കേരളപ്പിറവി ദിനത്തിൽ യു കെ യിൽ നിന്നും ലോലശതാവരി എന്ന ലളിതഗാനവുമായി മലയാളനാടിന് ആദരവർപ്പിച്ചുകൊണ്ട് യു കെ മലയാളികളുടെ പ്രിയഗായിക ടെസ്സ ജോൺ. 2017 ൽ ജിനോ കുന്നുംപുറത്തിന്റെ ആൽബത്തിൽ തുടങ്ങി ഇതുവരെ ഇരുപത്തിയഞ്ചിലധികം മലയാള ആൽബങ്ങളിൽ പാടിയിട്ടുള്ള ടെസ്സയുടെ ആദ്യത്തെ ലളിതഗാനമാണ് ലോലശതാവരി. മലയാളികളുടെ പ്രിയ ഗാനരചയിതാവ് ബി കെ ഹരിനാരായണന്റെ വരികൾക്ക് അനേകം ഹിറ്റ് ഗാനങ്ങളുടെ സംഗീതസംവിധായകൻ ബേണിയും മകൻ ടാൻസനും സംഗീതം നൽകിയ ഈ മനോഹര ലളിതഗാനം മലയാളക്കരയുടെ പിറവിദിനത്തിലുള്ള ഒരു ഗാനാർച്ചനയാണ്.
ടെസ്സ നിഷാദിനൊപ്പം പാടിയ രമേശന്റെ തോൾസഞ്ചി എന്ന പ്രണയഗാനം ഈ വർഷമാദ്യം ഇറങ്ങിയപ്പോൾ പ്രേക്ഷകർ നെഞ്ചേറ്റിയതുപോലെ ഈ ലളിതഗാനവും മലയാളികൾ വിജയിപ്പിക്കും എന്ന വിശ്വാസത്തിലാണ് ടെസ്സയും മറ്റുള്ള അണിയറ പ്രവർത്തകരും.
ഈ ഗാനത്തിന് സംഗീതം നൽകിയ ബേണിയുടെയും ടാൻസന്റെയും വാക്കുകൾ ഇങ്ങനെ:
“ലോലശതാവരി എന്ന ലളിതഗാനം കുറെമാസ്സങ്ങൾക്ക് മുൻപുണ്ടായ ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞ ഗാനമാണ്. മഹാരഥന്മാരായ സംഗീതസംവിധായകരും ഗാനരചയിതാക്കളും സൃഷ്ടിച്ച കേരളത്തിലെ ലളിതഗാനസമാഹാരത്തിൽ ഞങ്ങളുടെ എളിയ സൃഷ്ടിയും ചേരുമല്ലോ എന്നോർത്തു സന്തോഷം തോന്നി. ഗാനരചയിതാവ് ഹരിനാരായണന്റെ വരികൾ വായിച്ചപ്പോൾ ഹിന്ദുസ്ഥാനിരാഗമായ പട്ദീപിൽ ചെയ്താൽ കൊള്ളാമെന്ന് തോന്നി. ബാഹ്യാർത്ഥവും അന്തരാർത്ഥവും എല്ലാം ചേർന്ന് മനോഹരവും ഒപ്പം മൂല്യമുള്ളതുമാണ് വരികൾ. വരികളുടെയും ഈണത്തിന്റെയും ഭംഗിയും ഭാവവും ആശയവും ഒട്ടും ചോർന്നുപോകാതെ മനോഹരമായി പൂർണ്ണതയോടെ ടെസ്സ ആലപിച്ചിട്ടുണ്ട്. പ്രഗത്ഭരായ ഉപകരണസംഗീതവിദഗ്ധരും ഒന്നാംകിട സ്റ്റുഡിയോയും എല്ലാം ഈ ഗാനത്തെ ഈ നിലയിൽ എത്തിക്കുവാൻ ഒത്തിരി സഹായിച്ചിട്ടുണ്ട്. ഞങ്ങളുടെ ഗുരു വിജയസേനൻസാറിനെ നന്ദിയോടെ സ്മരിക്കുന്നു. ട്യൂട്ടേഴ്സ് വാലി മുഖാന്തിരം എല്ലാവരിലേക്കും ഈ ഗാനം പരക്കട്ടെ എന്ന് പ്രത്യാശിക്കുന്നു”.
ഈ ഗാനത്തിന്റെ വരികൾ രചിച്ച ബി കെ ഹരിനാരായണന്റെ വാക്കുകൾ ഇപ്രകാരം:
“ബേണിമാസ്റ്ററുടെ ഒരു വിളിയിലൂടെയാണീപ്പാട്ടിലേയ്ക്ക് എത്തുന്നത്. മാഷ് ഇതിനെക്കുറിച്ച് പറയുമ്പോൾ ഒരു പൂവിരിയുന്നപോലുള്ള പാട്ട് എന്നായിരുന്നു മനസ്സിൽ. അങ്ങനെയാണ് ലോലശതാവരിയിൽ… എന്ന് തുടങ്ങുന്ന പല്ലവി എഴുതിയത്. ശതാവരിവള്ളിയെക്കുറിച്ച് ആദ്യം കേൾക്കുന്നത് പണ്ട് പഠിച്ച ജി ശങ്കരക്കുറുപ്പിന്റെ കവിതയിൽനിന്നാണ് . ഒരുപക്ഷേ അതെവിടെയോ സ്വാധീനമായി കിടന്നിട്ടുണ്ടാവാം.
ജീവിതത്തിന്റെ, സൃഷ്ടിയുടെ, സ്നേഹത്തിന്റെ, പ്രണയത്തിന്റെ ഓർമ്മയുടെ ഒക്കെ പൂവിരിച്ചിൽ എന്നരീതിയിലാണ് ഈ പാട്ടിന്റെ വരികൾ എഴുതാൻ ശ്രെമിച്ചിട്ടുള്ളത്. പല്ലവികേട്ട് മാഷ് ഇഷ്ടപ്പെടുകയും തുടർന്ന് രണ്ട് ചരണങ്ങൾ എഴുതുകയും ചെയ്തു. പട്ദീപിൽ ഒരു ഗസ്സലിന്റെ ഒഴുക്കോടെ ബേണിമാഷും മകൻ ടാൻസണും ചേർന്ന് അതിന് ഈണക്കുപ്പായമൊരുക്കി. സുന്ദരമായ ശബ്ദത്തിൽ ഭാവാർദ്ദ്രമായി ടെസ്സ ജോൺ അതു പാടി. അങ്ങനെ ആ ഗാനം നിങ്ങളിലേക്കെത്തുന്നു”.
കേരളപ്പിറവിയോടനുബന്ധിച്ച് ഈ മാസം 31നു ഈ മനോഹര ലളിതഗാനം ട്യൂട്ടോഴ്സ്വാലി മ്യൂസിക് അക്കാദമി യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യുന്നു.
ചെമ്പഴന്തി ഉദയഗിരിയിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി പച്ചക്കറി കച്ചവടം നടത്തിയിരുന്ന വീട്ടമ്മ മരിച്ചു. പൗഡിക്കോണം വട്ടവിള വീട്ടിൽ പരേതനായ പ്രേംകുമാറിന്റെ ഭാര്യ ഉദയഗിരിയിൽ പ്ലാവിള വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന എസ്. ചന്ദ്രിക (55) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ശ്രീകാര്യത്ത് നിന്നും ചെമ്പഴന്തി ഭാഗത്തേക്കു പോയ കാർ നിയന്ത്രണം വിട്ട് റോഡരുകിൽ ടാർപോളിൻ കെട്ടി പച്ചക്കറി കച്ചവടം നടത്തുന്ന ചന്ദ്രികയുടെ കട തകർത്തു കൊണ്ട് ചന്ദ്രികയെ ഇടിച്ചു വീഴ്ത്തി.
ഓടിക്കൂടിയ നാട്ടുകാർ 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം മോർച്ചറിയിൽ. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണം എന്ന് ശ്രീകാര്യം പൊലീസ്. കാർ ഓടിച്ചിരുന്ന ശാന്തിഗിരി ആശ്രമത്തിലെ ജീവനക്കാരൻ മോഹൻകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പി.അനന്തു,സി.അപർണ എന്നിവരാണ് മരിച്ച ചന്ദ്രികയുടെ മക്കൾ. ഒരു വർഷമായി ഉദയഗിരിയിലെ വാടക വീട്ടിൽ താമസിക്കുന്ന ചന്ദ്രിക വീടിനു സമീപം റോഡിന്റെ വശത്ത് പച്ചക്കറി തട്ടുകട നടത്തുകയായിരുന്നു.
പച്ചക്കറി കച്ചവടം നടത്തുന്ന എസ്. ചന്ദ്രികയുടെ ജീവൻ അപഹരിച്ച അപകടത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ. മിനിറ്റുകൾക്ക് മുൻപ് പച്ചക്കറി വാങ്ങി പോയ നാട്ടുകാർ കേട്ടത് വൻ ശബ്ദത്തോടെ കാർ പച്ചക്കറി തട്ട് ഇടിച്ചു തകർത്തുകൊണ്ട് നിൽക്കുന്നതാണ്. ഓടിക്കൂടിയ നാട്ടുകാർ കാറിനടിയിൽപ്പെട്ട ചന്ദ്രികയെ പുറത്തെടുത്തു. അപ്പോൾ ജീവന്റെ തുടിപ്പുണ്ടായിരുന്ന ചന്ദ്രികയെ ഉടൻ തന്നെ 108 ആംബുലൻസിലാക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
പൗഡിക്കോണം വട്ടവിളയിൽ താമസിച്ചിരുന്ന ചന്ദ്രിക ഒരു വർഷം മുൻപാണ് ഉദയഗിരിയിൽ വീട് വാടകയ്ക്കെടുത്ത് മകൻ അനന്തുവുമായി താമസം തുടങ്ങിയത്. ആറ് മാസമായി ഉദയഗിരിയിൽ റോഡിന്റെ വശത്തായി ടാർപാളിൻ കെട്ടി പച്ചക്കറി തട്ട് നടത്തുകയായിരുന്നു. അപകടം നടന്ന ദിവസം രാവിലെയും ചന്ദ്രിക ചാലയിൽ പോയി പച്ചക്കറികളും വാങ്ങി വന്നതാണ്.
ആര്യന്‍ഖാന്‍ അറസ്റ്റിലായ ലഹരിമരുന്ന് കേസില്‍ എന്‍സിബി ഡോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സമീറിനെതിരെ രംഗത്ത് വന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ പേര് വെളിപ്പെടുത്തിയിട്ടില്ല. നടി ദീപിക പദ്കോണ്‍, രാകുല്‍ പ്രീത്, ശ്രദ്ധ കപൂര്‍, അര്‍ജുന്‍ രാംരപാല്‍ തുടങ്ങി നിരവധി താരങ്ങളെയാണ് ലഹരിമരുന്ന് കേസില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുള്ളത്.
കൃത്രിമമായി തെളിവുകള്‍ ഉണ്ടാക്കി അയാസ് ഖാന്‍ എന്ന അഭിഭാഷകന്‍ വഴിയായിരുന്നു തട്ടിപ്പ്. ലഹരിമരുന്ന് ഇടപാടുകാരുമായി സമീര്‍ വാങ്കഡെക്ക് ബന്ധമുണ്ട്. അത്തരം ഇടപാടുകാരില്‍ നിനും വാങ്ങുന്ന ലഹരിമരുന്നാണ് തൊണ്ടിമുതലായി പിടിക്കുന്നത്. ഇത്തരത്തിലുള്ള 26 കേസുകളെക്കുറിച്ചും അതിന്റെ വിവരങ്ങളെക്കുറിച്ചുമാണ്
വാങ്കഡെക്കൊപ്പം കഴിഞ്ഞ രണ്ട് വര്‍ഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ എന്ന പേരിലുള്ള കത്തിലുള്ളത്. എന്‍സിബി തലവന് കത്ത് കൈമാറുമെന്ന് മന്ത്രി നവാബ് മാലിക് അറിയിച്ചു. ഷാരൂഖ് ഖാനില്‍ നിന്നും ഇത്തരത്തില്‍ പണം തട്ടാനുള്ള ശ്രമം വാങ്കഡെ നടത്തിയിരുന്നതായി സാക്ഷിയായ പ്രഭാകരന്‍ സെയ്ല്‍ ആരോപിച്ചിരുന്നു.
1988 മുതൽ 1993 വരെ ദക്ഷിണ കൊറിയയുടെ പ്രസിഡൻറായിരുന്ന റോഹ് തായെ വൂ (88) അന്തരിച്ചു. അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യമെന്ന് സോൾ നാഷനൽ യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ അറിയിച്ചു. 1979ൽ സൈനിക അട്ടിമറി നടത്തി ഭരണം പിടിച്ച ചുൻ ഡു ഹ്വാന്‍ സുഹൃത്തായ തായെ വൂ ശക്തമായ പിന്തുണ നൽകിയിരുന്നു.
സൈന്യത്തിെൻറ ഒരു ഡിവിഷനെ നയിച്ച തായെ വൂ തലസ്ഥാനം പിടിച്ചടക്കുന്നതിൽ സഹായിച്ചിരുന്നു. ചുൻ ഡു ഹ്വാെൻറ പിൻഗാമിയായി തായെ വൂ വരാനിരിക്കെ രാജ്യത്ത് ജനാധിപത്യാനൂകൂല പ്രക്ഷോഭം ശക്തമായി. 1980ൽ ഗ്വാങ്ജു നഗരത്തിൽ പ്രക്ഷോഭം നടത്തിയ ജനാധിപത്യാനൂകൂലികളായ 200 പേരെ സൈന്യം വധിച്ചു.
1987ൽ ഉയർന്നുവന്ന ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടത്താൻ ചുൻ ഡു ഹ്വയും തയെ വൂവും നിർബന്ധതിരായി. 1987 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയിലെ ഭിന്നത മുതലെടുത്ത് തായെ വൂ പ്രസിഡൻറായി.
അഞ്ചു വർഷത്തിനു ശേഷം ഭരണത്തിൽ നിന്ന് പുറത്തായെ തായെ വൂവിനെ, സൈനിക അട്ടിമറി, അഴിമതി കുറ്റങ്ങൾ ചുമത്തി ശിക്ഷിച്ചു. രണ്ടു വർഷത്തെ തടവുശിക്ഷക്ക് ശേഷം മാപ്പു നൽകി വിട്ടയച്ച തായെ വൂ, പൊതുസമൂഹത്തിൽ നിന്നകന്നാണ് ശിഷ്ടകാലം കഴിച്ചു കൂട്ടിയത്.
കൊണ്ടോട്ടിക്ക് സമീപം 15 കാരെൻറ ആക്രമണത്തിനിരയായ വിദ്യാര്‍ഥിനിക്ക് ജീവന് തിരിച്ചുകിട്ടിയത് ഓടിരക്ഷപ്പെട്ടതിനാൽ മാത്രം. നടുക്കുന്ന ആ ഓർമകളിൽ നിന്ന് വിദ്യാര്‍ഥിനി ഇപ്പോഴും മുക്തമായിട്ടില്ല.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ നടന്ന സംഭവം കൊണ്ടോട്ടി പ്രദേശത്തെയാകെ ഞെട്ടിച്ചു. കൊണ്ടോട്ടിയിലെ പഠിക്കുന്ന സ്ഥാപനത്തിലേക്ക് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു വിദ്യാര്‍ഥിനി. ഉച്ചക്ക് ശേഷമാണ് ക്ലാസ്. അങ്ങാടിയിൽ നിന്ന് ബസ് കയറാനായാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നൂറ് മീറ്റര്‍ അകലെയാണ് വിദ്യാര്‍ഥിനിയെ പ്രതി ആക്രമിച്ചത്.
വീട്ടില്‍ നിന്നിറങ്ങി അല്പം കഴിഞ്ഞയുടന്‍ തന്നെ പ്രതി വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്നിരുന്നതായി സൂചനയുണ്ട്. വ്യാപകമായി വാഴകൃഷിയുള്ള വയല്‍ പ്രദേശമാണിത്. ഈ വയലിലേക്കാണ് 15കാരന് വിദ്യാര്‍ഥിനിയെ വലിച്ചുകൊണ്ടുപോയത്. ഉച്ച സമയമായതിനാല്‍ കൃഷി ചെയ്യുന്നവരും വഴിയിൽ കാല്‍നടയാത്രക്കാരും ഇല്ലായിരുന്നു.
പ്രതിക്ക് കായികമായി നല്ല കരുത്തുണ്ട്. ജില്ല തലത്തിൽ ജൂഡോ ചാമ്പ്യനാണ്. പെൺകുട്ടി ശക്തമായി ചെറുത്തുനിന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. പെൺകുട്ടിയെ പ്രതി പിന്തുടർന്നിരുന്നു. പിതാവിന്‍റെ സാന്നിധ്യത്തിൽ പ്രതിയുടെ ചോദ്യംചെയ്യൽ പൂർത്തിയായിട്ടുണ്ട്.
പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയെ നേരിട്ട് കോടതിയിൽ ഹാജരാക്കില്ല. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. നിലവിൽ വധശ്രമത്തിനും ബലാത്സംഗ ശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകൽ കൊണ്ടോട്ടി കൊട്ടൂക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകിൽ നിന്നും കടന്നുപിടിച്ച ശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിച്ചു. തലയിൽ കല്ലു കൊണ്ടടിച്ചു. പെൺകുട്ടി കുതറി മാറി. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു.
വിദ്യാര്‍ഥിനിയെ കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രാണരക്ഷാര്‍ഥം അടുത്ത വീട്ടിലേക്ക് ഓടിക്കയറിയത്. ഓടിക്കയറിയ വീട്ടിലുള്ളവരാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. വസ്ത്രത്തില്‍ നിറയെ ചളിയായതിനാല്‍ വസ്ത്രം മാറ്റിയയുടൻ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലും പ്രേവശിപ്പിക്കുകയായിരുന്നു.
സംഭവം നടന്ന പ്രദേശത്തിന് ഏതാനും മീറ്ററുകള്‍ മാറിയാണ് പ്രതിയുടെ വീട്. സംഭവത്തിന് അല്പസമയം മുമ്പ് പ്രതി പ്രദേശം നിരീക്ഷിച്ചിരുന്നു. ഈ ദൃശ്യങ്ങളാണ് ദേശീയപാതക്ക് സമീപമുള്ള സ്ഥാപനത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞത്. നേരത്തെ തന്നെ പ്രതി ഇത് ആസൂത്രണം ചെയ്തിരുന്നെന്നാണ് പൊലീസ് പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം വൈറലായ ഒരു ജോലിയ്ക്കുള്ള അപേക്ഷയുണ്ട്. ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷിക്കായി അപേക്ഷകരെ ക്ഷണിച്ചത്. പത്താം ക്ലാസ് യോഗ്യത, ഒരു ലക്ഷം രൂപ ശമ്പളം. ഇങ്ങനെയൊരു പരസ്യം കണ്ടതോടെ മലയാളികളും വെറുതെയിരുന്നില്ല. കുത്തിയിരുന്നങ്ങ് അപേക്ഷിച്ചു. ഇപ്പോള്‍ അപേക്ഷകരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.
അപേക്ഷകരുടെ തിരക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡേപെകിന്റെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്തു. അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതോടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. 5000 പേര്‍ ഇ-മെയില്‍ വഴിയും 2000 പേര്‍ ഫേസ്ബുക്ക് വഴിയുമാണ് അപേക്ഷ നല്‍കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡേപെക് മുഖേന 100 ഒഴിവുകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പിനായി രണ്ടു ദിവസത്തിനിടെ അയ്യായിരത്തിലധികം പേരാണ് അപേക്ഷിച്ചത്. ദക്ഷിണ കൊറിയയില്‍ ജോലിക്കായി 22നാണ് ഒഡേപെക് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ് പാസായ 25 നും 45 നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമാണ് ജോലിക്ക് അപേക്ഷിക്കാന്‍ അവസരമുള്ളത്. പ്രതിമാസം ഒരു ലക്ഷം രൂപയാണ് ശമ്പളം. ആദ്യമായാണ് ഒഡെപെക് ദക്ഷിണ കൊറിയയിലേക്കു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. കൊറിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ചേര്‍ന്നാണു നിയമനം.
രജിസ്റ്റര്‍ ചെയ്തവര്‍ രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ എടുത്തിരിക്കണം. താല്‍പര്യമുള്ളവര്‍ക്കായി ഒഡെപെക് 27നു തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പല്‍ ടൗണ്‍ ഹാളിലും സെമിനാര്‍ നടത്തും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രണ്ട് ലക്ഷം രൂപയാണ് ചെലവായി വരുന്നത്. 100 പേര്‍ക്കാണ് തുടക്കത്തില്‍ നിയമനം ലഭിക്കുക. കാര്‍ഷികവൃത്തിയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഭക്ഷണം ഉള്‍പ്പെടെ കമ്പനി നല്‍കും. അപേക്ഷ അയക്കേണ്ട ഇമെയില്‍: [email protected] വെബ്‌സൈറ്റ്: www.odepc.kerala.gov.in.
തിരുവനന്തപുരം: അടുത്തമാസം 9 മുതൽ അനിശ്ചിതകാല സമരമെന്ന് സ്വകാര്യ ബസുടമകൾ. മിനിമം ചാർജ് 12 രൂപയും വിദ്യാർഥികളുടേത് ആറു രൂപയും ആക്കണമെന്നാണ് ആവശ്യം. കോവിഡ് കാലത്ത് ഡീസല്‍ വില വര്‍ധിക്കുകയാണ്. സബ്സിഡിയുമില്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു.
സ്വകാര്യ ബസുകളിൽ കുട്ടികളെ കയറ്റാനാകില്ലെന്ന് ബസുടമകൾ നേരത്തേ പറഞ്ഞിരുന്നു. ഡീസൽവില 100 രൂപ കടന്ന സാഹചര്യത്തിൽ നിരത്തുകളിൽ മുഴുവൻ സ്വകാര്യ ബസുകളും പിന്മാറുന്ന സാഹചര്യമുണ്ടാകുമെന്നും അവർ പറഞ്ഞു.
ഹരിപ്പാട് : കെഎസ്ആർടിസിയുടെ ഹരിപ്പാട്-മലക്കപ്പാറ ഏകദിന ഉല്ലാസ യാത്രയുടെ അടുത്ത ട്രിപ്പ് നവംബർ ഏഴ് ഞായറാഴ്ച. രാവിലെ 4.45ന് ബസ് ഹരിപ്പാട് നിന്ന് പുറപ്പെട്ട് ആതിരപ്പള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലികുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നീ സ്ഥലങ്ങൾ കണ്ട് മടങ്ങുന്നു. ഏകദേശം 60 കിലോമീറ്ററോളം ദൂരം വനത്തിനുള്ളിലൂടെ സഞ്ചരിക്കുന്നതിനാൽ കാട്ടുമൃഗങ്ങളെയും കാണാൻ സാധ്യതയുണ്ട്. അതി മനോഹരമായ പ്രകൃതി ഭംഗി നുകർന്ന് മലക്കപ്പാറയിലെത്തി വൈകുന്നേരത്തോടെ കോടമഞ്ഞിന്റെ തണുപ്പിലൂടെ തിരികെ യാത്ര. വാരാന്ത്യ ദിനം ഒരു അസുലഭ ഓർമ്മയാക്കാൻ ഈ കാനന ഭംഗി നുകർന്നുള്ള യാത്രയ്ക്ക് കഴിയുമെന്ന് കെഎസ്ആർടിസി ഉറപ്പ് നൽകുന്നു. പോയി തിരികെ വരുന്നതിന് യാത്രക്കൂലി ഒരാൾക്ക് 600 രൂപയാണ്. ഭക്ഷണത്തിനായി നല്ല ഹോട്ടലുകളിൽ ബസ് നിർത്തും. മലക്കപ്പാറയിൽ നാടൻ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും ചെയ്തുതരും. ആദ്യ ട്രിപ്പ് ഈ ഞായറാഴ്ച പോകും. അതിനുള്ള സീറ്റ് ഫുൾ ആയികഴിഞ്ഞു. ഇനി നവംബർ ഏഴിലെ യാത്രയ്ക്കായി ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: ഹരിപ്പാട് ഡിപ്പോ എൻക്വയറി – 0479 2412620. ഈ മെയിൽ [email protected]
മൊബൈൽ – 89214 51219, 9947812214, 9447975789, 9947573211, 8139092426
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
ന്യൂഡൽഹി: ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയുടെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ. 9 മാസം മുതൽ 4 വയസ്സുവരെയുള്ള കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാണ്. ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മറ്റായിരിക്കണം ധരിക്കേണ്ടത്. സൈക്കിൾ സവാരിക്ക് ഉപയോഗിക്കുന്ന ഹെൽമറ്റും അനുവദനീയമാണ്.
4 വയസ്സിൽ താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ഇരുചക്ര വാഹനം ഓടിക്കുന്നയാളുമായി കുട്ടിയെ സുരക്ഷാബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കണം. നാലു വയസ്സുവരെയുള്ള കുട്ടികളുമായി പോകുമ്പോൾ ഇരുചക്ര വാഹനത്തിന്റെ വേഗം പരമാവധി മണിക്കൂറിൽ 40 കിലോമീറ്റർ മാത്രമെ ആകാവൂവെന്നും കരട് നിയമത്തിൽ പറയുന്നു.
പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.ഇതിന്‍റെ ഭാഗമായി മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം നവംബര്‍ ഒന്നിന് നിലവില്‍ വരും. റസ്റ്റ് ഹൗസില്‍ ഒരു മുറി വേണമെങ്കില്‍ ഇനി സാധാരണക്കാരന് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാനാകും.ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കുകയെന്നും മന്ത്രി പറഞ്ഞു.
നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ അക്കമെഡേഷന്‍ സൗകര്യം സ്വന്തമായി ഉള്ളത്.153 റസ്റ്റ് ഹൗസുകളിലായി 1151 മുറികള്‍ ഉണ്ട്. പലതും ഏറ്റവും പ്രാധാന്യമുള്ള സ്ഥലത്തുമാണ് ഉളളത്.ഇവ ജനങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്ന തരത്തിലേക്ക് മാറുകയാണ്.ഇതിന്‍റെ ഭാഗമായി റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു.ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളെ നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി കെ ടി ഡി സി മാനേജിംഗ് ഡയറക്ടറെ നോഡല്‍ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുറികളുടെ നവീകരണം, ആധുനികവല്‍ക്കരണം, ഫര്‍ണ്ണിച്ചര്‍, ഫര്‍ണിഷിഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവയാണ് നവീകരണത്തിന്‍റെ ഭാഗമായി നടത്തുന്നത്. റസ്റ്റ്ഹൗസുകൾ നവീകരിക്കുന്നതിനൊപ്പം ഭക്ഷണശാലകളും ആരംഭിക്കും. ശുചിത്വം ഉറപ്പു വരുത്തും. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ടോയ് ലറ്റ് ഉള്‍പ്പെടെയുളള കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. നല്ല ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തും. സിസിടിവി സംവിധാനം ഏര്‍പ്പെടുത്തുകയും കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും എന്നും ജോബ് മൈക്കിള്‍, ഡോ. എന്‍ ജയരാജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണന്‍ എന്നിവരുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.
ടൂറിസം വികസനത്തിന് ഉപയോഗിക്കാന്‍ കഴിയും വിധം റസ്റ്റ് ഹൗസുകളെ മാറ്റും. ഗസ്റ്റ് ഹൗസുകളിലും വിനോദ സഞ്ചാരികള്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കും. മലമ്പുഴ ഗസ്റ്റ് ഹൗസ്, ചെറുതുരുത്തി ഗസ്റ്റ് ഹൗസ്, എറണാകുളം യാത്രി നിവാസ് എന്നിവിടങ്ങളിലെ ബുക്കിംഗ് വിനോദ സഞ്ചാരികള്‍ക്ക് നേരിട്ട് ഓണ്‍ലൈനായി നടത്താന്‍ കഴിയുന്ന സാധ്യത പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.