വനിതാ ദന്തഡോക്ടർ കുത്തേറ്റ് മരിച്ച കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. തൃശ്ശൂരിലെ കുട്ടനെല്ലൂരിലെ ക്ലിനിക്കിന് അകത്ത് വെച്ചാണ് ഡോക്ടർ സോനയെ പ്രതി മഹേഷ് കുത്തിക്കൊലപ്പെടുത്തിയത്. ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് സർക്കാരിന്റെ ഹർജി പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.
കുട്ടനെല്ലൂരിൽ ദന്താശുപത്രി നടത്തിയിരുന്ന സോനാ ജോസിനെ സെപ്റ്റംബർ 28 നാണ് മഹേഷ് കൊലപ്പെടുത്തിയത്. ഒക്ടോബർ ആറിന് അറസ്റ്റിലായ മഹേഷിന് ഹൈക്കോടതി ഡിസംബർ 21 ന് ജാമ്യം അനുവദിച്ചു.
സ്വന്തം പിതാവിന്റെ മുന്നിൽവെച്ചാണ് സോനയെ കൊലപ്പെടുത്തിയതെന്നും വെറും 42 ദിവസം മാത്രം ജയിലിൽ കഴിഞ്ഞ മഹേഷിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ വാദിച്ചു.
വിവാഹബന്ധം വേർപെടുത്തിയ ശേഷം സോന രണ്ട് വർഷമായി കുരിയച്ചിറയിലെ ഫ്‌ലാറ്റിലായിരുന്നു താമസം. പിന്നീട് ആരംഭിച്ച ഡന്റൽ ക്ലിനിക്കിന്റെ ഇന്റീരിയർ വർക്കുമായി ബന്ധപ്പെട്ടാണ് പഠനകാലത്തെ സുഹൃത്തായിരുന്ന മഹേഷിനോട് സോന അടുക്കുന്നത്. കുട്ടനെല്ലൂരിലെ ക്ലിനിക്കിന്റെ ഇന്റീരിയർ ഡിസൈനിന്റെ നിർമ്മാണച്ചെലവു സംബന്ധിച്ചുണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് കേസ്.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
നിരന്തരമായ പ്രാര്‍ത്ഥന. ലോകം സമ്മാനിക്കുന്ന എല്ലാത്തിനേയും തരണം ചെയ്യുവാനുള്ള ശക്തിയാണ് പ്രാര്‍ത്ഥന. ഇത് നോമ്പ് കാലമാണ്. ദൈവത്തോട് ഏറ്റവും അടുത്ത് ഇടപെഴകേണ്ട കാലം. സ്വകാര്യതയില്‍ പറഞ്ഞാല്‍ തമ്പുരാനുമായി ചങ്ങാത്തം കൂടാനുള്ള അവസരം…
ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാല ചിന്തകള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
മന്ന 845 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു പോലീസ് കസ്റ്റഡിയിൽ. തിരുപ്പതി വിമാനത്താവളത്തില്‍വച്ചാണ് പോലീസ് നായിഡുവിനെ കസ്റ്റഡിയിലെടുത്തത്.
ചിറ്റൂര്‍, തിരുപ്പതി ജില്ലകളില്‍ ജഗന് മോഹന്‍ സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നായിഡു. പരിപാടികള്‍ക്ക് പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ പത്തിന് തിരുപ്പതി വിമാനത്താവളത്തിലെത്തിയ ഉടന്‍ റെനിഗുണ്ട പോലീസ് ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ട് പ്രതിഷേധ പരിപാടികള്‍ക്കും അനുമതി ഇല്ലെന്ന് കാണിച്ച് നേരത്തെ പോലീസ് നായിഡുവിനെ നോട്ടീസ് നല്‍കിയിരുന്നു.
പോലീസ് നടപടിക്കെതിരേ നായിഡു വിമാനത്താവളത്തിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിമാനത്താവളത്തിന് പുറത്ത് നിരവധി ടിഡിപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസിലെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. 24 ന്യൂസിന് വേണ്ടി അരുണ്‍ കുമാര്‍ നടത്തിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രസ്താവന.
ഇത്തവണ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗം ബി.ജെ.പിയിലേക്ക് പോകുമെന്ന് അങ്ങേക്കും അറിയാം ശരിയല്ലെ എന്ന അരുണ്‍കുമാറിന്റെ ചോദത്തിന്, സ്വാഭാവികമാണ് എന്നായിരുന്നു കെ.സുധാകരന്റെ പരാമര്‍ശം.
രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞതും ഇത് തന്നെയാണെന്നും രാഹുലും താനും പറയുന്നത് ഒരേ കാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.’
അഖിലേന്ത്യാതലത്തില്‍ ബി.ജെ.പി ഇന്ന് വളര്‍ന്ന് എങ്കില്‍ ബിജെപിയുടെ അകത്തേക്ക് പോയി ഇരിക്കുന്നതില്‍ ഏറെയും ജനാധിപത്യ മതേതര ശക്തികളില്‍ നിന്നുള്ള ആളുകള്‍ തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു.
‘ഇന്നലെ രാഹുല്‍ജി പറഞ്ഞില്ലേ, രാഹുല്‍ജി ഇന്നലെ എന്താണ് പറഞ്ഞത് രാഹുല്‍ജി പറഞ്ഞതും ഞാന്‍ പറഞ്ഞതും ഒരേ കാര്യമാണ് അഖിലേന്ത്യാതലത്തില്‍ ബി.ജെ.പി ഇന്ന് വളര്‍ന്ന് എങ്കില്‍ ബി.ജെ.പിയുടെ അകത്തേക്ക് പോയി ഇരിക്കുന്നതില്‍ ഏറെയും ജനാധിപത്യ മതേതര ശക്തികളില്‍ നിന്നുള്ള ആളുകള്‍ തന്നെയാണ്. സ്വാഭാവികമായും അത്, ഇതു പക്ഷേ ഇതുവരെ കേരളത്തില്‍ വന്നിട്ടില്ല’ സുധാകരന്‍ പറഞ്ഞു.
തുടര്‍ന്ന് കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതായാല്‍ അവരുടെ മുന്നിലുള്ള ഏക സാധ്യത ബി.ജെ.പിയാണ് എന്ന അവതാരകന്റെ ചോദ്യത്തിന് അതെ അതിനുള്ള കാരണം എന്താണെന്ന് വെച്ചാല്‍ ഇവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്മാരുടെ മനസ്സില്‍ രാഷ്ട്രീയ എതിരാളി എന്ന് പറയുന്നത് സി.പി.ഐ.എമ്മാണ് എന്നും സുധാകരന്‍ പറഞ്ഞു.
കുറഞ്ഞ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബി.ജെ.പി അട്ടിമറിക്കുന്നെന്നും കോണ്‍ഗ്രസിന് ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിച്ചാലെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുകയുള്ളുവെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.
സ്പാനിഷ് ഫുട്ബോൾ സൂപ്പർ ക്ലബ്ബായ ബാഴ്സലോണയുടെ മുൻ പ്രസിഡന്റ് ജോസപ് മരിയൊ ബർത്തോമ്യു അറസ്റ്റിൽ. അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയടക്കമുള്ള സീനിയർ താരങ്ങൾക്കും ക്ലബ്ബിനുമെതിരേ നടത്തിയ കാന്പയിനിംഗായ ബാഴ്സഗേറ്റിന്റെ പേരിലാണു ബർത്തോമ്യു അറസ്റ്റിലായത്.
ബർത്തോമ്യുവിന്റെ ഉപദേശകൻ ഹൗമി മാസ്ഫെറർ, ക്ലബ് സിഇഒ ഓസ്കർ ഗ്രൗ, ലീഗൽ സർവീസ് തലവൻ റൊമാൻ ഗോമസ് പോന്റി തുടങ്ങിയവരും അറസ്റ്റിലായിട്ടുണ്ട്. ബാഴ്സലോണ ക്ലബ്ബിന്റെ ആസ്ഥാനത്തും ഓഫീസുകളിലും നടത്തിയ റെയ്ഡിനൊടുവിലായിരുന്നു സ്പാനിഷ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് എത്രപേർ അറസ്റ്റിലായിട്ടുണ്ടെന്നും എല്ലാവരുടെയും പേരുകൾ വെളിപ്പെടുത്താനും സാധിക്കില്ലെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബാഴ്സഗേറ്റ് സംബന്ധിച്ച തെളിവെടുപ്പിനാണു കാന്പ് നൗവിൽ എത്തിയതെന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണു ബർത്തോമ്യുവിനെ അടക്കം അറസ്റ്റ് ചെയ്തതെന്നും സ്പാനിഷ് പോലീസ് വക്താവ് വ്യക്തമാക്കി. കഴിഞ്ഞ വർഷാരംഭത്തിലാണു ബാഴ്സഗേറ്റ് വിവാദം കൊടുന്പിരികൊണ്ടത്. ലയണൽ മെസിയെ പുകച്ചു പുറത്തുചാടിക്കുകയായിരുന്നു ബാഴ്സഗേറ്റിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബർത്തോമ്യുവിനെതിരേ മെസി മാധ്യമങ്ങളിലൂടെ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. മെസി ക്ലബ് വിടാനൊരുങ്ങിയെങ്കിലും കരാർ കാലാവധി ഈ സീസണ്‍കൂടി ഉണ്ടായിരുന്നതിനാൽ ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചു. ക്ലബ്ബിൽ തുടരുമെന്നു പ്രഖ്യാപിച്ച അഭിമുഖത്തിൽ ബർത്തോമ്യുവിനെ ദുരന്തം എന്നായിരുന്നു മെസി വിശേഷിപ്പിച്ചത്.
വിവാദങ്ങൾക്കൊടുവിൽ 2020 ഒക്ടോബർ 27ന് ബാഴ്സലോണ പ്രസിഡന്റ് സ്ഥാനം ബർത്തോമ്യു രാജിവച്ചു. പ്രസിഡന്റിനൊപ്പം ബോർഡ് അംഗങ്ങളും സ്ഥാനമൊഴിഞ്ഞിരുന്നു. ലയണൽ മെസിയുമായുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നതും ക്ലബ്ബിനു കളിക്കളത്തിലും പുറത്തുമേറ്റ തിരിച്ചടികളാണ് ബർത്തോമ്യുവിന്റെ രാജിക്കു കാരണം. ബർത്തോമ്യുവുമായുള്ള ഭിന്നതയെത്തുടർന്ന് മെസി ക്ലബ് വിടാൻ ശ്രമിച്ചതാണ് അദ്ദേഹത്തിന്റെ രാജിയിലേക്കു നയിച്ച സുപ്രധാന കാരണം.
മെസിയെക്കൂടാതെ അദ്ദേഹത്തിന്റെ ഭാര്യക്കെതിരേയും മറ്റൊരു താരമായ ജെറാർഡ് പിക്വെ, മുൻ ബാഴ്സ താരങ്ങൾ എന്നിവർക്കുമെതിരേ ബർത്തോമ്യു വിവാദപരാമർശങ്ങൾ നടത്തിയിരുന്നു. ബർത്തോമ്യു നടത്തിയ നിരവധി സാന്പത്തിക ക്രമക്കേടും സ്പാനിഷ് പോലീസ് കണ്ടെത്തിയതായാണു റിപ്പോർട്ട്. ബാഴ്സയുടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേയാണ് ബർത്തോമ്യുവിന്റെ അറസ്റ്റ്. 842 കോടി രൂപയായിരുന്നു കഴിഞ്ഞ സീസണിൽ ക്ലബ്ബിന്റെ നഷ്ടം.
വിവാദങ്ങൾ കലങ്ങിത്തെളിയുന്നതോടെ ലയണൽ മെസി ബാഴ്സലോണയിൽ തുടരുമോ എന്ന ചോദ്യവും ഉയരുന്നു. ഈ സീസണ് അവസാനിക്കുന്നതോടെ മെസി ക്ലബ് വിടുമെന്നാണ് റിപ്പോർട്ട്. ബാഴ്സഗേറ്റിന്റെ പേരിൽ ബർത്തോമ്യു അറസ്റ്റിലായതോടെ മെസി ക്ലബ്ബിൽ തുടരണമെന്ന ആവശ്യവും ശക്തമായി. പരിശീലകനായി മുൻ താരം സാവി എത്തുകയാണെങ്കിൽ മെസിയെ നിലനിർത്താൻ കഴിഞ്ഞേക്കുമെന്നും സൂചനയുണ്ട്.
തനിക്കെതിരേയും ക്ലബ്ബിനെതിരേയും വിമർശനമുന്നയിക്കുന്നർക്കെതിരേ പ്രചാരണം നടത്തുന്നതിനു സമൂഹമാധ്യമ കാന്പയിനിംഗ് കന്പനിയായ ഐ3യെ ഉപയോഗിച്ചെന്നതാണു ബാഴ്സഗേറ്റ് വിവാദം. 2020 ഫെബ്രുവരിയിൽ ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ലയണൽ മെസി അടക്കമുള്ള മുൻനിര താരങ്ങൾ, മുൻ താരങ്ങൾ, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ തുടങ്ങിയവരെ ഐ3 കന്പനി വേട്ടയാടി.
ഐ3 കന്പനി കൈകാര്യം ചെയ്ത സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നു വേട്ടയാടൽ. മെസി, പിക്വെ, മുൻ ക്യാപ്റ്റൻ സാവി ഹെർണാണ്ടസ്, മുൻ പരിശീലകൻ പെപ് ഗ്വാർഡിയോള, പ്രസിഡന്റ് സ്ഥാനാർഥികളായ വിക്ടർ ഫോണ്ട്, അഗസ്റ്റി ബെനെഡിറ്റൊ എന്നിവർക്കെതിരായ ഫേസ്ബുക്ക് ആക്രമണങ്ങൾ ഐ3 ആയിരുന്നു നടത്തിയത്.
മെസിയടക്കമുള്ളവർ ഇക്കാര്യം പൊതുസമൂഹത്തിനു മുന്നിൽ ചൂണ്ടിക്കാണിച്ചെങ്കിലും ഒരു അറിവും ഇല്ലെന്നായിരുന്നു ക്ലബ്ബിന്റെ നിലപാട്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന ഏജൻസി അന്വേഷണം നടത്തിയശേഷം ഐ3ക്ക് ബാഴ്സ പണം നൽകിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഐ3യും ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ, ഐ3യുമായുള്ള ബന്ധത്തിന്റെ പേരിൽ ബർത്തോമ്യുവിന്റെ ഉപദേശകനായ ഹൗമി മാസ്ഫെററിനെ സസ്പെൻഡ് ചെയ്തു.
എന്നാൽ, വിവാദങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂണിൽ ബാഴ്സ ആസ്ഥാനമായ കാന്പ് നൗവിൽ പോലീസ് ആദ്യ റെയ്ഡ് നടത്തി.
കോടികൾ വിലമതിക്കുന്ന വജ്രമാണ് പൊലീസിന്റെ സമയോചിത ഇടപെടലിലൂടെ കണ്ടെത്തിയത്. ദുബായിലെ ഒരു ഹോട്ടലിൽ വച്ചാണ് ഉടമയായ അറബ് യുവതിയുടെ കയ്യിൽ നിന്ന് വജ്രം നഷ്ടമായത്. നിലത്ത് വീണ വജ്രം യൂറോപ്യൻ സ്വദേശി എടുത്തു കൊണ്ട് പോവുകയായിരുന്നു.
യുവതി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പൊലീസ് തിരച്ചിൽ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഹോട്ടലിന്റെ തറയിൽ നിന്ന് ഒരാൾ എന്തോ എടുത്ത് പോക്കറ്റിലാക്കി പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് അന്വേഷിച്ചെത്തിയ പൊലീസ് യൂറോപ്യൻ പൗരനെ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മുറി പരിശോധിച്ചപ്പോഴാണ് വജ്രം കണ്ടെത്തിയത്. തുടർന്ന് ഇയാൾ നിലത്ത് നിന്ന് ഇത് ലഭിച്ചതാണെന്ന് പൊലീസിനോട് സമ്മതിച്ചു.
കണ്ടെത്തിയ വജ്രം ഉടൻ തന്നെ പൊലീസ് ഉടമയെ വിളിച്ചു വരുത്തി കൈമാറി. നാലു മണിക്കൂറിനുള്ളിൽ നഷ്ടപ്പെട്ട വജ്രം കണ്ടെത്തിയ പൊലീസിന് സമൂഹമാധ്യമങ്ങളിലാകെ അഭിനന്ദപ്രവാഹമാണ്.
കൊവിഡ് വാക്‌സിന്‍ എടുത്തതിന് പിന്നാലെയുള്ള സഹപ്രവര്‍ത്തകരുടെ പരിഹാസത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫീസിലെ ഓഫിസ് അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെണ്‍മതിയില്‍ ആനിയെന്ന 48കാരിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്.
മരണത്തില്‍ അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പോലീസ് കേസെടുത്തു. മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ആനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ഓഫീസില്‍ സഹപ്രവര്‍ത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതില്‍ അപ്പുറമാണെന്നും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ടു ആനി എഴുതിയതായി പറയുന്ന ഡയറിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നേരത്തെ, തിരുവനന്തപുരം ഗവ. പ്രസിലെ ജീവനക്കാരിയായിരുന്ന ആനി പിന്നീടാണു റവന്യു കമ്മിഷണര്‍ ഓഫീസില്‍ ജോലിക്ക് എത്തുന്നത്. അടുത്തിടെ കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്‍ ഓഫീസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചിരുന്നതായി പറയുന്നു. ഇതിന്റെ പേരില്‍ ഓഫിസിലെ സഹപ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ടു ചിലരുടെ പേരുകളും ഡയറിയില്‍ കുറിച്ചിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം. ഭര്‍ത്താവ് തൃലോചനനുമായി ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. മക്കള്‍: വിഷ്ണു, പാര്‍വതി(ഇരുവരും വിദ്യാര്‍ഥികള്‍).
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ബിജെപിക്കാര്‍ ‘മോഡിജീ’ എന്ന് അഭിസംബോധന ചെയ്യുന്നതിലെ പൊരുത്തക്കേട് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകനും ബി.ജെ.പി നേതാവുമായ ടി.ജി മോഹന്‍ദാസ് രംഗത്ത്. പ്രധാനമന്ത്രിയെ മോഡിയെന്ന് മാത്രം വിളിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ട്വിറ്ററിലൂടെയായിരുന്നു ടിജി മോഹന്‍ദാസിന്റെ പ്രതികരണം. ടിവി ചര്‍ച്ചകള്‍ക്കിടയില്‍ ബിജെപിക്കാര്‍ എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മോഡിജീ എന്ന് വിളിക്കുന്നതെന്നും മോഡിയെന്ന് മാത്രം വിളിച്ചാല്‍ മതിയെന്നുമാണ് അദ്ദേഹം കുറിച്ചത്.
‘ടിവി ചര്‍ച്ചയില്‍ ബിജെപിക്കാര്‍ എന്തിനാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി മോഡിജീ എന്ന് ഓരോ തവണയും പറയുന്നത്? മോഡി എന്ന് മാത്രം മതി. അതാണ് ഔചിത്യം. മാത്രമല്ല, ജീ ചേര്‍ക്കുന്നത് ഹിന്ദി പ്രയോഗമാണ്. മോഡിജീ എന്ന് പ്രയോഗിച്ചാല്‍ പിന്നെ രാഹുല്‍ജീ, മുരളീധരന്‍ജീ എന്നൊക്കെ പറയണ്ടേ?’ – മോഹന്‍ദാസ് കുറിച്ചു.
വൻ ശബ്ദം കേട്ട് റോഡിലിറങ്ങി നോക്കിയ പോലീസ് ഉദ്യോഗസ്ഥൻ രക്ഷിച്ചത് ഒരു ജീവൻ. ട്രാൻസ്‌ഫോർമറിലേക്ക് ഇടിച്ചുകയറി കാർ തകരുകയും പിന്നീട് കത്തിയമരുകയും ചെയ്തിട്ടും ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നയാളെ സാഹസികമായി കിടങ്ങൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഉഴവൂർ ആൽപ്പാറ നിരപ്പേൽ എബി ജോസഫ് (45) രക്ഷിക്കുകയായിരുന്നു. ഷാപ്പ് നടത്തിപ്പുകാരൻ മോനിപ്പള്ളി കാരാംവേലിൽ റജിമോനാണ് കാറപകടത്തിൽപ്പെട്ടത്.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. ഉഴവൂരിൽനിന്ന് മോനിപ്പള്ളിക്ക് വരികയായിരുന്നു കാർ. ആൽപ്പാറ റോഡിൽ പായസപ്പടി ഭാഗത്തെ ട്രാൻസ്‌ഫോർമറിലേക്കാണ് ഇടിച്ചുകയറിയത്. കാറിന് മുകളിലേക്ക് ട്രാൻസ്‌ഫോർമർ പതിക്കുകയും ചെയ്തതോടെ അകത്ത് അകപ്പെട്ടയാൾ ജീവൻ അപായപ്പെടുമോയെന്ന ഭയത്തിലായിരുന്നു. ഈ സമയത്താണ് എബി രക്ഷകനായി എത്തിയത്.
എബി തന്റെ വീടുപണി നടക്കുന്ന സ്ഥലത്ത് നിൽക്കുന്നതിനിടെയാണ് വലിയ ശബ്ദം കേട്ടത്. മരം ഒടിഞ്ഞുവീണതാണെന്ന് കരുതി ഓടിയെത്തിയപ്പോൾ കണ്ടത് വഴിയരികിലെ ട്രാൻസ്‌ഫോർമർ ഒടിഞ്ഞുവീണ് ഒരു കാറിന് മുകളിൽ കിടക്കുന്ന ഭീകരദൃശ്യമാണ്. ചിലന്തിവല പോലെ കാറിനെ ചുറ്റിവരിഞ്ഞ് വൈദ്യുതിവിതരണ കമ്പികൾ. കാറിന്റെ മുൻവശത്തുനിന്ന് തീയും പുകയും ഉയരുന്നുമുണ്ടായിരുന്നു. കാറിനകത്ത് എത്രപേർ അകപ്പെട്ടിട്ടുണ്ട് എന്ന് അറിയാൻ പോലും സാധിച്ചിരുന്നില്ല.
എബി കാറിനടുത്തേക്ക് രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയപ്പോഴും ചുറ്റും വൈദ്യുതികമ്പികൾ കണ്ട് ഒന്നു സംശയിച്ചു. വൈദ്യുതി പ്രവാഹമുണ്ടോ എന്ന് അറിയാൻ വഴികളൊന്നും ഇല്ലായിരുന്നു. എങ്കിലും മറ്റൊന്നും ചിന്തിക്കാൻ നിൽക്കാതെ ഉള്ളിൽ കുടുങ്ങിയവരെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. കാറിന് മുകളിലേക്ക് ട്രാൻസ്‌ഫോർമർ വീണതോടെ വൈദ്യുതിബന്ധം നിലച്ചിട്ടുണ്ടാകാമെന്ന് വിശ്വസിച്ച് കാറിന്റെ ചില്ല് തല്ലിപ്പൊട്ടിക്കാൻ തുടങ്ങുകയായിരുന്നു.
കാറിന്റെ ഡ്രൈവർസീറ്റിലെ ആളെ മാത്രമേ കാണാനായുള്ളൂ. ആ വശത്തെ വാതിൽ തുറക്കാൻ വയ്യാത്ത അവസ്ഥയിലായതിനാൽ ചില്ല് പൊട്ടിക്കലായിരുന്നു ഏക പോംവഴി. ഇതിനിടയിൽ തന്റെ കൈ മുറിഞ്ഞ് രക്തം വാർന്ന് ഒഴുകിയിട്ടും എബി ചില്ല് തകർക്കൽ നിർത്തിയില്ല. ചില്ല് പൊട്ടിയതോടെ ഡിക്കി തുറക്കാൻ ആവശ്യപ്പെട്ടു. ഇതു വഴിയാണ് കാറിൽനിന്ന് ആളെ രക്ഷിച്ചത്. അപ്പോഴേക്കും തീ ആളി തുടങ്ങിയിരുന്നു. എങ്കിലും നാട്ടുകാർ കൂടി സഹായത്തിനെത്തിയതോടെ വലിയ പ്രയാസമില്ലാതെ പരിക്കേറ്റയാളെ ആശുപത്രിയിലാക്കി. ഇതിനുശേഷമാണ് എബി ഉഴവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. കൈയ്യിൽ രണ്ട് തുന്നൽ വേണ്ടി വന്നെങ്കിലും ഒരു ജീവൻ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് എബി. നാട്ടുകാർ ഇതിനോടകം തന്നെ ആക്ഷൻ ഹീറോ എബി എന്ന വിശേഷണവും ഇദ്ദേഹത്തിന് നൽകി കഴിഞ്ഞു.
അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനൊപ്പം തന്നെ എബി തന്നെയാണ് അഗ്നിരക്ഷാസേന, വൈദ്യുതി, പോലീസ് വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതും. കാറും ട്രാൻസ്‌ഫോർമറും പൂർണമായും കത്തി നശിച്ച നിലയിലാണ്.
താന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സിനിമയില്‍ നിന്ന് കൂടുതല്‍ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും ധര്‍മജന്‍ തുറന്നുപറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മജന്‍ ഇക്കാര്യം പറഞ്ഞത്.
താന്‍ സിനിമയിലും മിമിക്രിയിലും മാത്രമേ ചിരിക്കാറുള്ളുവെന്നും എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്നും ധര്‍മജന്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥിയാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. എന്തുതന്നെയായലും മരിക്കുന്നത് വരെ താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമായിരിക്കുമെന്നും ധര്‍മജന്‍ പറഞ്ഞു.
കോളേജ് കാലം മുതല്‍ കെ.എസ്.യുവിന്റെ സജീവപ്രവര്‍ത്തകനാണ് താന്‍. കെ.എസ്.യു ജില്ലാ സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയകാലം മുതല്‍ സേവാദള്‍ എന്ന സംഘടനയോട് ആഭിമുഖ്യണ്ടെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ്സിലേക്ക് പോയപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റവാങ്ങിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് കലാകാരന്‍മാരുടെ ഉറവിടം എന്ന് ചിന്തിക്കുന്നവരാണ് ഇവിടെ ഉള്ളത്. ശരിക്കും ഒരു സര്‍വ്വെ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ കലാകാരന്‍മാരുള്ളത് കോണ്‍ഗ്രസിലാണ്.
അവരുടെ പേര് ഞാന്‍ എടുത്തു പറയില്ല. സിനിമയില്‍ നിന്ന് കൂടുതല്‍ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും താരസംഘടനയായ അമ്മയില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി രാഷട്രീയം വന്നാല്‍ താന്‍ ഇടപെടും. ധര്‍മജന്‍ എന്ന പേരിനോട് തനിക്ക് കുട്ടിക്കാലത്ത് ഇഷ്ടക്കുറവുണ്ടായിരുന്നുവെന്നും പിന്നീട് ആ ദേഷ്യം പതിയെ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.