പെരിന്തൽമണ്ണയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് യുവതിയെ കുത്തിക്കൊന്നു. ഏലംകുളം കുന്നക്കാട് ബാലചന്ദ്രന്റെ മകൾ ദൃശ്യ (21) ആണ് കൊല്ലപ്പെട്ടത്. പ്രതി കുണ്ടുപറമ്പ് സ്വദേശി വിനീഷിനെ (21) പോലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിൽ ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് (13) ഗുരുതര പരിക്കേറ്റു. കുട്ടിയെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രേമനൈരാശ്യമാണ് ആക്രമണത്തിനു കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ബുധനാഴ്ച രാത്രിയിൽ ബാലചന്ദ്രന്റെ പെരിന്തൽമണ്ണയിലെ ചെരുപ്പ്-ബാഗ് കട കത്തിനശിച്ചിരുന്നു. ഇന്ന് രാവിലെ ബാലചന്ദ്രൻ ഇവിടേക്കുപോയിരുന്നു. ബാലചന്ദ്രൻ വീട്ടിൽ ഉണ്ടാവില്ലെന്ന് മനസിലാക്കിയ വിനീഷ് അതിക്രമിച്ചുകയറുകയായിരുന്നു.
ആക്രമണം നടക്കുമ്പോൾ ദൃശ്യയുടെ അമ്മ കുളിമുറിയിലായിരുന്നു. വീട്ടിനുള്ളിൽ കടന്നുകയറിയ വിനീഷ് ദൃശ്യയെ കുത്തിവീഴ്ത്തി. തടയാൻ എത്തിയ ദേവശ്രീക്കും കുത്തേറ്റു. ഇതിനു ശേഷം വിനീഷ് പുറത്തിറങ്ങി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ഓട്ടോ ഡ്രൈവറുടെ ഇടപെടലാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ദൃശ്യയുടെ വീടിനു സമീപത്തുള്ള ബസ് സ്റ്റോപ്പിൽനിന്നും ഓട്ടോയിൽ കയറി രക്ഷപെടാനാണ് വിനീഷ് ശ്രമിച്ചത്.
ഓട്ടോയിൽ കയറിയ വിനീഷ് ആശുപത്രിയിലേക്കുപോകണമെന്ന് പറഞ്ഞു. എന്നാൽ സംഭവം അറിഞ്ഞ നാട്ടുകാർ ഓട്ടോ ഡ്രൈവറെ മൊബൈൽ ഫോണിൽ ബന്ധപ്പെടുകയും വിവരം കൈമാറുകയും ചെയ്തു. ഇതോടെ ഓട്ടോ ഡ്രൈവർ വിനീഷുമായി പോലീസ് സ്റ്റേഷനിലേക്ക് കുതിച്ചു. സ്റ്റേഷനിലെത്തി ഇയാളെ കൈമാറുകയും ചെയ്തു.
ബാലചന്ദ്രന്റെ കട കത്തിച്ചത് വിനീഷ് ആയിരിക്കാമെന്നാണ് സംശയിക്കുന്നത്. ബാലചന്ദ്രനെ വീട്ടിൽനിന്നും മാറ്റാൻ പ്രതി നടത്തിയ ശ്രമത്തിന്റെ ഭാഗമാണെന്ന് പോലീസ് കരുതുന്നു. പ്രതി ചില സമയങ്ങളിൽ മാനസിക വിഭ്രാന്തി കാണിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തില്‍. രോഗവ്യാപനം കൂടിയ മേഖലകളില്‍ സമ്പൂര്‍ണ നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും.
ടിപിആറിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് ഇളവുകള്‍. ടിപിആർ 30ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണാണ്. സംസ്ഥാനത്ത് 12 തദ്ദേശസ്ഥാപനങ്ങൾക്കാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ബാധകം. ഇവിടങ്ങളിൽ നിന്ന്അകത്തേക്കും പുറത്തേക്കും പ്രവേശിക്കാൻ ഒരു വഴി മാത്രമേ ഉണ്ടാവുകയുള്ളൂ.
ടിപിആര്‍ എട്ട് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളില്‍ കടകള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ജീവനക്കാരോടെയും പ്രവര്‍ത്തിക്കാം. പൊതുഗതാഗതത്തിനും അനുമതിയുണ്ട്. സാമൂഹിക അകലം പാലിച്ചുള്ള കളികൾക്കും രാവിലെയും വൈകുന്നേരവുമുള്ള നടത്തത്തിനും അനുമതി നൽകിയിട്ടുണ്ട്.
ടിപിആര്‍ എട്ടു മുതല്‍ 20 വരെയുള്ള ഇടങ്ങളില്‍ ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. മറ്റു കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാം. സ്വകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ,ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ബിവറേജസ് ഔട്ട്ലറ്റുകള്‍ തുറക്കും. ഇവിടങ്ങളിൽ ഓട്ടോ, ടാക്സികൾക്ക് അനുമതിയില്ല.
ടിപിആര്‍ 20 മുതല്‍ 30 വരെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായിരിക്കും. ഓട്ടോ, ടാക്സി സര്‍വീസുകള്‍ അനുവദിക്കില്ല. ഹോട്ടലുകളില്‍ പാഴ്സലായി ഭക്ഷണം നല്‍കാം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് സമയം. ജ്വല്ലറികൾ, തുണി കടകൾ, ചെരുപ്പ് കടകൾ എന്നിവയും അറ്റകുറ്റപണികൾ നടത്തുന്ന കടകളും 50 ശതമാനം തൊഴിലാളികളുമായി വെള്ളിയാഴ്ച മാത്രം തുറക്കാം.
മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും ശനിയും ഞായറും ലോക്ക്ഡൗണ്‍ തുടരും. 30 ശതമാനത്തിന് മുകളില്‍ ടിപിആറുള്ള മേഖലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും.
തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) യാണ് ഇന്നു പുലർച്ചെ മരിച്ചത്. മേയ് 15ന് ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് വീണു നാദിറക്ക് തലച്ചോറിനും തുടയെല്ലിനും പരുക്കേറ്റത്.
അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണാണ് യുവതിക്ക് ഗുരുതര പരുക്കേറ്റത്. വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും മാരകമായി ക്ഷതമേറ്റിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് മരണം.
ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിന് കാരണമായതെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. സംഭവത്തിൽ ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു.
പ്രേക്ഷകരോട് തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് ഫഹദ് ഫാസില്‍. യുഎസിലെ പഠനകാലത്ത് താന്‍ നേരിട്ട വെല്ലുവിളികള്‍ മുതല്‍ മാസങ്ങള്‍ക്ക് മുമ്പുണ്ടായ അപകടം വരെയാണ് അദ്ദേഹം ഫെയ്സ് ബുക്കിൽ എഴുതിയ നീണ്ട കത്തിലൂടെ പങ്കു വെച്ചത്.ഷൂട്ടിനിടെ മാരക പരുക്കേറ്റ തനിക്ക് ലോക് ഡൗണ്‍ മാര്‍ച്ച് രണ്ടിന് തന്നെ തുടങ്ങിയെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു.
അപകടത്തേത്തുടര്‍ന്ന് മൂന്ന് സ്റ്റിച്ച് എന്റെ മൂക്കിലുണ്ട്. ആ അപകടത്തില്‍ നിന്നുണ്ടായ ഏറ്റവും ചെറിയ മുറിവാണത്. കുറച്ചുനാളത്തേക്ക് അല്ലെങ്കില്‍ എല്ലാക്കാലത്തേക്കും ആ പാട് എന്റെ മുഖത്തുണ്ടാകും.
തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മുഖം തറയിലടിക്കുന്നതിന് മുന്നേ കൈ കുത്താന്‍ കഴിഞ്ഞതാണ് രക്ഷയായത്.വീഴ്ച്ചയുടെ ഞെട്ടലില്‍ 80 ശതമാനം പേര്‍ക്കും അത് കഴിയാറില്ല. അദ്ദേഹം കുറിച്ചു.
പുതിയ ചിത്രമായ ‘മലയന്‍കുഞ്ഞിന്റെ’ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തില്‍ പറ്റിയ പരുക്കുകളില്‍ ഇന്നും സുഖം പ്രാപിച്ചു വരികയായിരുന്നു ഞാന്‍. എന്റെ ലോക്ക്ഡൌണ്‍ കലണ്ടര്‍ അത് കൊണ്ട് തന്നെ മാര്‍ച്ച് രണ്ടാം തീയതി മുതല്‍ ആരംഭിച്ചു. അപകടത്തില്‍ നിന്നും ഞാന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഉയരത്തില്‍ നിന്നും വീണ ഞാന്‍ മുഖംവന്നു തറയില്‍ അടിക്കുന്നതിനു മുന്‍പ്, കൈകള്‍ താഴെ കുത്തിയതാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. സാധാരണ ഇത്രയും ഉയരത്തില്‍ നിന്നും വീഴുമ്പോള്‍, വീഴുന്നതിന്റെ ‘ട്രോമ’ കാരണം തന്നെ ആളുകള്‍ക്ക് കൈകുത്താന്‍ സാധിക്കില്ല. ഒരിക്കല്‍ കൂടി, ഭാഗ്യം അവിടെ എന്നെ തുണയ്ക്കുകയായിരുന്നു,’ ഫഹദ് കുറിച്ചു.
മഹേഷ് നാരായണ്‍ ചിത്രം ‘മാലിക്’ ഓ ടി ടയില്‍ റിലീസ് ചെയ്യും എന്നും ഫഹദ് കുറിപ്പില്‍ അറിയിച്ചു. ‘ഓ ടി ടിയില്‍ റിലീസ് ചെയ്ത എന്റെ മറ്റു ചിത്രങ്ങള്‍ പോലെയല്ല, ‘മാലിക്’ ഒരു തിയേറ്റര്‍ അനുഭവം എന്ന രീതില്‍ തന്നെ ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ള ഒരു സിനിമയാണ്. തിയേറ്ററുകള്‍ തുറക്കുമ്പോള്‍ കാണിക്കാനായി നൂറു ശതമാനം റെഡി ആക്കപ്പെട്ടിരുന്ന സിനിമ. ഓ ടി ടി റിലീസ് എന്നത് ഞങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ കൂട്ടയില്‍ എടുത്ത ഒരു തീരുമാനമാണ്.’
‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിനുശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘മാലിക്കില്‍’ അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലിക് ആയി ഫഹദ് ഫാസിൽ എത്തുന്നു. 27 കോടിയോളം മുതൽ മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദിന്റെ വളരെ വ്യത്യസ്‌ത ലുക്കിലുള്ള മേക്കോവർ ശ്രദ്ധേയമായിരുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, സലിംകുമാർ, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. സനു ജോൺ വർഗീസ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. ‘ബാഹുബലി’ സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം സംവിധാനം ചെയ്യുന്നത്.
തന്റെ നേട്ടങ്ങൾ എല്ലാം നസ്രിയ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണെന്ന് ഫഹദ് കുറിപ്പിൽ പറഞ്ഞു. നസ്രിയ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും താൻ ഒറ്റക്ക് ചെയ്യില്ലായിരുന്നു എന്നും ഫഹദ് പറഞ്ഞു.
“എന്റെ ചെറിയ നേട്ടങ്ങൾ പോലും ഞാൻ നസ്രിയയുടെ ഒപ്പം ജീവിതം പങ്കിടാൻ തുടങ്ങിയ ശേഷമാണ് ഉണ്ടായത്. ഇതൊന്നും ഞാൻ ഒറ്റക്ക് ചെയ്യിലായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. നസ്രിയക്ക് ഞങ്ങളുടെ കാര്യത്തിൽ ഉറപ്പ് തോന്നിയില്ലായിരുന്നെങ്കിൽ എന്ത് എന്റെ ജീവിതം എന്താകുമെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു” ഫഹദ് കുറിച്ചു.
ബാംഗ്ലൂർ ഡേയ്സ് ഷൂട്ടിങ് സമയത്ത് നസ്രിയയെ പ്രൊപ്പോസ് ചെയ്തതും ഫഹദ് കുറിപ്പിൽ പറഞ്ഞു. ഒരു മോതിരത്തോടൊപ്പം കത്തു നൽകിയെന്നും, നസ്രിയ അതിനു ഒരു കൃത്യമായ മറുപടി നൽകിയില്ലെന്നും ഫഹദ് കുറിച്ചു. ബാംഗ്ലൂർ ഡെയ്‌സിന്റെ സമയത്ത് മൂന്ന് സിനിമകൾ ഉണ്ടയിരുന്നെന്നും അതിനിടയിൽ നസ്രിയയോടൊപ്പം സമയം ചെലവഴിക്കുന്നതിന് ബാംഗ്ലൂർ ഡെയ്‌സിന്റെ സെറ്റിൽ എത്താൻ ആഗ്രഹിച്ചിരുന്നെന്നും ഫഹദ് കുറിപ്പിൽ പറഞ്ഞു.
സർജിക്കൽ സ്പിരിറ്റ് കുടിച്ച് രണ്ടു പേര് മരിച്ചുവെന്ന് പോലീസ് നിഗമനം. രണ്ട് പേരുടെ നില ഗുരുതരം. പത്തനാപുരം ജനതാ ജംഗ്ഷനിലെ എംവിഎം ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് ഇവർ കഴിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പട്ടാഴി വടക്കേക്കര കടുവാത്തോട് പാറവിള പുത്തന്‍വീട്ടില്‍ എന്‍. പ്രസാദ് (48), ചെളിക്കുഴി ആശ്രയയില്‍ മുരുകാനന്ദന് (53) എന്നിവരാണ് മരിച്ചത്.
ചെളിക്കുഴി രാജേന്ദ്രവിലാസത്തില്‍ രാജീവ് (52), കടുവാത്തോട് സ്വദേശി ഗോപി (65) എന്നിവരെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനാപുരത്തെ കോവിഡ് സ്റ്റെപ് ഡൗൺ സി എഫ്എൽടിസിയിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മുരുകാനന്ദന്. ഇവിടെ സൂക്ഷിച്ചിരുന്ന സര്‍ജിക്കല്‍ സ്പിരിറ്റ് മുരുകാനന്ദന് കൊണ്ടുപോകുകയും സുഹൃത്തുക്കള്‍ക്കൊപ്പം ഇത് ഉപയോഗിച്ചതും ആകാം മരണകാരണമെന്നാണ് പോലീസ് നിഗമനം.
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സംവിധായകൻ അറസ്റ്റിൽ. കിഴുവിലം പന്തലക്കോട് പാറക്കാട്ടിൽ വീട്ടിൽ ശ്രീകാന്ത് എസ്. നായർ (47)ആണ് അറസ്റ്റിലായത്.
ആറ്റിങ്ങൽ സ്വദേശിയായ 12 വയസുള്ള പെൺകുട്ടിയെ മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. ഒരു യുവാവ് ശല്യം ചെയ്യുന്നതിന്റെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്ത് പറയുന്നത്.
ശ്രീകാന്ത് വണ്ടർ ബോയ് എന്ന സിനിമയും നിരവധി ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
ലോക്ഡൗണിനെത്തുടർന്നു സംസ്ഥാനത്തു നിർത്തിവച്ച മദ്യവിതരണം ഇന്നു പുനരാരംഭിക്കും. ബെവ്കോ ഔട്ട്ലെറ്റുകളിലൂടെയും ബാറുകളിലൂടെയുമാണു വിൽപ്പന. വിൽപ്പനശാലകൾക്കു മുന്നിൽ സാമൂഹിക അകലം ഉറപ്പുവരുത്താൻ പോലീസിനെ നിയോഗിക്കും.
പ്രായോഗിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് ബെവ്ക്യു ആപ്പ് ഒഴിവാക്കാൻ തീരുമാനമെടുത്തത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26നാണ് സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ അടച്ചത്.
മെട്രിസ് ഫിലിപ്പ്
സെവന്റീസ് കളിയെകുറിച്ചു ഓർക്കാറുണ്ടോ ആരെങ്കിലും. 1980-95 കാലഘട്ടങ്ങളിൽ, നാട്ടിൻപുറങ്ങളിലെ ഗ്രൗണ്ടുകളിൽ, രണ്ട് ടീം ആയി നിന്ന്കൊണ്ടുള്ള, ഈ കളിയിൽ, റബ്ബർ ബോൾ കൊണ്ടുള്ള ഏറുകിട്ടാത്തവരുണ്ടോ? ഗ്രൗണ്ടിന്റെ മധ്യഭാഗത്ത്, ഒരു വട്ടത്തിന്റെ നടുവിൽ, 7 കല്ലുകൾ മുകളിൽ, മുകളിൽ അടുക്കി അടുക്കി വെക്കും. മിക്കവാറും, പൊട്ടിയ ഓടിൻ കഷണങ്ങൾ ആയിരിക്കും. എന്നാൽ, പെട്ടെന്ന് ഈ കല്ലുകൾ അടുക്കി വെക്കാൻ സാധിക്കാത്ത രീതിയിൽ ഉള്ള കല്ലുകൾ ആയിരിക്കുകയും ചെയ്യും. കൃത്യമായ ഒരു അകലത്തിൽ നിന്ന് കൊണ്ട്, ചെറിയ റബ്ബർ ബോൾ കൊണ്ട് ഈ അടുക്കി വെച്ചിരിക്കുന്ന കല്ലുകൾ,എറിഞ്ഞു, തട്ടിതെറിപ്പിച്ചിട്ട്ഓടുക. എതിർ ടീം, ഈ ബോൾ കൊണ്ട്, ആ എറിഞ്ഞ ടീമിലെ അംഗങ്ങളെ, ഈ കല്ലുകൾ തിരിച്ച് അടുക്കാൻ സമ്മതിപ്പിക്കാതെ എറിഞ്ഞോടിക്കുക. ഏറുകൊണ്ടാൽ ഔട്ട് ആകും. ഈ കളി മിക്കവാറും മഴയുള്ള സമയത്താണ് കളിക്കുന്നത്. കാരണം, ഏറുകൊണ്ടാലും, പെട്ടെന്ന് വേദനിക്കരുത്.
ഉഴവൂർ കോളേജ് ഗ്രൗണ്ടിൽ, ധോത്തി ക്രിക്കറ്റ് ക്ലബ്ബിലെ അംഗങ്ങൾ, മഴകാലത്ത് സെവന്റീസ് കളിച്ചതുകൊണ്ട്, ദേഹത്തു റബ്ബർ ബോളിന്റെ ഏറുകൊണ്ടതിന്റെ പാട് ഉണ്ടെങ്കിൽ ഈ അവസരത്തിൽ ഒന്ന് തടവിനോക്കുന്നത് നന്നായിരിക്കും.
ഈ സെവന്റീസ് കളിയിലെ 7 കല്ലുകൾ, മനുഷ്യ ജീവിതത്തിന്റെ സ്വപ്നങ്ങളും, പ്രതീക്ഷകളും, നൊമ്പരങ്ങളും എല്ലാം ആയുള്ള വർണ്ണങ്ങൾ ആയി ഈ അവസരത്തിൽ കരുതികൂടെ. മനുഷ്യജീവിതത്തിന്റെ 7 അവസ്ഥകൾ. അതിൽ നല്ലതും ചീത്തയും സന്തോഷവും ദുഃഖവും എല്ലാം നിറഞ്ഞ 7 വർണ്ണങ്ങൾ.
കൊറോണ എന്ന മഹാമാരി കൊണ്ട് തകർന്ന് പോയ എത്രയോ സ്വപ്നങ്ങൾ ഉണ്ടാകാം ഒരോരുത്തരുടെയും ജീവിതത്തിൽ. മരണപെട്ടവർ, ജോലി നക്ഷ്ടപെട്ടവർ, ദുരിതം അനുഭവിക്കുന്നവർ, കുടുംബം, സ്വത്തുക്കൾ എല്ലാം എല്ലാം ഓരോ കല്ലുകൾ ആയി മനുഷ്യ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു.
മറ്റുള്ളവരുടെ ജീവിതത്തിലെ 7 വർണ്ണങ്ങളെ കുറിച്ച് നമ്മൾ ചിന്തിക്കാറുണ്ടോ? നമ്മൾ അറിഞ്ഞോ, അറിയാതെയോ, ഇത് പോലെ മറ്റുള്ളവർക്ക് വിനയാകുന്ന രീതിയിൽ എന്തെങ്കിലും വർണങ്ങളെ തകർത്തിട്ടുണ്ടോ,അതോ ചെയ്തിട്ടുണ്ടോ? ഈ ഏഴുകല്ലുകൾ പോലെ എഴുപത് കല്ലുകൾ ആയി, സ്വപ്‍നങ്ങൾ കൊണ്ട് നടക്കുന്നവർ ഉണ്ടാകും നമ്മുടെ സമൂഹത്തിൽ. അവരുടെ ആ സ്വപ്നങ്ങൾ തട്ടിതെറുപ്പിക്കതെ, അവരെ ചേർത്തുപിടിച്ചുകൊണ്ട്, അവരെ സഹായിക്കാം. നന്മ നിറഞ്ഞ മനസ്സുള്ളവരാകാം. ചിതറിതെറിച്ച കല്ലുകൾ, മറ്റുള്ളവരുടെ ഏറുകൊള്ളാതെ, അടുക്കിവെക്കാം. അപ്പോൾ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്.
ജീവിതം ഒന്നേ ഉണ്ടാകു. ആ ജീവിതം എങ്ങനെ സന്തോഷത്തോടെ പൂർത്തിയാകാം എന്നാണ് ചിന്തിക്കേണ്ടത്. ഭഗവത് ഗീതയിൽ പറയുന്നപോലെ, “നീ നേടിയതെല്ലാം ഇവിടെ നിന്ന് ലഭിച്ചതാണ്, അത് നാളെ മറ്റൊരുടേതോ ആവും, മാറ്റം പ്രകൃതി നിയമമാണ്.”
അവശത അനുഭവിക്കുന്നവർക്ക്, ഒരു ചെറിയ കൈതാങ്ങ് ആകാം. ആകാശത്തു വിരിയുന്ന പ്രകൃതിയുടെ 7 വർണ്ണങ്ങൾ, നമ്മുടെ സഹോദരങ്ങളെ, ചേർത്തുപിടിച്ചുകൊണ്ട്, കാണിച്ചു കൊടുക്കാം. അങ്ങനെ നമ്മുടെയും, അവരുടെയും ജീവിതം ധന്യമാകും. എല്ലാവർക്കും നന്മനിറഞ്ഞ ഒരു ജീവിതം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
നിരവധി തമിഴ് സിനിമയിൽ ഹാസ്യ താരമായും നായകൻ ആയും തിളങ്ങിയ താരമാണ് സന്താനം.ഏകദേശം ഒരു വര്ഷം മുൻപ് സന്താനത്തിന്റെ സഹോദരി ജയ ഭാരതി വാഹന അപകടത്തിൽ മരിച്ചിരുന്നു.ഇപ്പോൾ ഇതാ അന്ന് നടന്ന അപകടത്തിലെ ഞെട്ടിക്കുന്ന വഴിത്തിരിവ്, ഞെട്ടി തമിഴ് സിനിമ ലോകം.ജയാ ഭാരതിയുടേത് കരുതി കൂട്ടി ഉള്ള കൊട്ടേഷൻ ആയിരുന്നു എന്ന് തെളിഞ്ഞു.സാധാരണ അപകട മരണം എന്ന് കരുതിയ കേസിൽ ഒരു വർഷത്തിന് ശേഷമാണ് വഴിത്തിരിവ് ഉണ്ടായത്.അമേരിക്കയിൽ ഉള്ള ഭർത്താവിന്റെ കൊട്ടേഷൻ ആയിരുന്നു.ഭർത്താവിന്റെ സഹോദരൻ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സ്വകാര്യ സ്ഥാപനത്തിൽ ജോലി കഴിഞ്ഞു സ്‌കൂട്ടറിൽ മടങ്ങുന്നതിനു ഇടയിൽ 2020 ഏപ്രിൽ മാസമാണ് ജയ മരണപ്പെടുന്നത്.
തിരുവള്ളൂർ ദേശിയ പാതക്ക് സമീപത്തു വെച്ചായിരുന്നു സംഭവം.ദേശിയ പാതക്ക് സമീപം ഇടറോഡിൽ മരത്തിനും ലോറിക്കും ഇടയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു സ്കൂട്ടർ ജയ് ഭാരതിയും.സംസ്കാരം കഴിഞ്ഞു ദിവസങ്ങൾക്ക് ഉള്ളിൽ ഭർത്താവ് അമേരിക്കയിലേക്ക് തിരികെ പോയി.അഞ്ചു വയസ്സ് ഉള്ള കുട്ടിയെ ജയാ ഭാരതിയുടെ വീട്ടുകാരെ ഏല്പിച്ചു കൊണ്ടാണ് മടങ്ങിയത്.പിന്നാലെ രണ്ടാം വിവാഹത്തിന് ഒരുക്കം തുടങ്ങി ഇതോടെയാണ് ബന്ധുക്കൾക്ക് സംശയം തോന്നിയതു കൊണ്ടാണ് പോലീസിൽ പരാതി നൽകുന്നത്.തുടർന്ന് സന്താനത്തിന്റെ പരാതിയിൽ തമിഴ്നാട് സർക്കാരിന്റെ പ്രതേക നിർദേശ പ്രകാരം തിരുവള്ളൂർ എസ് പി യുടെ നേത്യത്വത്തിൽ അന്വേഷണം തുടങ്ങി.
ലോറി ഡ്രൈവർ രാജനെ ചോദ്യം ചെയ്തതോടെ കൊട്ടേഷൻ ആണെന്ന് കണ്ടെത്തുകയായിരുന്നു.ഓഫീസിലെ മറ്റൊരു സ്ത്രീയുമായി ഉള്ള ബന്ധത്തിന്റെ പേരിൽ വിഷ്ണു പ്രസാദും ജയ ഭാരതിയും തമ്മിൽ വഴക്ക് പതിവായിരുന്നു.ഗാർഹിക പീഡനത്തിന് പരാതി നൽകും എന്ന് ജയാ ഭാരതി പല തവണ പറഞ്ഞിരുന്നു.പരാതിയുമായി മുന്നോട്ട് പോയാൽ ജോലിയെ ബാധിക്കുമോ എന്ന് വിഷ്ണു പ്രസാദ് ഭയപ്പെട്ടിരുന്നു അതിനെ തുടർന്നായിരുന്നു ഇങ്ങനെ ചെയ്ത്.അമേരിക്കയിൽ ഉള്ള വിഷ്ണു പ്രസാദിന്റെ അറസ്റ്റിനു വേണ്ടി പോലീസ് എംബസിയെ സമീപിച്ചു.
ഷാര്‍ജ അബു ഷഗാരയില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി കൂട്ടാർ സ്വദേശി വിഷ്ണു വിജയൻ(25) ആണ് കൊല്ലപ്പെട്ടത്. ബാര്‍ബര്‍ ഷോപ്പ് തൊഴിലാളിയാണ് മരിച്ച വിഷ്ണു വിജയന്.
കൊലപാതകത്തിന് പിന്നിൽ ആഫ്രിക്കൻ വംശജരെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. ഷാര്‍ജ പോലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെന്ന് സംശയിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.