ഏറ്റുമാനൂരിൽ ഓട്ടോ അപകടത്തിന് പിന്നാലെ സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ചയാൾ മരിച്ചു. ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലായിരുന്നു അപകടം. അതിരപ്പുഴ സ്വദേശിയായ ബിനുമോൻ ആർ (36) ആണ് വഴിയരികിൽ എട്ട് മണിക്കൂറോളം ആരും സഹായത്തിനില്ലാതെ മരണത്തിന് കീഴടങ്ങിയത്.
ഇന്നെലെ രാത്രി 12 മണിയോട് കൂടിയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ ഫുട്പാത്തിൽ ഇടിച്ച് കയറി മറിയുകയായിരുന്നു. അപകടം കണ്ട നാട്ടുകാർ ബിനുവിനെ ഓട്ടോയിൽ കയറ്റതിനു ശേഷം ആശുപത്രിയിലേക്ക് വിട്ടു.
എന്നാൽ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ബിനുവിനെ ആശുപത്രിയിൽ എത്തിക്കാതെ കടത്തിണ്ണയിൽ ഉപേക്ഷിച്ച് മടങ്ങി. രാവിലെ കടയുടമ എത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എട്ടു മണിക്കൂറോളം റോഡിൽ കിടന്ന ഇയാളെ ഫയർഫോഴ്സും പോലീസും എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ബിനുവും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷും മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. ബിനു വർഷങ്ങളായി അപസ്മാര ബാധിതനാണ്. എന്നാൽ ബിനു മദ്യലഹരിയിൽ തന്നോട് ഒച്ചവെച്ചതുകൊണ്ടാണ് താൻ കടത്തിണ്ണയില്‍ വിട്ടിട്ടുപോയതെന്ന് രാജേഷ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പോസ്മോർട്ടം റിപ്പോർട്ടിന് ശേഷമേ കൃത്യമായ മരണ കാരണം എന്താണെന്ന് വ്യക്തമാകൂ. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുകളിൽ ഒരാൾ അറസ്റ്റിൽ. സുശാന്തിന്‍റെ അടുത്ത സുഹൃത്തും മുംബൈയിലെ ഹോട്ടൽ വ്യവസായിയുമായ കുനാൽ ജാനിയെയാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ഖർ ഏരിയായിൽ നിന്ന് അറസ്റ്റ് ചെയ്തത്. രജപുതിന്‍റെ സുഹൃത്തായിരുന്ന കുനാൽ ജാനി ഒളിവിലായിരുന്നു.
2020 ജൂണിലാണ് ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിനെ മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ജൂണിൽ സുശാന്ത് സിങ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കാമുകിയും നടിയുമായ റിയ ചക്രവർത്തിയെയും സഹോദരൻ ഷോവിക് ചക്രവർത്തിയെയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. പ്രതി ചേർക്കപ്പെട്ട 33 പേരിൽ എട്ടു പേർ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.
മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ കാമുകിയും നടിയുമായ റിയ ചക്രവർത്തി, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്‍റെ വീട്ടുവേലക്കാരൻ തുടങ്ങി 33 പേരെ പ്രതികളാക്കി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപിച്ചിരുന്നു. അന്വേഷണത്തിനിടെ വിദേശ കറൻസി, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുൾപെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. വിവിധ മയക്കുമരുന്നുകളും പിടിച്ചെടുത്തു.
സുശാന്ത് മരണം അന്വേഷിച്ച മയക്കുമരുന്ന് നിയന്ത്രണ ഏജൻസി സിനിമ വ്യവസായത്തിന് മയക്കുമരുന്ന് ലോബിയുമായുള്ള ബന്ധമാണ് പ്രധാനമായി അന്വേഷിച്ചിരുന്നത്. ഇതേ തുടർന്ന്, ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, സാറ അലി ഖാൻ, അർജുൻ രാംപാൽ, ശ്രദ്ധ കപൂർ തുടങ്ങി നിരവധി പേരെ ചോദ്യം ചെയ്തു. മഹാരാഷ്ട്ര മന്ത്രി നവാബ് മലികിന്‍റെ മരുമകൻ സമീർ ഖാനെയും അറസ്റ്റ് ചെയ്തിരുന്നു.
മക്കയിലെ നവാരിയയിൽ കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണുമരിച്ചു. കുറ്റ്യാടി സ്വദേശി അജ്മൽ (30)ആണ് മരിച്ചത്. നവാരിയയിലെ കഫ്തീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു.
കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയമുണ്ടായ വാക്ക്തർക്കം മൂലം അടിപിടി ഉണ്ടായിരുന്നു. ഇതിൽ അജ്മലിന് പരിക്കും പറ്റിയിരുന്നു. പിന്നീട് കടയിൽ തന്നെ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.
പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരുന്നും തങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാര്‍. രണ്ടു ദിവസത്തിനകം ഈ കേസില്‍ നിന്നു താന്‍ ഊരിവരുമെന്നും അതിനു ശേഷം കാണിച്ചുതരാമെന്നും വെല്ലുവിളിച്ചുവന്ന് പരാതിക്കാരില്‍ ഒരാളായ യാക്കൂബ് പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു യാക്കൂബിന്‍റെ ആരോപണം.
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ പേരും ബന്ധവും പറഞ്ഞാണ് മോന്‍സന്റെ ഭീഷണിയെന്നും അതിനായി പോലീസുകാരെത്തന്നെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ബുധനാഴ്ച ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയപ്പോൾ ഒരു പോലീസുകാരൻ വഴിയാണ് ഭീഷണി സന്ദേശം എത്തിച്ചത്.
തട്ടിപ്പുകേസില്‍ അറസ്റ്റിലായത് മോന്‍സനെ സംബന്ധിച്ച് ഒരു പ്രശ്നമേയല്ലെന്നും വിദേശരാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചു കിടക്കുന്ന വലിയ മാഫിയയുടെ ഭാഗമാണ് മോന്‍സനെന്നും ബോളിവുഡ് സിനിമ സ്റ്റൈലിലാണ് മോന്‍സന്റെ പ്രവര്‍ത്തനമെന്നും യാക്കൂബ് കൂട്ടിച്ചേര്‍ത്തു.
പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സണിന്‍റെ തട്ടിപ്പ്. പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മോന്‍സണ്‍ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയത്.
കന്നഡ നടി സൗജന്യയെ ബംഗളൂരു കുമ്പളഗോടുവിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്‌ലാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് താരത്തെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു. സൗജന്യയുടെ ഫ്‌ളാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും താന്‍ മാത്രമാണ് ഉത്തരവാദിയെന്നും അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണമെന്നും കുറിപ്പില്‍ പറയുന്നു. പല കാരണങ്ങള്‍ കൊണ്ടും മാനസികമായി താന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും തനിക്ക് മുന്നില്‍ ഇല്ലെന്നും താരത്തിന്റെ കുറിപ്പിലുണ്ട്.
തന്നെ സഹായിച്ച എല്ലാവരോടുമുള്ള നന്ദിയും സൗജന്യ കുറിച്ചിട്ടുണ്ട്. മൂന്ന് തീയതികളിലായാണ് നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ സൗജന്യ ചില ചിത്രങ്ങളിലും ചെറിയ വേഷങ്ങളിലെത്തിയിട്ടുണ്ട്.
നാലു വയസുകാരനെ കടിച്ചെടുത്ത് പാഞ്ഞ പുലിയുടെ പിന്നാലെ ബഹളം വെച്ച് പിന്നാലെ ഓടി രക്ഷിച്ച് യുവാവ്. ആരെ മില്‍ക്ക് കോളനിയില്‍ താമസിക്കുന്ന നാലു വയസ്സുകാരനായ ആയുഷ് എന്ന ബാലനെയാണ് പുലി ആക്രമിച്ചത്. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തോട് ചേര്‍ന്നാണ് ഈ പ്രദേശം. വീടിന് മുമ്പില്‍ കളിക്കുകയായിരുന്ന ആയുഷിനെ കടിച്ചെടുത്ത് 30 അടിയോളം വലിച്ചിഴച്ചു.
ആയുഷിന്റെ അമ്മാവന്‍ ഒച്ചയുണ്ടാക്കി പിന്നാലെ പാഞ്ഞതോടെ പുലി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കും കഴുത്തിനും പരിക്കേറ്റു. ‘ആയുഷ് പുറത്ത് കളിക്കുമ്പോള്‍ ഞാന്‍ വാതിലിന് സമീപം നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ഒരു പുലി ആയുഷിന് നേരെ വന്നു. നിമിഷങ്ങള്‍ക്കകം അവന്റെ തലയില്‍ പിടിച്ച് കുറ്റിക്കാട്ടിലേക്ക് ഓടാന്‍ തുടങ്ങി. ഞാന്‍ നിലവിളിച്ച് പുലിയുടെ പിറകെ ഓടി.
പുലി പേടിച്ചിരിക്കണം. അത് ആയുഷിനെ ഉപേക്ഷിച്ചു. ഞാന്‍ അവനെയെടുത്ത് കുറ്റിക്കാടിലേക്ക് ചാടി. പുള്ളിപ്പുലി അപ്പോള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഭാഗ്യവശാല്‍ അത് ഓടിപ്പോയി’- അമ്മാവന്‍ വിനോദ് കുമാര്‍ പറഞ്ഞു. പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ആയുഷിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്റ്റാര്‍ മാജിക് പരിപാടിയില്‍ തന്നെ വിളിച്ചു വരുത്തി അപമാനിച്ചുവെന്ന് വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരുന്നു. അതിഥിയായി ചെന്ന പരിപാടിയില്‍ തന്നെ മറ്റ് അതിഥികള്‍ അപമാനിക്കുകയായിരുന്നു. ഇത് പരിപാടിയുടെ ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ തടഞ്ഞില്ല എന്നുമായിരുന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് പരിപാടിയില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചിരിക്കുകയാണ് നടന്‍ നിര്‍മല്‍ പാലാഴി.
തനിക്ക് ലഭിച്ച ഒരു മെസേജ് പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. ”നീ കോഴിക്കോടുകാരന്‍ അല്ലേ. ഒരാളെ വിളിച്ച് വരുത്തി അപമാനിച്ചു വിട്ടപ്പോ നിനക്ക് സന്തോഷം ആയോ. നീയൊക്കെ എവിടുന്ന് നിന്നാ തുടങ്ങിയത് എന്ന് നിനക്ക് ഓര്‍മ്മയുണ്ടോടാ. തൊലി വെളുത്ത രണ്ട് പെണ്ണുങ്ങളെ കണ്ടപ്പോ നിനക്കൊക്കെ അവരുടെ മുന്നില്‍ സ്റ്റാര്‍ ആകാന്‍ വേണ്ടി പണ്ഡിറ്റിനെ നീയൊക്കെ കൂടെ അപമാനിച്ചു വിട്ടു അല്ലേ. നിന്റെ പ്രോഗ്രാം ഇവിടെ ഉണ്ടാകും. നീ വേഗം വാ ട്ടാ” എന്നായിരുന്നു മെസേജ്.
നിര്‍മല്‍ പാലാഴിയുടെ കുറിപ്പ്:
രണ്ട് വര്‍ഷമായി എല്ലാവരെയും പോലെ കലാകാരന്മാരുടെയും അവസ്ഥ മോശം ആണ്, അതുകൊണ്ട് തന്നെ ഒരു പ്രോഗ്രാമില്‍ പോയി പങ്കെടുത്തു. ആ ഷോ ഒരു ചാറ്റ് ഷോ ആയതു കൊണ്ട് മിണ്ടാതെ ഇരിക്കുവാന്‍ പറ്റില്ല. മിണ്ടാതെ ഇരിക്കുവാന്‍ അല്ല അവര്‍ എന്നെ വിളിക്കുന്നത്, എന്നിട്ട് പോലും ഞാന്‍ ആ ഷോയില്‍ എന്റെ സ്‌കിറ്റില്‍ സ്റ്റാര്‍സ് ഇമ്മിറ്റെഷനില്‍ അല്ലാതെ ഞാന്‍ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു, അത് എപ്പിസോഡ് കണ്ട സുഹൃത്തുക്കള്‍ക്ക് അറിയാം.
പിന്നെ ഒരു ഷോ ആകുമ്പോള്‍ മരം പോലെ നില്‍ക്കുവാന്‍ ആവില്ല പറ്റുന്ന പോലെ അതില്‍ കൂടേണ്ടി വരും അതിനാണ് അവര്‍ ക്യാഷ് തരുന്നത്. ആരെയും മനപൂര്‍വം കളിയാക്കിയിട്ടൊ അപമാനിച്ചിട്ടൊ ഇല്ല അങ്ങനെ ഒരു ശീലമോ ഇല്ല. കൊട്ടാരം കെട്ടാനോ സമ്പാദിച്ചു കൂട്ടാനോ അല്ല ഏത് ഒരു സാധാരണകാരനെയും പോലെ എന്നെ വിശ്വസിച്ചു കൂടെ നില്‍ക്കുന്ന കുടുംബത്തിനെ നോക്കണം.
ഞാന്‍ ഒരാളെയും അറിഞ്ഞുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല പറയുകയും ഇല്ല. ഇങ്ങനെയുള്ള മെസേജുകള്‍ ഒരുപാട് ആയി വരുന്നു. 20 വര്‍ഷമായി പ്രോഗ്രാം അവതരിപ്പിക്കുന്നു ആദ്യമായിട്ടാണ് ഇങ്ങനെ ഇതില്‍ അപ്പുറവും കേള്‍ക്കുന്നത്, എന്റെ ജീവിത വരുമാനം ആണ് അത് ശരിക്കും അറിഞ്ഞിട്ടു കൊണ്ട് തന്നെ പറയട്ടെ ആരെയും വേദനിപ്പിക്കുവാനായി ഞാന്‍ ഇനി ആ ഷോയില്‍ സ്‌കിറ്റ് ചെയ്യാന്‍ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോവുന്നില്ല.
‘പിന്നെ പ്രബീഷിനോട് മാത്രം കോഴിക്കോട്കാരന്‍ തന്നെയാണ് നീ അതല്ല എന്നും അറിയാം. എവിടെ പോയാലും തിരിച്ചു വരാന്‍ ഉള്ള സ്ഥലവും കോഴിക്കോട്ടേക്ക് തന്നെ നീ വാ ട്ടോ.. എന്ന് ഭീഷണി മുഴക്കിയത് കൊണ്ട് ഒരു കാര്യം പറയട്ടെ ഞാന്‍ എവിടെയാ വരേണ്ടത് നിന്റെ വീട്ടില്‍ വരണോ…? വരാം തലയില്‍ കയറി അങ്ങോട്ട് നിരങ്ങല്ലേ…’ സ്‌കിറ്റിനും ഇമ്മിറ്റെഷനും സപ്പോര്‍ട്ട് ചെയ്ത എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരായിരം നന്ദി…
സിനിമാതാരം ബൈജുവിനൊപ്പമുള്ള തന്റെ ചിത്രം മോർഫ് ചെയ്തു പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസന്റെ ഒപ്പമുള്ളതാക്കി മാറ്റിയെന്ന പരാതിയുമായി മന്ത്രി വി. ശിവൻകുട്ടി. താൻ ഇതു സംബന്ധിച്ച് ഡിജിപിക്കു പരാതി നൽകിയെന്നും പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നും ശിവൻകുട്ടി പറയുന്നു.‘ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൻ മാവുങ്കലിനൊപ്പം എന്ന രീതിയിൽ എന്നെയും ചേർത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പുകാലത്ത് നടൻ ബൈജു വീട്ടിൽ എത്തിയപ്പോൾ ഞങ്ങൾ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോർഫ് ചെയ്ത് മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഷീബ രാമചന്ദ്രൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഞാൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ട് എന്ന് ഞാൻ സംശയിക്കുന്നു.’ ശിവൻകുട്ടി പറഞ്ഞു.
ദുബായ് : യുഎഇയിൽ അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ അപേക്ഷ സ്വീകരിക്കാൻ നടപടി തുടങ്ങി. അഞ്ച് വർഷത്തെ വിസയിൽ വിനോദസഞ്ചാരികൾക്ക് സ്വന്തം സ്‌പോൺസർഷിപ്പിൽ പല തവണ പ്രവേശിക്കാനും ഓരോ സന്ദർശനത്തിലും 90 ദിവസം രാജ്യത്ത് തങ്ങാനും കഴിയും. ഇത് 90 ദിവസം വരെ നീട്ടാം.
എല്ലാ രാജ്യക്കാർക്കും വിസ അനുവദിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐസിഎ) വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. ഫീസായി 13,148 രൂപ നൽകണം. അപേക്ഷകൻ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉൾപ്പെടെയുള്ള രേഖ നൽകണം.
ബിനോയ് എം. ജെ.
ആധ്യാത്മികതയുടെ കാര്യത്തിൽ സ്ത്രീപുരുഷഭേദം ഉണ്ടോ? ആദ്ധ്യാത്മികതയുടെ വാതിൽ എല്ലാവർക്കുമായി തുറന്നു കിടക്കുകയല്ലേ? ഇങ്ങനെയൊക്കെ എല്ലാവരും ചോദിക്കുന്നു. വാസ്തവത്തിൽ ആദ്ധ്യാത്മികയുടെ വാതിൽ എല്ലാവർക്കും വേണ്ടി തുറന്നു കിടക്കുകയാണ് . പക്ഷേ വിരളം ആൾക്കാർ മാത്രമേ അതിലൂടെ പ്രവേശിക്കുന്നുള്ളൂ. പലപ്പോഴും ലൗകീക വ്യഗ്രത അദ്ധ്യാത്മികതയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട് -പ്രത്യേകിച്ച് ആദ്ധ്യാത്മികതയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ധാരണയും ഇല്ലാത്ത ആധുനികകാലത്ത്. ഉദാഹരണത്തിന് ഓസ്ട്രേലിയയിലേക്കോ അമേരിക്കയിലേക്കോ പോവാനുള്ള ശക്തമായ ആഗ്രഹത്തിൽ പ്രേരിതയായ ഒരു പെൺകുട്ടി ദിവസവും മണിക്കൂറുകളോളം ദേവാലയത്തിൽ പ്രാർത്ഥന മുറിയിലിരുന്ന് പ്രാർത്ഥിച്ചു എന്നു വരാം. ഇത് പ്രകടമായ ലൗകികതയാണ്. ആദ്ധ്യാത്മികതയേ അല്ല.
അപ്പോൾ പിന്നെ എന്താണ് ആദ്ധ്യാത്മികത. ഈശ്വരനു വേണ്ടിയും കൈവല്യത്തിനു വേണ്ടിയും ലൗകികജീവിതത്തെ എന്തിന് ജീവിതത്തെത്തന്നെ വലിച്ചെറിയുന്നത് ആകുന്നു ഉത്തമമായ ആദ്ധ്യാത്മികതയുടെ ലക്ഷണം. മറ്റുള്ളവയെല്ലാം ലൗകികതയാണ് . മുമ്പ് പറഞ്ഞതുപോലെ ലൗകിക വിജയത്തിനുവേണ്ടി ഈശ്വരനെ സമീപിക്കുന്നത് വേഷം മാറി വരുന്ന ലൗകികത തന്നെയാണ് . മറിച്ച് വിരക്തി ആകുന്നു ആദ്ധ്യാത്മികതയുടെ ലക്ഷണം. പല ജന്മാന്തരങ്ങളിലൂടെ ജീവിതത്തെ അനുഭവിച്ചും അടുത്തറിഞ്ഞും അതിനോടുള്ള താല്പര്യം നഷ്ടപ്പെടുന്നവർക്ക് മാത്രമേ ലൗകിക ജീവിതത്തെ വലിച്ചെറിയാനുള്ള ശക്തി ലഭിക്കൂ. മറിച്ച് ജന്മാന്തരങ്ങളിലൂടെ കഷ്ടപ്പാടുകളും അടിച്ചമർത്തലുകളും ഏറ്റുവാങ്ങി ലൗകീക ജീവിതത്തെ അല്പംപോലും അനുഭവിക്കുവാനോ ആസ്വദിക്കുവാനോ കഴിയാത്തവർക്ക് അടക്കാനാവാത്ത ജീവിത വ്യഗ്രത കാണപ്പെടുന്നു. ആദ്ധ്യാത്മികതയെക്കുറിച്ച് ചിന്തിക്കുന്നത് പോലും അവരിൽ ആശയക്കുഴപ്പം ജനിപ്പിക്കുന്നു. അത്തരക്കാർക്ക് ലൗകീക ജീവിതം തന്നെയാണ് വിധിച്ചിരിക്കുന്നത്. ആദ്ധ്യാത്മികജീവിതമല്ല!
പുരുഷന്മാർ ഏറെക്കുറെ- അവരിൽ കുറെ പേരെങ്കിലും ലൗകീക ജീവിതം ആസ്വദിച്ച് കൊതിതിർന്നവരാണ്. എന്നാൽ സഹസ്രാബ്ദങ്ങളിലൂടെ സ്ത്രീകൾ അടിച്ചമർത്തപ്പെട്ടു പോരുന്നു. അവർക്ക് ജീവിക്കുവാനും ആ ജീവിതം ആസ്വദിക്കുവാനും ഉണ്ടാകുന്ന വ്യഗ്രതയിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതിനാൽ പുരുഷന്മാർ അദ്ധ്യാത്മിക ജീവിതത്തിലേക്കും സ്ത്രീകൾ ലൗകീക ജീവിതത്തിലേക്കും പ്രവേശിക്കട്ടെ . രണ്ടുകൂട്ടർക്കും തൃപ്തി ആവുകയും ചെയ്യും . സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും അദ്ധ്യാത്മിക ജീവിതത്തിലേക്ക് കടന്നാൽ ലൗകിക കാര്യങ്ങൾ ആര് നോക്കും? ഈശ്വരൻ ആ വിധത്തിലാണ് സമൂഹത്തെ സംവിധാനം ചെയ്തിരിക്കുന്നത് . ഒരു അമൃതാനന്ദമയിയോ ഒരു ബ്രഹ്മകുമാരി ശിവാനിയോ അവിടെയോ അല്ലെങ്കിൽ ഇവിടെയോ വിജയം കണ്ടേക്കാം. എന്നിരുന്നാലും അമൃതാനന്ദമയിയുടെ വ്യക്തിത്വമല്ല ഒരു ശരാശരി പെൺകുട്ടിയുടെ വ്യക്തിത്വം.
എന്തായാലും ലോകം ഒരേ സമയം ഒരു ആദ്ധ്യാത്മികതയുടെയും ഒരു ലൗകികതയുടെയും വിപ്ലവത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പുരുഷന്മാർ ആധ്യാത്മികതയിലേക്ക് ചേക്കേറിയെങ്കിലേ സ്ത്രീകൾക്ക് ലൗകികതയിലേക്ക് പ്രവേശിക്കുവാൻ കഴിയൂ . സ്ത്രീകൾ ലൗകികതയിലേക്ക് പ്രവേശിച്ചാൽ മാത്രമേ പുരുഷന്മാർക്ക് മന:സ്സമാധാനത്തോടെ ആദ്ധ്യാത്മികതയിലേക്ക് പ്രവേശിക്കാൻ പറ്റൂ. ഇതു രണ്ടും ഒരുമിച്ച് സംഭവിക്കുന്നത് ഒരു അത്ഭുതം തന്നെയാണ്. വലിയൊരു കുതിച്ചുചാട്ടത്തിനുള്ള സമയം ആസന്നമായിരിക്കുന്നു .അതിനാൽ നമുക്ക് വിവേകത്തോടെയും കരുതലോടെയും ഇരിക്കാം.