Latest News

ഓണ്‍ലൈന്‍ മദ്യവിതരണ സ്ഥാപനമായ ലിവിങ് ലിക്വിഡ്‌സിനെതിരെ പരാതിയുമായി നടി ശബാന ആസ്മി. ട്വിറ്ററിലൂടെയാണ് താരം തന്നെ കബളിപ്പിച്ചതായി ആരോപിച്ച് രംഗത്തെത്തിയത്. ഓണ്‍ലൈന്‍ വഴി മദ്യം ഓഡര്‍ ചെയ്തുവെങ്കിലും തനിക്ക് മദ്യം ലഭിച്ചില്ലെന്ന് അവര്‍ ട്വീറ്റ് ചെയ്തു.

‘സൂക്ഷിക്കുക. അവര്‍ എന്നെ കബളിപ്പിച്ചു. പണം നല്‍കിയാണ് മദ്യം ഓഡര്‍ ചെയ്തത്. മദ്യം വിതരണം ചെയ്തില്ല എന്ന് മാത്രമല്ല, അവര്‍ തന്റെ ഫോണ്‍ എടുക്കുന്നതുമില്ല’ – താരം കുറിക്കുന്നു. ഓണ്‍ലൈന്‍ പണമിടപാടിന്റെ വിശദാംശങ്ങള്‍ അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് നടിയുടെ ട്വീറ്റ്.

എന്നാല്‍ എത്ര രൂപയ്ക്കാണ് മദ്യം ഓഡര്‍ ചെയ്തതെന്നോ കബളിപ്പിക്കപ്പെട്ടതിന്റെ പേരില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്നോ താരം പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല.

വെസ്‌റ്റേണ്‍ ഇംഗ്‌ളണ്ടിലെ റിട്ട: ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറായ ഡേവ് സ്മിത്തിന് (72) മറ്റാര്‍ക്കും ഇല്ലാത്ത, കിട്ടരുതേ എന്നാരും ആഗ്രഹിച്ച് പോകുന്ന ഒരു റെക്കോര്‍ഡുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം കോവിഡ് ചികിത്സയിലിരുന്ന വ്യക്തി എന്ന് റെക്കോര്‍ഡ്.

പത്ത് മാസമാണ് ഡേവ് കോവിഡ് ചികിത്സയിലിരുന്നത്.തുടര്‍ച്ചയായി 43 തവണ കോവിഡ് സ്ഥിരീകരിച്ച ഡേവ് ഏറ്റവും നീണ്ട കാലം കോവിഡ് ചികിത്സയിലിരുന്ന ലോകത്തിലെ ഏക വ്യക്തിയാണ്.ഏഴ് തവണ രോഗം മൂര്‍ഛിച്ച് ഡേവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. ബന്ധുക്കള്‍ പലപ്പോഴും തന്റെ സംസ്‌കാരത്തിനൊരുങ്ങിയിരുന്നുവെന്നാണ് ഡേവ് പറയുന്നത്. 2020 മാര്‍ച്ചിലാണ് ഡേവിന് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്.

ആദ്യം ബാധിച്ച വൈറസിന്റെ അവശിഷ്ടങ്ങളാണോ വീണ്ടും വീണ്ടും രോഗത്തിനിടയാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയമുണ്ടായിരുന്നുവെങ്കിലും ടെസ്റ്റുകളില്‍ ആക്ടീവ് വൈറസുകളാണ് ഡേവിന്റെ ശരീരത്തിലുണ്ടായിരുന്നത് എന്ന് കണ്ടെത്തി. സാധാരണ കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന ചികിത്സ ഫലിക്കാതെ വന്നതോടെ യുഎസ് ബയോടെക്ക് ഫേം ആയ റീജെനറോണ്‍ വികസിപ്പിച്ചെടുത്ത ആന്റിബോഡികളുപയോഗിച്ച് നടത്തിയ ചികിത്സയിലൂടെയാണ് ഡേവ് കോവിഡ് മുക്തനാകുന്നത്.ബ്രിട്ടനില്‍ ഈ ചികിത്സ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും ഡേവിന്റെ പ്രത്യേകാവസ്ഥ കണക്കിലെടുത്ത് ഈ ചികിത്സയ്ക്ക് അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു.

305 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് റിസള്‍ട്ട് നെഗറ്റീവ് ആയതിന്റെ സന്തോഷം ഭാര്യ ലിന്‍ഡയുമൊത്ത് ഷാംപെയ്ന്‍ പൊട്ടിച്ചാണ് ഡേവ് ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷം താനൊരിക്കലും മറക്കില്ലെന്നും ആര്‍ക്കും ഇത്തരമൊരു അവസ്ഥ വരരുതേ എന്നാണ് ആഗ്രഹിക്കുന്നതെന്നും ഡേവ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യമായി കോവിഡ് ബാധിതനാകുമ്പോള്‍ ലുക്കീമിയയില്‍ നി്ന്ന് മോചിതനാകുന്നതേ ഉണ്ടായിരുന്നുള്ളു ഡേവ്. കോവിഡിന് മുമ്പ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഡേവിനെ അലട്ടിയിരുന്നു.

ഡേവിന്റെ കേസ് നിലവില്‍ പഠനത്തിന് വിധേയമാക്കിയിരിക്കുകയാണ് ബ്രിസ്റ്റള്‍ യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് ആന്‍ഡ്രൂ ഡേവിഡ്‌സണ്‍. ഏറ്റവും നീണ്ട കാലം കോവിഡ് ചികിത്സയിലിരുന്ന വ്യക്തി എന്ന നിലയ്ക്ക് ഡേവിഡിന്റെ ചികിത്സാറിപ്പോര്‍ട്ട് ജൂലൈയില്‍ നടത്താനിരിക്കുന്ന യൂറോപ്യന്‍ ക്ലിനിക്കല്‍ മൈക്രോബയോളജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസിന്റെ കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.

പ്രിയ മാതാവിന്റെ അപ്രതീക്ഷ വിയോഗത്തില്‍ നൊമ്പരകുറിപ്പുമായി ഗായകന്‍ കണ്ണൂര്‍ ഷരീഫ്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഷരീഫിന്റെ മാതാവ് അഫ്‌സത്ത് പുത്തോന്‍ മരിച്ചത്. താനും കുടുംബവും ക്വാറന്റീനില്‍ ആയിരുന്നതിനാല്‍ അവസാനമായി പ്രിയപ്പെട്ട ഉമ്മയെ ഒരു നോക്കു കാണാന്‍ സാധിച്ചില്ലെന്ന് ഷരിഫ് വേദനയോടെ കുറിച്ചു.

ഉമ്മ ജീവിതത്തിലേയ്ക്കു മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ക്കഴിയവേയാണ് അപ്രതീക്ഷിതമായി വിയോഗവാര്‍ത്ത തന്നെ തേടിയെത്തിയതെന്നും അതുമായി പൊരുത്തപ്പെടാന്‍ എത്ര ശ്രമിച്ചിട്ടും മനസ്സിനു കഴിയുന്നില്ലെന്നും ഷരീഫ് കുറിക്കുന്നു. വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത ഒരാളായിരുന്നു ഉമ്മ. മരിക്കുമ്പോള്‍ മക്കള്‍ അരികിലുണ്ടാകണം എന്നതായിരുന്നു ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ.. ഉമ്മാ.. അത് സാധിച്ചു തരാന്‍ എനിക്ക് കഴിയാതെ പോയല്ലോ എന്നും ഷെരീഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;

ഭൂമിയിലെനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ഉമ്മ വിടപറഞ്ഞു. എന്റെ നാലാമത്തെ വയസ്സിൽ വാപ്പ മരണപ്പെടുമ്പോൾ ഉമ്മാക്ക് 29 വയസ്സായിരുന്നു പ്രായം. അവിടന്നങ്ങോട്ട്
മരണം വരെ മക്കൾക്ക് വേണ്ടി ജീവിച്ചു തീർത്തു ഉമ്മ.
ജീവിതത്തിലെ കറുത്ത ദിനങ്ങളെ കരുത്തോടെ നേരിട്ട ഉമ്മ..!
വാപ്പയില്ലാത്തതിന്റെ കുറവ് അറിയിക്കാതെയാണ് ഉമ്മ ഞങ്ങളെ വളർത്തിയത്.
ചെറുപ്പത്തിൽ ഞാൻ ആരാവാനാണ് ഉമ്മയുടെ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ “ഒന്നുമായില്ലെങ്കിലും, നല്ല മനുഷ്യനാവണം” എന്ന് പറഞ്ഞ് പഠിപ്പിച്ച്, അങ്ങിനെ ജീവിച്ച് സ്വയം മാതൃക കാട്ടിത്തന്നു ഉമ്മ..!
എന്നുമെപ്പോഴും മക്കൾ അരികിലുണ്ടാവണം എന്നതായിരുന്നു ഉമ്മയുടെ ആഗ്രഹം. അതുകൊണ്ട് തന്നെയാണ്, സ്വന്തമായൊരു വീട് വെക്കാൻ ആലോചിച്ചപ്പോൾ അത് തറവാടിന്റെ തൊട്ടടുത്ത് തന്നെ വേണം എന്ന് തീരുമാനിച്ചത്. പ്രോഗ്രാമിന്റെ തിരക്കുകൾ എത്രയുണ്ടെങ്കിലും നാട്ടിലുണ്ടെങ്കിൽ ഞാനെന്നും ഉമ്മയുടെ അടുത്തുണ്ടാകും.
ഉമ്മാക്ക് കോവിഡ് ആണെന്നറിഞ്ഞപ്പോൾ തകർന്നു പോയി ഞാൻ. ഞാനും കുടുംബവും കോവിഡ് ബാധിച്ച് കോറന്റൈനിലായിരുന്നതിനാൽ ഉമ്മയെ കാണാനോ അടുത്തിരുന്ന് ഒന്ന് തലോടാനോ കഴിയാതെ നെഞ്ച് പൊട്ടുകയായിരുന്നു. ഒക്സിജന്റെ ലെവൽ വളരെ താഴ്ന്ന് ദിവസങ്ങളോളം ആശുപത്രിയിലായിരുന്നെങ്കിലും ഉമ്മ തിരികെവരും എന്ന് തന്നെയായിരുന്നു പ്രതീക്ഷ. പക്ഷേ..!!
വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത ഒരാളായിരുന്നു ഉമ്മ. മരിക്കുമ്പോൾ മക്കൾ അരികിലുണ്ടാകണം എന്നതായിരുന്നു ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ.. ഉമ്മാ.. അത് സാധിച്ചു തരാൻ എനിക്ക് കഴിയാതെ പോയല്ലോ..
ഉമ്മയുടെ അവസ്ഥ വളരെ മോശമാണ് എന്നറിഞ്ഞ് അവസാനമായി ഒരു നോക്ക് കാണാൻ ഞാൻ ആശുപത്രിയിലെത്തിയെങ്കിലും അതിന് മിനിറ്റുകൾക്ക് മുൻപ് ഉമ്മ വിടപറഞ്ഞു.
അവസാന നിമിഷങ്ങളിൽ എന്നെയൊരുനോക്ക് കാണാൻ ഉമ്മ എത്രമാത്രം കൊതിച്ചിട്ടുണ്ടാകും എന്നോർക്കുമ്പോൾ സങ്കടം സഹിക്കാൻ കഴിയുന്നില്ല. കരളിലെരിയുന്ന നെരിപ്പൊടിന്റെ നീറ്റലിനെ ഒരല്പമെങ്കിലും ശമിപ്പിക്കാൻ കണ്ണീരിന് കഴിഞ്ഞിരുന്നെങ്കിൽ..!
വിധിയെ തടുക്കാൻ ആർക്കുമാവില്ല എന്നറിയാം.. പക്ഷേ, ഇനി ഉമ്മയില്ല എന്ന സത്യവുമായി മനസ്സ് പൊരുത്തപ്പെടാൻ ഒരുപാട് സമയമെടുക്കും.
പ്രിയപ്പെട്ടവരേ എനിക്ക് നിങ്ങളോട് പറയാനുള്ളത്..
ജീവിച്ചിരിക്കുമ്പോൾ നമ്മുടെ മാതാപിതാക്കളെ നന്നായി നോക്കുക. നമ്മുടെ സ്വത്തും മുതലും പേരും പ്രശസ്തിയുമൊന്നുമല്ല,നമ്മുടെ സാമീപ്യമാണ് അവർക്ക് വേണ്ടത്..
അവരെ ചേർത്ത് പിടിക്കുക.. ആ കരുതലാണ് അവർ ആഗ്രഹിക്കുന്നത്.. അവർക്കൊരു
ഉമ്മ കൊടുക്കുക.. അന്നേരം അവരുടെ മുഖത്ത് തെളിയുന്ന പ്രകാശമുണ്ടല്ലോ.. അത് നമ്മുടെ ജീവിതത്തിന്റെ വിളക്കാകും. ആ മുഖത്ത് വിരിയുന്ന പുഞ്ചിരിയുണ്ടല്ലോ.. അതാണ്.. അത് മാത്രമാണ് നമുക്ക് നാളേക്കുള്ള സമ്പാദ്യം..!!
ഓർക്കുക..
നഷ്ടപ്പെട്ടാൽ ഒരിക്കലും തിരികെ ലഭിക്കാത്ത ഭൂമിയിലെ അമൂല്യമായ രത്നങ്ങളാണ് മാതാപിതാക്കൾ.
നഷ്ടപ്പെടുമ്പോഴേ അതിന്റെ വിലയെന്തെന്നറിയൂ..!!
അവസാന ദിവസങ്ങളിൽ സ്വന്തം മക്കളെപ്പോലെ ഉമ്മയെ പരിപാലിച്ച കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്‌സുമാർ… സങ്കട സമയങ്ങളിൽ, വിഷമിക്കല്ലേ.. എന്തിനും ഞങ്ങൾ കൂടെയുണ്ടെന്നോതിയ ഒട്ടനവധി പേർ,
ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത പ്രിയ സൗഹൃദങ്ങൾ.. നന്ദി.. ഏവർക്കും..!!🙏
പ്രിയമുള്ളവരേ..
എത്രയോ കരുതലോടെയായിരുന്നു ഞങ്ങൾ കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നത്. എന്നിട്ടും ഞങ്ങൾക്കിടയിൽ കോവിഡ് താണ്ഡവമാടി. ഏറ്റവും പ്രിയപ്പെട്ട ഒരു ജീവനും കവർന്നു. ഒന്നേ പറയാനുള്ളൂ.. നിങ്ങളേവരും ശ്രദ്ധയോടെയിരിക്കുക. ഗവണ്മെന്റും ആരോഗ്യപ്രവർത്തകരും പറയുന്ന നിർദ്ദേശങ്ങൾ അവഗണിക്കാതിരിക്കുക. എല്ലാം മാറി നല്ലൊരു നാളെ പുലരാനായ് പ്രാർത്ഥിക്കുന്നു.

ഇടുക്കിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചേറ്റുകുഴി പടീശേരില്‍ ജയപ്രകാശിന്റെ മകള്‍ ധന്യ ആണ് മരിച്ചത്. ഇരുത്തിയൊന്ന് വയസ്സായിരുന്നു. ഭര്‍ത്താവ് അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട അറഞ്ഞനാല്‍ അമല്‍ ബാബു(27) ആണ് അറസ്റ്റിലായത്.

മാട്ടുക്കട്ടയിലെ വീട്ടില്‍ മുറിയിലെ ജനല്‍ക്കമ്പിയില്‍ കഴിഞ്ഞ മാര്‍ച്ച് 29നാണ് തൂങ്ങിമരിച്ച നിലയില്‍ ധന്യയെ കണ്ടെത്തിയത്. 2019 നവംബര്‍ 9ന് ആയിരുന്നു ധന്യയുടേയും അമലിന്റേയും വിവാഹം. 27 പവന്റെ സ്വര്‍ണാഭരണങ്ങളും 2 ലക്ഷം രൂപയും നല്‍കിയായിരുന്നു വിവാഹം നടന്നത്.

വിവാഹ സമയത്ത് നെടുങ്കണ്ടം എംഇഎസ് കോളജിലെ അവസാന വര്‍ഷ ബി.എസ്.സി മാത്തമാറ്റിക്‌സ് വിദ്യാര്‍ഥിനിയായിരുന്നു ധന്യ. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അമല്‍. വിവാഹശേഷം അമല്‍ മര്‍ദ്ദിച്ചിരുന്നതായി ധന്യ രക്ഷിതാക്കളോടു പറഞ്ഞിരുന്നു.

അമല്‍ പുലര്‍ച്ചെ ജോലിക്ക് പോയ ശേഷമായിരുന്നു ധന്യ തൂങ്ങിമരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ധന്യയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് 8 മാസം പ്രായമുള്ള കുട്ടിയുണ്ട്. കുടുംബാംഗങ്ങളില്‍ നിന്ന് മാനസികപീഡനം ഏറ്റിരുന്നതായും ധന്യ പറഞ്ഞതായി പിതാവ് ജയപ്രകാശ് പറയുന്നു.

മരിക്കുന്നതിന് തലേദിവസവും ധന്യ വീട്ടില്‍ വിളിച്ച് അമല്‍ മര്‍ദിച്ചതായി പറഞ്ഞിരുന്നു. അടുത്ത ദിവസം വീട്ടിലെത്തി മകളെ കൂട്ടിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ തയാറെടുത്തിരിക്കെയായിരുന്നു മരണം. ധന്യയുടെ മരണത്തിന് പിന്നാലെ ജയപ്രകാശ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അമല്‍ മര്‍ദ്ദിച്ചിരുന്നതായും മകളുടെ പൊക്കം പോലുമില്ലാത്ത ഇല്ലാത്ത ജനലില്‍ തൂങ്ങിമരിച്ചു എന്ന സംശയവും പിതാവ് പൊലീസിനെ അറിയിച്ചു. പീരുമേട് ഡിവൈഎസ്പി പി.കെ.ലാല്‍ജി, ഉപ്പുതറ എസ്എച്ച്ഒ ആര്‍.മധു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ധന്യയ്ക്ക് ശാരീരിക-മാനസിക പീഡനം ഏറ്റിരുന്നതായി കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അമലിനെ അറസ്റ്റ് ചെയ്തത്.

ഷക്കീല പ്രധാന കഥാപാത്രമായ കിന്നാരത്തുമ്പികളില്‍ അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് നടന്‍ സലിംകുമാര്‍. ഒരു പരിപാടിക്കിടെ സലിംകുമാര്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ‘കിന്നാരത്തുമ്പികള്‍ ആ രീതിയില്‍ എടുക്കണമെന്ന് വിചാരിച്ച സിനിമയല്ല. ഷക്കീല ആദ്യമായി മലയാളത്തില്‍ അഭിനയിച്ച പടമായിരുന്നു. എന്റെ ഒരു സുഹൃത്താണ് ഈ പടത്തിലേക്ക് വിളിക്കുന്നത്. എടാ ഒരു അവാര്‍ഡ് പടമുണ്ട്. നീ വന്ന് അഭിനയിക്കണം എന്ന് പറഞ്ഞു. മൂന്നാര്‍ ഭാഗത്തായിരുന്നു ഷൂട്ട്.

ഞാന്‍ ഒക്കെ പറഞ്ഞു. ഷൂട്ട് ചെയ്യുമ്പോഴും എന്റെ ഭാഗത്ത് ഒന്നും അങ്ങനെയൊന്നുമില്ല. പടത്തില്‍ യാതൊരുവിധ സെക്‌സോ ഒന്നുമില്ലായിരുന്നു. ഷൂട്ട് ചെയ്യുന്ന സമയത്ത് ആ പടത്തിലും അങ്ങനെയൊന്നുമില്ലായിരുന്നു. ഷൂട്ട് ഒക്കെ കഴിഞ്ഞ്, ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ആയി അവര്‍ ഒരുപാട് നടന്നു. സിനിമയുടെ സംവിധായകനും നിര്‍മാതാവും ഒരു നല്ല സിനിമയാണ് പ്രതീക്ഷിച്ചത്,’ എന്നും സലീം പറഞ്ഞു.

ഡബ്ബിംഗിന് ഞാന്‍ ചെല്ലുമ്പോഴാണ് എല്ലാവരും വല്ലാത്ത അവസ്ഥയില്‍ നില്‍ക്കുകയാണ്. അപ്പോള്‍ പടത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്നോട് പറഞ്ഞു സലീമേ… ഞങ്ങള്‍ ഒരു കാര്യം തീരുമാനിച്ചു. ഒരാള്‍ക്കും പടം വേണ്ട. എന്തെങ്കിലും ഇതിനകത്ത് ചേര്‍ക്കണം എന്ന്. ഞാന്‍ പറഞ്ഞു, അങ്ങനെയാണെങ്കില്‍ ചേര്‍ത്തോളൂ.

പക്ഷെ എന്ത് ചെയ്താലും നിങ്ങളെനിക്ക് ഒരു വാക്ക് തരണം, സിനിമയുടെ പോസ്റ്ററില്‍ എന്റെ ഫോട്ടോ വെയ്ക്കരുത്. അവര്‍ വാക്കുപാലിച്ചു. പോസ്റ്ററില്‍ എന്റെ ഫോട്ടോ വെച്ചില്ല. ഷക്കീലയുമായി ഒരുമിച്ച് അഭിനയിക്കുന്ന സീനുകളൊന്നുമില്ലായിരുന്നുവെന്നും സലീം പറഞ്ഞു. സംവിധായകന്‍ പോലും അറിയാതെയാണ് ചിത്രത്തില്‍ അത്തരം രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതെന്നും സലീം കുമാര്‍ പറഞ്ഞു.

അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് നടി കുളപ്പുള്ളി ലീല. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.

‘അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ ഞാന്‍ ചൂലുകൊണ്ടടിക്കുന്ന ഒരു സീനുണ്ട്. അങ്ങനൊരു സീനുണ്ടെന്ന് ഡയറക്ടര്‍ കമല്‍ സാര്‍ പറഞ്ഞപ്പോള്‍ അയ്യോ എന്നെക്കൊണ്ട് പറ്റില്ലെന്നാണ് ഞാന്‍ പറഞ്ഞത്.

അപ്പോള്‍ ലാല്‍ കടന്നുവന്നു, എന്തിനാണ് മടിക്കുന്നത്. കേരളത്തിലെന്നല്ല, ഇന്ത്യാമഹാരാജ്യത്ത് പോലും എന്നെ ഒരാള്‍ ചൂലുകൊണ്ട് തല്ലിയിട്ടില്ല. പുറത്തിറങ്ങി നാലു പേരോട് പറഞ്ഞൂടെ മോഹന്‍ലാലിനെ ചൂലുകൊണ്ട് അടിച്ചുവെന്ന്. ചേച്ചി തല്ലിക്കോളൂവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്,’ കുളപ്പുള്ളി ലീല പറയുന്നു.

‘റിഹേഴ്സലില്‍ പറ്റുന്നില്ല, ഷോട്ടില്‍ തല്ലിക്കോളാമെന്ന് ഞാന്‍ പറഞ്ഞു. ചേച്ചി ഒരു ആര്‍ട്ടിസ്റ്റല്ലേ റിഹേഴ്സലില്‍ തന്നെ ശരിക്കും തല്ലണം, അല്ലെങ്കില്‍ എനിക്ക് ദേഷ്യം വരുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അങ്ങനെ റിഹേഴ്സലില്‍ തന്നെ ഞാന്‍ മോഹന്‍ലാലിനെ ചൂലുകൊണ്ട് തല്ലി,’ ലീല പറയുന്നു.

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചനിലയിൽ ആശുപത്രിയിൽ. സബ് ജയിലിൽ റിമാൻഡിലായിരുന്ന വിനീഷ് കൊതുകുതിരി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

മഞ്ചേരി ജയിലിൽ കഴിയുന്ന പ്രതി കഴിഞ്ഞദിവസം രാത്രിയിലാണ് കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വിനീഷ് ഛർദിക്കുന്നത് കണ്ട് എത്തിയ ജയിലധികൃതർ ഇയാളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.

പോലീസ് പിടിയിലായ അന്നുമുതൽ ഇയാൾ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായി പോലീസ് പറയുന്നു.അതുകൊണ്ട് തന്നെ ഇയാൾക്ക് പ്രത്യേക കാവലാണ് നൽകിയിരുന്നത്. എന്നാൽ ജയിലിലെത്തിയ ഇയാൾ കാവൽക്കാരുടെ കണ്ണുവെട്ടിച്ച് സെല്ലിനുളളിൽ ഉണ്ടായിരുന്ന കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

പ്രണയം നിരസിച്ചതിനെ പേരിലാണ് നിയമവിദ്യാർത്ഥിനിയായിരുന്ന ദൃശ്യയെ പ്രതി വീട്ടിൽ കയറി കുത്തിക്കൊന്നത്. കൊലപാതകത്തിന് മുമ്പ് ദൃശ്യയുടെ പിതാവിന്റെ കട ഇയാൾ കത്തിച്ചിരുന്നു. ഈ കേസിൽ വിനീഷിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനിരിക്കെയാണ് പ്രതിയുടെ ആത്മഹത്യാ ശ്രമം.

പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു.സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങിയ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.

1959 ൽ സ്ഥാപിച്ച ശിവൻ സ്റ്റുഡിയോയുടെ ഉടമയാണ്. ചെമ്മീൻ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു.മൂന്നുതവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്

മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ ചിത്രമായ അഭയത്തിന്റെ സംവിധായകനായിരുന്നു ശിവൻ. ഒരു യാത്ര, സ്വപ്നം, യാഗം, കേശു എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

സന്തോഷ് ശിവൻ, സഞ്ജീവ് ശിവൻ ,സംഗീത് ശിവൻ എന്നിവർ മക്കളാണ്.

ബിനോയ് എം. ജെ.

അധരം കൊണ്ട് ഈശ്വരനെ സ്തുതിച്ചിട്ട് കാര്യമില്ല. ഹൃദയംകൊണ്ട് ഈശ്വരനെ സ്തുതിക്കുവിൻ. ഹൃദയംകൊണ്ട് ഈശ്വരനെ സ്തുതിക്കുന്നത് എങ്ങനെയാണെന്ന് ഭക്തിയോഗം നമുക്ക് കാണിച്ചു തരുന്നു. ഇത് ഒരുതരം സാധനയാണ്; ജീവിതശൈലിയാണ്; യോഗ പദ്ധതിയാണ്. സ്വാഭാവികമായും മനുഷ്യന്റെ സാധാരണ ജീവിതശൈലി ഈശ്വരോന്മുഖമല്ല. ഇതാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. ഒരുപക്ഷെ ഒരു ശിശുവിന്റെ നൈസർഗ്ഗികമായ ജീവിതശൈലി ഈശ്വരോന്മുഖമായിരിക്കാം. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ, ശിശുവിനെ ശൈശവത്തിൽ തന്നെ നാം തെറ്റായ കാര്യങ്ങൾ പഠിപ്പിക്കുകയും കാണിച്ചുകൊടുത്ത് അനുകരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ഇപ്രകാരം ശിശുക്കൾ തെറ്റായ മനോഭാവങ്ങൾ ആർജ്ജിച്ചെടുക്കുകയും പിന്നീടത് തിരുത്തുന്നത് ഏറ്റവുമധികം ദുഷ്കരം ആവുകയും ചെയ്യുന്നു. ആയതിനാൽ യോഗ പദ്ധതികൾ കൃത്രിമം എന്ന് തോന്നാം, എന്നാൽ വാസ്തവത്തിൽ അവ അങ്ങനെയല്ല.

മനുഷ്യൻ എല്ലായിടത്തും എന്തിനെയോ തേടുന്നു; എന്തിനെയൊക്കെയോ അന്വേഷിക്കുന്നു. താൻ ഈശ്വരനെയാണ് അന്വേഷിക്കുന്നത് എന്ന് അവൻ അറിയുന്നില്ല. പണത്തിന്റെ പിറകെ, അധികാരത്തിന്റെ പിറകെ, ഒരു സുന്ദര വസ്തുവിന്റെ അല്ലെങ്കിൽ സുന്ദര വ്യക്തിത്വത്തിന്റെ പുറകെ അവർ സദാ ഓടിക്കൊണ്ടിരിക്കുന്നു. പ്രത്യക്ഷത്തിൽ അവൻ ലൗകികവും ഭൗതികവുമായ വസ്തുക്കളുടെ പിറകെയാണ് ഓടുന്നത്. സത്യമായും ലൗകീക വസ്തുക്കൾക്ക് മനുഷ്യനെ അവയിലേക്കടുപ്പിക്കാനുള്ള കഴിവില്ല. ലൗകിക വസ്തുക്കളിലൂടെ മനുഷ്യനെ ആകർഷിക്കുന്നത് അവയുടെ പിന്നിൽ മറഞ്ഞിരിക്കുന്ന ഈശ്വരനാണ്. നിങ്ങൾക്കെന്തു തോന്നുന്നു, ഒരു സുന്ദര മുഖത്തിന് പുറകെ നിങ്ങൾ ആകർഷിക്കപ്പെടുന്നത് അതിലെ പഞ്ചഭൂതങ്ങളുടെ സൗന്ദര്യം മൂലമാണോ? തീർച്ചയായും അല്ല. ആ മുഖത്തിന് പിറകിൽ ഈശ്വരൻ തന്നെ മറഞ്ഞിരിക്കുന്നു. ഈശ്വരൻ ഒരു കാന്തം പോലെ സകലതിനെയും അതിലേക്ക് ആകർഷിക്കുന്നു. ഈ യാഥാർത്ഥ്യം തിരിച്ചറിയുന്ന പ്രക്രിയയാണ് ഭക്തിയോഗം.

ഭക്തിയോഗത്തിൽ നിങ്ങളുടെ സ്വാഭാവികമായ ജീവിതാന്വേഷണത്തെ ഉപേക്ഷിക്കുവാനോ അടിച്ചമർത്തുവാനോ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. മറിച്ച് അവയെ രൂപാന്തരപ്പെടുത്തുവാൻ മാത്രം ആവശ്യപ്പെടുന്നു. നിങ്ങൾ ലൗകിക വസ്തുക്കളുടെ പിറകെ അന്ധമായി ഓടുമ്പോൾ നിങ്ങളുടെ ജീവിതം വഴി പിഴച്ചു പോകുന്നു. അവയിലൂടെ അവതരിക്കുന്ന ഈശ്വരനെയാണ്, അന്വേഷിക്കുന്നത്, എന്ന തിരിച്ചറിവിലൂടെ ആണ് നിങ്ങൾ ജീവിക്കുന്നത് എങ്കിൽ, വേഗത്തിൽ നിങ്ങൾ ലക്ഷ്യത്തിലെത്തും. പരമാനന്ദത്തിലെത്തും.

ആയതിനാൽ നമ്മുടെ മനോഭാവത്തിൽ അല്പം മാറ്റങ്ങൾ വരുത്താം. നമ്മൾ അന്വേഷിക്കുന്നത് അദൃശ്യനായ ഈശ്വരനെ അല്ല മറിച്ച് ഈ പ്രപഞ്ചത്തിലൂടെയും മനുഷ്യ ജീവിതത്തിലൂടെയും അവതരിക്കുന്ന ദൃശ്യനായ ഈശ്വരനെയാണ്. അപ്പോൾ നമ്മുടെ ഓരോ കർമ്മവും ഒരീശ്വരാന്വേഷണമാണ്; ഒരു പ്രാർത്ഥനയാണ്. നാം എവിടെയെങ്കിലും ആനന്ദം കണ്ടെത്തുന്നു ണ്ടെങ്കിൽ അവിടെ തീർച്ചയായും ഈശ്വരനുണ്ട്. ഭക്തിയും വിനോദവും രണ്ട് കാര്യങ്ങളല്ല. മറിച്ച് അവ ഒന്ന് തന്നെയാണ്. സർവ്വ ചരാചരങ്ങളിലും ഈശ്വരനെ കണ്ടെത്താൻ ശ്രമിക്കുക. അപ്പോൾ നിങ്ങൾ ആദ്ധ്യാത്മിക ജീവികളാകുന്നു. ഒരുനാൾ നിങ്ങൾ നാനാത്വത്തിലെ ഏകത്വം ദർശിക്കും. അന്ന് നിങ്ങൾ ഈശ്വരനിൽ എത്തും. അപ്രകാരം നിങ്ങൾ സദാ ഈശ്വരനെ ആരാധിക്കുന്നു. അധരം കൊണ്ടല്ല, ഹൃദയം കൊണ്ട്. അവിടെ കപടത ഒട്ടും തന്നെയില്ല. നിങ്ങൾ യഥാർത്ഥ ഭക്തൻ ആകുന്നു.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ് അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുറവന്‍കോണം മാര്‍ക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം.

കേസരി ട്രസ്റ്റിന്റേയും പത്രപ്രവര്‍ത്തകയൂണിയന്‍ തിരുവനന്തപുരം ജില്ലാ ഘടകകത്തിന്റേയും സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.കവടിയാര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു.

പരേതനായ രാധാകൃഷ്ണന്‍ നായരുടെയും അമ്മ സതി ദേവിയുടെയും മകനാണ്. ഭാര്യ: സിന്ധു.എസ് .എസ് (കോട്ടണ്‍ഹില്‍ സ്‌കൂള്‍ ടീച്ചര്‍). മകന്‍: നാരയണ്‍ എസ് എ (റിലയന്‍സ് പെട്രോളിയം ഗുജറാത്ത്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തികവാടത്തില്‍

RECENT POSTS
Copyright © . All rights reserved