഭവം ആയി മാറിയ പോലെ നമുക്കും നമുക്കുള്ളതും  തിരുമുമ്പാകെ സമർപ്പിച്ചുകൊണ്ട് ഈ ജനനത്തിരുനാളിനെ വരവേൽക്കാം.

ക്രിസ്തുവിൻ്റെ ആശയങ്ങൾ പ്രസംഗിക്കുന്നവരെ അല്ല പ്രാവർത്തികമാക്കുന്നവരെയാണ് ലോകം ഇന്ന്  ആവശ്യപ്പെടുന്നത്. ജീവിതത്തിലൂടെയും പ്രവർത്തനത്തിലൂടെയും ഈ  സദ്വർത്തമാനം  നമുക്ക് മറ്റുള്ളവരെയും അറിയിക്കാം. അനേകം ആത്മാക്കളെ  നേടുന്നവരും അനേക ജീവിതങ്ങളെ സ്വാധീനിക്കുന്നവരും ആയി തീരാം നമുക്ക്. പ്രത്യേകിച്ചും കിടപ്പാടം  നഷ്ടപ്പെട്ടും  ഉപജീവനമാർഗങ്ങൾ ഇല്ലാതെയും, രോഗികളായും അനാഥരായും  തീർന്നവർ ഈ       മഹാവ്യാധി  മൂലം നമ്മുടെ ഇടയിൽ ധാരാളം ഉണ്ട്. അവരുടെ മുൻപിൽ ആർഭാടവും അഹന്തയും ആയി ഈ പെരുന്നാളിൽ  നാം ആയിത്തീരുന്നെങ്കിൽ ഈ ക്രിസ്തുമസും യാതൊരു മാറ്റവും നമുക്ക് തന്നില്ല എന്ന് മനസ്സിലാക്കാം .

ഈ സദ്വർത്തമാനം ദൂതരിൽ  നിന്ന്  ശ്രവിച്ച ആട്ടിടയർ ” നാം ബെത്ലഹേമോളം ചെന്ന് കർത്താവ് നമ്മോട്  അറിയിച്ച ഈ സംഭവം ചെന്ന് കാണണം എന്ന് പറഞ്ഞു” ആയതുപോലെ ആശംസകാർഡിലും , കരോളിലും  ആരാധനയിലും നാം മനസ്സിലാക്കിയ ഉണ്ണിയേശുവിനെ ദർശിച്ച് സായൂജ്യം അടയാം. ആചരണങ്ങളേക്കാളും മഹത്തരമാകട്ടെ നമ്മുടെ ഇനിയുള്ള ജീവിതം. പ്രതീകങ്ങളേക്കാൾ  പ്രശംസനീയമാകട്ടെ നമ്മുടെ ജീവിതം.
“അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ;ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” . ഇത് തന്നെയാകട്ടെ നമ്മുടെ ക്രിസ്മസും .

ഏവർക്കും ആശംസകൾ നേർന്നുകൊണ്ട് പ്രാർത്ഥനയോടെ
ഫാ. ഹാപ്പി ജേക്കബ്ബ്

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം

വിനാശകരമായ കോവിഡ് രണ്ടാം തരംഗത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒഴുക്കാനുള്ള ഇടമായി ഗംഗ മാറിയിരുന്നു എന്ന് വെളിപ്പെടുത്തൽ. വ്യാഴാഴ്ച പുറത്തിറക്കിയ ഒരു പുസ്തകത്തിൽ ആണ് ഇക്കാര്യം പറയുന്നത്.

Ganga: Reimagining, Rejuvenating, Reconnecting (ഗംഗ: പുനർരൂപകൽപ്പന, പുനരുജ്ജീവിപ്പിക്കൽ, പുനഃസ്ഥാപിക്കൽ) എന്ന തലക്കെട്ടിലുള്ള പുസ്തകം രചിച്ചത് നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ ഡയറക്ടർ ജനറലും നമാമി ഗംഗയുടെ തലവനുമായ രാജീവ് രഞ്ജൻ മിശ്രയും എൻഎംസിജിയിൽ പ്രവർത്തിച്ച ഐഡിഎഎസ് ഓഫീസർ പുസ്‌കൽ ഉപാധ്യായുമാണ്.

1987-ബാച്ച് തെലങ്കാന-കേഡർ ഐഎഎസ് ഓഫീസറാണ് രാജീവ് രഞ്ജൻ മിശ്ര, രണ്ട് ഘട്ടങ്ങളിലായി അഞ്ച് വർഷത്തിലേറെയായി എൻഎംസിജിയിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മിശ്ര 2021 ഡിസംബർ 31-ന് വിരമിക്കും. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദെബ്രോയ് വ്യാഴാഴ്ച പുസ്തകം പ്രകാശനം ചെയ്തു.

ഗംഗയിൽ മഹാമാരി സൃഷ്ടിച്ച ആഘാതത്തെ കുറിച്ചുള്ള വിവരണം ഈ പുസ്തകം നൽകുന്നു,
“Floating Corpses: A River Defiled” (പൊങ്ങിക്കിടക്കുന്ന ശവങ്ങൾ: മലിനമായ നദി) എന്ന തലക്കെട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നദിയെ “സംരക്ഷിക്കാൻ” ഉള്ള അഞ്ച് വർഷത്തെ തീവ്രമായ പ്രവർത്തനങ്ങൾ കോവിഡ് രണ്ടാം തരംഗം വന്ന് ദിവസങ്ങൾക്കുള്ളിൽ വെറുതെ ആയെന്നും പുസ്തകത്തിൽ പറയുന്നു.

കോവിഡ് മഹാമാരിയെ തുടർന്ന് മൃതദേഹങ്ങളുടെ എണ്ണം പെരുകുകയും, ജില്ലാ ഭരണകൂടങ്ങൾ പ്രതിസന്ധിയിലാവുകയും യുപിയിലെയും ബിഹാറിലെയും ശ്മശാനങ്ങളുടെ പ്രവർത്തന പരിധിക്കപ്പുറം മൃതദേഹങ്ങൾ എത്തുകയും ചെയ്തതോടെ, ഗംഗ മൃതദേഹങ്ങൾ എളുപ്പത്തിൽ തള്ളാനുള്ള ഇടമായി മാറി എന്ന് പുസ്തകത്തിൽ പറയുന്നു.

300-ൽ കൂടുതൽ മൃതദേഹങ്ങൾ നദിയിൽ തള്ളിയിട്ടില്ലെന്ന് പ്രസ്താവിക്കാൻ ജില്ലകൾ നൽകിയ ഡാറ്റയെ ആണ് പുസ്തകത്തിൽ ഉദ്ധരിക്കുന്നത്. എന്നാൽ 1,000-ലധികം മൃതദേഹങ്ങൾ ഒഴുക്കി എന്നാണ് റിപ്പോർട്ടുകൾ.

രണ്ടാം തരംഗം ഉയർന്ന മെയ് ആദ്യം ഗുരുഗ്രാം ആസ്ഥാനമായുള്ള മേദാന്ത എന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കോവിഡ് ബാധക്ക് ശേഷം താൻ സുഖം പ്രാപിച്ചു കൊണ്ടിരുന്നപ്പോഴാണ് അവകാശികൾ ഇല്ലാത്തതും പകുതി കത്തിയതും വീർത്തതുമായ ശവശരീരങ്ങൾ ഗംഗയിൽ പൊങ്ങിക്കിടക്കുന്നതിനെ കുറിച്ച് താൻ കേൾക്കുന്നത് എന്ന് പുസ്തകത്തിൽ മിശ്ര പറയുന്നു.

“ടെലിവിഷൻ ചാനലുകൾ, മാഗസിനുകൾ, പത്രങ്ങൾ, സോഷ്യൽ മീഡിയ സൈറ്റുകൾ എന്നിവ മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിയുന്ന വാർത്തകളും ഭീകരമായ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. അത് എന്നെ സംബന്ധിച്ചിടത്തോളം ആഘാതകരവും ഹൃദയഭേദകവുമായ ഒരു അനുഭവമായിരുന്നു. എൻ‌എം‌സി‌ജിയുടെ ഡയറക്ടർ ജനറൽ എന്ന നിലയിൽ, ഗംഗയുടെ ആരോഗ്യത്തിന്റെ സംരക്ഷകനാകുക, അതിന്റെ ഒഴുക്ക് പുനരുജ്ജീവിപ്പിക്കുക, അതിന്റെ പുരാതനമായ ശുദ്ധിയിലേക്കുള്ള മടക്കം ഉറപ്പാക്കുക, വർഷങ്ങളോളം അവഗണന നേരിട്ട അതിന്റെ പോഷകനദികളുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് എന്റെ ജോലി.” മിശ്ര പുസ്തകത്തിൽ പറയുന്നു.

മെയ് 11 ന് മിശ്രയുടെ കീഴിലുള്ള എൻഎംസിജി എല്ലാ 59 ജില്ലാ ഗംഗ കമ്മിറ്റികളോടും മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനും “നടപടി സ്വീകരിച്ച റിപ്പോർട്ട്” സമർപ്പിക്കുന്നതിനും “ആവശ്യമായ നടപടി” സ്വീകരിക്കാൻ ആവശ്യപ്പെട്ടു.

ഗംഗയുടെ തീരത്തുള്ള എല്ലാ സംസ്ഥാനങ്ങളിലെയും മോശം കോവിഡ് പ്രതിരോധ പ്രവർത്തനം എടുത്തുകാട്ടുന്നതാണ് പുസ്തകം. “ശവസംസ്‌കാര സേവനങ്ങളുടെ മോശം മാനേജ്‌മെന്റ്, സാഹചര്യം മുതലെടുത്ത് മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് പകരം നദിയിലേക്ക് വലിച്ചെറിയുന്നത്, മാധ്യമങ്ങളിൽ നിന്നുള്ള പ്രതികൂല പ്രചാരണം തുടങ്ങിയവയെല്ലാം ഞങ്ങളുടെ അസ്വസ്ഥതയും നിസ്സഹായതയും വർദ്ധിപ്പിച്ചു,” പുസ്തകത്തിൽ പറയുന്നു.

മലയാളത്തിലൂടെ അഭിനയം ആരംഭിച്ച് സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടനായി മാറിയ താരമാണ് ഹരീഷ് പേരടി. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അഭിനയത്തോടൊപ്പം തന്റെ നിലപാടുകള്‍ കൊണ്ടും താരം മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സാമൂഹിക വിഷയങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും താരം തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗോകുല്‍ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അമ്മയുടെ മീറ്റീങ്ങിന് പോയപ്പോള്‍ ഗോകുലിനെ കണ്ടുവെന്നും ഒപ്പം നിന്ന് ചിത്രം എടുത്തുവെന്നും താരം പറയുന്നു.

 

പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി. രണ്ട് വാക്കില്‍ പറഞ്ഞാല്‍ ശാന്തം,സുന്ദരം എന്നാണ് ഗോകുലിനെ കുറിച്ച് ഹരീഷ് പേരടി പറഞ്ഞത്. ഇത്തരത്തില്‍ മകനെ വളര്‍ത്തിയ സുരേഷ് ഗോപിക്ക് സല്യൂട്ടും അടിക്കുന്നുണ്ട് ഹരീഷ് പേരടി.

ഫേസ്ബുക്ക് പോസ്റ്റ്:

ഗോകുല്‍ സുരേഷ് ഗോപി.അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ അങ്ങോട്ട് ആവിശ്യപ്പെട്ട എടുത്ത ഫോട്ടോയാണിത്.ഇങ്ങിനെ ഒരു ഫോട്ടോ മാത്രമേ ഞാന്‍ എന്റെ ഫോണില്‍ പകര്‍ത്തിയിട്ടുള്ളു.പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി .

രണ്ട് വാക്കില്‍ പറഞ്ഞാല്‍.ശാന്തം.സുന്ദരം.അച്ഛന്റെ രാഷ്ട്രിയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍.ഉണ്ടെന്ന് പറഞ്ഞ് നിഷ്‌കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി.മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്ത വളര്‍ത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട്..

 

 

യുകെയിലെ ഒരു കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഒരു സ്ത്രീക്കുണ്ടായ ദാരുണമായ അനുഭവം നെറ്റിസൺമാരെ ഞെട്ടിച്ചിരിക്കുകയാണ്. ഗബ്രിയേൽ എന്നു പേരുള്ള സ്ത്രീ, അവളുടെ ചൂടുള്ള വിംഗ്സ് ഭക്ഷണത്തിൽ ഒരു വിചിത്രമായ മാംസം കണ്ടെത്തി, ഫ്രൈഡ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് കിട്ടിയത് കൊക്കുള്‍പ്പടെ കോഴിയുടെ പൊരിച്ച തല. ഗബ്രിയേല്‍ എന്ന യുവതിക്കാണ് ഓര്‍ഡര്‍ ചെയ്ത ഹോട്ട് വിങ്‌സിന് പകരം കോഴിയുടെ പൊരിച്ച തല കിട്ടിയത്.

കൊക്കുള്‍പ്പടെ ഒരു കോഴിയുടെ മുഴുവന്‍ തലയാണ് ഓര്‍ഡര്‍ ചെയ്ത പാക്കിനുള്ളില്‍ ഉണ്ടായിരുന്നത്. ഫോട്ടോ സഹിതം ഗബ്രിയേല്‍ റിവ്യൂ പങ്ക് വച്ചതോടെ നിരവധി ആളുകള്‍ കെഎഫ്‌സിയ്‌ക്കെതിരെ തിരിഞ്ഞു.ടേക്ക് എവേ ട്രോമാസ് എന്ന സംഘടന ഗബ്രിയേലിന് പിന്തുണ പ്രഖ്യാപിച്ച് റിവ്യൂ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ഷെയര്‍ ചെയ്യുകയും ചെയ്തതോടെ സംഭവം വന്‍ വിവാദമായി.

ഇതോടെ സംഭവത്തില്‍ ക്ഷമ പറഞ്ഞ് കെഎഫ്‌സി രംഗത്തെത്തി. തങ്ങള്‍ ഗുണമേന്മയുള്ള മികച്ച ഉത്പന്നങ്ങള്‍ മാത്രമാണ് വിതരണം ചെയ്യുന്നതെന്നും ടേക്ക് എവേ കൗണ്ടറുകളോടും ഫൂഡ് ആപ്പുകളോടും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ താക്കീത് നല്‍കിയിട്ടുണ്ടെന്നും ഇതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കെഎഫ്‌സി ട്വീറ്റ് ചെയ്തു.

 

Copyright © . All rights reserved