മന്ത്രിസഭാ രൂപീകരണത്തിനായുള്ള ഉഭയകക്ഷി ചർച്ചകൾ ഇടതുമുന്നണിയിൽ പുരോഗമിക്കുന്നു. സിപിഎം – സിപിഐ ചർച്ചകളിൽ മന്ത്രിസ്ഥാനത്തിൽ ധാരണയായെങ്കിലും കേരളാ കോൺഗ്രസ് (എം) അടക്കമുള്ള പാർട്ടികളുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾ പൂർണമായും വിജയം കണ്ടില്ല. രണ്ട് സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ കേരളാ കോൺഗ്രസ് ഉറച്ച് നിന്നതോടെ ഇന്ന് ചേർന്ന യോഗം ധാരണയാകാതെ പിരിഞ്ഞു. രണ്ട് മന്ത്രിസ്ഥാനത്തിൽ കേരളാ കോൺഗ്രസ് ഉറച്ച് നിന്നെങ്കിലും ഒരു മന്ത്രിസ്ഥാനം നൽകാം എന്ന് സിപിഎം അറിയിച്ചു. രണ്ട് മന്ത്രിസ്ഥാനം നൽകുന്നത് നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെന്ന് സിപിഎം അറിയിച്ചതായാണ് വിവരം.
രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേരളാ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭ്യമായാൽ വഴങ്ങണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സിപിഎം ഈ ഫോർമുല മുന്നോട്ട് വെച്ചിട്ടുണ്ട് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഇടുക്കിയിൽ നിന്നും വിജയിച്ച റോഷി അഗസ്‌റ്റിൽ മന്ത്രിയാകും. ആരാകും ചീഫ് വിപ്പ് എന്ന കാര്യത്തിൽ തീരുമാനവുമെടുത്തിട്ടില്ല. രണ്ട് മന്ത്രിസ്ഥാനം ലഭിച്ചാൽ ഡോ എന്‍ ജയരാജിന് അവസരം ലഭിക്കും. അതിനുള്ള സാധ്യത കുറവാണ്. ചീഫ് വിപ്പ് സ്ഥാനം ലഭിച്ചാൽ ജയരാജിന് കൈമാറണോ എന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.
അർഹതപ്പെട്ട പ്രാധാന്യം പാർട്ടിക്ക് ലഭിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചർച്ചകൾക്ക് ശേഷം ജോസ് കെ മാണി പറഞ്ഞു. കേരളാ കോൺഗ്രസിന് അർഹതപ്പെട്ടതാണ് ആവശ്യപ്പെട്ടത്. ചർച്ചകൾ ഇനിയും തുടരും. ആവശ്യങ്ങൾ അറിയിച്ചിട്ടുണ്ട്. പോസിറ്റീവ് നിലപാടാണ് ചർച്ചയിലുണ്ടായത്. ഒറ്റക്കെട്ടായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. എകെജി സെൻ്ററിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ജോസ് കെ മാണി, റോഷി അഗസ്‌റ്റിൻ, സ്‌റ്റീഫൻ ജോർജ് എന്നിവർ പങ്കെടുത്തു.
കേരളാ കോൺഗ്രസ് എമ്മിൻ്റെ നിലവിലെ രാഷ്‌ട്രീയ സാഹചര്യം യോഗത്തിൽ പാർട്ടി ചെയർമാൻ കൂടിയായ ജോസ് കെ മാണി വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. കേരളാ കോൺഗ്രസിൻ്റെ ശക്തി കേന്ദ്രമായ കോട്ടയം ജില്ലയിൽ നിന്ന് ഒരു മന്ത്രി കൂടിയുണ്ടായാൽ പാർട്ടിക്ക് നേട്ടമാകുമെന്നും ജില്ലയിൽ കൂടുതൽ സ്വാധീനമുണ്ടാക്കാൻ ഈ നീക്കം സഹായമാകുമെന്നുമാണ് കേരളാ കോൺഗ്രസിൻ്റെ വിലയിരുത്തൽ. അല്ലാത്ത പക്ഷം രാഷ്‌ട്രീയ തിരിച്ചടിക്ക് വഴിവെക്കും. ഈ സാഹചര്യത്തിൽ കോട്ടയത്ത് നിന്നും ഒരു മന്ത്രി വേണമെന്നാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്.
പാലായിൽ തിരിച്ചടിയുണ്ടായെങ്കിലും രണ്ട് മന്ത്രിസ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേരളാ കോൺഗ്രസ് എം. കഴിഞ്ഞ ദിവസം ചേർന്ന നേതൃയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. പാർട്ടിക്ക് അഞ്ച് എംഎൽഎമാരുള്ള സാഹചര്യത്തിൽ രണ്ട് മന്ത്രിസ്ഥാനത്തിന് അർഹതയുണ്ട്. ഒന്നും രണ്ടും എൽ എൽ എമാരുള്ള ഘടക കക്ഷികൾക്ക് ഒരു മന്ത്രിസ്ഥാനം നൽകുമ്പോൾ കേരളാ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം നൽകണമെന്നാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്.
കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചനവുമായി വിഎസ് അച്യുതാനന്ദന്‍. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ആളായിരുന്നു ഗൗരിയമ്മയെന്നും വിഎസ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി.
വി എസ് അച്യുതാനന്ദന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ഗൗരിയമ്മയുടെ നിര്യാണവാർത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. കേരളവും അങ്ങനെതന്നെയാവും. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അന്തിമാഭിവാദനങ്ങൾ.
എൻഡിഎ സഖ്യത്തെ കാഴ്ചക്കാരാക്കി തമിഴ്‌നാട്ടിൽ ഭരണം പിടിച്ച എംകെ സ്റ്റാലിനും ഡിഎംകെയും കേന്ദ്രത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടികൾ എടുത്ത് ശ്രദ്ധയാകർഷിക്കുകയാണ്. സൊഹ്‌റാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസിനെ തമിഴ്‌നാടിന്റെ പുതിയ ഡിജിപിയായി നിയമിച്ചാണ് സ്റ്റാലിൻ സർക്കാർ ചർച്ചകൾക്ക് വഴിതുറന്നിട്ടിരിക്കുന്നത്. വിജിലൻസ്-ആന്റി കറപ്ഷൻ തലപ്പത്താണു നിയമനം.
2010ലെ സൊഹ്‌റാബുദ്ദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് അമിത് ഷായെ അറസ്റ്റ് ചെയ്താണ് കന്ദസ്വാമി ഐപിഎസ് വാർത്താതാരമായത്. അന്ന് അദ്ദേഹം സിബിഐ ഐജിയായി പ്രവർത്തിച്ചുവരികയായിരുന്നു. പിന്നീട് അമിത് ഷാ കുറ്റവിമുക്തനായെങ്കിലും അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്യാൻ മടിക്കാത്ത കന്ദസ്വാമിയുടെ ധീരത വലിയ ചർച്ചയായിരുന്നു. എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് കന്ദസ്വാമി പിണറായി വിജയനെതിരെയും അന്വേഷണം നടത്തിയിരുന്നു.
അനീതിക്ക് എതിരെ മുഖം നോക്കാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻ എന്ന് പേരുകേട്ട കന്ദസ്വാമിയെ വിജിലൻസ് തലപ്പത്ത് നിയമിച്ച മുഖ്യമന്ത്രി സ്റ്റാലിന് നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ പ്രശംസിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് തന്നെ തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരത്തിലേറിയാൽ എഐഎഡിഎംകെ നേതാക്കളുടെ ഉൾപ്പെടെ അഴിമതി പുറത്തുകൊണ്ടുവരുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ആദ്യ സൂചനയാണ് കന്ദസ്വാമിയുടെ നിമയനം എന്നാണ് റിപ്പോർട്ടുകൾ.
സ്റ്റാലിനെ പ്രശംസിക്കുന്ന കോൺഗ്രസ് നേതാവ് ടി സിദ്ധിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
സൊഹ്‌റാബുദ്ദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐ പി എസ് പുതിയ തമിഴ്‌നാട് ഡിജിപി. വിജിലൻസ്ആന്റി കറപ്ഷൻ തലപ്പത്താണു നിയമനം. ബിജെപി ഇല്ലാതാക്കാൻ ശ്രമിച്ച ധീരനായ പോലീസ് ഓഫീസറെ നിയമിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനു അഭിവാദ്യങ്ങൾ. ഫാഷിസ്റ്റ് ഭരണകൂടത്തിനു നേരെയുള്ള ചെറുത്ത് നിൽപ്പിന്റെ ഭാഗമാണു ഇത്തരം തീരുമാനങ്ങൾ. കോൺഗ്രസ് ഉൾപ്പെടുന്ന തമിഴ്‌നാട് സർക്കാറിന്റെ ആഭ്യന്തരം പിന്നിൽ നിന്ന് ആർക്കും നിയന്ത്രിക്കാനാവില്ലെന്നതിന്റെ സൂചന കൂടിയാണിത്.
കോവിഡ് ബാധിച്ച് മലയാളി സ്റ്റാഫ് നേഴ്സ് ഒമാനിൽ മരിച്ചു.
ഒമാനിലെ റസ്റ്റാക്ക് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയുമായ രമ്യ റജുലാൽ ആണ് ഇന്ന് വൈകുന്നേരം മരണത്തിന് കീഴടങ്ങിയത്.കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട് . യുഎൻഎ സജീവാംഗമായിരുന്നു.
കോവിഡ് ബാധിതയായി വെൻ്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യ പ്രവർത്തകർ.
രാത്രി 07:15-നാണ് മരണം സംഭവിച്ചത്.
ബാലുശ്ശേരി സ്വദേശിയായ റജുലാൽ ആണ് ഭർത്താവ്. ഒരു കുഞ്ഞു മകളുണ്ട്.
ആലുവ: രാജ്യത്തെ ക്രൈസ്തവ സഭാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മേൽപ്പട്ട സ്ഥാനത്തിരുന്ന മാർത്തോമാ സഭയുടെ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിർച്ച്വൽ അനുസ്മരണം വൈ.എം.സി.എ കേരള റീജിയൻ്റെ നേതൃത്വത്തിൽ മെയ് 12 ബുധനാഴ്ച വൈകിട്ട് 8മണിക്ക് നടക്കും.
മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും .വൈ .എം.സി.എ ദേശീയ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി അനുസ്മരണ സമ്മേളനത്തിന് നേതൃത്വം നല്കും. കേരള റീജണൽ ചെയർമാൻ ജോസ് ജി.ഉമ്മൻ അധ്യക്ഷത വഹിക്കും.മോസ്റ്റ് റവ.ഡോ.തിയോഡഷ്യസ് മാർത്തോമാ മെത്രാപോലീത്ത, കർദിനാൾ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലംഞ്ചേരി, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത ,ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത, സിനിമ സംവിധായകൻ ബ്ലസി, സജി ചെറിയാൻ എം.എൽ.എ എന്നിവർ സംബന്ധിക്കും.
ജനറൽ സെക്രട്ടറി റെജി വർഗ്ഗീസ്, സംസ്ഥാന കോർഡിനേറ്റർ പ്രൊഫ.ഡോ.റോയിസ് മല്ലശ്ശേരി, ട്രഷറാർ വർഗ്ഗീസ് അലക്സാണ്ടർ ,വൈസ് ചെയർമാന്മാരായ വർഗ്ഗീസ് അലക്സാണ്ടർ, പ്രൊഫ. അലക്സ് തോമസ്, ജിയോ ജേക്കബ് എന്നിവർ നേതൃത്വം നല്കും.കേരളത്തിലെ 543 വൈഎംസിഎ കളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കും.
ആത്മീയതയുടെയും മാനവികതയുടെയും അർത്ഥം ഗ്രഹിപ്പിച്ച പ്രഭാഷണം ലോകനേതാക്കളെ പോലും ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ആരാധകരാക്കി.വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ക്രൈസ്തവ സഭകൾക്ക് മാത്രമല്ല സമൂഹത്തിൻ്റെയും കൂടി നഷ്ടമാണ്.
പ്രമുഖ എഴുത്തുകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു.
1941ല്‍, തൃശ്ശൂര്‍ ജില്ലയിലെ കിരാലൂര്‍ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ യ്ക്ക് 2000ല്‍ മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
2001 ല്‍ ബി.ജെ.പി. ടിക്കറ്റില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ്ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം ,ആര്യാവര്‍ത്തംസ അമൃതസ്യ പുത്രഃ എന്നിവയാണ് അദ്ദേഹത്തിന്റെ നോവലുകള്‍
കോടികൾ സൂപ്പർസ്റ്റാർ സൽമാൻ ഖാന്റെ ബോഡി ഗാർഡിന്റെ ശമ്പളം. ഇന്റർനാഷണൽ സെലിബ്രിറ്റികൾക്ക് പ്രൊട്ടക്ഷൻ നൽകുന്ന ഷേര ഈ അടുത്ത് വാർത്തകളിൽ ഇടം പിടിച്ചത് ഗായകൻ ജസ്റ്റിൻ ബീബറിന് മുംബൈയിൽ സംഗീത പരിപാടി അവതരിപ്പിച്ചപ്പോൾ ബോഡി ഗാർഡായി എത്തിയപ്പോഴാണ്.
കഴിഞ്ഞ ഇരുപത്തിയാറ് വർഷമായി സൽമാൻ ഖാന്റെ പേർസണൽ ബോഡി ഗാർഡാണ് ഷേര. 2011ൽ അതിന് ഒരു അവാർഡും ഷേര കരസ്ഥമാക്കിയിട്ടുണ്ട്. ആരാധകരും പത്രക്കാരും എപ്പോഴും ചുറ്റും കൂടുന്ന സൽമാൻ ഖാന്റെ ബോഡി ഗാർഡ് ആകുക എന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്.
ഏകദേശം 15 ലക്ഷത്തോളമാണ് മാസം ഷേരക്ക് ശമ്പളമായി ലഭിക്കുന്നത്. ഒരു വർഷമാകുമ്പോൾ അത് 2 കോടിക്ക് അടുത്ത് വരും. സിഖുകാരനായ ഷേരയുടെ യഥാർത്ഥ പേര് ഗുർമീത് സിംഗ് ജോളിയെന്നാണ്. സൽമാൻ ഖാന്റെ ബോഡി ഗാർഡ് ആയിരുന്നില്ലെങ്കിൽ താൻ ഏതെങ്കിലും ലോക്കൽ സെക്യൂരിറ്റി ഏജൻസി നടത്തി ജീവിക്കുമായിരുന്നു എന്ന് ഷേര വെളിപ്പെടുത്തി.
അമേരിക്കയിൽ കൗമാരക്കാർക്കും വാക്സീൻ നൽകാൻ അനുമതി. 12 മുതൽ 15 വയസുവരെയുള്ളവർക്ക് വാക്സിൻ നൽകാൻ തിങ്കളാഴ്ച ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് (എഫ്ഡിഎ) അനുമതി നൽകിയിരിക്കുന്നത്.
ഫൈസർ-ബയോടെക് കോവിഡ് വാക്സിൻ നൽകാനാണ് അനുമതി. കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക നടപടിയാണ് ഇതെന്ന് എഫ്ഡിഎ കമ്മീഷണർ ജാനറ്റ് വുഡ്കോക്ക് പറഞ്ഞു.
ഈ നടപടി കോവിഡിൽനിന്നും യുവജനത്തെ സംരക്ഷിക്കാനുള്ളതാണ്. ഇത് സാധാരണ നിലയിലേക്ക് മടങ്ങാനും പകർച്ചവ്യാധി അവസാനിപ്പിക്കാനും ഇടയാക്കുന്നതാണെന്നും ജാനറ്റ് പറഞ്ഞു.
വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി എല്ലാ വിവരങ്ങളും പരിശോധിക്കുകയും സമഗ്രമായ അവലോകനവും നടത്തിയെന്ന് മാതാപിതാക്കൾക്ക് ഉറപ്പുനൽകാനാവുമെന്നും ജാനറ്റ് കൂട്ടിച്ചേർത്തു.16 വയസുവരെയുള്ളവർക്ക് വാക്സീൻ നൽകാൻ അമേരിക്ക നേരത്തെ അനുമതി നൽകിയിരുന്നു.
രാജ്യത്ത് ഓക്സിജൻ കിട്ടാതെ 11 കോവിഡ് രോഗികൾ കൂടി മരിച്ചു. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് ദാരുണ സംഭവം. തിരുപ്പതിയിലുള്ള റുയ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞ രോഗികളാണ് മരിച്ചത്.
ഓക്സിജൻ സിലിണ്ടർ നിറയ്ക്കാൻ അഞ്ച് മിനിറ്റ് വൈകിയതാണ് ഈ ദാരുണ സംഭവത്തിന് കാരണമായത്. ഓക്സിജൻ സിലിണ്ടർ നിറയ്ക്കാൻ വൈകിയതുമൂലം മർദ്ദം കുറഞ്ഞതാണ് രോഗികളുടെ മരണത്തിനിടയാക്കിയത്.
ഓക്സിജൻ വിതരണം അഞ്ച് മിനിറ്റിനുള്ളിൽ പുനസ്ഥാപിക്കാൻ സാധിച്ചതുമൂലം കൂടുതൽ അപകടങ്ങൾ ഒഴിവായതായി അധികൃതർ അറിയിച്ചു. 30 ഡോക്ടർമാരെ ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റി രോഗികൾക്ക് വേണ്ട ചികിത്സ നൽകിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം ഓക്സിജൻ ദൗർലഭ്യം ഇല്ലെന്നും വേണ്ടത്ര വിതരണം നടക്കുന്നുണ്ടെന്നും കളക്ടർ അറിയിച്ചു. റുയ ആശുപത്രിയിലെ ഐസിയുവിൽ 700 കോവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. 300 കോവിഡ് രോഗികൾ വാർഡുകളിലും ചികിത്സയിലുണ്ട്.
സംഭവത്തിൽ മുഖ്യമന്ത്രി വൈ.എസ്. ജഗമോഹൻ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. ജില്ല കളക്ടറുമായും അദ്ദേഹം സംസാരിച്ചു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തണമെന്നും ജഗമോഹൻ റെഡ്ഡി നിർദേശിച്ചു.
കേരള രാഷ്‌ട്രീയത്തിലെ ധീരയായ വനിത എന്ന് പേരെടുത്ത ഗൗരിയമ്മ കേരളത്തിലെ കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനങ്ങളുടെ ഏറ്റവും മുതിർന്ന സഹയാത്രിക കൂടിയായിരുന്നു. ആലപ്പുഴ ജില്ലയിലെ ചേർത്തല അന്ധകാരനഴി എന്ന ഗ്രാമത്തിൽ 1919 ജൂലായ് 14നാണ് ഗൗരിയമ്മ ജനിച്ചത്. കളത്തിപ്പറമ്പിൽ കെഎ രാമൻ, പർവ്വതിയമ്മ എന്നിവരാണ് മാതാപിതാക്കൾ.
തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം അവർ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിഎ ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും കരസ്‌ഥമാക്കി. ഇക്കാലത്ത് വിദ്യാർഥി രാഷ്‌ട്രീയത്തിൽ സജീവമായ ഗൗരിയമ്മ നിരവധി സമരങ്ങളിൽ പങ്കെടുത്തിരുന്നു.
പിന്നീട് 1953ലും 1954ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു. ഐക്യകേരളത്തിന്റെ രൂപീകരണത്തിന് ശേഷം 1957ൽ ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിൽ ഗൗരിയമ്മയും അംഗമായി. ഇക്കാലയളവിലാണ് ഇതേ മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന നേതാവ് ടിവി തോമസിനെ ഗൗരിയമ്മ ജീവിത പങ്കാളിയായി സ്വീകരിച്ചത്.
എന്നാൽ 1964ൽ കമ്മ്യൂണിസ്‌റ്റ് പാർട്ടി പിളർന്ന് രണ്ടായപ്പോൾ ഗൗരിയമ്മ സിപിഎമ്മിനൊപ്പവും, ടിവി തോമസ് സിപിഐക്കൊപ്പവും നിന്നു. രാഷ്‌ട്രീയത്തിലും, വ്യക്‌തിജീവിതത്തിലും ശക്‌തമായ നിലപാടുകൾ സ്വീകരിച്ച കെആർ ഗൗരിയമ്മ 1964 മുതൽ 1994 വരെ സിപിഎമ്മിനൊപ്പം ചേർന്ന് നിന്നു, ഇക്കാലയളവിൽ കേരളത്തിലെ ഏറ്റവും ശക്‌തയായ വനിതാ നേതാവ് മാത്രമായിരുന്നില്ല ഗൗരിയമ്മ, പാർട്ടിയുടെ അവസാനവാക്ക് കൂടിയായിരുന്നു.
1980കളിലും 90കളിലും കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി കെആർ ഗൗരിയമ്മയുടെ പേര് പല്ലപ്പോഴും ഉയർന്ന് കേട്ടിരുന്നു. പല തവണ അത് പാർട്ടി നേതൃത്വം പരസ്യമാക്കുകയും ചെയ്‌തു. എന്നാൽ പുറത്തറിയപ്പെടാത്ത വിഭാഗീയത ഉൾപ്പടെയുള്ള വിഷയങ്ങളാണ് ഗൗരിയമ്മയെ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നകറ്റിയതെന്ന് പിൽക്കാലത്ത് പല തുറന്ന് പറച്ചിലുകളുമുണ്ടായി. എങ്കിലും ഒരു പരിധിവരെ കേരള രാഷ്‌ട്രീയത്തിൽ നിലനിന്നിരുന്ന ആൺമേൽക്കോയ്‌മയാണ് ഗൗരിയമ്മക്കും തടസമായി നിന്നതെന്ന് അക്കാലത്തെ പരസ്യമായ രഹസ്യമായിരുന്നു.
തൊണ്ണൂറുകളുടെ മധ്യത്തോടെ (1994) പാർട്ടി വിട്ട ഗൗരിയമ്മ സ്വതന്ത്രമായ രാഷ്‌ട്രീയ കക്ഷി രൂപീകരിച്ച് ഒരിക്കൽ കൂടി തന്റെ നിലപാട് വ്യക്‌തമാക്കി. ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന പാർട്ടിയുടെ പിറവി അവിടെയായിരുന്നു. തുടക്കം മുതൽ ഐക്യജനാധിപത്യ മുന്നണിയുമായി ഒത്തുചേർന്നാണ് ഗൗരിയമ്മയും പാർട്ടിയും പ്രവർത്തിച്ചിരുന്നത്.
2001ലെ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായി ഗൗരിയമ്മ വീണ്ടും നിർണായക ശക്‌തിയായി മാറി. ഈ തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിൽ മൽസരിച്ച ജെഎസ്എസ് നാലെണ്ണത്തിലും വിജയിച്ചിരുന്നു. എന്നാൽ പിൽക്കാലത്ത് (2016) അവർ വീണ്ടും ഇടതുമുന്നണിയിലേക്ക് തന്നെ എത്തിയെന്നതാണ് വിരോധാഭാസം. കഴിഞ്ഞ അഞ്ച് വർഷമായി ഇടതുമുന്നണിയിൽ പ്രത്യേക ക്ഷണിതാവായിരുന്നു അവർ.
കേരള രാഷ്‌ട്രീയത്തിലെ തകർക്കപ്പെടാത്ത ഒരുകൂട്ടം റെക്കോഡുകളും ഗൗരിയമ്മയുടെ പേരിലുണ്ട്, നിയമസഭയിലേക്ക് ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ട വ്യക്‌തി, ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം(85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി, കേരളത്തിൽ ആദ്യമായി രാഷ്‌ട്രീയപാർട്ടി രൂപീകരിച്ച വനിത തുടങ്ങിയവയാണ് അത്.
1957ലെ കേരളാ സ്‌റ്റേറ്റ് ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്‌സ് ആക്‌ട് (കുടിയൊഴിപ്പിക്കൽ നടപടിക്രമ നിയമം), ട്രാവൻകൂർ കൊച്ചിൻ ലാന്റ് ടാക്‌സ് (തിരു-കൊച്ചി ഭൂനികുതി നിയമം), കേരളാ ലാൻഡ് കൺസർവൻസി ആക്‌ട് (ഭൂസംരക്ഷണനിയമം) തുടങ്ങി തന്റെ ഭരണകാലത്ത് ഗൗരിയമ്മ നടപ്പിൽ വരുത്തിയ നിയമങ്ങൾ ഇന്നും ചർച്ച ചെയ്യപെടുന്നവയാണ്.
ഏകദേശം എട്ട് പതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ, രാഷ്‌ട്രീയ രംഗത്ത് ജ്വലിച്ചു നിന്നിരുന്ന നക്ഷത്രമായിരുന്നു കെആർ ഗൗരിയമ്മ, വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകൾ കൊണ്ടും പ്രവർത്തന രീതി കൊണ്ടും ഏത് കാലത്തും ചർച്ച ചെയ്യപ്പെടേണ്ട വ്യക്‌തിത്വം കൂടിയായിരുന്നു അവരുടേത്. കെആർ ഗൗരിയമ്മക്ക് മലയാളംയുകെ ന്യൂസിന്റെ ആദരാഞ്‌ജലികൾ.
എ.കെ.ആന്റണിയുടെ അനുശോചനത്തില്‍ നിന്ന്…
ചേര്‍ത്തല സ്‌ക്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എനിക്ക് നേരിട്ട് പരിചയമുള്ള നേതാവാണ്, ഗൗരിയമ്മ ചേര്‍ത്തലക്കാരിയാണ്. ഞങ്ങള്‍ ഒരു നാട്ടുകാരുമാണ്. കേരള രാഷ്ട്രീയത്തിലെ ഇതിഹാസിക നായികയായിട്ടാണ് ഗൗരിയമ്മയെ കണക്കാക്കുന്നത്. വിപ്ലവപരമായ ചരിത്രം സൃഷ്ടിച്ച രാഷ്ട്രീയ നേതാക്കള്‍ ചുരുക്കമാണ്. വിദ്യാര്‍ത്ഥി കാലം മുതല്‍ രാഷ്ട്രീയ രംഗത്തേക്ക് വന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. നിരവധി ത്യാഗങ്ങളും കഷ്ടപ്പാടും ജയില്‍ശിക്ഷയും അനുഭവിക്കേണ്ടി വന്നു.
കെ.ആര്‍ ഗൗരിയമ്മയാണ് കേരളത്തിലെ കുടിയാന്മാര്‍ക്കും പാട്ടക്കാര്‍ക്കും മോചനം നല്‍കിയത്. ഗൗരിയമ്മ അവതരിപ്പിച്ച ബില്ലില്‍ കൂടിയാണ് ദരിദ്രരായ കുടിയാന്മാര്‍ക്ക് ഭൂമി ലഭിച്ചത്. ഇന്ത്യയില്‍ ആദ്യമായി സമഗ്രമായ കാര്‍ഷിക പരിഷ്‌കരണ നിയമം അവതരിപ്പിച്ചതും പാസാക്കിയതും നടപ്പിലാക്കിയതും ഗൗരിയമ്മാണ്. അത് ഇന്ത്യയിലുടനീളം കൊടുങ്കാറ്റായി. കാര്‍ഷിക പരിഷ്‌കരണത്തിന്റെ ഒന്നാമത്തെ അവകാശി കെആര്‍ ഗൗരിയമ്മയാണ്.
വ്യക്തിപരമായ സൗഹൃദത്തിന് രാഷ്ട്രീയമോ മതമോ രാഷ്ട്രീയമോ ഇല്ല. ഗൗരിയമ്മ ഒരു നിലപാട് എടുത്താല്‍ അത് പാവപ്പെട്ടവരുടേയും അധ്വാനിക്കുന്നവരുടേയും കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ കൂടെയായിരുന്നു. എന്റെ മന്ത്രിസഭയില്‍ ഗൗരിയമ്മ മന്ത്രിയായത് ഒരു ബഹുമതിയായിട്ടാണ് കാണുന്നത്. ഗൗരിയമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം പ്രണയിച്ച് കല്യാണം കഴിച്ച ടിവി തോമസുമായിട്ടുള്ള ബന്ധത്തിലെ വിള്ളലായിരുന്നു. അത് അവസാന കാലം വരെ ഗൗരിയമ്മ പറയുമായിരുന്നു. അവസാനകാലം വരെ ഇഷ്ടവും
സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നത് ടിവി തോമസിനോടായിരുന്നു. കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരിയമ്മ ഭരിക്കട്ടെയെന്ന് പറഞ്ഞ പാര്‍ട്ടി അവരെ മുഖ്യമന്ത്രിയാക്കാത്തതും കെആര്‍ ഗൗരിയമ്മയെ ദുഃഖിപ്പിച്ചു