കേരള എന്‍സിപി എന്ന പേരില്‍ ഈ മാസം തന്നെ പാര്‍ട്ടി രൂപീകരിക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പാര്‍ട്ടി രൂപീകരണത്തിന് ശേഷം ധാരണയാകുമെന്നും മൂന്നു സീറ്റുകള്‍ പ്രതീക്ഷിക്കുന്നതായും കാപ്പന്‍ പറഞ്ഞു.
22ാം തീയതി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുന്നുണ്ട്. ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതായുണ്ടെന്നും കാപ്പന്‍ പറഞ്ഞു. കൊടിയുടെ രൂപഘടനയും തീരുമാനിച്ചെന്നും കാപ്പന്‍.
പാര്‍ട്ടി രൂപീകരണത്തിനുള്ള നിയമതടസം നീക്കാനാണ് ശരത് പവാര്‍ തന്നെ പുറത്താക്കിയതെന്നും മാണി സി കാപ്പന്‍ സ്ഥിരീകരിച്ചു. പുറത്താക്കിയതോടെ അയോഗ്യതാ ഭീഷണിയും പുതിയ പാര്‍ട്ടി രൂപീകരണത്തിലെ നിയമ തടസങ്ങളും മാറി.
യുഡിഎഫ് സഹകരണത്തിനുള്ള കാപ്പന്റെ നീക്കങ്ങള്‍ക്ക് ശരത് പവാറിന്റെ മൗനാനുവാദമാണ് ഇതോടെ വ്യക്തമാകുന്നത്. യുഡിഎഫ് പ്രവേശന നീക്കം പ്രഖ്യാപിച്ചതോടെ പാര്‍ട്ടി അംഗത്വം രാജി വച്ചതായി മാണി സി കാപ്പന്‍ അറിയിച്ചിരുന്നു. കാപ്പനും ഒപ്പമുള്ള പത്ത് നേതാക്കളും രാജി സമര്‍പ്പിച്ചതായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരനും സ്ഥിരീകരിച്ചു.
മരട് ഫ്‌ളാറ്റ് പൊളിക്കുന്നത് പശ്ചാത്തലമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രം മരട് 357ന്റെ റിലീസ് കോടതി തടഞ്ഞു. എറണാകുളം മുന്‍സിഫ് കോടതിയുടേതാണ് നടപടി. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി റിലീസ് തടഞ്ഞു. സിനിമയുടെ ട്രെയ്‌ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ് കോടതി ഉത്തരവിടുകയും ചെയ്തു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ വാദം. സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുകയും ചെയ്തു. എന്നാല്‍, സിനിമയില്‍ നിര്‍മ്മാതാക്കള്‍ പറയുന്ന പോലെ അവരെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു രംഗം പോലും ഇല്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ കണ്ണന്‍ താമരക്കുളം വ്യക്തമാക്കി.
ചിത്രം ഈ മാസം 19ന് തീയ്യേറ്ററുകളില്‍ എത്താനിരിക്കെയാണ് കോടതി ഉത്തരവിട്ടത്. ജയറാം നായകനായ ‘പട്ടാഭിരാമന്’ ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രവുമാണ്
ലഖ്‌നൗ: സ്വതന്ത്രാനന്തര ഇന്ത്യയില്‍ ആദ്യമായി ഒരു വനിതയ്ക്ക് കഴുമരം ഒരുങ്ങുന്നു. 2008 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊലപാതക കേസിലെ പ്രതി ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടികള്‍ യുപിയില്‍ ആരംഭിച്ചു.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായാണ് ഒരു വനിതയുടെ വധശിക്ഷ നടപ്പിലാക്കുന്നത്. പ്രതിയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
2008 ഏപ്രിലില്‍ ഷബ്നയും കാമുകന്‍ സലീമും ചേര്‍ന്ന് ഷബ്നയുടെ കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സലീമുമായുള്ള ബന്ധത്തിന് കുടുംബം തടസ്സം നിന്നതായിരുന്നു കാരണം.
കേസില്‍ പിടിയിലായ ഇരുവര്‍ക്കും 2010 ജൂലൈയില്‍ ജില്ലാ കോടതി വധശിക്ഷക്ക് വിധിച്ചു. സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു. രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജിയും തള്ളിപ്പോയി. ഇതോടെയാണ് നടപടിക്രമങ്ങള്‍ക്ക് തുടക്കമായത്.
ഷബ്‌നം നിലവില്‍ ബറേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ് തടവില്‍ കഴിയുന്നത്. എന്നാല്‍ മഥുരയിലെ ജയിലില്‍ വെച്ചാകും ഷബ്‌നത്തിന്റെ വധശിക്ഷ നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്ന ഏക കേന്ദ്രം മഥുരയിലെ ജയിലിലാണുള്ളത്. 150 വര്‍ഷം മുമ്പ് പണിത ഇവിടെ സ്വാതന്ത്ര്യത്തിന് ശേഷം ഒരാളെ പോലും തൂക്കിലേറ്റിയിട്ടില്ല.
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവന്‍ ജല്ലാദ് തന്നെയാണ് ഇവരെയും തൂക്കിലേറ്റുക. പവന്‍ രണ്ട് തവണ ജയിലിലെത്തി പരിശോധന നടത്തി. കഴുമരത്തിന്റെ ചില ഭാഗങ്ങളില്‍ അറ്റകുറ്റ പണിയും ചെയ്തിട്ടുണ്ട്. ബക്സറില്‍ നിന്നുള്ള കയറും ജയിലില്‍ എത്തിച്ചു.
മരണ വാറന്റ് പുറപ്പെടുവിക്കുന്നതിന് പിന്നാലെ ഷബ്‌നത്തിന്റെ ശിക്ഷ നടപ്പാക്കുമെന്നാണ് മഥുര ജയില്‍ സീനിയര്‍ സൂപ്രണ്ട് ശൈലേന്ദ്ര കുമാര്‍ പറഞ്ഞത്. ഇതിനുമുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ ജയിലില്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചങ്ങനാശേരി: ബസ് ജീവനക്കാരൻ മാനസിക രോഗിയുടെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ചു. കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത് പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാന്ഡിലായിരുന്നു. മാനസിക സ്ഥിരത നഷ്ടപ്പെട്ട തൃക്കൊടിത്താനം സ്വദേശിയായ സ്റാൻലിയുടെ ദേഹത്താണ് ബസ് ജീവനക്കാരൻ ചൂട് വെള്ളമൊഴിച്ചത്. ചങ്ങനാശേരി കവിയൂർ റൂട്ടിൽ ഓടുന്ന ബസിലെ ജീവനക്കാരനാണ് സ്റ്റാൻലിയുടെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ചത്.
ചങ്ങനാശ്ശേരിയിലെ പെരുന്ന ബസ് സ്റ്റാൻഡിനു മുന്നിലെ സ്ഥിരം സാന്നിധ്യമാണ് സ്റ്റാൻലി. രോഗത്തിന്റെ ഭാഗമായി ആരെയും ഉപദ്രവിച്ചതായോ മറ്റ് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായോ ഇത് വരെ അറിവില്ല എന്നാണ് സ്റ്റാന്റിൽ ഉള്ളവർ പറയുന്നത്. ഒരു കാലത്ത് സ്വന്തമായി ബസ് വരെ ഉണ്ടായിരുന്ന ഇയാൾ റൂട്ടിലോടുന്ന ബസിൽ കയറി പോവുക പതിവായിരുന്നു. സംഭവത്തെ തുടർന്ന് ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുൽപള്ളി ∙ ദാസനക്കര വനത്തിൽ പുള്ളിമാനിനെ വേട്ടയാടിയ കേസിൽ സ്വകാര്യ ഫാംഹൗസ് ഉടമയും സഹായികളുമടക്കം 3 പേരെ വനപാലകർ അറസ്റ്റ് ചെയ്തു. വനമധ്യത്തിലെ വിക്കലത്ത് ഫാംഹൗസ് നടത്തുന്ന കുന്നമംഗലം താമരക്കുളം സ്വദേശി ടി.കെ.രാജേഷ്, ജോലിക്കാരായ കുന്നമംഗലം എഴുത്തോലത്ത് ഇ.എൽ.ശ്രീകുമാർ, കുന്നമംഗലം കണിയാത്ത് കെ.എം.രതീഷ് എന്നിവരെയാണു തോക്കും തിരയും സഹിതം പിടികൂടിയത്.
പാതിരി റിസർവിലെ ഫോറസ്റ്റ് വയൽ ഭാഗത്ത് ഇന്നലെ പുലര്‍ച്ചെ പുള്ളിമാനിനെ വേട്ടയാടി ഉന്തുവണ്ടിയിൽ കൊണ്ടുവരുമ്പോഴാണ് പ്രതികള്‍ പട്രോളിങ് സംഘത്തിന്റെ പിടിയിലായത്. മാനിറച്ചി കാറില്‍ കടത്താനായിരുന്നു ഇവരുടെ നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫാംഹൗസില്‍ നടത്തിയ പരിശോധനയില്‍ നാടന്‍തോക്ക്, വെടിയുണ്ടകള്‍, സ്ഫോടക വസ്തുക്കള്‍, കാര്‍, കത്തി എന്നിവ കണ്ടെടുത്തു. 2 വര്‍ഷം മുമ്പാണ് രാജേഷ് വനമധ്യത്തിലെ വിക്കലത്ത് ഭൂമിവാങ്ങിയത്.
ചെതലയം റേഞ്ച് ഓഫിസര്‍ കെ.ഹാഷിഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍മാരായ ബി.പി.സുനില്‍കുമാര്‍, കെ.വി.ആനന്ദന്‍, സെക്‌ഷൻ ഫോറസ്റ്റര്‍ കെ.യു.മണികണ്ഠന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.രാജ് മോഹന്‍, എം.മനുപ്രസാദ്, സി.എ.അശ്വിന്‍കുമാര്‍, പി.എസ്.ചിപ്പി, വാച്ചര്‍മാരായ രാജേഷ്, എം.രാജന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ സഹായിച്ചര്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നു സൗത്ത് വയനാട് ഡിഎഫ്ഒ പി.രഞ്ജിത് കുമാര്‍ അറിയിച്ചു.
കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശിയും കൂരിക്കാട്ട് തോമാച്ചൻ – ലൂസി ദമ്പതികളുടെ മകനും സസ്‌കാച്ചെവൻ ഹോസ്പിറ്റൽ (നോർത്ത് ബാറ്റിൽഫോർഡ് ഈസ് എ പബ്ലിക് സൈക്കിയാട്രിക് ഹോസ്പിറ്റൽ ഇൻ നോർത്ത് ബാറ്റിൽഫോർഡ് , സസ്‌കാച്ചെവൻ .) ആശുപത്രിയിലെ രജിസ്റ്റേർഡ് നേഴ്സുമായിരുന്ന ടോം തോമസ് (35) കാനഡയിൽ നിര്യാതനായി. കഴിഞ്ഞയാഴ്ചയാണ് ടോം കോവിഡ് പോസ്റ്റീവ് ആയി ചികിത്സയിലായത്. കാർഡിയാക്ക് അറസ്റ്റ് ഉണ്ടായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ മെറിൻ ഇതേ ആശുപത്രിയിലെ രജിസ്റ്റേർഡ് നേഴ്സാണ്.ഒരു വയസ്സുള്ള മകളുണ്ട്.
യുഎൻഎ അനുശോചനം രേഖപ്പെടുത്തി .
ടോം തോമസിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സർക്കാർ ഉണ്ടാക്കുക എന്നതാണ് അമിത് ഷായുടെ പദ്ധതിയെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആ മോഹം ഇവിടെ നടക്കില്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശ്രീലങ്ക. ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയര്‍മാന്‍ നിമല്‍ പുന്‍ചിഹെവയാണ് ഇതു സംബന്ധിച്ച് പ്രതികരിച്ചിരിക്കുന്നത്. ശ്രീലങ്കയിലെ നിയമം അത് അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
‘ശ്രീലങ്കയിലെ ഏതു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സംഘടനകൾക്കോ വിദേശത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കാന്‍ ഭരണഘടന അനുമതി നൽകുന്നില്ല.’ അദ്ദേഹം വ്യക്തമാക്കി.
രാജ്യമെങ്ങും മാത്രമല്ല, അയൽരാജ്യങ്ങളിൽക്കൂടി പാർട്ടിയെ വ്യാപിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ പറഞ്ഞത്. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സർക്കാർ രൂപീകരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലസ്ഥാനമായ അഗർത്തലയിലെ പാർട്ടി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംസ്ഥാന ഗസ്റ്റ് ഹൗസിൽ പാർട്ടിയുടെ നോർത്ത് ഈസ്റ്റ് സോണൽ സെക്രട്ടറി അജയ് ജാംവലിനൊപ്പം ഇരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ബിജെപി നിരവധി സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിച്ചുവെന്ന് ജാംവൽ പറഞ്ഞു. അതിനു മറുപടിയായാണ് ഇനി ശ്രീലങ്കയും നേപ്പാളും ഉണ്ടെന്ന് അമിത് ഷാ വ്യക്തമാക്കിയത്. നമുക്ക് ആ രാജ്യങ്ങളിലേക്കും കൂടി പാർട്ടിയെ വളർത്തണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു’ – ബിപ്ലബ് വ്യക്തമാക്കിരുന്നു.
‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്… എന്നാണല്ലോ. അപ്പോൾ ഇനി ‘റൈറ്റ്’ തന്നെയാണ്. അതാണ് മുന്നോട്ടുള്ള പോക്കിന് നല്ലത്..’ ആവേശത്തോടെ രമേഷ് പിഷാരടിയുടെ പ്രസംഗം. നിറഞ്ഞ കയ്യടിയോടെയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഓരോ വാക്കും സ്വീകരിച്ചത്. ഉമ്മൻ ചാണ്ടിയുടെ ശബ്ദവും പ്രവർത്തകരുടെ ആവശ്യപ്രകാരം പിഷാരടി വേദിയിൽ അവതരിപ്പിച്ചു. ഇത്രയും ചിരിച്ച മുഖമുള്ള ഏതൊരാൾക്കും ഭയമില്ലാതെ കടന്നുവന്ന് സംസാരിക്കാൻ കഴിയുന്ന നേതാക്കളുള്ള പാർട്ടി യുഡിഎഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള സിനിമാലോകത്തെ പലരും കോൺഗ്രസ് അനുഭാവികളാണെന്നും പലരും പറയുന്നില്ല എന്നുമാത്രമേ ഉള്ളൂവെന്നും ഇടവേള ബാബു പറഞ്ഞു. അവരും ഉടൻ തന്നെ പറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണു രമേഷ് പിഷാരടിയുമെത്തുന്നത്. കോണ്‍ഗ്രസ് യുവനേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണു തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രമേഷ് പിഷാരടി ചര്‍ച്ച നടത്തി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ കൂടുതല്‍ ചലച്ചിത്രതാരങ്ങള്‍ കോണ്‍ഗ്രസിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ മേജര്‍ രവിയും ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തിരുന്നു.
ചലച്ചിത്ര താരം ധര്‍മ്മജന്റെ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക് വരുന്നത് നല്ലകാര്യമാണെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും നടന്‍ ധര്‍മ്മജന്‍ പ്രതികരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ നഗരസഭയിലേയ്ക്കു മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോയ്‌സ് മേരിക്ക് ആശംസയുമായി രമേഷ് പിഷാരടി എത്തിയിരുന്നു.
ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലാണ് സംഭവം. മധുവിധുകാലം പിന്നിടും മുമ്പേയാണ് യുവതിയെ ഭര്‍ത്താവ് കഴുത്തറത്തു കൊലപ്പെടുത്തിയത്.
കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പ് നാട്ടിക്കല്ലിങ്ങല്‍ കുട്ട്യാലിയുടെ മകന്‍ ഷഹീര്‍ (30) ആണ് ഭാര്യ മുഹ്സിലയെ (20) കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ ഭാര്യ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ഷഹീറിന്റെ സംശയ രോഗമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.
ദമ്പതികളുടെ മുറിയില്‍നിന്നു വലിയ ബഹളം കേട്ടാണ് ബന്ധുക്കള്‍ ഉണര്‍ന്നത്. അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷഹീര്‍ കൂട്ടാക്കിയില്ല. ഇതോടെ എന്തോ അപാകത തോന്നിയ വീട്ടുകാര്‍ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തി. ഇവരും കര്‍ശനമായി ആവശ്യപ്പെട്ടതോടെ ഷഹീര്‍ വാതില്‍ തുറന്നു പുറത്തേക്ക് ഓടുകയായിരുന്നു.
തുടര്‍ന്നു ബന്ധുക്കള്‍ മുറിയുടെ അകത്തേക്കു കയറി നോക്കുമ്പോഴാണ് മുഹ്സിലയെ രക്തത്തില്‍ കുളിച്ചു കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവര്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പുറത്തേക്ക് ഓടിയ ഷഹീറിനെ ബന്ധുക്കള്‍ തന്നെ പിടികൂടുകയായിരുന്നു. മുക്കം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം ഒതായി സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്സില. കഴിഞ്ഞ ദിവസമാണ് യുവതി സ്വന്തം വീട്ടില്‍നിന്നു പഴംപറമ്പിലെ ഭര്‍തൃവീട്ടിലെത്തിയത്. വിവാഹത്തിനു ശേഷം ഷഹീര്‍ അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.
54 യാത്രക്കാരുമായി പുറപ്പെട്ട ബസ് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം. മധ്യപ്രദേശിലെ സീധി ജില്ലയിലാണ് അപകടം നടന്നത്. 32 പേരാണ് ബസ് അപകടത്തില്‍ മരണപ്പെട്ടത്. മരണസംഖ്യ ഉയര്‍ന്നേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബസ് രാംപുരില്‍ വെച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് പതിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്.
ബസ് പൂര്‍ണമായും കനാലില്‍ മുങ്ങുകയും ചെയ്തു. ഏഴുപേര്‍ കനാല്‍ തീരത്തേയ്ക്ക് നീന്തിക്കയറിയതായും റിപ്പോര്‍ട്ട് ഉണ്ട്. സംസ്ഥാന ദുരന്ത പ്രതികരണ സേനയും നീന്തല്‍ വിദഗ്ധരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. കനാലില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുണ്ട്.
ട്രാഫിക് തടസം ഒഴിവാക്കാന്‍ കുറുക്കു വഴിക്കാണ് ബസ് പോയത്. ഇതാണ് അപകടത്തിലേയ്ക്കും വഴിവെച്ചത്. ഇതേതുടര്‍ന്ന് ബാണ്‍സാഗര്‍ അണക്കെട്ടില്‍ നിന്ന് വെളളം തുറന്നുവിടരുതെന്ന് മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബന്‍സാഗര്‍ കനാലിലെ ജലനിരപ്പ് കുറയ്ക്കുന്നതിനായി സിഹാവല്‍ കനാലിലെ വെള്ളം തുറന്നുവിട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം കൈമാറുകയും ചെയ്തു.