കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിനുസമീപം ഒഴുക്കില്‍പ്പെട്ടുകാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാനഡയിലെ കോണ്‍സ്റ്റഗോ സര്‍വകലാശാല എന്‍ജിനീയറിങ് എം.എസ്. വിദ്യാര്‍ത്ഥി ചിന്നക്കട ശങ്കര്‍ നഗര്‍ കോട്ടാത്തല ഹൗസില്‍ കോട്ടാത്തല ഷാജിയുടെ മകന്‍ അനന്തുകൃഷ്ണ ഷാജി (26) ആണ് മരിച്ചത്. ഈ മാസം ഒന്നിനാണ് അനന്തുവിനെ കാണാതായത്.
സഹപാഠിയായ വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അനന്തുവിനെയും കാണാതായത്. നയാഗ്ര പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ്ഗാര്‍ഡും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സഹപാഠിയായ തമിഴ്‌നാട് സ്വദേശിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോണ്‍സ്റ്റഗോ സര്‍വകലാശാല ഗുലേബ് കാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അനന്ദു.
പാര്‍ട് ടൈം ജോലിചെയ്യുന്ന സുഹൃത്തുക്കള്‍ക്കൊപ്പമാണ് നയാഗ്ര താഴ്‌വരയിലെത്തിയത്. മലയിടുക്കിലെ ചെറിയ വെള്ളച്ചാട്ടത്തിനു മുന്നില്‍നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എം.ടെക് കഴിഞ്ഞ അനന്തു ഏപ്രിലിലാണ് കാനഡയില്‍ എം.എസ്. കോഴ്‌സിന് ചേര്‍ന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുശേഷം മേയിലാണ് തിരികെപ്പോയത്.
ഞായറാഴ്ച രാവിലെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ മൃതദേഹം എത്തിക്കും. ഉച്ചയ്ക്ക് 12-ന് കുടുംബവീടായ കൊട്ടാരക്കര കോട്ടാത്തല മുഴിക്കോട്ടുള്ള വീട്ടില്‍ സംസ്‌കരിക്കും. അമ്മ: നൈന ഷാജി. സഹോദരന്‍: അശ്വിന്‍ ഷാജി.
താലിബാനില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വിമാനത്തിന്റെ ചിറകില്‍ നിന്നും വീണ് മരിച്ചവരില്‍ ഫുട്ബോള്‍ താരവും. അഫ്ഗാനിസ്താന്‍ ഫുട്ബോള്‍ ടീമംഗം സാക്കി അന്‍വാരി(19)യാണ് മരിച്ചത്.
അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കിയതോടെയാണ് ജീവന്‍ ഭയന്ന് സ്വദേശികളും വിദേശികളും രക്ഷപെടാന്‍ ശ്രമിച്ചത്.
കാബൂള്‍ വിമാനത്താവളത്തില്‍ ഇരച്ചെത്തിയ ജനങ്ങള്‍ ഏതുവിധേനയും
രക്ഷപ്പെടണമെന്ന ചിന്തയിലാണ് അമേരിക്കയുടെ സൈനിക വിമാനത്തിന്റെ ചിറകുകളിലടക്കം പറ്റിപ്പിടിച്ച് കയറാന്‍ ശ്രമിച്ചത്. അതിനിടെ ചക്രത്തില്‍ ശരീരം ബന്ധിച്ച് രക്ഷപെടാന്‍ ശ്രമിച്ച രണ്ടുപേര്‍ താഴേക്ക് വീണുമരിക്കുകയായിരുന്നു.
വിമാനത്തില്‍ നിന്ന് രണ്ടുപേര്‍ താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തെഹ്റാന്‍ ടൈംസായിരുന്നു ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
കാബൂളില്‍ നിന്നും വിമാനം പറന്നുയര്‍ന്നയുടന്‍ രണ്ട് പേര്‍ വീഴുന്നതാണ് വീഡിയോയിലുള്ളത്. വിമാനത്തിന്റെ ചക്രത്തോട് ചേര്‍ത്ത് ശരീരം കയര്‍ കൊണ്ട് ബന്ധിപ്പിച്ചാണ് ഇവര്‍ അഫ്ഗാന്‍ വിടാന്‍ ശ്രമിച്ചത്.
കാമുകിക്കൊപ്പം ജീവിക്കാനായി ഭാര്യയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ഒരുനാട്. കൊല്ലം ജില്ലയിലെ കൊട്ടിയം മൈലാപ്പൂര്‍ തൊടിയില്‍ വീട്ടില്‍ നിഷാന എന്ന സുമയ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണു കൊലപാതകം നടന്നത്. കൊലപാതകത്തിനായി ദിവസങ്ങള്‍ക്ക് മുന്‍പേ പ്രതി തയാറെടുപ്പ് നടത്തിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. അടുക്കളയില്‍ സുമയ്യ അവശനിലയില്‍ കിടക്കുന്നതായി കണ്ടെന്നാണു നിസാം ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്.
ആദ്യം സമീപത്തെ ക്ലിനിക്കിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ സുമയ്യ മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതോടെയാണ് നിസാമിലേക്ക് അന്വേഷണമെത്തിയത്. കഴുത്തില്‍ പാടുകളുണ്ടായിരുന്നു. ശ്വാസംമുട്ടിയായിരുന്നു മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് അറസ്റ്റിലേക്ക് എത്തിയത്. നിസാം പിന്നിലൂടെയെത്തി സുമയ്യയുടെ കഴുത്തില്‍ ഷാളിട്ടു മുറുക്കിയാണ് കൊലപ്പെടുത്തിയത്.
നിസാമിനെ എത്തിച്ചുളള തെളിവെടുപ്പില്‍ നാട്ടുകാര്‍ പ്രകോപിതരായിരുന്നു. ഉമയനല്ലൂരില്‍ ഗോള്‍ഡ് കവറിങ് സ്ഥാപനം നടത്തുന്നയാളാണു നിസാം. ഇയാള്‍ക്കു മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി പറയുന്നു. ഇതേച്ചൊല്ലി വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നു. കൊലപാതകത്തിനായി കൃത്യമായ ആസൂത്രണമുണ്ടായെന്ന് അന്വേഷണത്തില്‍ തെളിഞ്ഞത്. കൊലപാതകത്തിന് തലേ ദിവസം മൂത്തകുട്ടികളെ നിസാം ബന്ധുവീടുകളില്‍ ആക്കിയിരുന്നു.
പൂനെയില്‍ ബിജെപി പ്രവര്‍ത്തകന്‍ മയൂര്‍ മുണ്ടെ നിര്‍മ്മിച്ച മോഡി ക്ഷേത്രത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിമ നീക്കം ചെയ്തു. വ്യാപക വിമര്‍ശനം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതിമ നീക്കം ചെയ്തത്.
ക്ഷേത്രവും ടാര്‍പോളിന്‍ കൊണ്ട് മറച്ചിട്ടുണ്ട്. അതേസമയം, പ്രതിമ നീക്കം ചെയ്യാനുള്ള കാരണമെന്താണെന്ന് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് ക്ഷേത്രത്തില്‍നിന്ന് പ്രതിമ നീക്കം ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.
പ്രതിപക്ഷ പാര്‍ട്ടികള്‍ ക്ഷേത്രത്തിനെതിരേ രംഗത്തുവന്നിരുന്നു. ക്ഷേത്രനിര്‍മാണം വിവാദമായതോടെ ക്ഷേത്രം നിര്‍മിച്ച മയൂര്‍ മുണ്ടെയെ ബിജെപി തള്ളിപ്പറഞ്ഞിരുന്നു. ക്ഷേത്രം നിര്‍മിച്ചത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നാണ് ബി.ജെ.പി. പ്രാദേശിക നേതൃത്വം പറയുന്നത്. ക്ഷേത്രം നിര്‍മിച്ച പ്രവര്‍ത്തകനെതിരേ നടപടിയെടുക്കണമെന്നും ആവശ്യവും ശക്തമാവുന്നുണ്ട്.
എടത്വ: പിതാവ് നഷ്ടപ്പെട്ട 3 പെൺ മക്കൾക്കും തലവടി പഞ്ചായത്ത് 12 -ാം വാർഡിൽ വിരുപ്പിൽ റോസമ്മയ്ക്കും സൗഹൃദ വേദി നിർമ്മിച്ചു നല്കിയ സ്നേഹക്കൂടിൻ്റെ താക്കോൽ ദാനം തോമസ് കെ.തോമസ് എം.എൽ.എ നിർവഹിച്ചു. സമാനതകൾ ഇല്ലാത്ത സൗഹൃദ വേദിയുടെ ജനക്ഷേമ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു. സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു.റവ.ഫാദർ തോമസ് ആലുങ്കൽ, റവ.ഫാദർ ഷിജു മാത്യു, റവ.ഫാദർ സിറിയക് തുണ്ടിയിൽ എന്നിവർ ചേർന്ന് സ്നേഹവീട് ആശീർവദിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഏബ്രഹാം,സുജ അലക്സ് , അജി കോശി, എൻ.ജെ. സജീവ് ,മനു സന്തോഷ് എന്നിവർ സംബന്ധിച്ചു.

തുടർന്ന് നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഈപ്പൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഏബ്രഹാം, റെന്നി തോമസ്, വിൻസൻ പൊയ്യാലുമാലിൽ , ജയിംസ് ചീരംകുന്നേൽ എന്നിവർ സംബന്ധിച്ചു.
അടച്ചുറപ്പ് പോലും ഇല്ലാതിരുന്ന വീടിൻ്റെ മേൽക്കൂര 2021 ജനുവരി 28ന് പൂർണ്ണമായും ദ്രവിച്ച് ഷീറ്റ് ഉൾപ്പെടെ തകർന്ന് വീണെങ്കിലും തലനാരിഴയ്ക്ക് ആണ് അപകടത്തിൽ നിന്നും അന്ന് അവർ രക്ഷപെട്ടത്. പതിമൂന്ന് വർഷം മുമ്പ് ഭർത്താവ് നഷ്ടപ്പെട്ട റോസമ്മ സ്കൂളിൽ ഉച്ച ഭക്ഷണം തയ്യാറാക്കുന്ന ജോലിയിൽ നിന്നായിരുന്നു വീട്ടുചിലവിന് മാർഗ്ഗം കണ്ടെത്തിയിരുന്നത്. ഡോ.ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിൽ ഉള്ള സൗഹൃദ വേദി സുമനസ്സുകളുടെ സഹായത്തോടെ നിലവിലിലുണ്ടായിരുന്ന മുറികളുടെ ദ്രവിച്ച ജനലുകളും കതകുകളും മാറ്റുകയും ഭിത്തികൾ ബലപ്പെടുത്തി പ്ലാസ്റ്ററിംങ്ങ് നടത്തുകയും കൂടാതെ ഒരു ഹാൾ, അടുക്കള, സിറ്റ് ഔട്ട് ഉൾപ്പെടെ നിർമ്മിച്ചു നല്കുകയും ചെയ്തു.
തലവടി ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം കൺവീനറായി ഉള്ള പ്രാദേശിക കമ്മിറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പ്രതിഫലേച്ഛ കൂടാതെ നിർവഹിച്ച കരാറുകാരൻ കുന്നേൽ ജോയിയെ ഷാൾ അണിയിച്ച് തോമസ് കെ. തോമസ് എം.എൽ.എ ആദരിച്ചു.
ശ്രീനാഥ് സദാനന്ദൻ
“എന്നിട്ട്.. ? “ … ഹരി ഒട്ടും താല്പര്യം കാട്ടാതെ ചോദിച്ചു.
“ എന്നിട്ടെന്താ മുരളി സാർ രണ്ടുപേരെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി..” നയന ആവേശം ഒട്ടും ചോരാതെ പറഞ്ഞു തീർത്തു..
“ ശരിയാ പുള്ളി ആളൊരു ഹീറോ തന്നെയാണ് പക്ഷേ…” ഹരി എന്തോ പറയാൻ ബാക്കി വെച്ചു .
നയനയുടെ കണ്ണുകൾ ഒന്നുകൂടി വിടർന്നു ..“ എന്താ ഒരു പക്ഷേ..?
“ അല്ല ഒന്നുമില്ല മനുഷ്യരല്ലേ… ഒന്നും പറയാൻ പറ്റില്ല…” അവൻ ഒഴിഞ്ഞു മാറി.
“ അതെന്താ ഒരു അർത്ഥം വെച്ച് പറയുന്നപോലെ..” അവൾ വിടാൻ ഭാവമില്ലായിരുന്നു..
“ ഒന്നുമില്ലെടീ… നീ ഇപ്പോൾ ഫസ്റ്റ് ഇയർ അല്ലേ… ക്ലാസ് തുടങ്ങിയിട്ട് ഒരു മാസമല്ലേ കഴിഞ്ഞുള്ളൂ… ഓൺലൈൻ ക്ലാസ് എത്ര സെമസ്റ്റർ കഴിഞ്ഞു…? “ ഹരി വിഷയം മാറ്റിക്കഴിഞ്ഞു ..
“ ഫസ്റ്റ് സെം മുഴുവൻ കഴിഞ്ഞു എന്ന് ടീച്ചേഴ്സ് പറയുന്നു… പക്ഷേ ഒരു പിടിയും കിട്ടുന്നില്ല.. പ്രത്യേകിച്ച് ഇംഗ്ലീഷ് ഒക്കെ ഒരു തീയും പുകയും മാത്രമേയുള്ളൂ.. എല്ലാം ഒന്നുകൂടി പറഞ്ഞു തരണം എന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്… പക്ഷെ മുരളി സാറിന്റെ പോർഷൻ ഒക്കെ, പുള്ളി വെറുതെ ഒന്ന് പറഞ്ഞാൽ മതി, എല്ലാം ഒക്കെയാണ്… “
ഹരിയുടെ മുഖം വിളറി . വീണ്ടും അവൾ മുരളി സാറിലേക്ക് എത്തുന്നത് കണ്ട് അവൻ മറ്റൊരു വിഷയത്തിലേക്ക് കടന്നു …“ നിനക്കറിയാമോ… പണ്ട് എക്സാമിന് തലേദിവസം ഒരു പെൺകൊച്ച് പഠിക്കാൻ ആയിട്ട് കോളേജിൽ വന്നിട്ട് ടീച്ചേഴ്സിനെ കണ്ടു, അവള് ചിക്കൻപോക്സ് ആയിട്ട് അവധിയായിരുന്നു.. എല്ലാം മാറിയപ്പോഴേക്കും പരീക്ഷ വന്നു തലയിൽ കയറി… അന്ന് കോളേജിൽ വന്നതിനുശേഷം പിന്നെ അവളെ ആരും കണ്ടിട്ടില്ല.. അവൾക്കൊരു ലൈൻ ഉണ്ടായിരുന്നു… എല്ലാ കേസും അവന്റെ തലയിൽ ആയി… നമ്മുടെ കോളേജിന്റെ ചരിത്രത്തിൽ ആകെയുള്ള ഒരു ബാഡ് മാർക്കാണ് ആ കേസ്. പക്ഷേ പലർക്കും അറിയാവുന്ന ഒരു കാര്യമുണ്ട്… അന്നവൾ അവസാനമായി കണ്ടത് മുരളി സാറിനെ ആയിരുന്നു.. “
“ എന്താ ഹരി ഈ പറയുന്നത്..? “ നയനയ്ക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
സത്യമെന്തായാലും ആ ദിവസത്തെ കളങ്കം എല്ലാവരും മുരളി സാറിന് ചാർത്തിക്കൊടുത്തതാണ് . ഒന്നുകൂടി ആവർത്തിച്ചത് കൊണ്ട് തെറ്റില്ലെന്ന് അവൻ കരുതി … ” അല്ല നയന … മുരളി സാർ എന്തെങ്കിലും ചെയ്തെന്നല്ല… അതിന് ഒരു തെളിവുമില്ല… പക്ഷേ അറിഞ്ഞത് പറയണമല്ലോ .. ഒന്നാമത് നമ്മൾ ഒരേ നാട്ടുകാരാണ്, നിന്റെ കാര്യം ഒന്ന് ശ്രദ്ധിക്കണമെന്ന് മാർട്ടിൻ അങ്കിൾ ഇന്നലെയും പറഞ്ഞിരുന്നു.. ഒരു സീനിയറിന്റെ അധികാരത്തിൽ നിന്നെ ശ്രദ്ധിക്കുന്നത് ഒക്കെ ബോർ ഏർപ്പാടാണ്, പെൺപിള്ളേർ അവരുടെ കാര്യം സ്വയം നോക്കണം എന്ന് തന്നെയാണ് എനിക്കും പറയാനുള്ളത്… പക്ഷേ നീ പല കാര്യത്തിലും ഇത്തിരി പിറകോട്ടാ… ഇപ്പോൾ തന്നെ വാട് സാപ്പിൽ സ്റ്റാറ്റസ് ഇടാൻ പോലും നീ ഇന്നലെ അല്ലേ പഠിച്ചത്. .”?
അവൻ മെല്ലെ ഒരു സംരക്ഷകനാകാൻ ശ്രമിച്ചു ..
അവൾ ധർമസങ്കടത്തിലായ്… “ ഞാനെന്തു വേണം ഹരി? “
താൻ പറഞ്ഞത് എല്ലാം അവൾ വിശ്വസിച്ചെന്ന് ഹരിക്ക് മനസ്സിലായി . അവൻ തുടർന്നു… ” നീ അല്പംകൂടി അപ്ഡേറ്റഡ് ആവണം, ഒരാളെയും കണ്ണടച്ച് വിശ്വസിക്കരുത്, ഈ എന്നെപ്പോലും.. നീ ഒരു പെൺകുട്ടി ആയത് കൊണ്ട് പറയുന്നതല്ല… ആണുങ്ങളുടെ കാര്യവും ഇങ്ങനെയൊക്കെ തന്നെയാണ്, അപ്ഡേറ്റ് ആയില്ലെങ്കിൽ നമ്മൾ വേസ്റ്റ് ആയിപ്പോകും , ഉദാഹരണത്തിന് ഇപ്പൊ നമ്മുടെ മുരളി സാർ രാത്രി 12 മണിക്ക് ഏത് അവസ്ഥയിലാണ് എന്ന് നിനക്ക് പറയാൻ പറ്റുമോ? “
“ ഇല്ല”
“ ഇല്ല അല്ലേ ?… എന്തിന് മുരളി സാറിന്റെ കാര്യം പോട്ടെ… എന്റെ കാര്യം പറയാൻ പറ്റുമോ…പോട്ടെ, നിന്റെ ക്‌ളാസ്സിലെ ആ പോലീസുകാരന്റെ മകനില്ലേ.. എന്താ അവന്റെ പേര്… ” അവളുടെ ശ്രദ്ധ അളക്കാനെന്നവിധം അവൻ ചോദിച്ചു ..
“വിനീത് ആണോ ?”
അവളുടെ പൂർണ്ണ ശ്രദ്ധയും ഹരിയിൽ തന്നെ ആയിരുന്നു …അത് മനസ്സിലാക്കി ഹരി തുടർന്നു …
“അതേ , വിനീത് എന്താവും ചെയ്യുന്നത്.. അവൻ ആ സമയത്ത് ഏത് അവസ്ഥയിൽ ആയിരിക്കും എന്ന് പറയാൻ പറ്റുമോ? ഇല്ലല്ലോ? അതാ പറഞ്ഞത്, പിന്നെ അങ്ങേരു നിനക്ക് മെസ്സേജ് ഒക്കെ അയക്കുമോ? ‘’
“ അയയ്ക്കും… ക്ലാസ്സ് ലീഡറായിട്ട് എന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്, നേരത്തെ തന്നെ ഓൺലൈൻ ക്ലാസ്സ് എടുക്കുന്നതിന് എല്ലാവരുടെയും സൗകര്യം എപ്പോഴാണ് എന്നൊക്കെ അറിയാൻ സാർ എന്നെ ആണ് വിളിച്ചിരുന്നത്… അയ്യോ, ഇപ്പോ സാറിന്റെ റൂമിലേക്ക് ഒന്നു ചെല്ലണമെന്ന് മെസ്സേജ് അയച്ചിട്ടുണ്ട്. ഏതോ സെമിനാറിന്റെ കാര്യം പറയാനാണ്..”
അവളുടെ മറുപടി ഹരിയെ അസ്വസ്ഥനാക്കി ..തന്റെ കരുതൽ എത്രത്തോളമുണ്ടെന്നു നയനയെ ബോധ്യപ്പെടുത്താൻ അവൻ അല്പം ദേഷ്യത്തോടെ പറഞ്ഞു….
“ ഇപ്പോ ഈ നാലുമണിക്ക് അല്ലേ,,, ഇതുവരെ സമയം കിട്ടിയില്ലായിരിക്കും ! സാറിന്റെ റൂം എവിടെയാ ഇരിക്കുന്നതെന്ന് വല്ല ബോധ്യവും ഉണ്ടോ നിനക്ക്.? ഉച്ചകഴിഞ്ഞ് അതിലെ പോയാൽ നല്ല ചാത്തൻ റമ്മിന്റെ മണം അടിക്കും. ഈ സമയത്ത് അതുവഴി തനിച്ചു പോകുന്നതിനെക്കുറിച്ച് ഒന്നൂടെ ആലോചിക്കണം എന്നേ ഞാൻ പറയൂ..”
“’ ഹരിയേട്ടാ അത്..?
അവൾക്ക് എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു …ആ സമയത്ത് ഹരിയിൽ നിന്നും ഹരിയേട്ടനിലേക്കുള്ള മാറ്റം ആസ്വദിക്കുകയായിരുന്നു അവൻ..
അവൾ അടുത്ത നിമിഷം ഫോൺ എടുത്തു ഡയൽ ചെയ്തു
“ നീ ആരെയാ വിളിക്കുന്നത്..? “
ഹരിക്ക് മറുപടി നൽകും മുൻപ് ഇന്ദു ഫോൺ എടുത്തു .
“ ഹലോ ഇന്ദു , മുരളി സാറിന്റെ റൂമിലേക്ക് പോകാൻ എന്റെ കൂടെ നീ ഒന്ന് വരണം, ഇല്ല ഒന്നുമില്ലെടി, ഒരു സെമിനാറിന്റെ കാര്യം പറഞ്ഞിരുന്നു. അല്ല നീ കൂടെ വാടി… ശരി ശരി…” അവൾ ശ്രമപ്പെട്ട് ഇന്ദുവിനെ സമ്മതിപ്പിച്ചു ..
നയനയെ ആശ്വസിപ്പിക്കാനായി ഹരി വീണ്ടും പറഞ്ഞു തുടങ്ങി…“ ഞാൻ പറഞ്ഞത് കേട്ട് നീ ഒന്നും ചെയ്യണ്ട, ഇന്നത്തെ ലോകം അതാണ്… ശാശ്വതമായിട്ട് ഇവിടെ ഒരു കാര്യം മാത്രമേ നടക്കുന്നുള്ളൂ…അത്… “ അവൻ പാതിയിൽ നിർത്തി ..
“ എന്താ അത്? “ നയനയുടെ കണ്ണുകളിൽ കൗതുകം .
“ അത്… ഇനി രണ്ടു വർഷം കൂടി ഉണ്ടല്ലോ, നീ തനിയെ മനസ്സിലാക്കിക്കൊള്ളും..” അവൻ പറഞ്ഞു നിർത്തി .
അവരുടെ അടുത്തേക്ക് ഇന്ദു തിടുക്കപ്പെട്ട് ഓടിവന്നു . അവൾ നയനയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു …“ എടി നയനാ … വേഗം വാടി.. ഒന്നാമത് സമയമില്ല അതിനിടയ്ക്ക് അവളുടെ ഒരു മുരളി സാർ.. ഹരിയേട്ടാ പോട്ടെ..”
“ ശരി ഹരിയട്ടാ നാളെ കാണാം…” നയനയും ഹരിയോട് യാത്ര പറഞ്ഞു..
“ ശരി ഇന്ദു,, ok നയനാ നാളെ കാണാം….
അവരെ പറഞ്ഞയച്ച ശേഷം ഫോൺ എടുത്തു ഡയൽ ചെയ്തു…. “ഹലോ…”
“ ഹലോ”….മുരളി സാർ ഫോൺ എടുത്തു .
“ ഹലോ മുരളി സാറേ ഞാൻ തേർഡ് ഇയറിലെ ഹരിയാണ്…”
“ ആ, ഹരി പറ…”
ഹരി വാക്കുകളിൽ ഗൗരവം നിറച്ചു പറഞ്ഞു തുടങ്ങി …“ സാറേ ഫസ്റ്റ് ഇയറിലെ നയന നമ്മുടെ ഒരു അയൽക്കാരി ആണ്, ഒരു പ്രത്യേക ശ്രദ്ധ വേണം കേട്ടോ സാറേ, ഇപ്പോ തന്നെ അവളെ എന്തോ ഒരു പ്രശ്നം അലട്ടുന്നുണ്ട്…”
“ ആണോ… പനം പാലത്തു നിന്ന് വരുന്ന ആ കുട്ടി അല്ലേ.. നന്നായിട്ട് പഠിക്കുന്ന കൊച്ചാണല്ലോ അത്, എന്താ കാര്യം എന്ന് നീ ചോദിച്ചില്ലേ? “
…ഒരു അധ്യാപകന്റെ കരുതലോടെ മുരളി സാർ ചോദിച്ചു .
“ ഇല്ല സാറേ അവൾ പറയില്ല, അതൊരു പ്രത്യേക ക്യാരക്ടർ ആണ്, സാർ വൈകിട്ട് ഒന്ന് ചോദിച്ചാൽ മതി, ഞാൻ പറഞ്ഞതാണെന്ന് അറിയേണ്ട, ഇനി അത് മതി.. സാറിനോട് മാത്രമാണ് അവൾക്കൊരു റെസ്പെക്ടും ഇഷ്ടവും ഒക്കെ ഉള്ളത്, അവളുടെ പപ്പാ മാർട്ടിൻ അങ്കിൾ എന്നെയാണ് അവളെ നോക്കാൻ ഏൽപ്പിച്ചിരിക്കുന്നത്… ഇവളുടെ ഈ സ്വഭാവം കാരണം എനിക്ക് നേരിട്ട് ഇടപെടാനും പറ്റില്ല, സാറ് വൈകിട്ട് അവൾക്ക് ഒരു മെസ്സേജ് ചെയ്യ്, എന്തോ പ്രേമത്തിന്റെ കേസ് കെട്ടോ മറ്റോ ആണെന്ന് തോന്നുന്നു…. വീട്ടിൽ എങ്ങാനും അറിഞ്ഞാൽ, എന്റെ തല കൂടി പോകും. സാർ നൈസായിട്ട് ഒന്ന് കൈകാര്യം ചെയ്യ്… “
ഹരി മുരളി സാറിന്റെയും വിശ്വാസം നേടിയെടുത്തു …
“ ശരി ഹരി ഞാൻ ചോദിക്കാം…” മുരളി സാർ ഉറപ്പ് നൽകി .
“ ഓക്കേ സർ, പിന്നെ ഞാൻ പറഞ്ഞിട്ടാണ് സാർ ഇതൊക്കെ അറിഞ്ഞതെന്ന് അവൾ അറിയരുതേ… “ ഹരി പഴുത് അടയ്ക്കാൻ മറന്നില്ല ..
“ ഇല്ല ഹരി… പിന്നെ ഞാൻ പറഞ്ഞ കാര്യം എന്തായി.? “ . മുരളി സാർ മറ്റൊരു വിഷയത്തിലേക്ക് കടന്നു .
“ പ്രിന്ററിന്റെ കാര്യമല്ലേ സാറേ, നാളത്തന്നെ റെഡിയാക്കാം, ഒരു 10% ഡിസ്കൗണ്ട് കൂടി ഞാൻ സെറ്റ് ആക്കാം സാർ… “. ഹരി ഉറപ്പു പറഞ്ഞു.
മുരളി സാറിന്റെ റൂമിന് പുറത്ത് നയനയും ഇന്ദുവും … പുറത്ത് കാൽപെരുമാറ്റം കേട്ട് മുരളി സാർ ആ സംസാരം മതിയാക്കി …
“ ശരി വെക്കട്ടെ ഹരി.. ഇവിടെ വിസിറ്റർ ഉണ്ട്..”
“ ശരി സാർ..ബൈ … പിന്നെ വിളിക്കാം .. ” ഹരി ഫോൺ കട്ട് ചെയ്തു .. അവന്റെ ചുണ്ടിൽ ഒരു നിഗൂഢമായ ചിരി വിടർന്നു . പരിവർത്തകന്റെ സംതൃപ്തി നിറഞ്ഞ ചിരി .
ശ്രീനാഥ് സദാനന്ദൻ
എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA , M Phil ബിരുദങ്ങൾ നേടി. ഇപ്പോൾ കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിൽ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്.


ശ്രീലത മധു പയ്യന്നൂർ
കോലായിലെ മുഷിഞ്ഞ കസേരയിൽ മുഖം കുനിച്ചിരിപ്പാണ് അച്ഛൻ. തീരാറായ അരി സാമാനങ്ങളുടെ ഒഴിഞ്ഞ പാത്രങ്ങളിൽ നാളത്തെ വേവോർക്കയാണ് അമ്മ. വരുമാനമൊന്നും ഇല്ലാതെ രോഗഭീതിയുടെ തടങ്കൽ ജീവിതത്തിൽ നിസ്സഹായതയുടെ വേവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എല്ലാവരും. പരസ്പരം ചിരിക്കാൻ കഴിയാത്ത കാലത്തിൻ്റെ വേദന നിറഞ്ഞ മുഖത്തെ മാസ്ക്ക് കൊണ്ട് മറയ്ക്കാൻ കഴിയുന്നുണ്ട് നാലാള് കൂടുന്നിടങ്ങളിൽ . കദനങ്ങളിലും പ്രതീക്ഷയുടെ കാത്തിരിപ്പുകളിലും ആശ്വാസം നിറയ്ക്കുവാൻ ഓണമൊരുങ്ങുന്നുണ്ട്, ദു:ഖത്തിലാഴ്ന്ന മനസ്സുകളിൽ ഓണ പൂക്കൾ പോലെ മോഹങ്ങൾ നിറങ്ങളണിഞ്ഞ് പൂവിടുക ഉത്സവം പടികേറുമ്പോഴാണ്. ഓൺലൈൻ ക്ലാസ്സിൻ്റെ ജീവനില്ലാത്ത ബഹളത്തിൽ നിന്നും ഓടിയൊളിക്കാൻ തോന്നുന്നുണ്ട് അമ്മുവിന്. പുത്തനുടുപ്പും പൂക്കളും സദ്യയും ആഘോഷങ്ങളും കാണാമറയത്തെവിടെയോ ആണ്. മറ്റെല്ലാം ഒഴിവാക്കാം പൂക്കളത്തെ എങ്ങനെ ഓണത്തിൻ്റെ സന്തോഷത്തിൽ നിന്നും പുറത്തു നിർത്തുമെന്ന് അമ്മുവിന് ചിന്തിക്കാനേ കഴിഞ്ഞില്ല.
‘ അനന്തുവിനോടും അച്ചുവിനോടുമൊപ്പം പൂക്കൾക്കായി അലഞ്ഞതും അച്ഛനോടൊപ്പം അങ്ങാടിയിൽ നിന്നും പൂക്കൾ വാങ്ങിയതും അമ്മു ഓർത്തു. കുട്ടികൾ പുറത്തൊന്നുമിറങ്ങരുതെന്നാണ് എല്ലാവരും പറയുന്നത്. എങ്കിൽ ഓണ പൂ തേടി നടക്കുന്നതെങ്ങനെ? അമ്മുവിനെ കേട്ടുകൊണ്ടൊരു മുക്കുറ്റി പൂവ് മുറ്റത്തൊരു കോണിൽ കാതു കൂർപ്പിക്കുന്നുണ്ടായിരുന്നു. പൂക്കളങ്ങളിൽ നിന്നും കാലം അറിയാതെ അറിയാതെ തഴഞ്ഞുനിർത്തിയവൾ. അമ്മു മുക്കുറ്റിയോട് കണ്ണു നനച്ച് പറഞ്ഞു ഞങ്ങളുടെ സന്തോഷങ്ങളിൽ നിന്നും പൂക്കളമൊരുക്കുന്നതിൽ നിന്നും ഞങ്ങളിന്നൊഴിവായി. മുക്കുറ്റി പൂവ് ചിരിച്ചു കൊണ്ടു പറഞ്ഞു നിങ്ങളുടെയൊക്കെ ആഘോഷങ്ങളിൽ നിന്നും ഞങ്ങളെന്നേ ഒഴിവാക്കപ്പെട്ടവരാണ്. അമ്മുവിൻ്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീര് മുക്കുറ്റി പൂവിതളിൽ പതിച്ചു. കണ്ണീരിൻ്റെ നനവാർന്ന ഒരോണം മുറ്റത്ത് നിന്ന് പുഞ്ചിരിച്ചു.
ശ്രീലത മധു
1976 ൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കാറമേൽ പുതിയൻങ്കാവ് എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് -കുറുന്തിൽ നാരായണ പൊതുവാൾ മാതാവ് – ആനിടിൽ പടിഞ്ഞാറ്റയിൽ തമ്പായി അമ്മ. വിദ്യാഭ്യാസം പ്രീഡിഗ്രി
സ്വാമി ആനന്ദ തീർത്ഥ സ്മാരക ഗ്രന്ഥാലയം ലൈബ്രേറിയൻ പുരസ്ക്കാരങ്ങൾ, തിരുനെല്ലൂർ കരുണാകരൻ കവിതാ സാഹിത്യ പുരസ്ക്കാരം, മൂന്നാമത് പായൽ ബുക്സ് സാഹിത്യ പുരസ്കാരം, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നവോത്ഥാന സംസ്കൃതി ശ്രേഷ്ഠ പുരസ്ക്കാരം, സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റിൻ്റെ കാരുണ്യ പുരസ്ക്കാരം, മാസികകളിൽ കവിത, കഥ, ലേഖനം എന്നിവ എഴുതുന്നു. ജില്ലാ കവി മണ്ഡലം പ്രവർത്തകയും ശ്രീനാരായണ വിദ്യാലയത്തിലെ ദളിത് മക്കളുടെ ടീച്ചറമ്മയുമാണ്
ഭർത്താവ് ‘കെ’ കെ മധുസൂദനൻ . മക്കൾ: ഐശ്വര്യ, ശ്യാം, അനശ്വര


സ്നേഹപ്രകാശ്. വി. പി.
“സുൽത്താൻ ഫോർട്ട് …”
ഓട്ടോ ഡ്രൈവർ വണ്ടി ഒതുക്കി നിർത്തിക്കൊണ്ട് പറഞ്ഞു. രാമനാഥൻ തന്റെ തോൾ സഞ്ചിയുമായി പതുക്കെ ഇറങ്ങി ഓട്ടോക്കാരന് കൂലി കൊടുത്ത്, പേഴ്സ് ജീൻസിന്റെ പോക്കറ്റിലേക്ക് തന്നെയിട്ട് ജുബ്ബയുടെ കൈകൾ അല്പം തെറുത്ത് വെച്ച് ചുറ്റും നോക്കി. കോട്ടയുടെ ഭീമാകാരമായ ഇരുമ്പ് ഗേറ്റ് ഒരു വലിയ താഴിട്ട് പൂട്ടിയിരിക്കുന്നു. ഇരു വശങ്ങളിലുമായി ഓരോ പീരങ്കികൾ. വർഷങ്ങളായി ആ ഗേറ്റ് തുറന്നിട്ട് എന്ന് ഒറ്റ നോട്ടത്തിൽത്തന്നെ അറിയാം. ഭൂമിയിലേക്ക് ഉറഞ്ഞു പോയതുപോലെ. ഗേറ്റിനു മുൻപിൽ നിന്ന് സെൽഫി എടുക്കുന്ന ചില ന്യൂജെൻ കുട്ടികൾ.
“അരേ.. സാബ്.. പ്രവേശൻ കവാട് ഇദർ ഹേ …. ”
അടുത്തുതന്നെയുള്ള മരം കൊണ്ടുള്ള മറ്റൊരു, ചെറിയ ഗേറ്റിനു മുൻപിൽ നിൽക്കുന്ന കാവൽക്കാരനാണ്.
ഗേറ്റ് കടന്ന് കോട്ടയ്ക്കകത്തേക്ക് പ്രവേശിച്ചപ്പോൾ സൂര്യൻ തലക്കുമുകളിലായിരുന്നെങ്കിലും നല്ല തണുപ്പ് അനുഭവപ്പെട്ടു. ചുറ്റും തണൽ വൃക്ഷങ്ങളും, വെട്ടിയൊരുക്കിയ ചെടികളും പുൽത്തകിടികളും. സന്ദർശകരുടെ എണ്ണം വളരെ കുറവായിരുന്നു. പത്തോ പന്ത്രണ്ടോ പേർ മാത്രം. ഇടയ്ക്കിടെ ഓഫീസിൽ നിന്നും കുറച്ചു ദിവസങ്ങൾ അവധിയിൽ പ്രവേശിച്ച് ഇതുപോലെയുള്ള യാത്രകൾ പതിവാണ് രാമനാഥന്. തിരിച്ചെത്തുമ്പോഴേക്കും ചില കഥകളുടെ വിത്തുകൾ മുളച്ചു പൊന്തിയിരിക്കും. ഈ തവണ ഒരു നോവലാണ് മനസ്സിലുള്ളത്. ഒരു രാജാവിന്റെ പ്രണയം. അങ്ങനെ അന്വേഷിച്ചാണ് ഇവിടെ സുൽത്താന്റെ കോട്ടയിലേക്ക് തിരിച്ചത്.
സുൽത്താൻ അലി അൻവറിന്റെതായിരുന്നു ഈ കൊട്ടാരം. ക്രൂരനും,തികഞ്ഞ മതഭ്രാന്തനുമായിരുന്ന സുൽത്താൻ അലി അക്ബറിന്റെ,ഏക പുത്രൻ. തികച്ചും സൗമ്യൻ. പഠിച്ചതെല്ലാം വിദേശത്തായിരുന്നു. എഴുത്തും, വായനയും, സംഗീതവും എല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്നവൻ. പിതാവിന്റെ സ്വഭാവത്തിനു തികച്ചും വിരുദ്ധമായ സ്വഭാവമുള്ളവൻ. പഠിപ്പു കഴിഞ്ഞ് വരുമ്പോഴേക്കും പിതാവ് മരണപ്പെട്ടിരുന്നു. പിന്നെ ഭരണം അലി അൻവറിന്റേതായിരുന്നു. വളരെ വലിയ മാറ്റങ്ങളായിരുന്നു പിന്നെ കണ്ടത്. കൊട്ടാരത്തിൽ കലാകാരന്മാരും, സാഹിത്യകാരൻമാരുമായിരുന്നു പിന്നീടെപ്പോഴും. ഇതിനിടയിലാണ് സുൽത്താൻ കൊട്ടാരത്തിലെ നർത്തകിയായിരുന്ന വൈശാലിയിൽ അനുരക്തനാവുന്നതും പിന്നീട് ആ പ്രണയം നഷ്ടപ്പെടുന്നതും, കാലം കഴിയവേ സ്വയം ഒരു മിത്ത് ആയി മാറുന്നതും.
കൊട്ടാരത്തിന്റെ വിശാലമായ ഹാളിലെ ചുമരുകൾ നിറയെ സുൽത്താന്റെയും, പിതാമഹാന്മാരുടെയും, അവരുടെ ബീവിമാരുടെയും എണ്ണഛായചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഏറ്റവും ഒടുവിലായി അവസാനത്തെ കണ്ണിയായ സുൽത്താൻ അലി അൻവറിന്റെ ചിരിക്കുന്ന ചിത്രം. എല്ലാവരെപ്പറ്റിയുമുള്ള ലഘുവിവരണങ്ങൾ ഇംഗ്ലീഷിലും, അറബിയിലും ചിത്രങ്ങൾക്ക് താഴെ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ഹാളിൽ നിന്നും വിശാലമായ മുറികളിലേക്ക് കടന്നാൽ കാണുന്നത് സേന നായകന്മാരുടെയും, ഓരോ കാലഘട്ടങ്ങളിലും നടന്ന പ്രധാനപ്പെട്ട സംഭവങ്ങളുടെയും ചിത്രങ്ങളും, പ്രശസ്തരായ കലാകാരൻമാർ ഒരുക്കിയ ജീവൻ തുടിക്കുന്ന ശില്പങ്ങളും. ഓരോ മുറികളിലും പ്രത്യേകം, പ്രത്യേകമായി ഒരുക്കിയ രാജാക്കന്മാരുടെ കട്ടിലുകൾ, മറ്റു ഫർണിച്ചറുകൾ, വാളുകൾ, അംഗവസ്ത്രങ്ങൾ, ഹുക്കകൾ, മദ്യ ചഷകങ്ങൾ, രാജ്ഞിമാരുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയവ. മറ്റൊരു മുറി നിറയെ സംഗീതോപകരണങ്ങൾ.
കൊട്ടാരത്തിന്റെ മദ്ധ്യത്തിലായി സമന്വയ എന്ന പേരിൽ ഒരേപോലെയുള്ള രണ്ടു ഹാളുകൾ. രണ്ടു ഹാളുകളിലും പിരിയൻ ഗോവണികൾ കയറിയാൽ എത്തുന്നത് മുകളിലെ ഒരു വലിയ ഹാളിൽ. എന്നാൽ മലേഷ്യയിലെ പ്രസിദ്ധമായ ട്വിൻ ടവർ പോലെയല്ല എന്നുമാത്രം. ഇത് രണ്ട് മത വിശ്വാസങ്ങളുടെ സമന്വയം കൂടിയായിരുന്നു. മുകളിലെ നിലയിലെ ഹാളിൽ നിന്നുനോക്കിയാൽ താഴെയുള്ള രണ്ടു ഹാളുകളിൽ നടക്കുന്നതും വ്യക്തമായി കാണാൻ പറ്റുന്ന വിധത്തിലായിരുന്നു ആ കെട്ടിടം നിർമിച്ചിരുന്നത്. താഴെ ഒരുഹാളിൽ ഹിന്ദു ധർമ്മമായിരുന്നു പഠിപ്പിച്ചിരുന്നത്. രാവിലെ മുതൽ പ്രഗത്ഭരായ സംസ്കൃത പണ്ഡിതന്മാർ, വേദങ്ങളും, ഇതിഹാസങ്ങളുമെല്ലാം പഠിപ്പിക്കുമ്പോൾ, അടുത്ത ഹാളിൽ മുസ്ലിം മത പണ്ഡിതന്മാർ ഖുർആൻ ആയിരുന്നു പഠിപ്പിച്ചിരുന്നത്. രണ്ടിന്റെയും അന്തസ്സത്ത ഒന്നുതന്നെയാണെന്ന് പറയുന്നതായിരുന്നു മുകളിലെ ഹാൾ. മുകളിലെ ചില്ലു ജാലകങ്ങളിലൂടെ പുറത്തേക്കു നോക്കിയാൽ അല്പം അകലെയായി ഒരു മുസ്ലിം പള്ളി. ആകാശത്തിലേക്ക് ഉയർന്നു നിൽക്കുന്ന മിനാരങ്ങൾ. അവിടെ നിന്നും അഞ്ചു നേരവും ബാങ്കുവിളികൾ ഉയർന്നിരുന്നു. കുറച്ചുകൂടി അകലെയായി ഒരു ആൽമരവും,അടുത്തു തന്നെ ഒരു ക്ഷേത്രവും, കല്ലുകെട്ടിയ ക്ഷേത്രക്കുളവും.
സമന്വയയിൽ നിന്നും പുറത്തേക്കിറങ്ങിയാൽ, സംഗീതോപകരണങ്ങളുടെ മാതൃകയിൽ നിർമിച്ച വാതിലുകളും, ജാലകങ്ങളുമുള്ള വൈശാലി എന്ന കെട്ടിടത്തിലാണ് എത്തിച്ചേരുക. ഉള്ളിലേക്ക് പ്രവേശിച്ചാൽ ചുമരുകളിൽ മുഴുവൻ സുൽത്താന്റെ കാമുകിയായിരുന്ന വൈശാലി ദേവിയുടെ ചിത്രങ്ങൾ മാത്രം. ഒരുകാലത്ത് എല്ലാ രാത്രികളിലും പ്രശസ്തരായ കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറിയിരുന്ന സ്ഥലം. ഹാൾ നിറയെ ഇരിപ്പിടങ്ങൾ. ഇടയിൽ ഒരു തൂണു പോലുമില്ലാതെ അതിമനോഹരമായ ശില്പചാതുരി. വിശാലമായ സ്റ്റേജിൽ രാജാവിന് ഇരിക്കാൻ പ്രത്യേക ഇരിപ്പിടം സജ്ജമാക്കിയിരുന്നു. ഏഴു തിരിയിട്ട ഒരു നിലവിളക്ക് എപ്പോഴും കത്തിക്കൊണ്ടിരിക്കും. സ്റ്റേജിലെ വൈശാലിദേവിയുടെ ചിത്രത്തിനടുത്ത് ഒരു പീഠത്തിൽ വെച്ച തളികയിൽ ഒരു ജോഡി ചിലങ്കകൾ. ആ കെട്ടിടത്തിലേക്ക് കയറിയതുമുതൽ രാമനാഥന് ഒരു വല്ലാത്ത ശാന്തത അനുഭവപ്പെട്ടു. എന്നാൽ രാജാവായിട്ടുപോലും എന്തേ പ്രണയം സാക്ഷാത്ക്കരിക്കാൻ പറ്റാതെ പോയത് എന്ന ചിന്തയോടെ വൈശാലിയുടെ ചിത്രവും നോക്കി നിൽക്കുമ്പോഴാണ് പ്രായമായ ഒരാൾ അയാളുടെ അടുത്തേക്ക് വന്നത്. നീണ്ടു വളർന്നു കിടക്കുന്ന മുടിയും താടിയുമായി. സംശയം അയാളുമായി പങ്കുവെച്ചപ്പോൾ അയാൾ തന്റെ ദീപ്തമായ കണ്ണുകളോടെ രാമനാഥനെ നോക്കി. പിന്നെ പറഞ്ഞു.
“ഞാൻ ദേവനാരായണൻ… വരൂ .. നമുക്ക് പുറത്തിരുന്ന് സംസാരിക്കാം… അതൊരു വലിയ കഥയാണ്….”
അവർ പുറത്തേക്കിറങ്ങി. നടന്നു നടന്ന് ആൽമരത്തിന്റെ ചുവട്ടിലെത്തി. ആലിന്റെ തറയിൽ ഇരുന്നപ്പോൾ രാമനാഥൻ തന്റെ സഞ്ചിയിൽ ഉണ്ടായിരുന്ന വീഞ്ഞിന്റെ കുപ്പിയെടുത്തു. എന്നിട്ട് പറഞ്ഞു.
“വിരോധമില്ലെങ്കിൽ അല്പം ആവാം…”
അയാളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദമൊന്നും കണ്ടില്ല. പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“ശീലമില്ല… ഇനി പുതിയ ശീലങ്ങൾ തുടങ്ങാനും താല്പര്യമില്ല.. നിങ്ങൾ കഴിച്ചോളൂ….”
രാമനാഥൻ കുപ്പിയിൽ നിന്നും രണ്ടു കവിൾ വീഞ്ഞു കഴിച്ചതിനു ശേഷം സുൽത്താന്റെ കഥ കേൾക്കാൻ തയ്യാറായി.
അയാൾ പറഞ്ഞു തുടങ്ങി. സുൽത്താൻ അലി അൻവറിന്റെ പിതാവ്, അലി അക്ബർ ഒരു ദുഷ്ടനായിരുന്നു. തന്റെ ദുർഭരണം തുടർന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു മരണം. പിന്നെയാണ് സുൽത്താൻ അൻവർ തന്റെ വിദ്യാഭ്യാസം കഴിഞ്ഞ് ഭരണം ഏറ്റെടുക്കുന്നത്. തികഞ്ഞ സാത്വികനായിരുന്നു അൻവർ. എല്ലാ മത നേതാക്കന്മാരും കൊട്ടാരത്തിൽ എത്തുമായിരുന്നു. ഹിന്ദു സന്യാസിമാരും, സൂഫികളും എല്ലാം. പിന്നെ എല്ലാ കലാകാരന്മാരും.
“വൈശാലിയെപ്പറ്റി പറയൂ…”
രാമനാഥന്റെ ആകാംക്ഷ പുറത്തു വന്നു.
“അതിലേക്കാണ് വരുന്നത്…”
അയാൾ തുടർന്നു.
വൈശാലി ഈ ഗ്രാമത്തിലെ വളരെ പാവപെട്ട ഒരാളുടെ മകളായിരുന്നു. സുന്ദരിയും ഏറ്റവും നല്ല നർത്തകിയും, കൊട്ടാരത്തിലെ നൃത്താധ്യാപികയും. അങ്ങനെയിരിക്കെയാണ് സുൽത്താൻ അവളിൽ അനുരക്തനായത്. വൈശാലിക്ക്, സുൽത്തനെ ഏറെ ഇഷ്ടമായിരുന്നെങ്കിലും, പലതവണ വിലക്കി നോക്കി. എന്നാൽ താൻ ഒരു സൂഫിയാണെന്നും സ്നേഹമാണ് തന്റെ മതമെന്നും സുൽത്താൻ ആവർത്തിച്ചു. ഒടുവിൽ ഒരു നാൾ വൈശാലിയുടെ അച്ഛനെ കാണാൻ സുൽത്താൻ അവളുടെ വീട്ടിലേക്ക് ചെന്നു. മത നേതാക്കന്മാരുടെ എതിർപ്പുണ്ടായിരുന്നതിനാൽ അച്ഛനും ഈ കാര്യത്തിൽ താല്പര്യം പ്രകടിപ്പിച്ചില്ല. എന്നാൽ സുൽത്താൻ, ഒരു ഹിന്ദു യുവതിയെ വിവാഹം കഴിക്കാൻ പോവുന്നു എന്നറിഞ്ഞതോടെ ഇരു മതവിഭാഗങ്ങളും തമ്മിൽ ലഹള തുടങ്ങി. ഇരു ഭാഗത്തും ആളപായമുണ്ടായി. വൈശാലിയെ അടുത്ത ഗ്രാമത്തിലെ ധനികനായ ഒരു കച്ചവടക്കാരന് വിവാഹം കഴിച്ചു കൊടുക്കാൻ വീട്ടുകാർ തീരുമാനിച്ചു. താൻ കാരണം നിരപരാധികൾ മരിച്ചു വീഴുന്നത് കണ്ടപ്പോൾ സുൽത്താന് ഒടുവിൽ തന്റെ തീരുമാനം മാറ്റേണ്ടി വന്നു.
അവസാനമായി യാത്ര പറയാൻ വേണ്ടി വൈശാലി, സുൽത്താന്റെ അടുത്തു വന്നപ്പോൾ പറഞ്ഞു.
“ഞാൻ പോവുന്നു… ഏതൊരു പെണ്ണും ഇങ്ങനെയൊക്കെത്തന്നെ… മുറിവേറ്റ ഹൃദയവുമായി മറ്റൊരു ജീവിതത്തിലേക്ക്… തരാനായി എന്റെ കൈയിൽ സമ്മാനങ്ങൾ ഒന്നുമില്ല… ഈ ശരീരമല്ലാതെ … എടുത്തോളൂ…”
അവളുടെ കണ്ണുകൾ പുഴകളായി.
“ഇന്നു വരെ നിന്റെ ശരീരത്തിൽ ഞാൻ സ്പർശിച്ചിട്ടില്ല … ഏറെ സ്നേഹിച്ചിരുന്നെങ്കിലും… നിന്നെ കളങ്കപ്പെടുത്താൻ എനിക്കാവില്ല… ഒരു സമ്മാനമെന്ന നിലയിൽ നിന്റെ കാലിലെ ചിലങ്കകൾ എനിക്ക് തന്നേക്കുക… അത്രമാത്രം …നിനക്കായി പുതിയ ചിലങ്കകൾ ഞാൻ വരുത്തുന്നുണ്ട് …”
അവൾ ചിലങ്കകൾ ഊരി ഒരു താലത്തിൽ വെച്ച് സുൽത്തന്റെ കാൽക്കീഴിൽ വെച്ചതിനുശേഷം പറഞ്ഞു.
“ഇനി എനിക്ക് പുതിയ ചിലങ്കകൾ വേണ്ട…ഞാൻ നൃത്തം അവസാനിപ്പിച്ചിരിക്കുന്നു…നൃത്തം ചെയ്യാത്ത കാലുകൾക്ക് ചിലങ്കകൾ ആവശ്യമില്ലല്ലോ …. ”
വൈശാലിയുടെ വിവാഹം കഴിഞ്ഞെങ്കിലും, ഭർതൃവീട്ടിൽ കലഹങ്ങളും, കുത്തുവാക്കുകളുമായി അവളുടെ ജീവിതം നരകമായിത്തീർന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാവുന്നതിനുമുന്പേ അവൾ ഈ ലോകം വിട്ടുപോയി. തികഞ്ഞ കുറ്റബോധത്താൽ അവളുടെ അച്ഛൻ അന്നുതന്നെ ഗ്രാമം വിട്ടു.
സുൽത്താൻ പിന്നീട് വിവാഹം കഴിച്ചതേയില്ല. ഈ ഗ്രാമത്തിന്റെ പേര് വൈശാലിപുരം എന്നാക്കി മാറ്റി. എന്നും നൃത്തവും, സംഗീതവും, സാഹിത്യവുമെല്ലാമായി കഴിഞ്ഞു. പിന്നെയാണ് സമന്വയ എന്ന ആ ഹാൾ പണിതത്. അവിടെ പണ്ഡിതന്മാർ വന്ന് മതങ്ങളെപ്പറ്റി പഠിപ്പിച്ചു. ഇപ്പോൾ ഈ നാട്ടിൽ മതങ്ങളില്ല. മനുഷ്യർ മാത്രമേയുള്ളു. എല്ലാ മതങ്ങളിലെയും നന്മകൾ ഉൾക്കൊണ്ട് ജീവിക്കുന്ന മനുഷ്യർ.
ഭഗവദ്ഗീതയിലെ ശ്ലോകങ്ങളും, ഖുറാനിലെ ആയത്തുകളും കേട്ട് രാമനാഥൻ ഞെട്ടിയുണർന്നു. അയാൾക്ക് അടുത്തൊന്നും ആരെയും കാണാൻ കഴിഞ്ഞില്ല. കഥ പറഞ്ഞു കൊണ്ടിരുന്ന ദേവനാരായണനേയും. അയാൾ തന്റെ പോക്കറ്റ് തപ്പി നോക്കി. പേഴ്സും, മൊബൈലും എന്തിനധികം സഞ്ചിയിൽ ഉണ്ടായിരുന്ന കുപ്പിയിലെ പാതിയായ വീഞ്ഞു പോലും സുരക്ഷിതമായിരിക്കുന്നു. സമയം ഇരുട്ടാൻ തുടങ്ങിയിരിക്കുന്നു. മുകളിലേക്ക് നോക്കിയപ്പോൾ ആലിലകളുടെ മർമരം മാത്രം. പെട്ടെന്ന് തന്നെ എഴുന്നേറ്റ് പുറത്തേക്കുള്ള ഗേറ്റിനടുത്തെത്തിയപ്പോൾ, ഗേറ്റ് അടയ്ക്കാൻ തയ്യാറായി നിൽക്കുന്ന കാവൽക്കരൻ ചോദിച്ചു.
“സാബ് ക്യാ ഹുവാ ആപ്കോ …”
“ദേവ നാരായണനെ കണ്ടോ….”
രാമനാഥൻ ഉദ്വേഗത്തോടെ ചോദിച്ചു.
കാവൽക്കരൻ പൊട്ടിച്ചിരിച്ചു.
“അരേ സാബ്…. ആപ് തോ പാഗൽ ഹോ ഗയാ…. ദേവ്നാരായൺ വൈശാലി ദേവി കി പിതാജി ഹേ…”
രാമനാഥൻ പിന്നെ ഒന്നും പറഞ്ഞില്ല. ആലിലകൾ അപ്പോഴും ഗീതയിൽ നിന്നും ഖുറാനിൽ നിന്നുമുള്ള വരികൾ ഉരുവിടുന്നുണ്ടായിരുന്നു.
സ്നേഹപ്രകാശ്.വി. പി.
കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയിരുന്നു. വിരമിച്ചതിനു ശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കവിതകൾ, കഥകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്. 2008 ൽ ബഷീർ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് വേണ്ടി അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്.
പിന്നീട് ചില കൂട്ടായ്മകളുടെ സമാഹാരങ്ങളിൽ. കവിതകൾ എഴുതിയിട്ടുണ്ട്. ഇപ്പോൾ “ഉടലുകൾ” എന്ന പേരിൽ എന്റെ 60 കുറുംകഥകളുടെ ഒരു സമാഹാരത്തിന്റെ ജോലി നടക്കുന്നു.


ജോമോൻ കുര്യാക്കോസ്
ഓണസദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് എരിശ്ശേരി. വിവിധയിടങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൊണ്ട് എരിശ്ശേരി ഉണ്ടാക്കാറുണ്ട്. ഇതിൽ മത്തങ്ങ എരിശ്ശേരി പലപ്പോഴും സദ്യയിൽ പ്രധാനമാണ്. സാധാരണ മത്തങ്ങ എരിശ്ശേരിയിൽ നിന്നും അല്പം വ്യത്യസ് തത നിറഞ്ഞതാണ് ഈ പാചകകൂട്ട്. ഇവിടെ മത്തങ്ങയോടൊപ്പം വെള്ളപ്പയറും ( ലോബിയ ) എരിശ്ശേരിയിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതിനുപകരം വൻപയറും ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവത്തിൽ അല്പം മധുരമയം കൂടി ഉണ്ട്. മത്തങ്ങയും പയറും വേവിച്ച ശേഷം അതിലേക്ക് ആവശ്യമായ അരപ്പ് ഒഴിച്ച്, പിന്നീട് കടുക് വറുത്തെടുക്കുകയാണ് ചെയ്യുന്നത്.
ആവശ്യമായ സാധനങ്ങൾ
വെഡ് ജ് രൂപത്തിൽ ചെറിയ കഷണങ്ങളായി മുറിച്ച മത്തങ്ങ – 400-450 ഗ്രാം
വെള്ളപ്പയർ അഥവാ ലോബിയെ ബീൻസ് – 1/2 കപ്പ്
മഞ്ഞൾപൊടി- 1/4 ടീസ്പൂൺ
മുളകുപൊടി – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
അരപ്പിന് ആവശ്യമായ സാധനങ്ങൾ
തേങ്ങ ചിരകിയത്- 3/4 കപ്പ്
ജീരകം- 1/2 ടീസ്പൂൺ
പച്ചമുളക്-1
താളിക്കുന്നതിന് ആവശ്യമായ സാധനങ്ങൾ
കറിവേപ്പില -12 മുതൽ 15 എണ്ണം
കടുക്- 1/2 മുതൽ 3/4 ടീസ്പൂൺ
ചുവന്നമുളക്- 1 മുതൽ 2
( മുഴുവനായോ, മുറിച്ചോ, അരി കളഞ്ഞോ ഉപയോഗിക്കാം)
തേങ്ങ ചിരകിയത്- 2 മുതൽ 3
ടേബിൾസ്പൂൺ
വെളിച്ചെണ്ണ/ വെജിറ്റബിൾ ഓയിൽ-
1 മുതൽ 1.5 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
1. വെള്ളപയർ നന്നായി കഴുകിയെടുത്ത് രണ്ട് മുതൽ രണ്ടര കപ്പ് വെള്ളവും, ആവശ്യമായ ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക. വേവിച്ചശേഷം വെള്ളത്തിൽ നിന്ന് ഊറ്റിയെടുത്ത് പയർ മാറ്റിവയ്ക്കുക.
2. മത്തങ്ങ കഷണങ്ങളായി മുറിച്ചതിനുശേഷം കഴുകിയെടുത്ത് മുളകുപൊടി, ഉപ്പ്, മഞ്ഞൾപൊടി എന്നിവ പുരട്ടി അല്പസമയം വച്ച ശേഷം, മൈക്രോവേവ് അവ്നിൽ 170 ഡിഗ്രി സെൽഷ്യസിൽ 10 മിനിറ്റ് റോസ്റ്റ് ചെയ്യുക.
3. പിന്നീട് മത്തങ്ങ കഷണങ്ങൾ ഒരു കപ്പ് വെള്ളമൊഴിച്ച് പാനിൽ വേവിക്കുക.
4. ഇതിലേക്ക് ആവശ്യമായ മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക.
5. പാൻ അടച്ചുവെച്ച് മത്തങ്ങാ കഷണങ്ങൾ12 മുതൽ 15 മിനിറ്റ് വരെ ചെറിയ തീയിൽ വേവിച്ചെടുക്കുക.
6. മത്തങ്ങ വേവിച്ചെടുക്കുന്ന സമയത്ത് പാനിലെ വെള്ളം വറ്റാതെ ശ്രദ്ധിക്കണം. വെള്ളം കുറയുകയാണെങ്കിൽ ആവശ്യമായ വെള്ളം ഒഴിച്ചു കൊടുക്കേണ്ടതാണ്.
7. മത്തങ്ങ വേവുന്നതിനിടയിൽ, അരപ്പിനാവശ്യമായ തേങ്ങ, ജീരകം, പച്ചമുളക് എന്നിവ മിക്സിയിൽ അര കപ്പ് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക.
8. വേവിച്ചെടുത്ത മത്തങ്ങ കഷണങ്ങളിലേക്ക്, അരപ്പൊഴിച്ച ശേഷം, വേവിച്ചെടുത്ത വെച്ച വെള്ള പയറും കൂടി ചേർക്കുക.
9. അരക്കപ്പ് വെള്ളം കൂടി ഇതിലേക്ക് ചേർക്കുക. പിന്നീട് 10 മുതൽ 12 മിനിറ്റ് വരെ ചെറിയ തീയിൽ ഇളക്കിക്കൊടുക്കുക. കറി കുറുകുകയാണെങ്കിൽ കുറച്ചു വെള്ളം കൂടി ചേർത്തുകൊടുക്കാം. ഇതിനു ശേഷം കറി അടച്ചു മാറ്റിവയ്ക്കുക.
10. താളിക്കുന്നതിനായി, ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പിലയും ചുവന്ന മുളകും ചേർക്കുക. കറിവേപ്പില മൂത്ത ശേഷം ഇതിലേക്ക് ചിരകിയ തേങ്ങ ചേർത്ത്, ചെറിയ മഞ്ഞ നിറമാകുന്നതുവരെ ഇളക്കുക.
11. ചെറിയ തീയിൽ കരിഞ്ഞു പോകാതെ തേങ്ങ ഇളക്കി എടുക്കേണ്ടതാണ്.
12. തേങ്ങ മഞ്ഞനിറം ആകുമ്പോഴേക്കും ഇത് കറിയിലേക്ക് ഒഴിച്ച് ഇളക്കി ഉപയോഗിക്കാം.
ഷെഫ് ജോമോൻ കുര്യാക്കോസ്
ആഹാരത്തോടുള്ള പ്രേമം കാരണം ഹോട്ടൽ മാനേജ്മന്റ് പഠിച്ചു കഴിഞ്ഞ് 13 വർഷമായി ലണ്ടനിൽ ജോലി നോക്കുന്നു. ഇപ്പോൾ ദി ലളിത് ലണ്ടൻ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ഹെഡ് ഷെഫ് ആയി ജോലി ചെയ്യുന്നു. പരിമിതികൾ ഏറെയുണ്ടായിട്ടും നമ്മുടെ നാടൻ ഫുഡിനെ അതിന്റെ രുചിക്ക് വ്യത്യാസം വരുത്താതെ കാഴ്ചയിലും പേരിലും മാറ്റം വരുത്തി അതിനെ പുതുതായി ആൾക്കാരിലേക്കു എത്തിക്കുക എന്നുള്ളതാണ് ജോമോന്റെ ഏറ്റവും വലിയ ആഗ്രഹം. ഈ സ്വപ്ന സാക്ഷാത്കാരത്തിനായി ജോമോൻ നടത്തുന്ന പരിശ്രമങ്ങളുടെ ഫലമായി നമ്മുടെ പല നാടൻ ഡിഷുകളും വളരെ ആകർഷകമായി പ്ലേറ്റിംഗ് ചെയ്ത് വിവിധ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നു.
ലോക പ്രശസ്ത പാചക പരിപാടി ആയ ബിബിസി സെലിബ്രിറ്റി മാസ്റ്റർ ഷെഫിലെ പങ്കാളിത്തം, ഓൺലൈൻ മാധ്യമങ്ങളിൽ ഒന്നായ ബ്രിട്ടീഷ്മലയാളിയുടെ ദി ന്യൂസ് പേഴ്‌സൺ ഓഫ് ദി ഇയർ,100 മോസ്റ്റ് ഇൻഫ്ലുവെൻഷ്യൽ യുകെ മലയാളി പേഴ്സണാലിറ്റീസ് 2021 തുടങ്ങി നിരവധി അവാർഡുകൾ ഇതിനകം ജോമോന് സ്വന്തം. ലോക്ക്ഡൗൺ കാലത്ത് ഓൺലൈനിൽ കൂടി ഇന്ത്യയിലെയും യൂകെയിലെയും വിവിധ കാറ്ററിംഗ് കോളേജിലെ ഗസ്റ്റ് ലക്ച്ചർ, ഇക്കഴിഞ്ഞ മദേഴ്‌സ് ഡേയിൽ ലണ്ടൻ കലാഭവൻ അവതരിപ്പിച്ച ‘We shall overcome ‘ എന്ന ഓൺലൈൻ ഷോയിലെ സാന്നിധ്യം തുടങ്ങി നിരവധി മേഖലകളിൽ ജോമോൻ സജീവമാണ് . ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ ജോമോൻ ,ഭാര്യ ലിൻജോ മക്കളായ ജോവിയാൻ, ജോഷേൽ, ജോഷ്‌ലീൻ എന്നിവരൊപ്പം എസ്സെക്സിലെ ബാസിൽഡണ്ണിൽ താമസിക്കുന്നു.


രാജു കാഞ്ഞിരങ്ങാട്
എന്തിനാ,യെന്തിനാ,യോണമേ നീ
എന്നിട്ടുമെന്നരികത്തണഞ്ഞു
ചെമ്പകപ്പൂവില്ല, ചെങ്കതിർക്കുലയില്ല
ഊയലാടാൻ മരച്ചില്ലയില്ല
എന്തിനാ,യെന്തിനാ,യോണമേ നീ
എന്നിട്ടുമെന്നരികത്തണഞ്ഞു
ആരാമമില്ല, ആലോലം കിളിയില്ല
ആരോമലേ നിന്നെ വരവേൽക്കുവാനായി –
ആരാരുമേ കാത്തുനിൽപ്പതില്ല
അല്ലലാൽ നൊന്തു കേണീടുമീ നാട്ടിൽ
എന്തിനാ, യെന്തിനായ് ഓണമേ നീ
എന്നിട്ടുമെന്നരികത്തണഞ്ഞു
തുമ്പയും, തുള്ളാട്ടം തുള്ളണ തുമ്പിയും
പൂക്കളിറുക്കുവാൻ ബാലകരും
ഭാവന സുന്ദരമാക്കും മനസ്സില്ല
നേരിമില്ലാർക്കുമിന്നൊന്നിനോടും
എന്തിനാ ,യെന്തിനാ,യോണമേ നീ
എന്നിട്ടുമെന്നരികത്തണഞ്ഞു
സുന്ദരമായൊരു നല്ലനാളെ
സൃഷ്ടിയോർമ്മിപ്പിക്കാൻ നീയണയേ
ചിന്തയില്ലാത്തൊരു മാനവൻ്റെ
ചിന്തയിൽപാറും കറൻസിമാത്രം
എങ്കിലുമോണമേ വന്നുവല്ലോ
നീ,യൊരുവട്ടംകൂടി യോർമിപ്പിക്കുവാൻ
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138

