വിജയ് ഹസാരെ ട്രോഫിയ്ക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബി നയിക്കുന്ന 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിഷ്ണു വിനോട് ആണ് ഉപനായകന്‍. ഈ സീസണിലെ മുഷ്താഖ് അലി ട്രോഫി ട്വന്റി 20യില്‍ സഞ്ജു സാംസണായിരുന്നു കേരളത്തെ നയിച്ചത്.
സഞ്ജു വി സാംസണ്‍, എസ് ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഹീറോ അസറുട്ടീന്‍, ജലജ് സക്‌സേന, മുഹമ്മദ് നിസാര്‍ തുടങ്ങിവരും ടീമിലുണ്ട്. ബേസില്‍ തമ്പിയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനാണ് കേരളത്തിന്റെ പരിശഈലകന്‍. ടിനുവിനെ സഹായിക്കാന്‍ ആറംഘ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ഫെബ്രുവരി 13 മുതല്‍ ബംഗളൂരുവിലാണ് കേരളത്തിന്റെ മത്സരങ്ങള്‍ നടക്കുക.
കേരള ടീം: സച്ചിന്‍ ബേബി, രോഹന്‍ എസ്, മുഹമ്മദ് അസറൂദീന്‍, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, റോബിന്‍ ഉത്തപ്പ, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, വിനൂപ് എസ്, സിജോമോന്‍ ജോസഫ്, മിഥുന്‍ എസ്, ബേസില്‍ എന്‍പി, അരുണ്‍ എം, നിദീഷ് എംഡി, ശ്രീരൂപ് എംപി, എസ് ശ്രീശാന്ത്, ഫാനൂസ് എഫ്, രോജിത് കെജി
കോട്ടയം: ജോസ്.കെ മാണിയെ കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനായി അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേരള കോണ്‍ഗ്രസ്(എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ്.കെ. മാണി നയിക്കുന്ന വിഭാഗത്തിന് അനുവദിച്ചതിന്റെ തുടര്‍ച്ചയായി പാര്‍ട്ടി ചെയര്‍മാനായി ജോസ്.കെ. മാണിയെ തിരഞ്ഞെടുത്ത നടപടിക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി.
ചെയര്‍മാനായി ജോസ്.കെ. മാണിയേയും മറ്റ് ഭാരവാഹികളെയും അംഗീകരിച്ചതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ആത്യന്തികമായി സത്യം വിജയിക്കുമെന്ന് തെളിയിക്കുന്നതാണ് ഈ തീരുമാനമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്.കെ. മാണി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പോലും അംഗീകരിക്കാതെ വ്യാപകമായി നുണ പ്രചാരണങ്ങള്‍ ഉണ്ടായപ്പോഴും നിശ്ചയദാര്‍ഢ്യത്തോടെ സത്യത്തിന്റെ പാതയില്‍ ഉറച്ച് നിന്ന് നടത്തിയ നിയമപോരാട്ടത്തിന്റെയും രാഷ്ട്രീയ പോരാട്ടത്തിന്റെയും വിജയമാണ് ഇതെന്നും ജോസ്.കെ. മാണി പ്രതികരിച്ചു.
അസ്തമിക്കാത്ത പ്ലേ ഓഫ് സ്വപ്നത്തിലേക്ക് ഒരുപടി കൂടി അടുക്കാൻ കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്സിയെ ഇന്നു നേരിടുന്ന ബ്ലാസ്റ്റേഴ്സിനു വിജയമല്ലാതെ മറ്റൊരു ലക്ഷ്യമില്ല. ഇതിൽക്കൂടി പിഴച്ചാൽ ഇനിയൊരു അവസരവുമില്ല. സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്സിനോടു മാത്രം ജയിച്ച ചരിത്രമുള്ള ഒഡീഷ ആ വഴി മുടക്കുമോയെന്നു കണ്ടറിയാം. ഫറ്റോർഡ സ്റ്റേഡിയത്തിൽ രാത്രി 7.30നു കിക്കോഫ്.
തുടർച്ചയായ 6 കളികളിൽ ജയമറിഞ്ഞിട്ടില്ല ഒഡീഷ.
ബ്ലാസ്റ്റേഴ്സ് നാലിലും. ഈ സീസണിൽ ഏറ്റവുമധികം ഗോൾ വഴങ്ങിയ ടീമുകളിൽ ഒന്നാം സ്ഥാനത്താണു ബ്ലാസ്റ്റേഴ്സ് (27). ഒഡീഷ രണ്ടാമതും (25). ലീഗിൽ 10–ാം സ്ഥാനത്താണെങ്കിലും ശേഷിക്കുന്ന 4 മത്സരങ്ങളും ജയിച്ചാൽ ബ്ലാസ്റ്റേഴ്സിനു സാങ്കേതികമായി പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് അർഹതയുണ്ട്. പട്ടികയിൽ മുൻനിരയിലുള്ള മറ്റു ടീമുകളുടെ പ്രകടനം കൂടി ഇതിനു ബാധകമാണെങ്കിലും അതിനെക്കുറിച്ചു ചിന്തിക്കാതെ 4 കളിയും ജയിക്കുകയാണു ലക്ഷ്യമെന്നു കോച്ച് കിബു വിക്കൂന പറയുന്നു.
പ്രതിരോധ ദൗർബല്യങ്ങൾ പരിഹരിക്കാൻ ബ്ലാസ്റ്റേഴ്സിനു കഴിയാത്തതാണു പ്രശ്നം. എടികെ ബഗാൻ, മുംബൈ സിറ്റി ടീമുകൾക്കെതിരെ കഴിഞ്ഞ 2 കളികളിലും ലീഡെടുത്ത ശേഷമാണു ടീം തോറ്റത്. ഇത്തരത്തിൽ ഈ സീസണിൽ ഇതുവരെ ലീഡ് നേടിയ ശേഷം ബ്ലാസ്റ്റേഴ്സ് കളി കൈവിട്ടു നഷ്ടപ്പെടുത്തിയത് 16 പോയിന്റാണ്. എങ്കിലും കഴിഞ്ഞ കളികളിലെ മുൻനിരയുടെ മികച്ച പ്രകടനം ഒഡീഷയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിനു തുണയാകുമെന്നാണു പ്രതീക്ഷ.
ഹൈദരാബാദിനടുത്ത് ഫാര്‍മസി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം. മേഡ്ചാൽ മൽജാഗിരി ജില്ലയിലാണ് 19 കാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ പീഡനലക്ഷ്യവും ഉണ്ടായിരുന്നതായി സംശയിക്കുന്നു. കൃത്യസമയത്ത് പൊലീസ് എത്തിയതിനാല്‍ പ്രതികള്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി.
ഹൈദരാബാദിനോട് ചേർന്നുള്ള മേഡ് ചാൽ മാൽജാഗിരി ജില്ലയിലാണ് തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറിയത്. കോളജില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ 19കാരി വൈകീട്ട് ആറു മണിയോടെ ഓട്ടോയില്‍ കയറി. ഒരു സ്ത്രീയും കുട്ടിയും ഒാട്ടോയിലുണ്ടായിരുന്നു. അടുത്ത സ്ഥലത്ത് ഇവര്‍ ഇറങ്ങിയതോടെ ആക്രമി സംഘത്തിലെ രണ്ടുപേര്‍ ഒാട്ടോയില്‍ കയറി. കുറച്ച് മാറി ഒാട്ടോ നിര്‍ത്തി പെണ്‍കുട്ടിയെ മറ്റൊരു വാഹനത്തിലേക്ക് വലിച്ചുകയറ്റി. വാഹനത്തില്‍വച്ച് പെണ്‍കുട്ടി വീട്ടിലേക്ക് മൊബൈലില്‍ വിളിച്ചതാണ് തുണയായത്.
വീട്ടുകാര്‍ നല്‍കിയ വിവരവും, പെണ്‍കുട്ടിയുടെ മൊബൈല്‍ സിഗ്നലും പിന്തുടര്‍ന്നെത്തിയ പൊലീസ് ഒടുവില്‍ വാഹനം കണ്ടെത്തി. അപ്പോള്‍ തൊട്ടടുത്ത കുറ്റിക്കാട്ടില്‍ ആക്രമിസംഘം പെണ്‍കുട്ടിയെ എത്തിച്ച് ആക്രമണം തുടങ്ങിയിരുന്നു. പൊലീസിനെ കണ്ട സംഘം മരക്കഷ്ണം കൊണ്ട് പെണ്‍കുട്ടിയുടെ തലയില്‍ അടിച്ചുവീഴ്ത്തിയശേഷം ഒാടി രക്ഷപ്പെട്ടു. കാലുകള്‍ക്കും തലയിലും ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി ചികില്‍സയിലാണ്. പൊലീസ് നടത്തിയ തിരച്ചിലില്‍ രണ്ടു പ്രതികള്‍ പിടിയിലായി.
ഉത്തരാഖണ്ഡില്‍ വീണ്ടും പ്രളയഭീതി. ഋഷിഗംഗ നദിയില്‍ ജനലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് താഴ്ന്ന ഭാഗങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചു. തപോവനിലെ തുരങ്കങ്ങളില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം അല്‍പസമത്തേക്ക് നിര്‍ത്തവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഞായറാഴ്ചത്തെ മിന്നല്‍പ്രളയത്തില്‍ പെട്ടവരില്‍ 35 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു.
കഴിഞ്ഞ ഞായറാഴ്ചയിലെ ഉരുള്‍പൊട്ടലും മിന്നല്‍ പ്രളയവും ഉണ്ടാക്കിയ ദുരിതത്തില്‍ നിന്ന് ചമോലി ജില്ല മുക്തമാകും മുമ്പാണ് പുതിയ ഭീതി. മലമുകളില്‍ നിന്നും ഉരുള്‍പൊട്ടലിന്‍റെ ശബ്ദം കേട്ടതായി നാട്ടുകാര്‍ അധികൃതരെ അറിയിച്ചിരുന്നു. പിന്നാലെ ഋഷിഗംഗ നദിയിലെ ജനലനിരപ്പ് ഉയര്‍ന്നു. ഇതോടെയാണ് ആശങ്ക ഉയര്‍ന്നത്. മുന്‍കരുതലിന്‍റെ ഭാഗമായി താഴ്ന്ന ഭാഗങ്ങളില്‍ താമസിക്കുന്നവരെ ഉടന്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.
തപോവനിലെ തുരങ്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം അല്‍പസമയം നിര്‍ത്തിവച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും ഉപകരണങ്ങളും പ്രദേശത്ത് നിന്ന് മാറ്റി. ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുന്നില്ലെന്ന് കണ്ടതോടെ രക്ഷാപ്രവര്‍ത്തനം പരിമിതമായ തോതില്‍ പുനരാരംഭിക്കുകയും ചെയ്തു. തപോവനിലെ തുരങ്കങ്ങളില്‍ മുപ്പത്തിയഞ്ചോളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നണ് കരുതുന്നത്. അഞ്ച് ദിവസമായി തുടരുന്ന 24 മണിക്കൂര്‍ രക്ഷാദൗത്യത്തിന് ശേഷവും തുരങ്കങ്ങള്‍ക്കകത്തേക്ക് പ്രവേശിക്കാനായിട്ടില്ല.
ഉപേക്ഷിക്കപ്പെട്ട ഞണ്ട് വലയിൽ കുരുങ്ങി കൂറ്റൻ മുതലയ്ക്ക് ദാരുണാന്ത്യം. 80 വയസ് പ്രായമുള്ള മുതലയെയാണ് പോർട്ട് ഡഗ്ലസിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾക്കിടയിൽ ‘ദി ബിഗ് ഗൈ’ എന്നറിയപ്പെട്ടിരുന്ന മുതലയെ ക്വീൻസ്‌ലൻഡിലെ ഡിക്സൺ ഇൻലെറ്റ് നഗരത്തിലെ തുറമുഖത്താണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
കെണിയിൽ കുരുങ്ങിയ മുതല രക്ഷപെടാനായി ശ്രമിച്ചപ്പോൾ സമീപത്തുണ്ടായിരുന്ന സ്റ്റീൽ വയറും ശരീരത്തിൽ ചുറ്റിയതാണ് മരണകാരണമെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ പ്രിയങ്കരനായിരുന്നു ഈ മുതല. വടമുപയോഗിച്ചാണ് 4.5 മീറ്ററോളം നീളവും 250 കിലോയോളം ഭാരവുമുള്ള മുതലയുടെ ശരീരം വെള്ളത്തിൽ നിന്നും നീക്കം ചെയ്തത്.
ഉത്തരാഖണ്ഡില്‍ മഞ്ഞുമല തകര്‍ന്നുണ്ടായ അപ്രതീക്ഷിത പ്രളയത്തില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. എന്നാല്‍ അപകടം നടക്കുന്നത് അളകനന്ദ നദിയിലെ മത്സ്യങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഞായറാഴ്ചയാണ് മഞ്ഞുമല ഇടിഞ്ഞ് വീണ് ദുരന്തമുണ്ടായത്. ഇതിന് മുന്‍പ് അളകനന്ദ നദിയില്‍ ചാകര എന്ന പോലെ മീനുകള്‍ ഒരു പ്രദേശത്ത് കൂട്ടം കൂടിയതായി നാട്ടുകാര്‍ പറയുന്നു. ഇത് പ്രകൃതിക്ഷോഭം മുന്‍കൂട്ടി കാണാന്‍ മത്സ്യങ്ങള്‍ക്ക് കഴിവുണ്ടെന്നതിന്റെ തെളിവാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
രാവിലെ ഒന്‍പത് മണിയോടെ വന്‍ തോതില്‍ മത്സ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്, ലാസു ഗ്രാമ വാസികള്‍ ബക്കറ്റുകളും, പാത്രങ്ങളുമൊക്കെയായി മത്സ്യം ശേഖരിക്കാന്‍ രംഗത്തു വന്നു. ചൂണ്ടയോ വലയോ ഉപയോഗിക്കാതെ തന്നെ പിടിക്കാവുന്ന തരത്തിലാണ് മീനുകള്‍ പ്രത്യക്ഷപ്പെട്ടത്. വരാന്‍ പോകുന്ന പ്രളയത്തിന്റെ മുന്നോടിയായിരുന്നു ഈ ചാകര. മീനുകള്‍ വെള്ളത്തില്‍ കൂട്ടം കൂടിയപ്പോള്‍ വെള്ളിയുടെ നിറമായിരുന്നുവെന്നും ആളുകള്‍ പറയുന്നു.
കാര്‍പ്പ്, മഷീര്‍ തുടങ്ങിയ ഇനത്തില്‍പ്പെട്ട മീനുകളാണ് കൂട്ടമായി എത്തിയത്. അടിത്തട്ടിലേക്ക് പോകാതെ ഉപരിതലത്തിലാണ് മീനുകള്‍ കൂട്ടമായി എത്തിയത്. പുഴയുടെ തീരങ്ങളിലാണ് ഇവയെ കൂട്ടത്തോടെ കണ്ടത്. മഞ്ഞുമല ഇടിയുന്നതിന് മുന്‍പ് ഉപരിതലത്തിലുണ്ടായ പ്രകമ്പനങ്ങളാകാം മീനുകളുടെ വിചിത്ര പെരുമാറ്റത്തിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളപ്പൊക്കത്തിന് മുന്‍പ് ഉണ്ടാകുന്ന ശബ്ദവീചികള്‍ പിടിച്ചെടുക്കാന്‍ മീനുകള്‍ക്ക് കഴിവുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ചമൗലിയിലെ ദൗലി ഗംഗയുടെ മറ്റു കൈവഴികളായ നന്ദ് പ്രയാഗ്, ലങ്കാസു, കര്‍ണപ്രായാഗ് എന്നിവയിലും ഇതേ പ്രതിഭാസം നടന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആഴത്തില്‍ മാത്രം കാണപ്പെടാറുള്ള പല മത്സ്യങ്ങളും പെട്ടെന്ന് പിടിക്കാനാവുന്ന വിധത്തില്‍ പുറത്തെത്തി. ‘സാധാരണ ഗതിയില്‍ മത്സ്യങ്ങള്‍ ഒഴുക്കിനു മധ്യത്തിലൂടെയാണ് നീന്താറുള്ളത്. അത്ഭുതകരമെന്നോളം മീനുകള്‍ കരക്കു സമീപത്തു കൂടെയാണ് ഒഴുകിയത്,’ നാട്ടുകാരനായ അജയ് പുരോഹിത് പറയുന്നു.
‘ലങ്കാസുവിലെ ഗീര്‍സ ഗ്രാമത്തില്‍ ഈ അത്ഭുത പ്രതിഭാസത്തിന് ദൃക്‌സാക്ഷിയാവാന്‍ അനവധി ആളുകള്‍ തടിച്ചു കൂടിയിരുന്നു. വെറും കൈയോടെ മീന്‍ പിടിക്കല്‍ സാധാരണ ഗതിയില്‍ സാധ്യമല്ല. എന്നാല്‍, ഇത്തവണ അത്ഭുതം കാണാന്‍ പോയ പലരും മത്സ്യങ്ങളുമായാണ് തിരിച്ചെത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.
അതേസമയം, ഇത്രയും അസാധാരണ സംഭവങ്ങള്‍ ഉണ്ടായിട്ടും, വെള്ളം യഥാര്‍ത്ഥ നിറത്തില്‍ നിന്നും ചാര നിറത്തിലേക്ക് മാറിയത് ജനങ്ങള്‍ ശ്രദ്ധിച്ചില്ല. ഉപരിതലത്തിലുള്ള തരംഗങ്ങള്‍ ആണ് ദുരന്തത്തിന് കാരണമായതെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഇവ മത്സ്യങ്ങളുടെ സെന്‍സറുകളെ സാരമായി ബാധിച്ചിട്ടുണ്ടാവാം. എല്ലാ ജല ജീവികള്‍ക്കും ഉള്ളത് പോലെ മത്സ്യങ്ങള്‍ക്കും ബഹ്യാവയവങ്ങള്‍ ഉണ്ട്. ഇവ വെള്ളത്തിലെ ചെറു ചലനങ്ങളെയും മര്‍ദ്ദ വ്യത്യാസങ്ങളെയും കണ്ടെത്താന്‍ സഹായിക്കുന്നു.
ഈ ഒരു സംഭവത്തില്‍, പ്രളയത്തിന് മുന്‍പുള്ള ശബ്ദം മത്സ്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാവാം. വൈദ്യൂത വാഹിനികള്‍ വെള്ളത്തില്‍ വീണ് ഇവക്ക് ഷോക്ക് ഏറ്റിട്ടുണ്ടാവാനും സാധ്യത ഉണ്ട്. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ശിവകുമാര്‍ പറയുന്നു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, തപോവന്‍ റെനി പ്രദേശത്തെ വൈദ്യുതി പദ്ധതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വന്‍ വേഗതയില്‍ വെള്ളം ഒലിച്ചു വന്നതിനെ തുടര്‍ന്ന് വൈദ്യുതി പദ്ധതിയും, നിരവധി വീടുകളും, കെട്ടിടങ്ങളും പൂര്‍ണ്ണമായി ഒലിച്ചു പോയിട്ടുണ്ടെന്നാണ് കണക്കു കൂട്ടുന്നത്.
മോഹൻലാൽ എന്ന നടൻ ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ വിരലുകൾ പോലും അദ്ദേഹത്തോടൊപ്പം അഭിനയിക്കും എന്നാണ് പല മുതിർന്ന സംവിധായകരും പറഞ്ഞിട്ടുള്ളത്. കാരണം ഒരു ജോലി എന്നതിലുപരി മോഹൻലാൽ എന്ന നടന് അഭിനയം അദ്ദേഹത്തിന്റെ പാഷനാണ്. എന്നാൽ എന്ന് അതൊരു ജോലി ആയി തോന്നുന്നുവോ അന്ന് താൻ അത് അവസാനിപ്പിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ഒരു അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2. ഫെബ്രുവരി 19ന് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
ഇത്രയും കാലത്തിനിടെ താൻ നിരവധി കഥാപാത്രങ്ങൾ ചെയ്തെന്നും, എന്നാൽ ജോർജ് കുട്ടി എന്ന കഥാപാത്രത്തെ തനിക്ക് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു. ജോർജ് കുട്ടി എപ്പോൾ എങ്ങനെ പെരുമാറുമെന്നോ അയാൾ എന്ത് ചിന്തിക്കുന്നുവെന്നോ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.
“ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങൾ എവിടെ നിർത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈം വിഡിയോയുമായി സഹകരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ലോകമെമ്പാടുമുള്ള കാഴ്ചക്കാർ ദൃശ്യത്തിന്റെ തുടർച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം. ദൃശ്യം 2 സ്നേഹത്തിന്റെ അധ്വാനമാണ്. അതിനാൽ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ ഇരുന്ന് തന്നെ ചിത്രം ആസ്വദിക്കൂ.” മോഹൻലാൽ പറഞ്ഞു.
“ഒരു കൾട്ട് ചിത്രമാണ് ദൃശ്യം, അതിന്റെ തുടർച്ചയ്ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഉപഭോക്താക്കളിലേക്ക് ആമസോൺ പ്രൈം വീഡിയോയിലൂടെ ‘ദൃശ്യം 2’ എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ പ്രേക്ഷകർക്ക് മികച്ച ഉള്ളടക്കം നൽകുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അത് നിറവേറ്റാൻ മോഹൻലാലിനെയും ജീത്തു ജോസഫിനേക്കാളും മികച്ചവർ വേറെ ആരാണുള്ളത്,” അദ്ദേഹം പറഞ്ഞു.
പലസ്തീൻ പ്രദേശങ്ങളുടെ അധികാരം ഏറ്റെടുക്കുമെന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച വിധിക്ക് എതിരെ നിലപാട് സ്വീകരിക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ട് ഇസ്രായേൽ. എന്നാൽ ഈ ആവശ്യത്തോട് പ്രതികരിക്കാൻ വിമുഖത കാണിക്കുകയാണ് ഇന്ത്യ.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഈ തീരുമാനത്തിനെതിരെ ഇന്ത്യ ശബ്ദമുയർത്തണമെന്നും ഐസിസിക്ക് വ്യക്തമായ സന്ദേശം അയയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും അറിയാൻ സാധിച്ചിട്ടുള്ളത്. ഫെബ്രുവരി അഞ്ചിന് അന്താരാഷ്ട്ര കോടതിയുടെ വിധി വന്ന് രണ്ട് ദിവസത്തിനകമാണ് നെതന്യാഹു മോദിക്ക് കത്തയച്ചത്. കത്തിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചില്ല.
ഐസിസിയുടെ സ്ഥാപക ഉടമ്പടിയായ റോം സ്റ്റാറ്റിയൂട്ടില്‍ ഇന്ത്യ അംഗമല്ലാത്തതിനാല്‍, കോടതിയുടെ ഏതെങ്കിലും തീരുമാനങ്ങളോ വിധികളോ സംബന്ധിച്ച് അഭിപ്രായം പറയാനോ നിലപാട് സ്വീകരിക്കാനോ കഴിയില്ലെന്ന നയമാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഇക്കാര്യം നയതന്ത്ര ഉദ്യോഗസ്ഥർ വഴി ഇന്ത്യ അറിയിച്ചിട്ടുണ്ട്.
റോം സ്റ്റാറ്റിയൂട്ടില്‍ ഇസ്രായേലും അംഗമല്ല. എന്നാൽ ഇസ്രയേൽ ഐസിസി വിധിയെ പ്രകോപനപരമാണെന്ന് അപലപിക്കുകയും തീരുമാനം കോടതിയെ “ഒരു രാഷ്ട്രീയ സംഘടന” ആക്കി മാറ്റിയെന്ന് വിമർശിക്കുകയും ചെയ്തു. കോടതിയുടെ അധികാരപരിധി ഇസ്രായേൽ അംഗീകരിക്കുന്നില്ലെന്നും പലസ്തീൻ അതോറിറ്റി ഒരു പരമാധികാര രാജ്യമല്ലെന്നും ഐസിസിക്ക് “അത്തരമൊരു തീരുമാനം എടുക്കാൻ അധികാരമില്ല” എന്നും ഇസ്രായേൽ പറഞ്ഞു. നെതന്യാഹു ഈ വിധിയെ “ആന്റിസെമിറ്റിസം” (യഹൂദവിരോധം) എന്ന് വിളിച്ചു.
കിഴക്കന്‍ ജെറുസലേം, ഗാസാ മുനമ്പ്, എന്നിവയുള്‍പ്പെടെ വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ പ്രദേശങ്ങളില്‍ യുദ്ധക്കുറ്റങ്ങള്‍ നടക്കുന്നുണ്ടെന്ന് ഐസിസി പ്രോസിക്യൂട്ടര്‍ ഫാറ്റൂ ബെന്‍സുഡ നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐസിസിയുടെ വിധിയും വരുന്നത്.
ഇന്ത്യയെ “സമാന ചിന്താഗതിക്കാരായ” രാജ്യമായി കാണുന്ന ഇസ്രായേൽ, ഇന്ത്യയിൽ നിന്ന് അനുകൂല പ്രതികരണമാണ് പ്രതീക്ഷിച്ചത്. പലസ്തീന്‍ വിഷയത്തില്‍ അന്താരാഷ്ട്ര കോടതി ഇടപെട്ടതിന് സമാനമായ നീക്കങ്ങള്‍ കശ്മീരില്‍ ഉണ്ടായേക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ടെന്ന നിരീക്ഷണങ്ങളുമുണ്ട്.
അതേസമയം, വിഷയത്തില്‍ ഇതുവരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഉഭയകക്ഷി ബന്ധത്തിൽ “വിള്ളലോ പ്രശ്‌നമോ അല്ല”, എന്നിരുന്നാലും ഇന്ത്യയിൽ നിന്നുള്ള അനുകൂല പ്രതികരണം “പ്രധാനം” ആകുമായിരുന്നുവെന്ന് നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു.
അടുത്തിടെ മോദി തന്റെ ഉറ്റ സുഹൃത്താണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ബെഞ്ചമിന്‍ നെതന്യാഹു പലസ്തീന്‍ വിഷയത്തില്‍ മോദിയുടെ സഹായം തേടി കത്തയക്കുന്നത്.
സോളർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സരിത എസ്.നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം കോടതി റദ്ദാക്കി. സോളർ കമ്പനിയുടെ പേരിൽ കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിൽനിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്ത കേസാണ് കോടതി പരിഗണിച്ചത്. അബ്ദുള്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞാണ് പണം വാങ്ങി വഞ്ചിച്ചത്. കേസിൽ ഫെബ്രുവരി 25 ന് വിധി പറയും.
കേസിലെ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാംപ്രതി സരിത എസ്.നായരും കോടതിയില്‍ ഹാജരായിരുന്നില്ല. കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നാണ് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് ബിജു രാധാകൃഷ്ണൻ വിശ്രമത്തിലാണെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാൽ സരിതയുടെ അഭിഭാഷകൻ ഹാജരാക്കിയ രേഖകളിൽ കീമോതെറാപ്പിയെ കുറിച്ച് വ്യക്തമാക്കിയിട്ടില്ലെന്നും കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണെന്നുമാണ് പറഞ്ഞിട്ടുളളതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രോസിക്യൂഷന്റെ വാദം ശരിവച്ച കോടതി സരിത, ബിജു രാധാകൃഷ്ണന്‍, മൂന്നാംപ്രതി മണിമോന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കി. സരിതയും ബിജുരാധാകൃഷ്ണനും സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. 2016 ജനുവരി 25 നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 36 സാക്ഷികളെ വിസ്തരിച്ചു. 2018 ഒക്ടോബറിൽ കേസിന്റെ വിചാരണ പൂർത്തിയായി.
കേരളത്തെ പിടിച്ചുകുലുക്കിയ വലിയ തട്ടിപ്പാണ് സോളർ കേസിലൂടെ പുറത്തുവന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും ഓഫീസിനെയും പ്രതിക്കൂട്ടിലാക്കിയ സംഭവം വലിയ പ്രതിഷേധമാണ് സംസ്ഥാനത്താകമാനം ഉയർത്തിവിട്ടത്. സൗരോർജ്ജ പാടങ്ങളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ടീം സോളാർ മുന്നോട്ട് വച്ച പദ്ധതിയിൽ നൂറിലേറെ പേരാണ് നിക്ഷേപം നടത്തിയത്. എഴുപതിനായിരം രൂപ മുതൽ അമ്പത് ലക്ഷം രൂപ വരെ ഇവരിൽ നിന്ന് ടീം സോളാറിന് വേണ്ടി ബിജു രാധാകൃഷ്ണനും സരിത എസ് നായരും കൈപ്പറ്റിയത്.
ജസ്റ്റിസ് പി. ശിവരാജൻ കമ്മിഷൻ അദ്ധ്യക്ഷനായി സോളാർ കമ്മിഷൻ അന്വേഷണം ആരംഭിച്ചത് 2014 മാർച്ച് മൂന്നിനാണ്. മൂന്നര വർഷത്തെ അന്വേഷണത്തിന് ശേഷം 2017 സെപ്റ്റംബർ 26 ന് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.