Latest News

നാസയ്ക്ക് വേണ്ടിയുള്ള സ്‌പേസ് എക്‌സിന്റെ പുതിയ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജന്‍. തെലങ്കാനയില്‍ കുടുംബവേരുകളുള്ള യുഎസ് എയര്‍ഫോഴ്‌സ് പൈലറ്റ് രാജ ചാരി(44) യാണ് ബുധനാഴ്ച പുറപ്പെട്ട നാലംഗസംഘത്തിന്റെ നായകന്‍.

ക്രൂ ഡ്രാഗണ്‍ പേടകവുമായി ബുധനാഴ്ച രാത്രിയാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചത്. ചാരിയെക്കൂടാതെ കയ്‌ല ബറോണ്‍, ടോം മര്‍ഷ്‌ബേണ്‍, മത്യാസ് മോറെര്‍ എന്നിവരാണ് സംഘത്തിലുള്ളത്. 22 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷമാണ് ഇവര്‍ ബഹിരാകാശ നിലയത്തിലെത്തുന്നത്. ആറ് മാസം അവിടെ ചെലവിടും. മെറ്റീരിയല്‍സ് സയന്‍സ്, ആരോഗ്യ സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ എന്നിവയില്‍ ഗവേഷണം നടത്തുകയാണുദ്ദേശം.

ഈ ദൗത്യത്തിലൂടെ 60 വര്‍ഷത്തിനിടെ ബഹിരാകാശത്തെത്തുന്നവരുടെ എണ്ണം 600 ആയി. പതിനെട്ട് മാസത്തിനിടെ സ്‌പേസ് എക്‌സ് പതിനെട്ട് പേരെയാണ് ബഹിരാകാശത്ത് എത്തിച്ചത്. ഫെബ്രുവരിയില്‍ ബഹിരാകാശ സഞ്ചാരികളുടെ രണ്ടാം സംഘത്തെ സ്‌പേസ് എക്‌സ് അയക്കും. ഇവര്‍ക്ക് ആതിഥേയത്വം വഹിക്കുക എന്നതും ചാരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചുമതലയാണ്.

ഇന്ത്യയ്ക്ക് യഥാർതഅഥ സ്വാതന്ത്യം ലഭിച്ചത് 2014ൽ മോഡി അധികാരത്തിലേറിയപ്പോഴാണെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷവിമർശനം. കങ്കണ ചെയ്തത് രാജ്യദ്രോഹമാണെന്നും സ്വാതന്ത്ര്യ സമരത്തെ അപമാനിച്ച കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

”മഹാത്മാഗാന്ധി, നെഹ്‌റു, സർദാർ പട്ടേൽ എന്നിവരുടെ നേതൃത്വത്തിലുള്ള ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ വിപ്ലവകാരികളുടെ ത്യാഗങ്ങളെ ഇകഴ്ത്തുന്നതുമാണ് കങ്കണ റണാവത്തിന്റെ പ്രസ്താവന,”-കോൺഗ്രസ് വക്താവ് ആനന്ദ് ശർമ പറഞ്ഞു.

 

ദേശീയ മാധ്യമശൃംഖലയുടെ വാർഷിക ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ഇകഴ്ത്തി സംസാരിച്ചത്. ”സവർക്കറിലേയ്ക്കും ലക്ഷ്മിഭായിയിലേയ്ക്കും നേതാജി ബോസിലേയ്ക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകൾക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവർക്കത് അറിയാമായിരുന്നു. അവർ തീർച്ചയായും ഒരു സമ്മാനം നൽകി. അത് സ്വാതന്ത്ര്യമായിരുന്നില്ല, അത് ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത്,” എന്നായിരുന്നു കങ്കണയുടെ വാദം.

അതേസമയം, ബിജെപിയിൽ നിന്നടക്കം കടുത്ത വിമർശനമാണ് കങ്കണയ്ക്ക് നേരെ ഉയർന്നിരിക്കുന്നത്. കങ്കണയുടെ പരാമർശത്തെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നാണ് ബിജെപി എംപി വരുൺ ഗാന്ധി ചോദിച്ചത്.

‘ചിലപ്പോൾ മഹാത്മാഗാന്ധിയുടെ ത്യാഗത്തിനോടുള്ള അപമാനം, അദ്ദേഹത്തിന്റെ കൊലയാളിയോടുള്ള ബഹുമാനം, ഇപ്പോൾ മംഗൾ പാണ്ഡെ മുതൽ റാണി ലക്ഷ്മിഭായി, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, നേതാജി തുടങ്ങി ദശലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളോടുള്ള ഈ അവഗണന. ഈ ചിന്താ പ്രക്രിയയെ ഞാൻ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കണ്ടത്,’-വരുൺ പറഞ്ഞു.

മുൻ മിസ് കേരള ജേതാക്കൾ റോഡപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. മരിക്കുന്നതിന് മുമ്പ് മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടിയുടെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആർ ഒളിപ്പിച്ചതായി പോലീസ് കണ്ടെത്തി. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങളാണ് ഹോട്ടലുടമ ഒളിപ്പിച്ചത്. ഹോട്ടലുടമ റോയിയുടെ നിർദേശ പ്രകാരം ഡ്രൈവർ ഡിവിആർ വാങ്ങിക്കൊണ്ട് പോയി എന്നാണ് ജീവനക്കാരൻ മൊഴി നൽകിയിരിക്കുന്നത്.

നവംബർ ഒന്നാം തീയതിയാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങവെ 2019ലെ മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചത്. അപകടത്തിന് പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ സിസിടിവി ദൃശ്യങ്ങൾ മാറ്റി.

അതേസമയം, അപകടം നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിന് പിന്നാലെ ഒരു ഔഡി കാർ ഇവരെ പിന്തുടർന്നിരുന്നെന്ന് വ്യക്തമായിരിക്കുകയാണ്. ഈ കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോൾ അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും അവർക്ക് മുന്നറിയിപ്പ് നൽകുന്നതിനാണ് പിന്തുടർന്നതെന്നുമാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

അതേസമയം അൻസി കബീറും സുഹൃത്തുക്കളും പങ്കെടുത്ത നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്തവർ തന്നെയാണോ ഇവരെ പിന്തുടർന്നതെന്നും ഡിജെ പാർട്ടിക്കിടെ ഏതെങ്കിലും തരത്തിലുള്ള വാക്ക് തർക്കങ്ങളോ മറ്റോ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കാനാണ് പോലീസിന്റെ ശ്രമം. ഹോട്ടൽ വിട്ട ഇവരെ ആരെങ്കിലും ഏതെങ്കിലും തരത്തിൽ ആക്രമിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധന.

 

എന്നാൽ ഡിജെ പാർട്ടി നടന്ന ഹാളിലേയും പുറത്തെ പാർക്കിങ് സ്ഥലത്തേയും ദൃശ്യങ്ങളടങ്ങിയ ഡിവിആറാണ് ഹോട്ടലുടമ ഇടപെട്ട് മാറ്റിയത്. ഇതാണ് കൂടുതൽ സംശയങ്ങളിലേക്ക് വഴി വെക്കുന്നത്. ഡിജെ പാർട്ടിക്ക് ശേഷം രണ്ട് തവണ നമ്പർ 18 ഹോട്ടലിൽ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഡിജെ പാർട്ടി നടന്ന ഹാളിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നില്ല. ഹോട്ടലുടമ റോയിയെ പോലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.

ഡെന്ന ആൻ ജോമോൻ വരികളെഴുതി,പാടി, അഭിനയിച്ച ആൽബം നവംബർ 13 ശനിയാഴ്ച്ച റിലീസ് ചെയ്യുന്നു.കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ ഫേസ്ബുക്ക് പേജിലൂടെയുള്ള ഒഫീഷ്യന്‍ റിലീസ് ലൈവ് പ്രോഗ്രാം ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിക്കും.തുടർന്ന് പത്മഭൂഷൺ പുരസ്ക്കാരം കരസ്ഥമാക്കിയ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും,ജി വേണുഗോപാലും ആശംസകൾ അർപ്പിക്കും തുടർന്ന് യൂകെയിലെ ലേബർ,കൺസേർവേറ്റീവ് പാർട്ടിയിലെ പ്രമുഖരായ ക്രിസ് സ്‌കിഡ്‌മോര്‍ എംപി (മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ യൂണിവേഴ്‌സിറ്റീസ് റിസേര്‍ച്ച് ആന്റ് സയന്‍സ്, ബ്രിസ്‌റ്റോള്‍), ഡാറന്‍ ജോണ്‍സ് എംപി (ഷാഡോ മിനിസ്റ്റര്‍ ബ്രിസ്‌റ്റോള്‍), വീരേന്ദ്ര ശര്‍മ്മ എംപി ഈലിംഗ് സൗത്താള്‍,ചെയർമാൻ ഓഫ് ഇൻഡോ ബ്രിട്ടീഷ് പാർലിമെൻറ്ററി ഗ്രൂപ്പ്), മാര്‍ട്ടിന്‍ ഡേ എംപി (സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി), രാജേഷ് അഗര്‍വാള്‍ (ഡെപ്യൂട്ടി മേയര്‍ ഓഫ് ലണ്ടന്‍ ഫോര്‍ ബിസിനസ്), കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് (കാബിനറ്റ് മെമ്പര്‍ ആന്റ് എക്‌സ് മേയര്‍ ഓഫ് ലണ്ടന്‍), കൗണ്‍സിലര്‍ ഫിലിപ്പ് എബ്രഹാം (എക്‌സ് മേയര്‍ ഓഫ് ലൗട്ടൻ ), കൗണ്‍സിലര്‍ ടോം ആദിത്യ (എക്‌സ് മേയര്‍ ഓഫ് ബ്രാഡ്‌ലി സ്റ്റോക്ക്, ബ്രിസ്‌റ്റോള്‍ ആന്റ് കാബിനറ്റ് ലീഡര്‍), കൗണ്‍സിലര്‍ ഡോ. ശിവകുമാര്‍ (വെല്‍വിന്‍ പാരിഷ് കൗൺസിൽ ), മനോജ് പിള്ള (യുക്മ നാഷണൽ പ്രസിഡന്റ്), അഡ്വക്കേറ്റ് എബി സെബാസ്റ്റ്യന്‍ (നാഷണൽ വൈഡ് പ്രസിഡന്റ് യുക്മ),ഡീക്കൻ ജോയ്‌സ് ജെയിംസ് (വേൾഡ് മലയാളി ഫ്രേഡേഷൻ യുകെ പ്രെസിഡണ്ട്,ഡയറക്ടർ മാഗ്‌നവിഷൻ ടിവി),മാളവിക അനിൽകുമാർ (ഐഡിയ സ്റ്റാർ സിംഗർ ,സ്വര മ്യൂസിക് അക്കാഡമി)ജെയ്‌സണ്‍ ജോര്‍ജ് (ഡയറക്ടർ ഓഫ് കലാഭവൻ ലണ്ടൻ, ജോസ് കുമ്പിളുവേലിൽ,ജർമനി(മാധ്യമ പ്രവർത്തകൻ പ്രവാസി ഓൺലൈൻ ) സണ്ണി പി മത്തായി (കെ.സി.എഫ് വാറ്റ്‌ഫോർഡ് ട്രസ്റ്റീ, 7 ബീറ്റ്‌സ് സംഗീതോത്സവം കോർഡിനേറ്റർ) ഡെന്നാ ആന്‍ ജോമോന്‍, സന്തോഷ നമ്പ്യാര്‍(മ്യൂസിക് ഡയറക്ടർ ,ഗ്രെഡഡ് കിബോർഡിസ്റ് ,വോക്‌സ് ആഞ്ചല സ്റ്റുഡിയോ )ബോബി രാമനാഥന്‍ (ഫിലിം മേക്കർ ഐസ് മീഡിയ യുകെ ),ജോമോൻ മാമ്മൂട്ടിൽ എന്നിവരും പങ്കെടുക്കും. പ്രശസ്ത കവയത്രിയും അവതാരകയുമായ രശ്മി പ്രകാശ് ആണ് ഫേസ്ബുക് ലൈവിലൂടെ അവതാരകയായെത്തുന്നത്.

ഇതേസമയം തന്നെ പ്രശസ്ത മലയാള സിനിമാ താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂട ശനിയാഴ്ച ഗാനം റിലീസ് ചെയ്യും. യുകെ സമയം വൈകിട്ട് മൂന്നു മണിക്കും ഇന്ത്യന്‍ സമയം വൈകിട്ട് 8.30നുമാണ് റിലീസിംഗ്. പ്രശസ്ത സിനിമാ താരങ്ങളായ ജോണി ആന്റണി, സാന്ദ്രാ തോമസ്, ജയസൂര്യ, സലിം കുമാര്‍, പത്മഭൂഷൺ പുരസ്‌കാരം കരസ്ഥമാക്കിയ മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയും, ജി വേണുഗോപാല്‍,മധു ബാലകൃഷ്ണൻ, സ്റ്റീഫന്‍ ദേവസി, പ്രമുഖ സൂപ്പർ ഹിറ്റ് സംവിധായകരായ അജയ് വാസുദേവ് ( സിനിമ :രാജാധിരാജ, ഷൈലോക് ,മാസ്റ്റർപീസ് ) ജിബു ജേക്കബ് (സിനിമ: വെള്ളിമൂങ്ങ,മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ,ഏറ്റവും പുതിയ സിനിമ: എല്ലാം ശരിയാകും ) മിന്‍മിനി, രഞ്ജിനി ജോസ്, മാളവിക അനിൽകുമാർ (ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം) സുബി തോമസ് (ഫ്‌ളവേഴ്‌സ് ടീവീ ഓപ്പറേഷനൽ ഹെഡ് യു.എസ് .എ ) എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് റിലീംസിംഗ്.

Please stay tuned Saturday 13th November 3pm (UK) 8:30 pm (India)Cochin Kalabhavan London Facebook Live…

രജനീകാന്ത്, നയന്‍താര, കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു എന്നിങ്ങനെ വന്‍ താരനിര അണിനിരക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് അണ്ണാത്തെ. ശിവ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഇതിനോടകം തന്നെ ബോക്‌സ് ഓഫീസില്‍ 200 കോടി നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള താരമാണ് മലയാളി നടി കുളപ്പുള്ളി ലീല. രജനീകാന്തിനൊപ്പം കുളപ്പുള്ളി ലീല അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് അണ്ണാത്തെ.

1995ല്‍ പുറത്തിറങ്ങിയ മുത്തു എന്ന സിനിമയിലാണ് ഇതിന് മുന്‍പ് ഇരുവരും ഒന്നിച്ചത്. എന്നാല്‍ അണ്ണാത്തെയുടെ സെറ്റില്‍ വെച്ച് തന്നെ കണ്ടപ്പോള്‍ രജനീകാന്തിന് മനസിലായിരുന്നില്ലെന്നാണ് നടി പറയുന്നത്. പ്രമുഖ ദൃശ്യ ന്യൂസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രജനീകാന്തിനൊപ്പമുള്ള രണ്ടാം ചിത്രത്തിന്റെ വിശേഷങ്ങള്‍ നടി പറഞ്ഞത്.

”രജനി സാറിനൊപ്പം മുത്തുവിലായിരുന്നു ഇതിനുമുമ്പ് അഭിനയിച്ചത്. അന്ന് സാര്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. പിന്നെ ഇപ്പോള്‍ കണ്ടപ്പോള്‍ ആദ്യം വണക്കം ഒക്കെ പറഞ്ഞു.

പിന്നെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ വിളിച്ച് അടുത്തിരുത്തി സംസാരിച്ചു. മുത്തുവില്‍ ഒപ്പം അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഏതു റോളാണെന്നായി ചോദ്യം.

ആലില്‍ കെട്ടിയ ശേഷം ഭീഷണിപ്പെടുത്തിയ ആളാണെന്ന് ഞാന്‍ പറഞ്ഞു. അത് നിങ്ങളാണോ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്കെത്ര വയസായെന്നായിരുന്നു അടുത്ത ചോദ്യം.

ഓരോ ഡയലോഗ് പറയുമ്പോഴും നന്നായി എന്ന് സാര്‍ പറയുമായിരുന്നു. ലീലയേപ്പറ്റി
അന്വേഷിച്ചെന്ന് സാര്‍ പറഞ്ഞതായി പിന്നീട് സംവിധായകന്‍ ശിവ എന്നോട് പറഞ്ഞു. എന്നെ സംബന്ധിച്ചടത്തോളം അതൊക്കെ വലിയ ഒരു അവാര്‍ഡാണ്,” കുളപ്പുള്ളി ലീല പറഞ്ഞു.

അണ്ണാത്തെയില്‍ നടി അവതരിപ്പിച്ച മുത്തശ്ശിയുടെ കഥാപാത്രം വലിയ പ്രേക്ഷകപ്രീതിയാണ് നേടുന്നത്.

യുകെ ആസ്ഥാനമായുള്ള ചരിത്രകാരന്മാർ സഖ്യസേനയുടെ യുദ്ധശ്രമങ്ങളിൽ ഇന്ത്യൻ സൈനികരുടെ സംഭാവനയെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ച വാഗ്ദാനം ചെയ്യുന്നു.പാകിസ്ഥാനിലെ ലാഹോർ മ്യൂസിയത്തിന്റെ ആഴത്തിൽ കണ്ടെത്തിയ ഫയലുകൾ വ്യാഴാഴ്ച യുദ്ധവിരാമ ദിനത്തോടനുബന്ധിച്ച് ഡിജിറ്റൈസ് ചെയ്ത് ഒരു വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തു.

ചരിത്രകാരന്മാർക്കും ബ്രിട്ടീഷ്, ഐറിഷ് സൈനികരുടെ പിൻഗാമികൾക്കും സേവന രേഖകളുടെ പൊതു ഡാറ്റാബേസുകൾ തിരയാൻ കഴിയുമെങ്കിലും, ഇതുവരെ ഇന്ത്യൻ സൈനികരുടെ കുടുംബങ്ങൾക്ക് അത്തരമൊരു സൗകര്യം നിലവിലില്ല.

ആഗോള തലത്തിൽ ഒന്നാം ലോകയുദ്ധത്തിന്റെ സ്മരണ പുതുക്കുമ്പോൾ ഇതൾവിരിയുന്നത് ഇന്ത്യൻ സൈനികരുടെ മഹത്തായ സംഭാവനകൾ. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി പോരാടിയ വിഭജിക്കാത്ത പഞ്ചാബിലെ സൈനികരാണ് ഒന്നാം ലോകമഹായു ദ്ധത്തിൽ ധീരമായി പോരാടിയത്. ഈ മാസം 14-ാം തിയതി ഞായറാഴ്ച യുദ്ധസ്മരണാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി മുൻ സൈനികരുടെ ആദ്യഘട്ട വിവരങ്ങൾ പ്രസിദ്ധപ്പെടുത്തും.

ഏറെ കാലമായി കണ്ടെത്താതിരുന്ന വിവരങ്ങളാണ് ബ്രിട്ടീഷ് യുദ്ധരേഖകളിൽ നിന്നും ശേഖരിച്ചത്. അവ പൊതുസമൂഹത്തിനായി ലഭ്യമാക്കുന്ന ആദ്യ ഘട്ട ശ്രമമാണ് നടത്താൻ പോകുന്നതെന്ന് യുകെ.പഞ്ചാബ് ഹെറിറ്റേജ് അസോസിയേഷൻ ഭാരവാഹികൾ ലണ്ടനിൽ അറിയിച്ചു.

ബ്രിട്ടീഷ് ഭരണകാലത്തെ പഞ്ചാബിലുണ്ടായിരുന്ന ഹിന്ദു-മുസ്ലീം-സിഖ് പൗരന്മാരെല്ലാം യുദ്ധത്തിൽ സൈനിക സേവനം അനുഷ്ഠിച്ചവരാണ്. ബ്രിട്ടീഷ് സൈന്യത്തിന്റെ മൂന്നിലൊന്നുപേരും പഞ്ചാബിൽ നിന്നുള്ളവരായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ആകെ ജനസംഖ്യയിലെ 8 ശതമാനം ജനങ്ങളാണ് പഞ്ചാബ് മേഖലയിലുണ്ടായിരുന്നത്.

ഒന്നാം ലോകമഹായുദ്ധസമയത്ത് ഫ്രാൻസ്, മിഡിൽ ഈസ്റ്റ്, ഗാലിപ്പോളി, ഏഡൻ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലും ബ്രിട്ടീഷ് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സേവനമനുഷ്ഠിച്ച സൈനികരെ അവരുടെ കുടുംബത്തിന്റെ ഗ്രാമങ്ങൾ നൽകിയതായി അവർ കണ്ടെത്തി. 1947ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ പഞ്ചാബ് വിഭജിക്കപ്പെട്ടു.

കോമൺവെൽത്തിൽ നിന്നുള്ള സൈനികരുടെ സംഭാവനകളെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കാൻ രേഖകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

The image shows rows of beds containing wounded Indian soldiers. Two soldiers in turbans are standing halfway along the rows towards the centre of the image and a British soldier is seated behind a desk before the fireplace.

1919ലെ ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യൻ പട്ടാളക്കാരുടെ എണ്ണം മാത്രം അന്നത്തെ ഓസ്‌ട്രേലിയയുടെ മുഴുവൻ സൈനികരേക്കാൾ അധികമായിരുന്നു വെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. അത്രയേറെ പ്രാധാന്യമുണ്ടായിരുന്ന സൈന്യത്തെ ക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് നിലവിൽ ലഭ്യമായിരുന്നുള്ളു.

നിലവിൽ 3,20,000 സൈനികരുടെ വിവരങ്ങളാണ് ലഭിച്ചത്. ജലന്ധർ, ലുധിയാന, സിയാൽകോട്ട് എന്നീ ജില്ലകളിലെ സൈനികരുടെ വിവരങ്ങളാണ് നിലവിൽ ഡിജിറ്റലാക്കിയത്. ഇനിയും 25 ജില്ലകളിലായി പങ്കെടുത്ത 2,75,000 സൈനികരെകൂടി ഉൾപ്പെടുത്താനുണ്ടെന്നും പഞ്ചാബ് അസോസിയേഷൻ അറിയിച്ചു.

യുകെയിൽ കെയർ ഹോം ജീവനക്കാർക്കുള്ള 2 ഡോസ് വാക്സിൻ നിബന്ധന. കെയര്‍ ഹോമുകളിലെ ജീവനക്കാര്‍ രണ്ട് ഡോസ് വാക്‌സിനേഷന്‍ നേടാനുള്ള സമയപരിധി ഇന്ന് തന്നെ അവസാനിക്കും. ഇരട്ട ഡോസ് വാക്‌സിനേഷന്‍ നേടാത്ത ആയിരങ്ങള്‍ കെയര്‍ ഹോമുകളിലെ ജോലികളില്‍ നിന്നും ഇതോടെ പുറത്താകും.

എന്നാല്‍ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ കെയര്‍ ഹോമുകള്‍ക്ക് സാധിക്കുമെന്ന നിലപാടാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പങ്കുവെച്ചത്. ജീവനക്കാരുടെ ക്ഷാമം മൂലം ഇന്ന് മുതല്‍ നൂറുകണക്കിന് കെയര്‍ ഹോമുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് യൂണിയനുകളുടെ വാദം. മഹാമാരി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മേഖലയില്‍ ഒരു ലക്ഷം ജീവനക്കാരുടെ കുറവാണ് നേരിട്ടിരുന്നത്.എന്‍എച്ച്എസിനോട് കാണിച്ച വിട്ടുവീഴ്ച ഇംഗ്ലണ്ടിലെ കെയര്‍ ഹോമുകള്‍ക്കു കിട്ടിയില്ലെന്ന ആക്ഷേപവും ശക്തമാണ്.

എന്നാല്‍ ഈ വാദങ്ങളില്‍ കഴമ്പില്ലെന്നും രോഗസാധ്യത അധികമുള്ള അന്തേവാസികളെ സംരക്ഷിക്കാന്‍ ഈ നയം അനിവാര്യമാണെന്നാണ് മന്ത്രിമാരുടെ ന്യായം. പ്രെസ്റ്റണ് സമീപമുള്ള കെയര്‍ ഹോം എല്ലാ അന്തേവാസികള്‍ക്കും ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ നല്‍കിയതിന് അവാര്‍ഡ് നേടുകയും ചെയ്തു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം പത്തില്‍ ഒന്‍പത് ജീവനക്കാരും ഡബിള്‍ ഡോസ് വാക്‌സിന്‍ നേടിയിട്ടുണ്ട്.

നിയമം നടപ്പിലാകുന്നതോടെ പ്രായമായ അന്തേവാസികള്‍ മരിക്കുമെന്ന വാദങ്ങള്‍ സാജിദ് ജാവിദ് തള്ളി. നയം മേഖലയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വാദിക്കുന്നു. എന്നാല്‍ വിന്റര്‍ കടന്നുകിട്ടുന്നത് വരെ കെയര്‍ ഹോമുകള്‍ക്ക് നിയമം നടപ്പാക്കാന്‍ സമയം നല്‍കണമെന്നാണ് ഇന്‍ഡിപെന്‍ഡന്റ് കെയര്‍ ഗ്രൂപ്പ് ചെയര്‍ മൈക് പാഡ്ഘാം ആവശ്യപ്പെടുന്നത്. എന്‍എച്ച്എസ് ജോലിക്കാര്‍ക്ക് ഡബിള്‍ ഡോസ് നിബന്ധന പാലിക്കാന്‍ ഏപ്രില്‍ വരെ സമയം അനുവദിച്ചിരുന്നു.

വാക്‌സിനെടുക്കുന്നതിന് പകരം രാജിവെയ്ക്കുകയാണെന്ന് അറിയിച്ച് പല ജീവനക്കാരും കുറിപ്പ് എഴുതിവെച്ച് മടങ്ങുന്നതായി സറെയിലെ കെയര്‍ ഹോം മാനേജര്‍ നിക്കി ഗില്ലെറ്റ് പറഞ്ഞു. ഏഴ് വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള ജോലിക്കാരാണ് വാക്‌സിന്റെ പേരില്‍ ജോലി ഉപേക്ഷിക്കുന്നത്.

ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റും വര്‍ണവിവേചന കാലഘട്ടമായ അപ്പാര്‍ത്തീഡ് യുഗത്തിലെ അവസാന നേതാവുമായ ഫ്രെഡറിക് വില്യം ഡി ക്ലര്‍ക്ക്(85) അന്തരിച്ചു. കേപ്ടൗണിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തെ ബാധിക്കുന്ന മെസോത്തെലോമിയ എന്ന കാന്‍സറിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

1993 നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പം സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം പങ്കിട്ടയാളാണ് ഇദ്ദേഹം. ദക്ഷിണാഫ്രിക്കയിലെ അപ്പാര്‍ത്തീഡ് കാലഘട്ടത്തിന് അന്ത്യം കുറിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ നേതൃത്വമാണ് ഇരുവരെയും നേട്ടത്തിലെത്തിച്ചത്.

നാഷണല്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നതിന് മുമ്പ് അഭിഷാകനായാണ് ക്ലര്‍ക്ക് സേവനമനുഷ്ഠിച്ചിരുന്നത്. മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് ആയിരുന്ന കാലയളവില്‍ ഇദ്ദേഹം ഉപപ്രസിഡന്റ് പദവിയും വഹിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ 12 കോടിയുടെ തിരുവോണം ബംപറടിച്ച കൊച്ചി മരട് സ്വദേശി ജയപാലന് ഭീഷണി. 65 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കും എന്നാണ് ജയപാലന് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചത്.

കണ്ണൂര്‍ ഭാഷയിലാണ് കത്ത് എഴുതിയിരിക്കുന്നത്. തൃശൂര്‍ ചേലക്കര പിന്‍കോഡില്‍ നിന്നാണ് ഊമക്കത്ത് അയച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ ജയപാലന്‍ മരട് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി.

പോപ്പുലര്‍ ഫ്രണ്ട്, കണ്ണൂര്‍, കേരള എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിനൊപ്പം ഒരു ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. തിരുവോണം ബംപറില്‍ ലഭിച്ച പണത്തില്‍ നിന്നും 65 ലക്ഷം നല്‍കിയില്ലെങ്കില്‍ ക്വട്ടേഷന്‍ നല്‍കുമെന്ന് കത്തില്‍ പറയുന്നു.

കത്തിന്റെ കാര്യം മൂന്നാമത് ഒരാള്‍ അറിയരുത് എന്നും ഭീഷണിയുണ്ട്. 15 ദിവസത്തിനകം പണം അതല്ലെങ്കില്‍ പണം അനുഭവിക്കാന്‍ അച്ഛനേയും മക്കളേയും അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നതായി ജയപാലന്‍ വ്യക്തമാക്കി.

അലുവാ കഷണം പോലെ ഒരു സ്ഥലം ഉണ്ടെന്നും അതില്‍ അര ഏക്കര്‍ വാങ്ങണമെന്നും അതിന്റെ വിലയാണ് 65 ലക്ഷമെന്നും കത്തിലുണ്ട്. ജീവിതം വഴിമുട്ടിയ എഴുപതുകാരനും ഭാര്യയ്ക്കും സഹായത്തിന് ആരുമില്ലെന്നും കത്തില്‍ പറയുന്നു.

കത്തിലെ വാചകങ്ങള്‍ ഇങ്ങനെ: ”മുതല്‍ ജപ്തിയിലാണ്. വീണ്ടെടുക്കാന്‍ ഓനെക്കൊണ്ടും ഓളെ കൊണ്ടും കഴിയില്ല. ഓനാണെങ്കില്‍ മാനസിക രോഗിയാണ്. മരുന്ന് മുടങ്ങാതെ കഴിക്കണം. ഞമ്മടെ ജാതിയിലെ ഒരു നായിന്റെ മോന്‍ ചതിച്ച ചതിയാണ്. നിങ്ങള്‍ക്ക് പടച്ചോന്‍ കനിഞ്ഞതാണ്. നിങ്ങള്‍ അധ്വാനിച്ചതല്ലല്ലോ. ആ പടച്ചോനോട് നന്ദികേട് കാട്ടരുത്. ഇവര്‍ നിങ്ങള്‍ കാരണം രക്ഷപ്പെടണം. 7 കോടിയില്‍ നിന്ന് ഈ പണം നഷ്ടപ്പെടുന്നില്ലല്ലോ. നിങ്ങളുടെ പിന്നാലെ ഞങ്ങളുടെ ആള്‍ക്കാരുണ്ട്. നിങ്ങളെ ബിജെപി സംഘികളോ പോലീസോ ഒരുത്തനും സംരക്ഷിക്കില്ല. നിങ്ങളല്ലാതെ വേറൊരാളും ഇത് അറിയണ്ട”.

ഒമാനിലുണ്ടായ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ യുവഎഞ്ചിനീയർ നാട്ടിൽവെച്ച് മരിച്ചു. അണുബാധയേറ്റാണ് മരണമെന്നാണ് സ്ഥിരീകരണം. എലിപ്പനിയാണന്ന് സംശയിക്കുന്നു. പുനലൂർ ഇടമൺ ആനപെട്ട കോങ്കൽ അശോക ഭവനിൽ നന്ദു അശോകൻ (27) ആണ് മരണമടഞ്ഞത്. മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

ഒമാനിലെ അൽ ഖുറൈറിലെ ആർക്ക് ഹോം എഞ്ചിനീയറിങ് കൺസൽറ്റൻസിയിലെ എഞ്ചീനിയറായിരുന്നു നന്ദു. രണ്ടാഴ്ച മുൻപ് ഒമാനിലെ ബദായി എന്ന സ്ഥലത്ത് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ കൈരളി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലും ശുചീകരണത്തിലും നന്ദുവും പങ്കാളിയായിരുന്നു.

പിന്നീട് ഒരാഴ്ച മുൻപ് ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ 7 ന് രാവിലെ നാട്ടിലെത്തി. തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് മരണം സംഭവിച്ചത്. ആന്തരാവയവങ്ങൾക്കെല്ലാം അണുബാധയേറ്റിരുന്നു. എലിപ്പനിയാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ട്.

നന്ദുവിന്റെ കൂടെ അന്ന് രക്ഷാ പ്രവർത്തനത്തിനിറങ്ങിയ സഹപ്രവർത്തകർക്കും അസ്വസ്ഥതകളുണ്ട്. 2019 ഫെബ്രുവരി 23 നാണ് ഇയാൾ ഒമാനിലേക്ക് പോയത്. ആനപെട്ടകോങ്കൽ എസ്എൻഡിപി ശാഖാ യൂത്ത് മൂവ്‌മെന്റ് യൂണിറ്റിന്റെ മുൻ പ്രസിഡന്റും താലൂക്ക് കമ്മിറ്റി അംഗവുമായിരുന്നു.

ആനപെട്ടകോങ്കൽ സി കേശവൻ മെമ്മോറിയൽ എസ്എൻഡിപി ശാഖാ സെക്രട്ടറിയും സിപിഐ ഇടമൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ വി അശോകന്റെയും തെന്മല ഗ്രാമപഞ്ചായത്ത് സിഡിഎസ് അധ്യക്ഷ ലാലി അശോകന്റെയും മകനാണ്. സഹോദരൻ സനന്തു അശോകൻ.

RECENT POSTS
Copyright © . All rights reserved