ആരോഗ്യപ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച ബ്രിട്ടണിലെങ്ങും ആഘോഷം. രാജ്യത്തെ നിശാ ക്ലബുകളില്‍ വലിയ തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. രാജ്യമെമ്പാടുമുള്ള ചെറുപ്പക്കാരും കൗമാരക്കാരും നൈറ്റ്ക്ലബുകളില്‍ ഒരുക്കിയ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു.മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമുള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ നീക്കിയ തിങ്കളാഴ്ച ഫ്രീഡം ഡേ ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് ദിവസേന 50,000നു മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷ പാര്‍ട്ടികളും തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ആളുകള്‍ അവരുടെ സ്വതന്ത്ര ജീവിതത്തിലേക്കു തിരിച്ചുവരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ആളുകളും വാക്‌സിന്‍ സ്വീകരിച്ചതിനാലാണ് ഇളവ് നല്‍കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ്പിനായുള്ള പ്രചാരണം വിജയിച്ചതിന്റെ ഫലം ഈ രാജ്യം ആസ്വദിക്കണം. അതേസമയം ജാഗ്രത പാലിക്കുകയും പ്രതിരോധ കുത്തിവയ്പ്പ് എല്ലാവരും എടുക്കുകയും വേണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ബ്രിട്ടണില്‍ 87 ശതമാനം മുതിര്‍ന്നവര്‍ക്കും ഒരു ഡോസും 68 ശതമാനം പേര്‍ക്ക് രണ്ട് ഡോസുകളും നല്‍കി. പ്രതിദിനം മരണങ്ങള്‍ 40 ആയി കുറഞ്ഞു. ജനുവരിയില്‍ ദിവസേന 1,800-ല്‍ അധികം ആളുകള്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതേസമയം, യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയില്ലെങ്കില്‍ നിലവിലെ ഡെല്‍റ്റ വകഭേദം ശക്തി പ്രാപിക്കുമെന്ന ആശങ്ക ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നു. നിലവിലെ പ്രതിദിന കേസുകളുടെ എണ്ണം അന്‍പതിനായിരത്തില്‍നിന്ന് അടുത്ത മാസത്തോടെ ഇരട്ടിയായി ഒരു ലക്ഷമാകും.
നിയന്ത്രണങ്ങള്‍ നീക്കുന്നത് കോവിഡ് വ്യാപനത്തിനിടയാക്കുമെന്ന ആരോഗ്യവിദഗ്ധരുടെ ഉപദേശം തള്ളിയാണ് ബ്രിട്ടന്റെ തീരുമാനം. ഇതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിരാശയിലാണ്. ആശുപ്രതികള്‍ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരുപതിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരെ കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ പ്രവര്‍ത്തകനായ നിക്ക് സ്‌ക്രിവന്‍ പറഞ്ഞു.
“സ്വാതന്ത്ര്യം“ പ്രഖ്യാപിച്ച യുകെയിലേക്ക് പോകരുതെന്ന് സ്വന്തം പൗരന്മാർക്ക് യുഎസിൻ്റെ മുന്നറിയിപ്പ്. ജൂലൈ 19 മുതൽ സാമൂഹിക അകലം ഒഴിവാക്കി, മാസ്ക് നിർബന്ധമല്ലാതാക്കിയ ബ്രിട്ടീഷ് സർക്കാരിൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനം അവിവേകമാണെന്ന് വിമർശനം ഉയരുന്നതിനിടെയാണ് യുഎസിൻ്റെ പുതിയ നീക്കം. യുകെയിലാകട്ടെ കോവിഡ് കേസുകൾ അതിവേഗം കുതിച്ചു കയറുന്നതായാണ് കണക്കുകൾ.
ഒഴിവാക്കാനാകാത്ത യാത്രയാണെങ്കിൽ അതിനു മുമ്പ് രണ്ടുഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണമെന്നും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ മുന്നറിയിപ്പിൽ പറയുന്നു. ബ്രിട്ടനെ, അപകടനില ഏറ്റവും ഉയർന്ന ലെവൽ – ഫോർ രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തിയാണ് അമേരിക്കയുടെ കരുതൽ നടപടി. കണക്കുകൾ വിലയിരുത്താതെ മുൻപ് പ്രഖ്യാപിച്ച റോഡ് മാപ്പിൽ മാത്രം ഉറച്ചുനിന്ന് കോവിഡിനെതിരെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ബോറിസ് സർക്കാർ പ്രതിപക്ഷത്തുനിന്നും ഉൾപ്പെടെ കനത്ത വിമർശനമാണ് നേരിടുന്നത്.
സർക്കാർ പ്രഖ്യാപിച്ച പൊതു നയം അതേപടി പിന്തുടരാതെ സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് തുടങ്ങിയ ഫെഡറൽ ഭരണകൂടങ്ങളും ലണ്ടൻ മേയ റായ സാദിഖ് ഖാൻ ഉൾപ്പെടെയുള്ള മേയർമാരും വ്യത്യസ്ത ഗൈഡ് ലൈനുകൾ തന്നെ പുറപ്പെടുവിച്ചു കഴിഞ്ഞു. വിവിധ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാർക്ക് സ്വന്തമായ കരുതൽ നടപടികളുമായി രംഗത്തുണ്ട്.
പ്രധാനമന്ത്രി സ്വാതന്ത്ര്യം പ്രഖ്യാപിച്ചതും അതിനെ ന്യായീകരിക്കുന്നതും സ്വന്തം വസതിയിൽ ഐസൊലേഷനിൽ ഇരുന്നാണ്. മാത്രമല്ല ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദും ചാൻസിലർ ഋഷി സുനാക്കും ഐസൊലേഷനിൽ തന്നെ. അതിനിടെ സർക്കാരിന്റെ തീരുമാനങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്തെത്തി. ‘ഇപ്പോൾ ഇത് ചെയ്തില്ലെങ്കിൽ പിന്നെ എപ്പോൾ’? എന്ന ചോദ്യമാണ് വിമർശനങ്ങളെ നേരിടാൻ അദ്ദേഹം ഉയർത്തുന്നത്. ഐസൊലേഷൻ ഊർജിതമാക്കി കോവിഡിനൊപ്പം ജീവിക്കുക എന്നതാണ് കേസുകൾ കൂടുമ്പോൾ അനുവർത്തിക്കാവുന്ന രീതിയെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ആളുകൾ ഒരുമിക്കുന്നിടത്ത് കുറഞ്ഞത് ഒരുമീറ്റർ സാമൂഹിക അകലം എന്ന നിയമം ഇനിമുതൽ ബ്രിട്ടനിലില്ല. ഫെയ്സ്മാസ്കും നിയമപരമായ ബാധ്യതയല്ല. എന്നാൽ കൂടുതൽപേർ ഒത്തുകൂടുന്ന സ്ഥലങ്ങളിലും പൊതു യാത്രാമാർഗങ്ങളിലും ഇൻഡോർ സാഹര്യങ്ങളിലും സർക്കാർ ഇത് ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. നൈറ്റ് ക്ലബ്ബുകളും ബാറുകളുമെല്ലാം പൂർണമായും തുറന്നെങ്കിലും രണ്ടുഡോസ് വാക്സീനെടുത്തവർക്കു മാത്രമാകും ഇവിടങ്ങളിൽ പ്രവേശനം അനുവദിക്കുക.
39,950 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 19 മരണം. 4,094 പേർ ആശുപത്രികളിൽ ചികിൽസയിലാണ്.
കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രനെതിരെ ആരോപണം. എന്‍.സി.പി നേതാവ് ഉള്‍പ്പെട്ട പീഡന പരാതി ഒതുക്കാന്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച ഫോണ്‍ റെക്കോര്‍ഡ് പുറത്തുവന്നു.ഹോട്ടല്‍ ഉടമയും എന്‍.സി.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ ജി.പത്മാകരനെതിരായ പരാതി ഒതുക്കാനാണ് മന്ത്രി പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചത്. പത്മാകരന്‍ പെണ്‍കുട്ടിയുടെ കൈയ്ക്ക് കയറി പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അപകീര്‍ത്തികരമായ പരാമര്‍ശം ഉള്‍പ്പെടുത്തി പത്മകരന്‍ സമൂഹ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്തു. ഇത് പിന്‍വലിക്കുകയും മാപ്പ് പറയണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍ അപവാദ പ്രചാരണം തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
എന്‍.സി.പി പ്രവര്‍ത്തകനാണ് പെണ്‍കുട്ടിയുടെ പിതാവ്. ഇദ്ദേഹത്തെ വിളിച്ച മന്ത്രി പാര്‍ട്ടിയില്‍ ചെറിയ വിഷയമുണ്ട് അത് തീര്‍ക്കണമെന്ന് പറയുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ പ്രശ്‌നമില്ലെന്ന് കുട്ടിയുടെ പിതാവ് പറയുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്കെതിരായ കേസ് എന്ന് മന്ത്രി തിരുത്തിപറയുന്നു. തന്റെ മകളെ പത്മാകരന്‍ കയറിപ്പിടിച്ച കേസാണോ എന്ന് ചോദിക്കുമ്പോള്‍ ‘അത് തന്നെ, അത് നല്ല നിലയില്‍ തീര്‍ക്കണം. പരിഹരിക്കണം’. എന്ന് പറയുന്നു. നല്ല നില എങ്ങനെയാണെന്ന് ചോദിക്കുമ്പോള്‍ ‘അത് നിങ്ങള്‍ക്കറിയാമല്ലോ. അത് തീര്‍ത്തിട്ട് ഇനി പിന്നീട് സംസാരിക്കാമെന്നും’ മന്ത്രി പറയുന്നു.മാര്‍ച്ച് മാസത്തില്‍ നടന്ന സംഭവത്തിലാണ് പത്മാകരന്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. തന്റെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയ പത്മാകരന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഈ സമയം പെണ്‍കുട്ടിയുടെ പിതാവും സഹോദരനും നാട്ടിലുണ്ടായിരുന്നില്ല. ഈ വിവരം പെണ്‍കുട്ടി സുഹൃത്തിനോട് മാത്രമാണ് പറഞ്ഞത്. എന്നാല്‍ നാണക്കേടാണ് പുറത്തുപറയേണ്ട എന്ന് പറഞ്ഞ് അത് അവസാനിപ്പിച്ചു. എന്നാല്‍ പത്മാകരന്‍ തന്റെ മകളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായി പ്രചരിപ്പിച്ചതോടെയാണ് ജൂണ്‍ 28ന് പരാതി നല്‍കിയതെന്നും പിതാവ് പറയുന്നു.
കുണ്ടറ സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.പോലീസ് ആവശ്യപ്പെട്ട പ്രകാരം തൊട്ടടുത്ത തിങ്കളാഴ്ച സ്‌റ്റേഷനില്‍ എത്തിയ തന്നെയും മകളെയും എതിര്‍ കക്ഷികള്‍ വരട്ടെ എന്ന് പറഞ്ഞ് ഗേറ്റിനു പുറത്തുനിര്‍ത്തി. ഈ സമയം സി.ഐ അവിടെ ഉണ്ടായിരുന്നില്ല. 12 മണിവരെ പുറത്തുനിര്‍ത്തി പറഞ്ഞുവിട്ടു. എതിര്‍കക്ഷികള്‍ വന്നു പറയാനുള്ളത് സി.ഐയോട് പറഞ്ഞുവെന്നാണ് പോലീസുകാര്‍ അറിയിച്ചത്. തങ്ങളെ പിന്നീട് വിളിപ്പിക്കാമെന്ന് പറഞ്ഞ് മടക്കിയയച്ചു. എന്നാല്‍ താന്‍ അവിടെനിന്ന് തിരിച്ചുപോരുന്നവരെ സി.ഐ സ്‌റ്റേഷനില്‍ വന്നിട്ടില്ല. എതിര്‍കക്ഷികളും വന്നിട്ടില്ലെന്നും പിതാവ് പറഞ്ഞു.
പരാതിയുടെ രസീത് പോലീസുകാരുടെ വാട്‌സ്ആപ്പില്‍ ഇട്ടതോടെ എസ്.പി ഇടപെട്ടു. ഉടന്‍ നടപടിയുണ്ടാകുമെന്ന് പറഞ്ഞു. എന്നാല്‍ ആറ് ദിവസമായി ഇതുവരെ നടപടി വന്നിട്ടില്ല. സി.ഐയോട് ചോദിക്കുമ്പോള്‍ കേസ് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന മറുപടിയാണ് കിട്ടുന്നതെന്നും പിതാവ് പറഞ്ഞു.
എന്‍.സി.പി ജില്ലാ പ്രസിഡന്റിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ ആദ്യമൊന്നും ഇടപെടാന്‍ തയ്യാറാകാത്ത നേതാക്കള്‍ മന്ത്രി വിളിച്ചതിനു ശേഷം തന്നെവിളിച്ച് ഭീഷണി മുഴക്കി. പത്മാകരനോട് കളിച്ചാല്‍ പ്രത്യാഘാതമുണ്ടാകും. പത്മാകരന്‍ ഏതു കളിയും കളിക്കുമെന്നും പറഞ്ഞു. മന്ത്രി കേസില്‍ ഇടപെട്ടതുകൊണ്ടാണ് പോലീസ് നടപടി സ്വീകരിക്കാത്തതെന്നും പിതാവ് പറയുന്നു.അതേസമയം, പീഡന പരാതിയാണെന്ന് അറിയാതെയാണ് ഇടപെട്ടതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിക്കാരെകുറിച്ച് കേട്ടപ്പോള്‍ വിളിച്ച് വിവരം തിരക്കുകയാണ് ചെയ്തത്.
മക്കൾക്കു ചെലവിനു നൽകണമെങ്കിൽ കുട്ടികളുടെ പിതൃത്വം ഡിഎൻഎ ടെസ്റ്റ് നടത്തി തെളിയിക്കണമെന്ന് ഭർത്താവു വെല്ലുവിളിച്ചതോടെയാണ് ജീവനാംശത്തിനായി യുവതി വനിത കമ്മിഷനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കളെയും മൂന്ന് മക്കളെയും കമ്മീഷൻ സൗജന്യമായി ഡിഎൻഎ ടെസ്റ്റിന് വിധേയരാക്കി.
ഡിഎൻഎ പരിശോധനയിലൂടെ യുവതിക്ക് കുട്ടികളുടെ പിതൃത്വവും സ്വന്തം അഭിമാനവും സംരക്ഷിക്കാൻ സഹായമൊരുക്കി വനിത കമ്മീഷൻ. ചിറയിൻകീഴ് സ്വദേശിയും പ്രായപൂർത്തിയായ രണ്ട് മക്കളുമുള്ള പരാതിക്കാരി തുടർന്നുള്ള കുടുംബജീവിതത്തിന് താല്പര്യമില്ലെന്നും ജീവനാംശം ലഭിക്കണമെന്നും അറിയിച്ചതിനെതുടർന്നാണ് കമ്മിഷന്റെ ഇടപെടൽ. 20 വർഷം മുൻപ് വിവാഹിതരായ ഇരുവരും ഏഴ് വർഷമായി പിരിഞ്ഞു കഴിയുകയായിരുന്നു.
പരിശോധനയിൽ കുട്ടികളുടെ അച്ഛൻ ഇയാൾ തന്നെയാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇന്നലെ നടന്ന അദാലത്തിലേക്ക് ഇരുവരെയും വിളിച്ചുവരുത്തി. എന്നാൽ പിതൃത്വം തെളിയിക്കപ്പെട്ടിട്ടും കുടുംബത്തെ ഒപ്പം കൂട്ടാനോ ജീവനാംശം നൽകാനോ ഇയാൾ തയാറായില്ല. പരാതിക്കാരിക്കു കുടുംബ കോടതിയിൽ ജീവനാംശം ലഭിക്കുന്നതിന് വേണ്ട സഹായം കമ്മിഷൻ തന്നെ ചെയ്യുമെന്ന് പരാതി കേട്ട കമ്മിഷൻ അംഗം അഡ്വ. എം.എസ്.താര പറഞ്ഞു. കമ്മിഷൻ അംഗം ഇ.എം.രാധയും അദാലത്തിൽ പങ്കെടുത്തു. ഇതുൾപ്പെടെ 24 പരാതികളാണ് പരിഗണിച്ചത്.
ഇറാക്കിലെ ബാഗ്‌ദാദില്‍ ബലിപെരുന്നാള്‍ വിപണി സജീവമായ മാര്‍ക്കറ്റിലുണ്ടായ ചാവേറാക്രമണത്തില്‍ 35 പേർ കൊല്ലപ്പെട്ടു , അറുപത് പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റില്‍ ഇന്നലെ രാത്രിയാണ് ഭീകരാക്രമണം ഉണ്ടായത്. പെരുന്നാൾ അവസാനവട്ട ഒരുക്കങ്ങള്‍ക്കായി മാര്‍ക്കറ്റിലെത്തിയവരാണ് ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകര ആക്രമണത്തിന് ഇരയായത്.
സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ പലരുടെയും നില അതീവഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാമെന്നാണ് അധികൃതര്‍ പറയുന്നത്. അബു ഹംസ അല്‍-ഇറാഖി എന്ന ചാവേറാണ് ആക്രമണം നടത്തിയതെന്ന് ടെലഗ്രാം സന്ദേശത്തില്‍ ഐസിസ് അറിയിച്ചു.
ജനം സന്തോഷത്തോടെ ആഘോഷിക്കുന്നത് ഇഷ്‌ടമില്ലാത്തവരാണ് ആക്രമണം നടത്തിയതെന്ന് ഇറാഖ് പ്രസിഡന്‍റ് ബര്‍ം സാലിഹ് വ്യക്തമാക്കി. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ബാഗ്‌ദാദ് മാര്‍ക്കറ്റില്‍ സ്‌ഫോടനമുണ്ടാകുന്നത്.
ടി.പി.ചന്ദ്രശേഖരന്റെ മകനെയും ആർഎംപി നേതാവ് എൻ.വേണുവിനെയും കൊല്ലുമെന്ന് ഭീഷണിക്കത്ത്. ടി.പിയുടെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ.രമയുടെ ഓഫീസ് വിലാസത്തിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. കത്ത് ലഭിച്ചതിന് പിന്നാലെ വേണു വടകര എസ്പിക്ക് പരാതി നൽകി.
ചാനൽ ചർച്ചയിൽ സിപിഎം എംഎൽഎ എ.എൻ.ഷംസീറിനെതിരേ ഒന്നും പറയരുതെന്നും ഇത്തരം മുന്നറിയിപ്പ് അവഗണിച്ചതാണ് ടി.പിക്ക് വിനയായതെന്നും കത്തിൽ ഭീഷണിയുണ്ട്.
സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ സിനിമാ ചിത്രീകരണത്തിന് മാര്‍ഗരേഖയായി. ലൊക്കേഷനില്‍ പരമാവധി 50 പേര്‍ക്കാണ് പ്രവേശിക്കാന്‍ അനുമതിയുണ്ടാവുക.
ഇന്‍ഡോര്‍ ഷൂട്ടിങ്ങുകള്‍ക്ക് മാത്രമാണ് നിലവില്‍ അനുമതി. ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങളും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സംഘടനകള്‍ക്ക് നല്‍കണം.
48 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഷൂട്ടിങ് സൈറ്റിങ് പ്രവേശനം അനുവദിക്കുകയുള്ളൂ. എല്ലാ ദിവസവും രാവിലെ ശരീരോഷ്മാവ് പരിശോധിക്കണം, സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണം,
സിനിമ ചിത്രീകരിക്കുന്നവര്‍ സംഘടനകള്‍ക്ക് സത്യവാങ്മൂലം നല്‍കണം. പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, മേക്കപ്പ് ഡിപ്പാര്‍ട്ട്‌മെന്റ്, വസ്ത്രാലങ്കാരം എന്നിവയിലുള്ളവര്‍ ജോലിസമയത്ത് കൈയുറകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. എല്ലാവരും മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം.
നിര്‍ദ്ദേശിക്കപ്പെട്ട ഉപയോഗ സമയം കഴിയുമ്പോള്‍ പുതിയ മാസ്‌ക് സെറ്റില്‍ വിതരണം ചെയ്യണം. 80% ആള്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റെസര്‍ കൊണ്ടു നടന്നു ഉപയോഗിക്കാവുന്ന ചെറിയ കുപ്പികളിലാക്കി നല്കണം.
കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിക്കരുത്, ഒന്നില്‍ കൂടുതല്‍ ഭക്ഷണ കൗണ്ടറുകള്‍ സെറ്റില്‍ ഉണ്ടായിരിക്കണം. കാനില്‍ ചൂടു വെള്ളം നിറച്ച് പേപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിച്ച് കുടിക്കണം. കുപ്പികള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണം. താമസിക്കുന്ന വാഹനങ്ങള്‍, ഭക്ഷണം ഉണ്ടാക്കുന്ന പാത്രങ്ങള്‍, എന്നിവ അണുവിമുക്തം ആക്കണം. ഇത് ഉറപ്പുവരുത്തേണ്ടത് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന്റെ ഉത്തരവാദിത്തമാണ്.
ചിത്രീകരണം തുടങ്ങാനിരിക്കുന്നവര്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഫെഫ്കയിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് സത്യവാങ്മൂലം നല്കണം. കേരളത്തില്‍ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങള്‍ ഒടിടി ഉള്‍പ്പെടെയുള്ള എല്ലാ മേഖലയ്ക്കും മാര്‍ഗരേഖ ബാധകമായിരിക്കും.
ആരോഗ്യ വകുപ്പിന്റെയോ പോലീസിന്റെയോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ആളുകള്‍ പരിശോധിക്കാന്‍ എത്തിയാല്‍ പൂര്‍ണ സഹകരണം ചിത്രീകരണ സ്ഥലത്ത് നല്‍കേണ്ടതാണ്. മാര്‍ഗരേഖ നടപ്പാക്കാന്‍ ഉത്തരവാദിത്വപ്പെട്ട സിനിമ സംഘടനകളുടെ പ്രതിനിധികള്‍ ഷൂട്ടിംഗ് സെറ്റുകള്‍ സന്ദര്‍ശിക്കും.
ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍. അശ്ലീല സിനിമകള്‍ നിര്‍മ്മിച്ച് നിര്‍മിച്ച് മൊബൈല്‍ ആപുകളില്‍ വില്‍പന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാത്രിയോടെ മുംബൈ പോലീസ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ പ്രധാന പ്രതി രാജ് കുന്ദ്രയാണെന്ന് പോലീസ് പറഞ്ഞു.
കുന്ദ്രയ്ക്ക് എതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കുന്ദ്രയ്ക്ക് എതിരെ കേസ് ഫയല്‍ ചെയ്തത്.
അശ്ലീല സിനിമകള്‍ നിര്‍മിച്ചതിനും അവ ചില മൊബൈല്‍ ആപുകള്‍ വഴി പ്രചരിപ്പിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈ പോലീസ് അശ്ലീല ചിത്രം നിര്‍മ്മിക്കുന്ന റാക്കറ്റിനെ പിടികൂടിയിരുന്നു. കേസില്‍ ഒമ്പത് പേര്‍ ഇതുവരെ അറസ്റ്റിലായി.
വീട്ടുകാരുമായി വഴക്കിട്ട് തൊടുപുഴയ്ക്ക് സമീപം മണക്കാട് ആറാംക്ലാസുകാരിയെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ചു. തൊടുപുഴ മണക്കാട് കുന്നത്തുപ്പാറ കൃഷ്ണനിവാസില്‍ സുദീപ്കുമാര്‍- ലക്ഷ്മി ദമ്പതികളുടെ മൂത്ത മകള്‍ നിവേദിതയാണ് (മണിക്കുട്ടി- 11) മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ജലവിഭവ വകുപ്പില്‍ ഉദ്യോഗസ്ഥനായ പിതാവ് സുദീപ് കുമാറും സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ അമ്മ ശ്രീലക്ഷ്മിയും ജോലിക്ക് പോയതായിരുന്നു.
ശ്രീലക്ഷ്മിയുടെ അമ്മ വിമലയാണ് കുട്ടികള്‍ക്ക് കൂട്ടായി വീട്ടിലുണ്ടായിരുന്നത്. ഇളയസഹോദരിക്കും അമ്മയുടെ സഹോദരിയുടെ മകനുമൊപ്പം ടി.വി കാണുകയായിരുന്നു നിവേദിത. ഇതിനിടെ കാര്‍ട്ടൂണ്‍ ചാനല്‍ വയ്ക്കുന്നതിനെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. വഴക്കിട്ട് നിവേദിത മുറിയില്‍ കയറി വാതിലടച്ചു. ഏറെ നേരമായിട്ടും വിളിച്ചിട്ട് കാണാത്തതിനെ തുടര്‍ന്ന് മുത്തശി വിമല വാതില്‍ തള്ളി തുറന്നപ്പോഴാണ് ജനലില്‍ ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ നിവേദിതയുടെ മൃതദേഹം കണ്ടത്. മുത്തശി അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്താല്‍ ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
അഫ്ഗാനിസ്താനിലെ അമേരിക്കയുടെ ‘നിതാന്തയുദ്ധം’ അവസാനിച്ചു. അമേരിക്കൻ സൈനികരിൽ 90 ശതമാനവും തിരിച്ചുപോയി. അമേരിക്ക സൈനികനടപടികൾ ഏകോപിപ്പിച്ചിരുന്ന ബാഗ്രാം വ്യോമതാവളം അഫ്ഗാൻ സൈന്യത്തിന് കൈമാറി. ഓഗസ്റ്റ് 31-ന് അവസാനത്തെ അമേരിക്കൻ സൈനികനും അഫ്ഗാൻ മണ്ണിൽനിന്ന് പുറത്തുകടക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനമാണത്. അപ്പോഴേക്കും അഫ്ഗാനിസ്താൻ ആരുടെ കൈയിലായിരിക്കും?
അമേരിക്ക താങ്ങിനിർത്തിയിരുന്ന ജനാധിപത്യ സർക്കാരിന്റെയോ ജില്ലകൾ ഓരോന്നായി പിടിച്ചടക്കി മുന്നേറുന്ന താലിബാന്റെയോ? അതോ, ആഭ്യന്തരയുദ്ധത്തിൽ മുങ്ങിപ്പോകുമോ?
അമേരിക്കയുടെ വരവ്
2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ അൽ ഖായിദ ഭീകരർ തകർത്തതുമുതൽ തുടങ്ങുന്നു അമേരിക്കൻ സൈന്യം അഫ്ഗാനിസ്താനിൽ എത്തിയതിന്റെ ചരിത്രം. ആക്രമണത്തിന്റെ ആസൂത്രകനായ അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദനെ പിടിക്കാനായിരുന്നു ആ അധിനിവേശം. 2001 സെപ്റ്റംബർ 26-ന് പഞ്ചശിർ വാലിയിൽ ബോംബിട്ടുകൊണ്ട് ലാദൻവേട്ട തുടങ്ങി. അൽ ഖായിദയ്ക്കും ലാദനും സംരക്ഷണം നൽകിയിരുന്ന താലിബാൻ ഭരണകൂടത്തെ അധികാരത്തിൽനിന്ന് പുറത്താക്കി. അൽ ഖായിദ നേതാക്കൾ പാകിസ്താനിലേക്കുകടന്നു. അവിടെ ഒളിവിൽക്കഴിഞ്ഞിരുന്ന ഉസാമയെ വർഷങ്ങൾക്കുശേഷം ഒബാമ സർക്കാർ വധിച്ചു. പാശ്ചാത്യശക്തികൾ മുൻകൈയെടുത്ത് അഫ്ഗാനിസ്താനിൽ ജനാധിപത്യഭരണം സ്ഥാപിച്ചെങ്കിലും താലിബാന്റെ ഭീഷണിയൊഴിഞ്ഞില്ല. അഫ്ഗാനിസ്താനിൽ സ്ഥിരതയുള്ള ഭരണമുണ്ടാക്കാൻ യു.എസ്., നാറ്റോ സേനകൾ അവിടെത്തുടർന്നു. യുദ്ധം അവസാനിച്ചില്ല. അഫ്ഗാനിസ്താൻ സ്ഥിരതയുള്ള രാഷ്ട്രമായില്ല. താലിബാന്റെ ശക്തി ക്ഷയിച്ചുമില്ല.
ഒരു സ്ത്രീ കാറില്‍ സഞ്ചരിക്കുമ്പോള്‍ മുന്‍വശമല്ലാതെ എല്ലാ വിന്‍ഡോകളും കറുത്ത ചായം പൂശിയിരിക്കണമെന്നായിരുന്നു താലിബാന്‍ ഭീകരര്‍ നടപ്പാക്കിയ കിരാത നിയമം. സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന ബുര്‍ക്ക ധരിക്കേണ്ടി വന്നു. സ്ത്രീയുടെ മുഖം അവരുമായി ബന്ധമില്ലാത്ത പുരുഷന്മാര്‍ കാണുന്നത് നിഷിദ്ധമായിരുന്നു.
ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, അഭിഭാഷകര്‍, പോലീസ്, സൈനിക ഉദ്യോഗസ്ഥര്‍ എന്നീ നിലകളില്‍ ആറായിരത്തിലധികം സ്ത്രീകള്‍ സേവനമനുഷ്ഠിക്കുന്നു. ഇന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധരില്‍ 8,500ലധികം സ്ത്രീകളാണ് വനിതാ പത്രപ്രവര്‍ത്തകരുടെ എണ്ണം ആയിരത്തിലധികം വരും.
പിൻമാറാൻ ശ്രമം
അഫ്ഗാനിസ്താൻ എന്ന ചക്രവ്യൂഹത്തിൽനിന്ന് പുറത്തുകടക്കാനായി പിന്നെ അമേരിക്കയുടെ ശ്രമം. അവിടെനിന്ന് അമേരിക്കൻ പട്ടാളക്കാരെ തിരിച്ചുകൊണ്ടുവരുമെന്ന് ആദ്യം വാഗ്ദാനംചെയ്തത് മുൻ പ്രസിഡന്റ് ബരാക് ഒബാമയാണ്. അതുപാലിക്കാനുള്ള ശ്രമമെന്നനിലയ്ക്ക് ചരിത്രത്തിലാദ്യമായി താലിബാനുമായി അഫ്ഗാൻ സർക്കാർ ചർച്ചനടത്തി. 2015 ജൂലായിൽ പാകിസ്താനിലായിരുന്നു ചർച്ച. അതുകൊണ്ട് ഗുണമുണ്ടായില്ല.
ഒബാമയുടെ പിൻഗാമിയായെത്തിയ ഡൊണാൾഡ് ട്രംപാകട്ടെ അമേരിക്കയും താലിബാനും തമ്മിൽ നേരിട്ടുള്ള ചർച്ചതുടങ്ങി. താലിബാനുമായി കരാറുണ്ടാക്കി. 2020 ഫെബ്രുവരിയിലുണ്ടാക്കിയ ആ കരാറനുസരിച്ച് ഇക്കൊല്ലം മേയ് ഒന്നിന് മുഴുവൻ അമേരിക്കൻ സേനാംഗങ്ങളും അഫ്ഗാനിസ്താൻ വിടേണ്ടതായിരുന്നു. അതുണ്ടായില്ല. ആക്രമണം കുറയ്ക്കുമെന്നും അൽ ഖായിദ ഉൾപ്പെടെ അഫ്ഗാനിസ്താനിലെ മറ്റുഭീകരസംഘടനകളെ നിയന്ത്രിക്കുമെന്നുമൊക്കെയുള്ള കരാർ ധാരണകൾ താലിബാനും പാലിച്ചില്ല.
ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡൻ, സൈന്യത്തിന്റെ പിൻമാറ്റക്കാലപരിധി സെപ്റ്റംബർ 11 വരെ നീട്ടി. ആ സമയക്രമം താലിബാന് സ്വീകാര്യമായില്ല. വാഗ്ദാനംചെയ്തതുപോലെ അമേരിക്കൻ സൈന്യം മേയ് ഒന്നിനുതന്നെ പൂർണമായി ഒഴിഞ്ഞുപോയില്ല എന്നതിന്റെപേരിൽ താലിബാൻ തുടങ്ങിയ ആക്രമണമാണ് ജില്ലകൾ ഓരോന്നായി കൈയടക്കി മുന്നേറുന്നത്.
രണ്ട് പതിറ്റാണ്ടിനു ശേഷം അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങുമ്പോള്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് അമേരിക്കന്‍ സൈനികരോട് ഒന്നേ പറയാനൊള്ളൂ. അരുത്… നിങ്ങള്‍ പോകരുത്. കാരണം 1994 നും 2001 നും ഇടയില്‍ താലിബാന്‍ എന്ന ഭീകര സംഘടന അധികാരത്തിലിരുന്നപ്പോള്‍ നടത്തിയ പരിഷ്‌കാരങ്ങളേറെയും സ്ത്രീ സ്വാതന്ത്ര്യത്തെ കുഴിച്ചു മൂടുന്നതായിരുന്നു. താലിബാന്റെ കിരാത നിയമങ്ങളില്‍ ശ്വാസംമുട്ടി ജീവിച്ച അഫ്ഗാന്‍ സ്ത്രീ സമൂഹം അമേരിക്കയുടെ തണലില്‍ മനുഷ്യ സ്വാതന്ത്ര്യം എന്താണെന്ന് അറിഞ്ഞ നാളുകളായിരുന്നു കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍.
അഫ്ഗാനിസ്താനിലെ 421 ജില്ലകളിൽ 85 ശതമാനവും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാൻ അവകാശപ്പെടുന്നു. മൂന്നിലൊന്നുജില്ലകളും ഏതാനും ആഴ്ചയ്ക്കുള്ളിലാണ് അവർ കൈയടക്കിയത്. എന്നാൽ, അഫ്ഗാൻ സർക്കാർ ഇത് സമ്മതിക്കുന്നില്ല. ഇക്കാര്യത്തിൽ സ്വതന്ത്രസ്ഥിരീകരണം സാധ്യമായിട്ടുമില്ല. ഒന്നരക്കോടിയോളം അഫ്ഗാൻകാർ താലിബാൻ നിയന്ത്രണജില്ലകളിൽ കഴിയുന്നുവെന്നാണ് റിപ്പോർട്ട്. ഒരുകോടിപ്പേർ സർക്കാർഭരണത്തിൻകീഴിലും. ബാക്കി 90 ലക്ഷം പേർ പാർക്കുന്ന പ്രദേശങ്ങളുടെ അവകാശം ആർക്കെന്നതിനെച്ചൊല്ലി തർക്കമാണ്. ജില്ലകൾ താലിബാൻ നിയന്ത്രണത്തിലെന്നാൽ അവിടത്തെ വിദ്യാഭ്യാസവും നികുതിപിരിവും ഉൾപ്പെടെ എല്ലാകാര്യങ്ങളും അവരുടെ ഷൂറകൾക്ക് (കൗൺസിലുകൾ) ആണെന്നർഥം.
1996 മുതൽ 2001 വരെയുള്ള താലിബാന്റെ ശിലായുഗസമാനമായ ഭരണം പല അഫ്ഗാൻകാരുടെയും മനസ്സിലുണ്ട്. അന്ന് സ്ത്രീകളുടെ ജീവിതം ദയനീയമായിരുന്നു. അമേരിക്കൻ അധിനിവേശം അവരുടെ ജീവിതത്തിലാണ് ഏറ്റവും വലിയ മാറ്റമുണ്ടാക്കിയത്. പെൺകുട്ടികളുടെ ചിരിമുഴങ്ങുന്ന പള്ളിക്കൂടങ്ങളും വഴികളും പതിവുകാഴ്ചയായി. സ്ത്രീകൾക്ക് തൊഴിൽചെയ്യാനും പോലീസിലും പട്ടാളത്തിലുംവരെ ചേരാനും കഴിഞ്ഞു. 2018-ലെ കണക്കനുസരിച്ച് അഫ്ഗാൻ പോലീസിൽ 3231-ഉം വ്യോമസേനയിലുൾപ്പെടെ സൈന്യത്തിൽ 1312-ഉം സ്ത്രീകളുണ്ട്. സിവിൽ സർവീസിൽ 21 ശതമാനം സ്ത്രീകൾ. പാർലമെന്റിൽ 27 ശതമാനവും. 20 ആണ്ടുകൊണ്ട് ഇത്രമേൽ മാറിപ്പോയ സ്ത്രീജീവിതങ്ങളെ താലിബാൻ എങ്ങനെ കൈകാര്യംചെയ്യുമെന്ന ഭയമുയരുന്നു. അധികാരത്തിലെത്തിയാൽ പഠിക്കാനും ജോലിക്കുപോകാനും സ്ത്രീകളെ അനുവദിക്കുമെന്നാണ് അവർ പറയുന്നത്. എന്നാൽ, ഇപ്പോൾ അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ അങ്ങനെയല്ല കാര്യങ്ങൾ.
മുഴുവൻ സൈന്യത്തെയും പിൻവലിക്കാൻ സമയമായിട്ടില്ല എന്ന പെന്റഗണിന്റെ വാക്ക് കണക്കിലെടുക്കാതെയാണ് ബൈഡൻ മുന്നോട്ടുപോയത്. അഫ്ഗാനിസ്താനെ സ്ഥിരതയുള്ള ജനാധിപത്യരാജ്യമാക്കാൻ അമേരിക്കൻസൈന്യം ഇനിയുമവിടെ തുടരണമെന്ന വാദത്തിന് ന്യായീകരണമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കയെ സംബന്ധിച്ച് അഫ്ഗാനിസ്താനിലേതിനെക്കാൾ ശ്രദ്ധയാവശ്യം പശ്ചിമേഷ്യയിലാണ്. അതിനെക്കാളുപരി പസഫിക് മേഖലയിൽ ചൈനയുയർത്തുന്ന വെല്ലുവിളികളെ നേരിടാൻ കൂടുതൽ ശ്രദ്ധയും വിഭവങ്ങളും വേണം. ദാരിദ്ര്യം, വംശീയാസമത്വം, കോവിഡ് പോലുള്ള പുതുരോഗങ്ങൾ എന്നിവയെ നേരിടാൻ ആളും അർഥവും വേണം. പുത്തൻ സാങ്കേതികവിദ്യകൾക്കായി പണംമുടക്കണം. അങ്ങനെവരുമ്പോൾ അഫ്ഗാനിസ്താനെ കൈവെടിയുന്നതാണ് ലാഭം.
അരക്ഷിതത്വത്തിലേക്കുവീഴുകയാണ് അഫ്ഗാനിസ്താൻ. ആറുമാസത്തിനുള്ളിൽ അഫ്ഗാൻസർക്കാർ വീഴുമെന്നാണ് അമേരിക്കൻ ഇന്റലിജൻസിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ താലിബാനുമായി അടുപ്പത്തിനുനോക്കുകയാണ് അഫ്ഗാനിസ്താന്റെ അയൽരാജ്യങ്ങൾ.
അമേരിക്ക സമ്മാനിച്ച സുവര്‍ണ കാലം
അമേരിക്കന്‍ ആക്രമണത്തില്‍ താലിബാന്റെ ശക്തി ക്ഷയിച്ചപ്പോള്‍ അഫ്ഗാന്‍ സ്ത്രീകള്‍ വീണ്ടും സ്വാതന്ത്ര്യത്തിന്റെ മധുരം നുകര്‍ന്നു. 2001 ന് ശേഷം ധാരാളം വിദേശ സഹായങ്ങളും പിന്തുണയും നല്‍കി സ്ത്രീകളുടെ അവകാശങ്ങളും ജീവിതവും പ്രോത്സാഹിപ്പിക്കുകയും അവരുടെ ചിന്തകള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു.
പൊതുവിദ്യാലയങ്ങളിലെ സ്ത്രീ പ്രവേശനം 2001 ല്‍ പൂജ്യത്തില്‍ നിന്ന് 2010 ല്‍ മൂന്ന് ദശലക്ഷമായി ഉയര്‍ന്നു. 2019 ലെ കണക്കനുസരിച്ച് ദശലക്ഷക്കണക്കിന് സ്ത്രീകള്‍ വോട്ട് ചെയ്തു. പാര്‍ലമെന്റിലെ 352 അംഗങ്ങളില്‍ 89 പേര്‍ സ്ത്രീകളാണ് എന്നതും ശ്രദ്ധേയമാണ്. സ്ത്രീകളില്‍ 13 മന്ത്രിമാര്‍, ഉപമന്ത്രിമാര്‍, നാല് അംബാസഡര്‍മാര്‍.
സ്‌കൂളുകളിലും സര്‍വകലാശാലകളിലും രണ്ടായിരത്തിലധികം യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെ 80,000 വനിതാ ഇന്‍സ്ട്രക്ടര്‍മാര്‍ ജോലി ചെയ്യുന്നു. ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, അഭിഭാഷകര്‍, പോലീസ്, സൈനിക ഉദ്യോഗസ്ഥര്‍ എന്നീ നിലകളില്‍ ആറായിരത്തിലധികം സ്ത്രീകള്‍ സേവനമനുഷ്ഠിക്കുന്നു. ഇന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധരില്‍ 8,500ലധികം സ്ത്രീകളാണ് വനിതാ പത്രപ്രവര്‍ത്തകരുടെ എണ്ണം ആയിരത്തിലധികം വരും. സാക്ഷരതാ നിരക്ക് 2000 ല്‍ 13 ശതമാനത്തില്‍ നിന്ന് 2018 ല്‍ 30 ശതമാനമായി ഉയര്‍ന്നു.
ഇന്ത്യയുടെ ബന്ധം
അഫ്ഗാനിസ്താനിലെ ജനാധിപത്യപുനഃസ്ഥാപനത്തിനും അടിസ്ഥാനസൗകര്യ നിർമാണത്തിലും നിർണായക പങ്കുവഹിച്ചിരുന്നു ഇന്ത്യ. താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചാൽ അത് ഇന്ത്യക്ക് ദോഷകരമായി ഭവിക്കും. കാരണം, പാകിസ്താൻ പോറ്റിവളർത്തിയ പല ഭീകരസംഘങ്ങളിലൊന്നാണ് താലിബാൻ. 1990-കളിലെ താലിബാൻ സർക്കാരിനെ അംഗീകരിച്ച മൂന്നുരാജ്യങ്ങളിൽ ഒന്ന് പാകിസ്താനായിരുന്നു. താലിബാൻ അധികാരത്തിലിരുന്ന കാലത്ത് ഇന്ത്യ ഏറെ ദുരിതമനുഭവിച്ചു. ജമ്മുകശ്മീരിലെ ഭീകരപ്രവർത്തനങ്ങളും കാണ്ഡഹാർ വിമാനറാഞ്ചലും ഉദാഹരണങ്ങൾ.
അമേരിക്ക പിൻമാറുന്ന അഫ്ഗാനിസ്താനിൽ ഇടപെടാൻ ഒരുക്കംകൂട്ടുകയാണ് പാകിസ്താനും ചൈനയും റഷ്യയും. റഷ്യ ഇതിനകം പലതവണ താലിബാനുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. അഫ്ഗാനിസ്താന്റെ കിഴക്കേ അതിർത്തി പങ്കിടുന്ന ചൈനയാകട്ടെ കൈനനയാതെ മീൻപിടിക്കാൻ നോക്കുന്നു. പാകിസ്താനെ മുന്നിൽനിർത്തിയാണ് ഈ ശ്രമം. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായുള്ള ഹൈവേകൾ അഫ്ഗാനിസ്താനിലൂടെ പണിയാൻ നോക്കുന്നു. ചൈനയെ സുഹൃത്തെന്നുവിളിച്ച താലിബാനാകട്ടെ, അഫ്ഗാനിസ്താനിൽ നിക്ഷേപമിറക്കാൻ അവരെ ക്ഷണിച്ചും കഴിഞ്ഞു.
പടിഞ്ഞാറേ അതിർത്തിരാജ്യമായ ഇറാനാണ് ഇടപെടാനിടയുള്ള മറ്റൊരു കൂട്ടർ. ഇതെല്ലാം മനസ്സിലാക്കിയാണ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അടുത്തിടെ ഇറാൻ സന്ദർശിച്ചത്. കഴിഞ്ഞദിവസം അദ്ദേഹം അഫ്‌ഗാൻ പ്രസിഡന്റ് ഗനിയേയും കണ്ടിരുന്നു. താലിബാനുമായി ഇന്ത്യ പിൻവാതിൽ ചർച്ചകൾ നടത്തുന്നു എന്ന വാർത്തയും ജൂൺ ആദ്യം പുറത്തുവന്നിരുന്നു.
താലിബാന്റെ കിരാത നിയമങ്ങളും പ്രത്യയശാസ്ത്രവും
താലിബാന്റെ മൊത്തത്തിലുള്ള പ്രത്യയശാസ്ത്രം ‘ശരീഅ’ ഇസ്ലാമിക നിയമത്തിന്റെ ‘നൂതന’ രൂപത്തെയും ‘പഷ്തന്‍വാലി’ എന്നറിയപ്പെടുന്ന പഷ്തൂണ്‍ സാമൂഹിക സാംസ്‌കാരിക മാനദണ്ഡങ്ങളെയും ചേര്‍ത്തുള്ള തീവ്രവാദ ഇസ്ലാമികതയായിരുന്നു.
അതിന് കാരണം മിക്ക താലിബാന്‍ അനുകൂലികളും പഷ്തൂണ്‍ ഗോത്ര വര്‍ഗക്കാരായിരുന്നു എന്നതാണ്. ഇസ്ലാമിക ശിക്ഷാ രീതികളില്‍ അറബ് രാജ്യങ്ങളിലേത് പോലെ പരസ്യമായ വധശിക്ഷ, അവയവ ച്ഛേദം തുടങ്ങിയവ നിര്‍ബാധം നടപ്പിലാക്കി. പുരുഷന്‍മാരെക്കാളും സ്ത്രീകളായിരുന്നു താലിബാന്റെ പ്രത്യയശാസ്ത്രത്തില്‍ കൂടുതലും അകപ്പെട്ടത്.
ടെലിവിഷന്‍, സംഗീതം, സിനിമ എന്നിവ നിരോധിക്കപ്പെട്ടു. ഒന്‍പത് വയസും അതിനു മുകളിലും പ്രായമുള്ള പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകുന്നത് വിലക്കി. മതപഠനം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന ബുര്‍ക്ക ധരിക്കേണ്ടി വന്നു.
സ്ത്രീയുടെ മുഖം അവരുമായി ബന്ധമില്ലാത്ത പുരുഷന്മാര്‍ കാണുന്നത് നിഷിദ്ധമായിരുന്നു. അവള്‍ക്ക് ഭര്‍ത്താവിന്റെ അനുവാദമില്ലാതെ വീട്ടില്‍ നിന്ന് പുറത്തുപോകാനായില്ല. ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല. അപരിചിതരെ നോക്കുന്ന സ്ത്രീകളെ കുറ്റക്കാരായി വിധിച്ചു.
അകമ്പടിയായി പുരുഷ ബന്ധുക്കളില്ലാതെ സ്ത്രീകള്‍ക്ക് പുറത്ത് പോകാന്‍ അനുവാദമില്ലാതിരുന്ന താലിബാന്‍ കാലത്ത് പുറത്തിറങ്ങുമ്പോള്‍ ഉച്ചത്തില്‍ സംസാരിക്കുകയോ, ചിരിക്കുകയോ ചെയ്യുന്നത് പോലും വിലക്കിയിരുന്നു.
ഒരു സ്ത്രീ കാറില്‍ സഞ്ചരിക്കുമ്പോള്‍ മുന്‍വശമല്ലാതെ എല്ലാ വിന്‍ഡോകളും കറുത്ത ചായം പൂശിയിരിക്കണമെന്നായിരുന്നു വിചിത്ര നിയമം. ടാക്‌സി ഡ്രൈവര്‍മാര്‍ ഒരു പുരുഷന്റെ അകമ്പടിയോടെ മാത്രമേ സ്ത്രീകളെ സവാരിക്ക് കൊണ്ടുപോകാന്‍ പാടുള്ളു. ഈ നിയമം പാലിക്കാതെ പിടിക്കപ്പെട്ടാല്‍ ടാക്‌സി ഡ്രൈവര്‍, സ്ത്രീ, അവരുടെ ഭര്‍ത്താവ് എന്നിവര്‍ക്ക് ശിക്ഷ ഉറപ്പായിരുന്നു.
സ്ത്രീകള്‍ക്ക് വൈദ്യസഹായം നല്‍കുന്ന വിഷയത്തില്‍ മാത്രമാണ് താലിബാന് പിന്നീട് തിരുത്തേണ്ടി വന്നത്. പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീകളെ പരിശോധിക്കുന്നത് വിലക്കിയ താലിബാന്‍ വിദ്യാഭ്യാസമില്ലാതെ എങ്ങനെ സ്ത്രീകള്‍ ഡോക്ടറാവും എന്ന് ചിന്തിക്കാനായില്ല. പിന്നാലെ ഈ നിയമം മാറ്റി 1998 ന് ശേഷം ഒരു പുരുഷ ബന്ധുവിനൊപ്പം സ്ത്രീകളെ പുരുഷ ഡോക്ടര്‍മാരെ കാണാന്‍ അനുവദിച്ചു.
രണ്ട് പതിറ്റാണ്ടിനു ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുമ്പോള്‍ സ്ത്രീകളുടെ ജീവിതം വീണ്ടും അസ്വാതന്ത്ര്യത്തിന്റെ നാളുകളിലേക്ക് നീങ്ങുകയാണ്.