സോണി കല്ലറയ്ക്കൽ 

തൃക്കാക്കര എം.എൽ.എ യും കെ.പി.സി.സി വർക്കിംങ് പ്രസിഡന്റുമായിരുന്ന പി.ടി.തോമസിന്റെ അകാല നിര്യാണം കേരള ജനതയ്ക്കും പ്രത്യേകിച്ച് കോൺഗ്രസ് പാർട്ടിയ്ക്കും വിശേഷാൽ കത്തോലിക്ക സഭയ്ക്കും ഒരു കനത്ത നഷ്ടം തന്നെയാണ് വരുത്തിയിരിക്കുന്നത് എന്നതിൽ യാതൊരു സംശയവും ആർക്കും ഉണ്ടെന്ന് തോന്നുന്നില്ല.. പക്ഷേ, ഈ സമയത്ത് അദേഹത്തിന്റെ മാതൃസഭയായ കത്തോലിക്ക സഭയെ ഇതിനിടയിൽ പിടിച്ച് വലിച്ചിട്ട് ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള ശ്രമം വലിയ തോതിൽ നടന്നുവരികയാണ്. കത്തോലിക്ക സഭ എന്തോ വലിയ അപരാധം പി.ടി തോമസിനോടും അദേഹത്തിന്റെ കുടുംബത്തോടും ചെയ്തെന്നെക്കൊ വരുത്തി തീർക്കാനുള്ള ഗൂഡനീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനു പിന്നിൽ സഭ നശിച്ചു കാണാൻ ആഗ്രഹിക്കുന്ന ചില സംഘടിത വർഗ്ഗിയശക്തികൾ പ്രവർത്തിക്കുന്നില്ലെയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാലാ ബിഷപ്പിന്റെ പ്രസ്താവനയും അതേ തുടർന്നുണ്ടായ വിവാദങ്ങളും പ്രക്ഷോഭങ്ങളും ഒക്കെ കേരള ജനത കണ്ടതാണ്. അതിന്റെ ഒക്കെ തുടർച്ചയായി വേണം ഇപ്പോൾ ഈ നിക്കങ്ങളെയും കാണാൻ. പിടി യോടും കുടുംബത്തോടും സഭ മാപ്പ് പറയണമെന്ന പേരിൽ വിവാദ പ്രസ്താവനകൾ സോഷ്യൽ മീഡിയായിലൂടെയും മറ്റും നിരന്തരം ഇറക്കി സഭയിലെ ആളുകളെയും രണ്ട് ചേരികളാക്കി
ഭിന്നിപ്പിക്കാനും നോക്കുന്നു എന്നത് തർക്കമില്ലാത്ത വസ്തുതയാണ്.

രക്തസാക്ഷിത്വം വരിച്ച ഇന്ദിരാഗാന്ധിയ്ക്കും രാജീവ് ഗാന്ധിയ്ക്കും പോലും ലഭിക്കാത്തെ കവറേജ് ആണ് സഭയെ വെല്ലുവിളിച്ച അമാനുഷൻ എന്ന പേരിൽ മരണശേഷം പി.ടി യ്ക്ക് ചിലർ നൽകുന്നത്. ഇതിൽ എന്ത് ആത്മാർത്ഥയാണ് അദേഹത്തോടുള്ളതെന്ന് വ്യക്തമാകുന്നില്ല. കത്തോലിക്കാ സഭയ്ക്ക് അദേഹത്തോട് എതിർപ്പ് വ്യക്തിപരമായി ഉണ്ടായിരുന്നെങ്കിൽ എങ്ങനെയാണ് കത്തോലിക്ക ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ പി.ടി രണ്ട് പ്രാവശ്യം എം.എൽ.എ യും ഒരു പ്രാവശ്യം എം.പിയും ആകാൻ കഴിഞ്ഞത് ( തൊടുപുഴയും ഇടുക്കിയും ആണ് ഉദ്ദേശിച്ചത് ). ജനിച്ച മണ്ണും, മലയും അതിൽ ജീവിക്കുന്നവന് അതുകൊണ്ട് ജീവിതം മുന്നോട്ട് നയിക്കാൻ പറ്റാത്ത രീതിയിൽ വിലങ്ങു നിയമങ്ങൾ ഉണ്ടാക്കി ജനിച്ച മണ്ണിൽ നിന്ന് അത്താണികളെ ഓടിക്കാൻ നോക്കിയ വ്യക്തിത്വങ്ങൾക്കെതിരെയാണ് സഭ സമരത്തിനിറങ്ങിയത്. അല്ലാതെ പി.ടി എന്ന വ്യക്തിയ്ക്കെതിരെയല്ല. ഒരു തുണ്ട് ഭൂമി ഉണ്ടെങ്കിൽ അതിൽ ജീവിക്കുന്നവന് അതുകൊണ്ട് പ്രയോജനം വേണം. ചുമ്മാ നിയമം ഉണ്ടാക്കി പെൻഷൻ മേടിച്ചു ജീവിക്കുന്നവർക്ക് മണ്ണിൽ അദ്ധ്വാനിക്കുന്നവന്റെ പ്രയാസം അറിയാൻ സാധിച്ചെന്നു വരില്ല. അതേ കത്തോലിക്കാ സഭ ചൂണ്ടി
കാണിച്ചുള്ളു. വെറുതെ അനാവശ്യ വിവാദമുണ്ടാക്കി സഭയെയും അധികാരികാളെയും ക്രൂശിക്കാൻ നോക്കുന്നവർ ഇടുക്കിയിൽ വന്ന് ഒരു വർഷം സാധാരണക്കാരോട് ഒത്ത് ഒന്ന് വസിക്ക്. എന്നിട്ട് തീരുമാനിക്കാം ആർ ആരോട് മാപ്പ് പറയണമെന്ന്. ജനിച്ച മണ്ണിനുവേണ്ടി നിലപാട് എടുത്തപ്പോൾ ഞാൻ എങ്ങനെ ഇവിടെ എത്തപ്പെട്ടു എന്നുകൂടി ആലോചിച്ചാൽ നന്ന്. വിശപ്പടക്കാൻ കാരണവന്മാർ കാടിനോടും കാലാവസ്ഥയോടും കാട്ടുമൃഗങ്ങളോടും യുദ്ധം ചെയ്തു നേടിയ മണ്ണാണ് ഇത്. അല്ലാതെ സുഖവാസത്തിനു പോയി റിസോർട്ട് കെട്ടാൻ വളച്ചെടുത്തതല്ല. ആ മണ്ണിൽ വളർന്ന കപ്പയും കാച്ചിലും ആണ് തന്റെ ശരീരം എന്നും ഓർക്കണം. തന്റെ പ്രവൃത്തി മേഖല മാറി കഴിഞ്ഞപ്പോൾ പിന്നെ എല്ലാം അരുതാത്തതു പ്രകൃതി വിരുദ്ധവും. കുടിയേറ്റക്കാരുടെ കണ്ണീരും വിയർപ്പും കണ്ടു വളർന്ന സഭയ്ക്ക് എല്ലാം പെട്ടെന്ന് മറക്കാൻ ആവുമോ. ആ വികാരമാണ് ഇവിടെ പ്രതിഫലിച്ചത്. ജീവിച്ചിരിക്കെ പിടി തോമസിന്റെ ശവഘോഷ യാത്ര സഭ നടത്തിയെന്ന അടിസ്ഥാന രഹിതമായ വാർത്തയാണ് ഇപ്പോൾ പരക്കുന്നത്. ശരിക്കും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കണം. പി.ടി യുടെ പേര് പറഞ്ഞ് ഒരിക്കലും പ്രകടനം പുരോഹിതർ നടത്തിയിട്ടില്ല. കസ്തൂരി രംഗൻ , ഗാഡ്ഗിൽ റിപ്പോർട്ടുകൾ വച്ച ശവപ്പെട്ടിയുമായാണ് പ്രകടനം നടന്നത്. ആ പെട്ടിയിൽ വ്യക്തമായും മലയാളത്തിൽ അത് എഴുതിയിട്ടുമുണ്ടായിരുന്നു. ഇത് മറച്ചുവെച്ചാണ് മറ്റൊരു രീതിരിയിൽ സഭയ്ക്കെതിരെ ദുഷ് പ്രചരണം അഴിച്ചുവിട്ടിരിക്കുന്നത്. ഇതിന് ചില മാധ്യമങ്ങളും കുടപിടിച്ചിട്ടുണ്ട്. ആരൊക്കെ യാഥാർത്ഥ്യം മൂടിവെച്ചാലും ഒരു കാര്യം സത്യമാണ്. കിഴക്കൻ മലയിൽ ജീവിച്ച് അഷ്ടിയ്ക്ക് വക ഉണ്ടാക്കുന്ന പാവം കർഷകരെ കുടിയിറക്കാൻ പ്ലാനിട്ട പരിസ്ഥിതി ഭീകരർക്കെതിരെയാണ് സഭ എന്നും നിലനിലകൊണ്ടിട്ടുള്ളത്. അത് എന്നും തുടരുക തന്നെ ചെയ്യും. അന്ന് ഇടുക്കിയിൽ നടന്ന സമരത്തിൽ സർവ്വ മതസ്ഥരും ഉണ്ടായിരുന്നു. പിന്നെ എന്തിനാണ് ക്രൈസ്തവരെ മാത്രം കുറ്റപ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ല.

ഇനി കത്തോലിക്ക അച്ചന്മാരും മെത്രാനും പി.ടി യോടും കുടുംബത്തോടും മാപ്പ് പറയണമെന്ന് ശഠിക്കുന്നവരോട് ഒരു ചോദ്യം. അദേഹത്തിന്റെ സ്വന്തം പ്രസ്ഥാനമായ കോൺഗ്രസ് പാർട്ടി അല്ലെ ശരിക്കും പി.ടിയോട് മാപ്പ് ചോദിക്കേണ്ടത്. ഇടുക്കി ലോക് സഭാ ഇലക്ഷനിൽ ജോയിസ് ജോർജിനോട് മത്സരിക്കാൻ പി.ടി തയ്യാറായിരുന്നു. അദേഹത്തെ ഒഴിവാക്കിയത് സ്വന്തം പാർട്ടിക്കാർ തന്നെ അല്ലെ. എന്നിട്ട് എന്തിനാണ് ഇപ്പോൾ ഇത്രയ്ക്ക് നാടകം. ഇത്രയും കഴിവുള്ള പി.ടിയെ എന്തുകൊണ്ടാണ് ഒരു
മന്ത്രിപോലും ആക്കാതിരുന്നത്?. അതോ അതും സഭക്കാരുടെ കുറ്റം കൊണ്ടാണോ..?. ഇലക്ഷൻ വരട്ടെ കത്തോലിക്ക സഭയെ കിട്ടിയ അവസരത്തിൽ താറടിച്ച എല്ലാ നേതാക്കളും അരമന വാതിലിൽ ആത്മീയ പിതാക്കന്മാരുടെ ദർശനം കാത്തു കിടന്ന് സർവ്വ അപരാധങ്ങൾക്കും മാപ്പിരക്കും. കത്തോലിക്ക സഭയുടെ സപ്പോർട്ടില്ലെങ്കിൽ എല്ലാ പാർട്ടിയും മധ്യകേരളത്തിലും തെക്കൻ കേരളത്തിൽ വട്ടപ്പുജ്യമായിരിക്കും. അത് മറക്കാതിരുന്നാൽ നന്ന്. പി.ടി തോമസ് എന്ന സത്യക്രിസ്ത്യാനി വിവാഹശേഷം സഭയിൽ നിന്ന് വളരെയേറെ അകന്നിരുന്നു എന്നത് നിക്ഷേധിക്കാൻ കഴിയാത്ത വസ്തുതയാണ്. മതപരമായ പല കാര്യങ്ങളിലും നേരത്തെ മുതൽ അദേഹം സ്വതന്ത്രനിലപാട് കൈക്കൊണ്ട് തന്നെയാണ് നീങ്ങിയിരുന്നത്. പെട്ടെന്നുണ്ടായ വിഷയത്തിൽ ഒരു ദിവസം കൊണ്ട് മതാചാരങ്ങളെ തള്ളിപ്പറഞ്ഞ് പോയതല്ല. അദേഹം ക്ഷേത്രത്തിൽ തുലാഭാരം നടത്തിയ വാർത്തകൾ പോലും മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നതാണ്. പി.ടിയുടെ ശവസംസ്ക്കാര ചടങ്ങുകളിലും അതിന്റെ നിഴലിപ്പ് കാണാമായിരുന്നു. പി.ടിക്ക് മതപരമായ സംസ്കാരം വേണ്ടെങ്കിൽ എന്തിനാണ് പി.ടിയുടെ മക്കൾ ഉടുപ്പൂരി തോർത്ത് കെട്ടി ശവം ദഹിപ്പിക്കാൻ നിന്നത്. ഇതൊക്കെ നിഷ്പക്ഷ സമൂഹമാണ് വിലയിരുത്തേണ്ടത്. യഥാർത്ഥ ക്രൈസ്തവൻ ഒരു വർഗീയവാദിയല്ല. അവൻ എല്ലാ മതങ്ങളെയും ബഹുമാനിക്കും. ഒരു കത്തോലിക്കാ വൈദികനും ഒരു സമൂഹത്തിന്റെയും നാശത്തിനായി നിലകൊണ്ടിട്ടില്ല, നിലകൊള്ളുകയുമില്ല. വൈദീകരെ ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന സ്ഥാനത്താണ് ക്രൈസ്തവർ കാണുന്നത്. ആ സ്ഥാനത്തെ ശരിയായി നോക്കി കാണുന്നവർക്ക് നിലവിൽ ഒരു പ്രശ്നവും കാണാൻ സാധിക്കില്ല. അല്ലാത്തവർക്ക് കാണുന്നതെല്ലാം മഞ്ഞയായിരിക്കും…നന്ദി ( സോണി കല്ലറയ്ക്കൽ )