Latest News

കല്ലുവാതുക്കലില്‍ അമ്മ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസില്‍ അമ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. സൈബര്‍ സെല്ലുവഴി പോലീസ് ഫേസ്ബുക്കിനെ സമീപിച്ചു. എന്നാല്‍ ഫേസ്ബുക്കിന്റെ സേവനം ലഭിക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നാണു വിവരം.

അനന്ദു എന്ന പേരിലെ ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് രേഷ്മയ്ക്ക് മെസേജുകള്‍ എത്തിയിരുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്ത് പറഞ്ഞതു പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്ന രേഷ്മയുടെ മൊഴിയാണ് അന്വേഷണത്തിന് ആധാരം.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇത്തിക്കരയാറില്‍ ചാടി ആത്മഹത്യ ചെയ്ത യുവതികളില്‍ ഒരാള്‍ വ്യാജ ഐഡിയിലൂടെ രേഷ്മയെ കബളിപ്പിക്കാന്‍ ശ്രമിച്ചോയെന്നും പാരിപ്പള്ളി പോലീസ് അന്വേഷിക്കുന്നുണ്ട്. മരിച്ച ആര്യയുടെയും ഗ്രീഷ്മയുടെയും ഫോണ്‍ കോളുകളും ഫേസ്ബുക്ക് അക്കൗണ്ടും വിശദമായി പരിശോധിക്കും.

കാറിനുള്ളിൽ വെച്ച് പെൺകുട്ടിയെ ക്രൂരമായി യുവാവ് മർദിച്ചതായി പരാതി. നാട്ടുകാർ കാർ തടഞ്ഞാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ മുൻ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗത്തിന്റെ മകനും പാറ്റൂർ സ്വദേശിയുമായ അശോകിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.

മദ്യപിച്ച് അർധബോധാവസ്ഥയിലായിരുന്നു യുവാവ്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പിഎംജി ലോ കോളജ് ജംക്‌ഷനിലായിരുന്നു സംഭവം. കാറിനുള്ളിൽ നിന്നു പെൺകുട്ടിയുടെ നിലവിളി കേട്ടതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. ജനറൽ ആശുപത്രിയിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിനിടെ സ്കൂട്ടർ കുറുകെ നിർത്തി നാട്ടുകാരിലൊരാൾ കാർ തടഞ്ഞു.

കാർ നിർത്തിയതിന് ശേഷം യുവാവ് പെൺകുട്ടിയെ കാറിൽ നിന്നിറക്കി നാട്ടുകാരുടെ മുന്നിൽ വെച്ച് വീണ്ടും മർദിച്ചു. ഇതോടെ നാട്ടുകാരും യുവാവും തമ്മിലായി വാക്കേറ്റമായി. അഡ്വേക്കറ്റാണെന്നും മുൻ മന്ത്രിയുടെ സ്റ്റാഫിന്റെ മകനാണെന്നും ആക്രോശിച്ചശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു.

ഈ സമയം സ്കൂട്ടറിലെത്തിയ രണ്ടു യുവതികൾ സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. പൊലീസെത്തി യുവാവിനെയും പെൺകുട്ടിയെയും സ്റ്റേഷനിലേക്ക് മാറ്റി. ഐടി മേഖലയിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. ഇവർ സുഹൃത്തുക്കളാണ്. ഇരുവരെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി. പൊതു സ്ഥലത്തു ബഹളമുണ്ടാക്കൽ, സ്ത്രീകൾക്ക് മർദനം, മദ്യപിച്ചു വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം യുവാവിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസിനെ ഡെങ്കിപ്പനിയെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ രോഗം മൂര്‍ച്ഛിച്ചതോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. സഹോദരിയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അസുഖം ഭേദമായെന്നും സഹോദരി അറിയിച്ചിരുന്നു. പിന്നാലെ വീഡിയോയിലൂടെ സാന്ദ്രാ പ്രേക്ഷകരിലേക്കും എത്തിയിരുന്നു.

താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും, സുഖവിവരം അന്വേഷിച്ച ആളുകളെക്കുറിച്ചും സാന്ദ്ര വീഡിയോയിലൂടെ പറഞ്ഞിരുന്നു. മമ്മൂക്കയൊക്കെ അസുഖത്തെക്കുറിച്ച് ചോദിച്ച് വിളിച്ചു, എന്നാല്‍ ഒരാഴ്ച ഐസിയുവില്‍ കിടന്നിട്ട് വിളിച്ച് നോക്കാത്തവരെക്കുറിച്ചും സാന്ദ്ര പറഞ്ഞു.

എടുത്തുപറയേണ്ട ഒരുപാട് സന്തോഷങ്ങളുണ്ടെന്ന് പറഞ്ഞാണ് നടി തന്റെ വീഡിയോയില്‍ സംസാരിച്ചത്. പ്രത്യേകിച്ച് മമ്മൂക്കയെ പോലെയുളളവരൊക്കെ എപ്പോഴും കാര്യങ്ങള്‍ അന്വേഷിച്ച് വിളിച്ചു. പിന്നെ എടുത്തുപറയേണ്ടത് സിനിമ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ക്ക് വേണ്ടി ഘോര ഘോരം പ്രസംഗിക്കുന്ന ആളുകളുണ്ട്. ഡബ്യൂസിസിയുണ്ട്, മറ്റേ സിസിയുണ്ട്, മറച്ചേ സിസിയുണ്ട്, എല്ലാ സിസിയുമുണ്ട്

എന്നാല്‍ ഒരാഴ്ച ഞാന്‍ ഐസിയുവില്‍ കിടന്നിട്ട് ഒരു സ്ത്രീജനം, ഒരെണ്ണം പോലും എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല, സാന്ദ്ര തോമസ് പറയുന്നു. അതേസമയം നിര്‍മ്മാതാക്കളുടെ സംഘടനയിലുളള എല്ലാ നിര്‍മ്മാതാക്കളും എന്റെ വിവരങ്ങള്‍ അന്വേഷിച്ച് വിളിച്ചു. മൂന്ന് പെണ്‍കുട്ടികള്‍ ഇവിടെ മരിച്ചില്ലെ. മരിച്ച് കഴിഞ്ഞപ്പോള്‍ എല്ലാ സംഘടനകളും കൊടി കുത്തി വരും

പക്ഷേ അതുവരെ തിരിഞ്ഞുനോക്കില്ല. ഒരെണ്ണം പോലും തിരിഞ്ഞുനോക്കില്ല. വര്‍ത്തമാനം പറയാന്‍ എല്ലാവരും ഉണ്ട് യൂടൂബ് വീഡിയോയില്‍ സാന്ദ്ര തോമസ് പറഞ്ഞു.

മുണ്ടക്കയത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു. കൂട്ടിക്കല്‍ സ്വദേശി ഷെമീറിന്റെ ഭാര്യ ലൈജീനയാണ് മകളെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത്.

മകള്‍ പന്ത്രണ്ട് വയസുകാരിയായ ഷംനയാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം.

പിന്നാലെ ലൈജീന കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലിസ് പറയുന്നത്.

രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ‘ഗുരു’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അപൂര്‍വ്വ അനുഭവത്തെക്കുറിച്ച് പങ്കുവെച്ച് സംവിധായകനും നടനുമായ മധുപാല്‍. രാജസേനന്‍ സംവിധാനം ചെയ്ത ‘വാര്‍ധക്യപുരാണം’ എന്ന സിനിമയില്‍ ‘വൈശാഖന്‍’ എന്ന പ്രതിനായക കഥാപാത്രത്തെ മനോഹരമാക്കിയ മധുപാല്‍ നടനെന്ന നിലയില്‍ കൂടുതല്‍ ജനപ്രീതി നേടിയത് ഈ ചിത്രത്തോടെയാണ്.

‘അഭിനയിച്ച സിനിമകളില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് ‘ഗുരു’. അതില്‍ ലാലേട്ടനുമായി അഭിനയിച്ച നിമിഷം മറക്കാന്‍ കഴിയാത്തതാണ്. നാല്‍പ്പത് ദിവസത്തോളം ചിത്രീകരണമുണ്ടായിരുന്നു. മറ്റൊരു നടനുമായി അഭിനയിച്ചപ്പോഴൊന്നും ഞാനിത്ര ഉള്ളു നിറഞ്ഞു സന്തോഷിച്ചിട്ടില്ല.

‘കാശ്മീരം’ സിനിമയിലൊക്കെ ഞാന്‍ അപ്രതീക്ഷിതമായി എത്തിപ്പെട്ടതായിരുന്നു. ലാലേട്ടനുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്ത നിമിഷമാണ് ഒരു ആക്ടര്‍ എന്ന നിലയില്‍ ഞാനും അംഗീകരിക്കപ്പെട്ടു എന്ന് തോന്നിയത്’. അദ്ദേഹം പറഞ്ഞു.

നൂറിലധികം സിനിമകളില്‍ വില്ലനായും സ്വഭാവ നടനായുമൊക്കെ മധുപാല്‍ അഭിനയിച്ചിട്ടുണ്ട്. 1997-ല്‍ ഭാരതീയം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി. കൈരളി ചാനലിനുവേണ്ടി ‘ആകാശത്തിലെ പറവകള്‍’ എന്ന ടെലിഫിലിം സംവിധാനം ചെയ്തുകൊണ്ടാണ് മധുപാല്‍ സംവിധാനരംഗത്ത് തുടക്കം കുറിയ്ക്കുന്നത്.

കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച് സഹപ്രവർത്തകയുമായി ചുംബിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന്​ പിന്നാലെ വിമർശനങ്ങളെ തുടര്‍ന്ന് യു.കെ ആരോഗ്യ സെക്രട്ടറി മാറ്റ്​ ഹാൻകോക്​​ രാജിവെച്ചു. ഹാൻകോകി​ൻെറ രാജി പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ സ്വീകരിച്ചു.

കുടുംബാംഗങ്ങളല്ലാത്തവരുമായി ആലിംഗനം പോലും വിലക്കിയിരുന്ന സമയത്ത് സഹപ്രവർത്തക ജീന കൊളാഞ്ചലോയെ മന്ത്രി ചുംബിച്ചതാണ് രാജിയിലേക്ക് നയിച്ചത്.

ത​ൻെറ ഓഫിസിലെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ യുവതിയെ ഹാന്‍കോക് ചുംബിക്കുന്ന ചിത്രം ‘ദി സണ്‍’ പത്രമാണ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. പിന്നാലെ ആരോഗ്യ സെക്രട്ടറി തന്നെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന ആരോപണം ഉയരുകയായിരുന്നു. തുടർന്ന്​ ആരോഗ്യ സെക്രട്ടറി മാപ്പ്​ പറഞ്ഞ്​ രംഗത്തെത്തുകയും ചെയ്​തിരുന്നു.

മേയ് ആറാം തീയതിയിലെ സി.സി.ടി.വി ദൃശ്യമാണ് ചിത്രമെന്ന് പത്രം വ്യക്തമാക്കിയിരുന്നു. മേയ് ആറ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് ബ്രിട്ടനില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചിരുന്നത്.

ഇതോടെ ലോക്ഡൗണ്‍ മാനദണ്ഡങ്ങൾ ആരോഗ്യ സെക്രട്ടറി തന്നെ ലംഘിച്ചതിനാൽ വന്‍ പ്രതിഷേധം ഉയരുകയായിരുന്നു. ഹാന്‍കോക്കിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രംഗത്തെത്തുകയും ചെയ്​തിരുന്നു. തുടർന്നാണ്​ രാജി പ്രഖ്യാപനം.

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺകുമാറും കുടുംബവും വിസ്മയയെ നിരന്തരം പീഡിപ്പിച്ചതിന് കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഭർതൃവീട്ടിലെ മാനസിക പീഡനത്തിൽ ബുദ്ധിമുട്ടിലായ വിസ്മയ ആശ്വാസം തേടി എറണാകുളത്തെ കൗൺസിലിങ് വിദഗ്ധനെ സമീപിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

കിരണും കുടുംബവും കാരണം തന്റെ പഠനം മുടങ്ങിപ്പോവുവെന്നും എന്ന് വിസ്മയ പങ്കുവെച്ചിരുന്നെന്ന് കൗൺസിലിങ് വിദഗ്ധൻ പൊലീസിനോട് പറഞ്ഞു. വിസ്മയ വിവരങ്ങൾ പങ്കുവെച്ചിരുന്ന സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.

സ്ത്രീധന പീഡനത്തിന്റെ പരമാവധി തെളിവുകൾ ശേഖരിക്കുന്നതിനായി കിരണിനെതിരെ ലഭിക്കാവുന്ന എല്ലാ മൊഴികളും രേഖപ്പെടുത്തണമെന്ന് അന്വേഷണ മേൽനോട്ടം വഹിക്കുന്ന ഐ.ജി. ഹർഷിത അട്ടല്ലൂരി നിർദേശിച്ചിരുന്നു.വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാൻ പൊലീസിനായിട്ടില്ല.

തറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നൽകിയ മൊഴി. എന്നാൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ തന്നെക്കാൾ അൽപം മാത്രം ഉയരക്കൂടുതലുള്ള ജനൽ കമ്പിയിൽ എങ്ങനെ തൂങ്ങിമരിക്കുമെന്ന സംശയം പൊലീസിനെ തുടക്കം മുതൽ കുഴക്കുകയാണ്. ഇതുവരെ ലഭിച്ച മൊഴികൾ അനുസരിച്ച് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ വിസ്മയയെ കണ്ടതു കിരൺ മാത്രമാണ്. ഇതും ദുരൂഹതകൾ വർധിപ്പിക്കുന്നു.വിസ്മയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.

ജോജി പോലുള്ള സിനിമകൾ എന്തുകൊണ്ടാണ് തന്നെ വെച്ച് ചെയ്യാത്തതെന്ന് സംവിധായകൻ ദിലീഷ് പോത്തനോടും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനോടും ചോദിച്ചിരുന്നതായി നടൻ പൃഥ്വിരാജ്. ദിലീഷും ശ്യാം പുഷ്കരനും തന്റെ വീട്ടിൽ വന്ന് ഒരു വലിയ സിനിമ ചെയ്യണമെന്ന് പറഞ്ഞിരുന്നു . എന്നാൽ ജോജി പോലത്തെ സിനിമകൾ എന്തുകൊണ്ടാണ് എന്നെ വെച്ച് എടുക്കുന്നില്ലെന്നായിരുന്നു അവരോട് ഞാൻ ചോദിച്ചത് . വലിയ സിനിമകളുടെ ഭാഗമാകുവാൻ വേണ്ടിയാണ് ഫിലിം മേക്കേഴ്‌സ് കൂടുതലായും തന്നെ സമീപിക്കുന്നതെന്നും എന്നാൽ യാഥാർഥ്യങ്ങളുമായി ചേർന്ന് നിൽക്കുന്ന ചെറിയ സിനിമകളിൽ അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു

ഞാൻ ഫഹദിനും ദുൽഖറിനുമൊപ്പമാണ് കൂടുതലായും ഹാംഗ്ഔട്ട് ചെയ്യുന്നത്. പക്ഷെ ഫഹദിനും ദുൽഖറിനും മുൻപുള്ള തലമുറയിലാണ് നടനെന്ന രീതിയിൽ എന്നെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ‘ന്യൂ ഏജ് ഫിലിംസ്’ എന്ന ടെർമിനോളജി മാത്രമാണ് പുതിയത്. എന്നാൽ സിറ്റി ഓഫ് ഗോഡ്സ് എന്ന സിനിമയാണ് പുതിയ രീതിയിലുള്ള ഫിലിം മേക്കിങിന് ഉദാഹരണമായി ചൂണ്ടികാണിക്കാവുന്ന ആദ്യത്തെ ചിത്രം. അവിശ്വസനീയമായ രീതിയിലായിരുന്നു ആ സിനിമയുടെ മേക്കിങ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സിനിമയുടെ സംവിധായകൻ. എന്നാൽ ബോക്‌സോഫീസിൽ ചിത്രം പരാജയമായിരുന്നു. സിനിമയെക്കുറിച്ച് എനിക്ക് അഭിമാനമാണുള്ളത്. ആ സിനിമ സംവിധാനം ചെയ്യാമെന്നും വിചാരിച്ചിരുന്നു. അപ്പോഴാണ് രാവണനിലേക്ക് മണി രത്നത്തിന്റെ കാൾ വരുന്നത്.

കെ ജി ജോർജ് ഒരു ന്യൂ ജെൻ ഫിലിംമേക്കറാണെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രേക്ഷകരെ അത്രത്തോളം സ്വാധീനിക്കുന്ന സിനിമകളായിരുന്നു അദ്ദേഹം സംവിധാനം ചെയ്തിരുന്നത് . പക്ഷെ ആ സമയത്തൊന്നും ന്യൂ ജെൻ എന്ന ടെർമിനോളജി ആരും ഉപയോച്ചിരുന്നില്ല. മലയാളത്തിലെ പോലീസ് സിനിമകൾ പരിശോധിക്കുകയാണെങ്കിൽ ‘വർഗം’ ഒരു ന്യൂ ജെൻ സിനിമയാണ്. എന്നാൽ അതൊരു ന്യൂ ജെൻ സിനിമയായി പരിഗണിക്കപ്പെട്ടിട്ടില്ല. മലയാളത്തിലെ പോപ്പുലറായ ന്യൂ ജെൻ ഫിലിം മേക്കറുടെ കൂടെയൊന്നും ഞാൻ വർക്ക് ചെയ്തിട്ടില്ല. എന്നാൽ അവരുടെ സിനിമയുടെ ഭാഗമാകണമെന്ന് അത്രത്തോളം ഞാൻ ആഗ്രഹിക്കുന്നുണ്ട്. യാഥാർഥ്യങ്ങളുമായി ചേർന്ന് നിൽക്കുന്ന ചെറിയ സിനിമകളിൽ അഭിനയിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. ദിലീഷും ശ്യാം പുഷ്കരനും എന്റെ വീട്ടിൽ ഒരിക്കൽ വന്നിരുന്നു. നമുക്കൊരു വലിയ സിനിമയെടുക്കണമെന്ന് പറഞ്ഞു. നിങ്ങൾ എന്തുക്കൊണ്ടാണ് ജോജി പോലൊരു സിനിമ എന്നെ വെച്ച് എടുക്കാത്തത് എന്നായിരുന്നു എന്റെ ചോദ്യം. വലിയ സിനിമകളുടെ ഭാഗമാകുവാൻ വേണ്ടിയാണ് എന്നെ കൂടുതൽ പേരും സമീപിക്കുന്നത്.

അടിപിടി കേസിൽ പ്രതിയായ യുവാവ് മദ്യപിച്ചെത്തി കഴിഞ്ഞ ദിവസം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പെട്രോളോഴിച്ചു ആത്മഹത്യശ്രമം നടത്തി. സംഭവം കണ്ടുനിന്ന ഹോം ഗാർഡ്  സമയോചിതമായ ഇടപെടൽ മൂലം യുവാവിനെ കിഴ്പ്പെടുത്തിയത് കൊണ്ട് ഒരു ദുരന്തം ഒഴിവായി. യുവാവിന്റെ ജീവൻ രക്ഷിച്ച ഹോം ഗാർഡ് വർഗീസ് ആന്റണി പുരക്കൽ കുട്ടനാട് പുളിങ്കുന്ന് സ്വദേശിയാണ്.

ഹോം ഗാർഡ് വർഗീസ് ആന്റണി പുരക്കൽ

18 വർഷത്തോളം ജവാനായിരുന്ന ബേബി (വർഗീസ് ആന്റണി) ഇപ്പോൾ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ഹോം ഗാർഡ് ആയി ജോലി ചെയ്തു വരികയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ എട്ടുമണിക്കാണ് സംഭവം. സ്ഥിരം ശല്യക്കാരനായ യുവാവ് അയൽവാസിയുമായി പൊതുനിരത്തിൽ അടിപിടി ഉണ്ടാക്കിയതിന് പോലീസ് കേസ് എടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചു യുവാവ് കുപ്പിയിൽ പെട്രോളുമായി വന്നു സ്റ്റേഷന് മുൻപിൽ നിന്ന് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീപ്പട്ടിയുമായി നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.

ആദ്യം തടയാനെത്തിയ പോലീസുകാരനുമായി മൽപ്പിടുത്തം ഉണ്ടായി. പൊലിസുകാർക്കും പരുക്കേറ്റു. തുടർന്ന് അവസരോചിതമായ വർഗീസ് ഇടപെട്ടു തീപ്പട്ടി തട്ടി തെറിപ്പിച്ചു കളഞ്ഞു പ്രതിയെ കിഴ്‌പ്പെടുത്തുകയായിരുന്നു. പ്രതിയെ താലൂക്ക് ഹോസ്പറ്റലിൽ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. പരുക്കേറ്റ പോലീസുകാരൻ പ്രകാശനെയും ആശുപത്രിൽ പ്രവേശിപ്പിച്ചു. നിരവധി അടിപിടി കേസുകളിൽ പ്രതിയാണ് വിഷ്ണു പ്രദീപ് (26) എന്ന് പോലീസുകാർ പറഞ്ഞു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഹോം ഗാർഡ് വർഗീസ് ആന്റണിയെ ചിങ്ങവനം ഇൻസ്‌പെക്ടറുടെ നേത്രത്തിൽ പോലീസുകാർ അഭിനന്ദിച്ചു.

  ബിജോ തോമസ് അടവിച്ചിറ

ഇതുവരെ ലഭിച്ചിട്ടില്ലാത്ത തരം ആദിമ മനുഷ്യന്റെ ഫോസിൽ ഇസ്രയേലിൽ നിന്ന് കണ്ടെത്തി. സിമന്റ് പ്ലാന്റ് നിർമാണത്തിന് കുഴിയെടുക്കുമ്പോഴാണ് അപൂർവമായ മനുഷ്യന്റെ ഫോസിൽ ലഭിച്ചത്. ഇതിന്റെ പഴക്കം നിർണയിച്ചപ്പോൾ വലിയ ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. തലയോട്ടി, പല്ല് തുടങ്ങിയവയുടെ പഴക്കം 130,000 വര്‍ഷമാണെന്ന് അനുമാനിക്കുന്നതായി ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെയും ജറുസലേമിലെ ഹീബ്രു യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരും വ്യക്തമാക്കുന്നു.

പുതുതായി കണ്ടെത്തിയ മനുഷ്യനു ഗവേഷകർ പേരും ‘നെഷര്‍ റാംലാ ഹോമോ’ (Nesher Ramla Homo) എന്നാണ് പേരിട്ടിരിക്കുന്നത്. നെഷര്‍ റാംലാ ഹോമോ, മനുഷ്യരുടെ പൂര്‍വികര്‍ക്കൊപ്പം 100,000 ലേറെ വര്‍ഷങ്ങള്‍ ജീവിച്ചിരിക്കാമെന്ന അനുമാനവും ശാസ്ത്രജ്ഞര്‍ നടത്തുന്നുണ്ട്. നെഷര്‍ ഹോമോ ആദ്യം ഉണ്ടായത് 400,000 വര്‍ഷം മുൻപായിരിക്കാമെന്നും അനുമാനിക്കുന്നു.
നെഷര്‍ ഹോമോ വംശത്തിലുള്ളവര്‍ക്ക് വലിയ പല്ലുകള്‍ ഉണ്ടായിരുന്നു. അതേസമയം താടി ഉണ്ടായിരുന്നില്ല. ഇവര്‍ ഹോമോ നിയാന്‍ഡര്‍താള്‍ മനുഷ്യരുടെ പൂര്‍വികരായിരിക്കാമെന്നും അനുമാനിക്കപ്പെടുന്നു.

ഇതുവരെ കരുതി വന്നിരുന്നത് നിയാന്‍ഡര്‍താള്‍ മനുഷ്യരുടെ പൂര്‍വികര്‍ യൂറോപ്പിലാണ് ഉടലെടുത്തത് എന്നായിരുന്നു. നെഷര്‍ ഹോമോയുടെ കണ്ടെത്തല്‍ പ്രകാരം നേരത്തെയുണ്ടായിരുന്ന അനുമാനം തെറ്റായിരുന്നുവെന്നു തെളിയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ശാസ്ത്ര ലോകം. ശാസ്ത്രത്തിന് അതിപ്രധാനമായ ഒരുകണ്ടെത്തലാണ് പുതിയ തരം ഹോമോ വകഭേദത്തിന്റേതെന്ന് ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയില്‍ നിന്നെത്തിയ ഗവേഷകരില്‍ ഒരാളായ ഹെര്‍ഷ്‌കൊവിറ്റ്‌സ് പറഞ്ഞു.

ഇസ്രയേലില്‍ നിന്ന് ആദ്യമായാണ് ഇത്തരം ഒരു കണ്ടെത്തല്‍ നടന്നിരിക്കുന്നത്. നെഷര്‍ റാംലാ വിഭാഗത്തിനു കല്ലുവച്ചുള്ള ഉപകരണങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ടായിരുന്നുവെന്നും ആധുനിക മനുഷ്യരുടെ പൂര്‍വികരുമായി ഇടപെട്ടിരുന്നുവെന്നും ഗവേഷകര്‍ കരുതുന്നു.

RECENT POSTS
Copyright © . All rights reserved