Latest News

ആശുപത്രിയിലേക്ക് എത്തിച്ച സാധനങ്ങള്‍ ഇറക്കാത്തതില്‍ പ്രതിഷേധിച്ച് ആശുപത്രിയുടെ അഞ്ചാം നിലയിലേക്ക് ഓട്ടോറിക്ഷ ഓടിച്ചുകയറ്റി. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ആശുപത്രിയിലാണ് സംഭവം.

ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായെത്തിയ ഓട്ടോറിക്ഷയാണ് അഞ്ചാമത്തെ നിലയിലെത്തിയതായി കണ്ടെത്തിയത്. രോഗികളെ കൊണ്ടുപോവാനുള്ള റാംപിലൂടെയാണ് ഓട്ടോറിക്ഷ മുകളിലെത്തിയത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റാംപ് വഴിയാണ് ഓട്ടോറിക്ഷ മുകളിലെത്തിയതെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ ഇത് വിശ്വസിക്കാന്‍ ഇതുവരെ ആശുപത്രി ജീവനക്കാര്‍ തയ്യാറാകുന്നില്ല.

ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായാണ് ഓട്ടോറിക്ഷ താഴത്തെ നിലയില്‍ എത്തിയത്. എന്നാല്‍ ഇത് ഇറക്കാന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല. സുരക്ഷാ ജീവനക്കാരോട് പല തവണ പറഞ്ഞെങ്കിലും അവര്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് ഡ്രൈവര്‍ പറയുന്നു. ആരും തന്നെ ശ്രദ്ധിക്കാതായതോടെ ദേഷ്യം വന്ന താന്‍ റാംപ് വഴി ഓട്ടോറിക്ഷ മുകളിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു.

അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. റാംപ് വഴി ഓട്ടോറിക്ഷ മുകളിലേക്ക് കയറുകയും താഴേക്ക് ഇറങ്ങുകയും ചെയ്യുന്നത് ആരും അറിഞ്ഞില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഓട്ടോറിക്ഷ മുകളിലേക്ക് കയറിയപ്പോള്‍ റാംപില്‍ ഉണ്ടായിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ നിലവിളിച്ചുകൊണ്ട് ഓടി മാറിയതായി ഓട്ടോറിക്ഷ ഡ്രൈവര്‍ വെളിപ്പെടുത്തുന്നു.

സംഭവത്തില്‍ ആശുപത്രി അധികൃതരും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

 

കൊച്ചി മറൈന്‍ ഡ്രൈവില്‍ വാടക കുടിശ്ശിക നല്‍കാത്തതിന്റെ പേരില്‍ ജിസിഡിഎ അധികൃതര്‍ കട അടച്ച് പൂട്ടി. ഉപജീവന മാര്‍ഗം ഇല്ലാതായതോടെ നാല് ദിവസമായി കടക്ക് മുന്നില്‍ സമരത്തിലായിരുന്നു അന്‍പത്തിനാലുകാരിയായ വീട്ടമ്മ. വാടക കുടിശ്ശിക ഇനത്തില്‍ ഒന്‍പത് ലക്ഷം രൂപ അടക്കാനുണ്ടെന്നാണ് ജിസിഡിഎ അധികൃതര്‍ പറയുന്നത്. മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ പ്രമുഖ വ്യവസായി എം എ യൂസഫലി പ്രസന്ന അടക്കാനുള്ള തുക മുഴുവന്‍ അടക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.

താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്നയുടെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു കട. മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകളും ഇവര്‍ക്കുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് 2015 ല്‍ ഇവര്‍ക്ക് തറവാടക ഈടാക്കി ഇവിടെ കട തുടങ്ങാന്‍ അനുമതി നല്‍കിയത്. ഇപ്പോള്‍ പ്രതിമാസം പതിമൂവായിരത്തി എണ്ണൂറ് രൂപയാണ് വാടക. മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് കട പണിതു. പ്രളയവും കോവിഡ് ലോക്ക് ഡൗണും നടപ്പാത നവീകരണവുമൊക്കെ കാരണം രണ്ട് വര്‍ഷമായി കച്ചവടം ഇല്ലാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിസിഡിഎ അധികൃതരെത്തി ഒഴിപ്പിക്കല്‍ നടത്തിയത്. സാധനങ്ങളെല്ലാം വാരി പുറത്തിട്ടു.

2015 മുതല്‍ വാടക അടക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നുവെന്നും പല തവണ നോട്ടീസ് നല്‍കിയതിനു ശേഷമാണ് നടപടി എടുത്തതെന്നുമാണ് ജിസിഡിഎയുടെ വിശദീകരണം. ഒരു നിശ്ചിത തുക അടച്ചാല്‍ കട തുറക്കാന്‍ അനുവദിക്കാമെന്നും ചെയര്‍മാന്‍ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ എറണാകുളം എംഎല്‍എ ടി ജെ വിനോദ് ഇടപെട്ടു. ഇതിനിടെയാണ് ലുലു ഗ്രൂപ്പ് പ്രസന്നക്ക് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. നാളെത്തന്നെ ലുലു ഗ്രൂപ്പ് അധികൃതര്‍ തുക മുഴുവന്‍ ജിസിഡിഎയില്‍ അടക്കുമെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു.

16 യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഷീല്‍ഡ് വാക്സിന് അംഗീകാരം. അന്താരാഷ്ട്ര യാത്രക്കാരുടെ പ്രവേശനത്തിനായി ഓക്സ്ഫോര്‍ഡ് – അസ്ട്രാസെനൈക്ക വാക്സിന്‍ അംഗീകരിച്ചത് സന്തോഷകരമായ വാര്‍ത്തയാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ഉടമയുമായ അഡാര്‍ പൂനവല്ല പറഞ്ഞു.

“യാത്രക്കാര്‍ക്ക് ഇത് ശുഭ വാര്‍ത്തയാണ്, 16 യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡിനെ അംഗീകരിക്കുന്നു,“ എന്നായിരുന്നു പൂനവല്ലയുടെ പ്രതികരണം. വാക്സിന്‍ അംഗീകരിക്കുമ്പോഴും ഓരോ രാജ്യത്തിനും വ്യത്യസ്തമായ പ്രവേശന നിര്‍ദ്ദേശങ്ങളുണ്ട്.

യൂറോപ്പ്യന്‍ രാജ്യങ്ങളായ ഓസ്ട്രിയ, ബെല്‍ജിയം, ബല്‍ഗേറിയ, ഫിന്‍ലാന്‍ഡ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്‍്റ്, അയര്‍ലാന്‍ഡ്, ലാത്വിയ, നെതര്‍ലാന്‍ഡ്സ്, സ്ലൊവേനിയ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, ഏറ്റവും ഒടുവിലായി ഫ്രാന്‍സും കോവിഷീല്‍ഡിനെ അംഗീകരിച്ചിട്ടുണ്ട്.

അതിനിടെ രണ്ട്​ ഡോസ്​ വാക്​സിനും സ്വീകരിച്ച യു.കെ ആരോഗ്യ​ സെക്രട്ടറി സാജിദ്​ ജാവിദിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗബാധ സ്​ഥിരീകരിച്ച സാജിദ് 10 ദിവസം​ സ്വയം നിരീക്ഷണത്തിൽ കഴിയണം​. നേരത്തെ കോവിഡ്​ ബാധിതനായിരുന്ന പ്രധാനമ​ന്ത്രി ബോറിസ്​ ജോൺസണുമായി സാജിദ്​ മുഖാമുഖം കണ്ടുമുട്ടിയി​രുന്നോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വിശദീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല.

ജാവിദ്​ കഴിഞ്ഞ ആഴ്ച മന്ത്രിമാർക്കൊപ്പം പാർലമെന്‍റിൽ വന്നിരുന്നതായി സർക്കാർ വൃത്തങ്ങൾ ദ ടെലിഗ്രാഫ്​ പത്രത്തോട്​ പറഞ്ഞു. വാക്​സിൻ സ്വീകരിച്ചതിനാൽ​ രോഗലക്ഷണങ്ങൾ കുറവായിരുന്നതായി അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷണങ്ങൾ കാണിക്കുന്ന ജനങ്ങൾ പരിശോധന നടത്തണമെന്ന്​ അദ്ദേഹം അഭ്യർഥിച്ചു.

കോ​വി​ഡ്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച്​ സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ചും​ബി​ച്ച്​ വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ മാ​റ്റ്​ ഹാ​ൻ​കോ​ക്​ രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മു​ൻ ചാ​ൻ​സ​ല​റും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​മാ​യ​ സാ​ജി​ദ്​ ആരോഗ്യ സെക്രട്ടറിയായി നി​യ​മിതനായത്​.

അമ്പലപ്പുഴ: പുന്നപ്ര തെക്ക് ‘ശ്രീചന്ദ്രിക’യിൽ ബാലകൃഷ്ണൻ ഒരു നല്ല ഫോട്ടോഗ്രാഫർ ആണ്. വണ്ടാനം മെഡിക്കൽ കോളജിന് സമീപം ഒരു സ്റ്റുഡിയോ നടത്തുന്നതിൽ നിന്നും ലഭിക്കുന്ന ഏക വരുമാനത്തിൽ ആയിരുന്നു കുടുംബം പുലർത്തിയിരുന്നത്. കുട്ടനാട് തലവടി സ്വദേശിനി സന്ധ്യയാണ് ഭാര്യ. പ്രായപൂർത്തിയാകാത്ത 2 മക്കളുടെ പിതാവായ ബാലകൃഷ്ണൻ്റെ കാലിൽ ചെറിയ ഒരു പരു ഉണ്ടാകുകയും അത് കൂട്ടാക്കാതെ ബന്ധുവിൻ്റെ സംസ്ക്കാര ചടങ്ങിൽ സംബന്ധിക്കുകയും മറ്റും ചെയ്ത് ആ ചെറിയ മുറിവ് വൃണമാകുകയും ഇന്ന് ബാലകൃഷ്ണൻ ആശുപത്രി കിടക്കയിൽ മുട്ടിൻ്റെ താഴെ വെച്ചു മുറിച്ചു മാറ്റിയ നിലയിലാണ്.

ഇന്നലെ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തി.

സുഹൃത്തുക്കളും ചില ബന്ധുക്കളും കൂടിയാണ് ആദ്യഗഡു ഹോസ്പിറ്റലിൽ അടച്ചത്. ഇനിയും 5 ലക്ഷം രൂപ ആവശ്യമാണ്. വീട്ടു ചെലവിനും തുടർ ചികിത്സക്കും മക്കളുടെ വിദ്യാഭ്യാസത്തിനും യാതൊരു നിർവാഹവും ഇല്ലാതെ ആശുപത്രി കിടക്കയിൽ ബാലകൃഷ്ണൻ്റെ കരളുരുകയാണ് . ആശുപത്രി ചെലവിന് 5 ലക്ഷം രൂപ ആവശ്യമാണ്. സുമനസ്സുകൾ കനിഞ്ഞാൽ ബാലകൃഷ്ണൻ്റെ ഇരുളടഞ്ഞ ജീവിതത്തിന് പ്രതീക്ഷ നൽകാൻ സാധിക്കും. ദയവായി ഈ കുടുംബത്തെ സഹായിച്ചാലും. നമ്മുടെ ചെറിയ സഹായം ഈ കുടുംബത്തിന് വലിയ ആശ്വാസമാണ്.

*അകലെയാണെങ്കിലും നാം അരികിലുണ്ട്* .

SANDYA RAJAN
Account No. 196701000002521
IOBA0001967

Phone. 9961666170

കോട്ടയം : മനുഷ്യചരിത്രത്തിൽ നവോത്ഥാനത്തിന്റെ പ്രകാശം പരത്തിയ മഹാത്മാക്കളോട് നമ്മൾ കടപ്പെട്ടിരിക്കുന്നു എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആ തുടർപ്രക്രിയയിൽ അവർ സഞ്ചരിച്ച ചരിത്ര വീഥികളിലൂടെ നമ്മെ നയിക്കുകയാണ് പൂഴിക്കുന്നേൽ ബാബു സാർ തന്റെ ഗ്രന്ഥത്തിലൂടെ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. ബാബു പൂഴിക്കുന്നേൽ രചിച്ച നവോത്ഥാനം: പാഠവും പാഠാന്തരങ്ങളും എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെള്ളകം ചൈതന്യയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ തോമസ് ചാഴികാടൻ എം. പി. മന്ത്രിയിൽ നിന്നും ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ. പോൾ മണലിൽ പുസ്തകാവതരണം നടത്തി. റവ. ഫാ. സുനിൽ പെരുമാനൂർ, റവ. ഡോ. മാത്യു മണക്കാട്ട്, പ്രൊഫ. മാത്യു പ്രാൽ, ഡോ. സ്റ്റെഫി തോമസ്, പ്രൊഫ. അനിൽ സ്റ്റീഫൻ, റോയി മാത്യു, രാജു ആലപ്പാട്ട്, സൈമൺ ആറുപറ എന്നിവർ പ്രസംഗിച്ചു. കോട്ടയം വര ആർട്ട് ഗാലറിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

പ്രൊഫ. ബാബുതോമസ് പൂഴിക്കുന്നേലിന്റെ ആത്മകഥയായ ‘ സഫലം ,സൗഹൃദം, സഞ്ചാരം’ എന്ന കൃതി മികച്ച ആത്മകഥയ്ക്കുള്ള മലയാളം യുകെ അവാർഡ് നേടിയിരുന്നു. മലയാളം യുകെ ഏർപ്പെടുത്തിയ മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയുടെ സാഹിത്യസമ്മേളനത്തിൽ വച്ച് കാലഘട്ടത്തിന്റെ ഇതിഹാസകാരനായ പ്രശസ്ത ഇന്ത്യൻ – ഇംഗ്ലീഷ് എഴുത്തുകാരൻ  ആനന്ദ് നീലകണ്ഠനാണ് പ്രൊഫ . ബാബു പൂഴിക്കുന്നേലിന് സമ്മാനിച്ചത്. 25 , 000 രൂപയും പ്രശസ്തിപത്രവുമായിരുന്നു പുരസ്കാരം. കോട്ടയം വര ആർട്ട് ഗാലറിയാണ് സഫലം ,സൗഹൃദം, സഞ്ചാരവും പ്രസിദ്ധീകരിച്ചത്.

ചൊവ്വയിൽ ജീവന്റെ തെളിവ് തേടിയുള്ള യാത്രക്കിടെ നാസയുടെ ക്യൂരിയോസിറ്റി വളരെ നിര്‍ണായകമായ ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നു. ചൊവ്വയില്‍ മീഥെയിന്‍ വാതകത്തിന്റെ സാന്നിധ്യമാണ് ഇപ്പോള്‍ ക്യൂരിയോസിറ്റി നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ‘അന്യഗ്രഹ ജീവികളുടെ ഏമ്പക്കം’ എന്ന് ഗൂഢാലോചനാ സിദ്ധാന്തക്കാർ വിശേഷിപ്പിക്കപ്പെടുന്ന ഈ മീഥെയിന്‍ പുറന്തള്ളലിന് പിന്നില്‍ സൂക്ഷ്മജീവികളാകാനുള്ള സാധ്യതയാണ് ശാസ്ത്രലോകത്തെ ആവേശത്തിലാക്കുന്നത്.

2012ല്‍ ചൊവ്വയിലെ ഗാലെ കിടങ്ങില്‍ ഇറങ്ങിയ ശേഷം ഇതുവരെ ആറ് തവണയാണ് ക്യൂരിയോസിറ്റി മീഥെയിന്‍ വാതകം പുറത്തേക്ക് വരുന്നതിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. എന്നാല്‍ മീഥെയിന്‍ വാതകത്തിന്റെ ഉറവിടത്തെക്കുറിച്ച് തിരിച്ചറിയാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിരുന്നില്ല. എന്നാൽ, കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ ഇപ്പോൾ അതും കണക്കുകൂട്ടിയെടുത്തിരിക്കുന്നു.

മീഥെയിന്‍ സാന്നിധ്യം തിരിച്ചറിഞ്ഞ സമയത്തെ ചൊവ്വയിലെ കാറ്റിന്റെ വേഗവും ദിശയും അടക്കമുള്ള വിവരങ്ങള്‍ വെച്ചാണ് ഗവേഷകര്‍ മീഥെയിന്‍ വാതകത്തിന്റെ ഉത്ഭവസ്ഥാനം ഊഹിച്ചെടുത്തത്. ചൊവ്വയുടെ ഉപരിതലത്തിന് അടിയില്‍ നിന്നാണ് മീഥെയിന്‍ പുറത്തേക്ക് വരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ക്യൂരിയോസിറ്റി നില്‍ക്കുന്ന ചൊവ്വയിലെ ഭാഗത്തിനു മൈലുകള്‍ അകലെ മാത്രം ഇത്തരം മീഥെയിന്‍ പുറത്തുവരുന്ന കേന്ദ്രങ്ങളുണ്ടെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നുമുണ്ട്. ഇപ്പോള്‍ ക്യൂരിയോസിറ്റി സ്ഥിതി ചെയ്യുന്നതിന്റെ തെക്കുപടിഞ്ഞാറേ ദിശയിൽ സജീവമായി മീഥെയിന്‍ പുറത്തേക്ക് വരുന്ന കേന്ദ്രങ്ങളുണ്ടെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

ഭൂമിയുടെ അന്തരീക്ഷത്തിലുള്ള ഏതാണ്ടെല്ലാ മീഥെയിനും ജൈവികമായി സൃഷ്ടിക്കപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്. ഇതു തന്നെയാണ് ചൊവ്വയിലെ മീഥെയിന്‍ സാന്നിധ്യത്തെ ഇത്രമേല്‍ ആവേശത്തോടെ ശാസ്ത്ര സമൂഹം സ്വീകരിക്കാനുള്ള പ്രധാന കാരണം. ചൊവ്വയിലെ മീഥെയിനും ജീവന്റെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്. ഇനി ജൈവികമായ പ്രക്രിയയിലൂടെയല്ല മീഥെയിന്‍ ഉത്പാദിപ്പിക്കുന്നത് എങ്കില്‍ പോലും ഇതിന് വളരെയടുത്ത് ജലത്തിന്റെ സാന്നിധ്യം ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. ജല സാന്നിധ്യവും ജീവന്റെ പ്രധാന സൂചകമായി തന്നെയാണ് കരുതപ്പെടുന്നത്.

മീഥെയിന്‍ വാതകത്തിന്റെ ആയുസ്സ് ഏതാണ്ട് 330 വര്‍ഷമാണെന്നതാണ് ശാസ്ത്രജ്ഞരെ ആകര്‍ഷിക്കുന്ന മറ്റൊരു വിവരം. ഇതിനകം തന്നെ സൂര്യപ്രകാശമേറ്റ് മീഥെയിന്‍ നശിക്കും. ഇപ്പോഴും ചൊവ്വയില്‍ മീഥെയിന്‍ ഉണ്ടെങ്കില്‍ അതിപ്പോഴും അവിടെ ഉത്പാദിപ്പിക്കപ്പെടുന്നുവെന്നു കൂടിയാണ് അര്‍ഥം. റിസർച്ച്സ്ക്വയർ ഡോട്ട് കോമിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്

ജർമ്മനിയിലും ബെൽജിയത്തിലുമുണ്ടായ മിന്നൽ പ്രണയത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ യുകെയിലും മുന്നറിയിപ്പ്. ഈ വാരാന്ത്യത്തിൽ അത്യുഷ്ണമാണെന്നാണ് കാലാവസ്ഥാ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.

ജനങ്ങളോട് തണുപ്പുള്ള ഇടങ്ങളിൽ തുടരാനും ചൂടുള്ള കാലാവസ്ഥയിൽ അപകട സാധ്യതയുള്ളവരെ സഹായിക്കാനും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചുകൊണ്ട്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) അഭ്യർഥിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ താപനില 31 സെന്റിഗ്രേഡ് വരെ ഉയരും. ലെവൽ രണ്ട് – തീവ്ര താപനില ജാഗ്രത മുന്നറിയിപ്പ് ഇംഗ്ലണ്ടിലെ ഭൂരിഭാഗ൦ പ്രദേശങ്ങളെയും ഉൾക്കൊള്ളുന്നുവെന്നും ചൊവ്വാഴ്ച വരെ പ്രാബല്യത്തിൽ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

“യുകെയുടെ മിക്ക ഭാഗങ്ങളിലും താപനില ഉയരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, വാരാന്ത്യത്തിൽ ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉഷ്‌ണതരംഗം ഉയർന്നു തന്നെ നിൽക്കും,“ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മേധാവി വിൽ ലാംഗ് പറഞ്ഞു:

“ഉയർന്ന താപനില ചൊവ്വാഴ്ച വരെ ഏറ്റക്കുറിച്ചിലില്ലാതെ തുടരും. ചൊവ്വാഴ്ച ഉരുത്തിരിയുന്ന കാലാവസ്ഥാ മാറ്റങ്ങൾ ഉഷ്ണതരംഗത്തിന്റെ തോത് കുറയ്ക്കും”, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ ശാസ്ത്രീയ സാങ്കേതിക വിഭാഗം തലവനായ ഡോ. ഓവൻ ലാൻ‌ഡെഗ് പറഞ്ഞു.

“വല്ലപ്പോഴും കിട്ടുന്ന ചൂട് കാലാവസ്ഥ പലരും ആസ്വദിക്കുകയാണ് പതിവ്. ആയതിനാൽ, ചൂടിനെ പ്രതിരോധിക്കാനുള്ള ഉപദേശങ്ങളിൽ ഭൂരിഭാഗവും സാമാന്യബുദ്ധിയുള്ളവർക്ക് ഉൾക്കൊള്ളാവുന്നതേയുള്ളു. എന്നിരുന്നാലും, പ്രായമായവർ, ആരോഗ്യ സ്ഥിതി മോശാമായവർ, കൊച്ചുകുട്ടികൾ തുടങ്ങിയവർക്ക് വേനൽക്കാലത്തെ കടുത്ത ചൂട് യഥാർത്ഥ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് അപകട സാധ്യതയുള്ളവരെ പ്രത്യേകം ശ്രദ്ധിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,“ ലാൻഡെഗ് വ്യക്തമാക്കി.

ജനൽ കർട്ടനുകൾ താഴ്ത്തി വീടുകൾ തണുപ്പിക്കുക, ധാരാളം ദ്രാവകങ്ങൾ കുടിക്കുക, സൂര്യ പ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ശക്തമാകുന്ന സമയമായ രാവിലെ 11 മണിക്കും ഉച്ചക്ക് 3 മണിക്കും ഇടയിൽ വെയിലിൽനിന്നും നിന്നും ഒഴിഞ്ഞു നിൽക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ സൂര്യാഘാതം ഇല്ലാതാക്കാനായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നൽകിയിട്ടുണ്ട്.

അടഞ്ഞു കിടക്കുന്നതോ, പാർക്ക് ചെയ്തിരിക്കുന്നതോ ആയ വാഹനത്തിൽ, ശിശുക്കളെയോ, കുട്ടികളെയോ, മൃഗങ്ങളെയോ ഒറ്റക്കിരുത്തി പോകരുതെന്നും മുന്നറിയിപ്പിൽ പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്.

രണ്ട് മാസത്തില്‍ പെയ്യേണ്ട മഴയാണ് പടിഞ്ഞാറന്‍ യൂറോപ്പിലെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ജര്‍മ്മനി, ബെല്‍ജിയം, നെതര്‍ലൻഡ്‍സ്‍ രാജ്യങ്ങളില്‍ ജൂലൈ 14, 15 തീയതികളില്‍ ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞ് ഒഴുകി. അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വന്നു. ഇതെല്ലാം പ്രളയത്തിന് വഴിയൊരുക്കി.

പ്രളയബാധിത പ്രദേശങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച മാത്രം ആയിരത്തിലധികം പേരെ കാണാതായിട്ടുണ്ടെന്നും 100 ലധികം ആളുകള്‍ മരിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മണ്ണിടിച്ചലും നിരവധി പേരുടെ ജീവന്‍ കവര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് രണ്ടു അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്കും ജീവന്‍ നഷ്ടമായി.

കൂടാതെ വീടുകള്‍, കെട്ടിടങ്ങള്‍ നശിക്കുകയും വാഹനങ്ങള്‍ ഒഴുകിപോവുകയും ചെയ്തു. ഈ മേഖലകളില്‍ ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം നിലച്ചു. ഗതാഗതം താറുമാറായി. രണ്ട് ദിവസത്തെ കനത്ത മഴയിലും പ്രളയത്തിലും ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായിരിക്കുന്നത് ജര്‍മനിയുടെ തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ്. കരകവിഞ്ഞതിനെ തുടര്‍ന്ന് റൈന്‍ നദിയിലേയും അഹര്‍ നദിയിലേയും ഗതാഗതം നിര്‍ത്തിവെച്ചു. ഈ പ്രദേശങ്ങളിലുള്ള ഒട്ടേറെ വീടുകള്‍ നശിച്ചു. ഗ്രാമങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

ബല്‍ജിയത്തിലെ ലീജിലും സമാനരീതിയില്‍ നാശനഷ്ടമുണ്ടായി. നെതര്‍ലന്‍ഡ്‌സിലും സ്വിറ്റ്‌സര്‍ലന്‍ഡിലും മഴ നിര്‍ത്താതെ പെയ്യുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജര്‍മ്മന്‍ സൈന്യം 700 സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ മഴയുടെശക്തി കുറഞ്ഞില്ലെങ്കില്‍ കൂടുതല്‍ ഡാമുകള്‍ തുറക്കേണ്ടിവരുമെന്ന ആശങ്കയിലാണ് അധികൃതര്‍.

പ്രളയത്തില്‍ മരിച്ചവരുടേയും കാണാതായവരുടേയും വീട്ടുകാരെ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ ആശ്വസിപ്പിച്ചു. അപ്രതീക്ഷിത ദുരന്തം തന്നെ ഞെട്ടിപ്പിച്ചെന്നും അവര്‍ പറഞ്ഞു. 200 വര്‍ഷത്തിനിടെ മഴ ഇത്രയും കനത്തില്‍ പെയ്യുന്നത് ആദ്യമായാണെന്ന് പോട്‍സ്‍ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞനായ ഡയറ്റര്‍ ഗെര്‍ട്ടന്‍ പറഞ്ഞു.

യൂറോപ്പിലുണ്ടായ അപ്രതീക്ഷിത മിന്നല്‍ പ്രളയത്തിന് കാരണം ‘മനുഷ്യനിര്‍മിത കാലാവസ്ഥാ വ്യതിയാനം’ എന്ന് ആഗോള കാലാവസ്ഥാ ഓഫീസ് വ്യക്തമാക്കി. ബെല്‍ജിയം, ജര്‍മ്മി രാജ്യങ്ങളിലെ പ്രളയം മാത്രമല്ല, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവശ്യയിലുണ്ടായ ഏറ്റവും ഉയര്‍ന്ന താപനില, വിനാശകരമായ കാട്ടുതീ എന്നിവയ്ക്കും മനുഷ്യന്‍ കൈകടത്തില്‍ കാരണമുണ്ടായ കാലവാസ്ഥാ വ്യതിയാനമാണെന്നും ആഗോള കാലാവസ്ഥാ ഓഫീസ് തുറന്നടിച്ചു.

പടിഞ്ഞാറന്‍ യൂറോപ്പില്‍ വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണം കനത്ത മഴയാണെന്ന് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എം.ഒ) വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

“ജര്‍മനിയിലും ബെല്‍ജിയത്തിലും നിരവധി ജീവനുകള്‍ പൊലിഞ്ഞു. പക്ഷേ, അതൊന്നും വെള്ളപ്പൊക്കം കൊണ്ട് മാത്രം സംഭവിച്ചതല്ല, സ്‌കാന്‍ഡിനേവിയയുടെ ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന കടുത്തചൂട്, വായുവിന്‍റെ ഗുണനിലവാരത്തെ ബാധിച്ച സൈബീരിയയില്‍ നിന്നുള്ള പുക എന്നിവയും ജീവഹാനിക്ക് കാരണമായി,” ലോകാരോഗ്യ സംഘടനയുടെ ഭാഗമായ ഡബ്ല്യു.എം.ഒ ഉദ്യോഗസ്ഥന്‍ ക്ലെയര്‍ നുള്ളിസ്, ജനീവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ചൂണ്ടിക്കാട്ടി.

ജൂണ്‍ അവസാനത്തോടെ യുഎസിന്‍റെയും കാനഡയുടെയും ഭാഗങ്ങളില്‍ കണ്ട അതിശയിപ്പിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് പ്രമുഖ കാലാവസ്ഥാ ഗവേഷകര്‍ വിശദമായ സര്‍വ്വേ നടത്തിയതായും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇത്തരം ദുരന്തങ്ങള്‍ മേഖലയില്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

യുഎസിനെ വിറപ്പിച്ച ഇരട്ടക്കൊലക്കേസ്​ പ്രതിക്ക്​ വധശിക്ഷ വിധിച്ച്​ ലോസ്​ ആഞ്ചൽസ്​ കോടതി. ‘ഹോളിവുഡ്​ റിപ്പർ’ എന്ന പേരിൽ കുപ്രസിദ്ധനായ തോമസ്​ ഗാർഗിലോക്കാണ്​ 20 വർഷ​ത്തിനു ശേഷം ശിക്ഷ വിധിക്കുന്നത്​. നടൻ ആഷ്​ടൺ കച്ചറുടെ കാമുകി ഉൾപെടെ രണ്ടു പേരെ വീട്ടിൽ അതിക്രമിച്ചുകയറി വധിക്കുകയും ഒരാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്​ത കേസിലാണ്​ വിധി.

”ഗാർഗിലോ എവിടെ ചെന്നാലും മരണവും നാശവും പിന്നാലെ സംഭവിച്ചു”വെന്ന്​ വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്​ജി ലാറി ഫിഡ്​ലർ പറഞ്ഞു. രണ്ടു വർഷം മുമ്പ്​ വാദംകേൾക്കൽ പൂർത്തിയായ കേസിൽ പ്രതിക്ക്​ വധശിക്ഷ നൽകണമെന്ന്​ ജഡ്​ജിമാർ ​ശിപാർശ ചെയ്​തിരുന്നു. നടപടിക്രമങ്ങളിൽ തട്ടി ശിക്ഷ പ്രഖ്യാപിക്കൽ വൈകുകയായിരുന്നു.

ഫാഷൻ ഡിസൈൻ വിദ്യാർഥിയായ ആഷ്​ലി എലറിനെ ഹോളിവുഡിലെ വീട്ടിൽകയറി 47 തവണ കുത്തിയാണ്​ ഗാർഗിലോ കൊലപ്പെടുത്തിയിരുന്നത്​. നാലു കുട്ടികളുടെ അമ്മയായ 32 കാരി മരിയ ബ്രൂണോയെ ലോസ്​ ആഞ്ചൽസിലെ എൽ മോണ്ടയിലുള്ള വീട്ടിൽ കയറിയാണ്​ കൊലപ്പെടുത്തിയിരുന്നത്​. മി​ഷേൽ മർഫി എന്ന യുവതിയെയും ആക്രമി​െച്ചങ്കിലും പ്രതിരോധിച്ചുനിന്നതോടെ രക്ഷപ്പെട്ടു.

ഇവർ നൽകിയ സൂചനകളിൽനിന്നാണ്​ രണ്ടു കൊലപാതകങ്ങളുടെയും ചുരുളഴിഞ്ഞത്​. എയർ കണ്ടീഷനിങ്​, ഹീറ്റർ റിപ്പയറിങ്​ ​േജാലി ചെയ്​തിരുന്ന ഗാർഗിലോ ഇരകളുടെ വീടുകൾക്ക്​ സമീപം നേരത്തെ താമസിച്ചിരുന്നു. എന്നാൽ, താനല്ല കൊല നടത്തിയതെന്നാണ്​ ഗാർഗിലോയുടെ വാദം. ശിക്ഷ വിധിച്ചെങ്കിലും കാലിഫോർണിയയിൽ 2006നു ശേഷം വധശിക്ഷ നടപ്പാക്കാത്തതിനാൽ ഗാർഗിലോയും ഉടനൊന്നും ശിക്ഷിക്കപ്പെടാൻ സാധ്യതയില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേരളത്തിലെ നാടൻ രുചികളുടെ അംബാസിഡർ. ഒറ്റവാക്കിൽ ലോകപ്രശസ്തമായ ബ്രിട്ടീഷ് നാഷണൽ അവാർഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ജോമോൻ കുര്യാക്കോസിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കൊഞ്ചു തീയൽ ,മത്തങ്ങ എരിശ്ശേരി, വെള്ളയപ്പം തുടങ്ങി രസം വരെ ഫൈവ് സ്റ്റാർ സ്റ്റൈലിൽ രുചി വ്യത്യാസമില്ലാതെ ആധുനിക രീതിയിൽ അവതരിപ്പിക്കാനുള്ള ജോമോൻറെ കഴിവിനുള്ള അംഗീകാരമാണിത്. വളർന്നുവന്ന നാടിൻറെ ഗൃഹാതുരത്വം നിറഞ്ഞ രുചികളെ ലോകത്തിൻറെ നെറുകയിലെത്തിച്ച ഈ യുകെ മലയാളിയുടെ സന്തോഷത്തിൽ പങ്കു ചേരുകയാണ് ഇന്ന് മലയാളം യുകെയും . ബേസിൽ ജോസഫ്, മീനു നെയ്‌സൺ പള്ളിവാതുക്കൽ, സുജിത് തോമസ് എന്നിവരോടൊപ്പം ജോമോൻ കുര്യാക്കോസിന്റെ രുചിക്കൂട്ടുകൾ മലയാളം യുകെ വീക്കെൻഡ് കുക്കിംഗിലൂടെ യുകെയിലെ മലയാളികൾക്ക് പരിചിതമാണ്.

ആഹാരത്തോടുള്ള ഇഷ്ടം കാരണം ഹോട്ടൽ മാനേജ്മെൻറ് പഠിച്ച് 13 വർഷമായി ലണ്ടനിൽ ജോലിചെയ്യുന്ന ജോമോൻ ഇപ്പോൾ ദി ലാലിറ്റ് ലണ്ടൻ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ ഹെഡ് ഷെഫ് ആയി ജോലി ചെയ്യുകയാണ്. ഭക്ഷണം വളരെ ശ്രദ്ധയോടെ പാചകം ചെയ്യുന്നതിനൊപ്പം ആകർഷകമായി വിളമ്പുന്നതിലും ജോമോൻ എടുത്ത പരിശ്രമങ്ങളാണ് നമ്മുടെ നാടൻ രുചികളെ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ തീൻമേശയിലേക്ക് എത്തിക്കാനുള്ള പ്രധാനകാരണം. ലോക പ്രശസ്ത പാചക പരിപാടിയായ ബിബിസി സെലിബ്രിറ്റി മാസ്റ്റർ ഷെഫിലെ പങ്കാളിത്തം കൂടാതെ ഹിന്ദു ,മലയാള മനോരമ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും ജോമോന്റെ പാചകകുറിപ്പുകൾ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയിലെയും യുകെയിലെയും വിവിധ കാറ്ററിംഗ് കോളജുകളിലെ ഗസ്റ്റ് ലെക്ചർ പദവി അലങ്കരിക്കുന്ന ജോമോൻ നവ മാധ്യമമായ ക്ലബ് ഹൗസിൽ ഷെഫുമാരുടെയും ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളായ ക്ലബ് കിച്ചൺ, ഇന്ത്യൻ ഗ്യാസ്‌ട്രോണമി, ഫുഡ് സെൻസ് തുടങ്ങിയവയിൽ മോട്ടിവേഷൻ സ്പീക്കറായും പുതുതലമുറയ്ക്ക് വഴികാട്ടിയാണ്.

ബ്രിട്ടനിലെമ്പാടുമുള്ള ഷെഫുമാരുടെ സ്വപ്നമായ നാഷണൽ ഷെഫ് ഓഫ് ദി ഇയർ പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുടെ എണ്ണം ആയിരങ്ങൾ വരും. അതിൽ നിന്ന് ഏറ്റവും മികച്ച 40 പേരെ തിരഞ്ഞെടുത്താണ് സെമിഫൈനലും ഫൈനലും നടത്തപ്പെടുന്നത് . ഇലയിൽ പൊള്ളിച്ച മീനും തേങ്ങാ ചമ്മന്തിയും ഉണ്ടാക്കി വിധികർത്താക്കളെ ഞെട്ടിച്ചാണ് ജോമോൻ സെമി ഫൈനലിൽ എത്തിയത്. എൽ കെ അദ്വാനി, ലണ്ടൻ മേയർ സാദിഖ് ഖാൻ, സുനിൽ ഗവാസ്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയ ഒത്തിരി പ്രമുഖർ ജോമോൻറെ നള പാചകത്തിന്റെ രുചി അറിഞ്ഞ് അഭിനന്ദിച്ചവരാണ്. എന്നാൽ അതിലുപരി മൂന്ന് വർഷം മുമ്പ് തിരുവല്ലയിലെ ഗിൽഗാർ ആശ്വാസ ഭവനിലെ അന്തേവാസികൾക്ക് ഒരു നേരം ആഹാരം ഉണ്ടാക്കി കൊടുത്തതിന്റെ മധുരസ്മരണ മറക്കാനാവാത്ത ഓർമ്മയായി ജോമോൻ മലയാളം യുകെയുമായി പങ്കു വച്ചു. ജോലിക്കും ശമ്പളത്തിനും അപ്പുറം വിശപ്പകറ്റുന്നത് ദൈവിക പുണ്യമായി മനസ്സിൽ കണ്ട നിമിഷങ്ങളാണെന്നാണ് അതെക്കുറിച്ച് ജോമോൻ പറഞ്ഞത്.

ഇനി അൽപ്പം കുടുംബകാര്യം. കേരളത്തിൽ റാന്നി സ്വദേശിയായ ജോമോൻറെ ഭാര്യ ലിൻജോ ജോമോൻ ബാസിൽഡിൽ രജിസ്‌റ്റേർഡ് നേഴ്സായി ജോലി ചെയ്യുന്നു. ജോവിയാൻ,ജോഷേൽ ,ജോഷ്‌ലീൻ എന്നിവരാണ് മക്കൾ. പള്ളിവടക്കേതിൽ ജോസ് കോട്ടേജിൽ പിസി കുര്യാക്കോസിന്റെയും സെലിൻ കുര്യാക്കോസിന്റെയും മകനായ ജോമോന്റെ സ്വദേശം കേരളത്തിൽ മാവേലിക്കര തോനക്കാട് ആണ്. ജോമോൻറെ സഹോദരൻ ജിജിമോൻ കുര്യാക്കോസും ഭാര്യ നിഷാ മോളും ഖത്തറിലാണ് ജോലി ചെയ്യുന്നത്.

ഒരേ കോളേജിൽ സീനിയറായി പഠിച്ച ബേസിൽ ജോസഫുമായി ചേർന്ന് മലയാളം യുകെയിൽ വീക്കെൻഡ് കുക്കിംഗിൽ ജോമോനും എഴുതുന്നുണ്ട്. സഹ എഴുത്തുകാരായ ബേസിൽ ജോസഫിനോടും ,സുജിത് തോമസിനോടും, മീനു നെയ്‌സൺ പള്ളിവാതുക്കലുമായും ചേർന്ന് ഒരു ടീമായി വീക്കെൻഡ് കുക്കിംഗ് കൈകാര്യം ചെയ്യുന്നതിന്റെ ആത്മസംതൃപ്തി ജോമോൻ പങ്കുവെച്ചു. ആഴ്ചകൾക്ക് മുൻപ് ജോമോന്റേതായി വീക്കെൻഡ് കുക്കിംഗിൽ പ്രസിദ്ധീകരിച്ച തക്കാളിയും കുഞ്ഞുള്ളിയും ചേർത്തുമൊരിച്ച കൊഞ്ചിൻെറ റെസിപ്പിക്ക് വായനക്കാരുടെ ഇടയിൽ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. സെമി ഫൈനലും ഫൈനലും കടന്ന് ജോമോൻ രുചിക്കൂട്ടുകളുടെ നെറുകയിൽ എത്തി കിരീടം കരസ്ഥമാക്കട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു.

വീക്കെൻഡ് കുക്കിംഗ് സീസൺ 2 : തക്കാളിയും കുഞ്ഞുള്ളിയും ചേർത്തുമൊരിച്ച കൊഞ്ചുമായി ഷെഫ് ജോമോൻ കുര്യക്കോസ്

ഒളിംപിക് വില്ലേജില്‍ കോവിഡ് സ്ഥിരീകരിച്ചതിന്റെ ആശങ്കയില്‍ കായിക ലോകം.വില്ലേജില്‍ പരിശോധനയ്ക്കിടെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചതായി ഒളിംപിക്‌സ് സംഘാടക സമിതി വക്താവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ ഒഫീഷ്യലിനാണ് രോഗബാധ. പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

താരങ്ങളും ഒഫീഷ്യല്‍സും താമസിക്കുന്ന ഒളിംപിക് വില്ലേജിന് പുറത്ത് ഹോട്ടലിലാണ് കോവിഡ് പോസിറ്റീവായ വ്യക്തിയെ താമസിപ്പിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഒളിംപിക് ഗ്രാമത്തില്‍ രോഗം പടര്‍ന്നാല്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതിയുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

ജപ്പാനിലെ ടോക്യോ നഗരത്തില്‍ ഈ മാസം 23 നാണ് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്സിന് തിരി തെളിയുന്നത്. കോവിഡിന്റെ ഡെല്‍റ്റാ വകഭേദം പടരുന്നതിനാല്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്സ് നടക്കുന്നത്. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെ അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇത്തവണ കാണികള്‍ക്ക് പ്രവേശനമില്ല.

കടുത്ത കോവിഡ് പ്രോട്ടോക്കോളാണ് ഒളിംപിക് വില്ലേജില്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് സംഘാടകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒളിംപിക് ഗ്രാമത്തില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക് വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്ന് 228 അംഗ സംഘമാണ് ടോക്യോ ഒളിംപിക്സില്‍ പങ്കെടുക്കുന്നത്. ഇവരില്‍ 119 പേര്‍ കായിക താരങ്ങളും 109 ഒഫീഷ്യല്‍സുമാണ്. 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും ഇത്തവണ വിവിധ ഇനങ്ങളില്‍ മത്സരിക്കും. 85 മെഡല്‍ ഇനങ്ങളിലാണ് ഇന്ത്യ മാറ്റുരയ്ക്കുന്നത്.

Copyright © . All rights reserved