Latest News

പെട്രോൾ വില സെഞ്ച്വറി പിന്നിട്ട് കുതിക്കുകയാണ്. ജനജീവിതം ദുരിതപൂർണമാക്കി തുടർച്ചയായ 13ാം ദിവസമാണ് രാജ്യത്ത് വില കൂട്ടിയത്. കേരളത്തിൽ പെട്രോളിന് 92.46 രൂപയും ഡീസലിന് 87.87 രൂപയുമാണ് പുതിയ വില. എന്നാൽ, വെറും രണ്ടു രൂപയിൽ താഴെ കൊടുത്താൽ ഒരു ലിറ്റർ പെട്രോൾ ലഭിക്കുന്ന രാജ്യമുണ്ട്. സ്വപ്നരാജ്യമാണോയെന്ന് ചോദിച്ച് കളിയാക്കാൻ വരട്ടെ, ലോകത്തിൽ ഏറ്റവും വിലക്കുറവിൽ പെട്രോൾ ലഭിക്കുന്ന രാജ്യമാണിത്.

തെക്കേ അമേരിക്കൻ രാഷ്ട്രമായ വെനെസ്വേലയിലാണ് ലോകത്ത് ഇന്ധന വില ഏറ്റവും കുറവ്. പെട്രോൾ ലിറ്ററിന് വെറും 1.45 രൂപയാണ് (0.02 യു.എസ് ഡോളർ) വെനസ്വേലയിലെ വില. പ്രമുഖ ക്രൂഡോയിൽ ഉൽപ്പാദക രാജ്യമായ വെനസ്വേലയിൽ ഏറ്റവും വില കുറഞ്ഞ വസ്തുക്കളിലൊന്നാണ് പെട്രോൾ.

ഇത്ര കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭിക്കുന്ന വെനസ്വേല ഒരു സമ്പന്ന രാജ്യമായിരിക്കുമെന്ന് കരുതേണ്ട. ഒരുകാലത്ത് സമ്പന്ന രാജ്യമായിരുന്ന വെനസ്വേല ഇന്ന് ലാറ്റിനമേരിക്കയിലെ ദരിദ്ര്യ രാജ്യങ്ങളിലൊന്നാണ്. നാണയപ്പെരുപ്പം കുതിച്ചുയർന്ന സാഹചര്യത്തിൽ മറ്റ് അവശ്യസാധനങ്ങൾക്കെല്ലാം വൻ വിലയാണ് ഇവിടെ. അനിയന്ത്രിത പണപ്പെരുപ്പവും പട്ടിണിയും ഒക്കെച്ചേർന്ന് വെനസ്വേലയിലെ ജനജീവിതത്തെ തകിടംമറിച്ചിരിക്കുകയാണ്.

താഴ്ന്ന പെട്രോൾ വിലയിൽ രണ്ടാമതുള്ളത് ഏഷ്യൻ രാജ്യമായ ഇറാനാണ്. നാല് രൂപ 50 പൈസ കൊടുത്താൽ ഇറാനിൽ ഒരു ലിറ്റർ പെട്രോൾ ലഭിക്കും. അംഗോള, അൾജീരിയ, കുവൈത്ത്, സുഡാൻ, കസഖ്സ്താൻ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭിക്കുന്നവയുടെ പട്ടികയിൽ പിന്നീടുള്ളത്.

ഏറ്റവും കൂടിയ വിലക്ക് പെട്രോൾ ലഭിക്കുന്ന രാജ്യം ഹോങ്കോങ് ആണ്. 174 ഇന്ത്യൻ രൂപക്കാണ് ഹോങ്കോങിൽ പെട്രോൾ ലഭിക്കുക. സെൻട്രൽ ആഫ്രിക്കൻ റിപബ്ലിക് (148 രൂപ), നെതർലൻഡ്സ് (147.38 രൂപ) എന്നിവയാണ് പിന്നാലെയുള്ളത്.

ആലപ്പുഴ മാന്നാറില്‍ വീട് ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട് കോട്ടുവിളയില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് ഇരുപതോളം പേര്‍ ചേര്‍ന്ന് വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീടിന്റെ വാതില്‍ തകര്‍ത്താണ് സംഘം വീടിനുള്ളില്‍ പ്രവേശിച്ചത്. നാല് ദിവസം മുമ്പാണ് ഇവര്‍ ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റാണ് ബിന്ദു. നാട്ടിലെത്തിയതുമുതല്‍ ബിന്ദു സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സംശയം. യുവതി നാട്ടിലെത്തിയ ദിവസം രാത്രി രണ്ടുപേരെ വീടിന് സമീപം കണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും പൊലീസിന് കൈമാറി. പൊലീസ് അന്വേഷണം ആരംഭിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യകേരളം യുഡിഎഫിന് മുന്‍തൂക്കം നല്‍കുമെന്ന് ഏഷ്യാനെറ്റ് സീഫോര്‍ സര്‍വ്വേ. മധ്യകേരളത്തിലെ 41 സീറ്റുകളില്‍ എല്‍ഡിഎഫ് 16 മുതല്‍ 18 സീറ്റ് വരെ നേടിയേക്കുമെന്നും യുഡിഎഫ് 23-25 വരെ ഇടങ്ങളില്‍ ജയിച്ചേക്കുമെന്നും സര്‍വ്വേ ഫലം പറയുന്നു. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് കിട്ടാനും കിട്ടാതിരിക്കാനുമുള്ള സാധ്യതയും സര്‍വ്വേ പ്രവചിക്കുന്നു.

വടക്കൻ കേരളത്തിൽ ഇടതുമുന്നണി വ്യക്തമായ ആധിപത്യം പുലർത്തുമെന്നാണ് പ്രീ പോൾ സർവേ ഫലം. 43 ശതമാനം വോട്ടോടെ 32 മുതൽ 34 വരെ സീറ്റ് ഇടതുപക്ഷം നേടും. യുഡിഎഫിന് 39 ശതമാനം വോട്ട് ലഭിക്കുമെങ്കിലും 24 മുതൽ 26 വരെ സീറ്റാണ് ലഭിക്കുക. എൻഡിഎ 17 സീറ്റ് വരെ നേടാം. രണ്ട് മുതൽ നാല് വരെ സീറ്റ് ലഭിച്ചേക്കാമെന്നും സർവേ പ്രവചിക്കുന്നു.

മധ്യകേരളത്തില്‍ 42 ശതമാനം പേര്‍ യുഡിഎഫിനെ പിന്തുയ്ക്കുമെന്നും 39 ശതമാനം പേര്‍ എല്‍ഡിഎഫിനെ പിന്തുണക്കുമെന്നും സര്‍വ്വേ പറയുന്നു. 16 ശതമാനം വോട്ട് എന്‍ഡിഎയ്ക്കും മൂന്ന് ശതമാനം വോട്ട് മറ്റുള്ളവര്‍ക്കും ലഭിക്കുമെന്നും സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നു.

നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ മുസ്ലിം വിഭാഗം കാര്യമായി പിന്തുണക്കുമോ എന്ന ചോദ്യത്തിന് അതെയെന്ന് 30 ശതമാനം പേരും ഇല്ലെന്ന് 48 ശതമാനം പേരും പ്രതികരിച്ചു. പറയാൻ കഴിയില്ലെന്ന് 22 ശതമാനം പേർ പ്രതികരിച്ചു. എൽഡിഎഫും സിപിഎമ്മും മുസ്ലിം വിഭാഗത്തോട് അടുത്തുവെന്ന് 51 ശതമാനം മുസ്ലിം വോട്ടർമാർ വിശ്വസിക്കുന്നു. 34 ശതമാനം ഇല്ലെന്ന് വിശ്വസിക്കുന്നു. 15 ശതമാനം പേർക്ക് ഇതേക്കുറിച്ച് അറിയില്ല.

കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെ എതിർക്കുന്നതിൽ കൂടുതൽ ആശ്രയിക്കാവുന്നത് യുഡിഎഫിനെയാണെന്ന് 34 ശതമാനം പേർ വിശ്വസിക്കുന്നു. അതേസമയം 44 ശതമാനം പേർ എൽഡിഎഫിനെ ആശ്രയിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെടുന്നു. 22 ശതമാനം പേർക്ക് അക്കാര്യത്തിൽ വ്യക്തമായ അഭിപ്രായമില്ല.

സർവേയിൽ പങ്കെടുത്ത മുസ്ലിം സമുദായക്കാരായ 72 ശതമാനം പേരും തങ്ങളുടെ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കേന്ദ്രസർക്കാരിനോ സ്വാധീനം ചെലുത്താനാവില്ലെന്നാണ് അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും സ്വാധീനിക്കുമെന്ന് 26 ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്നാൽ നാല് ശതമാനം പേർക്ക് ഇക്കാര്യത്തിൽ അഭിപ്രായം ഉണ്ടായിരുന്നില്ല.

ടോം ജോസ് തടിയംപാട്

യു കെ യിലെ ബാന്‍ബറിയില്‍ 2005 മുതല്‍ 2009 വരെ നേഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിനി ജോർജാണ്  മോഹൻലാൽ സിനിമയായ ദൃശ്യം 2 വിലൂടെ ശ്രദ്ധേയമായത്.  വളരെ ചെറിയ ഒരു രംഗത്താണെങ്കിൽ കൂടി മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം കിട്ടി എന്നത് വളരെ പ്രധാന്യമേറുന്ന ഒന്നാണ് . ആറോളം സിനിമകളിൽ ചെറിയ വേഷം ചെയ്ത രഞ്ജിനിക്ക് 2019 ലെ ഹിന്ദി ഷോർട്ട് ഫിലിമിനുള്ള അവാർഡ് കൂടാതെ മിസ്സിസ് കേരള പ്രിൻസസ് അവാർഡ് 2020. മിസ്സിസ് ക്വീൻ കേരള 2021. ഉൾപ്പെടെയുള്ള ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

യു കെയിൽ നിന്നും ജോലി നിർത്തി നാട്ടിൽ എത്തിയശേഷം രഞ്ജിനി എറണാകുളത്ത് ILTES പരിശീലകയായി ജോലി നോക്കുകയാണ്. കൂടതെ സിനിമ പ്രവർത്തനങ്ങളും മുൻപോട്ടു കൊണ്ടുപോകുന്നു. ഭര്‍ത്താവ് ഷാജന്‍ മസ്ക്കറ്റില്‍‍ ‍ എന്‍ജിനിയറാണ്. ഇടുക്കി പടമുഖം സ്വദേശി പരേതരായ തേക്കലകാട്ടില്‍ ജോര്‍ജ് ,മേരി ദമ്പതികളുടെ മകളാണ് രഞ്ജിനി. ഷാജന്‍, രഞ്ജിനി ദമ്പതികള്‍ക്ക് രണ്ടുകുട്ടികള്‍ സ്റ്റിവ് ,ഡിയോന്‍.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.

മഹാമാരിയുടെ താണ്ഡവം കുറഞ്ഞോ കൂടിയോ എന്നുള്ളതല്ല ഇന്നും
നാം ജീവനോടെ ഇരിക്കുന്നു എന്നുള്ള യാഥാര്‍ത്ഥ്യമാണ് ഏറ്റവും
പരമമായ സത്യം. നാം പരിപാലിച്ചു വന്ന ജീവിതസാഹചര്യങ്ങള്‍
പോലെയല്ല സ്വപ്നങ്ങളില്‍ പോലെ ഭയപ്പെടുത്തുന്ന ചില
അവസ്ഥകളില്‍ ആണ് നമ്മള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ലക്ഷക്കണക്കിന് ജീവനുകള്‍ അപായപ്പെട്ടു, അനേകായിരം തൊഴില്‍ ശാലകള്‍ പൂട്ടപ്പെട്ടു, വിദ്യാഭാസം അലങ്കോലപ്പെട്ടു ഇങ്ങനെ ആയിരം ആയിരം ചലനങ്ങള്‍ നമ്മള്‍ അഭിമുഖീകരിക്കേണ്ടി വന്നു. ഈ കഴിഞ്ഞ വര്ഷം ആണോ അതോ വരുവാനുള്ളത് ആണോ ഭയാനകം എന്നെ ഇനി അറിയാനുള്ളൂ.

കലുഷിതമായ ഈ അവസ്ഥകള്‍ക്ക് നടുവിലും പല പല നല്ല
അവസരങ്ങളും നമുക്ക് വീണുകിട്ടി. കുടുംബത്തോടെ സമയം
ചെലവിടാനും ഒരുമിച്ച് പ്രാര്‍ത്ഥിപ്പാനും ഒരുമിച്ച് ഭക്ഷണം
കഴിക്കുവാനും ദൈവം നമുക്ക് അവസരം തന്നു. എന്നാല്‍ ഇപ്പോള്‍
ആളുകള്‍ പങ്കുവെക്കുന്നത് ഒരുമിച്ച് ലഭിച്ച സമയങ്ങള്‍ സൂക്ഷ്മമായി
ചെലവാക്കുന്നതിനുപകരം പരസ്പരം പോരടിക്കുന്നതിനും വഴക്ക്
ഉണ്ടാക്കുന്നതിനും കാരണമാകുന്നു. എത്ര വികലമായ മനസ്സിന്റെ
ഉടമകളാണ് മനുഷ്യരെന്ന് ഇത് തെളിയിക്കുന്നു. ഈ മഹാമാരി നമ്മെ
എന്തു പഠിപ്പിച്ചു, അതോ നാം അതിജീവിച്ചു എന്ന് കരുതുന്നോ;
ഒരുപാടു ചോദ്യങ്ങള്‍ മുന്‍പില്‍ നില്കുന്നു.

നോമ്പില്‍ ഒരാഴ്ച പിന്നിടുന്ന ഈ കാലയളവില്‍ രോഗത്തില്‍ വലയുന്ന
ഒരു വ്യക്തിയെ കര്‍ത്താവ് സംരക്ഷിച്ച് സുഖപ്പെടുത്തുന്ന ഭാഗമാണ്
മാത്രമാണ് വായിക്കുന്നത്. വിശുദ്ധനായ ലൂക്കോസ് സുവിശേഷം അഞ്ചാം അധ്യായം അതിന്റെ 12 മുതല്‍ 16 വരെയുള്ള വേദഭാഗം ആണ്
ആധാരമായിട്ടുള്ളത്. നമ്മുടെ കര്‍ത്താവ് ഒരു പട്ടണത്തില്‍ ഇരിക്കുമ്പോള്‍ ശരീരം മുഴുവനും കുഷ്ഠം ബാധിച്ച ഒരു മനുഷ്യന്‍ അവനോട് പറയുകയാണ്, കര്‍ത്താവെ നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ
സഖ്യമാക്കുവാന്‍ കഴിയും. എനിക്ക് മനസ്സുണ്ട് നീ സൗഖ്യമാകുക എന്ന്
കര്‍ത്താവ് പ്രതിവതിച്ച ഉടനെ അവന് സൗഖ്യം ലഭിച്ചു. എത്ര
മഹത്തായ അത്ഭുതമാണ് ഇവിടെ സംഭവിച്ചത്. ഏവരാലും
തള്ളപ്പെടുകയും നഗരത്തിന് പുറത്താക്കുകയും ചെയ്ത വ്യക്തിയെയാണ്
കര്‍ത്താവ് ഇങ്ങനെ സൗഖ്യം ആക്കിയത്.

ഇന്നാരുന്നെങ്കില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നേനെ. കര്‍ത്താവ് പറഞ്ഞു ഇത് ആരോടും പറയരുത്. സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള സമ്പര്‍ക്കം അതാണ് ഇതില്‍ കാണുന്നത്. ഈ ബന്ധത്തിന് ഇന്നത്തെ കാലയളവില്‍ ഉലച്ചില്‍ സംഭവിച്ചിട്ടില്ലേ ഒന്ന് തിരിഞ്ഞു നോക്കുക. ചെറിയ പ്രയാസം ഉണ്ടെങ്കിലും അത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പ്രഗല്‍ഭരാകുവാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ നമ്മുടെ ഇടയില്‍ ഉള്ളവര്‍. അത് പോലെ അനുഭവസ്ഥരോട് ചോദിച്ചു മനസിലാക്കുവാന്‍
താല്പര്യമില്ലാതെ ഗൂഗിള്‍നെ ദൈവതുല്യരായി കരുതുന്നവരുമുണ്ട്.

അങ്ങനെ ദൈവദത്തമായ ജീവിതത്തെ  മതിമറന്ന് ഉപയോഗിക്കുന്നതുകൊണ്ട് കൊണ്ട് ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത പല അനുഭവങ്ങളും ഇന്ന് നമ്മുടെ ചുറ്റും നടമാടുന്നു . സൂക്ഷ്മമായത് സൂക്ഷ്മമായി പരിഗണിക്കുവാനും പ്രഘോഷിക്കേണ്ടത് അത് പ്രഘോഷിക്കുവാനും നമുക്ക് ബുദ്ധി നല്‍കിയിട്ടുണ്ട് . എന്നാല്‍ നമ്മള്‍ക്ക് ഈ വേര്‍തിരിവ് മറന്നു പോകുന്നു. ദൈവത്തോടുള്ള ബന്ധം നിലനിര്‍ത്തുവാന്‍ താല്‍പര്യപ്പെടാതെ ഭൗതികമായ പ്രൗഡിക്കുവേണ്ടി
എത്രമാത്രം തത്രപ്പെടുന്നു. സാമൂഹികമായ ഔന്നിത്യം നാം പ്രാപിച്ചു
എന്ന് വിചാരിക്കുന്നു എങ്കില്‍ അതിനു നമ്മെ
അടിസ്ഥാനപ്പെടുത്തിയ ദൈവീകമായ ചിന്ത മറന്നു പോയാല്‍
അധാര്‍മികത ആയിരിക്കും നടമാടുന്നത്. കൊലപാതകവും ആത്മഹത്യയും ദിനം പ്രതി നമുക്ക് ചുറ്റും നടക്കുന്നത്.

ഭാരത ചരിത്രത്തില്‍ ആദ്യമായി ഒരു സ്ത്രീയെ തൂക്കിക്കൊല്ലാന്‍
വിധിക്കുന്നത് ആദ്യമായാണ്. സ്ത്രീയെ ആരാധിക്കുന്ന നാട്ടില്‍ ഒരു സ്ത്രീ കൊലപാതകി ആയെങ്കില്‍ എത്രമാത്രം നാം താഴോട്ട് പോയി എന്ന്
മനസ്സിലാക്കാമല്ലോ. കാരണങ്ങള്‍ ഒരുപാടു ഉണ്ടായിരിക്കാം. ഈ പറഞ്ഞത് കഥയല്ല സംഭവമാണ്. പരിശുദ്ധമായ ജീവിതം കാത്തുസൂക്ഷിക്കേണ്ട ഒരു സ്ത്രീ, ഒരു അമ്മ, ഒരു സഹോദരി ഇത്രമാത്രം കഠിനമായ പാപം ചെയ്യുവാന്‍ ഇടയായതില്‍ നാം ലജ്ജിക്കേണ്ടതല്ലേ. സങ്കീര്‍ത്തനം ഓര്‍മിപ്പിക്കുന്നു മാനത്തോടിരിക്കുന്ന മനുഷ്യന്‍ വിവേകഹീനാനായാല്‍ അവന്‍ നശിച്ചുപോകുന്ന മൃഗങ്ങള്‍ക്ക് തുല്യമത്രേ. ഈ യാഥാര്‍ത്ഥ്യം അല്ലേ നാം കാണുന്നത് നമുക്ക് ചുറ്റും. ഓരോ കാരണങ്ങള്‍ കണ്ടെത്തി നാം ദൈവത്തില്‍നിന്ന് അകലുകയാണ്. എന്നാല്‍ ഈ കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ പലപ്പോഴായി ദൈവം തന്നിട്ടുള്ള അനുഗ്രഹങ്ങളെ നാം മനസ്സിലാക്കാതെ പോകുന്നതുകൊണ്ടാണ്.

സമ്പത്ത് ലഭിച്ചവന്‍ അവന്‍ അതുകൊണ്ട് നീചമായതു ചെയ്യുന്നു,
ആരോഗ്യം ലഭിച്ചവര്‍ അതുകൊണ്ടു മോശം പ്രവര്‍ത്തിയില്‍
ഏര്‍പ്പെടുന്നു. വീടുള്ളവന് അതില്‍ നിന്ന് ദൈവത്തെ സ്തുതിക്കുവാന്‍
വയ്യ. ജോലി ഉള്ളവന് അതില്‍ ദൈവത്വം കാണുവാന്‍ കഴിയുന്നില്ല.
അങ്ങനെ പല കാരണങ്ങളാല്‍ നാം ദൈവത്തില്‍ നിന്ന് അകന്നു
ജീവിക്കുമ്പോള്‍ ആണ് സമൂഹം അകറ്റിനിര്‍ത്തിയ ഒരുവന്‍
ദൈവസന്നിധിയിലേക്ക് അടുത്തുവരുന്നത്. അതിന് അവനു വ്യക്തമായ
ധാരണയുണ്ട്. നാം പറയുംപോലെ വെറുതെ ഒരു ശ്രമം ആയിട്ടല്ല
അവന്‍ ദൈവമുൻപാകെ വന്നത്. ലോകത്തിലെവിടെയും ലഭിക്കുവാന്‍
സാധ്യമല്ലാത്ത ലോകത്തുള്ള ഒരുവനും പകരുവാന്‍ സാധ്യമല്ലാത്ത
കൃപാവരം തരുവാന്‍ തയ്യാറായ കര്‍ത്താവിന്റെ അടുത്തേക്കാണ്
അവന്‍ വന്നത്. അവന്‍ അശുദ്ധന്‍ ആണെന്ന് അവനറിയാം ദൈവമുമ്പാകെ ആകെ കടന്നുവരുവാന്‍ പ്രാപ്തി ഇല്ലാത്തവനാണ് എന്നറിയാം സമൂഹം ഒറ്റപ്പെടുത്തും എന്നും അവനറിയാം എന്നാലും അവന്‍ കടന്നു വന്നു. എല്ലാ പ്രതിബന്ധങ്ങളേയും മാറ്റി വെച്ച് അവന്‍ കടന്നു വന്നു.

ഇനി ചോദ്യം നേരിട്ട് തന്റെ സൃഷ്ടാവിനോടാണ്.  എന്നെ സൗഖ്യമാക്കുവാന്‍ കഴിയുമോ, ചോദ്യം കേട്ട പാടെ എനിക്ക് കഴിയും
എന്ന് മറുപടി.. എത്ര പെട്ടെന്നാണ് ലക്ഷ്യം സാധിച്ചെടുക്കാന്‍
കഴിഞ്ഞത്. നമ്മുടെ ജീവിതത്തില്‍ വളരെ നിസാരമായ എന്തെങ്കിലും
സംഭിവിച്ചാല്‍ മറ്റു മാർഗ്ഗങ്ങൾ എല്ലാം ശ്രമിക്കും. വേറൊരു
നിവര്‍ത്തിയും ഇല്ലാതെ വരുമ്പോള്‍ ദൈവത്തെ അന്വേഷിക്കും.
ഈ നോമ്പ് ഒരു ലക്ഷ്യത്തിനു വേണ്ടിയാണ് . അത് ഒരു കാര്യം
കാര്യസാധ്യത്തിനുവേണ്ടി അല്ല. ലക്ഷ്യം എന്തെന്ന് വെച്ചാല്‍ അത്
ദൈവസാന്നിതിലേക്ക് അടുത്ത് വരിക എന്നുള്ളതാണ്. അത് ഒട്ടും
നിസ്സാരമല്ല.

ഈ കുഷ്ഠരോഗിയെ പോലെ ഒരുപാട് പ്രതിബന്ധങ്ങള്‍ ചാടി കടന്നെ അവിടെ എത്തിച്ചേരുവാന്‍ പറ്റുകയുള്ളൂ. നമ്മുടെ സമൂഹം നമ്മെ ഒറ്റപെടുത്തിയേക്കാം, വീട്ടുകാര്‍ ഒഴിവാക്കിയേക്കാം. കൂട്ടുകാര്‍ പിന്തിരിഞ്ഞു പോയേക്കാം .ഇതിനേക്കാളൊക്കെ
ശ്രേഷ്ടമായതിന് വേണ്ടി ഇതെല്ലാം നിസ്സാര വൽക്കരിച്ചാൽ മാത്രമേ
ലക്ഷ്യത്തിണ് അടുത്ത് വരുവാന്‍ സാധിക്കുകയുള്ളു. രോഗങ്ങളുടെ തീവ്രത മാറി സാധാരണ ജീവിതം സാധ്യമാകുവാന്‍ കഴിയുമോ എന്നറിയില്ല. എന്നാലും ഉള്ള അവസ്ഥയില്‍ ദൈവത്തെ
തിരയുന്ന സമൂഹം കെട്ടി ഉയര്‍ത്തുവാന്‍ നമുക്ക് സാധിക്കണം.

സൃഷ്ട്ടി എന്തൊക്കെ ആണെന്നും സൃഷ്ട്ടാവ് ആരെന്നും നാം തിരിച്ചറിഞ്ഞാല്‍ അതൊരു യാത്രയുടെ തുടക്കം ആണ്. ദൈവത്തിലേക്കുള്ള ഒരു പ്രയാണം ആണ്. പ്രതീക്ഷയും പ്രത്യാശയും പ്രകാശവുമായിരിക്കണം അവിടെ ലക്ഷത്തിന് കൂട്ടായി കൊണ്ടുവരേണ്ടത്. എന്റെ ദൈവത്താല്‍ ഞാന്‍ മതില്‍ ചാടി കടക്കും എന്ന് സങ്കീര്‍ത്തനകാരനെ പോലെ പാടുവാനും വിശ്വസിക്കുവാനും പ്രവര്‍ത്തിക്കുവാനും ഈ നോമ്പുകാലത്ത് നമുക്ക് സാധ്യമാകട്ടെ.

സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും
ഹാപ്പി ജേക്കബ് അച്ചന്‍

മോഹൻലാലിന്റെ ദൃശ്യം 2 നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽകരിക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ.

ഇത് ഒരു ആവറേജ് ക്രൈംത്രില്ലർ പോലുമല്ലെന്നും സിനിമയിൽ അയുക്തികമായ പലതുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

അയുക്തികമായ പലതുമുണ്ട് ദൃശ്യം 2 ൽ. അതൊരു ആവറേജ് ക്രൈംത്രില്ലർ പോലുമല്ല, പോട്ടെ. പോപ്പുലർ സിനിമയിൽ സംവിധായകൻ ന്യായീകരിക്കുന്ന, വികസിത ജനാധിപത്യ സമൂഹത്തിനു അസഹനീയമായ ഒന്നുണ്ട്. സമൂഹത്തിനു അപകടകരമായ ഒന്ന്.

പൊലീസിന് സംശയമുണ്ട് എന്നതിന്റെ മാത്രം പേരിൽ, കോടതി വെറുതേ വിട്ട ഒരുവന്റെ വീട്ടിൽ എമ്പാടും ബഗ് വെയ്ക്കുക, വോയ്‌സ് റിക്കാർഡ് ചെയ്യുക, അവരുടെ പ്രൈവസിയിലേക്ക് നിരന്തരം ഒളിഞ്ഞു നോക്കുക, എന്നിട്ട് ഷാഡോ പൊലീസെന്നു പേരും !!

‘നിയമത്തിനു മുന്നിൽ തെളിവ്മൂല്യമില്ല – ലീഡ് കിട്ടാനാണ്’ എന്നൊക്കെ പറയുന്നെങ്കിലും അത് അങ്ങേയറ്റം നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്.

ശുദ്ധ പോക്രിത്തരമാണ്‌.

“സിസ്റ്റമിക് സപ്പോർട്ടൊന്നും ഞങ്ങൾക്ക് കിട്ടുന്നില്ല” എന്നു IG ജഡ്ജിയുടെ ചേംബറിൽ പോയി പറയുന്ന സീനുണ്ട്. പോലീസ് സംശയിക്കുന്നവന്റെയൊക്കെ വീട്ടിൽ ഒളിക്യാമറ വെച്ചു റിക്കാർഡ് നടത്തി കേസ് തെളിയിക്കാൻ സ്റ്റേറ്റ് മിഷനറി കൂടി പോലീസിനെ സഹായിക്കണം എന്നാവും സംവിധായകൻ ഉദ്ദേശിച്ചത്. സത്യം പറഞ്ഞാൽ, ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ IG യുടെ ജോലി തെറിക്കേണ്ടതാണ്.

പോലീസ് സംശയിക്കുന്ന ആളുകളുടെയൊക്കെ പ്രൈവസിയിലേക്ക് സ്റേറ്റിന് നിരന്തരം ഒളിഞ്ഞു നോക്കാൻ അവസരം നൽകുന്നത് ക്രൈം കുറയ്ക്കാൻ നല്ലതല്ലേ എന്നു സംശയിക്കുന്ന നിഷ്കളങ്ക ഊളകൾ ഏറെയുള്ള കാലമാണ് സിനിമയിലും അത് വെളുപ്പിച്ചെടുക്കാൻ നോക്കുന്നത്.

NB: സിനിമയല്ലേ, ഇങ്ങനെയൊക്കെ പറയണോ എന്നു ചോദിക്കുന്നവരോട്, ഏറ്റവുമധികം മനുഷ്യരുടെ ചിന്തകളെ, അഭിപ്രായങ്ങളേ സ്വാധീനിക്കുന്ന മാധ്യമമാണ്. സിനിമകൾ എങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്നു എന്നൊന്ന് ഗൂഗിൾ ചെയ്തു നോക്കണം.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു.അടുത്തിടെ തുടങ്ങിയ യൂടൂബ് ചാനലിനും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്.ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്സ്‌ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നുതന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.റിമി ടോമി ജഡ്ജായെത്തുന്ന സൂപ്പർ ഫോറിന് നിരവധി ആരാധകരാണ്. ചിരിയും കളിയും തമാശയും പരസ്പരം കളിയാക്കും ഒക്കെ ആയി ആണ് ഓരോ എപ്പിസോഡും മുന്നോട്ട് പോകുന്നത്.

ആദ്യ പ്രണയത്തെപ്പറ്റി റിമി പറയുന്നതിങ്ങനെ…..

എന്റെ ഓർമ്മയിലുള്ള ആദ്യ പ്രണയമെന്ന് പറയുന്നത്. എട്ടിലും ഒൻപതിലും പത്തിലുമൊക്കെ പഠിക്കുന്ന സമയത്താണ്. പാട്ട് പാടുന്ന കൊച്ചെന്ന രീതിയിൽ എന്നെ നാട്ടിൽ എല്ലാവർക്കും തന്നെ അറിയാം. സൺഡേ സ്‌കൂളിൽ പഠിക്കുന്ന സമയത്ത് അവിടെ നിന്നും ജയിച്ച് പോയൊരാള്. എന്നെക്കാളും ഒരു അഞ്ചാറ് വയസ് മൂത്ത പയ്യനാണ്.

എല്ലാവരും ചേട്ടാന്നാണ് വിളിക്കാറുള്ളത്. ആദ്യമൊക്കെ ഞാൻ പാട്ട് പാടുമ്പോൾ വരുന്നതും നോക്കുന്നതുമൊക്കെ കണ്ടപ്പോൾ എനിക്ക് കുറച്ച് മനസിലായി തുടങ്ങി. എന്തോ ഒരിതുണ്ടെന്ന് നമുക്ക് അറിയാം. പിന്നെ പിന്നെ ഞാൻ സ്‌കൂളിലേക്ക് പോകുമ്പോഴും അവിടെ നിന്ന് തിരിച്ച് വരുമ്പോഴൊക്ക പുള്ളി ഓപ്പോസിറ്റ് വരാൻ തുടങ്ങി. അതോടെ എനിക്ക് വലിയ ടെൻഷനൊക്കെയായി.

പിന്നെ ഒരു ദിവസം സൺഡേ സ്‌കൂളിൽ നിന്നും രക്തം ദാനം ചെയ്യാൻ നോക്കിയപ്പോൾ എന്റെയും പുള്ളിയുടെയും ഒ പോസിറ്റീവ് ആണെന്ന് അറിഞ്ഞു. ഇതോടെ പുള്ളിക്കാരൻ അവിടെ എല്ലാവർക്കും ചിലവൊക്കെ കൊടുത്തു. ഇതൊക്കെ ഞാനും അറിയുന്നുണ്ടായിരുന്നു.ആ സമയത്ത് ഒന്ന് നോക്കിയാൽ പോലും വലിയൊരു തെറ്റാണ്. പക്ഷെ അറിയാതെ ഒന്ന് തിരിഞ്ഞ് നോക്കിയിട്ട് ഓടി കളയുമായിരുന്നു.

പിന്നെ ഞാൻ ഗാനമേളയ്ക്ക് ഒക്കെ പോയി തുടങ്ങിയതോടെ പുള്ളിക്കാരൻ എന്തോ പഠിക്കാൻ പോയി. നഴ്‌സ് ആയി വിദേശത്തേക്ക് മാറി. പിന്നെ ഒന്നും എനിക്ക് അറിയില്ല. പക്ഷേ എന്റെ ഉള്ളിൽ നിൽക്കുന്ന ആദ്യ പ്രണയം, ആ ഫീൽ, ഒരു ടെൻഷൻ, നോക്കാനുള്ള ഭയം, ഒരു ഇഷ്ടമൊക്കെ തോന്നിയത് അതിലൂടെയായിരുന്നു. ആ പയ്യൻ ഇതൊക്കെ ഇപ്പോൾ കേൾക്കുന്നുണ്ടെങ്കിൽ പുള്ളിയ്ക്ക് എന്തായാലും മനസിലാവും. അദ്ദേഹം എവിടെയാണെന്ന് പോലും എനിക്കിപ്പോൾ അറിയത്തില്ല

രേഷ്മയുടെ കൊലപാതകത്തിൽ പ്രതി അരുൺ എന്നു പൊലീസ് സംശയിക്കുന്നു. എന്നാൽ പ്രതിയെ കണ്ടെത്താനോ കൊലപാതകത്തിന്റെ തുമ്പു കണ്ടെത്താനോ കഴിയാതെ പൊലീസ്. രേഷ്മയും അരുണും ഒന്നിച്ചു നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യവും നാട്ടുകാരുടെ മൊഴിയുമാണ് ആശ്രയം.

ഇരുവരെയും അവസാനമായി ഒന്നിച്ചുകണ്ടു 15 മിനിറ്റു കഴിഞ്ഞു രേഷ്മയ്ക്കു കുത്തേറ്റു എന്നാണു പ്രാഥമിക നിഗമനം. ഇതാണു പ്രതി അരുൺ എന്നു പൊലീസ് സംശയിക്കാനുള്ള കാരണം. ഉളി പോലുള്ള മൂർച്ചയേറിയ ആയുധം കൊണ്ടാണു മുറിവേറ്റത് എന്നു പരിശോധനയിൽ സ്ഥിരീകരിച്ചു. അരുൺ മരപ്പണിക്കാരനാണ് എന്നതും സംശയം ബലപ്പെടുത്തുന്നു. എന്നാൽ രേഷ്മയെ മുറിവേൽപിച്ച ആയുധം കണ്ടെത്താനായില്ല.

രേഷ്മയ്ക്കു കുത്തേറ്റ സ്ഥലത്തിനു സമീപത്തു നിന്നു കിട്ടിയത് അരുണിന്റെ മൊബൈൽ ഫോൺ ആണെന്നു പൊലീസ് കരുതുന്നു. ബാറ്ററിയും കവറും ഊരി മാറിയ നിലയിലായിരുന്നു ഫോൺ. അതിനാൽ ഫോൺ പിന്തുടർന്നുള്ള അന്വേഷണത്തിനു സാധ്യതയില്ല. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ഇൗ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായാണു കാണുന്നത്.

അരുൺ ഇടുക്കി ജില്ല വിട്ടു പോകാതിരിക്കാൻ വെള്ളിയാഴ്ച രാത്രി തന്നെ നടപടിയെടുത്തെന്നു പൊലീസ് പറയുന്നു. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് എത്തി. അരുണിനെ കണ്ടെത്താതെ സംഭവത്തിനു കൂടുതൽ വ്യക്തത കിട്ടില്ല എന്ന അവസ്ഥയിലാണു പൊലീസ്.

സ്കൂളിൽ നിന്നു രേഷ്മ സാധാരണ ദിവസങ്ങളിൽ വീട്ടിലേക്കു മടങ്ങുന്നത് അമ്മയോടൊപ്പമായിരുന്നു. വാടക വീടുള്ള പവർഹൗസിൽ നിന്നു കുഞ്ചിത്തണ്ണി വരെ നടന്നും തുടർന്നു ബസിലുമാണു രേഷ്മ ബൈസൺവാലിയിലെ സ്കൂളിൽ പോയിരുന്നത്. പവർഹൗസിനടുത്തുള്ള സ്വകാര്യ റിസോർട്ടിലാണു രേഷ്മയുടെ അമ്മ ജെസി ജോലി ചെയ്യുന്നത്.

സ്കൂളിൽ നിന്നു വരുന്ന വഴി ജെസിയോടൊപ്പമാണു വീട്ടിലേക്കു നടന്നു പോകാറുള്ളത്. വെള്ളിയാഴ്ച വൈകിട്ട് 5 വരെ ജെസി രേഷ്മ വരുന്നതും കാത്തു നിന്നു. തുടർന്നു തനിയെയാണു വീട്ടിലേക്കു പോയത്. ഉടനെ തന്നെ വെള്ളത്തൂവൽ പൊലീസിൽ വിവരമറിയിച്ചു. സ്കൂളിൽ നിന്നു വൈകിട്ട് പതിവുപോലെ മടങ്ങിയെന്നാണു ക്ലാസിലെ സഹപാഠികളുടെ മൊഴി.

രേഷ്മയുടെ വീട്ടിൽ വരാറുള്ള ബന്ധുവാണ് അരുൺ എന്നു രേഷ്മയുടെ പിതാവ് രാജേഷ് പറയുന്നു. കുടുംബത്തിൽ എല്ലാവരോടും ഏറെ സ്നേഹത്തോടെയാണ് അരുൺ പെരുമാറിയിരുന്നതെന്നും സംശയകരമായി ഒന്നും തോന്നിയിട്ടില്ലെന്നും രാജേഷ് പറഞ്ഞു. 18 വർഷം മുൻപു കോതമംഗലം വടാട്ടുപാറയിൽ നിന്നു പള്ളിവാസൽ പവർഹൗസിലെത്തിയ രാജേഷ് കൂലിപ്പണി ചെയ്യുന്നയാളാണ്.

സംശയത്തെ തുടർന്ന് ഭർത്താവ് ലോഡ്ജിലെത്തിച്ച് കഴുത്തറുത്ത് ഗുരുതരമായി പരിക്കേൽപ്പിച്ച ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം എടക്കര പാർളി സ്വദേശി കുണ്ടൂപറമ്പിൽ സലീന (42)യാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഫെബ്രുവരി 13ന് രാത്രിയാണ് സലീനയെ ഭർത്താവ് മേപ്പയൂർ സ്വദേശി പത്താംകാവുങ്ങൽ കെവി അഷ്‌റഫ്(38) വിളിച്ചുവരുത്തി കൊലപ്പെടുത്താൻ  നോക്കിയത് . അഷ്‌റഫിനെ സംഭവദിവസം തന്നെ കസബ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

കോഴിക്കോട് മാവൂർ റോഡിലെ ലോഡ്ജിലെ മുറിയിൽ രാത്രി 10.45 ഓടെ അഷ്‌റഫ് കത്തിയുപയോഗിച്ച് സലീനയുടെ കഴുത്തറുക്കാൻ ശ്രമിക്കുകയായിരുന്നു. സലീന നിലവിളിച്ചതോടെ ആളുകൾ കൂടി. ഇതോടെ സലീന സ്വയം കഴുത്തിൽ കുത്തി പരിക്കേൽപിക്കുകയായിരുന്നുവെന്നാണ് അഷ്‌റഫ് പറഞ്ഞത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ സലീന ഒറ്റക്കാണ് ഓട്ടോയിൽ ആശുപത്രിയിലെത്തിയത്. ബോധരഹിതയാവുന്നതിനുമുമ്പ് ഭർത്താവാണ് തന്റെ കഴുത്തിൽ കത്തിയുപയോഗിച്ച് പരിക്കേൽപ്പിച്ചതെന്ന് ഇവർ ആശുപത്രിയിൽ എഴുതി നൽകുകയും ചെയ്തിരുന്നു.

സലീനയ്ക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ ഇവരുടെ കൂടെ ഒന്നരവയസ്സുളള മകൾ അഫ്രിനും കൂടെയുണ്ടായിരുന്നു. മെഡിക്കൽ കോളജ് വെന്റിലേറ്ററിലായിരുന്ന സലീന ശനിയാഴ്ച രാവിലെ 11.45 ഓടെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മുൻ പ്രവാസികൂടിയായ ഭർത്താവ് അഷ്‌റഫ്, എരഞ്ഞിപ്പാലത്ത് ലേഡീസ് ഹോസ്റ്റൽ നടത്തുന്ന സലീനയെ സംശയത്തെ തുടർന്നാണ് ലാഡ്ജിൽവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും കൊലപാതക ശ്രമത്തിൽ അറസ്റ്റിലായ ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും കസബ പോലീസ് പറഞ്ഞു.

നവദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി ലഭിച്ചത് പെട്രോളും ഗ്യാസ് സിലിണ്ടറും. സുഹൃത്തുക്കളാണ് തികച്ചും വ്യത്യസ്തമായ സമ്മാനം നവദമ്പതികള്‍ക്ക് നല്‍കിയത്. പെട്രോളിന്റെ വില തുടച്ചയായി ഉയരുന്ന സാഹചര്യത്തിലാണ് വിലയേറിയ സമ്മാനവുമായി സുഹൃത്തുക്കള്‍ വിവാഹ വേദിയില്‍ എത്തിയത്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരു കന്നാസ് പെട്രോള്‍, ഒരു ഗ്യാസ് സിലിണ്ടര്‍ എന്നിവയ്ക്ക് പുറമേ സവാളയും സുഹൃത്തുക്കള്‍ സമ്മാനമായി നല്‍കി. സമ്മാനം നല്‍കിയ ശേഷം സുഹൃത്തുക്കള്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്നതും വധു ചിരിയടക്കാന്‍ പാടുപെടുന്നതും വീഡിയോയില്‍ കാണാം.

തുടര്‍ച്ചയായ വില വര്‍ധനവില്‍ നേരിയ ആശ്വാസമായി പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്ന് വര്‍ധനവില്ല. തുടര്‍ച്ചയായ പതിമൂന്ന് ദിവസത്തെ വര്‍ധനയ്ക്ക് ശേഷമാണ് ഇന്ധന വിലയില്‍ മാറ്റമില്ലാതെ ഇരിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 90.85 രൂപയാണ്.

ഡീസല്‍ ലിറ്ററിന് 85.49 രൂപയും. തിരുവനന്തപുരത്ത് പെട്രോളിന് 92.69 രൂപയായി. ഡീസലിന് ലിറ്ററിന് 87.22 രൂപയുമായി ഉയര്‍ന്നു. ഈ മാസം ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് കൂടിയത്. ഇന്നലെ ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് വര്‍ധിച്ചത്. ഇന്ധനവിലയില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധനവായിരുന്നു ഇത്.

ഇന്ധന വില വര്‍ധന തടയാന്‍ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭീമമായ നികുതി നഷ്ടം ഉണ്ടാകുമെന്നതിനാല്‍ സംസ്ഥാനങ്ങള്‍ ഈ നിര്‍ദേശത്തോട് യോജിച്ചേക്കില്ല.

 

RECENT POSTS
Copyright © . All rights reserved