റിയാദ് ∙ വിദേശത്തുനിന്നുള്ള വിദഗ്ധതൊഴിലാളികളുടെ പരിജ്ഞാനം ഉറപ്പുവരുത്താൻ സൗദി അറേബ്യ പ്രഫഷനൽ പരീക്ഷയ്ക്കു തുടക്കം കുറിച്ചു. പുതുതായി ജോലിക്ക് അപേക്ഷിക്കുന്നവർക്കു സ്വന്തം നാട്ടിലായിരിക്കും പരീക്ഷ. നിലവിൽ പ്രഫഷനൽ തസ്തികയിൽ ജോലി ചെയ്യുന്നവർ ജൂലൈ മുതൽ പരീക്ഷ എഴുതി യോഗ്യത നേടണം. യോഗ്യത തെളിയിക്കാൻ പറ്റാത്തവരെ ഒഴിവാക്കും.
വിദേശമന്ത്രാലയവുമായും സാങ്കേതിക തൊഴിൽപരിശീലന കോർപറേഷനുമായും സഹകരിച്ചു 2 ഘട്ടങ്ങളിലായി പ്രാക്ടിക്കൽ, തിയറി പരീക്ഷകളുണ്ടാകും. അതതു രാജ്യത്തു നടത്തുന്ന പരീക്ഷയിൽ വിജയിക്കുന്നവരെ സൗദിയിലെത്തിച്ചു വീണ്ടും പരീക്ഷ നടത്തും.
പ്രഫഷനൽ പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്യാൻ (https://svp.qiwa.sa) സൗദിയിലെ എല്ലാ സ്ഥാപനങ്ങളോടും മാനവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. പുതിയ സംവിധാനം വീസ സ്റ്റാംപിങ്ങുമായി ബന്ധിപ്പിക്കുന്നതോടെ പരീക്ഷ വിജയിക്കുന്നവർക്കു മാത്രമേ വീസ ലഭിക്കൂ. നിലവിൽ ജോലി ചെയ്യുന്നവർക്കു വീസ പുതുക്കാനും ഇതു നിർബന്ധമാക്കും. തോൽക്കുന്നവരുടെ താമസാനുമതി പുതുക്കി നൽകില്ല.
കോട്ടയം ∙ കുടുംബാംഗങ്ങളുടെ വേർപാടിന്റെ വേദനകൾക്കിടയിലും കൈത്താങ്ങ് ആകേണ്ടവരുടെ അവഗണനയാണ് ബിപിൻ ലാലിനെ കണ്ണീരിലാഴ്ത്തുന്നത്. അർഹമായ ആശ്രിത നിയമനത്തിനായി ബിപിൽ ലാൽ (30) കഴിഞ്ഞ 5 വർഷമായി സർക്കാരിന്റെയും ജനപ്രതിനിധികളുടെ കാരുണ്യത്തിനായി ഓഫിസുകൾ കയറി ഇറങ്ങുകയാണ്. പാറമ്പുഴ കൂട്ടക്കൊലക്കേസിൽ കുടുംബത്തിൽ അവശേഷിച്ച ഏക അംഗമാണ് ബിപിൽ ലാൽ. ഇങ്ങനെ 213 പേരാണ് സമാന വിധത്തിൽ ആശ്രിതനിയമനം കാത്തു കഴിയുന്നത്. ഓരോ പിൻവാതിൽ നിയമനങ്ങൾ കേൾക്കുമ്പോഴും മനസ്സ് അറിയാതെ വിങ്ങും. അർഹതപ്പെട്ട ആശ്രിത നിയമനത്തിന് എന്നെങ്കിലും വിളി എത്തുമെന്നതാണ് ബിപിന്റെ പ്രതീക്ഷ. അച്ഛനും ചേട്ടനും തുടങ്ങിവച്ച ഡ്രൈക്ലീനിങ് സ്ഥാപനം ചെറിയ രീതിയിലും നടത്തി കൊണ്ടു പോകുന്നു.
2015 മേയ് 16 ന് ഡ്രൈക്ലീനിങ് സ്ഥാപന ഉടമ ലാലസൻ, ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന മൂത്ത മകൻ പ്രവീൺ ലാൽ എന്നിവരാണ് വീട്ടിൽ കൊല്ലപ്പെട്ടത്. വീട്ടിലെ ഡ്രൈ ക്ലീനിങ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാർ (26) ആയിരുന്നു പ്രതി. പിന്നീട് കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു.
ബിരുദധാരിയാണ് വിപിൻ ലാൽ. പ്രവീൺ ലാലും അച്ഛൻ ലാലസനും ചേർന്ന് ബാങ്കിൽ നിന്ന് വായ്പ എടുത്താണ് വീട്ടിൽ ഡ്രൈക്ലീനിങ് സ്ഥാപനം ആരംഭിച്ചത്. ഇതിന്റെ വൈദ്യുതി കണക്‌ഷനുമായി ബന്ധപ്പെട്ട് മാസങ്ങളോളം പ്രവർത്തനം ആരംഭിക്കാനായില്ല. പിന്നീടാണ് താൽക്കാലികമായി ജനറേറ്റർ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു. ഈ സമയത്താണ് കുടുംബത്തെ ഇല്ലാതാക്കിയ ദുരന്തം സംഭവിച്ചത്. തുടർന്ന് ഡ്രൈക്ലിനിങ് സ്ഥാപനം ഏറ്റെടുത്തെങ്കിലും കടുത്ത കടബാധ്യതകൾ ഒരോ ദിവസവും കൂടികൂടി വന്നു. സ്ഥാപനം തുടങ്ങാനാനായി എടുത്ത വായ്പകൾ കുമിഞ്ഞു കൂടി. ഇതിനിടെ പ്രസന്നയ്ക്ക് ലഭിച്ച ആനുകൂല്യങ്ങൾ മുഴുവൻ ബാങ്കിൽ അടച്ചിട്ടും കടം ബാക്കിയായി.
2017 ൽ കമ്പാഷനെറ്റ് എംപ്ലോയീസ്, അസോസിയേഷൻ ഓഫ് കേരള എന്ന സംഘടനയുടെ പരാതിയെ തുടർന്ന് സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചിരുന്നു. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ ആരോഗ്യ വകുപ്പിലെ ആശ്രിത നിയമനങ്ങൾ നടപ്പിലാക്കുന്നതിൽ വന്ന ക്രമക്കേടിനെ പറ്റി വളരെ പ്രതിപാദിച്ചിരുന്നു. ഈ പട്ടികയിൽ പ്രായം കണക്കിലെടുത്തു മുകളിലുണ്ടായിരുന്ന എറണാകുളം സ്വദേശിനിയ്ക്ക് നിയമനം കിട്ടിയതാകട്ടെ 47–ാം വയസ്സിലായിരുന്നു.
ആശ്രിത നിയമന പദ്ധതിയിൽ ഉൾപ്പെട്ടു എന്ന ഒറ്റ കാരണത്താൽ സ്വകാര്യ മേഖലയിൽ ഉത്തരവാദിത്തപ്പെട്ട ഒരു തസ്തികയിൽ നിയമിക്കപ്പെടാനുള്ള സാഹചര്യം നഷ്ടമാകുന്നു. സ്വയം തൊഴിൽ ചെയ്യുന്നതിന് വായ്‌പകൾ പോലും നിഷേധിക്കപ്പെടുന്നു. നിയമനം കാത്തിരിക്കുന്നതിനാൽ വിദേശത്ത് തൊഴിലിന് പോകാനും സാധിക്കില്ലെന്ന് ബിപിൻ പറയുന്നു,
‘അടുത്ത ഒഴിവിൽ തന്നെ പരിഗണിക്കണം ’ എന്ന സുപ്രീം കോടതി വിധികൾ നിലനിൽക്കുമ്പോഴാണ് ആരോഗ്യവകുപ്പിലെ ആശ്രിത നിയമനം തേടുന്നവർ വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്നത്. എന്നാൽ ആരോഗ്യ വകുപ്പിൽ ഇത്തരം തസ്തികകൾ കുറവായതിനാൽ ഒഴിവുകൾ ഇല്ല എന്നാണ് അധികൃതരുടെ വാദം. അതേസമയം അടുത്തിടെ ഉണ്ടായ 200 ലധികം ഒഴിവുകൾ പിഎസ്‌സിക്ക് നൽകിയിട്ടുമുണ്ട്. കഴിഞ്ഞ 7 വർഷത്തിനിടയിൽ 800 ൽ കൂടുതൽ ഒഴിവുകൾ ആരോഗ്യ വകുപ്പിൽ നിന്ന് മാത്രം പിഎസ്‌സിക്ക് നൽകിയിട്ടുമുണ്ട്.
ആശ്രിത നിയമനം നടത്തുന്നതിന് ഒരു വർഷം ഉണ്ടാകുന്ന ഒഴിവിന്റെ അഞ്ചു ശതമാനം ആശ്രിത നിയമനത്തിന് മാറ്റിവയ്ക്കണമെന്നാണ് ചട്ടം. മറിച്ച് മാതൃ വകുപ്പിലെ അപേക്ഷകനാണെങ്കിൽ നിലവിലുള്ളതോ തൊട്ടടുത്ത വരുന്നതോ ആയ ഒഴിവിലേക്ക് തന്നെ പരിഗണിക്കണമെന്നും നിയമമുണ്ടെങ്കിലും അതൊന്നും തുണയാകുന്നില്ല. ഭരണ പരിഷ്കാര വകുപ്പിന്റെ 12/1999 ഉത്തരവ് പ്രകാരം മറ്റു വകുപ്പിലെ ഒഴിവിലേക്ക് നിയമനത്തിന് മാറ്റി അപേക്ഷിച്ചാൽ വീണ്ടും അഞ്ച് ശതമാനമായി അവസരം കുറയുമെന്നതിനാൽ ഇതിനായി മുതിരാനും ഞങ്ങൾക്ക് ധൈര്യമില്ല.
എല്ലാ രേഖകളും യോഗ്യതകളും വില്ലേജ് ഓഫിസർ മുതൽ ജില്ലാ കലക്ടറും വകുപ്പ് മേധാവിയും അടക്കമുള്ളവർ പരിശോധിച്ചാണ് ആശ്രിത നിയമന ഉദ്യോഗാർഥിയുടെ അപേക്ഷയിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. അപേക്ഷ നൽകി ആറാഴ്ചയ്ക്കുള്ളിൽ ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് ചട്ടമെങ്കിലും പലപ്പോഴും അവഗണിക്കപ്പെട്ട് ഒരു വർഷം വരെ സമയമെടുക്കുന്നു. ഏറ്റവും അടുത്ത സാഹചര്യത്തിൽ തന്നെ നിയമനം നൽകണമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. എന്നാൽ ഞങ്ങൾക്ക് എട്ടും പത്തും വർഷം നോക്കിയിരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
മരിച്ച ജീവനക്കാരുടെ കുടുംബത്തിന്റെ സ്ഥിതി കൂടി കണക്കിലെടുത്താണ് സാധാരണ ഇത്തരം നിയമനങ്ങൾ നടത്താറുള്ളത്. എന്നാൽ ഒറ്റ രാത്രി കൊണ്ട് അച്ഛനും അമ്മയും ജ്യേഷ്ഠനും നഷ്ടമായി അനാഥനായ ബിപിൻ ലാൽ ഇപ്പോഴും പ്രതീക്ഷയിലാണ്. കുടുംബം ഇല്ലാതായതിന്റെ ദുഃഖത്തിനൊപ്പം കടബാധ്യതകളിൽ നിന്ന് മോചനം വേണമെങ്കിൽ ഇനിയും ആശ്രിത നിയമനമാണ് ഏക സാധ്യത.
നേരം പുലർന്ന് എഴുന്നേറ്റു പോകുമ്പോൾ വീടിന്റെ മുറ്റത്ത് പാദരക്ഷകൾ. അതും പെൺകുട്ടികൾക്ക് ഉള്ളത്. ഒരു പ്രദേശത്തെ പെൺകുട്ടികളുള്ള വീടുകളുടെ മുമ്പിലാണ് ഇത്തരത്തിലൊരു ദൃശ്യം കണ്ടത്. രാത്രിയിൽ അജ്ഞാതർ പെൺകുട്ടികളുള്ള വീടുകൾക്ക് മുന്നിൽ ഇത്തരം ചെരുപ്പുകൾ കൊണ്ടു വയ്ക്കുന്നതിൽ ദുരൂഹത തുടരുകയാണ്. കൊട്ടിയം പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നു കിലോമീറ്റർ ചുറ്റളവിലായി രണ്ടു പ്രദേശങ്ങളുടെ വീടുകൾക്ക് മുമ്പിലാണ് പുതിയ ചെരുപ്പുകൾ കണ്ടത്.
ഓരോ വീട്ടിലെയും പെൺകുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ആണ് ജോഡി ചെരുപ്പുകൾ വീടുകൾക്ക് മുമ്പിൽ വച്ചിരിക്കുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ചില മോഷണസംഘങ്ങൾ വീട് അടയാളപ്പെടുത്തുന്നതിന് സമാനമാണ് ‘ചെരുപ്പടയാളം’ എന്നു ഭീതി പരന്നെങ്കിലും സംഭവത്തിന് പിന്നിൽ അപകടകരമായ ഒന്നും ഇല്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ഉമയനല്ലൂർ പട്ടരമുക്കിൽ ഫെബ്രുവരി രണ്ടുനു രാവിലെ പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് ആദ്യം ചെരുപ്പുകൾ കണ്ടത്. ചിലത് തെരുവുനായ്ക്കൾ കടിച്ചു കീറിയ നിലയിലും മറ്റു ചിലത് കേടുപാടുകൾ ഒന്നും ഇല്ലാത്ത നിലയിലും ആയിരുന്നു. വൈകാതെ കൂടുതൽ വീടുകൾക്ക് മുമ്പിൽ ചെരുപ്പുകൾ കണ്ടെത്തിയെങ്കിലും ആരെങ്കിലും ഉപേക്ഷിച്ചു പോയതാകുമെന്ന രീതിയിലാണ് ആളുകൾ ഈ സംഭവത്തെ കണ്ടത്.
എന്നാൽ, നാലു ദിവസത്തിനു ശേഷം വീണ്ടും ചെരുപ്പുകൾ കണ്ടെത്തി. ഉമയനല്ലൂർ ക്ഷേത്രത്തിനു മുന്നിലെ റോഡിലും ആലുംമൂട് ഭാഗത്തു ആയിരുന്നു ചെരുപ്പുകൾ കണ്ടെത്തിയത്. ഇത്തവണ ചെരുപ്പുകൾ കൃത്യമായി കൊണ്ടുവന്നു വച്ച നിലയിൽ ആയിരുന്നു. ഇതോടെ നാട്ടുകാരിൽ ഭീതി പരന്നു. ഉടൻ തന്നെ കൊട്ടിയം പൊലീസിനെ വിവരം അറിയിച്ചു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷിക്കാമെന്ന് പൊലീസുകാർ പറഞ്ഞെങ്കിലും മൂന്നാം ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയി. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട് നാട്ടിൽ നിരവധി കഥകൾ പരക്കുകയും ചെയ്തു.
കട കാലിയാക്കലിന്റെ ഭാഗമായി ചെരുപ്പുകൾ ആരെങ്കിലും സദുദ്ദേശ്യത്തോടെ വീടുകൾക്ക് മുന്നിൽ കൊണ്ടു വന്നു വച്ചതാവാം എന്നായിരുന്നു ആദ്യ സംശയം. എന്നാൽ, പ്രദേശത്തെ വ്യാപാരികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അങ്ങനെ സമീപപ്രദേശത്ത് ഒന്നും ചെരുപ്പുകടകൾ പൂട്ടിയിട്ടില്ലെന്ന് കണ്ടെത്തി. രണ്ടു തവണ ഇത് ആവർത്തിച്ചതിനാൽ കടയിൽ നിന്ന് മോഷ്ടിച്ച ചെരുപ്പ് ഉപേക്ഷിച്ചതാകാം എന്ന സംശയവും അസ്ഥാനത്തായി.
പെൺകുട്ടികളുള്ള വീടുകൾ തന്നെ തിരഞ്ഞു പിടിച്ചതിനാൽ പ്രദേശവാസികൾ നേരിട്ടോ അവരുടെ അറിവോടെയോ ആണ് ചെരുപ്പുകൾ കൊണ്ടു വന്നു വച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പുലർച്ചെ രണ്ടരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് ചെരുപ്പുകൾ എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, ചെരുപ്പ് കൊണ്ടു വന്നിട്ടിട്ട് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രദേശത്ത് അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എങ്കിലും ആശങ്കകൾ മാറ്റാൻ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
തന്‍റെ ഏറ്റവും വലിയ രാഷ്ട്രീയം സിനിമയാണെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിലാണ് മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍, സംവിധായകന്‍ ജൊഫിന്‍ ടി ചാക്കോ, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
കൃത്യമായ രാഷ്ട്രീയം ഉള്ള ഒരാളാണ് താന്‍, പക്ഷേ മത്സരരംഗത്ത് ഇല്ല. ഇതുവരെ ആരും മത്സരിക്കാനും ആവശ്യപ്പെട്ടിട്ടില്ല. സിനിമ മേഖലയില്‍ നിന്നുള്ളവര്‍ രാഷ്ടീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് ഞാന്‍ അത് ചെയ്യാത്ത കാര്യമാണ്. അതിനാൽ അതേക്കുറിച്ച് ഒന്നും പറയാൻ കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു.
ഞാൻ സ്ഥാനാർത്ഥിയായി നിൽക്കുന്നില്ല. അതിനാൽ പ്രചാരണത്തിന് ഇറങ്ങേണ്ട ആവശ്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു. പ്രീസ്റ്റ് ഒരു സംവിധായകന്റെ സിനിമയാണെന്നും പുതിയ ചില കാര്യങ്ങള്‍ സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും മമ്മൂട്ടി സംസാരിച്ചു.
മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ്. ഫാദര്‍ ബെനഡിക്ക്റ്റ് എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫിന്‍ ടി ചാക്കോയാണ്. ആന്‍റോ ജോസഫ് കമ്പനിയും ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ഒന്നര വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം തിയറ്ററില്‍ എത്തുന്നത്.
പതിറ്റാണ്ടുകളായി മലയാള സിനിമാ ലോകത്ത് അധികാരികളായി നിലനിൽക്കുന്ന മമ്മൂട്ടിയും മോഹൻലാലും മറ്റ് ഇൻഡസ്ട്രിയലെ സൂപ്പർതാരങ്ങളിൽ നിന്നും വളരെ വിഭിന്നമായ പ്രകടനമാണ് നാളിതുവരെയായി കാഴ്ചവച്ചിട്ടുള്ളത്. ഇത്രയും നീണ്ട കാലഘട്ടം മലയാള സിനിമാ ലോകത്ത് നിലനിൽക്കുന്ന ഈ രണ്ട് സൂപ്പർതാരങ്ങളെ പറ്റിയും നടൻ സുരേഷ് ഗോപി നാളുകൾക്കു മുൻപ് പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. കാലഘട്ടത്തിനനുസരിച്ച് മാറിക്കൊണ്ട് പ്രേക്ഷകരുമായി സംവദിക്കാൻ ശ്രമിക്കുന്നതിൽ മോഹൻലാലും മമ്മൂട്ടിയും വിജയിക്കുന്നതായി സുരേഷ് ഗോപി ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമയുടെ ആദ്യകാല ഘട്ടം മുതലുള്ള നടന്മാരെ വരെ താരതമ്യപ്പെടുത്തി കൊണ്ടാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; സത്യൻ മാഷും കൊട്ടാരക്കര ശ്രീധരൻ നായരും അതുപോലെ തന്നെ പ്രേം നസീറും മധു സാറും ഒക്കെ അഭിനയിച്ചതു പോലെയാണോ മമ്മൂട്ടിയും മോഹൻലാലും അല്ലെങ്കിൽ അതിനു മുമ്പ് വന്ന സോമൻ സുകുമാരനും ജയനും അതിനു മുമ്പ് ഇടക്കാലത്തിൽ വന്ന സുധീർ, രാഘവൻ സാർ ഇവരൊക്കെ അഭിനയിച്ച അഭിനയത്തിന്റെ ഗ്രേഡിൽ എന്തെങ്കിലും ബന്ധമുണ്ടോ ? അവരൊക്കെ ഓരോ കാലഘട്ടത്തിലെയും ആ കാലഘട്ടത്തിലെ ടേസ്റ്റിനെയും അനുസരിച്ചു പോന്നു.
ഓരോ കാലഘട്ടത്തിലെയും ഇമോഷൻസിന് ഓരോ വ്യാഖ്യാനം ഉണ്ടായിരുന്നു. അമ്മ മരിച്ചാൽ കരയുന്നതിന് അളവ് പിന്നീട് കുറഞ്ഞു കുറഞ്ഞു വന്നു. ഇന്ന് കരയുന്നില്ല, ഇന്ന് അമ്മ കിടന്നിരുന്നുവെങ്കിൽ നരകയാതന അനുഭവിക്കേണ്ടി വന്നേനെ, എന്റെ അമ്മ രക്ഷപ്പെട്ടു, രോഗത്തിന് അടിമപ്പെട്ട് കിടന്നില്ല, ഞങ്ങൾക്ക് ദുഃഖം നിരന്തരം തന്നു കൊണ്ടിരുന്നില്ല, അമ്മ പോയി എന്നു പറഞ്ഞു കൊണ്ട് സന്തോഷക്കണ്ണീരോടെ യാത്രയാക്കുന്ന ഒരു ജീവിത മുഹൂർത്തങ്ങളുടെ കാലമാണിന്ന്. അപ്പോൾ നമുക്ക് പണ്ട് വാവിട്ട് നിലവിളിച്ചിരുന്ന മക്കളെ പോലെയോ മക്കൾ പോകുമ്പോൾ വാവിട്ട് നിലവിളിക്കുന്ന അച്ഛനമ്മമാരെയൊ പോലെയുള്ള ഒരു നടപ്പ് സമ്പ്രദായം തന്നെ ഇന്ന് സമൂഹത്തിൽ ഇല്ല. അഭിനയം എന്ന് പറയുന്നത് എപ്പോഴും ഒരു സഞ്ചാരമാണ്. സമാന്തരമായ യാത്രയാണ്. ഇന്ന് അവർ ചെയ്യുന്നതാണ് ആക്ടിംഗ്. ആ കാലഘട്ടത്തിലേക്ക് അവർ വന്നിരിക്കുന്നു. അതിലേക്ക്, മമ്മൂട്ടിയും മോഹൻലാലും ഈ കാലഘട്ടത്തിലേക്ക് വരുന്നുണ്ടെങ്കിൽ അതാണ് ഞാൻ വിജയമായി കാണുന്നത്. അവർക്ക് രണ്ടുപേർക്കും അത് കഴിയുന്നു. അവർ ഇന്നും കറണ്ട് ആണ്. ആ ശ്രമമാണ് ഞാൻ സിനിമകളിൽ നടത്തുന്നത്.
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് (72) നാലാം നിലയിൽനിന്ന് വീണ് മരിച്ചതാണെന്ന് ഡൽഹി പോലീസ്. ഡൽഹി ഈസ്റ്റ് കൈലാഷിലെ സ്വന്തം വസതിയുടെ നാലാം നിലയിൽനിന്ന് വീണാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നു സൗത്ത് ഈസ്റ്റ് ഡിസിപി ആർ.പി. മീണ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 9.21നാണ് അപകടം സംബന്ധിച്ച് ഡൽഹി അമർ കോളനി പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. വീഴ്ച സംഭവിച്ച ഉടൻ തന്നെ ജോർജിനെ ഡൽഹി ഫോർട്ടിസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
മരണത്തിൽ അസ്വാഭാവികതകൾ ഒന്നും തന്നെ ഇല്ലെന്നു പോലീസ് വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ സംശയിക്കത്തക്കതായി ഒന്നുംതന്നെയില്ല. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവം നടക്കുന്പോൾ അദ്ദേഹം വീട്ടിൽ തനിച്ചായിരുന്നു എന്നു വ്യക്തമായെന്നും പോലീസ് പറഞ്ഞു.
എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ അതൃപ്തിയറിയിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ്. ചങ്ങനാശ്ശേരി സീറ്റ് നിഷേധിച്ചത് ഖേദകരമാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ സി ജോസഫ് പറഞ്ഞു. ജോസ് കെ മാണിക്ക് ചങ്ങനാശ്ശേരി സീറ്റ് കൊടുക്കുന്നത് തെറ്റാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ഇടതുമുന്നണി വിടില്ലെന്നും കെ സി ജോസഫ് പറഞ്ഞു. ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയോഗം കോട്ടയത്ത് ചേര്‍ന്നതിന് ശേഷമാണ് ചെയര്‍മാന്റെ പ്രതികരണം.
കഴിഞ്ഞ തവണ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മല്‍സരിച്ചത് നാല് സീറ്റുകളിലാണ്. എന്നാല്‍ ഇത്തവണ തിരുവനന്തപുരം മാത്രമാണ് ഇടതുമുന്നണി നല്‍കിയത്. ഒരു സീറ്റ് കൂടി കൂടുതല്‍ നല്‍കണമെന്ന അഭ്യര്‍ഥന മുന്നണി സ്വീകരിച്ചില്ല. നീതിയല്ല ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പക്ഷെ എല്‍ഡിഎഫില്‍ തുടരും. പുതിയ പാര്‍ട്ടി മുന്നണിയില്‍ വന്ന സാഹചര്യത്തില്‍ ഇടുക്കി ഉള്‍പ്പെടെ രണ്ട് സീറ്റ് വിട്ടുനല്‍കാമെന്ന് ഞങ്ങള്‍ അറിയിച്ചതാണ്. ജോസ് വിഭാഗത്തിന് ചങ്ങനാശേരി ആവശ്യപ്പെടുന്നതിന് അര്‍ഹതയില്ല. അതേ സമയം സീറ്റ് വിഭജനം അടഞ്ഞ അധ്യായമായി ഇടതു മുന്നണി കാണരുതെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ ഒരു സീറ്റ് കൂടി നല്‍കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തൊടുപുഴ സീറ്റ് കൂടെ ലഭിക്കുമെന്ന പ്രതീക്ഷയാണ് ജനാതിപത്യ കേരള കോണ്‍ഗ്രസിനുള്ളത്.
തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാമെന്ന് എല്‍ഡിഎഫ് ചര്‍ച്ചയില്‍ സിപിഐഎം അറിയിച്ചു. ഒരു സീറ്റ് കൂടി നല്‍കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് തന്നെ മത്സരിച്ച ആന്റണി രാജു കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിനോട് തോറ്റിരുന്നു. 10,905 വോട്ടുകളായിരുന്നു ആന്റണി രാജുവിന്റെ ഭൂരിപക്ഷം. ശിവകുമാര്‍ 46,474 വോട്ടുകലും ആന്റണി രാജു 35,569 വോട്ടുകളും നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് 34,764 വോട്ടുകള്‍ കരസ്ഥമാക്കി. 805 വോട്ടുകള്‍ മാത്രമായിരുന്നു ആന്റണി രാജുവും ശ്രീശാന്തും തമ്മിലുള്ള വ്യത്യാസം.
ഇന്ത്യയിലെ കര്‍ഷകരുടെ സുരക്ഷയേയും മാധ്യമ സ്വാതന്ത്ര്യത്തെയുംകുറിച്ച് ചര്‍ച്ച ചെയ്ത് ബ്രിട്ടീഷ് പാര്‍ലമെന്റ്. തിങ്കളാഴ്ച ഒന്നര മണിക്കൂറാണ് പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നത്. പ്രക്ഷോഭര്‍ക്കെതിരായ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നടപടികളില്‍ ലേബര്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റുകള്‍, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി എംപിമാര്‍ ആശങ്കകള്‍ രേഖപ്പെടുത്തി. ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ബ്രിട്ടന്റെ ആശങ്കകള്‍ അറിയിക്കണമെന്നും പാര്‍ലമെന്റ് അഭിപ്രായപ്പെട്ടു. അതേസമയം, ബ്രിട്ടീഷ് പാര്‍ലമെന്റ് നടപടിയെ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ വിമര്‍ശിച്ചു. സന്തുലിതമായ ഒരു ചര്‍ച്ചക്കുപകരം തെളിവുകളോ വസ്തുതകളോ ഇല്ലാതെ തെറ്റായ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെയും ഭരണസ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുകയായിരുന്നുവെന്ന് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യന്‍ വംശജനായ ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ഗുര്‍ച്ച് സിംഗിന്റെ പരാതിയിലാണ് ചര്‍ച്ച ആരംഭിച്ചത്. ഒരാഴ്ചക്കിടെ യുകെയില്‍നിന്ന് ഒരു ലക്ഷത്തിലധികം ഒപ്പുകളാണ് പരാതിക്ക് ലഭിച്ചത്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയിലെ മാര്‍ട്ടിന്‍ ഡേ ചര്‍ച്ചക്ക് തുടക്കമിട്ടു. കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനമാണെന്ന് യുകെ ഭരണകൂടം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. സമരം ചെയ്യുന്ന കര്‍ഷകരുടെ സുരക്ഷയാണ് ചര്‍ച്ച ചെയ്യുന്നത്. അവരെ നേരിടാന്‍ കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചതും കര്‍ഷകരും പൊലീസും തമ്മിലുള്ള സംഘര്‍ഷവും ഇന്റര്‍നെറ്റ് ബന്ധം ഉള്‍പ്പെടെ വിച്ഛേദിക്കുന്നതും വലിയ ആശങ്കകള്‍ക്ക് കാരണമാണ്. നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് ഇത്രയധികം പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് ചിന്തിക്കാന്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രക്ഷോഭം ഇടയാക്കുന്നതായി ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് ഗൗരവമേറിയ കാര്യമാണെന്നും കോര്‍ബിന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള അടുത്ത ബന്ധം ബ്രിട്ടന്റെ ആശങ്കകള്‍ ഉന്നയിക്കുന്നതിന് ഒരിക്കലും തടസമാകില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ പ്രസ്താവനകള്‍ക്ക് മറുപടിയായി ഏഷ്യയുടെ ചുമതലയുള്ള സഹമന്ത്രി നിഗെല്‍ ആഡംസ് പറഞ്ഞു.
അതേസമയം, കണ്‍സര്‍വേറ്റീവ് എംപി തേരേസ വില്ലിയേഴ്‌സ് ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ചു. യുകെയില്‍ വന്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ പൊലീസിനെതിരെ നിരവധി പരാതികള്‍ ലഭിക്കാറുണ്ട്. യുകെ ജനാധിപത്യത്തിന് എതിരാണെന്ന് എന്നല്ല അതിനര്‍ത്ഥമെന്നായിരുന്നു തേരേസയുടെ പ്രതികരണം.
എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ ലണ്ടനിലെ ഹൈകമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. യുകെയില്‍ നിന്നുള്‍പ്പെടെ വിദേശ മാധ്യമങ്ങള്‍ നിലവില്‍ ഇന്ത്യയിലുണ്ട്. ഇപ്പോള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ക്ക് അവര്‍ സാക്ഷികളുമാണ്. ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന കാര്യം എവിടെയും ഉയര്‍ന്നിട്ടില്ലെന്ന് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബഹുമാന്യരായ പാര്‍ലമെന്റ് അംഗങ്ങളുടെ ചെറിയസംഘം നടത്തിയ ആഭ്യന്തര ചര്‍ച്ചയെക്കുറിച്ച് സാധാരണഗതിയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അഭിപ്രായം പറയാറില്ല. എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെയും സ്‌നേഹത്തെയും ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദങ്ങളെയും കണക്കിലെടുക്കാതെ ഇന്ത്യയെ ആരെങ്കിലും അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ അതിലെ തെറ്റ് തീരുത്തേണ്ടതുണ്ടെന്നും ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആഭ്യന്തര കലാപം നടക്കുന്ന മ്യാൻമറിൽ ജനക്കൂട്ടത്തിന് നേരെ വെടിവയ്ക്കരുതെന്ന് പട്ടാളത്തോട് മുട്ടുകുത്തി നിന്ന് അപേക്ഷിച്ച് കന്യാസ്ത്രി. സിസ്റ്റർ ആൻ റോസയാണ് ജനക്കൂട്ടത്തിന്റെ ജീവൻ രക്ഷിക്കുവാനായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പട്ടാളത്തിന് മുൻപിലേക്ക് ധൈര്യസമേതം ഇറങ്ങി ചെന്നത്.
പട്ടാളക്കാർക്കും പ്രക്ഷോഭകരുടെയും മധ്യത്തിലായി നടുറോഡിൽ മുട്ടുകുത്തി നിൽക്കുന്ന സിസ്റ്റർ ആൻ റോസയുടെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമമാണ് പുറത്തുവിട്ടത്. നിമിഷങ്ങൾക്കകം തന്നെ സംഭവം ലോകവ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു.
പ്രതിഷേധിക്കുന്ന മനുഷ്യരുടെ വേദന തിരിച്ചറിഞ്ഞാണ് സ്വന്തം സുരക്ഷ അവഗണിച്ച് പട്ടാളത്തിന്റെ അടുത്തേയ്ക്ക് പോയതെന്ന് സിസ്റ്റര്‍ ആന്‍ റോസ മാധ്യമങ്ങളോട് പറഞ്ഞു.
സ്വിറ്റ്സര്‍ലന്‍ഡില്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ, നിഖാബ് തുടങ്ങിയ മുഖാവരണം നിരോധിക്കണം എന്നാവശ്യപ്പെട്ട് രാജ്യത്ത് നടത്തിയ ജനഹിത പരിശോധന നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 51.2 ശതമാനം പേരാണ് ബുര്‍ഖ നിരോധനത്തെ അനുകൂലിച്ചത്.
ബുര്‍ഖ ധരിച്ച സ്ത്രീകളെ സ്വിസ് പൊതുസ്ഥലങ്ങളില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമാണ് കാണാന്‍ സാധിക്കുക. മുഖം മറയ്ക്കുന്ന തരത്തിലുള്ള വേഷ വിധാനം പൊതുസ്ഥലങ്ങളില്‍ അനുവദിക്കരുതെന്നായിരുന്നു ജനഹിത പരിശോധനയിലെ ആവശ്യം.
ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്, ഓസ്ട്രിയ, ഡെന്മാര്ക്ക്, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ സമാന നിയമങ്ങള്‍ പാസാക്കിയിട്ടുള്ളത്.
രാജ്യത്താകെയുള്ള 26 പ്രവിശ്യകളിൽ ആറ് ഇടങ്ങളില്‍ ഹിതപരിശോധനയില്‍ നിരോധനത്തിന് ഭൂരിപക്ഷം കിട്ടിയില്ല. ടിസിനോ, സെന്റ് ഗാലന് എന്നീ രണ്ട് പ്രവിശ്യകളിൽ നേരത്തെതന്നെ ഇതിനകം മുഖം മൂടുന്നതിന് പ്രാദേശിക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്ന് മറ്റ് മൂന്ന് പ്രവിശ്യകൾ അത്തരം നിര്‍ദേശങ്ങള്‍ നിരസിച്ചിരുന്നു.
15 പ്രവിശ്യകളിൽ പ്രതിഷേധങ്ങളിലും കായിക ഇനങ്ങളിലും മുഖം മറയ്ക്കുന്നത് ഇതിനകം നിരോധിച്ചിരിക്കുകയാണ്.വലത് തീവ്രപക്ഷ കക്ഷികള്‍ (എസ്വിപി) ആണ് ഹിതപരിശോധനയ്ക്ക് ആഹ്വാനം ചെയ്തത്. ഹിതപരിശോധന പാസായതോടെ ഇനി രാജ്യത്ത് ഒന്നാകെ നിരോധനം ബാധകമാക്കും .
വനിതകളുടെ അവകാശത്തിനുമേലുള്ള കൈയേറ്റം, വിനോദസഞ്ചാരികളോടുള്ള വിവേചനം, ഒരു മതത്തിന് എതിരായുള്ള നീക്കം തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തി സ്വിസ് സര്‍ക്കാരും, പാര്‍ലമെന്റിലെ ഭൂരിപക്ഷവും, ലിബറല്‍ സംഘടനകളും, ബുര്‍ഖ നിരോധനം നിരാകരിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ജനഹിതം കൊണ്ടുവരുന്നതിനെ എതിര്‍ത്തിരുന്നു.
ഹിതപരിശോധനയിലൂടെ നിയമങ്ങള്‍ നടപ്പാക്കുന്ന 130 വര്‍ഷം പഴക്കമുള്ള ഭരണഘടനാ സമ്പ്രദായമാണ് സ്വിസ് ജനാധിപത്യത്തിനുള്ളത്. എന്തു നിയമങ്ങള്‍ക്കെതിരെയും ഒരു ലക്ഷം ഒപ്പ് ശേഖരിച്ചു ജനങ്ങള്‍ക്ക് ഹിത പരിശോധന കൊണ്ടുവരാനുള്ള അവകാശമുണ്ട്.
ഈ സംവിധാനത്തില്‍ ഇതുവരെയായി 23 പ്രാവശ്യമാണ് ഇത്തരം ഹിതപരിശോധനകള്‍ വിജയിട്ടുള്ളത്. 2014നു ശേഷം ഇതാദ്യമാണ്.
86 ലക്ഷമാണ് സ്വിറ്റ്സര്‍ലണ്ടിലെ ജനസംഖ്യ. ഇതില്‍ ഏതാണ്ട് അഞ്ച് ശതമാനം ഇസ്ലാം മത വിശ്വാസികളാണ്. തുര്‍ക്കി, ബോസ്നിയ, കൊസോവൊ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും.