Latest News

കഴിഞ്ഞ രണ്ട് ദിവസമായി ചര്‍ച്ചാ വിഷയം മുകേഷ്-മേതില്‍ ദേവിക വിവാഹമോചന വാര്‍ത്തയാണ്. സോഷ്യല്‍മീഡിയയിലും മറ്റും നിറഞ്ഞു നില്‍ക്കുന്നതും ഇരുവരുടെയും വേര്‍പിരിയലുമാണ്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകാണ് മുകേഷിന്റെ ആദ്യ ഭാര്യയും നടിയുമായ സരിത. പ്രമുഖ മാധ്യമത്തോടായിരുന്നു പ്രതികരണം.

മുകേഷ്-മേതില്‍ ദേവിക വിവാഹമോചന വിഷയത്തില്‍ ഇപ്പോഴൊന്നും പ്രതികരിക്കുന്നില്ലെന്ന് സരിത പറഞ്ഞു. താനുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തത്. അതുമാത്രമാണ് ഇപ്പോഴും പറയാനുള്ളതെന്നും സരിത കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി യുഎഇയിലെ റാസല്‍ഖൈമയില്‍ താമസിക്കുകയാണ് സരിത.

മൂത്തമകന്റെ എംബിബിഎസ് പഠനത്തിനാണ് 10 വര്‍ഷം മുമ്പ് സരിത യുഎഇയിലെത്തിയത്. മകന്‍ പിന്നീട് പഠനം പൂര്‍ത്തിയാക്കി. രണ്ടാമത്തെ മകന്‍ ബിബിഎം ബിരുദ ധാരിയാണ്. ഭാര്യ നിലവിലിരിക്കെ മറ്റൊരു വിവാഹം ചെയ്തതിനെതിരെ സരിത നല്‍കിയ കേസ് കൊച്ചി കുടുംബകോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, ഇതുവരെ നടപടിയുണ്ടായില്ല. 1988 ലായിരുന്നു മുകേഷ്‌സരിത വിവാഹം. ശ്രാവണ്‍ ബാബു, തേജസ് ബാബു എന്നിവരാണ് മക്കള്‍.

ഇരുവരും വേര്‍പിരിഞ്ഞ ശേഷം മുകേഷ് 2013ല്‍ നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്യുകയായിരുന്നു. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിനിയായ സരിത വിവിധ ഇന്ത്യന്‍ ഭാഷകളിലായി 160ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളം കൂടാതെ, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലെയും തിരക്കുള്ള അഭിനേത്രിയായിരുന്നു. 1975 ല്‍ തെലുങ്ക് നടന്‍ വെങ്കട സുബ്ബയ്യയെ വിവാഹം ചെയ്ത സരിത അടുത്ത വര്‍ഷം തന്നെ വിവാഹമോചിതയായി. 1988സെപ്റ്റംബര്‍ രണ്ടിനായിരുന്നു മുകേഷുമായുള്ള വിവാഹം.

തിരുവനന്തപുരം ∙ സുപ്രീംകോടതി കടുത്ത വിമർശനം നടത്തിയതോടെ കയ്യാങ്കളി കേസിൽ സർക്കാരിനു കൈപൊള്ളി. സിജെഎം കോടതി മുതൽ കേസ് പിൻവലിക്കാൻ ശ്രമിച്ച സർക്കാരിനു വിധി നാണക്കേടായി. നിയമസഭ ചേരുന്ന സമയത്താണ് വിധിയെന്നതിനാൽ അതിന്റെ അലയൊലികൾ സഭാതലത്തിലുമുണ്ടാകും. സർക്കാരിന്റെ രാഷ്ട്രീയ വാദങ്ങൾ ദുർബലമാകും. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും 5 മുൻ എംഎൽഎമാരും തിരുവനന്തപുരം സിജെഎം കോടതിയിൽ വിചാരണ നേരിടേണ്ടിവരും.

പ്രതികളുടെ വിടുതൽ ഹർജി ഓഗസ്റ്റ് 9ന് സിജെഎം കോടതി പരിഗണിക്കും. വിചാരണ നേരിടുമെന്നും കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. രാഷ്ട്രീയമായി സർക്കാരിനു വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയതോടെ വിചാരണക്കോടതിയിലും വിധിയുടെ സ്വാധീനമുണ്ടാകും. പ്രതികൾക്കു മുന്നിൽ വലിയ സാധ്യതകളൊന്നുമില്ല. പൊതുമുതൽ നശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നു മാത്രമായിരിക്കും സിജെഎം കോടതി പരിശോധിക്കുക. മറ്റുള്ള വിഷയങ്ങളിൽ സുപ്രീംകോടതി വ്യക്തത വരുത്തിക്കഴിഞ്ഞു. കോടതിയുടെ പരാമർശങ്ങൾ എതിരാണെന്നു ബോധ്യമായി നേരത്തേ കേസ് പിൻവലിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ രൂക്ഷ വിമർശനം ഒഴിവാക്കാമായിരുന്നു.

ബാർക്കോഴ കേസിൽ കെ.എം.മാണിയെ ശത്രുപക്ഷത്ത് നിർത്തിയാണ് സഭയിൽ കയ്യാങ്കളിയുണ്ടായതെങ്കിൽ മാണിയുടെ പാർട്ടിയായ കേരള കോൺഗ്രസ് (എം) ഇപ്പോൾ എൽഡിഎഫിലാണ്. രാഷ്ട്രീയമായി ഒരേ ചേരിയിലായതിനാൽ, കേസിന്റെ വിചാരണ ആരംഭിക്കുമ്പോൾ മാണിയെ വിമർശിക്കുന്ന നിലപാട് സ്വീകരിക്കാൻ സർക്കാരിനാകില്ല. വിചാരണാ വേളയിൽ സർക്കാരിനിതു പ്രതിസന്ധി സൃഷ്ടിക്കും, വാദങ്ങൾ ദുർബലമാകും. മാണി അഴിമതിക്കാരനായതിനാലാണ് പ്രതിഷേധിച്ചത് എന്ന മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറിന്റെ സുപ്രീംകോടതിയിലെ പരാമർശം കേരള കോൺഗ്രസിനെ ഞെട്ടിക്കുന്നതായിരുന്നു. പരാമർശം പ്രതിപക്ഷം ഏറ്റെടുത്തതോടെ കേരള കോൺഗ്രസ് (എം) സർക്കാരിനെ പരാതിയറിയിച്ചു.

മാണി കുറ്റക്കാരനല്ലെന്നും രണ്ടു തവണ വിജിലൻസ് കോടതിയും ഹൈക്കോടതിയും ഇതേ നിലപാടെടുത്തതാണെന്നും പാർട്ടി നിലപാട് വ്യക്തമാക്കി. മാണിയല്ല അന്നത്തെ സർക്കാരാണ് അഴിമതിക്കാരെന്നു നിലപാട് മാറ്റേണ്ടിവന്നു. നിലപാടിലെ മാറ്റം രാഷ്ട്രീയ എതിരാളികളുടെ പരിഹാസത്തിനിടയാക്കി. മാണിക്ക് ക്ലീൻ ചിറ്റ് നൽകിയത് മാധ്യമങ്ങൾക്കു മുന്നിൽ വാദിക്കാനും സിപിഎം നേതൃത്വം ബുദ്ധിമുട്ടി. ഈ നിലപാടിൽ മാറ്റം വരുത്തുന്നത് സാധ്യമല്ലാത്തതിനാൽ ഏറെ കരുതലോടെയാണു സർക്കാരിനു മുന്നോട്ടുപോകേണ്ടിവരിക.

സഭയിൽ ജനപ്രതിനിധികളെന്ന സംരക്ഷണം മാത്രമേ ഉള്ളൂ എന്നും മറ്റു കാര്യങ്ങൾ ചെയ്യാൻ സംരക്ഷണമില്ലെന്നുമുള്ള കോടതി പരാമർശം എല്ലാം അംഗങ്ങളും ഓർമയിൽ സൂക്ഷിക്കേണ്ടിവരും. 2015 മാർച്ച് 13നായിരുന്നു കേരളത്തെ നാണംകെടുത്തിയ സംഘർഷമുണ്ടായത്. നിയമസഭയിൽ രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണു കേസ്. ധനമന്ത്രി ആയിരിക്കെ ബാർ കോഴക്കേസിൽ ആരോപണ വിധേയനായ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു പ്രതിപക്ഷം തടയാൻ ശ്രമിച്ചതാണു ഭരണ-പ്രതിപക്ഷ കയ്യാങ്കളിയിലേക്കും അക്രമത്തിലേക്കും നയിച്ചത്.

ആറ് ഇടത് എംഎൽഎമാരെ പ്രതികളാക്കിയാണു തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. കെ.ടി.ജലീൽ, കെ.കുഞ്ഞഹമ്മദ്, കെ.അജിത്, സി.കെ.സദാശിവന്‍, ഇ.പി.ജയരാജന്‍, വി.ശിവൻകുട്ടി തുടങ്ങിയവരാണു കേസിലെ പ്രതികൾ. നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങി അധ്യക്ഷവേദിക്കു മുന്നിൽ ആക്രോശിക്കുകയും ആംഗ്യം കാണിക്കുകയും ചെയ്‌ത ശിവൻകുട്ടിയാണു കയ്യാങ്കളിക്കു നേതൃത്വം നൽകിയത്. മാണി ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ പ്രതിപക്ഷബഹളം തുടങ്ങി.

തുടർന്നുണ്ടായ സംഘർഷത്തിനിടെ സ്പീക്കറുടെ വേദി തല്ലിത്തകർക്കലടക്കം സഭയിൽ കാണാൻ പാടില്ലാത്തതു പലതും കേരളം കണ്ടു. സ്പീക്കറുടെ വേദി തകർത്ത 15 എംഎൽഎമാരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും തുടർനടപടി ഉണ്ടായില്ല. ബഹളത്തിനിടെ ജമീലാപ്രകാശം, ശിവദാസൻ നായരെ കടിച്ചതും വിവാദമായി. മുണ്ട് മാടിക്കുത്തി വാച്ച് ആൻഡ് വാർഡിന്റെ തോളിനു മുകളിലൂടെ മേശപ്പുറത്തു ചവിട്ടി മാണിക്കരികിലേക്കു കുതിച്ച ശിവൻകുട്ടിയും ബഹളത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന കെ.കെ.ലതികയും മാണിക്കുനേരെ പാഞ്ഞടുത്ത ബിജിമോളും സഭയുടെ അന്തസ്സിനു കളങ്കമുണ്ടാക്കിയതായും വിമർശനമുയർന്നു.

ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന് കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ടുകള്‍. ലങ്കന്‍ പര്യടനത്തിലുള്ള ടീമില്‍ കോവിഡ് പോസിറ്റീവാകുന്ന രണ്ടാമത്തെ താരമാണ് ധവാന്‍. നേരത്തെ ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യയ്ക്കും കോവിഡ് പോസിറ്റീവായിരുന്നു.

ധവാന്റെ കാര്യത്തില്‍ ഇതുവരെ ബി.സി.സി.ഐയുടെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ക്രുണാലുമായി സമ്പര്‍ക്കമുണ്ടായിരുന്നതിനാല്‍ താരം ഐസലേക്ഷനിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ട്വിറ്ററില്‍ ഇത് സംബന്ധിച്ച ചര്‍ച്ച പൊടിപൊടിക്കുകയാണ്. ധവാന്‍ ഐസലേഷനിലാണെന്നും ധവാന് പകരം ആര് ക്യാപ്റ്റനാകണമെന്നുമാണ് ട്വിറ്ററിലെ ചൂടുള്ള ചര്‍ച്ച.

ധവാന് പകരം നായകനായി മലയാളി താരം സഞ്ജു സാംസണോ, വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറോ എത്തണമെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ച് സാഹചര്യത്തില്‍ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന രണ്ടാം ടി20 മത്സരം ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു.

നിയമസഭാ കൈയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിനു വലിയ തിരിച്ചടി. കേസുകള്‍ പിന്‍വലിക്കാനുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. മന്ത്രി വി ശിവന്‍കുട്ടി അടക്കം കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണം. ജനപ്രതിനിധികളുടെ അവകാശത്തെക്കുറിച്ച് കോടതി വിധി പ്രസ്താവിച്ചു കൊണ്ട് ഓര്‍മിപ്പിച്ചു. കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്.

സുപ്രീം കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്നും എന്നാല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി. വിധി അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും വിചാരണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി പ്രതികരിച്ചു. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് നിരവധി സമരങ്ങളും കേസുകളുമുണ്ട്. ഇത് പ്രത്യേക കേസായി വന്ന കാര്യമാണ്. കേസും ശിക്ഷയുമെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. വിധിയുടെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ജനത്തോടുള്ള വഞ്ചനയാണ്. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനാണെന്ന് കോടതി നിരീക്ഷിച്ചു. ഈ പ്രത്യേക അവകാശം പൊതുനിയമങ്ങളില്‍ നിന്ന് ഒഴിവാകാനുള്ള കവാടമല്ല. കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചന കൂടിയാണെന്നും കോടതി വ്യക്തമാക്കി.

വാദത്തിനിടെ സര്‍ക്കാരിനെതിരെ നേരത്തെ തന്നെ രൂക്ഷ പരാമര്‍ശങ്ങള്‍ കോടതി നടത്തിയിരുന്നു. എം.എല്‍.എമാര്‍ക്ക് നിയമസഭയിലുള്ള പ്രത്യേക അവകാശങ്ങള്‍ ചൂണ്ടികാട്ടി കേസ് നിലനില്‍ക്കില്ല എന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ എം.എല്‍.എമാരുടെ പ്രത്യേക അവകാശം നിയമസഭയിലെ വസ്തുക്കള്‍ അടിച്ച് തകര്‍ക്കാനല്ല എന്നായിരുന്നു കോടതിയുടെ മറുപടി.

2015ല്‍ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെയാണ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ കയ്യാങ്കളി നടത്തി സ്പീക്കറുടെ ഡയസുള്‍പ്പെടെ അടിച്ചുതകര്‍ത്തത്. അന്ന് യു.ഡി.എഫില്‍ ആയിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇന്ന് എല്‍.ഡി.എഫിന്റെ ഭാഗമാണ്.

ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിര്‍ത്തിയിട്ട ബസിന് പിറകില്‍ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ച് ബസിന് മുന്നില്‍ റോഡരികിലായി കിടന്നുറങ്ങിയിരുന്ന 18 തൊഴിലാളികള്‍ മരിച്ചു. ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. ലക്നൗ- അയോദ്ധ്യ ദേശീയ പാതയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ പത്തൊന്‍പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹരിയാനയില്‍ നിന്ന് മടങ്ങുകയായിരുന്ന ബീഹാര്‍ സ്വദേശികളുടെ ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ഇവര്‍ ഹൈവേക്ക് സമീപം കിടന്നുറങ്ങുകയായിരുന്നു.

നിര്‍ത്തിയിട്ട ബസിന് പിന്നില്‍ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. അതിശക്തിയില്‍ മുന്നോട്ടു നീങ്ങിയ ബസ് ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ പാഞ്ഞു കയറുകയായിരുന്നു. പരിക്കേറ്റ തൊഴിലാളികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സത്യ നാരായണ്‍ സാബത്ത് അറിയിച്ചു. ബസിനടിയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്.

‘ഹലോ ജോസഫ്, ഞാന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. ഹാപ്പി ബര്‍ത്ത് ഡേ.’ പിറന്നാള്‍ ദിനത്തില്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ ആശംസ കേട്ട് തൃശൂരിലെ ജോസഫ് ജോണ്‍ ഞെട്ടി. ജോസഫ് ജോണിന്റെ അറുപത്തി രണ്ടാം പിറന്നാളിനാണ് അപ്രതീക്ഷിതമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ ആശംസകളെത്തിയത്. ജൂലായ് 21ന് രാവിലെ മകള്‍ അന്ന അയച്ച വീഡിയോയിലാണ് ജസീന്ത ആര്‍ഡന്‍, ജോസഫിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ന്യൂസിലന്‍ഡില്‍ പേസ്ട്രി ഷെഫായി ജോലി ചെയ്യുകയാണ് അന്ന. വീഡിയോയില്‍ ജസീന്തയ്‌ക്കൊപ്പം ജോസഫിന്റെ മകള്‍ അന്നയുമുണ്ട്.

‘ഹലോ ജോസഫ്, ഞാന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. ഞാന്‍ ഇപ്പോള്‍ അന്നയുടെ കൂടെയാണുള്ളത്. അവള്‍ ഇവിടുത്തെയൊരു നല്ല റസ്റ്റോറന്റിലാണ് ജോലി ചെയ്യുന്നത്. ഹാപ്പി ബര്‍ത്ത് ഡേ’ എന്നാണ് 11 സെക്കന്‍ഡുള്ള വീഡിയോയില്‍ ജസീന്ത ആര്‍ഡന്‍ പറഞ്ഞത്.

ജസീന്ത ആര്‍ഡന്റെ കടുത്ത ആരാധകനാണ് ജോസഫ്. അന്ന ജോലി ചെയ്യുന്ന റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയതാണ് ജസീന്ത. ഭക്ഷണത്തെ അഭിനന്ദിച്ചുകൊണ്ടുള്ള വര്‍ത്തമാനത്തിനിടെ ഷെഫിന്റെ അച്ഛന്റെ പിറന്നാള്‍ വിവരം അറിഞ്ഞപ്പോള്‍ വീഡിയോയിലൂടെ ജസീന്ത ആശംസ അറിയിക്കുകയായിരുന്നു.

അതിര്‍ത്തി അടച്ചത് കൊണ്ട് നാട്ടില്‍ പോകാന്‍ പറ്റുന്നില്ല. അച്ഛനെയും അമ്മയേയും ഒന്നും കാണാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ജസീന്ത തന്നെ എന്നാല്‍ നമുക്ക് അച്ഛന്് പിറന്നാള്‍ ആശംസകള്‍ ചെയ്ത് ഒരു വീഡിയോ അയക്കാം എന്ന് പറയുകയായിരുന്നു. അന്നയുടെ ഫോണ്‍ വാങ്ങി ജസീന്ത തന്നെയാണ് വീഡിയോ ഷൂട്ട് ചെയ്തത്. പിറന്നാള്‍ ദിനത്തിലെത്തിയ പ്രധാനമന്ത്രിയുടെ ആശംസയില്‍ ജോസഫ് ഏറെ സന്തോഷവാനാണ്.

ലണ്ടന്‍: ഇന്ത്യയടക്കം “റെഡ്‌ ലിസ്‌റ്റി”ല്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന തങ്ങളുടെ പൗരന്‍മാര്‍ക്ക്‌ മൂന്നു വര്‍ഷത്തെ യാത്രാ വിലക്ക്‌ ഏര്‍പ്പെടുത്താനൊരുങ്ങി സൗദി അറേബ്യ. ലോകമെങ്ങും അതിവേഗം വ്യാപിക്കുന്ന കോവിഡിന്റെ ഡെല്‍റ്റാ വകഭേദത്തെ ചെറുക്കുന്നതു ലക്ഷ്യമിട്ടാണ്‌ നീക്കം.

മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ യാത്ര ചെയ്യാന്‍ കഴിഞ്ഞ മേയില്‍ ലഭിച്ച അവസരം പൗരന്‍മാരില്‍ ചിലര്‍ ദുരുപയോഗം ചെയ്‌ത സാഹചര്യത്തിലാണു നടപടി. ഇന്ത്യക്കു പുറമേ അഫ്‌ഗാനിസ്‌ഥാന്‍, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്‌ത്‌, എത്യോപ്യ, ഇേന്താനീഷ്യ, ലബനന്‍, പാകിസ്‌താന്‍, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, വിയറ്റ്‌നാം, യു.എ.ഇ. എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയാണ്‌ വിലക്കിയിരിക്കുന്നത്‌.

കൊലപാതക പരമ്പരകളിലൂടെ കുപ്രസിദ്ധനായ റോഡ്നി ജയിംസ് ആൽകാല (77) കാലിഫോർണിയയിലെ ആശുപത്രിയിൽ മരിച്ചു. 1977 മുതൽ 1979 വരെയുള്ള കാലയളവിനിടെ നടത്തിയ 5 കൊലപാതകങ്ങളിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ കോടതി ഇയാൾക്കു 2010ൽ വധശിക്ഷ വിധിച്ചിരുന്നു.
1978ൽ പുറത്തിറങ്ങിയ യുഎസ് ടെലിവിഷൻ ഷോയായ ‘ദ ഡേറ്റിങ് ഗെയിമി’ലെ ഏറ്റവും മികച്ച ബാച്ച്ലറായി തിരഞ്ഞെടുക്കപ്പെട്ട ആളാണ് ആൽകാല.

അവിവാഹിതരായ സ്ത്രീകളും പുരുഷൻമാരും ഏറ്റവും അനുയോജ്യരായ പങ്കാളിയെ ഡേറ്റിനായി തിരഞ്ഞെടുക്കുന്ന ഗെയിം ഷോയിൽ ആൽകാലയാണു ജേതാവായത്. എന്നാൽ ആൽകാലയ്ക്കൊപ്പം ഡേറ്റിനു പോകാൻ ഷോയിൽ പങ്കെടുത്ത യുവതികൾ തയാറായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇയാളുടെ സ്വഭാവ ദൂഷ്യം തന്നെയായിരുന്നു കാരണം.

പിന്നീടു സ്ത്രീകളെ വശീകരിച്ചതിനുശേഷമുള്ള കൊലപാതകങ്ങൾ പതിവാക്കിയതോടെ ഇയാൾ ‘ദ ഡേറ്റിങ് ഗെയിം കില്ലർ’ എന്നാണ് അറിയപ്പെട്ടിരുന്നത്. സാൻ ജോക്വയ്ൻ താഴ്‌വരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വാഭാവിക കാരണങ്ങളാലാണു മരണമെന്നു ജയിൽ അധികൃതർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

യുഎസിലെ 130 ഓളം സ്ത്രീകളെ ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് അധികൃതർ കണക്കാക്കിയിരിക്കുന്നത്. ന്യൂയോർക്കിലെ 2 കൊലപാതകങ്ങളിൽ നിരപരാധിയാണെന്നു വാദിച്ച ഇയാൾക്കു കോടതി 2013ൽ 25 വർഷം തടവുശിക്ഷയും അധികമായി വിധിച്ചിരുന്നു.

പിന്നീട് 1977ൽ മരിച്ച 28 കാരിയുടെ കൊലപാതകത്തിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തെക്കുപടിഞ്ഞാറൻ വയോമിങ്ങിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്നു കണ്ടെത്തിയ യുവതിയുടെ ശരീരാവശിഷ്ടങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണു ആൽകാല കുടുങ്ങിയത്. മരണസമയത്ത് ഇവർ 6 മാസം ഗർഭിണിയായിരുന്നു. എന്നാൽ ഗുരുതര രോഗങ്ങൾ ഉള്ളതിനാൽ ഈ കേസിൽ വിചാരണ നേരിടാൻ കഴിയില്ലെന്ന് ഇയാളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

കാലിഫോർണിയയിലെ സാൻ ക്വെന്റിൻ തടവറയാണു വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നതെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി 200 മൈല്‍ അകലെയുള്ള കൊർക്കൊറാനിലെ തടവറയിലാണ് ആൽകാലയെ പാർപ്പിച്ചിരുന്നത്. 24 മണിക്കൂറും വൈദ്യസഹായം ലഭിക്കുന്നതിനായിരുന്നു ഇത്.

ആനന്ദത്തിനു വേണ്ടി മാത്രം തെക്കൻ കാലിഫോർണിയയിൽ ‘വേട്ട’യ്ക്കിറങ്ങിയിരുന്ന ആളായാണു ആൽക്കാലയെ പ്രോസിക്യൂട്ടർമാർ വിശേഷിപ്പിക്കുന്നത്. ആളുകളെ വധിക്കുമ്പോൾ ലഭിക്കുന്ന ആനന്ദത്തിനു വേണ്ടി മാത്രമാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയിരുന്നതെന്നാണു വിചാരണ സമയത്ത് ഓറഞ്ച് കൗണ്ടിയിലെ പ്രോസിക്യൂട്ടർ മാറ്റ് മർഫി കോടതിയെ ധരിപ്പിച്ചത്. ഇരകളെ ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം വധിക്കുന്നതായിരുന്നു ഇയാളുടെ രീതി. കൊലപാതകത്തിനു ശേഷം മൃതദേഹങ്ങളില്‍നിന്ന് ഊരിയെടുക്കുന്ന കമ്മലുകൾ ട്രോഫികൾ എന്നപോലെ ഇയാൾ സൂക്ഷിച്ചിരുന്നു. ഇയാൾ നടത്തിയ ആകെ കൊലപാതകങ്ങളുടെ എണ്ണം ഒരിക്കലും അറിയാനാകില്ല എന്നാണു പൊലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്.

കൊലപാതകത്തിനു ശേഷം മ‍ൃതദേഹങ്ങളിൽനിന്ന് ഊരിയെടുത്തു സൂക്ഷിച്ചിരുന്ന കമ്മലുകൾ തന്നെയാണു ഒടുവിൽ ആൽക്കാലയ്ക്കു വിനയായതും. ഇയാളുടെ പക്കൽനിന്നു കണ്ടെത്തിയ കമ്മലുകൾ തെളിവായി അംഗീകരിച്ചാണു കോടതി വധശിക്ഷ വിധിച്ചതും. ഇയാളുടെ പക്കൽ‌നിന്നു കണ്ടെത്തിയ ‘ഗോൾ‌ഡ് ബോൾ’ കമ്മലുകൾ തന്റെ മകളായ 12 വയസ്സുകാരിയുടേതാണെന്നു ആൽകാലയുടെ വിചാരണയ്ക്കിടെ കുട്ടിയുടെ അമ്മ തിരിച്ചറിഞ്ഞിരുന്നു.

എന്നാൽ‌ കമ്മലുകൾ തന്റേതുതന്നെയാണെന്നും 1978ലെ ‘ദ ഡേറ്റിങ് ഗെയിം’ ഷോയ്ക്കിടെ താൻ ഇതു ധരിച്ചിരുന്നെന്നുമാണു ആൽകാല കോടതിയിൽ വാദിച്ചത്. ഇതു ശരിവയ്ക്കുന്ന തരത്തിലുള്ള വിഡിയോ ക്ലിപ്പും ഇയാൾ ഹാജരാക്കി. കുട്ടിയുടെ മരണം സംഭവിക്കുന്നതിന് ഒരു വർഷം മുൻപായിരുന്നു ഈ ഗെയിം ഷോ. എന്നാൽ ഇത്തരത്തിൽ മറ്റു ചില കമ്മലുകൾ കൂടി ഇയാളുടെ പക്കൽനിന്നു കണ്ടെത്തിയതോടെ കുരുക്കു മുറുകുകയായിരുന്നു.

കൊല ചെയ്ത 4 സ്ത്രീകളിൽ 2 പേരെ ഇയാൾ വീണ്ടും അതിക്രൂരമായി ബലാത്സംഗം ചെയ്തതായും വീണ്ടും വീണ്ടും കഴുത്തു ഞെരിച്ചു മരണം ഉറപ്പാക്കിയതായും പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചിരുന്നു.

ആൽക്കാലയുടെ പക്കൽനിന്നു കണ്ടെടുത്ത റോസ് ആകൃതിയിലുള്ള കമ്മലിൽനിന്നു മറ്റൊരു യുവതിയുടെ ഡിഎൻഎയും പൊലീസിനു ലഭിച്ചു. ഇതേ യുവതിയുടെ മ‍ൃതദേഹത്തിൽനിന്ന് ആൽകാലയുടെ ഡിഎൻഎയും കണ്ടെടുത്തിരുന്നു. 12 കാരിയുടെ കൊലപാതകത്തിൽ വിചാരണ നേരിടുന്നതിനു മുൻപു 2 തവണ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്നെങ്കിലും പിന്നീടു കോടതി ആൽകാലയെ കുറ്റവിമുക്തനാക്കിയിരുന്നു.

എന്നാൽ പുതുതായി ലഭിച്ച ഡിഎൻഎ, ഫൊറൻസിക് തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഇരുപതിലധികം വർഷങ്ങൾക്കു ശേഷം ഇയാൾക്കെതിരെ വീണ്ടും കേസെടുക്കുകയായിരുന്നു. വിധിപ്രഖ്യാപനത്തിനു ശേഷം ആൽകാലയുടെ പക്കൽനിന്നു ലഭിച്ച യുവതികളുടെയും പെൺകുട്ടികളുടെയും നൂറിൽ അധികം ഫോട്ടോകളും പൊലീസ് പുറത്തുവിട്ടിരുന്നു.

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമാ സംവിധായകനുമായ കമല്‍ തന്റെ സിനിമകളില്‍ നായികാപദവി വാഗ്ദാനം ചെയ്ത് യുവതികളെ പീഡിപ്പിച്ചതായുള്ള പരാതികള്‍ മുമ്പേ തന്നെ പുറത്തു വന്നിരുന്നു.

എന്നാല്‍ തന്റെ സിനിമകളില്‍ അവസരം കിട്ടാത്തതിന്റെ നിരാശയില്‍ തനിക്കെതിരേ അപവാദ പ്രചരണം നടത്തുന്നതാണിതെന്നു പറഞ്ഞായിരുന്നു കമല്‍ ഇതുവരെ ഇത്തരം ആരോപണങ്ങളെ പ്രതിരോധിച്ചിരുന്നത്.

2020 ഏപ്രിലിലാണ് ഒരു യുവതി കമലിനെതിരേ ആദ്യമായി ലൈംഗികാരോപണം ഉന്നയിക്കുന്നത്. കമലിന്റേതായി പുറത്തിറങ്ങിയ ‘പ്രണയ മീനുകളുടെ കടല്‍’ എന്ന സിനിമയില്‍ നായിക വേഷം വാഗ്ദാനം ചെയ്ത് കമല്‍ പീഡിപ്പിച്ചെന്നു കാണിച്ചായിരുന്നു യുവതി വക്കീല്‍ നോട്ടീസയച്ചത്.

ഈ വേഷം അവസാനം മറ്റൊരു നടിയ്ക്ക് കൊടുത്തതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. വക്കീല്‍ നോട്ടീസില്‍ കമലുമായുള്ള ബന്ധത്തെക്കുറിച്ച് യുവതി തുറന്നെഴുതിയിരുന്നു.

എന്നാല്‍ റോളുകള്‍ ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന നിരാശയില്‍ കെട്ടിച്ചമയ്ക്കപ്പെട്ട കഥയാണിതെന്നു പറഞ്ഞ് കമല്‍ അന്ന് തടിതപ്പുകയായിരുന്നു.

പിന്നീട് അതേക്കുറിച്ച് വാര്‍ത്തകളൊന്നും കേട്ടിരുന്നില്ല. എന്നാല്‍ യുവതി നിയമപോരാട്ടം തുടരുന്നുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

കമല്‍ തന്റെ കൈപ്പടയില്‍ യുവതിയ്‌ക്കെഴുതിയ കത്താണ് ഇപ്പോള്‍ സംവിധായകനെ ഊരാക്കുടുക്കില്‍ ആക്കിയിരിക്കുന്നത്. യുവതി കത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

2019 ഏപ്രില്‍ 30നാണ് കത്തെഴുതിയിരിക്കുന്നത്. പീഡനപരാതി പുറത്ത് വരാതിരിക്കുന്നതിനായി അഭിനയിപ്പിക്കാമെന്ന് കത്തിലൂടെ ഉറപ്പു നല്‍കുന്നതായി കാണാം.പോസ്റ്റ് റിമൂവ് ചെയ്യണമെന്ന് ഭീഷണി എന്നോട് വേണ്ട! ചെയ്യില്ല, എന്ന കുറിപ്പോടെയാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്.

കത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്…പരസ്പരം സംസാരിച്ച് തീരുമാനിച്ച പ്രകാരം അടുത്ത ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഞാന്‍ സംവിധാനം ചെയ്യുന്ന മഞ്ജുവാര്യരും ടോവിനോ തോമസും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്ന പേരിടാത്ത പുതിയ സിനിമയില്‍ പ്രധാനപ്പെട്ട ഒരു റോള്‍ ( ടോവിനോയുടെ കൂടെ ) ഉറപ്പായി തന്നു കൊള്ളാം എന്ന് ഇതിനാല്‍ സമ്മതിച്ചിരിക്കുന്നു.

പുതിയ കത്ത് വെളിയില്‍ വന്നതോടെ പലരും കമലിനെ ഹോളിവുഡിലെ കുപ്രസിദ്ധ സ്ത്രീപീഡകന്‍ ഹാര്‍വി വെയ്ന്‍സ്റ്റീനുമായാണ് ഉപമിക്കുന്നത്.

സെലിബ്രിറ്റികളുടെ സ്വകാര്യജീവിതത്തിലേക്കു ഒളിഞ്ഞു നോക്കുന്ന പ്രവണത ഇന്ന് കൂടുതലാണ്. പ്രത്യേകിച്ചും സിനിമാ താരങ്ങളുടെ. നടീനടൻമാരുടെ കുടുംബ ജീവിതം, വിവാഹം, വിവാഹമോചനം, തർക്കങ്ങൾ ഇതെല്ലാം പൊടിപ്പും തൊങ്ങലും വച്ച് പ്രചരിക്കാറുണ്ട്. നടി അർഥന ബിനു തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം വിവരിക്കുകയാണ്. ഇൻസ്റ്റഗ്രമിലൂടെ പത്തു മിനിറ്റിലേറെ വരുന്ന വിഡിയോയിലൂടെയാണ് നടി തനിക്കു പറയാനുള്ള കാര്യങ്ങൾ വിശദീകരിക്കുന്നത്.

എന്റെ ജീവിത സാഹചര്യങ്ങളോ ഞാൻ കടന്നു വന്ന വഴികളോ അറിയാത്ത ആളുകൾക്ക് ഒരു വ്യാജവാർത്ത കണ്ടിട്ട് എന്നെ ഇത്തരത്തിൽ പറയുവാൻ ഒരു അവകാശവുമില്ലെന്നു വിഡിയോയിൽ താരം പറയുന്നു. വളരെ തരംതാഴ്ന്ന സൈബർ ബുള്ളിയിങ് ആണ് നടക്കുന്നത്. ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണെങ്കിൽ പോട്ടെ, അല്ലെങ്കിൽ ഒരു സാമൂഹ്യ പ്രശ്‍നമാകണം, ഇതിൽ നാട്ടുകാർക്ക് പല അഭിപ്രായങ്ങളും കാണും എന്നു തന്നെ വിചാരിക്കാം, പക്ഷേ എന്റെ കുടുംബത്തെക്കുറിച്ചോ എനിക്ക് വ്യക്തിപരമായി ബന്ധമുള്ളവരെക്കുറിച്ചോ പറയാൻ ഇവരൊന്നും ആരുമല്ല.

അർഥനയുടെ വാക്കുകള്‍:

നമസ്കാരം ഞാൻ അർത്ഥന ബിനു,

എന്റെ ആദ്യ മലയാള സിനിമയായ മുദ്ദുഗൗ ഇറങ്ങിയ സമയം മുതൽ ഒരു വ്യാജവാർത്ത പലപല തലക്കെട്ടുകളിലായി ഇടവേളകൾ വച്ച് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ മാസം 19–ന് പ്രചരിച്ച ഒരു വാർത്തയാണ് ആണ് ഇതിൽ അവസാനത്തേത്. ആ വാർത്ത ഞാൻ കാണുന്നത് തന്നെ രണ്ടു ദിവസം കഴിഞ്ഞാണ്. ഇതുപോലുളള വാർത്താ ലിങ്കുകളുടെ അടിയിൽ വരുന്ന കമന്റുകൾ എന്നെയും എന്റെ വീട്ടുകാരെയും വളരെ മോശമാക്കി ചിത്രീകരിച്ചുകൊണ്ടുള്ളതാണ്. കുറച്ചു ദിവസം കഴിഞ്ഞാൽ ഇതിനൊരവസാനമാകും എന്ന് കരുതിയാണ് ഞാൻ ഇതുവരെ പ്രതികരിക്കാതിരുന്നത്.

പക്ഷേ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് പ്രതികരിക്കാതിരുന്നതാണെന്ന് ഇപ്പോൾ തോന്നുന്നു. ‘വിജയകുമാറിന്റെ പേരിൽ അറിയപ്പെടാൻ താല്പര്യപ്പെടുന്നില്ല എന്ന് മകൾ അർഥന’, ഇതാണ് ഒരു വാർത്തയുടെ തലക്കെട്ട്. തലക്കെട്ട് പോട്ടെ അതിന്റെ ഉള്ളില്‍ എഴുതിയിരിക്കുന്നത് “ഞാൻ വിജയകുമാറിന്റെ മകൾ അല്ല” എന്നാണു. ഈ രണ്ടു കാര്യങ്ങളും ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് ആരുടേയും പേരിൽ അറിയപ്പെടാൻ താല്പര്യമില്ല. ഇക്കാര്യം തുറന്ന് പറഞ്ഞ് നേരത്തെ തന്നെ അഭിമുഖം വാർത്താമാധ്യമത്തിൽ കൊടുത്തിട്ടുണ്ട്. അതിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല. ആ കാര്യത്തിൽ ഞാൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. ആരുടേയും സഹായത്തോടെ അല്ല ഞാൻ ഇൻഡസ്ട്രിയിൽ വന്നത്.

2011–ൽ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ മോഡലിങ്, ആങ്കറിങ് ഒക്കെ ചെയ്തിട്ടുണ്ട്. ചെറിയ റോൾ മുതൽ ചെയ്താണ് ഞാൻ കടന്നു വന്നത്. പൃഥ്വിരാജ് സാറിന്റെ ഒരു പരസ്യത്തിൽ ഞാൻ ഏറ്റവും പുറകിൽ ഒരു ബാഗ് പിടിച്ചുകൊണ്ടു നിൽക്കുന്ന കുട്ടിയായി അഭിനയിച്ചിരുന്നു. 2016–ൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമയിലാണ് ഞാൻ ആദ്യം പ്രത്യക്ഷപ്പെടുന്നത്. അതിനു ശേഷവും ഞാൻ ഈ ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കുന്നത് എന്റെ കഴിവിലും കഠിനാധ്വാനത്തിലും വിശ്വാസമുള്ളതുകൊണ്ടാണ്. എനിക്ക് ഞാൻ ആഗ്രഹിക്കുന്ന നിലയിൽ എത്താൻ കഴിയും എന്ന ആത്മവിശ്വാസമുണ്ട്.

അതിനിടയിൽ എന്നെ ഇമോഷനലി തകർത്ത് എന്റെ പ്രൊഫഷനൽ ജീവിതത്തിൽ നിന്നും ശ്രദ്ധ മാറ്റി വ്യക്തിപരമായ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വാർത്ത വരുന്നത് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതാണ് ഇപ്പോൾ നടക്കുന്നത്. ഒരു സ്വതന്ത്രവ്യക്തിയായി ജീവിച്ച് കുടുംബത്തെ സപ്പോർട്ട് ചെയ്തു നിൽക്കുന്ന എന്നെപോലെ ഒരു കലാകാരിക്ക് വളരെ വിഷമമുണ്ടാക്കുന്ന കമന്റുകൾ ആണ് ഈ വാർത്തകൾക്കൊപ്പം വരുന്നത്.

എന്റെ ജീവിത സാഹചര്യങ്ങളോ ഞാൻ കടന്നു വന്ന വഴികളോ അറിയാത്ത ആളുകൾക്ക് ഒരു വ്യാജവാർത്ത കണ്ടിട്ട് എന്നെ ഇത്തരത്തിൽ പറയുവാൻ ഒരു അവകാശവുമില്ല. വളരെ തരംതാഴ്ന്ന സൈബർ ബുള്ളിയിങ് ആണ് നടക്കുന്നത്. ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണെങ്കിൽ പോട്ടെ, അല്ലെങ്കിൽ ഒരു സാമൂഹ്യ പ്രശ്‍നമാകണം, ഇതിൽ നാട്ടുകാർക്ക് പല അഭിപ്രായങ്ങളും കാണും എന്നു തന്നെ വിചാരിക്കാം, പക്ഷേ എന്റെ കുടുംബത്തെക്കുറിച്ചോ എനിക്ക് വ്യക്തിപരമായി ബന്ധമുള്ളവരെക്കുറിച്ചോ പറയാൻ ഇവരൊന്നും ആരുമല്ല.

ഇതിനു മുൻപ് വന്ന പല തലക്കെട്ടുകളും കണ്ട്, വാർത്ത നോക്കിയാൽ അറിയാം ഇതൊന്നും ഞാൻ പറഞ്ഞതല്ലെന്ന്. പലതിലും എന്റെ പേര് പോലും ശരിയായി അല്ല പറയുന്നത്. ചിലതിൽ പറയുന്നത് എന്റെ അനിയത്തിയുടെ പേര് എൽസ എന്നാണ് എന്ന്. എന്റെ പേര് അർഥന ബിനു എന്നാണ് അതിനർഥം എന്റെ പേര് ബിനു എന്നാണന്നല്ല. അതുപോലെ അനിയത്തിയുടെ പേര് മേഖൽ എൽസ എന്നാണ്, അതുകൊണ്ടു എൽസ എന്നാകുന്നില്ല.

പിന്നെ പലതിലും പറയുന്നത് എന്റെ ആദ്യ സിനിമ മുദ്ദുഗൗ ആണ് എന്നാണ്. ഞാൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് ആദ്യം അഭിനയിച്ചത് തെലുങ്ക് സിനിമയിലാണെന്ന്. എന്നെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ് ഈ വാർത്തകൾ ഉണ്ടാക്കുന്നത്. ഈ വാർത്തകളുടെ ഉറവിടം എവിടെയാണെന്ന് എനിക്ക് ചെറിയ ഒരു ധാരണ ഉണ്ട്, പക്ഷേ അതാണോ എന്ന് ഉറപ്പുമില്ല. 2016 ൽ മുദ്ദുഗൗ റിലീസ് ആയ സമയത്ത് കുറച്ച് മാധ്യമങ്ങൾ എന്റെ അഭിമുഖം ചെയ്തിരുന്നു. ഒരു പത്രത്തിൽ നിന്നും വിളിച്ചപ്പോൾ എന്റെ പേര് ചോദിച്ചു ഞാൻ അർഥന ബിനു എന്ന് പറഞ്ഞു അപ്പൊ അവർ ചോദിച്ചു ‘എന്താണ് ഇങ്ങനെ ഒരു പേര്, നിങ്ങൾ വിജയകുമാറിന്റെ മകൾ അല്ലെ’ എന്ന്.

‘അച്ഛനെപ്പറ്റി കൂടുതൽ പറയാൻ താല്പര്യപെടുന്നില്ല, ഓരോരുത്തർക്കും ഓരോ വ്യക്തിപരമായ താല്പര്യമില്ലേ’ എന്നാണു ഞാൻ പറഞ്ഞത്. സിനിമയിൽ അഭിനയിക്കാൻ തയാറെടുക്കുമ്പോൾ വിജയകുമാർ എന്തൊക്കെ ഉപദേശങ്ങളാണ് തന്നിട്ടുള്ളത് എന്നായിരുന്നു അടുത്ത ചോദ്യം. ഞാൻ പറഞ്ഞു നമുക്ക് മറ്റു വല്ലതും സംസാരിക്കാം, വ്യക്തിപരമായ കാര്യങ്ങൾ പറയാൻ താല്പര്യമില്ല എന്ന്. പിന്നെ അവർ പലതും ചോദിച്ചു ഞാൻ മറുപടി പറഞ്ഞു. അതിനു ശേഷം ഞാൻ പല ഓൺലൈൻ മാധ്യമങ്ങളിലും കണ്ട വാർത്ത എനിക്ക് വിജയകുമാറിന്റെ മകളായി അറിയാൻ താല്പര്യമില്ല എന്നാണ്.

അങ്ങനെ പലപല തലക്കെട്ടുകളിലായി വാർത്തകൾ വരുന്നുണ്ട്. 2016–ൽ ആദ്യമായി ഇങ്ങനെ ഒരു വാർത്ത വന്നപ്പോൾ ഞാൻ വളരെ വിഷമിച്ചു. അന്ന് ഞാൻ അവരുടെ നമ്പർ കണ്ടുപിടിച്ച് അവരെ വിളിച്ചു, ഇങ്ങനെ ഒരു ന്യൂസ് കാണുന്നു അത് വ്യാജവാർത്തയാണ് അത് ഡിലീറ്റ് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. അവർ പറഞ്ഞത് ഡിലീറ്റ് ചെയ്യാൻ പറ്റില്ല വേണമെങ്കിൽ “ഞാൻ വിജയകുമാറിന്റെ മകളാണ്” എന്ന് അർഥന പറയുന്നതായി ഒരു ഇന്റർവ്യൂ കൊടുക്കാം എന്നാണ്. അന്ന് ഞാൻ സിനിമയിലേക്ക് പ്രവേശിക്കുന്ന കാലമാണ്.

അഭിനയം കണ്ട് പ്രേക്ഷകർ എന്നെ വിലയിരുത്തിയാൽ മതി എന്നായിരുന്നു എന്റെ ആഗ്രഹം, ഞാൻ അന്ന് ആ കോൾ കട്ട് ചെയ്തു. പക്ഷേ ഈയിടെയായി ഈ വാർത്ത വരുന്ന മാധ്യമങ്ങളുടെ എണ്ണവും അത് എടുത്തു റീപോസ്റ്റ് ചെയ്യുന്നവരുടെ എണ്ണവും കൂടുകയാണ്. എന്റെ അമ്മയുടെ മാതാപിതാക്കളുടെ കൂടെയാണ് ഞങ്ങൾ താമസിക്കുന്നത്. ഇത്രയും നാൾ ഞങ്ങളുടെ കൂടെ അപ്പച്ചനും അമ്മച്ചിയും ഉണ്ടായിരുന്നു. ഇപ്പൊ അപ്പച്ചൻ ഞങ്ങളുടെ കൂടെ ഇല്ല. ഞാനും അമ്മയും അമ്മച്ചിയും അനുജത്തിയും അടങ്ങുന്ന കുടുംബമാണ് ഞങ്ങളുടേത്.

നിങ്ങളൊക്കെ ജോലി ചെയ്യുന്നതുപോലെ എന്റെ ആഗ്രഹങ്ങളെ പിന്തുടർന്നാണ് ഞാനും ജീവിക്കുന്നത്. ഇങ്ങനെയുള്ള വാർത്തകൾ ഇടയ്ക്കിടെ വരുന്നത് എന്നെ വേദനിപ്പിക്കുകയും മാനസികമായി തളർത്തുകയും ചെയ്യുന്ന കാര്യമാണ്. ഒരുപക്ഷേ നിങ്ങൾക്കാർക്കും എന്റെ ജീവിതത്തെപ്പറ്റി ഒന്നും അറിയില്ലായിരിക്കാം. ഒരു താരപുത്രിയുടെ ജീവിതം എങ്ങനെയാണു എന്ന് എനിക്കറിയില്ല, കാരണം ഞാൻ അത് അനുഭവിച്ചിട്ടില്ല.

പക്ഷേ സിനിമാമേഖലയിൽ എനിക്ക് ബന്ധമുള്ള ഒരാൾ എനിക്കെതിരെ പ്രവർത്തിക്കുകയും എനിക്ക് വരുന്ന ഓഫറുകൾ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അത് നേരിട്ട് മനസ്സിലാക്കിയ ഒരാളാണ് ഞാൻ. എന്നിട്ടും ഞാൻ ധൈര്യമായി നിൽക്കുന്നത് എനിക്ക് എന്റെ കഴിവിലും കഠിനാധ്വാനത്തിലും വിശ്വാസമുള്ളതുകൊണ്ടാണ്. അതുകൊണ്ടു മറ്റുള്ളവരുടെ കാര്യം അറിയില്ലെങ്കിൽ അവരെക്കുറിച്ച് ഇത്തരത്തിലുള്ള വാർത്തകളും കമന്റുകളും ഇടാതെ നോക്കുക. എല്ലാവരും പലതരത്തിലുള്ള പ്രശ്നങ്ങളുള്ളവരും അതിനെ അതിജീവിക്കാൻ നോക്കുന്നവരുമായിരിക്കും. മറ്റുള്ളവരെപ്പറ്റി അറിയാത്ത കാര്യങ്ങൾ പറയുന്നതിനേക്കാൾ നല്ലത് അവരെപ്പറ്റി മിണ്ടാതിരിക്കുകയാണ് അല്ലെങ്കിൽ പിന്തുണച്ച് നല്ല വാക്കുകൾ പറഞ്ഞാൽ അത് അവർക്ക് ഒരുപാടു സഹായകമായിരിക്കും.

Copyright © . All rights reserved