ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസണ് ഇന്ന് തുടക്കമാകും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി 7:30ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. കോവിഡ് വ്യാപനത്തിന്റെ ഇടയിലാണ് ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. എന്നാൽ മത്സരത്തിന്റെ ആവേശത്തിന് കോവിഡ് ഭീഷണിയാകില്ലന്നാണ് പ്രതീക്ഷ.
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഹാട്രിക്ക് കിരീടമെന്ന ലക്ഷ്യത്തോടെയാണ് ഈ തവണ ഇറങ്ങുന്നത്. 2016ൽ അവസാന നിമിഷം കൈവിട്ടു പോയ കിരീടം അഞ്ചു വർഷങ്ങൾക്കിപ്പുറം നേടാനുറച്ചാകും ബാംഗ്ലൂർ എത്തുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമാണ് നേർക്കുനേർ അങ്കത്തിനിറങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞ വർഷം കിരീടം നേടിയ ടീമിലെ പ്രധാനികളെ എല്ലാം നിലനിർത്തിയാണ് മുംബൈ ടീം ഇറങ്ങുന്നത്. അസറുദ്ധീൻ, സച്ചിൻ ബേബി തുടങ്ങിയ മലയാളി താരങ്ങൾ ഉൾപ്പടെ ബാറ്റിങ്ങിലും ബോളിങ്ങിലും അല്പം മാറ്റങ്ങൾ വരുത്തിയാണ് ബാംഗ്ലൂർ ടീം എത്തുന്നത്. മധ്യ ഓവറുകളിൽ കരുത്താകാൻ മാക്‌സ്‌വെൽ, കെയിൽ ജാമിസൺ, ഡാൻ ക്രിസ്റ്റ്യൻ എന്നീ വിദേശ താരങ്ങളുമായാണ് ബാംഗ്ലൂരിന്റെ വരവ്.
മുംബൈയുടെ ഓപ്പണർ ഡി കോക്ക് ഇല്ലാതെയാകും മുംബൈ നാളെ ഇറങ്ങുക. പാകിസ്താനുമായുള്ള മത്സരത്തിന് ശേഷം എത്തുന്ന ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് ആദ്യത്തെ മൂന്ന് നാല് മത്സരങ്ങൾ നഷ്ടമാകും. ബാംഗ്ലൂർ നിരയിൽ കോവിഡ് മുക്തനായ ദേവദത്ത് പടിക്കൽ ടീമിനൊപ്പം ചേർന്നത് ടീമിന് ആശ്വാസം നൽകുന്നതാണ്. പരിശീലന മത്സരങ്ങളിൽ യുവതാരങ്ങളായ രജത് പതിദാറും, ഷഹബാസ് അഹമ്മദും മികച്ച കളി പുറത്തെടുത്തതും പ്രതീക്ഷ നൽകുന്നതാണ്.
ഡി കോക്കിന്റെ അഭാവത്തിൽ മുംബൈക്കായി ക്രിസ് ലിനും, രോഹിത് ശർമയുമാകും ബാറ്റിംഗ് തുടങ്ങുക. സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യ, രാഹുൽ ചഹാർ എന്നിവർ അവസാന ഇലവനിൽ ഇടം നേടും. ബാംഗ്ലൂരിന് വേണ്ടി വിരാട് കോഹ്‌ലിയും ദേവദത്ത് പടിയ്ക്കലും തന്നെയാകും ഓപ്പണിങ് റോളിൽ, മൂന്നമനായി ഡിവില്ലിയേഴ്സും അഞ്ചാമനായി മാക്‌സ്‌വെല്ലും എത്താനാണ് സാധ്യത. രജത് പതിദര്‍ നാലാമനായി എത്തുമ്പോള്‍ മലയാളി താരങ്ങളായ സച്ചിനും, അസറുദ്ധീനും അവസരം ലഭിക്കാൻ കാത്തിരിക്കേണ്ടി വരും.
ബോളിങ്ങിൽ വാഷിഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചഹൽ, നവദീപ് സെയ്നി, മുഹമ്മദ് സിറാജ് എന്നിവർ അവസാന പതിനൊന്നിൽ ഇടം നേടും. വിദേശ താരങ്ങളായി ഡിവില്ലിയേഴ്സിനും, മാക്സ്വെല്ലിനും പുറമെ ഡാൻ ക്രിസ്റ്റ്യനും, കെയിൽ ജാമിൻസനുമാണ് സാധ്യത.
കോവിഡ് കാരണം ഈ വർഷത്തെ മത്സരങ്ങൾ ആളില്ലാത്ത സ്റ്റേഡിയങ്ങളിലാണ് നടക്കുക. ഒരു ടീമിനും ഹോം മത്സരങ്ങൾ ഉണ്ടാകില്ല. ആദ്യത്തെ കുറച്ച് മത്സരങ്ങൾ ചെന്നൈയിലും മുംബൈയിലുമാണ് നടക്കുക. ശേഷിക്കുന്ന മത്സരങ്ങൾ ഡൽഹി, അഹമ്മദാബാദ്, ബാംഗ്ലൂർ, കൊൽക്കത്ത എന്നീ വേദികളിലായും നടക്കും. മെയ് 30 ന് അഹമ്മദാബാദിലാകും ഫൈനൽ മത്സരം.
ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മല്‍സരിച്ചതിന്റെ പേരിലാണ് അധിക്ഷേപമേറെയുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മയും ധർമടത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായി എ ഭാഗ്യവതി.മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുളള പ്രചാരണമാണോയെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു.
സമൂഹമാധ്യങ്ങളിലൂടെയുളള അധിക്ഷേപം ഗൂഢാലോചനയുടെ ഭാഗമാണ്. തനിക്കെതിരെ അപകീര്‍ത്തികരമായി ഫെയ്സ്ബുക്കില്‍ കുറിപ്പിട്ട അഭിഭാഷകനായ ഹരീഷ് വാസുദേവനെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കുട്ടികളുടെ മരണത്തിന് അമ്മയാണ് ഉത്തരവാദിയാണെന്ന് പൊതുസമൂഹത്തില്‍ വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നാണ് വാളയാറില്‍ മരിച്ച കുട്ടികളുടെ അമ്മയുടെ പരാതി. വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ഫെയ്സ്ബുക്കില്‍ അപകീര്‍ത്തികരമായി കുറിപ്പിട്ടെന്നും ഇതിനെതിരെ വാളയാര്‍ പൊലീസിലും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയെന്നും അമ്മ പറഞ്ഞു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുളള പ്രചാരണമാണോയെന്ന് സംശയിക്കുന്നതായും അമ്മയുടെ ആരോപണം
സമരസമിതിയുടെ ഭാഗമായിരുന്ന പുതുശേരി പഞ്ചായത്ത് മുന്‍ അംഗം ബാലമുരളി സിപിഎമ്മിന്റെ ചാരനായിരുന്നുവെന്ന് അമ്മ ആരോപിച്ചു. സിബിെഎ അന്വേഷണത്തിലാണ് പ്രതീക്ഷ. കഴിഞ്ഞദിവസം ഉദ്യോഗസ്ഥരെ നേരില്‍ കണ്ടിരുന്നതായും അമ്മ വ്യക്തമാക്കി.
മുഖ്യമന്ത്രിയ്ക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസമായി ലക്ഷണങ്ങളുണ്ടായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ലാബില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് കഴിഞ്ഞതിന് പിന്നാലെയാണ് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയായ ഉമ്മന്‍ ചാണ്ടി കേരളമാകെ പര്യടനത്തില്‍ സജീവമായിരുന്നു. പ്രചാരണരംഗത്ത് ഉമ്മന്‍ചാണ്ടിക്ക് ഒപ്പമുണ്ടായിരുന്നവരും പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു മകള്‍ വീണയ്ക്ക് കഴിഞ്ഞ ആഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരുമകനും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ പിഎ മുഹമ്മദ് റിയാസിനും കോവിഡ് സ്ഥിരീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.
ഉദ്ഘാടനത്തിന്‍റെ തൊട്ടടുത്ത ദിവസം കോഴിക്കോട് പറമ്പില്‍ബസാറിലെ തുണിക്കടയ്ക്ക് അഞ്ജാതര്‍ തീയിട്ടു. ഇരുനില കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കടയ്ക്ക് തീയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ കാണാം
പുലര്‍ച്ചെ 1. 50ന് പിക്കപ്പിലെത്തിയ മൂന്നംഗ സംഘം പെട്രോളൊഴിച്ച് കടയ്ക്ക് തീ കൊളുത്തുന്ന ദൃശ്യങ്ങളാണിത്. സമീപത്തെ കടയിലെ സിസിടിവിയില്‍ സംഘത്തെ കാണാമെങ്കിലും മുഖം വ്യക്തമല്ല. വാഹനത്തിന്‍റേത് മലപ്പുറം റജിസ്ര്ടേഷനാണെന്ന് മനസിലായിട്ടുണ്ട്. വിഷുവിനോടനുബന്ധിച്ച് സ്റ്റോക്ക് ചെയ്ത വസ്ത്രശേഖരമാണ് ഒറ്റയടിക്ക് കത്തിചാമ്പലായത്. ഒരു കോടി പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കടയും പരിസരവും പരിചയമുള്ള ആളുകളാണ് കൃത്യത്തിന് പിന്നില്‍. ആസൂത്രണത്തോടെയാണ് സംഘമെത്തിയത്. ഉടമയുടെ പരാതിയില്‍ ചേവായൂര്‍ പൊലിസെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. അഞ്ജാതര്‍ എത്തിയ വാഹനം കണ്ടെത്താനാണ് ആദ്യശ്രമം.
പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥിനിയുടെ തലയില്‍ മാരകായുധം കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. കടപ്പാട്ടൂര്‍ സ്വദേശി സന്തോഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഓട്ടോയിലാണ് ടിന്റു സ്ഥിരമായി സഞ്ചരിച്ചിരുന്നത്.
ഇന്നലെ പുലര്‍ച്ചെയായിരുന്നു പാലാ വെള്ളിയേപ്പള്ളി വലിയമലയ്ക്കല്‍ റ്റിന്റു മരിയ ജോണിന് (26) വെട്ടേറ്റത്. ഇന്നലെ പുലര്‍ച്ചയോടെ വീട്ടില്‍ നിന്നും പരീക്ഷയെഴുതുന്നതിനായി പുറപ്പെട്ട ട്വിന്റുവിനെ തലയ്ക്ക് വെട്ടേറ്റ് ചോര വാര്‍ന്ന നിലയില്‍ വഴിയില്‍ കണ്ടെത്തുകയായിരുന്നു.
എറണാകുളത്തേക്ക് പരീക്ഷ എഴുതാന്‍ പോവാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ ടിന്റുവിന് വീടിന് സമീപത്ത് വെച്ചാണ് പരിക്കേറ്റത്. പരിക്കേറ്റ് വഴിയില്‍ കിടന്ന യുവതിയെ പുലര്‍ച്ചെ വ്യായാമത്തിനിറങ്ങിയവരാണ് കണ്ടത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.
എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി പോകുന്നതിനിടെ തന്നെ ആരോ അടിച്ചുവെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. അക്രമി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബം അടുത്തിടെയാണ് വെള്ളിയേപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. അമ്മയും രണ്ടു സഹോദരിമാരുമടങ്ങുന്ന ഈ കുടുംബം ഏറ്റുമാനൂര്‍ സ്വദേശികളാണ്.
വർക്കലയിലെ ഗ്രൗണ്ടിലെ മരത്തിൽ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വർക്കല നടയറകുന്നിലെ യൂത്ത് കോൺഗ്രസ് സെക്രട്ടറി കുന്നിൽ പുത്തൻവീട്ടിൽ അൽസമീറിനെയാണ് നടയറയിലെ മാലിന്യസംസ്‌കരണ പ്ലാന്റിന് സമീപത്തെ ഗ്രൗണ്ടിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കാറ്ററിങ് തൊഴിലാളിയായ അൽസമീറിന് ഒരു ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.
അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു. സജീനയാണ് അൽസമീറിന്റെ ഭാര്യ. ഇവർ ഗർഭിണിയാണ്. ദമ്പതിമാർക്ക് രണ്ട് മക്കളുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പർ-1056)
‘റാസ്പുടിൻ’ ഗാനത്തിന് നൃത്തച്ചുവടുകൾ വെച്ച് സോഷ്യൽമീഡിയയിൽ വൈറലായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് എതിരെ ഉയർന്ന വിദ്വേഷ പ്രചാരണങ്ങളെ തള്ളി ബിജെപി വക്താവ് സന്ദീപ് വാര്യർ. മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെ സോഷ്യൽമീഡിയയുടെ ഹൃദയം കവർന്ന നവീൻ കെ റസാഖിനും ജാനകി ഓം കുമാറിനും എതിരെ മതം പറഞ്ഞുള്ള സൈബർ ആക്രമണങ്ങൾ നടക്കുന്നതിനിടെയാണ് സന്ദീപ് വാര്യർ അഭിനന്ദനവുമായി രംഗത്തെത്തിയത്.
കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ് എന്നും കൂടുതൽ മികച്ച പ്രകടനങ്ങളുമായി ഇരുവർക്കും മുന്നോട്ടു വരാൻ കഴിയട്ടെ എന്നും സന്ദീപ് പറഞ്ഞു. തൃശൂർ മെഡിക്കൽ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ്. സംഗതി പൊരിച്ചൂ ട്ടാ… എന്നു പറഞ്ഞാണ് ബിജെപി വക്താവിന്റെ കുറിപ്പ് അവസാനിക്കുന്നത്.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്:
തെരഞ്ഞെടുപ്പിന്റെ തിരക്കുകൾക്ക് ശേഷം സോഷ്യൽ മീഡിയയിലേക്ക് തിരിച്ച് വന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീൻറെയും ഡാൻസ് വീഡിയോ… പല തവണ ആവർത്തിച്ച് കണ്ടിരുന്നു. ജാനകിയുടെ എക്‌സ്പ്രഷൻസ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു…
അവരുടെ ഒരു ഇൻറർവ്യൂവിൽ വെറും രണ്ടു മണിക്കൂർ കൊണ്ടാണ് ഇത് കൊറിയോഗ്രഫി ചെയ്‌തെടുത്തതെന്നും കണ്ടു.. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ്. ജാനകി ഓംകുമാറിനും നവീൻ റസാഖിനും അഭിനന്ദനങ്ങൾ. കൂടുതൽ മികച്ച പ്രകടനങ്ങളുമായ് മുന്നോട്ട് വരാൻ കഴിയട്ടെ ഇരുവർക്കും.
തൃശൂർ മെഡിക്കൽ കോളേജിലെ ഗഡീസ് ആയോണ്ട് പറയാണ് .. സംഗതി പൊരിച്ചൂ ട്ടാ ..
ടിവി കാണുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുള്ള തര്‍ക്കത്തില്‍ ഭര്‍ത്താവിന്റെ പക്ഷം ചേര്‍ന്ന് നിന്ന മൂന്ന് വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ. ബെംഗളൂരു മല്ലത്തഹള്ളിയിലാണ് സംഭവം. സംഭവത്തില്‍ ബെംഗളൂരു മല്ലത്തഹള്ളിയില്‍ താമസിക്കുന്ന സുധ(26)യെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. വ്യാപാര സ്ഥാപനത്തിലെ തൂപ്പുകാരിയായ സുധയും കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ഈരണ്ണയും മൂന്ന് വയസ്സുള്ള മകള്‍ വിനുതയും മല്ലത്തഹള്ളിയിലെ വീട്ടിലാണ് താമസം. ചൊവ്വാഴ്ച ഉച്ചക്ക് സുധ ടിവി കണ്ടു കൊണ്ടിരുന്നപ്പോള്‍ ഭര്‍ത്താവ് വന്ന് റിമോര്‍ട്ട് വാങ്ങി ടിവി ചാനല്‍ മാറ്റി. ഭര്‍ത്താവ് വാര്‍ത്ത ചാനല്‍ വച്ചതിനെ സുധ എതിര്‍ത്തു.
എന്നാല്‍ മൂന്ന് വയസ്സുകാരിയായ മകള്‍ വിനുത അച്ഛനെ അനുകൂലിച്ചാണ് സംസാരിച്ചത്. അമ്മയോട് മിണ്ടാതിരിക്കാനും ആവശ്യപ്പെട്ടു. ഇതാണ് സുധയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി തന്നെ സുധ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
രാവിലെ ആറ് മണിക്ക് തന്നെ ജോലിക്ക് പോയതിനാല്‍ ഈരണ്ണ ഇത് അറിഞ്ഞില്ല. തുടര്‍ന്ന് ബുധനാഴ്ച, മകളെ കാണാനില്ലെന്ന് പറഞ്ഞ് സുധ പോലീസില്‍ പരാതി നല്‍കി. കടയില്‍ പോയപ്പോള്‍ തിരക്കില്‍ പെട്ട് മകളെ കാണാതായി എന്നാണ് സുധ പോലീസില്‍ പറഞ്ഞത്.
തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെ സുധയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് സുധയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. ബെംഗളൂരു ബിഡിഎ ലേഔട്ടിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം പിറ്റേദിവസം രാവിലെ മൃതദേഹം ഇവിടെ ഉപേക്ഷിച്ചെന്നായിരുന്നു പ്രതിയുടെ മൊഴി.
അച്ഛനെ അനുകൂലിച്ച സംഭവത്തില്‍ മാത്രമല്ല മറ്റ് കാര്യത്തിലും സുധയ്ക്ക് മകളോട് ദേഷ്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് മിക്കപ്പോഴും സുധ മകളെയും കൊണ്ടുപോകുമായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ അവിടെ നടക്കുന്ന എല്ലാസംഭവങ്ങളും മകള്‍ അച്ഛനോട് പറയുന്നതില്‍ സുധയ്ക്ക് ദേഷ്യമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
വീണ്ടും ദുബായിയിൽ നിന്നും ഭാഗ്യം കൊയ്ത് അനുഭവവുമായി പ്രവാസി മലയാളി. കോടികൾ സമ്മാനത്തുകയുള്ള ദുബായിയിലെ ലോട്ടറി നറുക്കെടുപ്പിലാണ് മൂവാറ്റുപുഴ സ്വദേശി ജോർജ് തോമസ് വിജയിയായിരിക്കുന്നത്. 10 ലക്ഷം യുഎസ് ഡോളർ ഏകദേശം ഏഴ് കോടി രൂപ സമ്മാനത്തുകയുള്ള ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനെയർ ആന്റ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പാണ് ജോർജിനെ തുണച്ചത്.
ദുബായി വിമാനത്താവളത്തിൽ നടന്ന 355ാം നറുക്കെടുപ്പിലാണ് ജോർജ് കോടിപതിയായത്. ജോർജിന്റെ 2016 നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനം കരസ്ഥമാക്കിയത്.
മൂവാറ്റുപുഴയിലെ കർഷക കുടുംബത്തിലെ അംഗമായ ജോർജ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനാണ്. നാട്ടിൽ ഏറെക്കാലം കൃഷിപ്പണിയുമായി കഴിഞ്ഞ ശേഷമാണ് ജോർജ് വിദേശത്തേക്ക് പോയത്. ഏഴ് വർഷമായി ദുബായിയിൽ താമസിച്ചു വരികയാണ് ജോർജ്.
കുടുംബത്തിന്റെയും ജനിക്കാൻ പോകുന്ന നാലാമത്തെ കുഞ്ഞിന്റെയും ഭാഗ്യമാണ് ഈ നറുക്കെടുപ്പിൽ താൻ വിജയിയാകാൻ കാരണമെന്നാണ് ജോർജ് പ്രതികരിച്ചു.
സംസ്ഥാനത്ത് ഇന്ന് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിലേക്ക്. എസ്എസ്എൽസി, പ്ലസ് ടു, പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്. വെള്ളിയാഴ്ച വിഎച്ച്എസ്ഇ പരീക്ഷയും ആരംഭിക്കുന്നതോടെ ഈ മൂന്നുവിഭാഗങ്ങളിലുമായി ഒമ്പതുലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതും.
എസ്എസ്എൽസി പരീക്ഷ 29നും ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ 26നും അവസാനിക്കും. 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. ഇതിൽ 2,15,660 പേർ ആൺകുട്ടികളും 2,06,566 പേർ പെൺകുട്ടികളുമാണ്. ഗൾഫിൽ ഒമ്പതുകേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപിൽ ഒമ്പതുകേന്ദ്രങ്ങളിലായി 627ഉം പേർ പരീക്ഷയെഴുതുന്നുണ്ട്.
4,46,471 പേരാണ് 2004 കേന്ദ്രങ്ങളിലായി ഹയർസെക്കൻഡറി പരീക്ഷയെഴുതുന്നത്. ഇതിൽ 2,26,325 പേർ ആൺകുട്ടികളും 2,20,146 പേർ പെൺകുട്ടികളുമാണ്. 27,000 വിദ്യാർത്ഥികളാണ് വിഎച്ച്എസ്ഇ പരീക്ഷയെഴുതുന്നത്. ടിഎച്ച്എസ്എൽസി വിഭാഗത്തിൽ 48 കേന്ദ്രങ്ങളിലായി 2889 വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നുണ്ട്. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് വികെഎംഎം എച്ച്എസിലാണ് കൂടുതൽ (2076) കുട്ടികൾ പരീക്ഷയെഴുതുന്നത്.
വ്യാഴാഴ്ചയും തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1.40 മുതലും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40 മുതലുമാണ് എസ്എസ്എൽസി പരീക്ഷ. റംസാൻ നോമ്പ് പ്രമാണിച്ച് 15 മുതൽ 29 വരെയുള്ള പരീക്ഷകൾ രാവിലെ 9.40നു തുടങ്ങും. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ രാവിലെ 9.40നാണ്.
അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കണം പരീക്ഷകളുടെ നടത്തിപ്പ് എന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. വിദ്യാർത്ഥികൾ മുഖാവരണവും സാനിറ്റൈസറും ഉപയോഗിക്കണം. ശരീരോഷ്മാവ് അളക്കാനുള്ള സംവിധാനങ്ങൾ പരീക്ഷാകേന്ദ്രത്തിലൊരുക്കും. വിദ്യാർത്ഥികളെ കൂട്ടംകൂടാൻ അനുവദിക്കില്ല. പരീക്ഷാകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിലും ക്ലാസ് മുറികൾക്കുമുന്നിലും വിദ്യാർത്ഥികൾക്ക് കൈകഴുകാൻ സോപ്പും വെള്ളവും ഒരുക്കണം. ശീതീകരിച്ച മുറികളിൽ പരീക്ഷ നടത്തരുത്. വായുസഞ്ചാരമുള്ള മുറികളാവണം പരീക്ഷയ്ക്ക് ഉപയോഗിക്കാൻ.
ക്ലാസ് മുറികളിൽ വെച്ച് പേന, ഇൻസ്ട്രുമെന്റ് ബോക്‌സ് എന്നിവ കൈമാറ്റംചെയ്യാൻ അനുവദിക്കില്ല. കോവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും വിദ്യാർത്ഥിയും ഇൻവിജിലേറ്ററും പിപിഇ കിറ്റ് ധരിക്കുകയും വേണം. ക്വാറന്റീനിലുള്ളവർക്ക് സാനിറ്റൈസ്ഡ് കോറിഡോർ ഒരുക്കും.