കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രഫഷനൽ നാടക-സീരിയൽ-സിനിമാ നടനുമായ മണി മായമ്പിള്ളി (മണികണ്ഠൻ-47) അന്തരിച്ചു. ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. തൃശൂർ കോട്ടപ്പുറം മായമ്പിള്ളി ഇല്ലത്ത് നീലകണ്ഠൻ ഇളയതിന്‍റെയും ദേവകി അന്തർജ്ജനത്തിന്‍റെയും മകനാണ്. 15 വർഷത്തോളമായി പറവൂർ ചേന്ദമംഗലത്താണ് താമസം.
തൃശൂർ മണപ്പുറം കാർത്തിക നാടകവേദിയുടെ കുട്ടനും കുറുമ്പനും എന്ന നാടകം മുതൽ ഇദ്ദേഹം നാടകരംഗത്തു സജീവമായിരുന്നു. തൃശൂർ യമുന എന്‍റർടെയ്‌നേഴ്‌സിന്‍റെ കടത്തനാടൻ പെണ്ണ് തുമ്പോലാർച്ച എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു 2015-16 വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകനടനുള്ള അവാർഡ് ലഭിച്ചത്. ഈ നാടകത്തിൽ തുമ്പോലാർച്ചയുടെ ഭർത്താവ് പാക്കനാരും മുത്തച്ഛനുമായി ഇരട്ടവേഷത്തിൽ മികച്ച പ്രകടനമാണ് അവാർഡ് നേടികൊടുത്തത്.
നാടകരംഗത്ത് ദീർഘകാലം തിരുവനന്തപുരം കേന്ദ്രീകരിച്ചും പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം സംഘചേതന, ഓച്ചിറ നിള, രാജൻ പി. ദേവിന്‍റെ ചേർത്തല ജൂബിലി തുടങ്ങി ഒട്ടേറെ നാടകസമിതികളുടെ നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക്, അൽഫോൻസാമ്മ, ബാലഗണപതി, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി നിരവധി സീരിയലുകളിലും ചൈതന്യം, സത്യൻ അന്തിക്കാടിന്‍റെ ജോമോന്‍റെ സുവിശേഷങ്ങൾ തുടങ്ങിയ ഏതാനും സിനിമകളിലും ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: ശ്രീകുമാരി. മക്കൾ: അക്ഷയ്, അഭിനവ്. ശവസംസ്‌കാരം ശനിയാഴ്ച 12ന് ചേന്ദമംഗലം കോട്ടയിൽകോവിലകം പൊതുശ്മശാനത്തിൽ.
ഇന്ന് രാവിലെയും പതിവുപോലെ ഗുഡ്‌മോര്‍ണിംഗ് മെസേജ് അയച്ച ചേട്ടന്‍ കുറച്ച് കഴിഞ്ഞു മരിച്ചു എന്ന് പറയുമ്പോള്‍ താങ്ങാന്‍ ആവുന്നില്ല… എന്നാണ് നടി സീമ ജി നായര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
വാക്കുകള്‍ കിട്ടുന്നില്ല വിടപറയാന്‍. പ്രായം നോക്കാതെ എല്ലാവരെയും മേനോനെ എന്ന് വിളിച്ചുകൊണ്ടു തമാശ പറഞ്ഞു എപ്പോഴും ഖനഗംഭീര ശബ്ദത്തില്‍ എല്ലാവരോടും സ്‌നേഹത്തോടെ നിറഞ്ഞു നിന്നു മുഖം നോക്കാതെ ചിലപ്പോള്‍ പെരുമാറും. കുറച്ചു കഴിഞ്ഞാല്‍ പറയും അപ്പോള്‍ അങ്ങനെ അങ്ങ് പറഞ്ഞു പോയി ഒന്നും മനസ്സില്‍ വയ്ക്കരുത് എന്നാണ് നടി ഉമ നായര്‍ കുറിച്ചിരിക്കുന്നത്.
മണി മായമ്പിള്ളിയെ കുറിച്ച് നീണ്ട കുറിപ്പാണ് നടന്‍ ആനന്ദ് നാരായന്‍ പങ്കുവച്ചത്. പ്രണാമം മണി ചേട്ടായെന്ന് പറഞ്ഞാണ് ആനന്ദ് നാരായന്റെ കുറിപ്പ് തുടങ്ങുന്നത്. മണി മായമ്പള്ളി എന്ന എന്റെ മണി ചേട്ടന്‍ ഒരു സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല എനിക്ക്. എനിക്ക് എന്നല്ല മണി ചേട്ടനെ അറിയാവുന്നവര്‍ക്ക് എല്ലാം ഒരു കൂട്ടുകാരനായിരിന്നു അദ്ദേഹം.
മണിച്ചേട്ടന്റെ സ്വന്തം ശൈലിയില്‍ ഉള്ള ഒരു ചിരി ഉണ്ട് ഉള്ളു കൊണ്ടു മനസ്സു നിറഞ്ഞു ചിരിക്കുന്ന ഒരു ചിരി, ആ ചിരിയും തമാശയും ചേട്ടന്റെ ആ ശബ്ദവും ലൊക്കേഷനില്‍ നിറഞ്ഞു നില്‍ക്കും. ഏതാണ്ട് ഒരേ ടൈമില്‍ ഷൂട്ട് നടന്നുകൊണ്ടിരുന്ന രണ്ടു സീരിയലുകള്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചു.
സ്വാതി നക്ഷത്രം ചോതി ഇവിടെ തിരുവന്തപുരം ലൊക്കേഷനില്‍ നിന്നും ഉണ്ണിമായ എറണാകുളം ലൊക്കേഷനിലേയ്ക്ക് ഞങ്ങള്‍ ഒരുമിച്ച് എന്റെ കാറില്‍ ആണു യാത്ര, നാല് മണിക്കൂര്‍ ഡ്രൈവ് എനിക്ക് വെറും 40 മിനിറ്റു ഡ്രൈവ് ആയി തോന്നിയ നാളുകള്‍, മണി ചേട്ടന്‍ പറയാറുണ്ട് അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ തട്ടേല്‍ വീണു മരിക്കണം അതാണ് ഒരു നടന് ദൈവം തരുന്ന ഓസ്‌കര്‍ എന്ന്.
പരിചയപെട്ട ആ നാള്‍ മുതല്‍ (ജൂണ്‍ 2)ഇന്നലെ വരെ മണി ചേട്ടന്‍ മെസ്ജ് അയക്കാത്ത ദിവസങ്ങള്‍ ഇല്ല, രാവിലെ ഫോണ്‍ എടുക്കുമ്പോ ആദ്യം കാണുന്നത് മേന്‍നെ,, നെ എന്നൊരു നീട്ടി വിളിയുടെ വോയിസ് മെസ്ജ് അല്ലേല്‍ ഗുഡ് മോര്‍ണിംഗ്, സുപ്രഭാതം ഇതൊക്കെ ആണു. ഇന്നലെ മണിച്ചേട്ടന്‍ നമ്മളെ ഒക്കെ വിട്ടു പോയി എന്ന് കേട്ടപ്പോള്‍ തന്നെ എന്റെ മനസ്സില്‍ തോന്നിയ ഒരു കാര്യം നാളെ മുതല്‍ എനിക്ക് മണി ചേട്ടന്റെ മെസ്ജ് ഇല്ലഎന്നായിരുന്നു.
പക്ഷെ ഇന്നും( 03/06/21)പതിവ് പോലെ എനിക്ക് ഒരു മെസ്ജ് വന്നു മണി ചേട്ടന്‍ ഈ ലോകത്ത് ഇല്ലല്ലോ എന്ന് ചിന്തിച്ച എനിക്ക് എന്റെ മണി ചേട്ടന്റെ ആത്മാവ് മകനിലൂടെ അയച്ച മെസേജ്. ചേട്ടാ, ചേട്ടന്‍ മരിച്ചിട്ടില്ല ചേട്ടാ. ഞങ്ങളുടെ ഒക്കെ മനസ്സില്‍ മണി ചേട്ടന് ഞങ്ങള്‍ മരിക്കും വരെയാണു ആയുസ്സ്. മണി ചേട്ടന് ആയിരം പ്രണാമമെന്നുമായിരുന്നു ആനന്ദ് കുറിച്ചത്.
മക്കളെ സ്‌നേഹിക്കുന്നതില്‍ ഒരു പരിധിയുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മനസ്സുതുറന്നത്. ‘മകനെയും മകളെയും സ്‌നേഹിക്കുന്നതില്‍ ഒരു പരിധിയുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന്’ ലാലേട്ടന്‍ പറയുന്നു. ‘അതില്‍ കൂടുതല്‍ എപ്പോഴും അവരെ കുറിച്ച് വിചാരിച്ച്, അവരില്‍ നിന്നും ഒരു മോശം പ്രതികരണം നമുക്കുണ്ടായാല്‍ നമ്മള്‍ കൂടുതല്‍ വേദനയിലേക്ക് പോകും’.അദ്ദേഹം പറയുന്നു.
‘അവര്‍ക്ക് അവരുടെതായ ജീവിത ശൈലി ഉണ്ടാവട്ടെ എന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍. അവരുടെ ബുദ്ധിയില്‍ നിന്നും അവര് കണ്ടെത്തട്ടെ. നമുക്ക് അവരെ ഗൈഡ് ചെയ്യാനെ പറ്റൂളളൂ’, മോഹന്‍ലാല്‍ പറയുന്നു. ‘ഇപ്പോ എന്റെ കാര്യത്തില്, എന്റെ അച്ഛന് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമാണോ അല്ലയോ എന്നുളളത് എനിക്കറിയില്ലായിരുന്നു.
ഞാന്‍ പോയി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് നീ നിന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്യൂ. എന്നിട്ട് നിന്റെ ഇഷ്ടം പോലെ ചെയ്യു എന്നാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ബാലതാരമായി തുടങ്ങി പിന്നീട് നായകനടനായി മാറിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയമാണ് നിലവില്‍ പ്രണവിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
മകള്‍ വിസ്മയ എഴുത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
മെട്രിസ് ഫിലിപ്പ്
കേരള കത്തോലിക്കാസഭ വി. തോമാശ്ലീഹായുടെ “ദുക്‌റാന തിരുനാൾ” ജൂലൈ 3 ന് ആചരിക്കുന്നു. ശ്ലീഹൻമാരിൽ ഏറ്റവും അധികമായി യേശു, സ്നേഹിച്ചിരുന്നത് തോമസിനെ ആയിരുന്നു എന്ന് ബൈബിളിൽ വിവരിക്കുന്നുണ്ട്. അത് കൊണ്ടാകാം യേശു ഉയർത്തെഴുന്നേറ്റു എന്നറിഞ്ഞിട്ടും, എനിക്ക് കണ്ട് വിശ്വസിച്ചു, സാക്ഷ്യപെടുത്തണം എന്ന ഉറച്ച തീരുമാനം തോമസ് എടുത്തത് തന്നെ. യേശു, തോമസിന്റെ ആഗ്രഹം സാധിച്ചു കൊടുത്തത്, സ്നേഹം കൂടുതൽ ഉള്ളത് കൊണ്ട് തന്നെയാണ് എന്ന് നമുക്ക് മനസിലാക്കാം. എന്നാൽ തോമസ് ഒരു അവിശ്വാസി എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.
“തോമസിന്റെ സംശയം” എന്നപേരിൽ വി. യോഹന്നാൻ ഇപ്രകാരം വി. ബൈബിളിൽ എഴുതിയിരിക്കുന്നു. “പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്ന് വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോൾ അവരോട്കൂടെ ഉണ്ടായിരുന്നില്ല. അതൊകൊണ്ട് മറ്റ് ശിഷ്യൻമാർ അവനോട് പറഞ്ഞു, ഞങ്ങൾ കർത്താവിനെ കണ്ടു. എന്നാൽ, അവൻ പറഞ്ഞു, അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും, അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്താൽ അല്ലാതെ ഞാൻ വിശ്വസിക്കുകയില്ല. എട്ട് ദിവസങ്ങൾക്കു ശേഷം വീണ്ടും അവന്റെ ശിഷ്യൻമാർ വീട്ടിൽ ആയിരുന്നപ്പോൾ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകൾ അടച്ചിരുന്നു. യേശു അവരുടെ മധ്യത്തിൽ നിന്നുകൊണ്ട് പറഞ്ഞു, നിങ്ങൾക്ക് സമാധാനം. അവൻ തോമസിനോട് പറഞ്ഞു, നിന്റെ വിരൽ ഇവിടെ കൊണ്ടു വരുക, എന്റെ കൈകൾ കാണുക, നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ് പറഞ്ഞു എന്റെ കർത്താവെ എന്റെ ദൈവമേ. യേശു അവനോട് പറഞ്ഞു, നീ എന്നെ കണ്ടത് കൊണ്ട് വിശ്വസിച്ചു, കാണാതെ തന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാൻമാർ.”(യോഹന്നാൻ 20: 24-29).
‘”തോറാന” എന്ന പേരിൽ ഈ ദിവസം അറിയപ്പെടുന്നുമുണ്ട്. കാരണം, ഇന്നേ ദിവസം തോരാതെ മഴ പെയ്യും എന്ന് വിശ്വസിക്കുന്നു. കല്ലുരുട്ടി മഴ എന്നും പണ്ട് കാലത്ത് ഈ ദിവസം അറിയപ്പെട്ടിരുന്നു.
AD 52ൽ കൊടുങ്ങല്ലൂരിൽ, കപ്പലിൽ, വന്നിറങ്ങി തന്റെ പ്രേഷിതയാത്ര, തുടങ്ങിയത്, അവസാനിച്ചത്, മദ്രാസിലെ, മൈലാപൂരിലെ ചിന്നമലയിൽ ആണ്. 7 അര പള്ളികൾ, ഭാരതത്തിൽ, സ്ഥാപിച്ചുകൊണ്ട്, യേശുവിന്റെ വിശ്വാസം ഉറപ്പിച്ചു. സഭയുടെ പിതാവിന്റെ, തിരുനാൾ ആയത്, കൊണ്ട്, കടമുള്ള, ദിവസം കൂടിയാണ് ഇന്ന്.
“ഭാരതത്തിന്റെ അപ്പസ്തോലൻ” എന്നപേരിൽ തോമാ ശ്ലീഹ വിളിക്കപ്പെടുന്നുമുണ്ട്. മലയാറ്റൂർ മലയിൽ തോമാ ശ്ലീഹ പ്രത്യക്ഷപെട്ടിരുന്നു. ശ്ലീഹയുടെ കാൽപാദം പതിഞ്ഞ സ്ഥലത്ത് ഒരു കുരിശുപള്ളി സ്ഥാപിക്കുകയും, വിശ്വാസികൾക്ക് ആ സ്ഥലം കാണുവാൻ അവസരം നൽകിവരുന്നുണ്ട്.
കേരളാ കത്തോലിക്കാ സഭയുടെ ആസ്ഥാനത്തിന്റെ പേര് “St Thomas Mount” എന്നാണ്. കേരളത്തിൽ പള്ളികളും, സ്ഥാപനങ്ങളും St. Thomasന്റെ പേരിൽ ഉണ്ട്. ഇന്ന്, സീറോ മലബാർ സഭയിലെ എല്ലാ പള്ളികളിലും ദുക്‌റാന തിരുനാൾ ആചരിക്കും. ഇന്ന് തോമസ് നാമധാരികളുടെ തിരുനാൾ കൂടിയാണ്. അവർക്കെല്ലാം തിരുനാൾ ആശംസകൾ.
തോമാ ശ്ലീഹ സഭയുടെ മധ്യസ്ഥൻ ആയി നിലകൊണ്ട്, സഭയ്ക്കും നാടിനും, എല്ലാ വിശ്വവാസികൾക്കും, നന്മകൾ ചെയ്തും, സ്നേഹിച്ചും, ജീവിച്ചുകൊണ്ട്, നമുക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട്, ദുക്‌റാന തിരുനാൾ ആഘോഷിക്കാം. തോമാ ശ്ലീഹയുടെ ജീവിതം പോലെ, പ്രേക്ഷിതചൈതന്യത്തിൽ നിലകൊണ്ടു നമുക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകാം. എല്ലാവർക്കും ദുക്‌റാന തിരുനാൾ ആശംസകൾ, പ്രാർത്ഥനകൾ…
കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച കേസില്‍ രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യചെയ്ത യുവതികള്‍. രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് ചാറ്റ് ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കാമുകനുവേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നായിരുന്നു രേഷ്മ പൊലീസിന് നല്‍കിയിരുന്ന മൊഴി. കാമുകന്‍ ആരാണെന്ന് കണ്ടെത്താനാണ് രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുവായ ആര്യയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ ആര്യയും മറ്റൊരു ബന്ധുവായ ഗ്രീഷ്മയും ഇത്തിരക്കരയാറില്‍ ചാടി ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെയാണ് കാമുകനെന്ന പേരില്‍ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ഗ്രീഷ്മയും ആര്യയുമാണെന്ന് പൊലീസ് കണ്ടെത്തിയത്.
രേഷ്മ അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി രഞ്ജിത്ത് അന്വേഷണ സംഘത്തിനു നേരത്തെ മൊഴി നല്‍കിയിരുന്നു. വീട്ടിലെ ജോലികള്‍ പോലും ചെയ്യാതെ സദാസമയവും ഫോണ്‍ ഉപയോഗിക്കുക പതിവായിരുന്നു. വിഷ്ണുവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
ചാത്തന്നൂര്‍ എസ്പി വൈ.നിസാമുദ്ദീന്‍, പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ ടി.സതികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. അറസ്റ്റിലായ രേഷ്മ കോവിഡ് പോസിറ്റീവായി അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ച കല്ലുവാതുക്കല്‍ മേവനക്കോണം, തച്ചക്കോട്ട് വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനില്‍ രാധാകൃഷ്ണപിള്ളയുടെ മകള്‍ ഗ്രീഷ്്മ (ശ്രുതി-22) എന്നിവരെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഡി.എൻ.എ. പരിശോധന അടക്കം നടത്തിയ ശേഷമാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. പ്രസവിച്ചയുടൻ രേഷ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. പ്രസവ വിവരം വീട്ടുകാരിൽ നിന്നു പോലും രേഷ്മ മറച്ചുവയ്ക്കുകയായിരുന്നു. കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് പിറ്റേന്ന് തന്നെ മരിച്ചിരുന്നു.
ജനുവരി അഞ്ചാം തീയതിയാണ് സംഭവം. നടയ്ക്കൽ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള വീടിന്റെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകിട്ട് തന്നെ കുഞ്ഞ് മരണപ്പെട്ടു. തുടർന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി പരിസര പ്രദേശത്തുള്ള സ്ത്രീകളുടെ രക്ത സാമ്പിളുകൾ ഡി.എൻ.എ. പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനയിലാണ് കുഞ്ഞ് രേഷമയുടേതാണെന്ന് കണ്ടെത്തിയത്.
എറണാകുളം ഉദയംപേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. എംഎല്‍എ റോഡിലെ താമസക്കാരനായ ഞാറ്റിയില്‍ സന്തോഷാണ് മരിച്ചത്. സംഭവത്തില്‍ സന്തോഷിന്റെ പിതാവ് സോമനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് അയൽക്കാർ പറയുന്നു.
മകന്റെ മര്‍ദ്ദനം സഹിക്ക വയ്യാതെയാണ് കൊലപാതകം നടത്തിയതെന്ന് സോമന്‍ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അച്ഛനും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ക്യാൻസർ രോഗിയായിരുന്ന സോമൻ കുറേ കാലമായി മകൾക്കൊപ്പമാണ് താമസിച്ചിരുന്നത്. അടുത്തിടെയാണ് സോമൻ മകന്‍റെ അടുത്തേക്ക് മടങ്ങിയെത്തിയത്. എന്നാൽ എല്ലാ ദിവസവും മദ്യപിച്ചെത്തുന്ന മകൻ, അച്ഛനെ മദ്യപിക്കുന്നത് പതിവായി. നാട്ടുകാർ ഈ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും വഴക്ക് തുടർന്നു.
കഴിഞ്ഞ ദിവസവും ഉച്ചയോടെ പുറത്തു പോയി മടങ്ങിയെത്തിയ സന്തോഷ് അച്ഛനുമായി വഴക്ക് ഉണ്ടാക്കുകയായിരുന്നു. വൈകുന്നേരത്തും രാത്രിയിലും നിരവധി തവണ ഇവരുടെ വീട്ടിൽനിന്ന് ബഹളം കേട്ടെങ്കിലും സ്ഥിരം സംഭവമായതിനാൽ അയൽക്കാർ ഇടപെട്ടില്ല. രാത്രി പന്ത്രണ്ട് മണിയോടെയാണ് കൊലപാതകം നടത്തിയതെന്ന് സോമൻ പൊലീസിനോട് പറഞ്ഞു. തന്നെ തുടർച്ചയായി മർദ്ദിച്ചതോടെ അടുത്തിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു.
പിന്നീട് അയൽക്കാരോട് വിവരം പറഞ്ഞു. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും സന്തോഷ് മരണപ്പെട്ടിരുന്നു. ഉടൻ തന്നെ പൊലീസ് സോമനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സന്തോഷിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം കൊച്ചി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.
ഡ്യൂട്ടിയിലുള്ള പൊലീസുകാർ ബഹുമാനിക്കുന്നില്ലെന്നും സല്യൂട്ട് നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടി തൃശൂർ മേയർ എം.കെ. വർഗീസ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ. മുമ്പും ഒരു മേയറെയും പോലീസ് സല്യൂട്ട് അടിച്ചിട്ടില്ല. അവർക്കാർക്കും പരാതി ഉണ്ടായില്ല. കാരണം, പോലീസ് സ്റ്റാൻഡിങ് ഓഡർ പ്രകാരം മേയർക്കോ മുൻസിപ്പൽ ചെയർമാനോ പഞ്ചായത്ത് പ്രസിഡന്റിനോ സല്യൂട്ട് അടിക്കാൻ വ്യവസ്ഥയില്ല എന്ന് എ ജയശങ്കർ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
അല്പനെ മേയറാക്കിയാൽ, അർദ്ധരാത്രി സല്യൂട്ട് ചോദിക്കും.
നെട്ടിശ്ശേരി ഡിവിഷനിൽ കോൺഗ്രസ് റിബലായി ജയിച്ച് ഇടതുപക്ഷ പിന്തുണയോടെ മേയറായ പുങ്കനാണ് എംകെ വർഗീസ്. കൊടി വച്ച കാറിൽ പൊടി പറപ്പിച്ചു പോകുമ്പോൾ പോലീസ് തീരെ ഗൗനിക്കുന്നില്ല, സല്യൂട്ട് അടിക്കുന്നില്ല. എസ്പിയോട് പറഞ്ഞു, ഐജിയോടും പറഞ്ഞു. ഫലമില്ല. അതുകൊണ്ട് ഡിജിപിക്കു പരാതി കൊടുത്തു. ഉത്തരവ് കാത്ത് തെക്കോട്ട് നോക്കി ഇരിക്ക്യാണ് ഗഡി.
മുമ്പും ഒരു മേയറെയും പോലീസ് സല്യൂട്ട് അടിച്ചിട്ടില്ല. അവർക്കാർക്കും പരാതി ഉണ്ടായില്ല. കാരണം, പോലീസ് സ്റ്റാൻഡിങ് ഓഡർ പ്രകാരം മേയർക്കോ മുൻസിപ്പൽ ചെയർമാനോ പഞ്ചായത്ത് പ്രസിഡന്റിനോ സല്യൂട്ട് അടിക്കാൻ വ്യവസ്ഥയില്ല.
നഗരപിതാവിൻ്റെ വാഹനം കാണുമ്പോൾ തിരിഞ്ഞു നിന്നു പൃഷ്ഠം കാട്ടുന്ന തൃശ്ശൂർ പോലീസിന് ബിഗ് സല്യൂട്ട്!
പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ആമിര്‍ ഖാന്‍ വിവാഹ മോചനത്തിലേക്ക്. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നും ഭര്‍ത്താവ്-ഭാര്യ എന്നീ സ്ഥാനങ്ങള്‍ ഇനി ഇല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെനാളായി ഉണ്ടായിരുന്നുവെന്നും ഇപ്പോഴാണ് അതിന് ഉചിതമായ സമയമായതെന്നും ഇവര്‍ പറഞ്ഞു.
മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും തങ്ങള്‍ ഒരുമിച്ച് തന്നെ അവനെ മുന്നോട്ടു വളര്‍ത്തുമെന്നും ആമിറും കിരണും പറയുന്നു.
നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിര്‍ ഖാന്‍, സംവിധാന സഹായിയായിരുന്ന കിരണ്‍ റാവുവിനെ വിവാഹം ചെയ്യുന്നത്. 2005ലായിരുന്നു. ആസാദ് റാവു ഖാനാണ് ഈ ബന്ധത്തിലുള്ള മകന്‍.
1986ലാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആമിറും നടി റീന ദത്തയും വിവാഹിതരാകുന്നത്. ശേഷം 2002ല്‍ ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു. റീന ദത്തയില്‍ ഇറാ ഖാന്‍, ജുനൈദ് ഖാന്‍ എന്നീ മക്കളും ആമിറിനുണ്ട്.
കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് എസ്.കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷയില്‍ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 5നു വിധി പറയും.
വിസ്മയയുടെ മരണത്തില്‍ കിരണിനു പങ്കില്ലെന്ന കിരണിന്റെ കുടുംബത്തിന്റെ നിലപാട് തന്നെയാണ് ജാമ്യഹര്‍ജിയിലും ആവര്‍ത്തിച്ചിരിക്കുന്നത്. കിരണ്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. കേസിന്റെ അന്വേഷണം ഗൗരവമായി നടക്കുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യാ നായര്‍ വാദിച്ചു.
ഷൊര്‍ണൂര്‍ സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്ന ബി.എ.ആളൂരാണ് ഇന്നലെ കിരണിനു വേണ്ടി കോടതിയില്‍ ഹാജരായത്. കിരണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കോടതിയില്‍ എത്തിയിരുന്നു. വിസ്മയയുടെ മരണത്തില്‍ അന്വേഷണം പാതിവഴിയില്‍ എത്തിയപ്പോഴാണ് കിരണിനു കോവിഡ് ബാധിച്ചത്.
നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുന്ന കിരണിനെ രോഗമുക്തനാകുമ്പോള്‍ തെളിവെടുപ്പിനായി വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങണം. വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നു പോലും സ്ഥിരീകരിച്ചിട്ടില്ല.
ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് വിധി പറയാന്‍ 5ലേക്ക് ഹര്‍ജി മാറ്റിയത്. ശാസ്ത്രീയ തെളിവുകള്‍, സാങ്കേതിക തെളിവുകള്‍, സാക്ഷിമൊഴികള്‍ എന്നിവ പരമാവധി ശേഖരിക്കുകയാണ് അന്വേഷണസംഘം. വിസ്മയ തൂങ്ങിമരിച്ചുവെന്ന കിരണ്‍ പറയുന്ന ശുചിമുറിയിലും കിടപ്പുമുറിയിലും പരിശോധന നടത്തിയ ഫൊറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട്, ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം എന്നിവ കേസില്‍ നിര്‍ണായകമാണ്.
ഡയാന രാജകുമാരിയുടെ അറുപതാം ജന്മദിനത്തിൽ കെൻസിംങ്ടൺ പാലസിലെ സൺകെൻ ഗാർഡനിൽ സ്ഥാപിച്ച പ്രതിമ അനാശ്ച്ഛാദനം ചെയ്യാൻ മക്കളായ വില്യം-ഹാരി രാജകുമാരന്മാർ ഒരുമിച്ചെത്തി. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അസ്വാരസ്യങ്ങൾ മറന്ന് ഇരുവരും ചേർന്ന് അമ്മയുടെ പ്രതിമ അനാവരണം ചെയ്തത്.
അമേരിക്കയിൽ ,സ്ഥിരതാമസമാക്കിയ ഹാരി രാജകുമാരൻ ഈ ചടങ്ങിനായി മാത്രം കഴിഞ്ഞയാഴ്ചയാണ് ഭാര്യ മെഗാനും രണ്ടു മക്കൾക്കുമൊപ്പം ബ്രിട്ടനിലെത്തിയത്. ഒരാഴ്ചത്തെ ക്വാറന്റൈീനു ശേഷമായിരുന്നു അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.
എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ സംസ്കാരചടങ്ങിനും ഹാരി അമേരിക്കയിൽനിന്നും ബ്രിട്ടനിൽ എത്തിയിരുന്നു. അമ്മയുടെ സ്നേഹവും ശക്തിയും ഓർമവരുന്ന നിമിഷങ്ങളിലാണ് ഇപ്പോൾ ഉള്ളതെന്ന് ഇരുവരും ചടങ്ങിനുശേഷം മാധ്യമങ്ങളോടു പറഞ്ഞു.
ഡയാനയുടെ രണ്ടു സഹോദരിമാരും സഹോദരനും ചടങ്ങിൽ സംബന്ധിക്കാനെത്തി. വില്യമിന് പതിനഞ്ചും ഹാരിയ്ക്ക് പന്ത്രണ്ടും വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു 1997ൽ ഡയാന കാറപകടത്തിൽ മരിച്ചത്.
യുകെയിൽ ജൂലൈ 19നു തന്നെ നിയന്ത്രണങ്ങൾ നീക്കുമെന്ന് സൂചന നൽകി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ദിവസേന രോഗികളാകുന്നവരുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലേക്ക് ഉയർന്നെങ്കിലും മരണസംഖ്യ ഉയരാത്ത സാഹചര്യം കണക്കിലെടുത്താണു നിയന്ത്രണങ്ങൾ മുൻനിശ്ചയപ്രകാരം 19നു തന്നെ പിൻവലിക്കാൻ സർക്കാർ ഒരുങ്ങുന്നത്.
ഇതിനോടകം 18നു മുകളിലുള്ള എല്ലാവർക്കും രണ്ടു ഡോസ് വാസ്കീൻ നൽകി കൂടുതൽ സുരക്ഷ ഉറപ്പാക്കാനാണു സർക്കാർ നീക്കം. കഴിയുന്നിടത്തോളം മഹാമാരിക്കു മുമ്പുള്ള സ്ഥിതിയിലേക്ക് കാര്യങ്ങൾ മടക്കിക്കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള മാർഗരേഖ വരുദിവസങ്ങളിൽ പുറത്തുവിടും.
ചില കരുതൻ നടപടികളോടെയാകും ഈ ഇളവുകൾ പ്രാബല്യത്തിൽ വരുത്തുക. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പൂർണമായും ഒഴിവാക്കാൻ സാധ്യതയില്ല. എങ്കിലും ക്വാറന്റീൻ റൂളുകളിലും യാത്രാവിലക്കുകളിലും ഇളവുണ്ടാകും.
വേനൽ അവധിക്കാലത്തു യാത്രകൾക്കായുള്ള ജനങ്ങളുടെ ആഗ്രഹം തനിക്ക് കൃത്യമായി മനസിലാകുന്നുണ്ടെന്നും ഡബിൾഡോസ് വാക്സീനു മാത്രമേ ഇക്കാര്യത്തിൽ രക്ഷകനാകാൻ സാധിക്കൂ എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കൂടാതെ ഇയുവുമായി യാത്രാ നിയന്ത്രണങ്ങളിൽ നിലനിൽക്കുന്ന വ്യത്യാസങ്ങൾ സംബന്ധിച്ച് ജോൺസണും മെർക്കലും തമ്മിൽ നിർണായക കൂടിക്കാഴ്ചയും നടക്കുന്നുണ്ട്.
ബോറിസ് ജോൺസൺ ഇന്ന് ഏഞ്ചല മെർക്കലിനെ യുകെയിലേക്ക് സ്വാഗതം ചെയ്യും. തൻ്റെ കൺട്രി വസതിയായ ചെക്കറിലാണ് ജോൺസൺ മെർക്കലിന് ആതിഥേയത്വം വഹിക്കുന്നത്. ഈ വർഷം അവസാനം ജർമ്മൻ ചാൻസലർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന മെർക്കലിന്റെ അവസാന യുകെ സന്ദർശനമാണിത്. .
കൊറോണ വൈറസ് യാത്രാ നിയന്ത്രണങ്ങൾ പ്രധാന ചർച്ചാ വിഷയമായ കൂടിക്കാഴ്ച വാക്സിൻ പാസ്പോർട്ടും ഇന്ത്യൻ വാക്സിനുകൾ എടുത്തവർക്ക് ഇയു രാജ്യങ്ങളിൽ യാത്രാനുമതിയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഗണനയ്ക്കെടുക്കും. മെർക്കൽ യൂറോപ്യൻ യൂണിയനോട് യുകെയിൽ നിന്നുള്ള എല്ലാ യാത്രക്കാരെയും വാക്സിനേഷൻ സ്റ്റാറ്റസ് കണക്കിലെടുക്കാതെ വിലക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇന്നത്തെ കൂടിക്കാഴ്ച നിർണായകമാണ്