ക്നാനായ നവീകരണ സമിതിയുടെ വാദങ്ങൾ അംഗീകരിച്ച് ഏപ്രില്‍ 20ന് കോട്ടയം സബ് കോടതി നടത്തിയ വിധി സഭയിൽ വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. കോടതി വിധി വ്യക്തമായും നാലു കാര്യങ്ങളില്‍ സഭ നേതൃത്വത്തിനുള്ള താക്കീതായി മാറുന്നു എന്നാണ് റിപ്പോർട്ടുകൾ.
1. കോട്ടയം അതിരൂപതയില്‍ നിന്നും മറ്റൊരു രൂപതയില്‍ ഉള്‍പ്പെട്ട അംഗവുമായുള്ള വിവാഹത്തിന്റെ പേരില്‍ പുറത്താക്കല്‍ നടപടി പാടില്ല
2. മുന്‍ കാല നടപടികള്‍ ഒരു കാരണവശാലും ഇനി ആവര്‍ത്തിക്കാന്‍ പാടില്ല
3. മറ്റു സമുദായ അംഗത്തെ വിവാഹം ചെയ്താലും ക്‌നാനായ വിശ്വാസി ആയിരിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ സമുദായത്തിലെ മറ്റ് അംഗങ്ങള്‍ക്കുള്ള തുല്യ അവകാശം നിഷേധിക്കാന്‍ പാടില്ല
4. ഇപ്പോള്‍ സമുദായത്തിന് പുറത്തു പോകേണ്ടി വന്നവര്‍ക്കു തിരികെ വരാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ സ്വീകരിക്കാന്‍ സഭ നേതൃത്വം തയ്യാറാകണം
ക്‌നാനായ നവീകരണ സമിതിക്കു വേണ്ടി ഭാരവാഹികളായ നാലുപേര്‍ വാദികളായ കേസില്‍ കോട്ടയം അതിരൂപത, രൂപത മെത്രാന്‍, സിറോ മലബാര്‍ സഭ തലവന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവര്‍ എതിര്‍കക്ഷി ആയാണ് കോടതി നടപടികള്‍ പൂര്‍ത്തിയായത്.
അഡ്വ. ഫ്രാന്‍സിസ് അരയത്തുംകരയാണ് ഈ കേസില്‍ ക്‌നാനായ നവീകരണ സമിതിക്കു വേണ്ടി ഹാജരായത്.അദ്ദേഹത്തോടൊപ്പം ക്‌നാനായ സമുദായത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തു പോകേണ്ടി വന്ന, ഇപ്പോള്‍ സുപ്രീം കോടതി അഭിഭാഷകനാനായ ജോര്‍ജ് തോമസും കേസില്‍ ശക്തമായ വാദമുഖങ്ങളുമായി പിന്തുണ നല്‍കിയിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട കേസാണ് ഇപ്പോള്‍ കോട്ടയം സബ് കോടതി തീര്‍പ്പാക്കിയിരിക്കുന്നതെന്നു വാദി ഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. ഫ്രാന്‍സിസ് അരയത്തുംകര പറയുന്നു. ആറുവര്‍ഷം മുന്‍പാണ് കേസിനാസ്പദമായ കാര്യങ്ങളുമായി ക്‌നാനായ നവീകരണ സമിതി കോട്ടയം സബ് കോടതിക്ക് മുന്നിലെത്തുന്നത്. ഈ കേസില്‍ കോടതിക്ക് മുന്‍പില്‍ സമാനമായ കേസും അതിന്റെ നാള്‍വഴികളും ഒക്കെ ഉയര്‍ത്തിക്കാട്ടാന്‍ ഉണ്ടായിരുന്നതിനാല്‍ കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ വേഗത്തില്‍ കഴിയുമായിരുന്നെങ്കിലും സിവില്‍ കേസെന്ന പരിഗണനയില്‍ നടപടികള്‍ നീണ്ടുപോകുകയായിരുന്നു.
ഇപ്പോള്‍ ഉണ്ടായ കേസിനു സമാനമായ തരത്തില്‍ ഉള്ള മറ്റൊരു നടപടി ക്രമമാണ് കോട്ടയം സ്വദേശിയായ ബിജു ഉതുപ്പിന്റെ കേസില്‍ സംഭവിച്ചതും. ബിജുവിന്റെ മാതാപിതാക്കള്‍ക്കും മറ്റു സഹോദരങ്ങള്‍ക്കും ബാധകമല്ലാത്ത സഭ വിലക്കാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. അതിനു കാരണമായത് വിവാഹ സമയത്തു ബിജു സഭ നേതൃത്വത്തെ സമീപിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ കുടുംബത്തില്‍ മുന്‍ തലമുറയില്‍ പിതാവിന്റെ ഉറ്റ ബന്ധു സഭ വിലക്ക് നേരിട്ട് പുറത്തായ ആളാണെന്നു വിവരം ലഭിക്കുന്നത്. ഇതോടെ തന്റെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ബാധകമല്ലാത്ത വിലക്ക് തനിക്കെങ്ങനെ ബാധകമാകും എന്നായിരുന്നു ബിജുവിന്റെ ചോദ്യം.
ഈ ചോദ്യം 1989ല്‍ കോട്ടയം സബ് കോടതിക്ക് മുന്നിലെത്തി. കോട്ടയം ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന പി വി തോമസിന്റെ ശക്തമായ വാദമുഖങ്ങളില്‍ സഭ നേതൃത്വത്തിന് അടിതെറ്റി. അന്ന് തോമസ് വക്കീലിന്റെ ജൂനിയര്‍മാരായിരുന്ന ഫ്രാന്‍സിസ് അരയത്തുംകരായും ജോര്‍ജ് തോമസുമാണ് ഇപ്പോള്‍ ക്നാനായ നവീകരണ സമിതിക്കു വേണ്ടിയും ഹാജരായത് എന്നത് മറ്റൊരു കാവ്യനീതിയായി മാറുന്നു. എന്തായാലും ഇപ്പോള്‍ ബാംഗ്ലൂരില്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറായ ബിജുവിന്റെ കേസില്‍ മണിക്കൂറില്‍ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന എഫ് എസ് നരിമാന്റെ സേവനം വരെ പ്രയോജനപ്പെടുത്തി ക്‌നാനായ സഭ സുപ്രീം കോടതി വരെ എത്തിയെങ്കിലും ഒടുവില്‍ കേസ് വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിക്കു തന്നെ അയച്ചിരിക്കുകയാണ് സുപ്രീം കോടതി. ഇതോടെ ഒരേ സ്വഭാവമുള്ള രണ്ടു കേസുകളെ ഒരേ സമയം നേരിടേണ്ട അവസ്ഥയില്‍ എത്തിക്കുകയാണ് ക്‌നാനായ സഭ നേതൃത്വം.
സഭ വിലക്ക് മാത്രമല്ല മറ്റു പല ആചാരങ്ങളും പ്രകൃതമായതാണ് എന്നും കോടതിയില്‍ വാദി വിഭാഗം ഉന്നയിച്ചു. കാനോന്‍ വിശ്വാസം അനുസരിച്ചും ക്‌നാനായക്കാരുടെ ഒരു വാദങ്ങളും നിലനില്‍ക്കുന്നതല്ലത്രേ. ക്രിസ്തു സഭ ഒന്നേയുള്ളൂ എന്ന വാദമാണ് ഇതിന് അടിസ്ഥാനമായി വാദികള്‍ ഉയര്‍ത്തിയത്. മാത്രമല്ല ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സിനു ക്ഷതം ഏല്‍പ്പിക്കുന്ന കാര്യമാണ് ആചാരം എന്ന പേരില്‍ ക്‌നാനായ സമുദായത്തില്‍ വിലക്കെന്ന പേരില്‍ നിലനില്‍ക്കുന്നതെന്ന വാദവും കോടതി വിധിയില്‍ നിഴലിക്കുന്നുണ്ട്.
ചില ജില്ലകളില്‍ രോഗവ്യാപനം അതിതീവ്രമാണെന്ന് ആരോഗ്യമന്ത്രി കെ. കെ ഷൈലജ. നിലവില്‍ സംസ്ഥാനത്തെ കൊറോണ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമല്ലെന്ന് മന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ നീട്ടണമോയെന്നകാര്യം പരിശോധിച്ച് തീരുമാനിക്കുമെന്നും ഷൈലജ കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000 ആകുമെന്ന് വിദഗ്ധര്‍ അറിയിച്ചിരുന്നു. അതു കൊണ്ടു തന്നെ നിലവിലെ അവസ്ഥ പ്രതീക്ഷിച്ചതാണ്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ ഐസിയുകള്‍ നിറഞ്ഞു വരുന്ന അവസ്ഥയുണ്ട്. ഇതിന് പരിഹാരമായി കൂടുതല്‍ ഐസിയു ബെഡുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഓക്‌സിജന്‍ ഉപയോഗം കൂടിയതിനാല്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കഴിയില്ല. നിലവില്‍ ഇപ്പോഴുള്ളത് മതിയാകില്ല. കേന്ദ്ര വിഹിതം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും ഷൈലജ വ്യക്തമാക്കി. കേരളത്തില്‍ മരണനിരക്ക് 0.4%ല്‍ താഴെ ആണ്. മരണ നിരക്ക് കുറച്ചു കാണിക്കുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. മരണ നിരക്ക് മറച്ചു വെക്കേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് പ്രതിസന്ധി ഗുരുതരമാവുമ്പോഴും പ്രതിരോധത്തില്‍ മാതൃകയായി ഇടമലക്കുടി പഞ്ചായത്ത്. ഒന്നര വര്‍ഷത്തിനിടയില്‍ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്ത് കൂടിയാണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി. ലോകത്തെ മുഴുവന്‍ വിറപ്പിച്ച കോവിഡിനു ഇതുവരെ പ്രവേശിക്കാന്‍ കഴിയാത്തത് ഇവിടെയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇടമലക്കുടി പഞ്ചായത്തിലെ മൂവായിരത്തോളം പേര്‍ കോവിഡിനെ പടിയ്ക്ക് പുറത്ത് നിര്‍ത്തുന്നു.
സെല്‍ഫ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ പഞ്ചായത്താണ് ഇടമലക്കുടി. കോവിഡിന്റെ ആദ്യ തരംഗത്തില്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ക്ക് ഇപ്പോഴും ഒരു അയവും വരുത്തിയിട്ടില്ല. തെരഞ്ഞെടുപ്പും ഉത്സവങ്ങളും എല്ലാം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രം നടത്തുന്നു. പഞ്ചായത്തും ഊരുമൂപ്പന്മാരും ചേര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
റേഷന്‍ ഒഴികെയുള്ള സാധനങ്ങളെല്ലാം ആഴ്ചയിലൊരിക്കല്‍ നാട്ടുകാര്‍ ജീപ്പ് വിളിച്ച് പോയി മൂന്നാറില്‍ നിന്ന് വാങ്ങി വരും. കോവിഡ് കാലത്ത് ഈ പതിവ് വേണ്ടെന്ന് നാട്ടുകൂട്ടം ചേര്‍ന്ന് തീരുമാനിച്ചു. പകരം ഒരാള്‍ പോയി ആവശ്യ സാധനങ്ങള്‍ വാങ്ങും. സാധനങ്ങള്‍ വാങ്ങിവരുന്നയാള്‍ രണ്ടാഴ്ചത്തെ നിരീക്ഷണത്തില്‍ പോകും.
പുറത്ത് നിന്ന് മറ്റാര്‍ക്കും ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല. 26 കുടികളിലായി എണ്ണൂറോളം കുടുംബങ്ങളാണ് ഇടമലക്കുടിയില്‍ ഉള്ളത്. ഈ കുടുംബങ്ങളിലുള്ളവര്‍ക്കല്ലാതെ ആര്‍ക്കും ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല. പുറത്തുള്ളവര്‍ വരുന്നുണ്ടോ എന്ന് അറിയാന്‍ പഞ്ചായത്തും ഊരുമൂപ്പന്‍മാരും ചേര്‍ന്ന് വഴികളില്‍ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വനംവകുപ്പിന്റെ അനുമതിയില്ലാതെ ആര്‍ക്കും ഇടമലക്കുടിയിലേക്ക് പോകാനാവില്ല. പഞ്ചായത്ത് തീരുമാനം അറിയിച്ചതോടെ കുടികളിലേക്ക് പോകാന്‍ വനംവകുപ്പ് ആര്‍ക്കും പാസ് നല്‍കാതെയായി.
ആധുനിക സൗകര്യങ്ങള്‍ ഒന്നുമില്ലാതെ പരിമിതികള്‍ ഉള്ളില്‍ നിന്ന് ഒന്നര വര്‍ഷമായി കൊവിഡിനെ അകറ്റി നിര്‍ത്തിയ ഇടമലക്കുടി മാതൃക അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്.
ഒപ്പം തന്നെ പുറം നാടുമായോജനങ്ങളുമായോ ബന്ധങ്ങളോ സമ്പർക്കമോ ഇല്ലാത്തതും ഇവരുടെ പ്രത്യേകതയാണ്. പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രാജന്റെ നേതൃത്വത്തിൽ ഊരുമൂപ്പൻമാർ കൂടി പഞ്ചായത്തിലേക്കു് പുറത്തു നിന്നുള്ള വഴികളിൽ ശക്തമായ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
റഷ്യയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ എട്ട് വിദ്യാർഥികളും അധ്യാപകനും ഉൾപ്പെടെ ഒമ്പതു പേർ കൊല്ലപ്പെട്ടു. നാലോളം വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. റഷ്യൻ നഗരമായ കസാനിലാണ് സംഭവം.
തോക്കുധാരികളായ രണ്ടു കൗമാരക്കാരാണ് ആക്രമണം നടത്തിയത്. ഇതിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല. തീവ്രവാദ ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.
തിരു.: പോലീസിനൊപ്പം നിന്ന് ലോക്ക് ഡൗണ്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഒരു സന്നദ്ധ സംഘടനയ്ക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലയിടങ്ങളില്‍ പോലീസിനൊപ്പം ചിലര്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതായുള്ള പരാതി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയില്ല. സംഘടനകള്‍ ധാരാളമുണ്ട്. സര്‍ക്കാര്‍ തന്നെ സന്നദ്ധ പ്രവര്‍ത്തകരുടെ സേന രൂപവത്കരിച്ചിട്ടുണ്ട്. അതിലെ അംഗങ്ങള്‍ക്കാണ് ഇത്തരം കാര്യങ്ങളില്‍ പങ്കെടുക്കാനുള്ള അനുമതി. അതോടൊപ്പം, പോലീസ് വിവിധ സ്ഥലങ്ങളില്‍ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. അത് ഏതെങ്കിലും സന്നദ്ധ സേനയില്‍ പെട്ട ആളുകളല്ല, സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരുന്ന ആളുകളാണ്. അവര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ ബന്ധമോ സന്നദ്ധ സംഘടനയുമായുള്ള ബന്ധമോ ഉണ്ടെങ്കില്‍ അതൊന്നും പ്രദര്‍ശിപ്പിച്ചു കൊണ്ട് ഇത്തരം പ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കാനാവില്ല. അത്തരത്തിലുള്ള കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്ക് പ്രകാരം കോവിഡുമായി ബന്ധപ്പെട്ട ഏത് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയാലും, ഏതെങ്കിലും രാഷട്രീയപ്പാർട്ടികളുടെയോ പോഷക സംഘടനകളുടെ പേരോ അടയാളങ്ങളോ അതോടൊപ്പം ചേർക്കാനോ അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ പ്രചരിപ്പിക്കാനോ പാടില്ല
മകള്‍ക്ക് കോവിഡാണെന്ന വിധത്തില്‍ യുട്യൂബില്‍ വീഡിയോ നല്കിയ ചാനലിനെതിരേ ഗായിക അമൃത സുരേഷ്. അമൃതയും മുന്‍ ഭര്‍ത്താവ് ബാലയും തമ്മിലുള്ള ഫോണ്‍ കോള്‍ ലീക്കായി എന്ന വിധത്തിലായിരുന്നു വീഡിയോ. ബാല കുഞ്ഞിനെ വീഡിയോ കോളിലൂടെ കാണണമെന്ന് ആവശ്യപ്പെട്ടെന്നും എന്നാല്‍ അമൃത കാണാന്‍ അനുവദിച്ചില്ലെന്നും ഇതില്‍ പറഞ്ഞിരുന്നു.
മാത്രമല്ല അമൃതയുടെ കുട്ടി അവന്തികയ്ക്ക് കോവിഡാണെന്നും വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ വിശദീകരണവും അമൃത വീഡിയോയില്‍ വ്യക്തമാക്കി. താന്‍ കോവിഡ് പോസ്റ്റിവായി കുറച്ചു ദിവസങ്ങളായി ക്വാറന്റൈില്‍ ആയിരുന്നെന്നും വീണ്ടും ടെസ്റ്റ് നടത്തി റില്ട്ടിനായി കാത്തിരിക്കുന്പോഴാണ് ബാല വിളിച്ചതെന്നും അമൃത പറയുന്നു.
കുട്ടി വീട്ടിലാണെന്നും അമ്മയെ വിളിച്ചാല്‍ സംസാരിക്കാമെന്നു ബാലയെ അറിയിച്ചെന്നും അമൃത പറഞ്ഞു. താനും ബാലയും തമ്മില്‍ നടത്തിയ ഫോണ്‍ കോളുകളും വാട്സ് ആപ് സന്ദേശങ്ങളും അമൃത വീഡിയോയില്‍ കാണിച്ചു.
കുടുംബ ജീവിതത്തിൽ ഉണ്ടായ അസ്വാരസ്യങ്ങളെ തുടർന്നാണ് താരം നടൻ ബാലയുമായി വിവാഹ മോചനത്തിൽ എത്തുന്നത്. കഴിഞ്ഞ വർഷമാണ് താരം വിവാഹമോചിതയാകുന്നത്. മകൾ പാപ്പു എന്ന അവന്തിക അമൃതക്ക് ഒപ്പമാണ്.
തിരു.: വിവാഹ പരിപാടികളിൽ 21ാമത്തെ ആൾ എത്തിയാൽ മുഴുവൻ പേർക്കുമെതിരെ കേസ് എടുക്കാനാണ് പൊലീസ് തീരുമാനം. വരൻ, വധു, മാതാപിതാക്കൾ അടക്കം ചടങ്ങിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും കേസുണ്ടാകും. വിവാഹത്തിന് സ്ഥലം അനുവദിച്ച ഓഡിറ്റോറിയം, ആരാധനാലയം എന്നിവയുടെ ചുമതലക്കാരും പ്രതികളാകും. നിയമ ലംഘനത്തിന് 5000 രൂപ പിഴയും 2 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. വിവാഹത്തിന് അനുമതി തേടി ജാഗ്രത പോർട്ടലിൽ അപേക്ഷിക്കുന്നതു മുതൽ വിവാഹ ചടങ്ങ് പൂർത്തിയാകുന്നതു വരെ പൊലീസ് നിരീക്ഷണമുണ്ടാകും.
അതേസമയം, ഇത്തരം കടുത്ത നടപടികൾ, പ്രത്യേകിച്ച് ആരാധനാലയങ്ങളുടെ യും ഓഡിറ്റോറിയങ്ങളുടെയും ഭാരവാഹികൾക്ക് എതിരെ കേസെടുക്കുന്നത് പരാതികൾക്കിട നൽകുന്നുണ്ട്.
കോട്ടയം: ലോക്ക് ഡൗണിനോടനുബന്ധിച്ച് പോലീസ് ഏർപ്പെടുത്തിയ ഓൺ ലൈൻ പാസ് സംവിധാനത്തിലേയ്ക്ക് ആയിരക്കണക്കിന് അപേക്ഷകളാണു ലഭിച്ചത്. ഇത്രയും പേർക്കു പാസ് നൽകിയാൽ ലോക്ക് ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടും. അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള അപേക്ഷകളാണ് ഭൂരിഭാഗവും.
അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് ഇപ്പോൾ പാസ് അനുവദിക്കുന്നത്.
തൊട്ടടുത്ത കടയിൽ നിന്നു മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുന്നവർ പാസ്സിന് അപേക്ഷിക്കേണ്ടതില്ല സത്യവാങ്മൂലം കയ്യിൽ കരുതിയാൽ മതി. അവശ്യസാധനങ്ങൾ വാങ്ങുന്നതിനു പുറത്തിറങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കും.
ആശുപത്രി യാത്രകൾക്ക് പാസ് നിർബന്ധമല്ല എന്നാൽ മെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും
കയ്യിൽ കരുതുക. ഒരു വാഹനത്തിൽ പരമാവധി 3 പേർക്കു വരെ യാത്ര ചെയ്യാം. അവശ്യ സർവീസ് വിഭാഗത്തിലുള്ളവർക്ക് അതതു സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് വേണ്ട.
കോവിഡ് പ്രതിരോധത്തിന് ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നത് നല്ലതാണെന്ന അവകാശവാദങ്ങൾ തള്ളി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). വ്യക്തമായ ശാസ്ത്രീയ തെളിവുകൾ ഇക്കാര്യങ്ങളിൽ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ജെ. ജയലാൽ പറഞ്ഞു.
ഗോമൂത്രം കുടിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന് യുപിയിലെ ബിജെപി എംഎൽഎ അവകാശപ്പെട്ടിരുന്നു. ഇദ്ദേഹം ഗോമൂത്രം കുടിക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.
ഗുജറാത്തിൽ ചില ആളുകൾ പശു അഭയകേന്ദ്രങ്ങളിൽ എത്തി ചാണകവും ഗോമൂത്രവും ദേഹത്ത് തേച്ച് പിടിപ്പിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ചാണകവും ഗോമൂത്രവും കോവിഡ് വൈറസിനെതിരായ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നാണ് ഇവിടങ്ങളിലുള്ളവർ വിശ്വസിച്ചിരിക്കുന്നത്.
കേരളത്തിന്റെ വിപ്ലവ സിംഹം കെ.ആർ. ഗൗരിയമ്മ ഇനി ഓർമ. വിപ്ലവ സ്മരണങ്ങളിരമ്പുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ഗൗരിയമ്മയ്ക്ക് പൂർണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോട് വിട നൽകി. തന്റെ ഭർത്താവും സിപിഐ നേതാവുമായിരുന്ന ടി.വി.തോമസ് ഉൾപ്പെടെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ സംസ്കരിച്ച മണ്ണിലാണു ഗൗരിയമ്മയ്ക്ക് അന്ത്യവിശ്രമമൊരുക്കിയത്.
അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഏഴ് മണിക്കായിരുന്നു ഗൗരിയമ്മയുടെ അന്ത്യം.ഗൗരിയമ്മയുടെ മൃതദേഹം 10.45ന് അയ്യങ്കാളി ഹാളിൽ( പഴയ വിജെടി ഹാൾ) പൊതുദർശനത്തിനുവച്ചു. ഉച്ചയോടെ ജന്മനാടായ ആലപ്പുഴയിലെത്തിച്ചു. ചാത്തനാട്ട് വീട്ടിൽ അൽപസമയം പൊതുദർശനത്തിന് വച്ച ശേഷം, മൃതദേഹം ആലപ്പുഴ എസ്ഡിവി ഓഡിറ്റോറിയത്തിൽ എത്തിച്ചു. പിന്നീട് വലിയ ചുടുകാട് ശ്മശാനത്തിൽ അവസാനച്ചടങ്ങുകൾ.
കേരള രാഷ്ട്രീയത്തിലെ പെണ്ണൂശിരായിരുന്നു കെ.ആർ. ഗൗരിയമ്മ. 1919 ജൂലൈ 14ന് (മിഥുനത്തിലെ തിരുവോണനാൾ) ചേര്‍ത്തല പട്ടണക്കാട് കളത്തിപ്പറമ്പില്‍ കെ.എ. രാമന്റെയും ആറുമുറിപറമ്പില്‍ പാര്‍വതിയമ്മയുടെയും ഏഴാമത്തെ മകളായി ജനനം. തുറവൂരിലും ചേര്‍ത്തലയിലുമായി (കണ്ടമംഗലം എച്ച്എസ്എസ്, തുറവൂര്‍ ടിഡിഎച്ച്എസ്എസ്), സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും സെന്റ് തെരേസാസ് കോളജിലുമായി ഉപരിപഠനം. തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്നു നിയമബിരുദം. ആദ്യ ഈഴവ അഭിഭാഷകയുമായിരുന്നു.
മൂത്ത സഹോദരനും ട്രേഡ് യൂണിയന് നേതാവുമായിരുന്ന കെ.ആർ. സുകുമാരനില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ഗൗരിയമ്മ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. പ്രഥമ കേരള മന്ത്രിസഭാംഗവും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി. തോമസായിരുന്നു ഭര്‍ത്താവ്. 1957-ലായിരുന്നു വിവാഹവും. 1964ല്‍ പാര്‍ട്ടിയിലെ പിളര്‍പ്പിനു ശേഷം ഇരുവരും രണ്ടു പാര്‍ട്ടിയിലായി. അതിനു ശേഷം അകന്നായിരുന്നു ജീവിതവും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം (2006 മാര്‍ച്ച് 31വരെ 16,345 ദിവസം) നിയമസഭാംഗമായിരുന്നു. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ മന്ത്രി എന്നീ പട്ടങ്ങളും ഇവര്‍ക്കു സ്വന്തം. ജയില്‍വാസവും ഗൗരിയമ്മയ്ക്കു പുത്തരിയല്ലായിരുന്നു.
1948ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കു മത്സരിച്ചാണ് ഗൗരിയമ്മയുടെ തുടക്കം. 1952ലും 56ലും തിരുകൊച്ചി നിയമസഭയില്‍ അംഗമായി. തിരുക്കൊച്ചിയിലും കേരളത്തിലുമായി നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 എണ്ണത്തില്‍ വിജയിച്ചു. 11 തവണ നിയമസഭാംഗമായി. 1948ലെ കന്നിയങ്കത്തിലും 1977, 2006, 2011 വര്‍ഷങ്ങളിലുമാണ് പരാജയം അറിഞ്ഞത്.
1987ലെ തെരഞ്ഞെടുപ്പില്‍ കേരളത്തെ കെ.ആർ. ഗൗരിയമ്മ ഭരിക്കുമെന്ന പ്രചാരണം സജീവമായിരുന്നു. മുന്നണി വിജയിച്ചെങ്കിലും ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രിയായത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1957ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍നിന്നാണ് ഗൗരിയമ്മ മത്സരിച്ചു വിജയിച്ചത്. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ മന്ത്രിയായി എന്ന ബഹുമതിയും ഗൗരിയമ്മയ്ക്കുണ്ട്. 1960ല്‍ സിപിഐ സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍നിന്നു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
1965, 67, 70, 80, 82, 87, 91 വര്‍ഷങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു ജനവിധി തേടി വിജയിച്ചു. 1957, 67, 80, 87, 2001 വര്‍ഷങ്ങളില്‍ മന്ത്രിയായി. 102-ാം വയസിലും ഊര്‍ജസ്വലയായി ഒരു പാര്‍ട്ടിയെ നയിച്ച വനിത ലോകത്തുതന്നെ ചരിത്രമാണ്.
അരൂര്‍, ചേര്‍ത്തല നിയോജകമണ്ഡലങ്ങളായിരുന്നു പ്രധാന തട്ടകം. 1965, 67, 70, 80, 82, 87, 91 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഎം സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു ജനവിധി തേടി വിജയം കൊയ്ത ഗൗരിയമ്മ 1957, 67, 80, 87, 2001 വര്‍ഷങ്ങളില്‍ മന്ത്രിയുമായി.
സിപിഎമ്മില്‍ നിന്നും പുറത്തുവന്നു ജെഎസ്എസ് രൂപീകരിച്ചു യുഡിഎഫിന്റെ ഭാഗമായി മാറിയ ഗൗരിയമ്മ 1996ലും 2001ലും ജെഎസ്എസ് സ്ഥാനാര്‍ഥിയായി അരൂരില്‍നിന്നു വീണ്ടും വിജയിച്ചു. കേരള കര്‍ഷകസംഘം പ്രസിഡന്റ്(1960-64), കേരള മഹിളാ സംഘം പ്രസിഡന്റ് (1967-1976), കേരള മഹിളാസംഘം സെക്രട്ടറി (1976-87), സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ, ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ അവര്‍ പ്രവര്‍ത്തിച്ചു.
2011ല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ഗൗരിയമ്മയുടെ ആത്മകഥയ്ക്കു ലഭിച്ചു. ഗൗരിയമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ലാല്‍സലാം എന്ന ചിത്രം പുറത്തിറങ്ങിയത്.