Latest News

ഒമാനിലുണ്ടായ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ യുവഎഞ്ചിനീയർ നാട്ടിൽവെച്ച് മരിച്ചു. അണുബാധയേറ്റാണ് മരണമെന്നാണ് സ്ഥിരീകരണം. എലിപ്പനിയാണന്ന് സംശയിക്കുന്നു. പുനലൂർ ഇടമൺ ആനപെട്ട കോങ്കൽ അശോക ഭവനിൽ നന്ദു അശോകൻ (27) ആണ് മരണമടഞ്ഞത്. മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

ഒമാനിലെ അൽ ഖുറൈറിലെ ആർക്ക് ഹോം എഞ്ചിനീയറിങ് കൺസൽറ്റൻസിയിലെ എഞ്ചീനിയറായിരുന്നു നന്ദു. രണ്ടാഴ്ച മുൻപ് ഒമാനിലെ ബദായി എന്ന സ്ഥലത്ത് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ കൈരളി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലും ശുചീകരണത്തിലും നന്ദുവും പങ്കാളിയായിരുന്നു.

പിന്നീട് ഒരാഴ്ച മുൻപ് ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ 7 ന് രാവിലെ നാട്ടിലെത്തി. തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് മരണം സംഭവിച്ചത്. ആന്തരാവയവങ്ങൾക്കെല്ലാം അണുബാധയേറ്റിരുന്നു. എലിപ്പനിയാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ട്.

നന്ദുവിന്റെ കൂടെ അന്ന് രക്ഷാ പ്രവർത്തനത്തിനിറങ്ങിയ സഹപ്രവർത്തകർക്കും അസ്വസ്ഥതകളുണ്ട്. 2019 ഫെബ്രുവരി 23 നാണ് ഇയാൾ ഒമാനിലേക്ക് പോയത്. ആനപെട്ടകോങ്കൽ എസ്എൻഡിപി ശാഖാ യൂത്ത് മൂവ്‌മെന്റ് യൂണിറ്റിന്റെ മുൻ പ്രസിഡന്റും താലൂക്ക് കമ്മിറ്റി അംഗവുമായിരുന്നു.

ആനപെട്ടകോങ്കൽ സി കേശവൻ മെമ്മോറിയൽ എസ്എൻഡിപി ശാഖാ സെക്രട്ടറിയും സിപിഐ ഇടമൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ വി അശോകന്റെയും തെന്മല ഗ്രാമപഞ്ചായത്ത് സിഡിഎസ് അധ്യക്ഷ ലാലി അശോകന്റെയും മകനാണ്. സഹോദരൻ സനന്തു അശോകൻ.

ശ്രീനിവാസ്സനും കുടുംബവും പങ്കെടുത്ത പഴയ കാല അഭിമുഖം അടുത്തിടെ സമൂഹ മാധ്യമത്തില്‍ വലിയ ചര്‍ച്ചാ വിഷയം ആയിരുന്നു. ശ്രീനിവസ്സാനൊപ്പം വിനീതും ധ്യാനും ഈ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. താന്‍ നവ്യ നായരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ വെള്ളിത്തിര എന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ കണ്ടതോടെ ആ ആഗ്രഹം താന്‍ പാടെ ഉപേക്ഷിച്ചുവെന്നും പറയുകയുണ്ടായി. വെള്ളിത്തിരയില്‍ നായകനായഭിനയിച്ച പൃഥ്വിരാജ് ഭാഗ്യവാനാണെന്നും അഭിപ്രായപ്പെടുകയുണ്ടായി. കൂടാതെ മീര ജാസ്മിന്‍ ഏട്ടത്തിയമ്മ ആയി വരുന്നതില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്നു വിനീത് ചോദിച്ചിരുന്നതായും ധ്യാന്‍ വെളിപ്പെടുത്തി.

കൈരളി റ്റീവിയുടെ ആര്‍ക്കൈവ്സ്സില്‍ സൂക്ഷിച്ചിരുന്ന ഈ അഭിമുഖം അടുത്തിടെ ചാനല്‍ പുറത്തു വിട്ടപ്പോള്‍ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ അതേറ്റെടുത്തിരുന്നു.

അതേ ആഭിമുഖത്തിന്‍റെ മറ്റൊരു ഭാഗത്തിലാണ് വിനീതും ധ്യാനും അച്ഛനെക്കുറിച്ച് ചില അഭിപ്രായങ്ങള്‍ പങ്ക് വയ്ക്കുന്നത്. തിരക്കഥ മാത്രം എഴുതിയാല്‍ പോരേ ഇങ്ങനെ സത്യങ്ങള്‍ എല്ലാം വിളിച്ച് പറയേണ്ടതുണ്ടോ എന്ന് വിനീത് അച്ഛനോട് ചോദിക്കുന്നു. അച്ഛന് കുറച്ചു കൂടി പക്വത ആകാം. കുറച്ചു കൂടി ഒതുക്കത്തോടെ പെരുമാറണം. പ്രായം ആകുമ്പോള്‍ അത് ശരിയാകും എന്നാണ് ശ്രീനിവാസന്‍ ഇതിന് മറുപടി പറഞ്ഞത്. എന്നാല്‍ കുറച്ചു നാള്‍ മുൻപ് വരെ തനിക്ക് അത്തരം ഒരു പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത് കൈ വിട്ട അവസ്ഥ ആണെന്നും വിനീത് കൂട്ടിച്ചേര്‍ക്കുന്നു. സുരേഷ് ഗോപിയുടെ അത്രയും പക്വത അച്ഛന് വരുന്നില്ല. സുരേഷ് ഗോപിയുടെ പക്വത പറഞ്ഞറിയിക്കാന്‍ പറ്റാത്തത് ആണെന്നാണ് വിനീതിന്‍റെ അഭിപ്രായം.

എന്നാല്‍ അച്ഛന്‍ ഇതേ രീതിയില്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ്
ധ്യാനിന്‍റെ അഭിപ്രായം. ഇത്ര ഓപ്പണ്‍ ആയി പറയുന്നതു കൊണ്ടാണ് അച്ഛന്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പ്രോഗ്രാം മുന്നോട്ട് പോകുന്നത്. പക്ഷേ അച്ഛന്‍ ഇങ്ങനെ തുറന്നു പറയുന്നത് ആരും ശ്രദ്ധിക്കാറില്ല, അവര്‍ അവരുടെ ജോലി നോക്കി പോകും, അച്ഛന്‍ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

യുവാവിന്റെ ആത്മഹത്യയുമായി  ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഭാര്യാകാമുകനെ  വിളപ്പിൽശാല  പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട്  നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടിൽ വിഷ്ണു (30) ആണ് അറസ്റ്റിലായത്. മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാ ഭവനിൽ ശിവകുമാർ (34) ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാൾ പിടിയിലായത്.

കേസുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രേമവിവാഹമായിരുന്നു ശിവകുമാർ- അഖില ദമ്പതികളുടേത്. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. 2016-17 കാലഘട്ടത്തിൽ തച്ചോട്ടുകാവിലെ ഒരു ഗ്യാസ് ഏജൻസിയിൽ അഖില ജോലി ചെയ്തിരുന്നു. ഇവിടെവച്ചാണ് വിഷ്ണുവുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.

വൈകാതെ ഇവർ തമ്മിൽ കടുത്ത പ്രണയത്തിലായി. ഇതിനിടെ വിഷ്ണു ചിത്രീകരിച്ച ഒരു അശ്ലീല വീഡിയോ ദൃശ്യം പുറത്തായി. ശിവകുമാർ അഖിലയുടെ പ്രണയ ബന്ധം അറിയുകയും വീഡിയോ ദൃശ്യം പ്രചരിച്ചത് മനസ്സിലാക്കുകയും ചെയ്തു. ഇതിനിടെ അഖില വിഷ്ണുവുമൊത്ത് ശ്രീകാര്യത്തെ ഒരു വീട്ടിൽ താമസമാക്കുകയും കുഞ്ഞുങ്ങളെ അവിടേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിൽ മനംനൊന്താണ് 2019 സെപ്റ്റംബറിൽ ശിവകുമാർ വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.

ആത്മഹത്യ സംബന്ധിച്ച് ബന്ധുക്കൾ വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരവെ വിഷ്ണു ഒളിവിൽ പോയി. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യത്തെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വിഷ്ണു പിടിയിലായത്.

ആത്മഹത്യാ പ്രേരണാകുറ്റമാണ് വിഷ്ണുവിനെതിരെ ചുമത്തിയിരിക്കുന്നത്. അഖിലയ്ക്കെതിരേയും അന്വേഷണം നടന്നു വരുന്നതായി പൊലീസ് അറിയിച്ചു. വിളപ്പിൽശാല സി ഐ സുരേഷ് കുമാർ, എസ് ഐ വി. ഷിബു, എ എസ് ഐ ആർ. വി. ബൈജു, സി പി ഒ അരുൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വ്യാജരേഖ ചമച്ച് വിവിധ ബാങ്കുകളില്‍ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ സിനിമ നിര്‍മാതാവ് അറസ്റ്റില്‍. ബിജു ജെ കട്ടയ്ക്കല്‍ (44) ആണ് പിടിയിലായത്. ഏഴാച്ചേരി ബാങ്ക് അധികൃതരുടെ പരാതിയിലാണ് അറസ്റ്റ്.

ഏഴാച്ചേരി സഹകരണ ബാങ്കില്‍ നിന്ന് 2009ല്‍ വസ്തു പണയപ്പെടുത്തി ബിജു വായ്പ എടുത്തിരുന്നു. ഇവിടെ കുടിശിക ചേര്‍ത്ത് 24 ലക്ഷത്തോളം രൂപ ബാധ്യതയായി നിലനില്‍ക്കെ ഇതേ സ്ഥലത്തിന്റെ ആധാരങ്ങളും രേഖകളും വ്യാജമായി ചമച്ച് ഇയാള്‍ ജില്ലാ ബാങ്കിന്റെ കൊല്ലപ്പള്ളി ശാഖയില്‍ നിന്ന് വായ്പ എടുത്തതായി പൊലീസ് പറഞ്ഞു. പാലാ, മേലുകാവ് പൊലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്. വാഗമണ്ണിലെ സ്വന്തം റിസോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത ബിജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

2018 ല്‍ പുറത്തിറങ്ങിയ യുവേഴ്‌സ് ലവിങ്‌ലി എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് ബിജു. പിന്നീട് സ്പടികം 2 എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച് വിവാദത്തിലായിരുന്നു.

കരിപ്പൂർ വീമാനത്താവളം വഴി സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ മലയാളി എയർഹോസ്റ്റസ് അറസ്റ്റിൽ. അടിവസ്ത്രത്തിനകത്ത് സ്വർണം ഒളിപ്പിച്ചു കടത്തുന്നതിനിടയിലാണ് മലപ്പുറം സ്വദേശിനി ഷഹാന (30) അറസ്റ്റിലായത്. രണ്ട് കിലോ തൂക്കം വരുന്ന സ്വർണം ഷഹാനയിൽ നിന്നും പിടിച്ചെടുത്തു.

ഷാർജയിൽ നിന്നും കോഴിക്കോടെത്തിയ എയർ ഇന്ത്യ എക്സ്‍പ്രസിലെ ക്യാബിൻ ക്രൂ അംഗമാണ് അറസ്റ്റിലായ ഷഹാന. കോഴിക്കോട് ഡിആർഐ സംഘം നടത്തിയ പരിശോധനയിലാണ് ഷഹാന അറസ്റ്റിലായത്. അടിവസ്ത്രത്തിനകത്ത് സ്വർണം മിശ്രിതമാക്കി ഒളിപ്പിച്ച നിലയിലായിരുന്നു.

ഡെപ്യൂട്ടി കമ്മീഷണർ ഡോ.എസ് എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. മിശ്രിതം വേർതിരിച്ചതിന് ശേഷം 99 ലക്ഷം രൂപയുടെ സ്വർണം ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. ഷഹാന നേരത്തെയും ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ദുബായിയിൽ ഒരുപാട് നാൾ ജോലി ചെയ്തിട്ടുണ്ടെങ്കിലും ബുർജ് ഖലീഫയിൽ തന്റെ ചിത്രം തെളിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമെന്ന് ദുല്‍ഖർ സൽമാൻ. ‘ദുബായിയിൽ ഒരുപാട് നാൾ ജോലി ചെയ്ത ആളാണ് ഞാൻ. കൺസ്ട്രക്‌ഷൻ മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്. ആ സമയത്ത് ബുർജ് ഖലീഫയുടെ കൺസ്ട്രക്‌ഷനും നടക്കുന്നുണ്ട്. ഇങ്ങനെയൊരു കാര്യം എന്റെ ജീവിതത്തിൽ നടക്കുമെന്ന് സ്വപ്നംപോലും കണ്ടിട്ടില്ല.’ദുൽഖർ പറഞ്ഞു. ‘ഞങ്ങളാരും തന്നെ ഇങ്ങനെയൊരു വരവേൽപ് പ്രതീക്ഷിച്ചിരുന്നില്ല. ഇതുപോലൊന്ന് സാധ്യമാകുമെന്ന് കരുതിയതുമില്ല. അത് സാധിച്ച് തന്ന ഫാർസ് ഫിലിംസിനും ബുർജ് ഖലീഫയ്ക്കും റീൽ സിനിമാസിനും നന്ദി. നവംബർ 12 മുതൽ ലോകമൊട്ടാകെ 1500 ഓളം സ്ക്രീനുകളിൽ കുറുപ്പ് എത്തുന്നു. തീർച്ചയായും സിനിമ കണ്ട് നിങ്ങൾ പ്രോത്സാഹിപ്പിക്കണം.’–ദുൽഖർ പറഞ്ഞു.

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് നിർമാണം. ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്‌ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.

ന്യൂഡൽഹി : വായുനില മോശമാകുന്നതോടെ ശ്വാസതടസ്സം, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം രാജ്യ തലസ്ഥാനത്തു വർധിച്ചതായി ആരോഗ്യവിദഗ്ധർ. നഗരത്തിലെ വായുനില ഏതാനും ദിവസമായി ഗുരുതരാവസ്ഥയിലാണ്. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പർട്ടിക്കുലേറ്റ് മാറ്റർ 10, 2.5 എന്നിവയുടെ നിലയും ഉയർന്നു നിൽക്കുകയാണ്. ശ്വാസകോശ അനുബന്ധ പ്രശ്നങ്ങളുമായി ചികിത്സ തേടിയെത്തുന്നവർ വർധിച്ചുവെന്നു വസന്ത് കുഞ്ച് ഫോർട്ടിസ് ആശുപത്രിയിലെ ഡോ. നിഖിൽ ബാന്തെ പറഞ്ഞു.

ദീപാവലിക്കു ശേഷം ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ 20–30 ശതമാനം പേർ വർധിച്ചുവെന്നാണു വിവരം. മോശം വായുനില ശ്വാസതടസ്സം, തലവേദന, ഉറക്കമില്ലായ്മ, കണ്ണിന് അസ്വസ്ഥത, ഛർദി, വയറുവേദന തുടങ്ങിയ പല പ്രശ്നങ്ങളും പലർക്കും റിപ്പോർട്ട് ചെയ്യുന്നുവെന്നു ആകാശ് ഹെൽത്ത് കെയറിലെ ഡോ. അക്ഷയ് ബുദ്ധ്‌രാജ പറഞ്ഞു. ദീപാവലി ആഘോഷത്തിന് വിലക്കുകള്‍ മറികടന്ന് പടക്കം പൊട്ടിച്ചതും പഞ്ചാബില്‍ വയലുകളില്‍ തീയിടുന്നതുമാണ് ഡല്‍ഹിയെ ശ്വാസം മുട്ടിക്കുന്നത്. ഡല്‍ഹിയുടെ അവസ്ഥ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. #DelhiPollution എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ് ആയി. ദിവസവും നിരവധി സിഗരറ്റുകള്‍ വലിക്കുന്നതിനു തുല്യമാണ് ഡല്‍ഹിയുടെ വായു ശ്വസിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.വായുമലിനീകരണം രൂക്ഷമായതോടെ നൂറുകണക്കിന് ആളുകള്‍ ഡല്‍ഹിയില്‍നിന്ന് ഉത്തരാഖണ്ഡിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് കൂട്ടത്തോടെ പോയിത്തുടങ്ങി. നൈനിത്താള്‍, മസൂറി, അല്‍മോറ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകള്‍ നിറഞ്ഞു.

 

സിംഗപ്പൂര്‍: കോവിഡ് ഫലപ്രദമായി തടയുന്നതിനായി മാസ്‌ക് ധരിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത രാജ്യമാണ് സിംഗപ്പൂര്‍. അതില്‍ എത്ര കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ഇപ്പോള്‍ ബെഞ്ചമിന്‍ ഗ്ലിന്‍ എന്ന ബ്രിട്ടീഷ് പൗരന് അറിയാം. മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച ഗ്ലിന്നിനെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയക്കാനാണ് കോടതി ഉത്തരവിട്ടത്.

ഒരു ബ്രിട്ടീഷ് റിക്രൂട്ടിങ് ഏജന്‍സിയുടെ സിംഗപ്പൂര്‍ ഓഫീസിലെ ജീവനക്കാരനാണ് 40 വയസുകാരനായ ഗ്ലിന്‍. മാസ്‌ക് ധരിക്കുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന വാദക്കാരനാണ് ഗ്ലിന്‍. അതുകൊണ്ട് തന്നെ ഒരു ദിവസം മാസ്‌ക് ധരിക്കാതെ ഓഫീസിലേക്ക് ട്രെയിനില്‍ ഗ്ലിന്‍ യാത്ര ചെയ്തു. യാത്രക്കാരില്‍ നിന്ന് പ്രതിഷേധമുയര്‍ന്നത് കാര്യമാക്കാതെ യാത്ര ചെയ്ത ഗ്ലിന്നിനെ കുടുക്കിയത് സഹയാത്രികരില്‍ ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൃത്യമായ കാരണമില്ലാതെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് നാല് വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഗ്ലിന്നിനെ അറസ്റ്റ് ചെയ്തത്. മാസ്‌ക് ധരിക്കുന്നതിനെ എതിര്‍ത്ത ഗ്ലിന്നിനെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയക്കാനാണ് കോടതി ഉത്തരവിട്ടത്.

നടന്‍ ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്നും ഈ പോരാട്ടത്തില്‍ നാട്ടുകാരുടെ പിന്തുണ വേണമെന്നും ദിലീപ് പറഞ്ഞു. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ദിലീപ്.

‘ഞാനിപ്പോള്‍ അനുഭവിക്കുന്ന പ്രശ്നമെന്താണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. ഞാന്‍ ജയിലില്‍ നിന്നുവന്ന സമയത്ത് ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് എനിക്ക് ആവേശം പകര്‍ന്നത്. അവിടെയൊക്കെ ഞാന്‍ എന്റെ പ്രിയപ്പെട്ടവരെ കണ്ടറിയുകയും തൊട്ടറിയുകയും ചെയ്തതാണ്. എന്നെ മാറ്റിനിര്‍ത്താതെ നിങ്ങളോടൊപ്പം ചേര്‍ത്ത് ഞങ്ങളുണ്ട് കൂടെ എന്ന് പറയുന്ന ഈയൊരു നിമിഷമുണ്ടല്ലോ.. അതെന്നെ സംബന്ധിച്ച് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. ഞാന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എന്നോടൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു’- ദിലീപ് പറഞ്ഞു.

എം. ജി.ബിജുകുമാർ

” ഒരു വിവാഹം കഴിക്കാനൊക്കെ ഇത്ര പ്രയാസമോ, എത്ര ബ്യൂറോകളുണ്ട്, അവരെ സമീപിച്ചാൽ കാര്യം നടക്കും”
സുഹൃത്തിൻ്റെ സാക്ഷ്യപത്രം.
” കാശ് കളയാമെന്നല്ലാതെ വേറെ വലിയ കാര്യമൊന്നുമില്ല, അതാ യാഥാർത്ഥ്യവും പലരുടെയും അനുഭവവും ” ചിരിച്ചു കൊണ്ടുള്ള എന്റെ മറുപടിയിലും പിൻവാങ്ങാൻ അവൻ തയ്യാറായില്ല.
വാരാന്തപ്പതിപ്പിൽ നിന്നു മാട്രിമോണിയൽ കോളത്തിൽ നിന്ന് ഏതോ നമ്പറിൽ വിളിച്ച് അവൻ എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടപ്പാേഴും ഞാനത് വലിയ കാര്യമാക്കിയില്ല.
ഞാൻ കാപ്പിയും കുടിച്ച് പത്രവും വായിച്ചിരുന്നു.
അൽപ്പം കഴിഞ്ഞ് സംസാരമൊക്കെ നിർത്തി അവൻ എൻ്റെയടുത്തെത്തി.
“ഞാൻ ഡീറ്റെയിൽസ് എല്ലാം പറഞ്ഞിട്ടുണ്ട് 20 പേരുടെ വിവരങ്ങൾ വി.പി.പി. ആയി അയച്ചുതരും, 2500 രൂപ കൊടുത്തു വാങ്ങണം.”
അധികാര സ്വരത്തിൽ അവൻ പറഞ്ഞു.
എന്തു പറയണമെന്നറിയാതെ ഞാൻ കുഴങ്ങി.
” അത് കിട്ടിക്കഴിഞ്ഞ് എന്നോട് പറഞ്ഞാൽ മതി. ഞാൻ വന്ന് അതിലെ നമ്പരിൽ വിളിച്ച് അന്വേഷിച്ച് ഒരെണ്ണം സെറ്റാക്കാം.”
അവൻ്റെ ഉറപ്പ്.
ഇവനെന്നാൽ വല്ല ബ്രോക്കറു പണിയ്ക്കും പോകരുതോ എന്നു മനസ്സിൽ തോന്നിയെങ്കിലും ഞാനത് അവനോട് പറഞ്ഞില്ല.
ശനിയാഴ്ച ആയപ്പാേഴേക്കും പോസ്റ്റ്മാൻ കൊണ്ടുവന്ന കവർ പൈസ നൽകി വാങ്ങി വെച്ചു. എന്നിട്ട് സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു.
സൂര്യാസ്തമയത്തിനു മുമ്പ് തന്നെ ചങ്ങാതി വീട്ടിലെത്തി ഓരോന്നായി വിളിച്ചുതുടങ്ങി.
ആദ്യം വിളിച്ച മൂന്നെണ്ണവും റോങ്ങ് നമ്പർ ആയിരുന്നു.
എന്നിട്ടും പ്രതീക്ഷ കൈവെടിയാതെ വീണ്ടും അടുത്ത നമ്പറുകളിൽ വിളിച്ചു കൊണ്ടേയിരുന്നു.
അതിൽ മിക്കവയും വിവാഹം കഴിഞ്ഞതും ഇപ്പോൾ നിലവില്ലാത്ത നമ്പരുകളുമൊക്കെയായിരുന്നു.
അവസാനം അവൻ്റെ ഫോണിൻ്റെ ചാർജ്ജ് തീരാറായതിനാൽ അത് ചാർജ്ജ് ചെയ്യാൻ എന്നെ ഏൽപ്പിച്ചു. തുടർന്ന് എൻ്റെ ഫോണിൽ നിന്നാണ് ബാക്കിയുള്ള നമ്പരിലേക്ക് വിളിച്ചുതുടങ്ങിയത്. അതിലും പ്രയോജനമൊന്നും ഉണ്ടായില്ല.
കാശ് പോയെന്ന് എനിക്കും അവനും മനസ്സിലായി. ഞങ്ങൾ മുഖത്തോടു മുഖം നോക്കി.
അവൻ ഒന്നും പറയാതെ ഇരുപതാമത്തെ നമ്പർ ഡയൽ ചെയ്തു.
അതിലെ പേര് ഞാൻ നോക്കി.
ഹരിത, 33 വയസ്.
“ചിലപ്പോൾ ഇതാവും നിനക്ക് പറഞ്ഞിട്ടുള്ള പെൺകുട്ടി ” അവൻ സ്വയം സമാധാനിക്കാനാണോ അതോ എന്നെ സമാധാനിപ്പിക്കാനാണോ അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല.
ഡയൽ ചെയ്ത് അവൻ ലൗഡ് സ്പീക്കറിലിട്ടു. ബെൽ പൂർണ്ണമായിയിട്ടും ഫോൺ ആരും അറ്റൻഡ് ചെയ്തില്ല.
ഞാൻ വെറുതെ ആ ലിസ്റ്റിലേക്ക് നോക്കുമ്പോൾ വി.എച്ച്.എസ്. സി, ഹോബി പുസ്തകവായന, എന്നൊക്കെ കണ്ടു. ആഹാ വായനാശീലം ഒക്കെയുള്ളവളാണ്. അപ്പോൾ അവൻ പറഞ്ഞത് ശരിയായിരിക്കും എന്നു ചിന്തിച്ചപ്പോഴേക്കും അവൻ വീണ്ടും ഡയൽ ചെയ്തു.
ഫോൺ അറ്റൻ്റ് ചെയ്തപ്പോൾ ലൗഡ് സ്പീക്കറിലിട്ട് അവൻ സംസാരിച്ചു തുടങ്ങി.
“ഹരിതയ്ക്ക് ഒരു വിവാഹം ആലോചിക്കുന്നതിനു വേണ്ടിയായിരുന്നു.” അവൻ സൗമ്യമായി പറഞ്ഞു.
എന്നിട്ട് ഒരു കാരണവരുടെ ഗമയോടെ എന്നെ നോക്കുമ്പോൾ തന്നെ അവിടെ നിന്നു വന്ന മറുപടിയിൽ ഞാനും അവനും ഒരു പോലെ ഞെട്ടി.
“പ്ഫ… വെച്ചിട്ട് പോയിനെടാ @#£&@# ..
കുറേ നാളായി ഇത് തുടങ്ങിയിട്ട്. കല്യാണം ആലോചിക്കാൻ നടക്കുന്നു.”
ഒരു സ്ത്രീയുടെ സംസാരം.
ഇത് കേട്ട് എന്താണിങ്ങനെ പറയാൻ കാരണമെന്നറിയാതെ പരസ്പരം നോക്കവേ ഫോണിൽ നിന്നും സ്ത്രീ ശബ്ദം.
“എൻ്റെ മകളുടെ കല്യാണം കഴിഞ്ഞിട്ട് എട്ടു വർഷമായി.രണ്ടു കുട്ടികളുമായി. എന്നിട്ടും ഇടയ്ക്കിടയ്ക്ക് കല്യാണം ആലോചിക്കാനെന്നും പറഞ്ഞ് വിളിച്ച് കളിയാക്കാൻ ഓരോരുത്തന്മാര് ഇറങ്ങിയേക്കുന്നു.”
അതു കേട്ട് ഞങ്ങൾ ഞെട്ടി.
” പോലീസിൽ പരാതി കൊടുത്താലെ ഇവന്മാരുടെ സൂക്കേട് തീരൂ.” അത്രയും പറഞ്ഞപ്പോഴേക്കും ഞാൻ ഫോൺ വാങ്ങി കട്ട് ചെയ്തു.
” മോന് സമാധാനമായല്ലോ.. ”
ഞാൻ ചിരിച്ചു കൊണ്ട് ചങ്ങാതിയോട് തിരക്കി.
അവൻ മറുപടി പറയാതെ ചാർജ്ജ് ചെയ്യാനിട്ട അവൻ്റെ ഫോണെടുത്ത് മാര്യേജ് ബ്യൂറോയുടെ നമ്പർ ഡയൽ ചെയ്ത് റോഡിലേക്കിറങ്ങി നടന്നു.
അവർക്കുള്ള “പച്ചമലയാളം ” കൊണ്ടുള്ള അഭിഷേകത്തിനുള്ള പുറപ്പാടിനാണെന്ന് എനിക്ക് മനസ്സിലായി.
സംഭവമോർത്ത് ചിരിക്കണോ അതോ കാശ് പോയതോർത്ത് വ്യസനിക്കണോ എന്നറിയാതെ ബ്യൂറോക്കാർ അയച്ച ലിസ്റ്റ് വലിച്ച് കീറി അടുപ്പിലിടാനായി ഞാൻ അടുക്കളയിലേക്ക് നടന്നു.
അപ്പോൾ ബ്യൂറോക്കാരുടെ പിതാമഹൻമാർ തുമ്മിത്തുടങ്ങിയിട്ടുണ്ടാവും എന്നത് ചിന്തനീയം.

എം.ജി.ബിജുകുമാർ

പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.

RECENT POSTS
Copyright © . All rights reserved