Latest News

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായി പ്രവർത്തിച്ച ഡിവൈഎഫ്‌ഐ നേതാവ് കോവിഡ് 19 ബാധിച്ച് മരിച്ചതിന്റെ ഞെട്ടൽ മാറാതെ സഹപ്രവർത്തകർ. ഡിവൈഎഫ്‌ഐ ബാലരാമപുരം നോർത്ത് മേഖലാ കമ്മിറ്റി അംഗം എസ്ആർ ആശ (26)യാണ് മരണപ്പെട്ടത്. കോവിഡിന്റെ ആദ്യഘട്ടംമുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായിരുന്നു ആശ. എസ്എഫ്‌ഐ ലോക്കൽ വൈസ് പ്രസിഡന്റും ബാലരാമപുരം പഞ്ചായത്തിലെ ആർആർടി അംഗവുമായിരുന്നു. റസൽപുരം തലയൽ വില്ലിക്കുളം മേലേ തട്ട് പുത്തൻ വീട്ടിൽ സുരേന്ദ്രൻ ശൈലജ ദമ്പതികളുടെ മകളാണ്.

ബാലരാമപുരം പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിന് ആശയെ ആദരിക്കുകയും ചെയ്തിരുന്നു. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത വീടുകൾ അണുവിമുക്തമാക്കാൻ നേതൃത്വം നൽകിയും ബോധവൽക്കരണ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്ന ആശയുടെ വേർപാട് ഇനിയും നാട്ടുകാർക്കും ഉറ്റവർക്കും വിശ്വസിക്കാനാകുന്നില്ല.

തിങ്കളാഴ്ച രാത്രിയാണ് ശ്വാസതടസ്സത്തെ തുടർന്ന് ആശയെ നെയ്യാറ്റികര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്തു. യാത്രാമധ്യേ ആരോഗ്യനില മോശമായി കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.

പാറശാല സ്വകാര്യ ലോ കോളജിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിനിയായിരുന്നു ആശ. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി മോഹനന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. വൈകിട്ടോടെ കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അജേഷ്, ആർഷ എന്നിവരാണ് സഹോദരങ്ങൾ.

വിശാഖപട്ടണം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ അച്ഛനും മകനും അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം അച്ചുതപുരത്താണ് സംഭവം. ബപ്പയ്യ (50) മകന്‍ നൂകാലു (27) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളായ അച്ഛനും മകനും ചേര്‍ന്ന് പ്രദേശത്ത് ഒരു കബഡി പരിശീലന കേന്ദ്രം നടത്തിയിരുന്നു. ഇവിടെ പരിശീലനത്തിനെത്തിയ രണ്ട് പെണ്‍കുട്ടികളേയാണ് പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ചൊവ്വാഴ്ചയാണ് ബലാത്സംഗം സംബന്ധിച്ച് പോലീസിന് പരാതി ലഭിച്ചത്. പ്രതികള്‍ക്കെതിരേ ബലാത്സംഗക്കുറ്റവും പോക്‌സോ വകുപ്പും ചുമത്തി കേസ് എടുത്തിട്ടുണ്ട്. അന്വേഷണത്തിന് ചുമതലപ്പെടുത്തിയ പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

എണ്‍പതോളം തിമിംഗലങ്ങള്‍ കൂട്ടമായി ഇര തേടുന്നതിന്റെ മനോഹരവും അത്യപൂര്‍വവുമായ വീഡിയോ ശ്രദ്ധേയമാകുന്നു. ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സിലെ സഫയര്‍ തീരത്തുനിന്നാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. കൂനന്‍ തിമിംഗലങ്ങളാണ് ഇത്തരത്തില്‍ ജലോപരിതലത്തില്‍ ഉയര്‍ന്നും താഴ്ന്നും ഇരയെ തേടുന്നത്.

ഇത്തരം കാഴ്ച്ച അപൂര്‍വമാണെന്ന് തിമിംഗലത്തെക്കുറിച്ചുള്ള പഠിക്കുന്ന ഡോ. വനേസ പിറോട്ട പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള തിമിംഗലങ്ങളുടെ വേട്ടയാടല്‍ ദൃശ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ കടലില്‍ ചിത്രീകരിക്കുന്നത്. അതേസമയം എന്തുകൊണ്ടാണ് തിമിംഗലങ്ങള്‍ സഫയര്‍ തീരത്ത് എത്തിയത് എന്നതു സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴും അത്ഭുതമാണ്.

ഇവയുടെ ഇര പിടിക്കല്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. വല വിരിച്ചാണ് കൂനന്‍ തിമിംഗലം ഇരപിടിക്കുന്നത്. സ്വയം ഉല്‍പാദിപ്പിക്കുന്ന കുമിളകള്‍ കൊണ്ടാണ് ഈ തിമിംഗലങ്ങള്‍ വല വിരിക്കുന്നത്. ഈ കുമിളകളുടെ ശൃംഖലയിലേക്ക് ചെറുമീനുകള്‍ എത്തിപ്പെടും. ക്രില്‍ എന്നു പേരുള്ള ചെമ്മീന്‍ അടക്കമുള്ള ചെറു മത്സ്യങ്ങളാണ് തിമിംഗലങ്ങളുടെ ആഹാരം.

പല്ലിന് പകരം വായില്‍ അരിപ്പ പോലെ ഒരുതരം നാരുകള്‍ ആണ് ഇവയ്ക്കുള്ളത്. കടലില്‍ വലിയ വായ് തുറന്നിരിക്കുമ്പോള്‍ വെള്ളവും ഭക്ഷണവും ഒരുമിച്ചു വായ്ക്കകത്താകുകയും അതിനു ശേഷം ഈ അരിപ്പ പോലുള്ള പല്ലുകള്‍ക്കിടയിലൂടെ വെള്ളം മാത്രം പുറത്തു ചീറ്റുകയും ഭക്ഷണം മാത്രം വിഴുങ്ങുകയും ചെയ്യുന്നു. ഈ തീറ്റ തേടല്‍ വിദ്യയിലൂടെ തിമിംഗലങ്ങളുടെ വായിലേക്ക് വലിയ അളവിലാണ് ചെറുമീനുകള്‍ ചെല്ലുന്നത്. ഇങ്ങനെ ഒരുപാടു തിമിംഗലങ്ങള്‍ ചേര്‍ന്ന് ഇരയ്ക്കുള്ള കെണി തീര്‍ക്കുന്ന മനോഹരമായ കാഴ്ചയാണ് ചിത്രീകരിച്ചത്.

ഇതിനു മുന്‍പ് കഴിഞ്ഞ വര്‍ഷം തിമിംഗല കൂട്ടങ്ങള്‍ ഇവിടെ എത്തിയതിന്റെയും അവ ഇര തേടുന്നതിന്റെയും ദൃശ്യങ്ങള്‍ ആദ്യമായി ചിത്രീകരിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം തിമിംഗലങ്ങള്‍ എത്തിയ അതേ സ്ഥലത്താണ് ഇപ്പോള്‍ അവ വീണ്ടും എത്തിയത്. ഈ പ്രദേശത്തെ സമുദ്രാന്തരീക്ഷത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നു പഠിക്കേണ്ടതുണ്ടെന്നു ഡോ. വനേസ പിറോട്ട പറഞ്ഞു.

രണ്ടാം വര്‍ഷവും തിമിംഗലങ്ങള്‍ ഈ ഭാഗത്തേക്ക് എത്തിയത് ഇപ്പോഴും ദുരൂഹമായി തുടരുകയാണെന്നും ഈ പഠനത്തിന് അതീവ പ്രാധാന്യമുണ്ടെന്നും അവര്‍ പറഞ്ഞു.
അന്റാര്‍ട്ടിക്ക ഭാഗത്തുള്ള ഇവ തീറ്റ തേടിയാണ് ഇവിടെ എത്തിയത്. തിരിച്ച് അന്റാര്‍ട്ടിക്കയിലേക്ക് മടങ്ങുന്നതിനുമുമ്പാണ് ഗവേഷകര്‍ക്ക് ഈ വീഡിയോ ചിത്രീകരിക്കാനായത്. തിമിംഗല വേട്ട നിരോധിച്ച ശേഷം ഹമ്പ്ബാക്ക് തിമിംഗലങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ. വനേസ പറഞ്ഞു. ഓരോ വര്‍ഷവും ഏകദേശം 11 ശതമാനമായി ഇവയുടെ ജനസംഖ്യ വര്‍ധിക്കുന്നു. 35,000-ത്തിലധികം ഹമ്പ്ബാക്ക് തിമിംഗലങ്ങളാണ് ഇപ്പോഴുള്ളത്.

തിമിംഗലം ഇര പിടിക്കുന്നതിന്റെ ദൃശ്യം

ശാസ്ത്രജ്ഞരും വന്യജീവി ടൂര്‍ ഓപ്പറേറ്റര്‍മാരായ സഫയര്‍ കോസ്റ്റല്‍ അഡ്വഞ്ചേഴ്സുമാണ് ഈ അത്യപൂര്‍വ വീഡിയോ പകര്‍ത്തിയത്. ഇത് വളരെ ആവേശകരമായിരുന്നുവെന്ന് സഫയര്‍ കോസ്റ്റല്‍ അഡ്വഞ്ചേഴ്‌സില്‍ നിന്നുള്ള സൈമണ്‍ മില്ലര്‍ പറഞ്ഞു.വീഡിയോ ചിത്രീകരിക്കുമ്പോള്‍ ഒരു ഘട്ടത്തില്‍ അവ ബോട്ടിന് നേരെ വരികയും ബോട്ടിനടുത്ത് എത്തി കുതിക്കാനും ആരംഭിച്ചു. അതിനാല്‍ അവയെ അടുത്തുനിന്നു കാണാന്‍ സാധിച്ചു. വലിയ തിമിംഗലത്തിന് ഒരു ബസിന്റെ വലിപ്പവും ഒരു കുഞ്ഞ് തിമിംഗലത്തിന് കാറിന്റെ വലുപ്പവുമുണ്ടെന്നു നിങ്ങള്‍ക്കു കാണാം-സൈമണ്‍ പറഞ്ഞു.

ഹൈദരാബാദ്: തെലങ്കാനയിൽ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി വെടിവെച്ചു കൊലപ്പെടുത്തുമെന്ന് മന്ത്രി.പീഡനക്കേസിലെ പ്രതിയെ തീർച്ചയായും പിടിച്ചിരിക്കും. അറസ്റ്റിന് ശേഷം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തും. തെലങ്കാന തൊഴിൽ മന്ത്രാലയ വകുപ്പ് മന്ത്രി മല്ല റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി മല്ല റെഡ്ഡി കൂട്ടിച്ചേർത്തു.

സമാന ആവശ്യവുമായി കോൺഗ്രസ് നേതാവ് രേവനാഥ് റെഡ്ഡിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിവാദപരാമർശം. അതേസമയം കുറ്റാരോപിതനായ വ്യക്തിയെ ഭുവനഗിരി ജില്ലയിലെ യാദ്രിയിൽ നിന്ന് അറസ്റ്റ് ചെയ്തതായാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. സെപ്റ്റംബർ 9നാണ് സൈദാബാദിൽ കേസിനാസ്പദമായ സംഭവം നടന്നത്. 27 വയസുകാരനായ പ്രതി അയൽവാസിയായ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.വൈകുന്നേരം 5 മണി മുതൽ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തിരച്ചിലിലാണ് അടുത്തുള്ള വീട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പരിശോധനയിൽ പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ബെംഗളൂരു: രഹസ്യബന്ധം ചോദ്യംചെയ്ത ഭര്‍ത്താവിനെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍. തുമകൂരു ബദ്ദിഹള്ളി സ്വദേശി അന്നപൂര്‍ണ (36), ഇവരുടെ സുഹൃത്ത് രാമകൃഷ്ണ (35) എന്നിവരാണ് അറസ്റ്റിലായത്. അന്നപൂര്‍ണയുടെ ഭര്‍ത്താവും ബെംഗളൂരു നെലമംഗലയിലെ സ്വകാര്യകമ്പനി ജീവനക്കാരനുമായ നാരായണപ്പ(52)യാണ് കൊല്ലപ്പെട്ടത്. രഹസ്യബന്ധം ചോദ്യംചെയ്തതിനെത്തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജയനഗര പോലീസ് പറഞ്ഞു.

ബെംഗളൂരുവില്‍നിന്ന് വീട്ടിലെത്തിയ നാരായണപ്പ, രഹസ്യബന്ധത്തെച്ചൊല്ലി ഭാര്യയുമായി വഴക്കിട്ടിരുന്നു. വഴക്ക് മൂര്‍ച്ഛിച്ചതോടെ വീട്ടില്‍ കരുതിയിരുന്ന പെട്രോള്‍ അന്നപൂര്‍ണ, നാരായണപ്പയുടെ ശരീരത്തിലൊഴിച്ച് തീകൊളുത്തി. ഈ സമയം രാമകൃഷ്ണയും വീട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ തീപടര്‍ന്ന നാരായണപ്പ സമീപത്തെ അഴുക്കുചാലിലേക്ക് ചാടി. തീയണഞ്ഞശേഷം അഴുക്കുചാലില്‍നിന്ന് കയറാന്‍ ശ്രമിച്ച നാരായണപ്പയെ രാമകൃഷ്ണയും അന്നപൂര്‍ണയും ചേര്‍ന്ന് വീണ്ടും കല്ലുകൊണ്ടടിച്ചുവീഴ്ത്തുകയായിരുന്നു.

നിലവിളികേട്ട് സമീപവാസികളെത്തി നാരായണപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ ഇവരുടെ മൂന്നുമക്കളും വീട്ടിലുണ്ടായിരുന്നു. അന്നപൂര്‍ണയും നാരായണപ്പയും രഹസ്യബന്ധത്തെച്ചൊല്ലി സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പോലീസിന് മൊഴിനല്‍കി. തുമകൂരു മാര്‍ക്കറ്റിലെ ജീവനക്കാരിയാണ് അന്നപൂര്‍ണ.

സിബിഐ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് എസ്.എന്‍ സ്വാമി. ആദ്യമായി തിരക്കഥ എഴുതിയ ത്രില്ലര്‍ ചിത്രത്തെ കുറിച്ചാണ് എസ്.എന്‍ സ്വാമി ഇപ്പോള്‍ പറയുന്നത്. മോഹന്‍ലാലിനെ സൂപ്പര്‍ താരമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ചിത്രം ഇരുപതാം നൂറ്റാണ്ടിന് തിരക്കഥ ഒരുക്കിയതിനെ കുറിച്ചാണ് എസ്.എന്‍ സ്വാമി ഏഷ്യാവില്ലെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട മോഹന്‍ലാല്‍ കഥാപാത്രമാണ് ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കി. രാജാവിന്റെ മകന്‍ ഹിറ്റായതോടെ ഡെന്നീസ് ജോസഫ് തിരക്കേറിയ തിരക്കഥാകൃത്തായി മാറി. ഡെന്നീസ് ജോസഫിന് തിരക്കായ സമയത്താണ് കെ മധുവിന് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയത്. മോഹന്‍ലാല്‍ ബിസിയായാല്‍ പിന്നെ എപ്പോള്‍ ഡേറ്റ് കിട്ടുമെന്ന് പറയാന്‍ പറ്റില്ല.

അങ്ങനെ ഒരു സാഹചര്യം വന്നപ്പോഴാണ് അവര് തന്റെ അടുത്ത് വരുന്നത്. തന്നെ അത്യാവശ്യമായിട്ട് കാണണം എന്ന് പറഞ്ഞിട്ട് ഒരു കളളക്കളി കളിച്ചാണ് വിളിപ്പിച്ചത്. താന്‍ അവിടെ ചെന്നപ്പോള്‍ മധുവൊക്കെ ഇരിപ്പുണ്ട്. ഡെന്നീസ് തന്നോട് കാര്യം പറഞ്ഞു.തനിക്ക് കമ്മിറ്റ് മെന്റ്‌ ഉളളതിനാല്‍ തനിക്കിപ്പോള്‍ എഴുതി കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.

എത്ര ശ്രമിച്ചാലും ഈ പറയുന്ന ഡേറ്റിന് എഴുതി കൊടുക്കാന്‍ കഴിയില്ലെന്ന് ഡെന്നീസ് പറഞ്ഞു. സ്വാമി ഒന്ന് ഹെല്‍പ്പ് ചെയ്യണം. അവര്‍ക്ക് ആവശ്യം രാജാവിന്റെ മകന്‍ ടൈപ്പ് കഥയാണ് എന്ന് ഡെന്നീസ് പറഞ്ഞു. അത് എഴുതാന്‍ നിനക്ക് അല്ലെ കഴിയൂ, തനിക്ക് പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ പറയരുത് എന്ന് പറഞ്ഞ് അവര് കുറെ നിര്‍ബന്ധിച്ചു. ശരിക്ക് പറഞ്ഞാല്‍ ബ്ലാക്ക് മെയില്‍ ചെയ്ത് സമ്മതിപ്പിച്ചു.

തന്റെ മനസ്സില്‍ ഇങ്ങനെയുളള ചിന്തകള്‍ ഉണ്ടാവാത്തതു കൊണ്ട് ഇതിന്റെ സ്‌കോപ്പ് അറിയില്ല, അതുകൊണ്ട് ഒരു കമ്മിറ്റ്‌മെന്റും ചെയ്യില്ല. എന്നാലും സത്യസന്ധമായി ചിന്തിക്കാം. ഏഴ് ദിവസത്തെ സമയം തരണമെന്ന് അവരോട് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്റെ മനസില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഒരു ത്രെഡ് വന്നു. അങ്ങനെയാണ് ആ സിനിമ സംഭവിക്കുന്നത് എന്നാണ് എസ്.എന്‍ സ്വാമി പറയുന്നത്.

ശ്രീലങ്കന്‍ ഇതിഹാസ താരം ലസിത് മലിംഗ വിരമിച്ചു.ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് താരം അറിയിച്ചു.തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് താരം വിരമിക്കല്‍ അറിയിച്ചിത്.എല്ലാവരോടും നന്ദി അറിയിച്ച താരം യുവ താരങ്ങള്‍ക്ക് തന്റെ അനുഭവ സമ്പത്ത് പകര്‍ന്നുനല്‍കുമെന്നും വ്യക്തമാക്കി.

ശ്രീലങ്കൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് മലിംഗ. അസാധാരണമായ ബൗളിംഗ് ആക്ഷനും കൃത്യതയാർന്ന യോർക്കറുകളും കൊണ്ട് ശ്രദ്ധേയനായ താരം പരിമിത ഓവർ മത്സരങ്ങളിലാണ് കൂടുതൽ തിളങ്ങിയത്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും മികച്ച പരിമിത ഓവർ ബൗളർമാരിൽ ഒരാളായും താരത്തെ കണക്കാക്കുന്നു. 2014 ടി-20 ലോകകപ്പിൽ ശ്രീലങ്കയെ ജേതാക്കളാക്കാനും താരത്തിനു സാധിച്ചു.

രാജ്യാന്തര ക്രിക്കറ്റിൽ രണ്ട് തവണ തുടർച്ചയായ നാല് പന്തുകളിൽ വിക്കറ്റിട്ട് ഡബിൾ ഹാട്രിക്ക് തികച്ച ഒരേയൊരു ബൗളറാണ് മലിംഗ. രണ്ട് ലോകകപ്പ് ഹാട്രിക്കുകൾ നേടിയ ഒരേയൊരു താരം, ഏകദിനത്തിൽ മൂന്ന് ഹാട്രിക്കുകളുള്ള ഒരേയൊരു താരം, രാജ്യാന്തര ക്രിക്കറ്റിൽ അഞ്ച് ഹാട്രിക്കുകൾ തികച്ച ആദ്യ താരം, രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം ഹാട്രിക്കുകൾ ഉള്ള താരം എന്നിങ്ങനെയാണ് അദ്ദേഹത്തിൻ്റെ റെക്കോർഡുകൾ.

2011 ഏപ്രിൽ 22ന് മലിംഗ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ചു. 2019 ജൂലൈ 26ന് അദ്ദേഹം ഏകദിനങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2021 ജനുവരിയിൽ ടി-20 ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്നും മലിംഗ പാഡഴിച്ചു.

30 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 101 വിക്കറ്റുകളാണ് മലിംഗയ്ക്ക് ഉള്ളത്. 226 തവണ അദ്ദേഹം ഏകദിനത്തിൽ ശ്രീലങ്കക്കായി ബൂട്ടണിഞ്ഞു. 338 ഏകദിന വിക്കറ്റുകളും അദ്ദേഹത്തിനുണ്ട്. 84 രാജ്യാന്തര ടി-20 മത്സരങ്ങളിൽ നിന്ന് 107 വിക്കറ്റുകളും അദ്ദേഹം നേടി. ഐപിഎലിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന മലിംഗ 122 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇവിടെയും മലിംഗ തന്നെയാണ് ഒന്നാമൻ.

ആറു മാസം മുമ്പ് കാണാതായതാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അമലിനെ ആള്‍താമസമില്ലാത്ത വീടിനകത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ നാടുവിട്ടെന്നായിരുന്നു രക്ഷിതാക്കളുടെ സംശയം. ഇതിനിടെയാണ്, മരണവാര്‍ത്ത എത്തിയത്.

തൃശൂര്‍ പാവറട്ടിയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു അമല്‍ കൃഷ്ണ. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ച മിടുക്കന്‍. ചേറ്റുവ എം.ഇ.എസ് സെന്ററിന് സമീപം ചാണാശ്ശേരി സനോജ്-ശിൽപ്പ ദമ്പതികളുടെ മകൻ. മാർച്ച് പതിനെട്ടിന് രാവിലെ പതിനൊന്നരയോടെ വാടാനപ്പള്ളിയിലെ സ്വകാര്യ ബാങ്കിൽ മകന്റെ എ.റ്റി.എം.കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ‘അമ്മ പോയിരുന്നു. മകനെ പുറത്തുനിർത്തി ബാങ്കിൽ കയറിയ ‘അമ്മ തിരികെയെത്തിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. സ്‌കോളർഷിപ്പ് തുകയായ പന്ത്രണ്ടായിരത്തി അഞ്ഞൂറു രൂപ അമലിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നു. ഇതിൽ പതിനായിരം രൂപയോളം പേടിഎം മുഖേന മറ്റ് അക്കൗണ്ടുകളിലേക്ക് പോയതായും കണ്ടെത്തിയിരുന്നു.

ഓൺലൈൻ ഗെയിം കളിക്കാൻ ഈ തുക ഉപയോഗിച്ചതായാണ് സംശയം. അമല്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ഥനയോടെ കഴിയുകയായിരുന്നു കുടുംബം. തളിക്കുളത്തെ ദേശീയപാതയോരത്ത് ആള്‍താമസമില്ലാത്ത വീടിനകത്തായിരുന്നു മൃതദേഹം. ഈ വീട് വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അമലിന്റെ പേരിലുള്ള എ.ടി.എം. കാര്‍ഡ് കണ്ടെത്തി. കാശ് പിൻവലിച്ചതിന്റെ രേഖകളും ഉണ്ടായിരുന്നു. മുകളിലേക്കുള്ള ഗോവണി പടിയിൽ അമലിന്റെ പേരും ഫോൺ നമ്പറും എഴുതി വച്ചിരുന്നു. മൃതദേഹം അമലിന്റേതാണെന്ന് ഉറപ്പിക്കാന്‍ സാംപിളുകള്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി അയച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

തമിഴ് നടന്‍ വിജയ്‌യുടെ മതത്തെയും ജാതിയെയും സംബന്ധിച്ച വിവാദങ്ങളിൽ വിശദീകരണവുമായി പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ. വിജയ്ക്ക് ജാതിയും മതവുമില്ല. വിജയ്‌യെ സ്കൂളിൽ ചേർത്ത സമയത്ത് അപേക്ഷാ ഫോമിൽ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് ‘തമിഴൻ’ എന്നാണു ചേർത്തത്. ഇതുകണ്ട് ആദ്യം അപേക്ഷ സ്വീകരിക്കാൻ സ്കൂൾ അധികൃതർ വിസമ്മതിച്ചെന്നും പിന്നീട് സ്വീകരിച്ചെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. സായം എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയാണ് ചന്ദ്രശേഖര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സമൂഹത്തിലെ ജാതീയത ചര്‍ച്ച ചെയ്യുന്ന സിനിമയാണ് സായം. വിജയ് വിശ്വയാണ് ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ചന്ദ്രശേഖര്‍ വിജയ്ക്ക് ജാതിയും മതവുമില്ലെന്ന് വെളിപ്പെടുത്തിയത്.

“സ്കൂൾ വിദ്യാർഥികൾക്കിടയിൽ ജാതി എങ്ങനെ പ്രചരിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ഈ സിനിമ സംസാരിക്കുന്നു. സമൂഹത്തിന് ഉപകാരപ്രദമായ സിനിമകൾ ചെയ്യുന്ന സിനിമാപ്രവര്‍ത്തകരെ ഞാൻ ഇഷ്ടപ്പെടുന്നു. ജാതി ഒഴിവാക്കാൻ നമ്മള്‍ പ്രായോഗികമായി എന്താണ് ചെയ്തത്? എന്റെ മകൻ വിജയിയെ സ്കൂളിൽ ചേർത്തപ്പോള്‍ ജാതി, മതം കോളങ്ങളില്‍ തമിഴന്‍ എന്നാണ് രേഖപ്പെടുത്തിയത്. സ്കൂള്‍ അധികൃതര്‍ ആദ്യം അപേക്ഷാ ഫോം സ്വീകരിക്കാൻ വിസമ്മതിച്ചു. സ്കൂളിന് മുന്നില്‍ സമരം ചെയ്യുമെന്ന് ഞാന്‍ ഭീഷണി മുഴക്കി. അതിനുശേഷം മാത്രമേ അവർ അപേക്ഷ സ്വീകരിച്ചുള്ളൂ. അന്നുമുതൽ വിജയുടെ എല്ലാ സർട്ടിഫിക്കറ്റുകളിലും ജാതിയെന്ന കോളത്തില്‍ തമിഴന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജാതിക്ക് പ്രാധാന്യം നൽകുന്നത് നമ്മളാണ്. മനസ്സുവെച്ചാല്‍ എന്നെപ്പോലെ, നമ്മുടെ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി പരാമര്‍ശിക്കുന്നത് ഒഴിവാക്കാം. അങ്ങനെ അടുത്ത 20 വർഷത്തിനുള്ളിൽ നമുക്ക് ജാതി ഇല്ലാതാക്കാം”- ചന്ദ്രശേഖര്‍ പറഞ്ഞു.

തന്‍റെ സിനിമയിൽ അഭിനയിച്ച അബി ശരവണൻ ഇപ്പോൾ തന്റെ പേര് വിജയ് വിശ്വാ എന്ന് മാറ്റിയിരിക്കുന്നു. നിങ്ങൾ വിജയ് എന്ന വാക്ക് ഉച്ചരിക്കുമ്പോൾ ഒരു ചലനം ഉണ്ടാകുന്നു. ബോളിവുഡ് തിരക്കഥാകൃത്തുക്കളായ സലിമും ജാവേദും അവരുടെ നായകന്മാരുടെ പേര് വിജയ് എന്ന് ഉപയോഗിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അമിതാഭ് ബച്ചൻ അഭിനയിച്ച സിനിമകളിൽ. അതുപോലെ തന്‍റെ സിനിമകളിലും വിജയ് എന്ന പേരുള്ള നായകനുണ്ട്. അതുകൊണ്ടാണ് മകന് വിജയ് എന്ന് പേരിട്ടത്. വിജയ് വിശ്വയുടെ പേരിനൊപ്പം തന്നെ വിജയമുണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

മെര്‍സല്‍ സിനിമയുടെ റിലീസിന്‍റെ സമയത്ത് സംഘപരിവാര്‍ അനുകൂലികള്‍ വിജയ്ക്കെതിരെ വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ടിരുന്നു. നോട്ട് നിരോധനത്തെ വിമര്‍ശിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു ആക്രമണം. വിജയുടെ മതം ചൂണ്ടിക്കാട്ടിയാണ് പ്രമുഖ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ വിദ്വേഷ പ്രചാരണം നടത്തിയത്.

കഴിഞ്ഞ ദിവസമാണ് വീട്ടില്‍നിന്ന് കാണാതായ യുവതിയെ പാറക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോത്തന്‍കോട് പാറവിളാകം സൂര്യഭവനില്‍ സൂരജ് സുനിലിന്റെ ഭാര്യ മിഥുന(22)യെയാണ് ചിറ്റിക്കര പാളക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെയിലൂര്‍ കന്നുകാലിവനം സ്വദേശിനിയാണ്. മിഥുനയുടെ ഭര്‍ത്താവ് സൂരജ് ഒരാഴ്ച മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണി മുതലാണ് മിഥുനയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാറക്കുളത്തില്‍ മൃതദേഹം കണ്ടത്. ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം.

സെപ്റ്റംബര്‍ അഞ്ചാം തീയതി മുട്ടത്തറ ദേശീയപാതയില്‍വെച്ചാണ് മിഥുനയുടെ ഭര്‍ത്താവ് സൂരജ് കാറിടിച്ച് മരിച്ചത്. നഴ്‌സിങ് വിദ്യാര്‍ഥിനിയായ മിഥുനയെ തിരുവല്ലത്തെ കോളേജില്‍ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഏഴ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

സൂരജിന്റെ മരണത്തിന് പിന്നാലെ മിഥുനയുടെ മരണവും നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

RECENT POSTS
Copyright © . All rights reserved