Latest News

വാട്‌സാപ്പ് പോലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകള്‍ക്ക് പകരമായി നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.സി.) സന്ദേശ് (Sandes)എന്ന പേരില്‍ പുതിയ മെസേജിങ് ആപ്പ് പുറത്തിറക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയവിനിമയം നടത്തുന്നതിനായി വാട്‌സാപ്പിനെ പോലെ തയ്യാറാക്കിയ ഗവണ്‍മെന്റ് ഇന്‍സ്റ്റന്റ് മെസേജിങ് സിസ്റ്റം (GIMS) പരിഷ്‌കരിച്ചാണ് സന്ദേശ് അവതരിപ്പിച്ചിരിക്കുന്നത്.

സന്ദേശ് ആപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സാധാരണ വ്യക്തികള്‍ക്കും ഒരുപോലെ ഉപയോഗിക്കാനാവും. സന്ദേശ് എന്ന ഹിന്ദി വാക്കിന്റെ അര്‍ത്ഥം മലയാളത്തില്‍ സന്ദേശം എന്നാണ്.

വാട്‌സാപ്പിനെ പോലെ തന്നെ സന്ദേശും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനോടുകൂടിയ മെസേജിങ് ആപ്പ് ആണ്. സന്ദേശങ്ങള്‍ അയക്കാനും, ചിത്രങ്ങള്‍, വീഡിയോകള്‍, കോണ്‍ടാക്റ്റുകള്‍ എന്നിവ അയക്കാനും ഇത് ഉപയോഗിക്കാം. ഗ്രൂപ്പ് ചാറ്റ് സൗകര്യവും ഇതിലുണ്ട്. അതേസമയം സംവാദ് (SAMVAD) എന്ന പേരില്‍ മറ്റൊരു ആപ്ലിക്കേഷന്‍ അണിയറിലാണെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല.

സര്‍ക്കാരിന്റെ ജിംസ് (GIMS) നിന്ന് സന്ദേശിന്റെ എ.പി.കെ. (APK) ഫയല്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് വേണം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍. ആന്‍ഡ്രോയിഡ് 5.0 പതിപ്പിലും അതിന് ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് സന്ദേശ് പ്രവര്‍ത്തിക്കുക.

ഐഓഎസ് ഉപയോക്താക്കള്‍ക്ക് ആപ്പ്‌സ്റ്റോറില്‍ നിന്ന് സന്ദേശ് ഡൗണ്‍ലോഡ് ചെയ്യാം.

മൊബൈല്‍ നമ്പറോ ഇമെയില്‍ ഐഡിയോ നല്‍കി സന്ദേശില്‍ ലോഗിന്‍ ചെയ്യാം. സര്‍ക്കാര്‍ ഐ.ഡികള്‍ക്ക് മാത്രമേ ഇമെയില്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ പറ്റൂ. ജിമെയില്‍ ഉള്‍പ്പടെയുള്ള ഇമെയില്‍ സേവനങ്ങളുടെ ഐ.ഡി. സന്ദേശ്‌ സ്വീകരിക്കില്ല.

ഗ്ലാസ്, പ്ലാസ്റ്റിക് എന്നിവയെ അപേക്ഷിച്ച് തുണിയിലും പേപ്പറിലും കൊറോണവൈറസ് കുറച്ചു സമയം മാത്രമേ തങ്ങി നിൽക്കൂ എന്ന് ബോംബെ ഐ ഐ ടി ഗവേഷകർ.

കോവിഡ് 19 നു കാരണമാകുന്ന സാർസ് കോവ് 2 വൈറസ് ശ്വസന കണികകളിലൂടെയാണ് പ്രേക്ഷണം ചെയ്യപ്പെടുന്നത്. ഇത് പതിക്കുന്ന പ്രതലങ്ങൾ അണുബാധ വ്യാപിക്കാൻ കാരണമാകുന്നു.

സുഷിരങ്ങളുള്ളതും ഇല്ലാത്തതുമായ (impermeable – വായുവും ജലവും കടക്കാത്ത പ്രതലം) പ്രതലങ്ങളിൽ ഈ കണികകൾ പതിച്ചാൽ അവ ഡ്രൈ ആകുന്നതിനെക്കുറിച്ച് ‘ഫിസിക്സ് ഓഫ് ഫ്‌ളൂയിഡ്‌സ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം വിശകലനം ചെയ്‌തു.

സുഷിരങ്ങളുള്ള പ്രതലങ്ങളിൽ ദ്രാവക രൂപത്തിൽ കണികകൾ വളരെ കുറച്ചു സമയം മാത്രമേ നിൽക്കുന്നുള്ളൂ എന്നു കണ്ടു. അതുകൊണ്ടുതന്നെ വൈറസ് ഏറെ നേരം ഈ പ്രതലങ്ങളിൽ നിലനിൽക്കില്ല.

എന്നാൽ ഗ്ലാസ് പ്രതലത്തിൽ നാലു ദിവസവും പ്ലാസ്റ്റിക്കിലും സ്റ്റെയ്ൻലെസ് സ്റ്റീലിലും ഏഴു ദിവസവും വൈറസിന് നിലനിൽക്കാനാകുമെന്നും പഠനത്തിൽ കണ്ടു. പേപ്പറിൽ മൂന്നു മണിക്കൂറും വസ്ത്രത്തിൽ രണ്ടു ദിവസവും മാത്രമാണ് വൈറസ് നിലനിന്നതെന്നും പഠനം പറയുന്നു.

ഹോസ്പിറ്റലുകളിലെയും ഓഫീസുകളിലെയും ഗ്ലാസ്, സ്റ്റെയ്ൻലെസ്സ്റ്റീൽ അല്ലെങ്കിൽ ലാമിനേറ്റഡ് വുഡ് എന്നിവ കൊണ്ടുണ്ടാക്കിയ ഫർണിച്ചറുകൾ തുണി കൊണ്ട് മൂടുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ബോംബെ ഐഐടി ഗവേഷകനായ സംഘമിത്രോ ചാറ്റർജി പറയുന്നു. പൊതു സ്ഥലങ്ങളായ പാർക്കുകൾ, ഷോപ്പിങ് മാളുകൾ, റസ്റ്ററന്റുകൾ, റെയിൽവേ, എയർ പോർട്ട് കാത്തിരുപ്പ് മുറികൾ തുടങ്ങിയ സ്ഥലങ്ങളിലെ സീറ്റുകളും രോഗ വ്യാപനം തടയാൻ തുണി കൊണ്ട് മൂടണമെന്ന് പഠനം നിർദേശിക്കുന്നു.

ശ്വസന കണികകളിലെ ദ്രാവക അംശം 99.9 ശതമാനവും എല്ലാ പ്രതലങ്ങളിൽ നിന്നും ഏതാനും മിനിറ്റ് കൊണ്ട് ബാഷ്‌പീകരിച്ചു പോകുമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ സൂക്ഷ്‌മമായ ദ്രാവക പാളി ഈ പ്രതലങ്ങളിൽ അവശേഷിക്കും. ഇതിൽ വൈറസിന് നില നിൽക്കാനാകുമെന്ന് കണ്ടു.

സുഷിരങ്ങളുള്ള പ്രതലങ്ങളിൽ impermeable ആയ പ്രതലങ്ങളെ അപേക്ഷിച്ച് ബാഷ്‌പീകരണ തോത് വളരെ കൂടുതലാണെന്ന് ജനനി ശ്രീമുരളീധരൻ, അമിത് അഗർവാൾ, രജനീഷ് ഭരദ്വാജ് എന്നിവരടങ്ങിയ ഗവേഷക സംഘം കണ്ടെത്തി.

സ്‌കൂളുകൾ തുറക്കുമ്പോൾ നോട്ട് ബുക്കുകൾ കൈമാറുമ്പോഴും കറൻസി നോട്ടുകൾ കൈമാറുമ്പോഴും എല്ലാം മതിയായ സുരക്ഷാ മാർഗങ്ങൾ അവലംബിക്കണമെന്ന് ഗവേഷകർ പറയുന്നു. അതുപോലെ ഇ കൊമേഴ്‌സ് കമ്പനികൾ ഉപയോഗിക്കുന്ന കാർഡ് ബോർഡ് പെട്ടികൾ താരതമ്യേന സുരക്ഷിതമാണ് എന്നും പഠനം പറയുന്നു.

റോം∙ കൊറോണ വൈറസിന്റെ പുതിയതും അപൂർവവുമായ ഒരു വകഭേദം തെക്കൻ ഇറ്റാലിയൻ നഗരമായ നേപ്പിൾസിൽ കണ്ടെത്തി.ഫെഡറിക്കോ യൂണിവേഴ്സിറ്റിയും നേപ്പിൾസിലെ പാസ്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും, ബി 1.525 എന്ന വൈറസ് വകഭേദത്തെ തിരിച്ചറിഞ്ഞതിനെ തുടർന്ന് പ്രാദേശിക സർക്കാർ വാർത്ത പുറത്തുവിടുകയായിരുന്നു.

ഡെൻമാർക്ക്, നൈജീരിയ, യുകെ, യുഎസ് എന്നിവിടങ്ങളിലുൾപ്പെടെ ഈ വകഭേദത്തിന്റെ നൂറോളം കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുള്ളതായി ആരോഗ്യ പ്രവർത്തകർ പറയുന്നു. പല രാജ്യങ്ങളിലും കണ്ടുവരുന്ന വൈറസ് വകഭേദങ്ങളുടെ കാര്യത്തിലെന്ന പോലെ ഇതിന്റെയും വ്യാപനതീവ്രത, മറ്റു സ്വഭാവസവിശേഷതകൾ എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമല്ലെന്നും സർക്കാർ വ്യക്തമാക്കി.

ആഫ്രിക്കയിലേക്കുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഒരു വ്യക്തി പതിവു കോവിഡ്- 19 പരിശോധന നടത്തിയപ്പോഴാണ് അയാളിൽ ഈ അപൂർവ വകഭേദം സ്ഥിരീകരിച്ചത്. വൈറസിന്റെ വകഭേദങ്ങൾ പലയിടത്തും കണ്ടുവരുന്നുവെന്ന വാർത്തകളെ തുടർന്ന്, രാജ്യത്തെ സ്കീയിംഗ് വിനോദ മേഖല അടച്ചിടാൻ തീരുമാനമെടുത്തതിനു പിറ്റേന്നാണ് പുതിയ വൈറസ് വകഭേദത്തെക്കുറിച്ച് സർക്കാർ വാർത്ത പുറത്തു വിടുന്നത്.

വൈറസിന്റെ പതിവു വകഭേദങ്ങൾ കണ്ടെത്തിയ പല പ്രദേശങ്ങളിലും പ്രവിശ്യകളിലും പ്രാദേശിക ലോക്ഡൗൺ നിലവിലുണ്ട്. രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നാണ് ഇറ്റലിയിലെ പ്രമുഖ വൈറോളജസ്റ്റികൾ ആവശ്യപ്പെടുന്നത്.

ഫെബ്രുവരി 4, 5 തീയതികളിൽ ആരോഗ്യ മന്ത്രാലയവും സുപ്പീരിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സാനിറ്റയും ചേർന്നു നടത്തിയ സർവേ ഫലമനുസരിച്ച് ഇറ്റലിയിൽ 88% പ്രദേശങ്ങളിലും കോവിഡ് – 19 വൈറസിന്റെ ഇംഗ്ലീഷ് വകഭേദം ദൃശ്യമാണെന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

ന്യൂഡല്‍ഹി∙ കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യ പുതിയ യാത്രാ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. യുകെ, യൂറോപ്പ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഒഴികെയുള്ള രാജ്യാന്തര യാത്രികര്‍ക്കാണു പുതിയ മാര്‍ഗനിര്‍ദേശം ബാധകമാകുക. വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം നാലു പേരിലും ബ്രസീലിയന്‍ വകഭേദം ഒരാളിലുമാണ് കണ്ടെത്തിയത്.

പുറപ്പെടുന്നതിനു 72 മണിക്കൂർ മുൻപ് ആർടി പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആണെന്നു സ്ഥിരീകരിക്കണം. കുടുംബത്തിലെ മരണം കാരണം യാത്ര ചെയ്യുന്നവരെ മാത്രമാണ് ഇതിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്. യുകെ, യൂറോപ്പ്, മധ്യപൂർവേഷ്യൻ രാജ്യങ്ങള്‍ എന്നിവിടങ്ങൾ വഴി യാത്ര ചെയ്യുന്നവർ എത്തുമ്പോൾ സ്വന്തം ചെലവിൽ ആർടി പിസിആർ പരിശോധന നിർബന്ധമായും നടത്തണമെന്നും നിർദേശമുണ്ട്. നേരിട്ട് വിമാന സർവീസ് ഇല്ലാത്ത ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാരും ഇതേ നിർദേശം പാലിക്കണം.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത മുന്‍ പി. ആര്‍. ഒ യും, മാര്‍ സ്ലീവാ മെഡിസിറ്റി, പാലായുടെ ഡയറക്ടറുമായ ഫാ. ബിജു കുന്നയ്ക്കാട്ട് ആലപിച്ച ‘വിശ്വം മുഴുവന്‍ സക്രാരിതന്നില്‍.. നിത്യം വാഴും ദിവ്യകാരുണ്യമേ… എന്നു തുടങ്ങുന്ന ഗാനം അമ്മ മറിയം യൂ ട്യൂബ് ചാനലില്‍ റിലീസായി. സീറോ മലബാര്‍ സഭയിലെ രൂപതകളില്‍ നിന്നായി ഇരുപത്തിയഞ്ചോളം വൈദീകര്‍ ചേര്‍ന്നൊരുക്കിയ ചരിത്ര സഭ എന്ന ഭക്തിഗാന ആല്‍ബത്തിലാണ് ഫാ. കുന്നയ്ക്കാട്ട് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മാര്‍ട്ടിന്‍ ജോര്‍ജ്ജ് OJയുടെ രചനയ്ക്ക് KG പീറ്ററാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

പരി . കുര്‍ബാന സ്വീകരണ സമയത്തും പരി. കുര്‍ബാനയുടെ ആരാധനാസമയത്തും പാടി പ്രാര്‍ത്ഥിക്കാനുതകുന്ന രീതിയിലുള്ള വരികളും ഈണവുമാണ് മനോഹരമായ ഈ ഗാനത്തിലുള്ളത്. നമ്മുടെ ദേവാലയങ്ങളിലെ ശുശ്രൂഷകളിലും മറ്റവസരങ്ങളിലുമൊക്കെ പാടി പ്രാര്‍ത്ഥിക്കുന്ന ഗാനങ്ങളോടൊപ്പം ഈ ഗാനവും കൂടി ചേര്‍ക്കുവാന്‍ ഫാ ബിജു കുന്നയ്ക്കാട്ട് അഭ്യര്‍ത്ഥിച്ചു.

വിശ്വം മുഴുവന്‍ സക്രാരിതന്നില്‍..
നിത്യം വാഴും ദിവ്യകാരുണ്യമേ…
എന്ന ഗാനം കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ഗർഭിണിയായ ഭാര്യയുമായി മലമുകളിൽ സെൽഫി. അടുത്ത നിമിഷം ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ടർക്കിയിലെ മുഗ്ഡലയിൽ ലോകത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത് 2018–ലാണെങ്കിലും ദൃശ്യം സഹിതം ഞെട്ടിക്കുന്ന സത്യം പുറത്തുവരുന്നത് ഇപ്പോള്‍. 40–കാരനായ ഹകൻ അയ്സലാണ് 32–കാരിയായ ഭാര്യ സെമ്ര അയ്സലിനെ നിഷ്ക്കരുണം കൊലപ്പെടുത്തിയത്. ഭാര്യയുമൊത്ത് അയ്സൽ എടുത്ത സെൽഫി ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഡെയ്‍ലി മെയിലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഭാര്യയുടെ പേരിലെടുത്തിരിക്കുന്ന ഇൻഷുറൻസ് തുക സ്വന്തമാക്കാൻ വേണ്ടിയാണഅ അയ്സൽ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പ്രൊസിക്യൂട്ടർമാർ വാദിച്ചത്. 1000 അടി മുകളിൽ നിന്നാണ് 7 മാസം ഗർഭിണിയായിരുന്ന സെമ്രയെ ഭർത്താവ് തള്ളിയിട്ടത്. സംഭവസ്ഥതത്ത് വെച്ച് തന്നെ സെമ്രയും ഗർഭസ്ഥശിശുവും മരിച്ചു. കരുതിക്കൂട്ടി, കൃത്യമായി ആവിഷ്ക്കരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രൊസിക്യൂട്ടർമാർ വാദിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ ഇൻഷുറൻസാണ് ഭാര്യ അപകടത്തിൽപ്പെട്ട് മരിക്കുകയാണെങ്കിൽ ഭർ‌ത്താവിന് ലഭിക്കുക. പണത്തിനോടുള്ള അതിമോഹം അയ്സലിനെ കൊടുംകുറ്റവാളിയാക്കുകയിയിരുന്നു.

ആളില്ലാത്ത മലമുകളിലേക്ക് ഭാര്യയെ കൊണ്ടുപോയി സന്തോഷത്തോടെ സെൽഫി എടുത്തു. അടുത്ത നിമിഷം തള്ളിയിട്ടു. മരണശേഷം നേരെ പോയത് ഇൻഷുറൻസ് കമ്പനിയിലേക്ക്. എന്നാൽ അന്വേഷണം നടക്കുന്നതിനാൽ ഇൻഷുറൻസിനായുള്ള അപേക്ഷ നിരസിച്ചു. ഫെതിയെ ഹൈ ക്രിമിനൽ കോടതി അയ്സലിനെ കസ്റ്റഡിയിൽ എടുക്കാൻ ഉത്തരവിട്ടു. എന്നാൽ തനിക്ക് മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ അയ്സൽ നിഷേധിച്ചു. ‘ഫോട്ടോ എടുത്ത ശേഷം ഭാര്യ ഫോൺ ബാഗിലേക്ക് ഇട്ടു. പിന്നീട് വീണ്ടും ഫോണെടുത്ത് കൊടുക്കാൻ എന്നോട് ആവ്ശ്യപ്പെട്ടു. അതിനായി ഞാൻ പോയപ്പോൾ സമയത്ത് വലിയ അലർച്ച കേട്ടു. തിരിഞ്ഞുനോക്കിയപ്പോൾ ഭാര്യയെ കണ്ടില്ല. ഞാൻ അവരെ തള്ളിയിട്ടതല്ല’. ചോദ്യം ചെയ്തപ്പോൾ അയ്സൽ പറഞ്ഞ വാദമാണിത്.

എന്നാൽ അയ്സലിന്റെ വാദങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് കോടതിക്ക് ബോധ്യമായി. തന്റെ സഹോദരിയെ കൊലപ്പെടുത്തിയതിനെതിരെ സെമ്രയുടെ സഹോദരനും രംഗത്തെത്തി. നിലവിൽ ജയിലിൽ കഴിയുകയാണ് അയ്സൽ. ഈ സാഹചര്യത്തിലാണ് സംഭവം നടന്ന സമയത്തെ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ലോകം മുഴുവൻ കയ്യടിച്ച വാർത്തയാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ മകള്‍ മിസ് ഇന്ത്യ റണ്ണര്‍ അപ്പായത്. കഷ്ടപ്പാടുകള്‍ ധീരതയോടെ നേരിട്ട് ആദരവിന്റെ നെറുകയില്‍ എത്തിയ മന്യ സിങ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇപ്പോള്‍ ലാളിത്യം കൊണ്ടാണ് ജനങ്ങളുടെ ഹൃദയം കീഴടക്കുന്നത്. പൂര്‍വ്വ വിദ്യാലയത്തില്‍ അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ മന്യ സിങ്ങിന്റെ വിഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

അച്ഛന്‍ ഓടിക്കുന്ന വാഹനത്തില്‍ അമ്മയ്‌ക്കൊപ്പമാണ് മന്യ കോളജില്‍ എത്തിയത്. മന്യയ്ക്കും കുടുംബത്തിനും കോളജ് ഗംഭീര സ്വീകരണമാണ് നല്‍കിയത്. ജനങ്ങളുടെ ആദരവില്‍ മാതാപിതാക്കള്‍ വികാരഭരിതരായി. ഇവരുടെ കണ്ണുകളില്‍ നിന്ന് ഒഴുകിയ കണ്ണുനീര് മന്യ തുടയ്ക്കുന്നതും മാതാപിതാക്കളുടെ കാലില്‍ തൊട്ട് വണങ്ങുന്നതുമായ ദൃശ്യങ്ങള്‍ നിറഞ്ഞ കയ്യടിയാണ് നേടിയത്.

2020 മിസ് ഇന്ത്യ മത്സരത്തിലാണ് മന്യ സിങ് റണ്ണര്‍ അപ്പ് ആയത്. ഓട്ടോറിക്ഷ ഡ്രൈവറുടെ മകള്‍ ഉയരങ്ങള്‍ കീഴടക്കിയത് വലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയത്. ഇപ്പോള്‍ പൂര്‍വ്വ വിദ്യാലയമായ മുംബൈയിലെ താക്കൂര്‍ കോളജില്‍ മന്യ സിങ് വന്നിറങ്ങിയ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. കോളജ് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് മന്യ സിങ് കുടുംബത്തോടൊപ്പം എത്തിയത്.

സ്വന്തം ആവശ്യങ്ങള്‍ മാറ്റിവെച്ച് മറ്റുള്ളവരുടെ കണ്ണീരൊപ്പുന്നവരാണ് സമൂഹത്തിന്റെ മാലാഖമാര്‍. അത്തരത്തില്‍ ഒരു മാലാഖയുണ്ട് എടക്കര കല്‍പകഞ്ചേരിയില്‍. അബുദാബിയില്‍ നടന്ന കുതിരയോട്ട മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയതിനു ലഭിച്ച തുക പ്രളയ പുനരധിവാസത്തിന്റെ ഭാഗമായ വീട് നിര്‍മാണത്തിനു നല്‍കിയ വിദ്യാര്‍ഥിനി.

കല്‍പകഞ്ചേരി ആനപ്പടിക്കല്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിന്റെയും മിന്നത്തിന്റെയും മകള്‍ നിദ അന്‍ജൂമാണ് ലഭിച്ച സമ്മാനത്തുകയില്‍ നിന്ന് 6 ലക്ഷം രൂപ പ്രളയപുനരധിവാസത്തിനായി നല്‍കിയത്. പോത്തുകല്ല് പൂളപ്പാടത്ത് ഓട്ടോ ഡ്രൈവറായ വലിയപറമ്പില്‍ അഷ്‌റഫിന്റെ കുടുംബത്തിനു വീട് നിര്‍മിച്ചു നല്‍കാനാണ് നിദ അന്‍ജൂ സമ്മാനത്തുക നല്‍കിയത്.

അബുദാബിയില്‍ നടന്ന ടൂ സ്റ്റാര്‍ ജൂനിയര്‍ 120 കിലോമീറ്റര്‍ കുതിരയോട്ടത്തിലാണ് നിദ അന്‍ജൂം ജേതാവായത്. ഇംഗ്ലണ്ടില്‍ ബിരുദ വിദ്യാര്‍ഥിനിയായ നിദ, ദുബായിലും ലണ്ടനിലുമായാണ് കുതിരയോട്ട പരിശീലനം നേടിയത്.

കല്‍പകഞ്ചേരി ആനപ്പടിക്കല്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കവളപ്പാറ, പാതാര്‍ പ്രളയ ബാധിത പ്രദേശത്ത് നിര്‍മിച്ചുനല്‍കുന്ന 10 വീടുകളില്‍ ഒന്ന് നിദ നല്‍കുന്ന ഈ വീടാണ്. നേരത്തേ 2 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ 2 ലക്ഷം രൂപ വീതം സഹായവും നല്‍കിയിരുന്നു.

വീടിന്റെ താക്കോല്‍ സമര്‍പ്പണം കഴിഞ്ഞ ദിവസം നിദ നിര്‍വഹിച്ചു. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എപി അബ്ദുല്‍ സമദ്, മൂസ സ്വലാഹി, കെസി അബ്ദുല്‍ റഷീദ്, സികെ ഷൗക്കത്തലി, വിടി സമീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു ട്രസ്റ്റിന്റെ മറ്റ് 9 വീടുകള്‍ അടുത്ത ദിവസം കൈമാറും.

കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയ ഗായികയാണ് റിഹാന. ഇപ്പോള്‍ പുതിയ ഫോട്ടോഷൂട്ടിന്റെ പേരില്‍ താരം വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. അര്‍ധനഗ്‌നയായാണ് റിഹാന ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോഷൂട്ടില്‍ കഴുത്തില്‍ ധരിച്ചിരിക്കുന്ന മാലയാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്.

ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത ചിത്രമാണിതെന്നും റിഹാന ഹൈന്ദവ വിശ്വാസികളെ അപമാനിക്കുകയാണെന്നും വിമര്‍ശകര്‍ ഒന്നടങ്കം പറയുന്നു. ബിജെപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകള്‍ ഗായികയ്ക്കെതിരേ രംഗത്ത് വന്ന് കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ നിന്ന് എത്രയും പെട്ടന്ന് ചിത്രം നീക്കമെന്നാണ് വിമര്‍ശകരുടെ ആവശ്യം.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളത്തെ കോണ്‍ഗ്രസില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥി നിര്‍ണയ സൂചനകള്‍. അടുത്തിടെ പാര്‍ട്ടിയിലേക്കെത്തിയ സിനിമാതാരങ്ങളായ ധര്‍മജനും രമേശ് പിഷാരടിയും മത്സരരംഗത്തുണ്ടാവുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ട്വന്റി ട്വന്റിക്ക് ഏറെ വേരോട്ടമുളള മണ്ഡലം ഇത്തവണ നിലനിര്‍ത്തണമെങ്കില്‍ ധര്‍മ്മജനെപ്പോലൊരാള്‍ വേണമെന്നാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്നവര്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ കോഴിക്കോട്ടെ ബാലുശ്ശേരിയില്‍ അങ്കത്തിനിറങ്ങാന്‍ കച്ചകെട്ടിയിരിക്കുന്ന ധര്‍മജനെ കുന്നത്തുനാട് കാണിച്ച് ആകര്‍ഷിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

കുന്നത്തുനാടിനോട് ചേര്‍ന്നുകിടക്കുന്ന തൃപ്പൂണിത്തുറയില്‍ പിഷാരടിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഈ മേഖലയൊന്നാകെ ജനശ്രദ്ധയിലേക്ക് വരുമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ കണ്ടെത്തല്‍.

സിപിഎമ്മിനായി എം സ്വരാജ് തന്നെയാണ് കളത്തിലിറങ്ങുന്നതെങ്കില്‍ തൃപ്പൂണിത്തുറയില്‍ സ്ഥിരതാമസക്കാരനായ പിഷാരടിക്ക് തന്റെ ജനപ്രിയത വഴി മണ്ഡലം തിരിച്ചുപിടിക്കാമെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു. എന്നാല്‍ ഈ നിര്‍ദേശത്തില്‍ വിശദമായ ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ നടന്നിട്ടില്ല.

അതേസമയം, കോണ്‍ഗ്രസിന്റെ ഭാഗമായെങ്കിലും താനൊരിക്കലും സ്ഥാനാര്‍ഥിയാകില്ലെന്ന് ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ യോഗത്തില്‍വെച്ച് പിഷാരടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിഷാരടിയുടെ മനസു മാറ്റാനുളള ശ്രമങ്ങളിലാണ് എറണാകുളത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

RECENT POSTS
Copyright © . All rights reserved