Latest News

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, രോഗമുക്തരായവരുടെ എണ്ണം കൂടി. 745 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 19,727 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 1054. ഇന്ന് 483 പേര്‍ സമ്പര്‍ക്കംവഴി രോഗം നേടിയവരാണ്. ഇതില്‍ 35 പേരുടെ ഉറവിടം അറിയില്ല.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശത്തുനിന്നും
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 91 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 43 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം-161
മലപ്പുറം-86
കൊല്ലം-22
പത്തനംതിട്ട-17
ഇടുക്കി-70
എറണാകുളം-15
കോഴിക്കോട്-68
പാലക്കാട്-41
തൃശൂര്‍-40
കണ്ണൂര്‍-38
ആലപ്പുഴ-30
വയനാട്-17
കാസര്‍കോട്-38
കോട്ടയം-59

കഴിഞ്ഞ 24 മണിക്കൂറിനിടെ 18417 സാംപിളുകള്‍ പരിശോധിച്ചു. 1237 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 9611 പേരാണ് കൊറോണ ചികിത്സയിലുള്ളത്.

ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടുന്ന ഒരു സംഘം ഗവേഷകര്‍ നടത്തിയ കൊറോണാവൈറസിനെ കുറിച്ചു നടത്തിയ കണ്ടെത്തല്‍ പുത്തന്‍ പ്രതീക്ഷ നൽകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വൈറസ് അതിന്റെ ജനിതക ശ്രേണി (genetic sequence) ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തന്മാത്രയുടെ ഘടന തിരിച്ചറിഞ്ഞതാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിന് ആവേശം പകരുന്നത്. ആതിഥേയന്റേതെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ പറ്റിക്കൂടാന്‍ ഇത് വൈറസിനെ സഹായിക്കുന്നു. ഇത് കേന്ദ്രീകരച്ച് കോവിഡ് ബാധയ്‌ക്കെതിരെ ആന്റിവൈറല്‍ മരുന്നുകള്‍ നിർമിച്ചെടുക്കാന്‍ സാധിച്ചേക്കുമെന്നാണ് ചില ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. സുപ്രസിദ്ധ ശാസ്ത്ര പ്രസിദ്ധീകരണമായ നേച്ചര്‍ കമ്യൂണിക്കേഷന്‍സില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് എന്‍എസ്പി10 (nsp10) എന്നു പറയുന്ന മോളിക്യൂളാണ് വൈറല്‍ എംആര്‍എന്‍എകളുടെ (mRNAs) ഘടന മാറ്റി, ആതിഥേയ കോശത്തിന്റെ സ്വന്തം എംഅര്‍എന്‍എ ആണെന്നു തെറ്റിധരിപ്പിക്കത്തക്ക രൂപമെടുക്കാന്‍ വൈറസിനെ അനുവദിക്കുന്നത്. എംആര്‍എന്‍എകളാണ് പ്രോട്ടീനുകള്‍ ഉണ്ടാക്കാനുള്ള രൂപരേഖ.

സാന്‍ അന്റോണിയോയിലെ, ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത് സയന്‍സ് സെന്ററിലെ ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നില്‍. അവര്‍ പറയുന്നത് ഈ മാറ്റംവരുത്തല്‍ വഴി, എന്‍എസ്പി10 ആതിഥേയ കോശം അതിന്റെ പ്രതിരോധ പ്രതികരണം നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. അതൊരു പ്രച്ഛന്നവേഷം കെട്ടലാണ്. സ്വയം മാറ്റംവരുത്തല്‍ നടത്തിയാണ് ആതിഥേയ കോശത്തെ തെറ്റിധരിപ്പിക്കുന്നത്. കോശത്തിനെ അതിന്റെ സ്വന്തം കോഡിലുള്ള എന്തൊ ആണ് എന്നു തെറ്റിധരിപ്പിക്കാന്‍ സാധിക്കുന്നതിലൂടെയാണ് വൈറസിനെതിരെയുള്ള പ്രതികരണം ആതിഥേയന്റെ ശരീരത്തില്‍ ഉണ്ടാകാത്തതെന്ന് പഠനത്തിന്റെ സഹ രചയിതാവായ യോഗേഷ് ഗുപ്ത പറയുന്നു.

എന്‍എസ്പി16ന്റെ 3ഡി രൂപം അനാവരണം ചെയ്യുക വഴി നോവല്‍ കൊറോണാവൈറസ് സാര്‍സ്-കോവ്-2നെതിരെ പുതിയ മരുന്നു കണ്ടെത്താനുള്ള സാധ്യതയാണ് തെളിയുന്നത്. പുതിയ മരുന്നുകള്‍ ഉപയോഗിച്ച് എന്‍എസ്പി16 ജനിതക മാറ്റം വരുത്തുന്നത് ഇല്ലാതാക്കാന്‍ സാധിച്ചാല്‍, ആതിഥേയന്റെ കോശത്തിന്റെ പ്രതിരോധ സിസ്റ്റത്തിന് കടന്നുകയറ്റക്കാരനായ വൈറസിനുമേല്‍ പ്രതിരോധം തീർക്കാനാകുമെന്ന് ഗുപ്ത പറഞ്ഞു. യോഗേഷിന്റെ പഠനം, കോവിഡ്-19 വൈറസിന്റെ പ്രധാനപ്പെട്ട ഒരു എന്‍സീമിന്റെ 3ഡി ഘടനയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് വൈറസിന്റെ അടിസ്ഥാന ഘടനയിലേക്ക് വെളിച്ചം വീശുന്നുവെന്നും പഠനത്തിന്റെ സഹ രചയിതാക്കളലൊരാളായ റോബട്ട് ഹ്രോമസ് പറയുന്നു.

ഡല്‍ഹിയില്‍ പടര്‍ന്നുപിടിച്ച കോവിഡിനെ തടയാനായുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇരുപത്തിയേഴുകാരനായ ഡോക്ടര്‍ ജോഗിന്ദര്‍ ചൗധരിയാണ് കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചത്. ബാബാ സാഹേബ് അംബേദ്കര്‍ ആശുപത്രിയിലെ ഡോക്ടറായിരുന്നു ജോഗിന്ദര്‍ ചൗധരി.

രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഇത് കോവിഡ് സ്‌പെഷ്യല്‍ ആശുപത്രിയാക്കി മാറ്റിയിരുന്നു. വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത്. ജൂണ്‍ 27നാണ് ജോഗിന്ദര്‍ ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലോക് നായക് ആശുപത്രിയിലാണ് ആദ്യം ചികിത്സിച്ചത്. എന്നാല്‍ ആരോഗ്യനില മോശമായതോടെ സര്‍ ഗംഗാറാം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

3.4 ലക്ഷത്തിന്റെ ആശുപത്രി ബില്ലാണ് കുടുംബത്തിന് ലഭിച്ചത്. കര്‍ഷകനാണ് ജോഗിന്ദറിന്റെ അച്ഛന്‍. ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ആ ബില്ല്. സഹായം തേടി അച്ഛന്‍ ബാബാ സാഹേബ് അംബേദ്കര്‍ ഡോക്ടേഴ്‌സ് അസോസിയേഷനെ സമീപിച്ചു.

തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ 2.8 ലക്ഷം രൂപ സ്വരൂപിച്ച് അച്ഛന് നല്‍കി. ഡോക്ടറുടെ കുടുംബത്തിന്റെ അവസ്ഥ അസോസിയേഷന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അധികൃതര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഡോക്ടറുടെ കുടുംബം.

രാജ്യത്ത് 47 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. നിരോധിച്ച ആപ്പുകള്‍ ഏതെല്ലാമെണെന്ന പട്ടിക ഉടന്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ ഇന്ത്യ നിരോധിച്ച 59 ആപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 47 ആപ്പുകളാണ് ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം 106 ആയി

അതേസമയം നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ചില മുന്‍ നിര ഗെയിമിംഗ് ആപ്പുകള്‍ കൂടി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ഏജന്‍സികളുമായി ഇവര്‍ ഡാറ്റ പങ്കിടുന്നുണ്ടെന്നാണ് ആരോപണം. സ്വകാര്യത, ദേശീയ സുരക്ഷാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് 250 ഓളം ആപ്പുകള്‍ നിരീക്ഷണത്തിലാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ലോകത്ത് ഏറ്റവുമധികം പ്രചാരത്തിലുള്ള ഗെയിം ആപ്ലിക്കേഷനായ പബ്ജി ഉള്‍പ്പടെയുള്ളവ ഇത്തരത്തില്‍ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് വ്യാപനം തടയാന്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങളില്‍ ഒന്നാണ് മാസ്‌ക് ധാരണവും സാനിറ്റൈസര്‍ ഉപയോഗവും. മാസക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ പിടിവീഴും എന്നതില്‍ സംശയമില്ല. എന്നാല്‍ ഇപ്പോള്‍, മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ ആട് ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലാണ് വിചിത്ര സംഭവം അരങ്ങേറിയത്.

കാന്‍പൂരിലെ ബെക്കന്‍ഗഞ്ച് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. വഴിയരികില്‍ മാസ്‌ക് ധരിക്കാതെ അലഞ്ഞു തിരിഞ്ഞ ആടിനെ പോലീസുകാര്‍ ജീപ്പില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ആടിന്റെ ഉടമസ്ഥന്‍ സ്റ്റേഷനിലെത്തി. ആടിനെ വിട്ടുതരണമെന്ന് അപേക്ഷിച്ചു. ഒടുവില്‍ ആടിനെ വിടാമെന്ന് പോലീസ് സമ്മതിക്കുകയും ചെയ്തു.

എന്നാല്‍ ഇനി മാസ്‌കില്ലാതെ ആടിനെ റോഡില്‍ അലയാന്‍ വിടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയാണ് ഉടമസ്ഥന് ആടിനെ വിട്ടു നല്‍കിയത്. മൃഗങ്ങള്‍ക്കും കൊവിഡ് ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ അവയെ മാസ്‌ക് ധരിപ്പിക്കണമെന്നാണ് ഇവര്‍ പറയുന്നത്. ആളുകള്‍ വീട്ടിലെ നായ്ക്കളെ വരെ മാസ്‌ക് ധരിപ്പിക്കുന്നു. പിന്നെന്താ ആടിനെ മാസ്‌ക് ധരിപ്പിച്ചാല്‍ എന്ന് സ്റ്റേഷനിലെ സിഐയുടെ ചോദ്യം.

സംസ്ഥാനത്ത് ഇനിയൊരു ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് മന്ത്രിസഭായോഗം. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ അപ്രായോഗികമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ദിവസ വേതനക്കാര്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടിലേക്ക് പോകുമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍.

കണ്ടെയിന്‍മെന്റ് സോണുകളില്‍ പോലീസ് സാന്നിധ്യം കൂടുതല്‍ ശക്തമാക്കും. കടകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അതാതു ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.

കെ.എസ്.ചിത്രയുടെ ഏതെങ്കിലും ഒരു പാട്ടു കേള്‍ക്കാതെ അല്ലെങ്കില്‍ മൂളാതെ ദിനം പോലും മലയാളി കടന്നു പോകുന്നില്ല. വിനയത്തിന്റെ രാഗപൗര്‍ണമിയായി നിന്നുകൊണ്ട് അവര്‍ പാടിയ ഭാവാര്‍ദ്രമായ ഗാനങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ തന്നെ താളമാണ്. അതില്‍ പുതിയ തലമുറയെന്നോ പഴയ തലമുറയെന്നോയില്ല.

എപ്പോഴും വിനയത്തിന്റെ രാഗ പൗര്‍ണമിയായി നിലകൊള്ളുവാനും സാധാരണക്കാരന്റെ മനസിലെ പാട്ടായി മാറുവാനും കഴിഞ്ഞു എന്നതാണു ചിത്രയെന്ന ഗായികയുടെ ഇതുവരെ കേട്ട ഈണങ്ങളേക്കാള്‍ മധുരതരമാക്കുന്നത്.

കരമന കൃഷ്ണന്‍ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛന്‍ തന്നെ ആദ്യ ഗുരു. മകളുടെ പാട്ടിനായി തന്നെയായിരുന്നു ജീവിതത്തിന്റെ പകുതിയിലധികവും അച്ഛന്‍ മാറ്റിവച്ചതും. കെ. ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ കര്‍ണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു കൈപിടിക്കുന്നത് എം.ജി.രാധാകൃഷ്ണനാണ്.

അട്ടഹാസമെന്ന ചിത്രത്തിലെ ചെല്ലം ചെല്ലം എന്ന ഗാനം പാടിക്കൊണ്ടായിരുന്നു അരങ്ങേറ്റം. എങ്കിലും സംവിധായകന്‍ സത്യന്‍ അന്തിക്കാട് രചിച്ച് എം.ജി രാധാകൃഷ്ണന്‍ ഈണമിട്ട രജനീ പറയൂ എന്ന ഗാനമാണു ചിത്രയുടെ ആദ്യ ഹിറ്റ്. യേശുദാസിനൊപ്പം പങ്കിട്ട നിരവധി വേദികളും കെ.എസ് ചിത്രയുടെ സംഗീത ജീവിതത്തിനു കരുത്തേകി.

തെന്നിന്ത്യയുടെ തന്നെ ഗായികയാക്കി കെ.എസ് ചിത്രയെ മാറ്റുന്നത് ഇളയരാജയുടെ ഗാനങ്ങളായിരുന്നു. നീ താനേ അന്തക്കുയില്‍ എന്ന ഗാനത്തിലൂടെ തമിഴിനു ഇളയരാജ ചിത്രയെ പരിചയപ്പെടുത്തി. സിന്ധുഭൈരവിയിലവെ ‘പാടറിയേന്‍ പഠിപ്പറിയേന്‍’… എന്ന പാട്ടിലൂടെ അവരുടെ പ്രിയഗായികയാക്കിയും മാറ്റി.

ആറു ദേശീയ പുരസ്‌കാരങ്ങളും 15 സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രയെ തേടിയെത്തി. ആന്ധ്ര സര്‍ക്കാര്‍ ഒമ്പതു പ്രാവശ്യവും തമിഴ്‌നാട് നാലു പ്രാവശ്യവും കര്‍ണാടക മൂന്നു പ്രാവശ്യവും ഒറിസ സര്‍ക്കാര്‍ ഒരു പ്രാവശ്യവും മികച്ച ഗായികയായി ചിത്രയെ തിരഞ്ഞെടുത്തു. 2005ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യവും ആദരിച്ചു. ചിത്രയെ തേടി വരാത്ത അംഗീകാരങ്ങള്‍ കുറവാണെന്നു തന്നെ പറയാം.

കോട്ടയം: മുട്ടമ്പലത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞതിന് ബി.ജെ.പി കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാറിനെതിരെ കേസ് എടുത്തു. സംഭവത്തില്‍ കൗണ്‍സിലറടക്കം കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ശവം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക വഴി രോഗം പകരുമെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

കോവിഡ് ബാധിച്ച് മരിച്ച ചുങ്കം സി.എം.എസ് കോളജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോര്‍ജിന്റെ സംസ്‌കാരമാണ് തടഞ്ഞത്. മുട്ടമ്പലം നഗരസഭാ ശ്മശാനത്തില്‍ അടക്കുന്നതിനെതിരെയായിരുന്നു നാട്ടുകാര്‍ പ്രതിഷേധം നടത്തിയത്. പിന്നീട് വന്‍ പോലീസ് സന്നാഹത്തോടെയാണ് സംസ്‌കാരം നടത്തിയത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടും പ്രശ്‌നത്തിന് പരിഹാരമായിരുന്നില്ല. മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ നടപടി ബി.ജെ.പി കൗണ്‍സിലറുടെ നേതൃത്വത്തില്‍ ആസൂത്രിതമായി ഉണ്ടായ പ്രശ്‌നമാണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു.

യുകെയിൽ നിന്നുള്ള സംഗീത ആൽബം നിർമാതാക്കളായ അനാമിക കെന്റിന്റെ രണ്ടാമത്തെ ആൽബമായ ‘ഇന്ദീവരം’ ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. പ്രണയം തുളുമ്പുന്ന അപൂർവങ്ങളായ ആർദ്രഗാനങ്ങൾ അടങ്ങിയ ഈ ആൽബത്തിലെ ആദ്യഗാനം വെള്ളിയാഴ്ച പുറത്തിറങ്ങിയിരുന്നു. ഗർഷോം ടിവിയാണ് ഇന്ദീവരം റിലീസ് ചെയ്തത്.

‘വെൺനൂലുപോലെയീ രാമഴ.. ‘ എന്നു തുടങ്ങുന്ന ആദ്യഗാനത്തിന് ടിവിയിലും സോഷ്യൽ മീഡിയയിലുമായി അപ്രതീക്ഷിതമായ സ്വീകാര്യതയാണ് ലഭിച്ചത്. വിജയ് യേശുദാസിന്റെ അനന്യമായ ശബ്ദമാധുരിയാൽ ശ്രദ്ധേയമായ ഈ ഗാനം സംഗീതപ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു.

യുകെയിൽ നിന്നുള്ള എഴുത്തുകാരിയും കവയിത്രിയുമായ ബീന റോയ് ആണ് ഈ ആൽബത്തിലെ എല്ലാ ഗാനങ്ങളും രചിച്ചിരിക്കുന്നത്. കാവ്യരസപ്രധാനമായ നിരവധി കവിതകളും കവിതാസമാഹാരങ്ങളും സാഹിത്യലോകത്തിനു സമ്മാനിച്ച അതുല്യ പ്രതിഭയാണ് യുകെയിൽ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന ഈ സാഹിത്യകാരി.

മലയാളസംഗീത ലോകത്ത് സുപരിചിതനായ സംഗീത സംവിധായകനും സംഗീതാദ്ധ്യാപകനുമായ ശ്രീ. പ്രസാദ് എൻ എ യുടെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഉൾപ്പെടുത്താവുന്ന ഗാനമാണ് ഇന്ദീവരത്തിലെ ഈ ഗാനം. ഈ ആൽബത്തിലെ മറ്റു ഗാനങ്ങൾക്കും ഈണം പകർന്നിരിക്കുന്നത് ഈ സംഗീതജ്ഞൻ തന്നെയാണ്.

പ്രണയം തുളുമ്പുന്ന വരികളും ഹൃദ്യമായ ഈണവും ശ്രുതിമധുരമായ ആലാപനവും ഈ ഗാനത്തെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. എക്കാലവും ഓർമ്മിച്ചിരിക്കേണ്ട ഗാനങ്ങളുടെ പട്ടികയിൽ ഈ സൃഷ്ടിയും ഇടം പിടിക്കും എന്നതിൽ സംശയമില്ല. ‘ഇന്ദീവരത്തിലെ’ അടുത്ത ഗാനം ജൂലൈ 31 വെള്ളിയാഴ്ച വൈകിട്ട് 7.30 (UK TIME ) ന് ഗർഷോം ടിവിയിൽ റിലീസ് ചെയ്യുന്നു. ആദ്യഗാനത്തിന് പ്രേക്ഷകർ നൽകിയ വലിയ സ്വീകരണത്തിനും പിന്തുണക്കും അനാമിക കെന്റിന്റെ നിർമാതാക്കൾ നന്ദി അറിയിച്ചു.

വെൺനൂലുപോലെയീ രാമഴ.. ‘ ഗാനം കേൾക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ആറ്റിങ്ങലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചനിലയില്‍. വലിയകുന്ന് ദാവൂദ് മന്‍സിലില്‍ സുല്‍ഫിക്കര്‍ ദാവൂദ്(42)നെയാണ് മരിച്ച നിലയില്‍ കണ്ടത്. വീട്ടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ ചെന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

ഒരു മാസം മുന്‍പ് ദുബായില്‍ നിന്ന് നാട്ടിലെത്തിയ സുല്‍ഫിക്കര്‍ ഹോം ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. പൊലീസെത്തി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ മാജിദ ബീവി. മക്കള്‍ സുഹാന, സുനൈന, നാദിര്‍ഷ.

Copyright © . All rights reserved