Latest News

ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവിതാരമാകുമെന്ന്​​ ആഘോഷിക്കപ്പെട്ട ഉന്മുക്​ത്​​ ചന്ദ്​ 28ാം വയസ്സിൽ വിരമിച്ചു. ബി.സി.സി.ഐക്ക്​ രാജിക്കത്ത്​ നൽകിയ ഉന്മുക്​ത്​ മറ്റേതെങ്കിലും രാജ്യ​ത്തേക്ക്​ കുടിയേറി കരിയർ സുരക്ഷിതമാക്കാനുള്ള ചിന്തയിലാണ്​. അമേരിക്കയാണ്​ താരത്തിന്‍റെ ലക്ഷ്യമെന്നാണ്​ റിപ്പോർട്ടുകൾ.

2012 അണ്ടർ 19 ലോകകപ്പിലെ അവിസ്​മരണീയ പ്രകടനത്തിലൂടെയാണ്​ ഉന്മുക്​ത്​ ക്രിക്കറ്റ്​ ലോകത്ത്​ ശ്രദ്ധാകേന്ദ്രമായത്​. ആസ്​ട്രേലിയക്കെതിരെ ഫൈനലിൽ 111 റൺസെടുത്ത്​ പുറത്താകാതെ നിന്ന ഉന്മുക്തിന്‍റെ മികവിലാണ്​ ഇന്ത്യ ലോകകിരീടം നേടിയത്​.

”ഇന്ത്യക്കായി ഇനി കളിക്കാൻ ആകില്ലെന്ന തിരിച്ചറിവിലാണ്​ കളി അവസാനിപ്പിക്കുന്നത്​. ഇന്ത്യയോടൊപ്പമുള്ള ഈ ക്രിക്കറ്റ്​ യാത്രയിൽ ഒരുപാട്​ അവിസ്​മരണീയ നിമിഷങ്ങളുണ്ട്​. ഇന്ത്യക്കായി അണ്ടർ 19 കിരീടം നേടിയത്​ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമാണ്​. ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരുടെ ചുണ്ടിൽ ചിരി കൊണ്ടുവരാനായതിൽ ഇന്ത്യൻ നായകനെന്ന നിലയിൽ അഭിമാനിക്കുന്നു. ഇന്ത്യൻ എ ടീമിനെ വിവിധ ത്രിരാഷ്​ട്ര പരമ്പരകളിൽ ജേതാക്കളാക്കിയതും ഒരിക്കലും മറക്കില്ല” -ഉന്മുക്​ത്​ ചന്ദ്​ കുറിച്ചു.

2012ൽ 12ാം വയസ്സിൽ തന്നെ ഐ.പി.എല്ലിൽ അരങ്ങേറിയ ഉന്മുക്​തിന്​ കാര്യമായി തിളങ്ങാനായില്ല. ആദ്യം ഡൽഹി ഡെയർ ഡെവിൾസിലും പിന്നീട്​ മുംബൈ ഇന്ത്യൻസിലും രാജസ്ഥാൻ റോയൽസിലുമെത്തി. 67 ഫസ്റ്റ്​ക്ലാസ്​ മത്സരങ്ങളിൽ നിന്നായി 3379 റൺസ്​ നേടിയിട്ടുണ്ട്​.

തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥിനി മരിച്ചത് കോവിഡ്​ വാക്സിന്‍റെ പാർശ്വഫലം കാരണമെന്ന് ബന്ധുക്കൾക്ക് സംശയം. കോഴഞ്ചേരി ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം സാബു സി. തോമസി​െൻറ മകള്‍ നോവ സാബുവാണ് (19) കഴിഞ്ഞ ദിവസം മരിച്ചത്.

മരണത്തിൽ സംശയം ഉന്നയിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ജൂലൈ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പല്ലിനു കമ്പിയിടാന്‍ പോയപ്പോള്‍ അവിടെ നിന്നാണ് കോവിഷീല്‍ഡ് വാക്‌സി​െൻറ ആദ്യ ഡോസ് സ്വീകരിക്കുന്നത്. ഇതിനുശേഷം വീട്ടിലെത്തിയപ്പോള്‍ പനിയുടെ ലക്ഷണം ഉണ്ടായി. പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ പരിശോധന നടത്തി. മരുന്നു വാങ്ങി വീട്ടിലേക്ക് മടങ്ങി.

ഏഴിന് സ്ഥിതി കൂടുതല്‍ വഷളാവുകയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയതായി കണ്ടെത്തി. തുടര്‍ന്ന് വെൻറിലേറ്ററിലേക്ക് മാറ്റുകയും ചികിത്സ തുടരുകയും ആയിരുന്നു.

വ്യാഴാഴ്ച രാവിലെയോടെയാണ്​ മരണം സംഭവിച്ചത്. മരിച്ച നോവ കൊച്ചി അമൃത കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു. മരണം സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഡി.എം.ഒ എ.എല്‍. ഷീജ പറഞ്ഞു.

കോട്ടയം: ഭാരത സർക്കാരിൻ്റെ കീഴിലുള്ള മഹാത്മ ഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷൻ ഏർപ്പെടുത്തിയ ഗ്രീൻ ചാമ്പ്യൻ പുരസ്ക്കാരം കോട്ടയം സി.എം എസ്. കോളജിന് ലഭിച്ചു. ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ (ഐ.എ.എസ്) യിൽ നിന്നും പ്രിൻസിപ്പാൾ ഡോ. വർഗ്ഗീസ് സി.ജോഷ്വാ പുരസ്ക്കാരം സ്വീകരിച്ചു.ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. ജോജി പണിക്കർ ,വൈസ് പ്രിൻസിപ്പാൾ പ്രൊഫ.സിനി റേച്ചൽ മാത്യു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനായ മിഷണറി ബെഞ്ചമിൻ ബെയ്‌ലിയാണ് ഭാരതത്തിലെ ആദ്യ കലാലയമായ സി.എം.എസ് കോളേജിന്റെ സ്ഥാപകൻ. 204 വർഷം പഴക്കമുള്ള ഈ ക്യാമ്പസിൽ 560 ൽ പരം ഇനം മരങ്ങളാണ് ഉള്ളത്. അപൂർവ്വ ഇനം മരങ്ങൾ എന്ന് വനം വകുപ്പിൻ്റെ പട്ടികയിൽ ഉൾപ്പെടുത്തിയ മരങ്ങൾ വരെ ഈ ക്യാമ്പസിൽ ഉണ്ട്. വൃക്ഷങ്ങൾക്ക് ക്യൂ ആർ കോഡ് ഉൾപെടുത്തിയിട്ടുള്ളതിനാൽ സ്കാൻ ചെയ്താൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വൃക്ഷങ്ങളെ പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ ലഭിക്കും.

കോട്ടയം നഗരത്തിലെ മിക്ക സ്ഥലങ്ങളിലേക്കുമുള്ള ശുദ്ധജലം ശേഖരിച്ചിരിക്കുന്നത് സി.എം.എസ്സിന്റെ വിസ്തൃതമായ കാമ്പസ്സിലെ വനപ്രദേശത്താണ്. ഒരുപക്ഷേ ഏറ്റവുമധികം ശുദ്ധവായു ലഭിക്കുന്ന ഹരിതാഭമായ കാമ്പസും ഇതുതന്നെയാവണം.കലാലയരാഷ്ട്രീയത്തിന്റെ കാര്യത്തിലും ഒട്ടുവളരെ പാരമ്പര്യം അവകാശപ്പെടാൻ ഈ കാമ്പസിനുണ്ട്. ഈ ചരിത്രത്തെയൊക്കെ തനിമയോടെ നിലനിർത്തണമെന്നുള്ള ചിന്തയാണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എപ്പോഴും.ശോഷിച്ചുവരുന്ന കാമ്പസിലെ വന്യസൗന്ദര്യത്തെ പരിപോഷിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഏറെ ശ്രമങ്ങളും നടത്തുന്നു.

മഹത്തായ ഇരുനൂറാം വാർഷികം ഇവർ ആഘോഷിച്ചത് നാട്ടിൽ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന അമ്പതോളം വൃക്ഷ ജനുസുകളുടെ ഇരുനൂറ് തൈകൾ ക്യാമ്പസിലും സമീപപ്രദേശങ്ങളിലും നട്ടുകൊണ്ടാണ്. ‘ഒറ്റ ദിവസത്തേക്കുള്ള പ്രകൃതിസ്നേഹത്തിൽ വിശ്വാസമില്ല.സംരക്ഷിക്കപ്പെടാത്ത ഒരു മരവും ഞങ്ങൾ നടില്ല ‘എന്ന പ്രഖ്യാപനത്തിൽ തന്നെ പ്രകൃതിയോടുള്ള അവരുടെ സമീപനം വ്യക്തമാണ്. സ്വാതന്ത്യ സമരത്തിൻ്റെ പങ്കാളിത്തം അടക്കം രാജ്യത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ അധ്യായമെഴുതിയ കോട്ടയം സി.എം.സ് കോളജ് പരിസ്ഥിതി സൗഹാർദ്ധ പെരുമാറ്റ ചട്ടങ്ങൾ പാലിച്ച് എക്കാലവും ഒരു പ്രകാശഗോപുരമായി നില്ക്കട്ടെയെന്ന് ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള ആശംസിച്ചു.

അമേരിക്കന്‍ മുന്‍പ്രസിഡന്റ് ബില്‍ ക്ലിന്റണും മോണിക്ക ലെവിന്‍സ്‌കിയും തമ്മിലുണ്ടായ രഹസ്യബന്ധം ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ, ബില്‍ ക്ലിന്റണ്‍-മോണിക്ക ലെവിന്‍സ്‌കി ബന്ധത്തെ ആസ്പദമാക്കി ഒരുക്കിയ വെബ് സീരിസ് റിലീസിന് ഒരുങ്ങുന്നു.

‘ഇംപീച്ച്‌മെന്റ്: അമേരിക്കന്‍ ക്രൈം സ്റ്റോറി’ എന്ന് പേരിട്ടിക്കുന്ന സീരിസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ ഏഴിന് ആദ്യത്തെ എപ്പിസോഡ് റിലീസ് ചെയ്യും. അമേരിക്കന്‍ പേ ചാനല്‍ ആയ എഫ്എക്‌സ് നെറ്റ് വര്‍ക്കിലൂടെയാകും സീരിസ് പ്രദര്‍ശിപ്പിക്കുന്നത്.

അമേരിക്കന്‍ രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങളും സീരിസിന്റെ ഭാഗമാകും. മോണിക്ക ലെവിന്‍സ്‌കിയായി ബീനി ഫെന്‍ഡ്സ്റ്റീനും ബില്‍ ക്ലിന്റണായി ക്ലീവ് ഓവനും അഭിനയിക്കുന്നു. ജെഫെറി ടൂബിന്‍ എഴുതിയ പുസ്തകത്തെ ആസ്പദമാക്കിയാണ് സീരിസ് ഒരുക്കുന്നത്.

നാദിര്‍ഷ ചിത്രം ‘ഈശോ’യ്ക്ക് എതിരെയുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമയ്ക്ക് ദൈവത്തിന്റെ പേര് നല്‍കിയെന്ന കാരണത്താല്‍ വിഷയത്തില്‍ ഇടപെടാനാകില്ല എന്ന് കോടതി അറിയിച്ചു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത് എന്ന ആവശ്യപ്പെട്ട് കൊച്ചിയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോറമാണ് ഹര്‍ജി നല്‍കിയത്.

ഹൈക്കോടതി വിധിയില്‍ സന്തോഷം അറിയിച്ച് നാദിര്‍ഷ രംഗത്തെത്തി. ദൈവം വലിയവനാണ് എന്നാണ് പൊതുതാത്പര്യ ഹര്‍ജി തള്ളിയ വിവരം പങ്കുവെച്ച് നാദിര്‍ഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഈശോ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന പോസ്റ്റര്‍ റിലീസ് ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ പേരിനെതിരെ ചില ക്രൈസ്തവരും സംഘനകളും രംഗത്തെത്തിയത്.

മതവികാരം വ്രണപ്പെടുത്തുന്നതാണ് സിനിമയുടെ പേര് എന്ന് ആരോപിച്ചാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ചിത്രം ഈശോയുമായി ബന്ധപ്പെട്ടല്ല, പേര് മാറ്റില്ല എന്ന് വ്യക്തമാക്കി നാദിര്‍ഷ രംഗത്തെത്തിയിരുന്നു. സംവിധായകനെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജും രംഗത്തെത്തിയിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പി.സി പ്രതികരിച്ചിരുന്നു.

കെസിബിസി, കത്തോലിക്ക കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകളും സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സംവിധായകനും വൈദികനുമായ ഫാ. വര്‍ഗീസ് ലാല്‍ അടക്കമുള്ളവര്‍ നാദിര്‍ഷയെ പിന്തുണച്ചും എത്തി. കലാപം സൃഷ്ടിക്കുന്നവരെ ശിക്ഷിക്കണമെന്ന് ഫാദര്‍ പറഞ്ഞിരുന്നു.

ബോളിവുഡ് താരം കങ്കണ റണാവത്ത് പങ്കുവച്ച ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍. ധാക്കട് എന്ന ചിത്രത്തിന്റെ റാപ്പ് അപ്പ് പാര്‍ട്ടിയുടെ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ബ്രാലെറ്റും പാന്റസുമാണ് കങ്കണയുടെ വേഷം ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്ന വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഇപ്പോഴിതാ, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്നെ സനാതന ധര്‍മ്മത്തെ കുറിച്ച് പഠിപ്പിക്കുന്നവര്‍ ഏകദൈവ വിശ്വാസികളെ പോലെയാണ് സംസാരിക്കുന്നത് എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. അത്തരം വസ്ത്രങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പുരാണങ്ങളുടെയും ഭാഗമാണ് എന്ന് സ്റ്റോറിയില്‍ പങ്കുവെച്ച ചിത്രത്തിലൂടെ താരം പറയുന്നു.

പുരാണങ്ങളിലെ മറ്റും സ്ത്രീകള്‍ ധരിച്ചിരുന്ന വസ്ത്രത്തിന് സമാനമാണ് താന്‍ ധരിച്ച വസ്ത്രവും എന്നാണ് കങ്കണ പറയുന്നത്. അതേസമയം, ‘നിങ്ങളോട് ബഹുമാനമുണ്ട്, പക്ഷെ ഈ വസ്ത്രം ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. അതിനാല്‍ നിങ്ങള്‍ രാജ്യസ്നേഹത്തെ കുറിച്ച് പറയാന്‍ യോഗ്യയല്ല’, ‘നാണമില്ലേ നിങ്ങള്‍ക്ക്, സ്വയം ബഹുമാനിക്കാന്‍ ശ്രമിക്കൂ’ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ എത്തിയത്.

ധാക്കട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ കങ്കണ തേജസ് എന്ന ചിത്രത്തിലാണ് ഇനി അഭിനയിക്കുന്നത്. ജയലളിതയുടെ ബയോപിക് ആയി ഒരുക്കിയ തലൈവി ആണ് കങ്കണയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് നീട്ടി വച്ചിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

തിരുവനന്തപുരം നെടുമങ്ങാട്ട് മൺവെട്ടികൊണ്ട് തലയ്ക്ക് അടിയേറ്റ കരകുളം സ്വദേശി സരിത മരിച്ചു. ഉച്ചയ്ക്കായിരുന്നു സരിതയുടെ മരണം. തലയ്ക്കടിയേറ്റ് ആഴത്തിൽ മുറിവേറ്റ 42 കാരിയായ സരിതയെ ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. നെടുമങ്ങാട് നെല്ലിമൂട്ടിലെ വിജയമോഹനൻനായരുടെ വീട്ടിലെത്തിയ സരിത മകളാണെന്ന് അവകാശവാദമുന്നയിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതിനിടയിൽ മൺവെട്ടി കൊണ്ട് വിജയമോഹൻ നായർ സരിതയുടെ തലയിൽ മർദിക്കുകയായിരുന്നു.സരിതയെ ആക്രമിച്ച വിജയമോഹൻ നായർ ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു.

കെഎസ്ആര്‍ടിസിയില്‍നിന്ന്​ വിരമിച്ചശേഷം വട്ടപ്പാറയിലെ സ്വകാര്യ സ്‌കൂളിനുവേണ്ടി വാഹനമോടിക്കുകയായിരുന്നു വിജയമോഹനന്‍നായര്‍. സരിത വിജയമോഹനന്റെ വീട്ടിലെത്തി താൻ മകളാണന്നു പറഞ്ഞ് പ്രശ്നങ്ങളുണ്ടാക്കുക പതിവായിരുന്നു. പലവട്ടം ഇതുമായി ബന്ധപ്പെട്ട് വിജയമോഹനൻനായർ നെടുമങ്ങാട് പോലീസിൽ പരാതിയും നൽകിയിരുന്നു.

കഴിഞ്ഞ ദിവസവും ഇത്തരത്തിൽ വിജയമോഹനൻ നായരുടെ വീട്ടിലെത്തി സരിത വഴക്കുണ്ടാക്കിയിരുന്നു . പലരും പറഞ്ഞിട്ടും സരിത പിൻമാറാൻ തയ്യാറായില്ല. ഇതിനിടെ വീടിനു സമീപത്തു കിടന്ന മൺവെട്ടികൊണ്ട് വിജയമോഹനൻനായർ സരിതയുടെ തലയ്‌ക്കടിച്ചു.

പരിക്കേറ്റ സരിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു പിന്നാലെ വിജയമോഹനൻനായർ വട്ടപ്പാറയിലുള്ള അനുജൻ സതീഷിന്റെ വീട്ടിലെത്തി. കൈയിൽ കരുതിയിരുന്ന ഡീസൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

തെന്നിന്ത്യൻ സിനിമാതാരം ബാല വിവാഹിതനാകുന്നു. സെപ്തംബർ 5 നാണ് ബാലയുടെ വിവാഹം എന്നാണ് അറിയുന്നത്. വധുവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കേരളത്തിൽ വച്ചുതന്നെയായിരിക്കും കല്യാണം എന്നാണ് സൂചന.
ബാലയുടെ രണ്ടാം വിവാഹമാണിത്.

രജനികാന്തിനെ നായകനാക്കി, ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’യുടെ ലഖ്‌നൗ ലൊക്കേഷനിലാണ് ബാല ഇപ്പോഴുള്ളത്. ചിത്രീകരണത്തിന് ശേഷം നാട്ടിലെത്തിയാൽ വിവാഹം നടക്കുമെന്നാണ് വിവരം.

ഗായിക അമൃത സുരേഷാണ് ബാലയുടെ മുൻഭാര്യ. ഇരുവരും പ്രണയിച്ച് വിവാഹിതരായ ഇവർ പിന്നീട് വിവാഹ മോചിതരായി. ഈ ദാമ്പത്യത്തിൽ ഒരു മകളുണ്ട്.

വീട്ടുവളപ്പിൽ സംസ്കരിക്കാൻ സ്ഥലമില്ലാത്തതുമൂലം വീട്ടമ്മയുടെ സംസ്കാരച്ചടങ്ങ് ക്രിസ്ത്യൻ പള്ളിയിൽ ഹിന്ദു ആചാരപ്രകാരം നടത്തി. രാമങ്കരി വാഴയിൽ വീട്ടിൽ പരേതനായ പുരുഷോത്തമൻ ആചാരിയുടെ ഭാര്യ ഓമനയുടെ (63) സംസ്കാരമാണു രാമങ്കരി സെന്റ് ജോസഫ്സ് പള്ളിയിൽ നടത്തിയത്. രണ്ടര സെന്റ് സ്ഥലത്താണ് ഓമനയുടെ വീട്. സംസ്കരിക്കാൻ വീട്ടുവളപ്പിൽ സ്ഥലമില്ലായിരുന്നു. ഇതു മനസ്സിലാക്കിയ കുടുംബം സമീപത്തെ പള്ളിയിലെ വികാരി ഫാ. വർഗീസ് മതിലകത്തുകുഴിയെ വിവരം അറിയിച്ചു. അദ്ദേഹം പാരിഷ് കൗൺസിൽ അംഗങ്ങളെയും ട്രസ്റ്റിമാരെയും മറ്റു ഭാരവാഹികളെയും വിവരം അറിയിച്ചു.

തുടർന്ന് സംസ്കാരം നടത്താനുള്ള സൗകര്യം ഒരുക്കി നൽകി. പള്ളി സെമിത്തേരിയിൽത്തന്നെ ഹൈന്ദവ ആചാരപ്രകാരം ചടങ്ങുകൾ നടത്താനും മൃതദേഹം ദഹിപ്പിക്കാനും പ്രത്യേകം സൗകര്യം നൽകി. ട്രസ്റ്റിമാരായ ജോമോൻ പത്തിൽചിറ, സി.പി.ജോർജുകുട്ടി ചേന്നാട്ടുശേരി, പാരിഷ് കൗൺസിൽ സെക്രട്ടറി റോയ് അൻപതിൽചിറ എന്നിവർ നേതൃത്വം നൽകി. ഓമനയുടെ മക്കൾ: ഓമനക്കുട്ടൻ, രാധിക. മരുമക്കൾ: ഗോപാലകൃഷ്ണൻ, സ്മിത.

ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവുമായി പുറത്തിറങ്ങിയ സാറാസ് സിനിമയുടെ നിര്‍മ്മാതാക്കള്‍ സിനിമാ ചിത്രീകരണ വേളയില്‍ തങ്ങളുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചെന്ന് സിഎംഐ സഭയുടെ കീഴിലുള്ള രാജഗിരി ആശുപത്രി. സിനിമയുടെ ചിത്രീകരണം നടന്നത് രാജഗിരി ആശുപത്രിയില്‍ വെച്ചായിരുന്നു.

ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന യാതൊന്നും സിനിമയിലുണ്ടാകില്ലെന്ന് സമ്മതപത്രത്തില്‍ ഒപ്പുവച്ച നിര്‍മ്മാണ കമ്പനി കരാറിനു ഘടക വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നും കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജഗിരി ഹോസ്പിറ്റല്‍ അധികൃതര്‍ സീന്യൂസിനോട് പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് ഹോസ്പിറ്റല്‍.

ജീവന്റെ മൂല്യങ്ങളെ താഴ്ത്തിക്കെട്ടി ഭ്രൂണഹത്യയെ മഹത്വവത്ക്കരിച്ച സാറാസ് സിനിമയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജീവന്റെ മൂല്യങ്ങള്‍ സംരക്ഷിച്ചും അവ ഉയര്‍ത്തിപ്പിടിച്ചുമുള്ള പാരമ്പര്യമാണ് ക്രൈസ്തവ സമൂഹത്തിന്റേത്. നിശബ്ദ ജീവനുകളെ അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ കൊല ചെയ്യുന്ന ഭ്രൂണഹത്യയെ ഏറ്റവും വലിയ പാപമായാണ് ക്രൈസ്തവ സഭ കരുതിപ്പോരുന്നത്.

ഷൂട്ടിംഗിന് മുന്‍പ് തന്നെ രാജഗിരിയുമായുണ്ടാക്കിയ കരാറിനു വിപരീതമായാണ് തിരക്കഥ ഒരുങ്ങിയത്. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും ഗര്‍ഭനിരോധനം, ഗര്‍ഭഛിദ്രം എന്നിവ കത്തോലിക്കാ സഭയും സിഎംഐ സമൂഹവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് അറിയാമെന്നും അതിനാല്‍ ഇവ തങ്ങളുടെ സിനിമയില്‍ ഉണ്ടാകില്ലെന്നുമാണ് നിര്‍മ്മാതാക്കളായ ആനന്ദ് വിഷന്‍ രാജഗിരിയ്ക്ക് കരാറില്‍ എഴുതി നല്‍കിയ ഉറപ്പ്.

എന്നാല്‍ സിനിമ പുറത്തു വന്നതോടെ ചലച്ചിത്രത്തിലെ ഗര്‍ഭഛിദ്ര അനുകൂല നിലപാട് വിവാദമായി. ഇതോടെയാണ് നിര്‍മ്മാണ കമ്പനി കരാര്‍ ലംഘനം നടത്തിയെന്ന വ്യക്തമായ തെളിവുകളുമായി രാജഗിരി ഹോസ്പിറ്റല്‍ രംഗത്ത് വന്നത്. തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ ആനന്ദ വിഷനോട് വിശദീകരണം ആവശ്യപ്പെട്ടത്.

RECENT POSTS
Copyright © . All rights reserved