Latest News

ചൊവ്വയിലെ ജലാശം തേടിയുള്ള യാത്രയില്‍ കൂടുതൽ തെളിവുകൾ ശേഖരിച്ചിരിക്കുകയാണ് നാസയുടെ പെര്‍സവറന്‍സ് റോവര്‍. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ഭൂപ്രകൃതിയെ രൂപപ്പെടുത്താന്‍ വെള്ളം സഹായിച്ചുവെന്നതിന്റെ തെളിവുകള്‍ നിരത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിനു ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ജൂലൈ 30 ന് വിക്ഷേപിച്ച പെർവറൻസ് റോവർ 202 ദിവസത്തെ യാത്രയ്ക്ക് ശേഷം 472 ദശലക്ഷം കിലോമീറ്ററുകൾ പിന്നിട്ട് ഫെബ്രുവരി 18 നാണ് ചുവന്ന ഗ്രഹത്തിലെത്തിയത്. പര്യവേക്ഷണത്തിന്റെ ഭാഗമായി ഫെബ്രുവരിയില്‍, നാസയുടെ പെര്‍സവറന്‍സ് റോവര്‍ ജെസെറോ ഗര്‍ത്തത്തില്‍ ഇറങ്ങിയിരുന്നു.

ചൊവ്വയിൽ നിന്നും റോവർ അയച്ച വിശദമായ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പഠനസംഘം ജെസെറോ ഗർത്തത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ കണ്ടെത്തലുകൾ സയൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഈ ഗര്‍ത്തത്തിലെ പാറക്കെട്ടുകള്‍ക്കുള്ളിലെ പാളികളിൽ ജലത്തിന്റെ രൂപീകരണം എങ്ങനെ സംഭവിച്ചുവെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു.

“1.5 മീറ്റർ വരെ ഉയരത്തിൽ പാറകൾ അടങ്ങിയ കിടങ്ങുകളിൽ സവിശേഷമായ പാളികൾ ഞങ്ങൾ കണ്ടു.” ഫ്രാൻസിലെ നാൻറ്റസിലെ ലബോറടോയർ ഡി പ്ലാനറ്റോളജി എറ്റ് ജിയോഡൈനാമിക്കിൽ നിന്നുള്ള ശാസ്ത്രജ്ഞനും സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രധാന രചയിതാവുമായ നിക്കോളാസ് മംഗോൾഡ് പറഞ്ഞു.

പാളികളുടെ ആകൃതി ജലത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും സ്ഥിരമായ ഒഴുക്കിനെക്കുറിച്ചും സൂചന നൽകി. പാറക്കഷണങ്ങളെ മൈലുകളോളം വഹിച്ചുകൊണ്ടുപോകണമെങ്കിൽ മണിക്കൂറിൽ 6 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ ഒഴുകുമായിരുന്ന ജലപ്രവാഹം ഇവിടെ ഉണ്ടായിരുന്നിരിക്കണം എന്നും മാംഗോൾഡും സംഘവും കണക്കാക്കുന്നു.

ഏകദേശം 3.7 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ഭൂപ്രകൃതി ജലപ്രവാഹം താങ്ങാന്‍ പര്യാപ്തമായത്ര ഊഷ്മളവും ഈര്‍പ്പമുള്ളതുമായിരുന്നു എന്ന് പഠനം സൂചിപ്പിക്കുന്നു. മുകളിലെയും ഏറ്റവും താഴ്‌ഭാഗത്തെയും പാളികളിൽ ഒരുമീറ്റർ വ്യാസത്തിൽ പാറക്കല്ലുകൾ ചിതറിക്കിടക്കുന്നത് ശക്തമായ വെള്ളപ്പൊക്കങ്ങൾ ഗ്രഹത്തിലുണ്ടായതിന്റെ സാധ്യതകളിലേക്കും വിരൽ ചൂണ്ടുന്നുണ്ട്.

കൂടുതൽ പഠനങ്ങൾക്കായി മള്‍ട്ടി ടാസ്‌കിംഗ് റോവര്‍ സീല്‍ ചെയ്ത ട്യൂബുകളില്‍ പാറകളുടെയും മണ്ണിന്റെയും നിരവധി സാമ്പിളുകള്‍ ശേഖരിക്കും. ജെസറോ ഗർത്തത്തിൽ ഒരു തടാകത്തിന്റെയും നദിയുടെയും ഡെൽറ്റയുടെ സാന്നിധ്യം ഒരിക്കൽക്കൂടി സ്ഥിരീകരിക്കാൻ ഞങ്ങളെ പ്രാപ്തരാക്കുന്ന പ്രധാന നിരീക്ഷണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് എന്നും മംഗോൾഡ് പറയുന്നു.

ചൊവ്വയിൽ ജീവൻ നിലനിന്നിരുന്ന പ്രദേശങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താൻ പുതിയ തെളിവുകൾ സഹായിക്കും. ചൊവ്വയെ വലം വെയ്‌ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ എടുത്ത ചിത്രങ്ങളും ചെവ്വയിലെ ഗർത്തങ്ങളിൽ നിന്നും ശേഖരിച്ച അവശിഷ്ടങ്ങളുമാണ് സംഘം പഠനവിധേയമാക്കിയത്. ചുവന്ന ഗ്രഹത്തിലുടനീളമുള്ള തകർന്ന 262 തടാകങ്ങൾ ഗ്രഹത്തിന്റെ ഉപരിതലത്തെ എങ്ങനെ രൂപപ്പെടുത്തി എന്ന് അന്വേഷിക്കുന്ന ആദ്യ പഠനമാണിത്.

കോവിഡ് ബോധവത്കരണത്തിന് ഹൃസ്വചിത്രം ഒരുക്കിയ നടനും ചിത്രകാരനും മിമിക്രി കലാകാരനുമായ തെരാജ് കുമാര്‍ കോവിഡ് ബാധിച്ചു മരിച്ചു. തൃശൂര്‍ അരിമ്പൂര്‍ കൈപ്പിള്ളി സ്വദേശിയാണ് തെരാജ് കുമാര്‍.

കോവിഡ് ബോധവത്കരണത്തിനായി സ്വന്തം വീട്ടില്‍ ആശുപത്രി കിടക്ക സെറ്റിട്ട്, ഹ്രസ്വചിത്രമെടുത്തതിന് പിന്നാലെയാണ് തെരാജിന് കോവിഡ് ബാധിച്ചത്. കോവിഡ് നെഗറ്റീവായെങ്കിലും ന്യൂമോണിയ ബാധിതനായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ചികിത്സ. എന്നാല്‍ വൃക്കകള്‍ കൂടി തകരാറിലായതോടെ ചൊവ്വാഴ്ച തെരാജ് കുമാര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കുമ്പസാരം എന്ന പേരിലാണ് കോവിഡ് ബോധവത്കരണത്തിനായി തെരാജ് ഹ്രസ്വചിത്രം സംവിധാനം ചെയ്തത്. വീട്ടില്‍ തന്നെ ആശുപത്രി കിടക്ക സെറ്റിട്ടായിരുന്നു തെരാജ് സിനിമ ഒരുക്കിയത്.

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയെ ആണ് തെരാജ് കുമാര്‍ ഹ്രസ്വചിത്രത്തില്‍ അവതരിപ്പിച്ചത്. ക്വാറന്റീന്‍ പാലിക്കണമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ് അനുസരിക്കാനായിരുന്നു ചിത്രം പറഞ്ഞത്. കഥപാത്രം അവസാനം ശ്വാസംകിട്ടാതെ മരിക്കുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്.

ചിത്രത്തിന്റെ രചനയും, സംഭാഷണവും നിര്‍മ്മാണവും തെരാജ് തന്നെയായിരുന്നു. പശ്ചാത്തല സംഗീതവും അദ്ദേഹം തന്നെ നിര്‍വ്വഹിച്ചു. തെരാജിന്റെ ഭാര്യ ധന്യയാണ് ചിത്രം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത്.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് തെരാജിന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പനിയും ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മാസ്മരിക സൗന്ദര്യം എല്ലാവരുടെയും മനംകവരുന്നതാണ്. അതോടൊപ്പം തന്നെ പതഞ്ഞൊഴുകുന്ന വെള്ളത്തിന് സമീപമുള്ള ആ കുടിലും ഏറെ ശ്രദ്ധേയമാണ്.

കഴിഞ്ഞദിവസം കനത്ത മഴയ്ക്ക് പിന്നാലെ അതിരപ്പിള്ളി വെള്ളച്ചാട്ടം ഒന്നുകൂടെ രൗദ്രഭാവം പൂണ്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ കുതിച്ചുചാടുന്ന വെള്ളച്ചാട്ടത്തിന്റെ വീഡിയോയും പ്രചരിച്ചിരുന്നു. വെള്ളച്ചാട്ടത്തിന് സമീപത്തെ ഓലകുടിലിലേക്കായിരുന്നു വീഡിയോ ദൃശ്യങ്ങള്‍ കണ്ടവരുടെ ശ്രദ്ധ പതിഞ്ഞത്.

ശക്തമായ ഒഴുക്കിലും അതിരിപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലുള്ള ആ ചെറിയ കുടിലിന് ഇത്തവണയും കുലുക്കമൊന്നും സംഭവിച്ചിട്ടില്ല. 2018-ലെ മഹാപ്രളയകാലത്ത് കുടിലിന്റെ മുകളില്‍ വരെ വെള്ളമെത്തിയെന്നല്ലാതെ കുടിലിന് പോറല്‍പോലും ഏറ്റിട്ടില്ലായിരുന്നു.

2017ലാണ് ഈ കുടില്‍ സ്ഥാപിച്ചതെന്നാണ് ഇവിടുത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിനോദസഞ്ചാരികളെ നിയന്ത്രിക്കാനായി വനസംരക്ഷണ സമിതി പ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്ത് ഉണ്ടാകാറുണ്ട്. ഇവര്‍ക്ക് വിശ്രമിക്കാനായി പ്രദേശവാസികളായ വനസംരക്ഷണ സമിതിയുടെ പ്രസിഡന്റായ പികെ സഹജന്റെ നേതൃത്വത്തിലുള്ള അഞ്ച് പേരാണ് ഈ കുടില്‍ നിര്‍മ്മിച്ചത്.

സിമന്റ്, കമ്പി, പൈപ്പുകള്‍ തുടങ്ങിയ നിര്‍മ്മാണ വസ്തുക്കളൊന്നും ഈ കുടിലില്‍ ഉപയോഗിച്ചിട്ടില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രകൃതി ദത്തമായ മുള, ഈറ്റ, തടിക്കഷ്ണങ്ങള്‍ എന്നിവ കൊണ്ടാണ് മേല്‍ക്കൂരയും ബേസ്‌മെന്റും ഉള്‍പ്പടെ നിര്‍മ്മിച്ചിരിക്കുന്നത്. പാറ തുരന്നാണ് തടി കൊണ്ടുള്ള തൂണുകള്‍ നാട്ടിയത്. അതുകൊണ്ടാകാം ശക്തമായ ഒഴുക്കിലും തകരാതിരിക്കാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

‘പാറപ്പുറത്തെ നിര്‍മ്മാണം മറ്റ് നിര്‍മ്മാണങ്ങളെ അപേക്ഷിച്ച് വളരെ ദുഷ്‌കരമാണ്. പാറകള്‍ പൊട്ടിക്കുവാനോ ഇളക്കുവാനോ സാധിക്കുകയില്ല. പകരം പാറകള്‍ക്കിടയിലെ വിടവുകള്‍ കണ്ടെത്തി വേണം അവിടേയ്ക്ക് തൂണുകള്‍ ഉറപ്പിക്കാന്‍. ഈ ബലത്തിലാണ് മുഴുവന്‍ കുടിലും നില്‍ക്കുന്നത്. ഇത്തരത്തില്‍ ലഭിച്ച രണ്ട് പ്രധാന വിടവുകളിലാണ് ഇവിടുത്തെ കുടിലും നില്‍ക്കുന്നത്’. സഹജന്‍ പറയുന്നു

കാട്ടുമുളകളാണ് തൂണുകളായി ഉപയോഗിച്ചിരിക്കുന്നത്. ഇതിന് നാട്ടിലെ മുളകളെക്കാള്‍ ബലവും ഭംഗിയും ഉണ്ടെന്നതാണ് കാരണമെന്നും സഹജന്‍ വിശദീകരിക്കുന്നു. അപകട സാധ്യതയുള്ള പ്രദേശങ്ങളിലൊക്കെ കാട്ടുമുളകള്‍ ഉപയോഗിക്കും.

എന്നാല്‍ പ്രത്യേക അനുമതി ഉണ്ടെങ്കിലേ വനത്തില്‍ നിന്നുള്ള മുളകള്‍ കൊണ്ടുപോകാനാകൂ. അതിനാല്‍ മറ്റുള്ളയിടങ്ങളില്‍ ഇത്തരം നിര്‍മ്മിതികള്‍ കുറവായിരിക്കും. ഈറ്റയും ഈറ്റയുടെ ഇലയും തടിയും ഉപയോഗിച്ചാണ് ബാക്കി ഭാഗങ്ങളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്.

ഇതില്‍ ഈറ്റ ഇല മാത്രം മൂന്നുവര്‍ഷം കൂടുമ്പോള്‍ മാറ്റി വിരിക്കണം. ഇത്തരത്തില്‍ പത്തോളം ഹട്ടുകള്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനായി ഇവര്‍ തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. ഇനിയും സഞ്ചാരികളെ കാത്ത് ഉറപ്പിന്റെ പ്രതീകമായി ആ കുടില്‍ അവിടെ തന്നെയുണ്ടാകും.

സോഷ്യൽ മീഡിയയിൽ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന പേരില്‍ അറിയപ്പെടുന്ന ജിഎന്‍പിസി ഗ്രൂപ്പ് വീണ്ടും വിവാദത്തില്‍. ഗ്രൂപ്പില്‍ അംഗങ്ങളായ ഒരുസംഘം ഒരു മൃഗത്തെ പൊതുസ്ഥലത്ത് പരസ്യമായി ചുടുന്നതിന്റെയും കഴിക്കുന്നതിന്റെയും ഫോട്ടോകളാണ് ഇപ്പോള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്.

എന്തിനെയാണ് സംഘം ചുട്ട് തിന്നതെന്ന് ഫോട്ടോയിലൂടെ വ്യക്തമല്ല. പൂച്ച, നായ, മാന്‍ എന്നിവയായിരിക്കാമെന്നാണ് ഫോട്ടോയ്ക്ക് കീഴിലെ കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ശരത് ടികെ പട്ടാനി എന്ന എഫ്ബി പ്രൊഫൈലാണ് നാല് ഫോട്ടോകള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ഗ്രൂപ്പ് അഡ്മിനെതിരെയും സംഘത്തിനെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്. കുറ്റകൃത്യങ്ങളുടെ പ്രോത്സാഹനമാണ് ഗ്രൂപ്പില്‍ സജീവമായി നടക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

വ്യാജമദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഫോട്ടോയും കഴിഞ്ഞ ആഴ്ചകളില്‍ ഈ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മദ്യത്തിന്റെ പ്രോത്സാഹനം ഈ ഗ്രൂപ്പില്‍ പാടില്ല. ബ്രാന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്ന ഗ്രൂപ്പ് നിര്‍ദേശം മറന്നുകൊണ്ടാണ് അഡ്മിന്‍മാര്‍ ഗ്രൂപ്പില്‍ മദ്യപാനവും പ്രോത്സാഹിപ്പിക്കുന്നത്. വിദേശമദ്യത്തിന്റെ ചിത്രങ്ങളും വീഡിയോയും കൂടാതെ ചില അംഗങ്ങള്‍ വാറ്റ് ചാരായം കുടിക്കുന്ന ഫോട്ടോകളും ഗ്രൂപ്പിന്റെ ഗ്യാലറിയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.

2018ല്‍ ഈ ഗ്രൂപ്പിന്റെ അഡ്മിന്‍മാരായ അജിത്ത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെ തിരുവനന്തപുരം എക്‌സൈസ് ഓഫീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് കുറച്ച് നാള്‍ ഗ്രൂപ്പില്‍ മദ്യപാനവുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോയകളും പോസ്റ്റ് ചെയ്യുന്നത് നിരോധിച്ചിരുന്നു.

എന്നാല്‍ വീണ്ടും കഴിഞ്ഞ കുറെ നാളുകളായി ഗ്രൂപ്പില്‍ ഇത്തരം ഫോട്ടോകളാണ് നിറയുന്നത്. കട്ടന്‍ ചായ എന്ന പേരിലാണ് ഭൂരിഭാഗം അംഗങ്ങളും മദ്യപാന ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത്. ഇവരില്‍ പലരും പൊതുസ്ഥലങ്ങളിലും മദ്യനിരോധിത മേഖലകളില്‍ നിന്നുമുള്ള ഫോട്ടോകളാണ് പോസ്റ്റ് ചെയ്യുന്നത്.

കൊല്ലം കടക്കലിൽ എസ്എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ച് ബിജെപി പ്രവർത്തകർ. കടയ്ക്കൽ എസ്എച്ച്എം കോളേജിന് സമീപമാണ് സംഭവം. സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു.

എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈയ്ക്ക് വെട്ടേറ്റത്. പരിക്കേറ്റ മൂന്ന് ബിജെപി പ്രവർത്തകരെയും ആശുപത്രിയിലേക്ക് മാറ്റി. കോളേജിൽ ബിജെപി പ്രവർത്തകർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആയുധപൂജ നടത്തിയെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഇത് ചോദ്യം ചെയ്തതിന് ബിജെപി പ്രവർത്തകർ വിദ്യാർത്ഥികളെ ആക്രമിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.

എന്നാൽ സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവർത്തകർ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. സ്ഥലത്ത് വൻ പോലീസ് സന്നാഹം കാവൽ തുടരുകയാണ്.

‘ഹരിശ്രീ’ കുറിച്ച് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ വിജയദശമി ദിനത്തിൽ ക്ഷേത്രങ്ങളിൽ വൻ തിരക്ക്. മുൻകൂട്ടി ബുക്ക് ചെയ്തത് പ്രകാരമാണ് മിക്ക ക്ഷേത്രങ്ങളിലും ഇത്തവണ വിജയദശമി ദിനത്തിലെ എഴുത്തിനിരുത്തൽ ആഘോഷമെങ്കിലും വലിയ തിരക്കാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്.

ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും രാവിലെ മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. കോവിഡ് ഭീതി ഒഴിയാത്തതിനാൽ ഇത്തവണയും വീടുകളിലും വിദ്യാരംഭ ചടങ്ങുകൾ നടക്കും.

കൊല്ലൂർ മൂകാംബികാ ദേവീ ക്ഷേത്രത്തിൽ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകൾക്കായി എത്തിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. കുട്ടിക്കൊപ്പം രക്ഷിതാക്കളെ മാത്രമേ ചടങ്ങിൽ പങ്കെടുക്കാനനുവദിക്കൂ. കേരളത്തിൽനിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ടുണ്ടെങ്കിൽ മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശനം അനുവദിക്കുന്നത്.

ദക്ഷിണ മൂകാംബി എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര സ്വരസ്വതി മണ്ഡപം, ആറ്റുകാൽ ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, എറണാകുളം, ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂർ ദക്ഷിണമൂകാംബി എന്നിവിടങ്ങളിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാൽ തിരൂർ തുഞ്ചൻപറമ്പിൽ ഇത്തവണ ചടങ്ങില്ല. പകരം ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് എംടി വാസുദേവൻ നായരുടെ ഡിജിറ്റർ ഓപ്പോടുകൂടിയ സർട്ടിഫിക്കറ്റ് നൽകും. പാലക്കാട്, കിള്ളിക്കുറുശ്ശി മംഗലത്തെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലും ഇത്തവണയും എഴുത്തിനിരുത്തൽ ഇല്ല.

സൂറിക്: പ്രവാസി മലയാളികൾ ലോകത്തിൻെറ വിവിധ മേഖലകളിൽ ഉന്നതസ്‌ഥാനം കൈവരിക്കുന്നത് അപൂർവ്വമല്ല. എന്നാൽ ഒരു സർക്കാരിൻെറ മുഖം മിനുക്കാനായി പ്രസ് സെക്രെട്ടറിയായി ഒരു മലയാളി നിയമിതനാവുന്നത് ആദ്യമായാണ്. ഓസ്ട്രിയൻ ചാൻസലറുടെ പ്രസ് സെക്രട്ടറിയായി ഷിൽട്ടൻ ജോസഫ് പാലത്തുങ്കൽ (29) നിയമിതനായി. ഓസ്ട്രിയൻ സർക്കാരിൻെറ വിവിധ വകുപ്പുകളിൽ പ്രമുഖ പദവികളിൽ പ്രവർത്തിച്ചുവരവെയാണ് ഓസ്ട്രിയൻ പ്രധാനമന്ത്രി അലക്‌സാണ്ടർ ഷാലൻ ബെർഗിന്റെ വക്താവായും, മീഡിയ വിഭാഗം തലവനുമായും ഷിൽട്ടന്റെ നിയമനം.

അഴിമതി ആരോപണങ്ങളെ തുടർന്ന് ഓസ്ട്രിയയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാൻസലറായിരുന്ന സെബാസ്റ്റിയൻ കുർസ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണു വിദേശകാര്യ മന്ത്രിയായിരുന്ന ഷാലൻ ബെർഗ് പ്രധാനമന്ത്രി പദവിയിലെത്തിയത്. അഴിമതി ആരോപണങ്ങളിൽ മുഖം നഷ്‌ടമായ ചാൻസലർ ഓഫിസിന്റെ ഇമേജ് തിരിച്ചു പിടിക്കാൻ ഉദ്ദേശിച്ചാണ് നിലവിലുള്ള പ്രസ് സെക്രട്ടറിയെ മാറ്റി ഷിൽട്ടനെ കൊണ്ടുവരുന്നത്.

ചങ്ങനാശേരിയിലെ പാലത്തുങ്കൽ കുടുംബാംഗമായ ഷിൽട്ടൻ ജനിച്ചതും വളർന്നതും വിയന്നയിലാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ബിസിനസ് സ്‌കൂൾ, ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്സിറ്റി, ഹാർവാർഡ് യൂണിവേഴ്സിറ്റി തുടങ്ങിയ പ്രശസ്‌ത സ്ഥാപനങ്ങളിലായിരുന്നു വിദ്യാഭ്യാസം.

മോഹന്‍ലാലിന്റെ വിവാഹ സമയത്ത് തല്ലുണ്ടാക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് പറഞ്ഞ് ഡാന്‍സര്‍ തമ്പി. മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ വിവാഹം നിയന്ത്രിക്കേണ്ടി വന്നതിനെ കുറിച്ച് പറഞ്ഞാണ് തമ്പി മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിനോട് പ്രതികരിച്ചത്. ഏറ്റവും കൂടുതല്‍ ബഹളം ഉണ്ടായിരുന്നത് മോഹന്‍ലാലിന്റെ കല്യാണത്തിനാണ് എന്നാണ് തമ്പി പറയുന്നത്.

മോഹന്‍ലാലിന്റെ കല്യാണത്തിന് വിളിക്കാത്ത ഒരുപാട് പെണ്ണുങ്ങള്‍ വന്നിട്ടുണ്ട്. അവര് ഭക്ഷണം കഴിക്കാനാണ് വരുന്നത്. പ്രധാന താരങ്ങള്‍ക്കൊപ്പം അവര്‍ കേറി ഇരിക്കും. സുകുമാരി ചേച്ചിയാണ് അവരെ ഒന്ന് നിയന്ത്രിക്കാന്‍ തന്റെ അടുത്ത് പറഞ്ഞത്. ആണുങ്ങളും വലിയ പ്രശ്നമുണ്ടാക്കി.

അവരുമായി അടി കൂടേണ്ട സാഹചര്യം വന്നിട്ടുണ്ട്. ജീവിതത്തില്‍ രണ്ട് തവണ മോഹന്‍ലാലിന് വേണ്ടി വഴക്കുണ്ടാക്കിയിട്ടുണ്ട്. ഒന്ന് താനും ബാബുരാജും തമ്മില്‍ അമ്മ സംഘടനയില്‍. രണ്ടാമത് ലാല്‍ സാറിന്റെ കല്യാണത്തിന് എന്നാണ് തമ്പി പറയുന്നത്. കൂടാതെ മമ്മൂട്ടി, ഗണേഷ് കുമാര്‍ എന്നിവരുടെ വിവാഹത്തെ കുറിച്ചും തമ്പി പറയുന്നുണ്ട്.

ഗണേഷ് കുമാറിന്റെ കല്യാണത്തിനാണ് താരങ്ങള്‍ മാത്രമുള്ള വലിയൊരു കൂട്ടം എത്തിയത്. മമ്മൂട്ടിയുടെ കല്യാണം നടന്നത് പനമ്പള്ളി നഗറിലെ യുസഫലി സാറിന്റെ സ്ഥലത്ത് വെച്ചാണ്. അദ്ദേഹം കല്യാണത്തിന് എല്ലാവരെയും വിളിച്ചു. പക്ഷേ നിയമമനുസരിച്ച് മുല്ലാക്കമാര്‍ വന്നതിന് ശേഷമായിരിക്കും നിക്കാഹിന് ഇരിക്കാന്‍ പറ്റുകയുള്ളു.

കല്യാണത്തിന്റെ സമയമായപ്പോഴെക്കും അവിടുന്നും ഇവിടുന്നുമൊക്കെ എല്ലാവരും വന്നു. ചെമ്പില്‍ നിന്ന് ഉസ്താദ്മാരൊക്കെ വന്നെങ്കിലും അവര്‍ക്ക് അകത്തേക്ക് വന്നില്ല. മമ്മൂട്ടി വന്ന് വിളിച്ചാലേ വരികയുള്ളു. മമ്മൂട്ടിയുടെ അനിയന്‍ വന്ന് വിളിച്ചാല്‍ പോലും കയറില്ല. തന്നെ ചീത്ത വിളിച്ചു. ഒടുവില്‍ കളക്ടര്‍ വിശ്വംഭരന്‍ സാര്‍ വന്നാണ് ഈ കല്യാണം നടക്കുന്നതെന്നും തമ്പി പറയുന്നു.

എഷ്യാനെറ്റിലെ വിനു വി ജോണും, ട്വന്റിഫോറും തമ്മിലുള്ള യുദ്ധം തത്കാലത്തേക്കൊന്നും അവസാനിക്കില്ലെന്ന സൂചനയാണ് വിനു വി ജോണിന്റെ ട്വീറ്റിലൂടെ വ്യക്തമാകുന്നത്. മോന്‍സന്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ട്വന്റിഫോര്‍ ന്യൂസിലെ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയെ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു.വി ജോണ്‍ ട്വീറ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ കെണിയൊരുക്കി തന്നെ വീഴ്ത്താന്‍ കാത്തിരുന്നപ്പോള്‍ ക്രൈം ബ്രാഞ്ച് പൊക്കിക്കൊണ്ടു പോയി ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്തത് അവനെയാണ് എന്നാണ് സഹിന്‍ ആന്റണിയുടെ പേര് പറയാതെ വിനു വി ജോണിന്റെ ട്വീറ്റ്.

നേരത്തെ എഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയ്ക്കിടെ ട്വന്റിഫോര്‍ ന്യൂസിലെ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയുടെ മകളുടെ ജന്മദിനം എന്ന പേരില്‍ പുറത്തു വന്ന ദൃശ്യങ്ങള്‍ ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. ചര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകനായ റോയ് മാത്യു, സഹിന്റെ കുഞ്ഞിന്റെ പിതൃത്വപരാമര്‍ശം നടത്തിയതോടെ ചര്‍ച്ച വിവാദമായി. ചര്‍ച്ചയില്‍ അവതാരകനായിരുന്ന വിനു വി ജോണ്‍ ഇടപെട്ട് അത് തിരുത്തിയെങ്കിലും സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പരക്കുകയായിരുന്നു.

ഇതിന് പിന്നാലെ പിറ്റേദിവസം രാവിലെ 24ന്യൂസിലെ ഗുഡ്‌മോണിംഗ് വിത്ത് എസ്‌കെഎന്‍ എന്ന പരിപാടിയില്‍ സഹിന്‍ ആന്റണിയുടെ ഭാര്യയും ശ്രീകണ്ഠന്‍ നായരും വിനു വി ജോണിനെതിരെ നിയമനടപടിയുമായി പോകുമെന്നും പറഞ്ഞിരുന്നു. ചര്‍ച്ച നടന്ന ദിവസം രാത്രി തന്നെ സംഭവത്തില്‍ പരാതി നല്‍കിയതായി സഹിന്റെ ഭാര്യ ചാനലില്‍ പറഞ്ഞിരുന്നു. പിന്നീട് വിനുവിനെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ലെന്ന നിലപാടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നാണ് വിവരം.

വിനു വി ജോണും ട്വന്റിഫോറും തമ്മിലുള്ള യുദ്ധം ആരംഭിച്ചിട്ട് നാളുകളായി. മുട്ടില്‍ മരംമുറി കേസില്‍ 24ലെ മാധ്യമ പ്രവര്‍ത്തകനായിരുന്ന ദീപക് ധര്‍മ്മടത്തിന്റെ ഫോണ്‍ രേഖകള്‍ പുറത്തു വിട്ടതോടെയാണ് ശ്രീകണ്ഠന്‍ നായരെ വെട്ടിലാക്കിയത്. പിന്നാലെ ശ്രീകണ്ഠന്‍നായര്‍ ലൈവില്‍ തന്നെ ഏഷ്യാനെറ്റിനെ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്ന് മോന്‍സന്‍ മാവുങ്കല്‍ വിഷയം പുറത്തു വന്നതോടെ കേസില്‍ 24റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയുടെ പേരും പുറത്തു വന്നു. മറ്റു മാധ്യമങ്ങള്‍ അധികമാരും ഇക്കാര്യം ചര്‍ച്ച ചെയ്യാതിരിക്കുമ്പോഴും വിനു വി ജോണ്‍ ഒന്നിലേറെ തവണ സംഭവം ചര്‍ച്ചയാക്കി.

പിന്നീട് ഇത് ചാനല്‍ യുദ്ധമായി വളരുകയായിരുന്നു. മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, ട്രൂകോപ്പി സിഒഒ ഹര്‍ഷന്‍ പൂപ്പാറക്കാരന്‍ എന്നിവരും ഈ യുദ്ധത്തിന്റെ പങ്കാളികളായെങ്കിലും പിന്നീടവര്‍ പിന്‍വലിയുകയായിരുന്നു.പരാതിക്കാരില്‍ നിന്ന് മോന്‍സണ്‍ മാവുങ്കല്‍ തട്ടിയെടുത്ത പണത്തില്‍ 2016 മുതല്‍ കൊച്ചി പ്രസ് ക്ലബില്‍ എത്ര ലക്ഷം ചെലവഴിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വിനു വി ജോണ്‍ ട്വീറ്റ് ചെയ്തിരുന്നു. 2020ല്‍ സഹിന്‍ ആന്റണി വഴി വന്ന രണ്ടരലക്ഷം എങ്കിലും തിരിച്ചു കൊടുക്കണം എന്നായിരുന്നു ട്വീറ്റ്.

കൊച്ചി പ്രസ് ക്ലബില്‍ 2020ല്‍ നടന്ന കുടുംബ മേളയിലെ ഭക്ഷണത്തിന്റെ സ്പോണ്‍സര്‍ മോന്‍സണ്‍ മാവുങ്കല്‍ ആയിരുന്നു എന്നായിരുന്നു ട്വീറ്റിനൊപ്പം വിനു വി ജോണ്‍ പങ്കുവെച്ച വാട്സ് ആപ്പ് സന്ദേശത്തിലെ ഉള്ളടക്കം. റേറ്റിംഗ് കാലയളവില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വലിയ മത്സരം നിലനിര്‍ത്തിയിരുന്ന ഏഷ്യാനെറ്റ് ന്യൂസും, ട്വന്റി ഫോര്‍ ന്യൂസും വാര്‍ത്താഅവതാരകരുടെ ഭാഷയെയും സഭ്യതയെയും മുന്‍നിര്‍ത്തി പുതിയ പോര്‍മുഖം തുറക്കുകയാണ്. ഈ യുദ്ധം ഇപ്പോഴൊന്നും അവസാനിപ്പിക്കാനില്ലെന്ന നിലപാടിലാണ് വിനു വി ജോണ്‍.

ഉത്ര വധക്കേസ് പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒരാഴ്ച നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശം കണക്കിലെടുത്താണ് നടപടി. കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.

17 വര്‍ഷത്തെ തടവിനു ശേഷം ജീവപര്യന്തം അനുഭവിക്കണം. പത്തു വര്‍ഷം, ഏഴ് വര്‍ഷം, രണ്ട് ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷ അനുഭവിക്കേണ്ടത്. പ്രതി അഞ്ചു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു.

നേരത്തെ റിമാന്‍ഡ് തടവുകാരന്‍ എന്ന നിലയിലാണ് സൂരജിനെ കൊല്ലം ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്. സൂരജിന് വധശിക്ഷ നല്‍കണമെന്ന് എന്നാണ് ഉത്രയുടെ കുടുംബത്തിന്റെ ആവശ്യമെങ്കിലും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ തീരുമാനമെടുത്തിട്ടില്ല. ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്ന് സൂരജിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് ആണ് വിധി പ്രസ്താവിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. പ്രതി മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പിട്ടിട്ടില്ലെന്നതും കോടതി പരിഗണിച്ചു. കോടതിയില്‍ നിര്‍വികാരനായാണ് സൂരജ് കാണപ്പെട്ടത്.

ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 307, 302, 328, 201 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്നാണ് കോടതി വിധി. കൊലപാതകം, വധശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

കഴിഞ്ഞ വര്‍ഷം മേയ് ഏഴിനാണ് അഞ്ചല്‍ ഏറത്തെ വീട്ടില്‍ ഉത്രയെ പാമ്പുകടിയേറ്റു മരിച്ച നിലയില്‍ കണ്ടത്. റെക്കോര്‍ഡ് വേഗത്തിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതും വിചാരണ പൂര്‍ത്തിയാക്കിയതും. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം നടത്തിയും മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച ശാസ്ത്രീയ അന്വേഷണമാണ് കേസില്‍ നടന്നത്.

RECENT POSTS
Copyright © . All rights reserved