Latest News

ലൗ ജിഹാദ് തടയാന്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വന്തം വ്യക്തിത്വം മറച്ചുവച്ച് സഹോദരിമാരെ അപമാനിക്കുന്നവര്‍ കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. വിവാഹം കഴിക്കുന്നതിനുവേണ്ടിയുള്ള മതപരിവര്‍ത്തനത്തിന് അംഗീകാരമില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് യോഗിയുടെ പ്രഖ്യാപനവും മുന്നറിയിപ്പും.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ യുപി സര്‍ക്കാര്‍ നേരത്തെതന്നെ നീക്കം നടത്തിയിരുന്നു. സംസ്ഥാന നിയമ കമ്മീഷനും പുതിയ നിയമത്തിന് ശുപാര്‍ശ ചെയ്തിരുന്നു.

യോഗിയുടെ വാക്കുകള്‍;

ലൗ ജിഹാദ് തടയാന്‍ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സ്വന്തം വ്യക്തിത്വം മറച്ചുവച്ച് സഹോദരിമാരെ അപമാനിക്കുന്നവരെ നിലയ്ക്കു നിര്‍ത്തും. വഴിമാറി നടന്നില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും.

അന്തരിച്ച ‘ജെയിംസ് ബോണ്ട്’ നായകന്‍ ഷോണ്‍ കോണറിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ജയിംസ് ബോണ്ട് എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു നടന്റെ മുഖം മാത്രമാണ് എന്റെ മനസിലേക്ക് വരികയെന്നും അത് ഷോണ്‍ കോണറിയുടേതാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

‘ജയിംസ് ബോണ്ട് എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു നടന്റെ മുഖം മാത്രമാണ് എന്റെ മനസിലേക്ക് വരിക. അത് ഷോണ്‍ കോണറിയുടേതാണ്. ജയിംസ് ബോണ്ട് എന്നതിനും അപ്പുറം പോയി വിസ്മയിപ്പിക്കുന്ന അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു നടന്‍ കൂടിയാണ് അദ്ദേഹം. പക്ഷേ നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഒരു അന്താരാഷ്ട്ര സ്‌പൈ എന്നതിന്റെ യഥാര്‍ത്ഥ നിര്‍വചനം അദ്ദേഹം തന്നെയാണ്. മിസ്റ്റര്‍ കോണറി, താങ്കളുടെ ആത്മാവിന് ശാന്തി നേരുന്നു. താങ്കളുടെ സിനിമകളിലൂടെ താങ്കള്‍ എന്നെന്നും ജീവിക്കും’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

ഏറെ ആരാധകരുള്ള ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച നടനാണ് ഷോണ്‍ കോണറി. ഏഴ് ചിത്രങ്ങളിലാണ് അദ്ദേഹം ജെയിംസ് ബോണ്ടായി വേഷമിട്ടത്. ഡോ. നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോള്‍ഡ് ഫിങ്കര്‍, തണ്ടര്‍ബോള്‍, യു ഒണ്‍ലി ലീവ് ടൈവ്സ്, ഡയമണ്ട് ആര്‍ ഫോറെവര്‍, നെവര്‍ സേ നെവര്‍ എഗെയിന് എന്നിവയാണ് അദ്ദേഹം അഭിനയിച്ച ബോണ്ട് ചിത്രങ്ങള്‍.

ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബര്‍, ഇന്‍ഡ്യാന ജോണ്‍സ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഓസ്‌കര്‍, ബാഫ്ത. ഗോള്‍ഡന്‍ ഗ്ലോബ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1951 ല്‍ അഭിനയ രംഗത്തെത്തിയ ഷോണ്‍ കോണറിയുടെ മുഴുവന്‍ പേര് തോമസ് ഷോണ്‍ കോണറി എന്നാണ്. 1930 ഓഗസ്റ്റ് 25 ന് സ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബറോയിലാണ് ഷോണ്‍ കോണറി ജനിച്ചത്. 2000 ത്തില്‍ സര്‍ പദവി അദ്ദേഹത്തിന് സമ്മാനിച്ചു

ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. തമിഴ്‌നാട് നാഗര്‍കോവിലില്‍ നവീന്‍ എന്ന 32കാരന്‍ ആണ് ആത്മഹത്യ ചെയ്തത്. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നേര്‍ച്ച നേര്‍ന്നിരുന്നു. അതു നിറവേറ്റുകയാണെന്ന് എഴുതിയ കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെടുത്തു.

കന്യാകുമാരി എല്ലുവിള സ്വദേശിയാണ് നവീന്‍. ഇന്നു രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റെയില്‍വേ പാളത്തില്‍ ഛിന്നഭിന്നായ മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്നു തിരിച്ചറിയല്‍ രേഖകളും പാസ്‌പോര്‍ട്ടും ഒരു കുറിപ്പും കണ്ടെടുത്തു. ഇതില്‍ നിന്നാണു മരിച്ചത് മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായ നവീനാണെന്ന് തിരിച്ചറിഞ്ഞത്.

എന്‍ജിനിയറിങ് പഠനം കഴിഞ്ഞു കുറേ കാലം ജോലിക്കു ശ്രമിച്ചിരുന്നു. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. ഈ നേര്‍ച്ച നിറവേറ്റുന്നുവെന്നാണ് മാതാപിതാക്കള്‍ക്കെഴുതിയ കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തു വന്നിറങ്ങിയ നവീന്‍ സുഹൃത്തുക്കളെ സന്ദര്‍ശിച്ചിരുന്നു. മൃതദേഹം പിന്നീട് നാഗര്‍കോവില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി

നടിയും നടന്‍ സുകുമാരന്റെ ഭാര്യയുമായ മല്ലിക സുകുമാരനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആ വാര്‍ത്തകളിലെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍.

ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നടി മല്ലിക സുകുമാരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത. ഇക്കാര്യം നിഷേധിച്ചുകൊണ്ടാണ് മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്.

ആ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും താന്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികാ സുകുമാരന്‍ വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിച്ചിട്ടില്ലെന്നും അതേപറ്റി ആലോചിക്കുമ്പോള്‍ പറയാമെന്നും നടി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്ലിക സുകുമാരന്‍ തിരുവനന്തപുരം കോര്‍പറേഷന് കീഴിലുള്ള വലിയ വിള വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആകുമെന്നായിരുന്നു പ്രചരണം. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ ഒരു കോണ്‍ഗ്രസുകാരിയാണെന്നും ഭര്‍ത്താവ് സുകുമാരന്‍ ഇടതു ചിന്താഗതിക്കാരനായിരുന്നെന്നും നടി വെളിപ്പെടുത്തിയിരുന്നു.

ചൈനീസ് വീഡിയോ ആപ്പ് ടിക് ടോകിന് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള എക്‌സിക്യൂട്ടീവ് ഓഡറിന് കോടതിയുടെ സ്‌റ്റേ. ഇന്ത്യയിലെ പോലെ ടിക്ടോക്കിനെ നിരോധിക്കാനുള്ള ഡൊണാല്‍ഡ് ട്രംപ് സര്‍ക്കാര്‍ നീക്കത്തിനാണ് കോടതിയുടെ സ്‌റ്റേ. നേരത്തെ ഇറക്കിയ ഉത്തരവ് പ്രകാരം നവംബര്‍ 12 മുതല്‍ നിലവില്‍ വരാനിരുന്ന ടിക്ടോക്ക് നിരോധനമാണ് ഇപ്പോള്‍ സ്റ്റേ ചെയ്യപ്പെട്ടത്.

അമേരിക്കയുടെ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ടിക്ടോക് നിരോധിച്ച് ഇറക്കിയ ഓര്‍ഡര്‍ നടപ്പാക്കുന്നതാണ് പെന്‍സില്‍വേനിയയിലെ ജില്ലാ കോടതിയാണ് തടഞ്ഞത്. പുതിയ നിയമം നടപ്പിലാക്കിയാല്‍ അമേരിക്കയില്‍ ടിക്ടോക് പൂട്ടുന്നതിനു തുല്യമായിരിക്കുമെന്ന് കോടതിയുടെ നിരീക്ഷണം.

ഏകദേശം 700 ദശലക്ഷം ഉപയോക്താക്കള്‍ ഈ ആപ്പ് ആഗോള തലത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഇവരില്‍ 100 ദശലക്ഷം പേര്‍ അമേരിക്കയിലാണ്. അഞ്ചു കോടി പേരെങ്കിലും അത് ദിവസവും ഉപയോഗിക്കുന്നവരുണ്ടെന്നും ജഡ്ജി പറയുന്നു. ആപ്പ് ഉപയോക്താക്കളാണ് നിരോധ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. തങ്ങള്‍ ടിക്ടോക്കിലൂടെ പ്രശസ്തരായ ഇന്‍ഫ്ളുവന്‍സര്‍മാരാണെന്നും തങ്ങള്‍ക്ക് ഫോളോവര്‍മാരെ നഷ്ടപ്പെടുമെന്നും അവര്‍ കോടതിയെ ബോധ്യപ്പെടുത്തുകയായിരുന്നു.

പരാതിക്കാര്‍ക്ക് തങ്ങളുടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുമായി സംവാദിക്കാനുള്ള അവസരം ഇല്ലാതാകുമെന്നും, അവരുടെ സ്പോണ്‍സര്‍ഷിപ് നഷ്ടമാകുമെന്നുമുള്ള വാദം ജഡ്ജി അംഗീകരിക്കുകയായിരുന്നു.

ലോകമെമ്പാടും നടക്കുന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ മുന്നേറ്റത്തിനു പിന്തുണ അർപ്പിച്ച് മുംബൈ ഇന്ത്യൻസിൻ്റെ ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ അടുത്തിടെ രംഗത്തെത്തിയിരുന്നു. രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ അർധസെഞ്ചുറി നേടിയതിനു ശേഷം ഒരു മുട്ടുകുത്തി ഇരുന്നാണ് പാണ്ഡ്യ കറുത്ത വർഗക്കാർക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന ഹാഷ്ടാഗോടെ പാണ്ഡ്യ പിന്നീട് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഈ ചിത്രം പങ്കുവക്കുകയും ചെയ്തു.

ബ്ലാക്ക് ലൈവ്സ് മാറ്റർ മുന്നേറ്റത്തിനു പിന്തുണ അർപ്പിക്കുന്ന ആദ്യ ഇന്ത്യൻ, ഐപിഎൽ താരമാണ് ഹർദ്ദിക് പാണ്ഡ്യ. പാണ്ഡ്യയുടെ ആഘോഷത്തിന് വിൻഡീസ് താരവും മുംബൈ ഇന്ത്യൻസ് നായകനുമായ കീറോൺ പൊള്ളാർഡ് ഡഗൗട്ടിൽ നിന്ന് പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു.

അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പൊലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ലോകമെമ്പാടും ബ്ലാക്ക് ലൈവ്സ് മാറ്റർ മുന്നേറ്റം ആരംഭിച്ചത്. വിൻഡീസ് താരം ഡാരൻ സമ്മി ഐപിഎലിനിടെ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നു എന്ന് വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു
ഇക്കൊല്ലത്തെ ഐപിഎലിനിടെ സൺറൈസേഴ്സിൻ്റെ വിൻഡീസ് താരം ജേസൻ ഹോൾഡർ ഐപിഎൽ ഈ മുന്നേറ്റത്തിൽ പങ്കാളിയാവാത്തതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ പിന്തുണ അർപ്പിച്ച മുംബൈ ഇന്ത്യൻസ് ഓൾ റൗണ്ടറിനെതിരെ ഒരു കൂട്ടർ രംഗത്തെത്തിയിരിക്കുകയാണ്. വെള്ളക്കാരിയെ വിവാഹം കഴിച്ച ഹാർദിക് കാപട്യമാണ് കാണിച്ചതെന്നും വിമർശനവുമായി പാണ്ഡ്യ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കീഴിൽ നിരവധി പേർ കമെന്റ് ചെയ്തു. അതേസമയം പാണ്ഡ്യയെ പിന്തുണച്ചും ആരാധകർ എത്തി.

ഇന്‍ഫോ പാര്‍ക്കിലെ വഴിയരികില്‍ 64കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാലു പ്രതികള്‍ പിടിയില്‍. കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലം ആയുര്‍ സ്വദേശി ദിവാകരന്‍ നായരുടെ മൃതദേഹം കണ്ടെത്തിയത്. സഹോദരപുത്രന്റെ ഭാര്യാപിതാവ് കോട്ടയം പൊന്‍കുന്നം സ്വദേശി അനില്‍കുമാര്‍, ക്വൊട്ടേഷന്‍ സംഘാംഗങ്ങളായ രാജേഷ്, സഞ്ജയ്, കൊല്ലം സ്വദേശിനി ഷാനിഫ എന്നിവരാണ് അറസ്റ്റിലായത്.

മരിച്ചയാളെ തിരിച്ചറിഞ്ഞത് ജ്യോത്സ്യന്റെ സഹായത്താൽ – ഞായറാഴ്ചയാണ് ശരീരമാസകലം പരുക്കുകളുമായി ദിവാകരന്‍ നായരുടെ മൃതദേഹം വഴിയരികില്‍ കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ കടലാസു കഷണത്തില്‍ കുറിച്ച കൊല്ലത്തെയൊരു ജ്യോത്സ്യന്റെ ഫോണ്‍നമ്പര്‍ കണ്ടെത്തി. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാലുള്ള ജയസാധ്യത അറിയുന്നതിനായി രണ്ടാഴ്ച മുമ്പ് എത്തിയ ദിവാകരന്‍ നായരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ആളെ തിരിച്ചറിഞ്ഞ ശേഷം മൊബൈല്‍ ടവറുകളും സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

കൊലയ്ക്ക് കാരണം സഹോദരനുമായുള്ള സ്വത്തുതര്‍ക്കം – മരിച്ച ദിവാകരന്‍ നായരും സഹോദരന്‍ മധുവും തമ്മില്‍ ഒന്നരയേക്കറിലധികം വരുന്ന ഭൂമിയെച്ചൊല്ലി തര്‍ക്കം നില നിന്നിരുന്നു. കോടതിയില്‍ നിന്നും മധു അനുകൂലമായ വിധിയും സമ്പാദിച്ചു. എന്നാല്‍, വിധി നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടും വിജയിച്ചില്ല. തുടര്‍ന്നാണ് മധുവിന്റെ മകന്റെ ഭാര്യാപിതാവ് അനില്‍കുമാര്‍ വിഷയത്തില്‍ ഇടപെട്ടത്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കിടെ ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു. പൊന്‍കുന്നം സ്വദേശിയായ അനില്‍കുമാര്‍ ക്വൊട്ടേഷന്‍ സംഘാംഗങ്ങളായ രാജേഷിനും സഞ്ജയ്ക്കുമൊപ്പം ദിവാകരനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.

കൊച്ചിയിലെത്തിക്കാൻ ഹണിട്രാപ്പ് – നാല്‍പ്പതുകാരനായ രാജേഷ് കാമുകിയായ 55കാരി ഷാനിഫയെയാണ് ദിവാകരന്‍ നായരെ കൊല്ലത്തെത്തിക്കാന്‍ ഉപയോഗിച്ചത്. ഷാനിഫ ദിവാകരന്‍ നായരുമായി ഫോണിലൂടെ സംസാരിച്ച് അടുപ്പം സ്ഥാപിച്ച ശേഷം ആലുവയിൽ എത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കാക്കാനാട്ടുള്ള പ്ലോട്ട് സന്ദര്‍ശിക്കാനെന്ന പേരില്‍ കൊച്ചിയിൽ എത്തിയ ദിവാകരനെ ഷാനിഫയെ കാണാന്‍ ആലുവയിലേക്ക് പോകും വഴി പ്രതികള്‍ ഇന്നോവ കാറില്‍ കയറ്റുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം ശ്വാസം മുട്ടിച്ച് വഴിയരികില്‍ ഉപേക്ഷിച്ചു.

യാതൊരു തുമ്പുകളും ഇല്ലാതിരുന്ന കേസില്‍ സി.സി.ടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായത്. ദിവാകരന്‍ നായര്‍ സഞ്ചരിച്ച ഓട്ടോറക്ഷയെ പിന്തുടരുന്ന ഇന്നോവ കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്. തൃക്കാക്കര എ.സി.പി കെ.എം ജിജിമോന്റെ മേല്‍നോട്ടത്തില്‍ നാലു ടീമുകളായി തിരിച്ചായിരുന്നു അന്വേഷണം.

തിരുവനന്തപുരം∙ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ നയതന്ത്ര സ്വർണക്കടത്തു കേസിൽ, സ്വർണം പിടികൂടാൻ സഹായകരമായ വിവരങ്ങൾ നൽകിയ വ്യക്തിക്ക് കസ്റ്റംസ് പ്രതിഫലം കൈമാറിയതായി സൂചന. 13.5 കോടിരൂപ വിലവരുന്ന 30 കിലോ സ്വർണമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പിടികൂടിയത്. വിവരം കൈമാറിയ വ്യക്തിക്ക് പ്രതിഫലമായി 45 ലക്ഷംരൂപ ലഭിക്കും. അഡ്വാൻസായി ലഭിക്കുന്നത് 22.50 ലക്ഷം രൂപ.

വിവരം കൈമാറിയത് ആരാണെന്നോ എവിടെയുള്ള ആളാണെന്നോ തുടങ്ങിയ വിവരങ്ങൾ കസ്റ്റംസ് കമ്മിഷണർക്ക് മാത്രമറിയുന്ന രഹസ്യമാണ്. കമ്മിഷണർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു കാർഗോ വിഭാഗം അസി. കമ്മിഷണർ രാമമൂർത്തിയുടെ നേതൃത്വത്തിൽ ജൂലൈ 5നു സ്വർണം പിടികൂടിയത്. പ്രതിഫലം കൈമാറിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ തയാറായില്ല.

ജൂലൈ ആദ്യമാണ് രാജ്യാന്തര വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ശുചിമുറി ഉപകരണങ്ങൾ അടങ്ങിയ പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു. സ്വർണക്കടത്തിനെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് ഒരു ഗ്രാമിന് 150 രൂപയാണ് പ്രതിഫലമായി നൽകുന്നത്. ആദ്യഘട്ടത്തിൽ അഡ്വാൻസായി പകുതി നല്‍കുമ്പോൾ ഗ്രാമിന് 75രൂപ. 1000ഗ്രാമാണ് 1 കിലോ സ്വർണം. അങ്ങനെവരുമ്പോൾ 1 കിലോ സ്വർണത്തിനു അഡ്വാൻസ് പ്രതിഫലമായി 75,000 രൂപ ലഭിക്കും. 30 കിലോ സ്വർണത്തിനു 22.50 ലക്ഷം രൂപ ആദ്യഘട്ടത്തിൽ നൽകും. കേസ് പൂർത്തിയായശേഷം ബാക്കി തുക കൈമാറും.

സ്വർണക്കടത്തിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് കേന്ദ്രസർക്കാരിന്റെ പ്രത്യേക ഫണ്ടിൽനിന്നാണ് പ്രതിഫലം അനുവദിക്കുന്നത്. സ്വർണം പിടികൂടി കഴിഞ്ഞാൽ പകുതി തുക അഡ്വാൻസായി നൽകും. രഹസ്യവിവരം നൽകിയ ആൾ ആവശ്യപ്പെടുന്ന സ്ഥലത്ത് കറന്‍സിയായി തുക കൈമാറും. ആളെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും. പ്രതിഫലമായി നൽകുന്ന തുകയ്ക്കു നികുതി ബാധകമല്ല.

ഇന്നത്തെ കാലത്ത് സമൂഹത്തിലും സൈബർ ഇടങ്ങളിലും ഏറി വരുന്ന പ്രവണതയാണ് ബോഡി ഷെയ്മിങ്ങ്. ഒരാളുടെ ശാരീരികാവസ്ഥയെ കളിയാക്കുന്നതിനെ ബോഡി ഷെയ്മിങ്ങ് എന്ന് ഓമനപ്പേരിട്ട് വിളിക്കുമെങ്കിലും പലരുടെയും ജീവിതത്തിൽ വില്ലനായി മാറുന്നതും ഇത് തന്നെയാണ്.

അത്തരത്തിൽ ബോഡി ഷെയ്മിങ്ങ് നടത്തുന്നവരോടും കളിയാക്കലുകൾ നേരിടുന്നവരോടും നടി കനിഹയ്ക്ക് ചിലത് പറയാനുണ്ട്. പ്രായം ശരീരത്തിലുണ്ടാക്കുന്ന വ്യത്യാസങ്ങളിൽ സ്വയം താരതമ്യം ചെയ്ത് സങ്കടപ്പെടേണ്ടതില്ലെന്ന് പറയുകയാണ് കനിഹ.. തന്റെ തന്നെ ഒരു പഴയകാല ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടാണ് കനിഹയുടെ കുറിപ്പ്. ബോഡ് ഷെയ്‍മിങ്ങിന് വരുന്നവർക്കുനേരെ നടുവിരൽ ഉയർത്തിക്കാട്ടുകയാണ് വേണ്ടതെന്നും കനിഹ പറയുന്നു.

അതേ, എന്റെ പഴയൊരു ചിത്രം തന്നെയാണ്. നിങ്ങളിൽ പലരെയുംപോലെ പഴയ സ്വന്തം ചിത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ ഞാനും പറയാറുണ്ട്, എത്ര മെലിഞ്ഞതായിരുന്നു ഞാനെന്നും എൻറെ വയർ എത്ര ഒതുങ്ങിയതായിരുന്നുവെന്നും എത്ര ഭംഗിയുള്ളതായിരുന്നു എന്റെ മുടിയെന്നുമൊക്കെ. പക്ഷേ പെട്ടെന്നുതന്നെ ഞാനോർക്കും, എന്തിനാണ് ഞാൻ ഇങ്ങനെ കരുതുന്നതെന്ന്. ഇപ്പോൾ ഞാൻ എങ്ങനെയാണ് എന്നതിൽ അസുന്തഷ്ടയാണ് എന്നാണോ അതിന് അർഥം.

ഒരിക്കലുമല്ല. സത്യത്തിൽ ഞാനിപ്പോഴാണ് എപ്പോഴത്തേക്കാളുമേറെ എന്നെ സ്നേഹിക്കുന്നത്. ആ മുറിവുകൾക്ക്, പാടുകൾക്ക്, കുറവുകൾക്ക് ഒരുപാട് മനോഹരമായ കഥകൾ പറയാനുണ്ട്. എല്ലാം വളരെ മികച്ചതായാൽ അവിടെ കഥ എന്തിരിക്കുന്നു അല്ലേ?

നമ്മുടെ ശരീരത്തെ സ്വീകരിക്കുക അതിനെ സ്നേഹിക്കുക എന്നതാണ് പ്രധാനം. മറ്റുള്ളവരുമായി ഒരിക്കലും നിങ്ങളെ താരതമ്യം ചെയ്യരുത്. നമുക്കോരോരുത്തർക്കും വ്യത്യസ്തങ്ങളായ കഥകളാണ് പറയാനുള്ളത്. നിങ്ങൾ കുറവുള്ളവരാണെന്ന് കരുതരുത്. നിങ്ങളുടെ ശരീരത്തെ ദയവായി സ്നേഹിക്കാൻ തുടങ്ങൂ. ആരെങ്കിലും നിങ്ങളെ ബോഡി ഷെയ്‍മിങ് നടത്താൻ വന്നാൽ ആ നടുവിരൽ ഉയർത്തിക്കാണിച്ച് നടന്നുപോകൂ” കനിഹ കുറിക്കുന്നു.

ലണ്ടൻ : ലോകമെമ്പാടുമുള്ള മലയാളം ഇംഗ്ലീഷ് എഴുത്തുകാർക്കായി ലണ്ടൻ ഇന്റർനാഷണൽ
മലയാളം ഓഥേഴ്‌സിന് ആശംസകൾ നേർന്നുകൊണ്ട് പ്രശസ്ത സാഹിത്യകാരൻ സി.രാധകൃഷ്ണൻ അക്ഷരങ്ങളെ പ്രണയിക്കുന്നവർക്കായി ലിമക്ക് നൽകിയ വാക്കുകൾ ഇവിടെ കുറിക്കട്ടെ. “വിദ്യാരംഭ ദിവസം ആണ് ഞാൻ ഇത് കുറിക്കുന്നത്. എല്ലാം കൊണ്ടും ഒരു നല്ല ദിവസം. അക്ഷരത്തെ പൂജിക്കുന്ന ഒരു സംസ്കാരം മലയാളിക്കേ ഉളളൂ എന്നു തോന്നുന്നു. ഭാഷ തന്നെയാണോ സംസ്കാരം എന്ന് നാം തിരിച്ചറിയുന്നു. ലിമ ഈ തിരിച്ചറിവിനും അതിനെ അനുധാവനം ചെയ്യാനും നമ്മെ സഹായിക്കട്ടെ.
അത് അകലങ്ങൾ ഇല്ലാതാകട്ടെ. സൃഷ്ടിപരത വിജയിക്കട്ടെ”.

സ്വദേശ വിദേശത്തുള്ള മലയാളം -ഇംഗ്ലീഷ് എഴുത്തുകാർക്കും കലാസാംസ്കാരിക രംഗത്തുള്ളവർക്കുമായി ലിമ അറിവുകളുടെ ഇന്റർനെറ്റ് ഫേസ് ബുക്ക് ഇതര കൂട്ടായ്‌മകൾ ഒരുക്കുന്നു. നമ്മുടെ അക്ഷരസംസ്കാരത്തെ സോഷ്യൽ മീഡിയകളിൽ ചിലരൊക്കെ സങ്കീർണ്ണവും അരാജകവുമാക്കി മാറ്റുമ്പോൾ ദീർഘമായ നമ്മുടെ സാംസ്കാരിക പൈത്രകത്തെ ഊട്ടി വളർത്തേണ്ട ഉത്തരവാദിത്വ൦
മാതൃഭാഷയെ സ്‌നേഹിക്കുന്ന ലോകമെങ്ങുമുള്ള മലയാളികളുടെ, കലാ-സാഹിത്യ-സാംസ്‌കാരിക-മാധ്യമ രംഗത്തുള്ളവരുടെ കടമയാണ്. മലയാളം ഇംഗ്ലീഷ് എഴുതുന്ന വിദ്യാർത്ഥികൾക്കും എഴുത്തുകാർക്കും
ഭാഷയുടെ തെളിവും മിഴിവും കുറവും ഇതിലെഴുതാം. ചിത്രങ്ങൾ വരക്കാം, കവിതകളും ഗാനങ്ങളും മാത്രമല്ല ആശയസംവേദനത്തിനും അവസരമുണ്ട്. ലിമയിലൂടെ നിങ്ങളുടെ കാവ്യസൗന്ദര്യത്തെ
വെളിപ്പുടുത്തുക. കലാസാഹിത്യ സാംസ്കാരിക രംഗത്തുള്ള പ്രമുഖരാണ് ലിമക്ക് നേതൃത്വ൦ കൊടുക്കുന്നത്.

ചെയർമാൻ – ഡോ.ജോർജ് ഓണക്കൂർ (നോവലിസ്റ്റ്,കഥാകാരൻ,സാഹിത്യവിമർശകൻ, തിരക്കഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ.ധാരാളം പദവികൾ, ബഹുമതികൾ ലഭിച്ചിട്ടുണ്ട്)
ബ്രിട്ടൻ – കാരൂർ സോമൻ, പ്രസിഡന്റ് (നാടകം, നോവൽ, ബാലനോവൽ, ഇംഗ്ലീഷ് നോവൽ, കഥ, കവിത, ലേഖനം, ചരിത്രം, ചരിത്ര കഥകൾ, ജീവചരിത്രം, യാത്രാവിവരണം, ശാസ്ത്ര -കായിക മേഖലകളിൽ അൻപതോളം കൃതികൾ)
സിസിലി ജോർജ്, സെക്രട്ടറി(ചെറുകഥാകൃത്ത് – നോവൽ കഥാപുസ്തകങ്ങൾ പ്രസിദ്ധികരിച്ചു,
ചിത്രകാരി, സാംസ്‌കാരിക പ്രവർത്തനം).
അഡ്വ. റോയി പഞ്ഞിക്കാരൻ, പി.ആർ.ഒ. (കവി, ഗാനരചയിതാവ്, സോഷ്യൽ വർക്കർ, ചാരിറ്റി
പ്രവർത്തന൦).
ജിൻസൻ ഇരിട്ടി, ജനറൽ കോർഡിനേറ്റർ. (കഥാകൃത്ത് , നോവലിസ്റ്റ് , തിരക്കഥാകൃത്ത് , ഹൃസ്വ ചിത്ര സംവിധയകാൻ, ഛായാഗ്രാഹകൻ, സോഷ്യൽ ആറ്റിവിസ്റ്റ്)
ഇന്ത്യ – പ്രതീക്ഷ സുസ്സൻ ജേക്കബ്, എഡിറ്റർ (ഇംഗ്ലീഷ് കവിതാ സമാഹാരങ്ങൾ പ്രസിദ്ധികരിച്ചു)
ഡോ. മുഞ്ഞിനാട് പത്മകുമാർ. കോർഡിനേറ്റർ (കവിത, യാത്ര, ചരിത്രം, വിമർശനം, വിവർത്തനം
തുടങ്ങിയ മേഖലകളിൽ അൻപതോളം കൃതികൾ)
ഡോ. ജി.ഗംഗ പ്രസാദ്, കോർഡിനേറ്റർ. (ആരോഗ്യമേഖലകളിൽ എഴുതുന്നു).
പുഷ്പാമ ചാണ്ടി, കോർഡിനേറ്റർ (സൈക്കോളജിസ്റ്റ്- കഥ -കവിതകൾ എഴുതുന്നു. അക്ഷരശ്രീ മാസികയുടെ മാനേജിങ് എഡിറ്റർ).
ഗൾഫ് – ഹിജാസ് മുഹമ്മദ്, കോർഡിനേറ്റർ – (നോവൽ – കഥാ സമാഹാരങ്ങൾ പ്രസിദ്ധികരിച്ചു).
അമേരിക്ക -ജോൺ മാത്യു. കോർഡിനേറ്റർസ് (നോവൽ, കഥാ സമാഹാരങ്ങൾ പ്രസിദ്ധികരിച്ചു. കേരള റൈറ്റേഴ്‌സ് ഫോറം, എഴുത്തുകാരുടെ സംഘടനയായ ലാനയുടെ മുൻ പ്രസിഡന്റ്),
മാത്യു നെല്ലിക്കുന്ന്, (നോവൽ, കഥ, ലേഖനം 21 പുസ്തകങ്ങൾ പ്രസിദ്ധികരിച്ചു. കേരള റൈറ്റേഴ്‌സ് ഫോറം സ്ഥാപക പ്രസിഡന്റ്,
കാനഡ – ജോൺ ഇളമത (നാടകം, നോവൽ, ചരിത്ര നോവൽ, ഇംഗ്ലീഷ് നോവൽ, കഥ, ലേഖന രംഗത്ത് പതിനാറ് കൃതികൾ, ലാനയുടെ മുൻ പ്രസിഡന്റ്, സെക്രട്ടറി).
ജർമ്മനി- ജോസ് പുതുശേരി. (നമ്മുടെ ലോകം മാഗസിൻ മാനേജിങ് എഡിറ്റർ, ലോക കേരളം സഭ മെമ്പർ, കൊളോൺ കേരളം സമാജം പ്രസിഡന്റ്,

ചെയർമാൻ -സെൻട്രൽ കമ്മിറ്റി കേരള അസ്സോസിയേഷൻസ് ജർമ്മനി).
ജോസ് കുമ്പളിവേലിൽ (സ്വതന്ത്ര പത്രപ്രവർത്തകൻ, കവി, ഗാനരചയിതാവ് ,യൂറോപ്പിലെ ആദ്യത്തെ മലയാളത്തിൽ തുടങ്ങിയ ഓൺലൈൻ ന്യൂസ് പോർട്ടൽ (പ്രവാസി ഓൺലൈൻ.കോം., പ്രവാസി ഓൺലൈൻ ന്യൂസ് ചാനൽ എന്നിവയുടെ ചീഫ് എഡിറ്റർ, അവതാരകൻ, വിവിധ സംഘടനകളിൽ മുഖ്യ
ഭാരവാഹി, സ്റ്റേജ് ഷോ കോഓർഡിനേറ്റർ, കേരളത്തിലെ മുഖ്യധാരാ മാധ്യമ ചാനൽ റിപ്പോർട്ടർ).
സ്വിസ്സ് സർലൻഡ് -ബേബി കാക്കശ്ശേരി (കവി, മൂന്ന് കവിതാ സമാഹാരങ്ങൾ പുറത്തിറങ്ങി. അതിൽ “ഹംസ ഗാനം” ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്‌കാരം നേടി).
ഓസ്ട്രേലിയ – ഡോൺ ബോസ്കോ ഫ്രഡി (എഴുത്തുകാരൻ, സോഷ്യൽ വർക്കർ, ഓസ്‌ട്രേലിയൻ മലയാളി സൊസൈറ്റി പി.ആർ.ഒ).

RECENT POSTS
Copyright © . All rights reserved