Latest News

ജൂലൈ 19 മുതൽ മാസ്ക് നിയമങ്ങൾ റദ്ദാക്കൽ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ബോറിസ് ജോൺസണെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം. കോവിഡ് നിയന്ത്രണങ്ങൾ ഒറ്റയടിയ്ക്ക് പിൻവലിക്കുന്നത് തിരിച്ചടിയ്ക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് എംപിമാർ എതിർപ്പുമായി രംഗത്തെത്തുന്നത്. കോമൺസിൽ ഈ വിഷയം ജോൺസണും സ്റ്റാമറും തമ്മിലുള്ള വാക്പോരിനും കാരണമായേക്കും.

യാത്രാ ക്വാറന്റൈൻ നിയമങ്ങളും ബോറിസ് ജോൺസൺ പിൻ വലിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന 2 ഡോസ് വാക്സിനും എടുത്ത ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് സെൽഫ് ഐസോലേഷൻ ഇല്ലാതെ തന്നെ വിദേശത്ത് വേനലവധി ആഘോഷിക്കാൻ അനുവദിക്കാനാണ് സർക്കാർ നീക്കം.

ഫ്രാൻസ്, സ്പെയിൻ, ഗ്രീസ് തുടങ്ങിയ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ യാത്രക്കാർക്ക് സെൽഫ് ഐസോലേഷൻ ഒഴിവാക്കുന്ന കാര്യത്തിൽ മന്ത്രിമാർ ഉടനെ അന്തിമ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ. സ്വാതന്ത്ര്യദിനം എന്ന് വിളിക്കപ്പെടുന്ന നീക്കം ജൂലൈ 19 ന് നടപ്പാക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചിരിക്കുകയാണെന്നും അവശേഷിക്കുന്ന ആഭ്യന്തര നിയന്ത്രണങ്ങൾ കൂടി റദ്ദാക്കുമെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക് ഓഗസ്റ്റ് പകുതി വരെ റോഡ് മാപ്പ് നീട്ടണമെന്ന നിലപാടുകാരനായിരുന്നു. ഇതായിരുന്നു സർക്കാരിന്റെ മെല്ലെപ്പോക്കിലേക്ക് നയിച്ചത്. എന്നാൽ ഹാൻകോക്കിന്റെ രാജിയെത്തുടർന്ന് ജോൺസൺ ഇക്കാര്യം പുനഃപരിശോധിക്കുകയായിരുന്നു.

തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും മാറ്റം വരുത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ട ബോർഡർ ഫോഴ്‌സ് ഇപ്പോൾ എതിർപ്പ് ഒഴിവാക്കി, നേരത്തേ നടപ്പാക്കാൻ തയ്യാ റാണെന്ന നിലപാടിലാണ്. ബോർഡർ ഫോഴ്‌സിന് ചില സാങ്കേതിക മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്, പുതിയ സംവിധാനങ്ങൾ ലഭ്യമാക്കാൻ അവർ അൽപ്പം സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവസാന തിയതി ജൂലായ് 19 ആയിരിക്കുമെന്ന് അവർ അംഗീകരിച്ചതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.

യാത്രക്കാരുടെ എണ്ണത്തിലും പരിശോധനയിലും ഉണ്ടാകുന്ന വർദ്ധനവ് കാരണം അതിർത്തിയിൽ നീണ്ട നിരകൾ ഉണ്ടാകാനുള്ള സാധ്യത ഉൾപ്പെടെയുള്ള ആശങ്കകൾ ഇപ്പോഴും ചിലർ ഉന്നയിക്കുന്നുണ്ട്. ചെക്ക്-ഇൻ ചെയ്യുമ്പോഴും ബ്രിട്ടനിൽ തിരിച്ചെത്തുമ്പോഴും വാക്സിനേഷന്റെ തെളിവ് നൽകുന്നതിന് യാത്രക്കാർക്കായി ഒരു ട്രയൽ സംവിധാനം വിമാനക്കമ്പനികൾ തയ്യാറാക്കിക്കഴിഞ്ഞു.

2 ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുക്കാനാണ് ഹീത്രോ വിമാനത്താവളത്തിൻ്റെ നീക്കം. ഈ ആഴ്ച ആരംഭിക്കുന്ന പൈലറ്റ് പ്രോഗ്രാമിന് കീഴിൽ, തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിമാനം കയറുന്നതിന് മുമ്പ് അവരുടെ കൊറോണ വൈറസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ കഴിയും.

ഇത് വിമാനത്താവളത്തിൽ എത്തുമ്പോൾ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിൽ ഇമിഗ്രേഷനിലൂടെ കടന്നുപോകുന്നത് വേഗത്തിലാക്കാൻ അവരെ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സെൽഫ് ഐസോലേഷൻ അവസാനിപ്പിക്കാനുള്ള തീരുമാനം ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഓരോ ദിവസവും കൂടുതൽ ഇളവുകളുമായി സർക്കാർ രംഗത്തു വരുമ്പോഴും കേസുകളുടെ എണ്ണം അനുദിനം കൂടിവരുന്ന സാഹചര്യം ആശങ്കയുണ്ടാക്കുന്നുണ്ട്. എങ്കിലും മരണ നിരക്ക് വർധിക്കുന്നില്ല എന്നതു മാത്രമാണ് ഏക ആശ്വാസം. മാത്രമല്ല ഇംഗ്ലണ്ടിലെ ഇളവുകൾ സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങൾ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല.

ജൂലൈ 19 മുതൽ സോഷ്യൽ ഡിസ്റ്റൻസിംങ്ങും ഫെയ്സ്മാസ്കും നിർബന്ധമല്ലാതാക്കുന്ന കാര്യത്തിൽ ഈമാസം 12ന് പാർലമെന്റ് തീരുമാനമെടുക്കും. മാസ്ക് ധരിക്കുന്നതും അകലം പാലിക്കുന്നതും നിയമപരമായ ബാധ്യത അല്ലാതാക്കി ഫൈൻ ഒഴിവാക്കുമ്പോഴും ഈ ശീലങ്ങൾ തുടരുന്നത് പ്രോൽസാഹിപ്പിക്കാൻ തന്നെയാണ് സർക്കാർ തീരുമാനമെന്നാണ് ഇതുവരെയുള്ള സൂചനകൾ.

കാസർകോട്: ആശുപത്രിയിൽ പനി ബാധിച്ച് കിടത്തി ചികിത്സയിലായിരുന്നയാളുടെ കണ്ണിന്റെ കൃഷ്ണമണിയിലേക്ക്, ഗ്ലൂക്കോസ് കുപ്പിയിൽ കുത്തിവച്ചിരുന്ന സൂചി വീണു. ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ ആയിരുന്ന പടുപ്പ് പുളിങ്കാല സ്വദേശി പി.ഡി.ബിനോയ്(42)യുടെ ഇടതു കണ്ണിലേക്കാണ് കട്ടിലിനോടു ചേർത്തു വച്ചിരുന്ന ഗ്ലൂക്കോസ് കുപ്പിയിൽ നിന്നു സൂചി വീണത്. ഇതോടെ കണ്ണിന്റെ കാഴ്ച ശക്തി നഷപ്പെട്ടതായി ബിനോയ് പറഞ്ഞു.

കഴിഞ്ഞ ജൂൺ 11 നായിരുന്നു ബിനോയിയെ ആശുപത്രിയിൽ പ്രവേശിച്ചത്. സൂചി കണ്ണിൽ വീണതിനെത്തുടർന്ന് ഡ്യൂട്ടി ഡോക്ടർ നടത്തിയ പരിശോധനയിൽ കണ്ണിനു കുഴപ്പമൊന്നുമില്ലെന്നും പേടിക്കേണ്ടതില്ലെന്നും പറഞ്ഞതായി ബിനോയ് പറയുന്നു. അടുത്ത ദിവസങ്ങളിൽ ഡെങ്കിപ്പനി മൂർച്ഛിച്ചതോടെ പരിയാരം മെഡിക്കൽ കോളജിൽ 4 ദിവസത്തോളം ചികിത്സിച്ചു. പനി ഭേദമായി വീട്ടിൽ എത്തിയപ്പോഴാണ് കണ്ണിന്റെ വേദന കൂടുതലായത്. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കണ്ണ് പരിശോധിച്ചപ്പോൾ കണ്ണിനു തിമിരം വന്ന് നിറഞ്ഞതിനാൽ‌ ഓപ്പറേഷൻ ചെയ്ത് ലെൻസ് മാറ്റി വയ്ക്കാൻ ആവശ്യപ്പെട്ടു.

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ആരാധകര്‍ ആഗ്രഹിച്ചതുപോലെ ബ്രസീല്‍-അര്‍ജന്റീന ക്ലാസിക് ഫൈനല്‍. ഇന്നു നടന്ന സെമി ഫൈനലില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് അര്‍ജന്റീന കോപ്പ അമേരിക്കയുടെ ഫൈനലില്‍ കടന്നത്.

ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകള്‍ രക്ഷപ്പെടുത്തിയ അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസാണ് ടീമിന്റെ ഹീറോയായത്. അര്‍ജന്റീന മൂന്ന് കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ കൊളംബിയക്ക് രണ്ടെണ്ണം മാത്രമേ വലയിലെത്താക്കാനായുള്ളൂ.

നിശ്ചിത സമയത്ത് ഇരു ടീമും ഒരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അര്‍ജന്റീനയ്ക്കായി മെസ്സി, ലിയാണ്‍ഡ്രോ പരെഡെസ്, ലൗറ്റാരോ മാര്‍ട്ടിനെസ് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ റോഡ്രിഡോ ഡി പോള്‍ പന്ത് പുറത്തേക്കടിച്ച് കളഞ്ഞു.

ആ സെമിയ്ക്ക് ശേഷം ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ അര്‍ജന്റീനയെ തങ്ങള്‍ക്ക് ഫൈനലില്‍ വേണമെന്ന് പറഞ്ഞിരുന്നു. അര്‍ജന്റീനയില്‍ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ട് എന്നാണ് ഇതിന് കാരണമായി നെയ്മര്‍ പറഞ്ഞത്. എന്നാല്‍ ഫൈനലില്‍ അര്‍ജന്റീന തോല്‍ക്കുമെന്നും നെയ്മര്‍ പറഞ്ഞിരുന്നു. ഇതിന് അര്‍ജന്റീന ജയത്തിലൂടെ മറുപടി നല്‍കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഞായറാഴ്ചയാണ് ഫൈനല്‍.

ഉപ്പുതറ/കുമളി: മുല്ലപ്പെരിയാര്‍-ഇടുക്കി അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശം ഉള്‍പ്പെടെ ഹൈറേഞ്ച്‌ മേഖലയില്‍ ഭൂചലനം. അന്‍പത്‌ സെക്കന്‍ഡോളം നീണ്ടു നിന്ന ഭൂചലനം ജനങ്ങളില്‍ ഭീതി പടര്‍ത്തി. ഇന്നലെ രാത്രി 8.50 ഓടെയാണ്‌ ഭൂചലനം ഉണ്ടായത്‌.

ഇന്നലെ വൈകിട്ട്‌ ഈ മേഖലയില്‍ ഇടിമിന്നല്‍ ഉണ്ടായിരുന്നു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ തോണിത്തടി റെയ്‌ന്‍ ഗെയ്‌ഗ്‌ സ്‌റ്റേഷനിലെ റിക്‌ടര്‍ സ്‌കെയിലെ അളവ്‌ നിജപ്പെടുത്തിയിയാല്‍ മാത്രമെ കൃത്യമായ ഭൂചലനത്തിന്റെ തോത്‌ അറിയാനാകു.

കുമളിയിലും ശക്‌തമായ ഭൂചലനം ഉണ്ടായിട്ടുണ്ട്‌. കെട്ടിടങ്ങളുടേയും മറ്റും ജനല്‍ ചില്ലുകള്‍ ഭൂചലനത്തില്‍ പൊട്ടിയതായും റിപ്പോര്‍ട്ടുണ്ട്‌.

മുൻ കേന്ദ്രമന്ത്രി പി. രംഗരാജൻ കുമാരമംഗലത്തിന്റെ ഭാര്യയും അഭിഭാഷകയുമായ കിറ്റി കുമാരമംഗലത്തെ (68) ചൊവ്വാഴ്ച രാത്രി തെക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് വിഹാർ പ്രദേശത്തെ വീട്ടിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. ഇവരുടെ അലക്കുകാരനും രണ്ട് കൂട്ടാളികളും ചേർന്നാണ് കൊലനടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ പ്രതികളിലൊരാളായ വീടിനടുത്ത് ജോലി ചെയ്തിരുന്ന രാജു ലഖൻ (24) അറസ്റ്റിലായി. ഇയാളുടെ കൂട്ടാളികൾക്കും വേണ്ടി അന്വേഷണത്തെ തുടരുകയാണ്

കൊല്ലപ്പെട്ട കിറ്റിയുടെ വീട്ടുജോലിക്കാരിയായ മഞ്ജുവിൽ നിന്നും രാത്രി 11 മണിയോടെ പൊലീസിന് കോൾ ലഭിച്ചു. രാത്രി ഒൻപത് മണിയോടെ രാജു വീട്ടിലെത്തിയതായും അയാൾക്ക്‌ വേണ്ടി അവൾവാതിൽ തുറന്നുകൊടുക്കുകയും എന്നാൽ പ്രവേശിച്ച ഉടനെ അയാൾ അവളെ കീഴടക്കി മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചു എന്ന് മഞ്ജു പറഞ്ഞു. രാജുവിന്റെ രണ്ട് കൂട്ടാളികളും വീട്ടിലേക്ക് കടക്കുകയും അവർ കിറ്റിയെ കീഴടക്കി എന്നും പരാതിക്കാരനായ മഞ്ജു ആരോപിച്ചു. ശബ്ദമുയർത്തിയപ്പോൾ അവർ കിറ്റിയെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൊലപ്പെടുത്തി എന്നും മഞ്ജു പറഞ്ഞു.

തുടർന്ന് കുറച്ച് പണവും ആഭരണങ്ങളും കൈക്കലാക്കി അവർ കടന്നുകളഞ്ഞു. വീട്ടുജോലിക്കാരി തന്റെ കൈകളിലെ കെട്ടുകൾ അഴിച്ച് . സഹായത്തിനായി അയൽവാസികളെ വിളിച്ചു. സംഭവത്തെക്കുറിച്ച് അവർ പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി മഞ്ജുവിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. വീട് കൊള്ളയടിക്കപ്പെട്ടതായി പൊലീസ് കണ്ടെത്തി. തുടർന്ന് ബെംഗളൂരുവിലുള്ള കുട്ടിയുടെ മകനെ വിവരം അറിയിച്ചു. അന്വേഷണത്തിന് നിരവധി സംഘം രൂപീകരിക്കുകയും രാജുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

പി. രംഗരാജൻ കുമാരമംഗലം 1991 ജൂലൈയിൽ സേലം കുമരനമംഗലത്തുനിന്നും കോൺഗ്രസ് എംപിയാവുകയും തുടർന്ന് നിയമ, നീതി, കമ്പനി കാര്യ സഹമന്ത്രിയാകുകയും ചെയ്തു. പിന്നീട് ബിജെപിയിൽ ചേർന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള ആദ്യത്തെ ബി.ജെ.പി എംപിമാരിൽ ഒരാളായിരുന്നു അദ്ദേഹം. അടൽ ബിഹാരി വാജ്‌പേയിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും കാബിനറ്റുകളിലും അദ്ദേഹം കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചു.

കരുനാഗപ്പള്ളി വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തില്‍ ഫിന്‍ലന്‍ഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫിന്‍ലന്‍ഡുകാരി ക്രിസ എസ്റ്റര്‍ (52) ആണ് മരിച്ചത്.

ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

ക്രിസ മാനസിക പ്രശ്നങ്ങള്‍ക്ക് മരുന്നുകള്‍ കഴിച്ചിരുന്നതായി പറയപ്പെടുന്നു. മരണത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

നേരത്തെയും അമൃതാനന്ദമയി ആശ്രമ ഇത്തരം സംഭവങ്ങളില്‍ ആരോപണ വിധേയമായിരുന്നു. 2012ല്‍ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തില്‍ ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന ആരോപണത്തില്‍ ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് മാനസികാസ്വാസ്ഥ്യം കാണിച്ചതിനാല്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അവിടെ വച്ച് സത്നാം മരണപ്പെട്ടു. മരണത്തിന്റെ ദുരൂഹത ഒട്ടേറെ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും തുടക്കമിട്ടിരുന്നു.

യുവാക്കളെയും വനിതകളെയും ഉള്‍പ്പെടുത്തി രണ്ടാം മോഡി സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭ പുനഃസംഘടന ബുധനാഴ്ച. ജൂലൈ ഏഴിന് വൈകിട്ട് ആറുമണിക്ക് പുനഃസംഘടന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. പുതുക്കിയ മന്ത്രിസഭാ പ്രഖ്യാപനത്തോടെ ഇന്ത്യയുടെ ചരിത്രത്തില്‍ മന്ത്രിമാരുടെ ശരാശരി പ്രായം ഏറ്റവും കുറഞ്ഞ മന്ത്രിസഭയായിരിക്കും രൂപം കൊള്ളുക.

സ്ത്രീകള്‍ക്കും വിവിധ ന്യൂനപക്ഷ സാമൂദായിക വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ടായിരിക്കും പുതിയ മന്ത്രിസഭ ഒരുങ്ങുക. പുനസംഘടനയോടെ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മന്ത്രിമാരുടെ എണ്ണം 20 പിന്നിടുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യതയിലെ ശരാശരിയും ഉയര്‍ത്തുന്നതായിരിക്കും പുനസംഘടന.

ഓരോ സംസ്ഥാനങ്ങളുടെയും പ്രദേശങ്ങളെയും പ്രത്യേകം പരിഗണിച്ചായിരിക്കും തീരുമാനം. അതില്‍ 2024ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

നിലവില്‍ ഡല്‍ഹിയിലേക്ക് തിരിച്ച നേതാക്കള്‍ക്ക് മന്ത്രിസ്ഥാനമുണ്ടെന്നാണ് സൂചന. ജ്യോതിരാധിത്യ സിന്ധ്യ, സര്‍ബാനന്ദ സോനാവാള്‍, എല്‍ജെപിയുടെ പശുപതി പരസ്, നാരായണ റാണെ, വരുണ്‍ ഗാന്ധി എന്നിവരടക്കമുള്ളവരാണ് നിലവില്‍ പുനസംഘടനയോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ തുടരുന്നത്.

മന്ത്രിസഭാ പുനസംഘടനാ ഇന്ന് നടന്ന നിര്‍ണ്ണായക യോഗത്തില്‍ മന്ത്രിമാരുടെ പേരുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തതായാണ് വിവരം. പുനഃസംഘടനയില്‍ ചില മന്ത്രിമാര്‍ക്ക് പദവി നഷ്ടപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി വി മുരളീധരന് സ്വതന്ത്ര ചുമതല നല്‍കിയേക്കുമെന്നാണ് അതില്‍ ഒന്ന്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി പ്രസിഡന്റ് ജെപി നദ്ദ, സംഘടനാ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.

ബോളിവുഡ് ഇതിഹാസം ദീലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അഞ്ച് ദശാബ്ദം നീണ്ട അഭിനയജീവിതത്തില്‍ എണ്ണം പറഞ്ഞ അവിസ്മരണീയ കഥാപാത്രങ്ങളാണ് അദ്ദേഹം അതുല്യമാക്കിയത്. മുഗള്‍ ഇ കസം, ദേവദാസ്, രാം ഔര്‍ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ദിലീപ്കുമാറിനെ ഇന്ത്യന്‍ സിനിമയുടെ ഉന്നതങ്ങളിലേയ്ക്ക് എത്തിച്ചു.

റൊമാന്റിക് നായകനില്‍ നിന്ന് ആഴമുള്ള കഥാപാത്രങ്ങളിലേക്ക് അദ്ദേഹം 80 കളില്‍ മാറി. ക്രാന്തി, ശക്തി, കര്‍മ്മ, സൗഗാദര്‍ അടക്കമുള്ള സിനിമകളില്‍ അദ്ദേഹം ശക്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 1966 ലാണ് ബോളിവുഡ് താരമായ സൈറ ഭാനുവിനെ വിവാഹം കഴിച്ചത്. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ ദീലീപ് കുമാര്‍ രാജ്യസഭാംഗമായും നാമനിര്‍ദേശം ചെയ്യപ്പെട്ടു.

1998 ല്‍ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടന്‍ ദിലീപ് കുമാറാണ്. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കോഡും അദ്ദേഹത്തിന് സ്വന്തമാണ്. 2015 ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

റെയില്‍വേ സ്‌റ്റേഷനില്‍ തളര്‍ന്നുവീണ സ്വന്തം അമ്മയ്ക്ക് രക്ഷയായി രണ്ടുവയസുകാരി മകള്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് റെയില്‍വേ സ്റ്റേഷനിലാണ് ഗര്‍ഭിണിയായ യുവതി തളര്‍ന്നുവീണത്.

അമ്മ ബോധം കെട്ടു കിടക്കുന്നതു കണ്ടതോടെ ആദ്യം ഭയന്നു നിലവിളിച്ചെങ്കിലും പിന്നീട് എഴുന്നേറ്റു സമീപം ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ അടുത്തെത്തി അവരുടെ കൈ പിടിച്ച് അമ്മയുടെ അരികിലേക്ക് എത്തുകയായിരുന്നു കുട്ടി. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.

സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലാണു യുവതി ബോധം കെട്ടു വീണത്. യുവതിയുടെ ഇളയ കുട്ടി അവരുടെ മടിയിലിരുന്നു കരയുന്നുണ്ടായിരുന്നു. കരച്ചില്‍ കേട്ട് അമ്മയുടെ അരികിലെത്തിയ രണ്ടു വയസ്സുകാരി തട്ടി വിളിച്ചെങ്കിലും യുവതി അനങ്ങിയില്ല. തുടര്‍ന്നാണു കുട്ടി പൊലീസ് ഉദ്യോഗസ്ഥര്‍ക്കു സമീപം എത്തിയത്. പിച്ചവച്ചു നടക്കുന്ന കുരുന്ന് അമ്മയെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

 

തിരുവനന്തപുരം: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. പതിനെട്ട് മുതല്‍ 23 വയസ് വരെയുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുക. വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുന്‍ഗണന ലഭിക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും സെക്രട്ടറിയേറ്റിലെയും നിയമസഭയിലെയും ജീവനക്കാര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

നേരത്തെ 56 വിഭാഗങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കിയിരുന്നു. ഇതിനു പുറമേയാണ് പുതിയ മുന്‍ഗണനാ വിഭാഗങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ച് ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved