കര്‍ഷക സമരത്തില്‍ വിവാദ ട്വീറ്റില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് പിന്തുണയുമായി മലയാളി താരം എസ് ശ്രീശാന്തും.
സച്ചിന്‍ പാജി ഒരു വികാരമാണ്, എന്നെപ്പോലുള്ള നിരവധി പേര്‍ രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിച്ചതിന്റെ കാരണം സച്ചിനാണ്, ഒരു വാക്കിനും എന്റെ സ്നേഹം പ്രകടിപ്പിക്കാന്‍ കഴിയില്ല, ഇന്ത്യയില്‍ ജനിച്ചതിന് നന്ദി, അദ്ദേഹം എല്ലായ്പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും എന്നായിരുന്നു ശ്രീശാന്തിന്റെ വാക്കുകള്‍. വിഷയത്തില്‍ സച്ചിന് പിന്തുണയുമായി #IstandwithSachin, #NationWithSachin എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ സജീവമാണ്. ഈ ഹാഷ്ടാഗ് പങ്കുവെച്ചായിരുന്നു ശ്രീശാന്ത് സച്ചിന് പിന്തുണ പ്രഖ്യാപിച്ചത്.
രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തിന് ആഗോള തലത്തില്‍ ലഭിക്കുന്ന പിന്തുണയെ എതിര്‍ത്ത് അഭിപ്രായ പ്രകടനം നടത്തിയ സച്ചിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. രാജ്യത്തിന് പുറത്തുള്ളവര്‍ കര്‍ഷക പ്രക്ഷോഭത്തെപ്പറ്റി അഭിപ്രായം പറയുന്നതില്‍ എതിര്‍പ്പ് അറിയിച്ചുകൊണ്ടായിരുന്നു സച്ചിന്റെ ട്വീറ്റ്.
‘ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയില്‍ നമുക്ക് ഐക്യത്തോടെ നില്‍ക്കാമെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.
പോപ് താരം റിഹാനയാണ് ആദ്യം കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയത്. റിഹാനയുടെ ട്വീറ്റാണ് കര്‍ഷക പ്രക്ഷോഭത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചതും. സച്ചിനടക്കമുള്ള ഇന്ത്യന്‍ സെലിബ്രിറ്റികള്‍ വിഷയത്തില്‍ ഇടപെട്ടത് റിഹാനയുടെ ട്വീറ്റിന് പിന്നാലെയായിരുന്നു.
7 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ശ്രീശാന്ത്, ഐപിഎല്‍ താരലേലത്തിനായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 75 ലക്ഷം രൂപയാണ് അടിസ്ഥാന വില.
കഴിഞ്ഞദിവസം സന്തോഷ് പണ്ഡിറ്റും സച്ചിന് പിന്തുണപ്രഖ്യാപിച്ചിരുന്നു.
ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ 25 ശതമാനം പൊതുസമ്മതരായ പുതുമുഖങ്ങള്‍ വേണമെന്ന് കേന്ദ്രനേതൃത്വം. ഒ.രാജഗോപാല്‍ ഒഴികെ കോര്‍കമ്മിറ്റി അംഗങ്ങളെല്ലാം മത്സര രംഗത്തുണ്ടായേക്കും. കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മത്സരത്തിനുണ്ടാകണമെന്നാണ് കോര്‍കമ്മിറ്റിയിലെ പൊതുവികാരം. സുരേന്ദ്രന്‍ കളത്തിലിറങ്ങിയാല്‍ പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ േനമത്ത് തന്നെ മത്സരിക്കാനും സാധ്യതയുണ്ട്. കുമ്മനത്തിന്റെ േപരാണ് നിലവില്‍ നേമത്ത് പറഞ്ഞുകേള്‍ക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ കഴക്കൂട്ടത്ത് തന്നെ മത്സരിച്ചേക്കും.
ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് കാട്ടാക്കടയില്‍ ഇതിനകം പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ജനറല്‍സെക്രട്ടറിമാരില്‍ എം.ടി രമേശ് കോഴിക്കോട് നോര്‍ത്തിലും പി.സുധീര്‍ ആറ്റിങ്ങലും ജോര്‍ജ് കുര്യന്‍ കോട്ടയത്തും സി കൃഷ്ണകുമാര്‍ മലമ്പുഴയിലും മത്സരിക്കും. ഉപാധ്യക്ഷന്മാരില്‍ എ.എന്‍ രാധാകൃഷ്ണന്‍ മണലൂരിലും ശോഭാസുരേന്ദ്രന്‍ പാലക്കാടും മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം ജില്ലാപ്രസിഡന്റ് വിവി രാജേഷും സംസ്ഥാന സെക്രട്ടറി കെപി പ്രകാശ്ബാബു കുന്ദമംഗലത്തും എസ് സുരേഷ് കോവളത്തും സ്ഥാനാര്‍ഥിയാകും. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍കൃഷ്ണന്‍ ബേപ്പൂരിലും മത്സരിക്കും.
വക്താവായ സന്ദീപ് വാര്യര്‍ തൃശ്ശൂരിലും മത്സരിക്കും. പ്രമീളാദേവി ജി രാമന്‍നായര്‍ തുടങ്ങി പാര്‍ട്ടിയിലെ നവാഗതര്‍ക്കും ഇത്തവണ സീറ്റുണ്ടാകും. മുന്‍ ഡി.ജി.പിമാരായ ജേക്കബ് തോമസും ടിപി സെന്‍കുമാറും സിനിമാസീരിയല്‍ നടന്‍മാരായ കൃഷ്ണകുമാറും വിവേക് ഗോപനും സ്ഥാനാര്‍ഥികളാകും കേന്ദ്രം നിര്‍ദ്ദേശിച്ചാല്‍ സുരേഷ് ഗോപിയും അല്‍ഫോണ്‍സ് കണ്ണന്താനവും മത്സരത്തിനിറങ്ങും,സോളാര്‍കേസ് പൊന്തിവന്ന സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടി കളത്തിലുണ്ടാകില്ലെന്നും സൂചനയുണ്ട്. പൊതുസമ്മതരായ കുറച്ചധികം പേര്‍ ഇത്തവണ മത്സരത്തിനുണ്ടാകണമെന്നും പൂര്‍ണമായും ആര്‍എസ്എസ് നിയന്ത്രണത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശമുണ്ട്.
പെരുങ്കടവിളയ്ക്കു സമീപം മാതാവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ച നിലയിൽ. ആങ്കോട് തലമണ്ണൂർക്കോണം മോഹനവിലാസത്തിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ മോഹനകുമാരി (63), മകൻ കണ്ണൻ എന്നു വിളിക്കുന്ന വിപിൻ (33) എന്നിവരാണു മരിച്ചത്.
വിപിൻ സ്വകാര്യ ഹാർഡ്‌വെയർ സ്ഥാപനത്തിൽ ഡ്രൈവറും സെയിൽസ്മാനുമാണ്. മോഹനകുമാരിയും മായയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടിലെ പ്രശ്നങ്ങളെത്തുടർന്ന് വിപിൻ ജീവനൊടുക്കാൻ തീരുമാനിച്ചപ്പോൾ ഏറെ സ്നേഹിച്ചിരുന്ന അമ്മയെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നു കരുതുന്നതായി ബന്ധുക്കൾ മൊഴി നൽകി.
ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ദുരൂഹതകളില്ലെന്നാണു പ്രാഥമിക നിഗമനം. മായയും ദൗത്യയും ഒരാഴ്ചയായി ചൂഴാറ്റുകോട്ടയിലെ അവരുടെ വസതിയിലായിരുന്നു. ഇന്നലെ രാവിലെ വിപിനിനെ ഫോണിൽ ലഭിക്കാത്തതിനെത്തുടർന്നു മായ അയൽവാസിയെ വിളിച്ചു. അന്വേഷിക്കാൻ പോയ അയൽവാസിയാണ് മരണവിവരം അറിയുന്നത്. ഡിവൈഎസ്പി: എ. അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി.സംസ്കാരം ഇന്നു മൂന്നിന് .വിപിനിന്റെ ഭാര്യ മായ. മൂന്നുവയസ്സുകാരി ദൗത്യയാണ് മകൾ
ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് കലൂർ ഡെന്നിസ്. മമ്മൂട്ടിക്കുവേണ്ടി നിരവധി ചിത്രങ്ങൾ എഴുതിയ അദ്ദേഹം മോഹൻലാലിനു വേണ്ടി ചെയ്തത് അഞ്ചു ചിത്രങ്ങളാണ്. എന്തുകൊണ്ടാണ് മോഹൻലാലുമായി അധികം ചിത്രങ്ങൾ ചെയ്യാത്തതെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കലൂർ ഡെന്നിസ്.
എന്തുകൊണ്ടാണ് സൂപ്പര്‍താരം മോഹന്‍ലാലുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്യാത്തതെന്ന് പലരും തന്നോട് ചോദിക്കുമായിരുന്നുവെന്നും താനും മോഹന്‍ലാലും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പലര്‍ക്കും സംശയമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
“മോഹന്‍ലാലിന് വേണ്ടി ഞാന്‍ അഞ്ചു ചിത്രങ്ങളേ എഴുതിയിട്ടുള്ളൂ. ഞാന്‍ മോഹന്‍ലാലിനു വേണ്ടി ചെയ്ത എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശന വിജയം നേടിയത് ജനുവരി ഒരു ഓര്മ എന്ന സിനിമയാണ്.
ആ ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കവേ നടന്ന കാര്യമാണ് അദ്ദേഹം പറയുന്നത്. തലേ ദിവസം തന്നെ ആര്‍ട്ട് ഡയറക്ടര്‍ ഫൈറ്റ് എടുക്കേണ്ട ലൊക്കേഷന്‍സ് കണ്ടു വെച്ചിട്ടുണ്ടായിരുന്നു എന്നും പക്ഷെ അടുത്ത ദിവസം ലൊക്കേഷനിൽ എത്തിയപ്പോഴാണ് മഞ്ഞും മഴയും കൊണ്ട് കൊഴുപ്പ് പരുവത്തില്‍ വല്ലാത്ത ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ കിടന്നുവേണം മോഹൻലാൽ ഫൈറ്റ് ചെയ്യാൻ എന്ന് തനിക്കും ജോഷിക്കും മനസ്സിലായത് എന്ന് കലൂർ ഡെന്നിസ് ഓർത്തെടുക്കുന്നു. അപ്പോഴേക്കും മലയാളത്തിലെ സൂപ്പർ താരമായി മാറിയ മോഹൻലാൽ ഇവിടെയിറങ്ങി ഫൈറ്റ് ചെയ്യുമോ എന്ന സംശയമുണ്ടായിരുന്ന ജോഷി, അവിടെ എങ്ങനെ ഷൂട്ട് ചെയ്യുമെന്നും നമ്മുക്ക് വേറെ ലൊക്കേഷൻ നോക്കാമെന്നും കലാ സംവിധായകനോട് വിളിച്ചു പറഞ്ഞപ്പോൾ, അത് കേട്ട മോഹൻലാൽ പറഞ്ഞത് അതുവേണ്ട സർ, നമ്മുക്ക് ഇവിടെ തന്നെയെടുക്കാം എന്നാണ്.
മോഹൻലാൽ എന്ന നടന്റെ ആത്മാർപ്പണത്തെ തങ്ങൾ നമിച്ചു പോയ സന്ദർഭമായിരുന്നു അതെന്നും കലൂർ ഡെന്നിസ് പറയുന്നു. വല്ലാതെ ദുര്‍ഗന്ധം പൊഴിക്കുന്ന ചളിക്കുണ്ടില്‍ കിടന്നുള്ള ഫൈറ്റ് ഷൂട്ട് ചെയ്യുന്നതിനിടെ മഴ വന്നു ഷൂട്ടിംഗ് മുടങ്ങിയപ്പോഴും, ദേഹം മുഴുവൻ ചെളിയുമായി മോഹൻലാൽ മഴ മാറുന്നത് കാത്തിരുന്നു എന്നും പിന്നീട് അടുത്ത ദിവസം വീണ്ടും ഒരു പരാതിയും മടിയും കൂടാതെ മോഹൻലാൽ അവിടെ തന്നെ വന്നു ആ സംഘട്ടന രംഗം പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഒരു താരമൂല്യവുമില്ലാത്ത മറ്റേതൊരു നടനാണെങ്കില്‍ പോലും ഇങ്ങനെ ചെയ്യാന്‍ തയ്യാറാകുമോ എന്നായിരുന്നു അപ്പോൾ ലൊക്കേഷനിലെ സംസാരമെന്നു പറഞ്ഞ കലൂർ ഡെന്നിസ്, മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ആര്‍ട്ടിഫിഷ്യല്‍ ചളിയുണ്ടാക്കി വന്നാലേ താന്‍ ചളിയില്‍ വീഴൂ എന്നു പറഞ്ഞ മറ്റൊരു നടനെക്കുറിച്ചും അന്നവിടെ ചര്‍ച്ചയായി എന്ന കാര്യവും ഓർത്തെടുക്കുന്നു.
മോഹന്‍ലാലുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാത്ത നിര്‍മാതാക്കളുണ്ട്.
ഞാന്‍ ജോഷി-മമ്മൂട്ടി ടീമിന്റെ സ്ഥിരം എഴുത്തുകാരനായത് കൊണ്ടാണ് മോഹന്‍ലാലിന്റെ സിനിമകള്‍ കൂടുതല്‍ എഴുതാന്‍ കഴിയാതിരുന്നത്. മമ്മൂട്ടിക്ക് വേണ്ടി കൂടുതല്‍ എഴുതിയതും മോഹന്‍ലാലിനൊപ്പമുള്ള സിനിമകള്‍ കുറഞ്ഞതും യാദൃശ്ചികമായാണ്. മോഹന്‍ലാല്‍ മികച്ച ഒരു നടനാണ്.’ – കലൂര്‍ ഡെന്നീസ് പറയുന്നു..
ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അൻസിബ. ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ തെന്നിന്ത്യയിൽ നിന്ന് നിരവധി അവസരങ്ങളും താരത്തിന് ലഭിച്ചു. ഇപ്പോഴിതാ താൻ ഗ്ലാമർ വേഷങ്ങൾ ചെയ്യില്ലെന്ന് പറഞ്ഞിരിക്കുകയാണ് അൻസിബ.
തമിഴില്‍ ഒരു പാട്ടു സീനില്‍ എല്ലാ നടിമാരെയും പോലെ ഡ്രസ് ധരിച്ച് ഡാന്‍സ് ചെയ്തപ്പോള്‍ അത് തന്നെ ഇഷ്ടപ്പെടുന്ന ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തെന്ന രീതിയില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ വന്നതോടെ അത്തരത്തിലുള്ള വേഷങ്ങള്‍ ഇനി ചെയ്യില്ലെന്ന് തീരുമാനിച്ചുവെന്നും നടി പറഞ്ഞു.
ഈ മാസം 18ന് ചെന്നൈയിൽ നടക്കുന്ന 2021 സീസണ് ഐപിഎൽ താരലേല പട്ടികയിൽ ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 1097 കളിക്കാർ. മലയാളി പേസർ എസ്. ശ്രീശാന്ത്, സച്ചിൻ തെണ്ടുൽക്കറിന്റെ മകൻ അർജുൻ എന്നിവർ പട്ടികയിലുണ്ടെന്നതാണ് ശ്രദ്ധേയം. അതേസമയം, ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് ഈ സീസണിലും ഐപിഎലിനില്ല.
2013ൽ ഐപിഎൽ വാതുവയ്പ് വിവാദത്തിലകപ്പെട്ട് വിലക്കു നേരിട്ട ശ്രീശാന്ത് സയ്യീദ് മുഷ്താഖ് അലി ട്വന്റി-20യിലൂടെ സജീവ ക്രിക്കറ്റിലേക്കു കഴിഞ്ഞ മാസം തിരിച്ചുവരവ് നടത്തിയിരുന്നു. 75 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. സയ്യീദ് മുഷ്താഖ് അലിയിൽ മുംബൈ ടീമിൽ ഉണ്ടായിരുന്ന ഇടംകൈ പേസറായ അർജുൻ തെണ്ടുൽക്കറിന്റെ അടിസ്ഥാന വില 20 ലക്ഷം ആണ്.
ഏറ്റവും ഉയർന്ന അടിസ്ഥാനവിലയായ രണ്ടു കോടി രൂപ 11 താരങ്ങൾക്കുണ്ട്. ഹർഭജൻ സിംഗ്, ഗ്ലെൻ മാക്സ്വെൽ, കേദാർ ജാദവ്, സ്റ്റീവ് സ്മിത്ത്, ഷക്കീബ് അൽ ഹസൻ, മൊയീൻ അലി, സാം ബില്ലിംഗ്സ്, ലിയാം പ്ലങ്കെറ്റ്, ജേസണ്‍ റോയ്, മാർക്ക് വുഡ്, കോളിൻ ഇൻഗ്രം എന്നിവർക്കാണു രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ളത്.
വെസ്റ്റ് ഇൻഡീസിൽനിന്നാണ് ഏറ്റവുമധികം താരങ്ങൾ, 56. ഓസ്ട്രേലിയ (42), ദക്ഷിണാഫ്രിക്ക (38) എന്നിവയാണ് തൊട്ടുപിന്നിൽ. 863 അണ്‍ക്യാപ്ഡ് താരങ്ങളാണ് 1097 അംഗ പട്ടികയിലുള്ളത്. അതിൽ 743 ഇന്ത്യൻ കളിക്കാരാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ വധഭീഷണി മുഴക്കിയയാളെ പിടികൂടി. സത്യാനന്ദം(43) ആണ് അറസ്റ്റിലായത്.
‘ആരെങ്കിലും അഞ്ച് കോടി രൂപ തന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഞാന്‍ കൊല്ലാന്‍ തയ്യാര്‍’-എന്നായിരുന്നു ഇയാളുടെ വിവാദ പോസ്റ്റ് ഫേസ്ബുക്ക് പോസ്റ്റ്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് സത്യാനന്ദം. ആര്യന്‍കുപ്പം സ്വദേശിയാണ് സത്യാനന്ദം. കോടതിയില്‍ ഹാജരാക്കിയ സത്യാനന്ദത്തെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ഇയാളുടെ ഈ പോസ്റ്റിനെ കുറിച്ച് ഒരു കാര്‍ ഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് സത്യാനന്ദത്തിന്റെ ഫേസ്ബുക്ക് ഐഡി ട്രേസ് ചെയ്തുകൊണ്ടാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 505 (1), 505 (2) എന്നീ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പൊതുസമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തുക, വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ദുരുദ്ദേശപരമായി ശത്രുതയും വിദ്വേഷവും പരത്താന്‍ ശ്രമിക്കുക എന്നിവയുള്‍പ്പെടുന്നതാണ് ഇയാള്‍ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍.
സാഹസികമായ ഫോട്ടോഷൂട്ടുകളാണ് ഇന്നത്തെ കാലത്ത് ദമ്പതികൾക്ക് പ്രിയം. പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് ഷൂട്ടുകൾക്ക് പല തരാം സാഹസികതകൾ പരീക്ഷിക്കാൻ യുവതലമുറ തയാറാണ്. അത്തരത്തിൽ പകർത്തിയ ഒരു ഫോട്ടോയാണ് ഇപ്പോൾ സൈബർ ലോകത്തെ സംസാര വിഷയം.
മലഞ്ചെരിവിലെ ദമ്പതികളുടെ കൈവിട്ട കളി ശ്വാസമടക്കിപ്പിടിച്ച് കാണുകയാണ് സോഷ്യൽ മീഡിയ. കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ എമ്പാടും പ്രചരിക്കുന്ന ചിത്രത്തിന്റെ ഞ സ്ഥിതി അന്വേഷിക്കുകയാണ് നെറ്റിസൺസ്. അപകടമാം നിലയിൽ മലയുടെ മുകളിൽ യുവതിയുടെ കയ്യിൽ പിടിച്ച് മാത്രം ബാലൻസ് ചെയ്യുന്ന യുവാവാണ് ഈ ചിത്രത്തിൽ.
അൽപ്പമൊന്നു പിടിവിട്ടാൽ ചിന്തിക്കാൻ പോലുമാവാത്ത ഗർത്തത്തിൽ പതിക്കാൻ തക്കവണ്ണം അപകടം നിറഞ്ഞ നിൽപ്പാണിത്. ചിത്രം ഫോട്ടോഷോപ് ആണെന്നും, യുവാവിന്റെ നിൽപ്പാണ് ക്യാമറ ട്രിക് ആണെന്നും മറ്റും ആക്ഷേപമുയരുന്നു.
ട്വിറ്ററിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഈ ദമ്പതികൾ ആരെന്ന് യാതൊരു അറിവുമില്ല. ഇവർ ആരെന്നും സോഷ്യൽ മീഡിയ അന്വേഷണത്തിലാണ്. വളരെ മികച്ച രീതിയിൽ ലൈക്കുകളും റീയാക്ഷനുകളും ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു.
മറ്റെവിടയെങ്കിലും വച്ച് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് ചിത്രത്തിൽ ഉൾക്കൊള്ളിച്ചതാവും എന്നും പലരും പറയുന്നുണ്ട്.
തുർക്കിയിലെ ഗുലേക് കാസിൽ എന്ന സ്ഥലമാണിത് എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. മേഴ്‌സിൻ എന്നയീ സ്ഥലം കടലിൽ നിന്നും 5,020 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ടൂറിസ്റ്റുകൾക്ക് ചിത്രം പകർത്താൻ വളരെയധികം ഇഷ്‌ടമുള്ള ഇടം കൂടിയാണിത്.
ഇയാൾ ചവിട്ടി നിൽക്കുന്ന സ്ഥാനത്ത് കാൽ ഉറപ്പിക്കാൻ തക്കവണ്ണം ഇടം ഉണ്ടെന്നും ചിലർ നിരീക്ഷിക്കുന്നു.
Whats stopping you from doing this? pic.twitter.com/XwSBJScSrU
— Shreela Roy (@sredits) February 2, 2021
തോമസുകുട്ടി ഫ്രാൻസീസ്
ലിവർപൂൾ: ദേവാലയത്തിന് അന്ത്യ വന്ദനവും, പ്രിയ ജനത്തിന് അന്ത്യ യാത്രാ മൊഴിയുമേകി ജോസ് കണ്ണങ്കര എന്നന്നേക്കുമായ് വിടചൊല്ലി.. ഇനി നൂറ് കണക്കിന് ജനഹൃദയങ്ങളിൽ സ്നേഹ നൊമ്പരമായി അദ്ദേഹം കുടികൊള്ളും.അടൂരിലെ നെല്ലിമുകൾ ഗ്രാമത്തിൽ നിന്നു തുടങ്ങിയ ആ ജീവീത യാത്ര…. കേവലം അഞ്ചര പതിറ്റാണ്ടുകൾക്കിപ്പുറം ഈ വിദേശ മണ്ണിലും തന്റെ വിശാസം നന്നായി സംരക്ഷിച്ച്, ഓട്ടം പൂർത്തിയാക്കി ലിവർപൂളിലെ അലർട്ടൺ സിമിത്തേരിയിൽ ഇതാ അന്ത്യ വിശ്രമം കൊള്ളുകയായി..
വലിയ സൗഹൃദം സമ്മാനിച്ച ആ മിഴികൾ പൂട്ടി, ആ വലിയ സഹായ ഹസ്തങ്ങൾ കൂപ്പി,ഇനിയൊരു തിരിച്ചുവരവില്ലാതെ മൂകമായ ഭാഷയിൽ വിട പറഞ്ഞു പോകുക യായിരുന്നു ഏവരുടെയും പ്രിയപ്പെട്ട ജോസേട്ടൻ. കഴിഞ്ഞ ഒരാഴ്ചക്കാലമായിട്ട് ,ലിവർപൂൾ ശോക സാന്ദ്രമാണ്. അതെ, നിനച്ചിരിക്കാത്ത നേരത്തായിരുന്നു ലിവർപൂളിലും പരിസര പ്രദേശങ്ങളിലുമായി അധിവസിക്കുന്ന മലയാളി സമൂഹത്തിന് അവിശ്വാസനീയമാം വിധം ആ മരണവാര്‍ത്ത പരന്നത്. തങ്ങളുടെ പ്രിയ സ്നേഹിതനെ അവസാനമായി ഒരു നോക്കു കാണുവാനെങ്കിലും കഴിയാത്തതിൽ ഇരട്ടി ദു:ഖമാണ് ഇന്നലെയിവിടെ അലയടിച്ചത്. കോവിഡ് വരുത്തി തീർത്ത നൂലാമാലകളിൽ കുടുങ്ങി പോയത് നൂറു കണക്കിന് പേരുടെ അന്ത്യോപചാരമാണ്. കർക്കശമായ നിബന്ധനകളാൽ നടത്തപ്പെടേണ്ടി വന്ന സംസ്കാര ശുശ്രൂഷകൾ ഒതുക്കപ്പെടേണ്ടി വന്നില്ലായിരുന്നുവെങ്കിൽ ഒരു വൻ ജനാവലി ഈ സഹൃദയനെ അന്ത്യാഞ്ജലിയുമായിവലയം ചെയ്യുമായിരുന്നു. അത്ര മേൽ ഓരോ ഹൃദയത്തിലും ഇടം പിടിച്ചിരുന്നു, നെല്ലിമുകൾ ഗ്രാമത്തിൽ നിന്നും ഇവിടെ പറന്നെത്തിയ ഈ പച്ചയായ മനുഷ്യൻ. മതങ്ങൾക്കും അതുപോലെതന്നെ ഒരു സംഘടനകൾക്കും മുൻതൂക്കം കൊടുക്കാതെ, സ്നേഹ ബന്ധങ്ങളെ ഊട്ടിയുറപ്പിച്ച വ്യക്തിത്വമായിരുന്നു ജോസ് കണ്ണങ്കരയുടേത്. പെടുന്നനെയുള്ള അദ്ദേഹത്തിന്റെ വിയോഗം അടുത്തറിഞ്ഞ ആർക്കും
ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല.
ഇന്നലെ ഉച്ചക്ക്12 മണിയോടുകൂടി ജോസ് കണ്ണങ്കരയുടെ മൃതശരീരം ബിർകെൻഹെഡിലുള്ള ലോറൻസ് ജോൺസ് ഫ്യൂണറൽ ഡയറകട്ടേഴ്സിൽ നിന്നും കുടുംബാംഗങ്ങളുടെയും, ആത്മ സുഹൃ ത്തുക്കളുടെയും അകമ്പടിയോടെ ലിവർപൂളിലെത്തിച്ചേർന്നു.. ദീർഘകാലം തന്റെ പ്രിയപ്പെട്ട സൂസനോടും ,ഏക മകളായ രേഷ്മയോടുമൊപ്പം വസിച്ചിരുന്ന 35 കാപ്രിക്കോൺ ക്രസന്റിലെ ഭവനത്തിന് മുന്നിൽ ഏതാനും നിമിഷത്തെ പ്രാർത്ഥനകൾക്ക് ശേഷം ലിതർലാൻഡിലെ ഔവർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിലേക്ക് യാത്രയായി..അവിടെയെത്തിച്ചേർന്ന മൃതശരീരം ജോസിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് റ്റോമി നങ്ങച്ചിവീട്ടിലും ആത്മ സുഹൃത്തുക്കളും ചേർന്ന് ദേവാലയത്തിലേക്ക് ആനയിച്ചു. ഒരു മണിക്ക് ആരംഭിച്ച മൃത സംസ്കാര ശുശ്രൂഷകൾക്ക് , ലിവർപൂൾ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ .എൽദോ വർഗ്ഗീസ് മുഖ്യ കാർമ്മികത്വം വഹിച്ചു. സീറോമലബാര്‍സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മോൺ. വെരി. റവ. ഫാദർ ജിനോ അരീക്കാട്ട്, ലിതർലാൻഡ് ഇടവക വികാരി റവ. ഫാ.ആന്ഡ്രൂസ് ചെതലൻ എന്നിവർ സഹകാർമ്മികരായിരുന്നു. ലിവർപൂൾ ഇൻഡ്യൻ ഓർത്തഡോക് പള്ളി സെക്രട്ടറി സുനിൽ മാത്യു, ലിൻസ് അയനാട്ട് എന്നിവർ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയുണ്ടായി. ശുശ്രൂഷകളുടെ ആരംഭ വേളയിൽ ജോസിന്റെ ഏകമകൾ രേഷ്മ ജോസ് തന്റെ പ്രിയപ്പെട്ട ഡാഡിയെ കുറിച്ച് എഴുതി തയ്യാറാക്കിയ ഹൃദയസ്പർശിയായ സ്മരണകൾ എല്ലാ മിഴികളിലും നനവ് പടർത്തുകയായിരുന്നു.
സീറോ മലബാര്‍സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മോൺ. റവ.ഫാദർ. ജിനോ അരീക്കാട്ട് ചരമ പ്രസംഗം
നടത്തി.. തുടർന്ന് ലിവർപൂൾ സമൂഹത്തിനു വേണ്ടി സീറോ മലബാര്‍സഭ ലിതർലാൻഡ് ഇടവക
ട്രസ്റ്റി മാനുവൽ ചെറുകരകുന്നേൽ, ഇന്ത്യൻ ഓർത്തഡോക്സ് കമ്മൃണിറ്റിക്ക് വേണ്ടി സെക്രട്ടറി സുനിൽ മാത്യു ,
ഇന്ത്യൻ ഓർത്തഡോക്സ് യുവജന പ്രസ്ഥാന സെക്രട്ടറി സിറിൽ ജോൺ എന്നിവർ അനുശോചനാ പ്രസംഗങ്ങൾ
നടത്തുകയുണ്ടായി. കൂടാതെ ലിവർപൂളിലെ വിവിധ കമ്മ്യൂണിറ്റികളെ പ്രതിനിധീകരിച്ച് ജോസിന്റെ
മൃതദേഹത്തിൽ പുഷ്പ ചക്രങ്ങൾ സമർപ്പിച്ചു .ലിതർലാൻഡ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാഹനങ്ങളുടെ അകമ്പടിയോടെ ഏവരുടെയും ആത്മ മിത്രമായ ജോസ് കണ്ണങ്കരയുടെ മൃതദേഹം ലിവർപൂളിലെ പ്രശസ്തമായ അലർട്ടൺ സെമിത്തേരിയിൽ എത്തിച്ചേർന്നു. ഫാ.എൽദോ വർഗ്ഗീസിന്റെ
മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ട സമാപന പ്രാർത്ഥനകൾക്ക് ശേഷം മൃതദേഹം ഗ്രേറ്റ് ബ്രിട്ടന്റെ മണ്ണ് ആദരപൂർവം ഏറ്റുവാങ്ങി …ജോസ് കണ്ണങ്കരയുടെ മൃതസംസ്കാര ശുശ്രൂഷകൾ ലൈവ് സ്ട്രീമിലൂടെ മാത്രം കാണുവാൻ കഴിയേണ്ടി വന്ന ലിവർപൂളിലെ മലയാളി സമൂഹം ഇങ്ങനെ മന്ത്രിക്കുന്നുണ്ടാവും, “ജോസേട്ടാ… ഞങ്ങൾക്ക് സമർപ്പിക്കാൻ കണ്ണീർ വീണ് ആർദ്രമായ ഈ സ്നേഹദളങ്ങൾ മാത്രം.. അപാരതയുടെ തീരത്ത് അങ്ങയുടെ പുഞ്ചിരിക്കുന്ന മുഖം ഞങ്ങളെ ഉറ്റു നോക്കുന്നുണ്ടാവാം…..നിത്യ ശാന്തിയിൽ വസിച്ചാലും….”.
നോബി ജെയിംസ്
1 1/2 കിലോ വറ്റ വെട്ടി വരഞ്ഞു വിനാഗിരിയും ഉപ്പും ഇട്ടു കഴുകി വൃത്തിയാക്കിയത്
2 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്
2 ടീസ്പൂൺ മഞ്ഞൾ പൊടി
3 ടീസ്പൂൺ മുളകുപൊടി
1 ടീസ്പൂൺ കുരുമുളക് പൊടി
1 ടേബിൾസ്പൂൺമല്ലിപൊടി
1 ടേബിൾസ്പൂൺഇഞ്ചി
1 ടേബിൾസ്പൂൺ വെളുത്തുള്ളി
4 പച്ച മുളക്
2 തക്കാളി
3 കുടംപുളി
കറിവേപ്പില
ആവശ്യത്തിന് ഉപ്പ്
എണ്ണ ആവശ്യത്തിന്
1 നാരങ്ങാ നീര്
1 ടേബിൾസ്പൂൺ കടുക്
1 ടേബിൾസ്പൂൺ ഉലുവ
ആദ്യമായി വറ്റ തിരുമ്മി വയ്ക്കാം അതിനായി ഒരു ടീസ്പൂൺ മഞ്ഞൾപൊടിയും രണ്ടു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ കുരുമുളക് പൊടിയും ഒരു നാരങ്ങാ നീരും ഉപ്പും അല്പം എണ്ണയും ഒഴിച്ചു മിക്സ് ചെയ്ത് വറ്റയിൽ തിരുമ്മി വയ്ക്കാം
കുറച്ചു സമയത്തിനു ശേഷം പാൻ ചുടാക്കി വറ്റ വറുത്തെടുക്കാം.
പിന്നീട് അതേ പാനിൽ ഒരു ടീസ്പൂൺ കടുക് പൊട്ടിച്ച് അത് പൊട്ടി വരുമ്പോ ഒരു ടീസ്പൂൺ ഉലുവയും ഇട്ടു പൊട്ടി വരുമ്പോൾ കറിവേപ്പില ഇടുക. അതിലേയ്ക്ക് ചെറുതാക്കി അരിഞ്ഞു വച്ച ഒരു ടേബിൾ സ്പൂൺ ഇഞ്ചിയും ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളിയും ചെറുതായി അരിഞ്ഞ 4 പച്ചമുളകും ഇട്ടു വാടി വരുമ്പോൾ സവോളയും ഇടുക. അത് വാടി വരുമ്പോൾ ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടേബിൾ സ്പൂൺ മല്ലിപൊടിയും ഇട്ട് പച്ച ചുവ മാറി വരുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളി ഇട്ട് നല്ല പേസ്റ്റ് രൂപത്തിൽ ആകുമ്പോൾ കുടംപുളി ഇട്ട് പറ്റിച്ച് അതിൽ തേങ്ങാപാൽ ഒഴിച്ചു തിക്കാക്കി മാറ്റി വയ്ക്കുക.
അലുമിനിയം ഫോയിലിൽ ഒരു ബട്ടർ പേപ്പറും വച്ച് അതിലേക്കു ഉണ്ടാക്കി വച്ച പകുതി മസാല ഇട്ട് അതിനു മുകളിൽ മീൻ വച്ച് ബാക്കി ഉള്ള മസാല അതിനു മുകളിൽ തേച്ച് വീഡിയോയിൽ കണുന്നതുപോലെ പൊതിഞ്ഞെടുക്കുക. പിന്നീട് ഓവനിൽ ആണെകിൽ 150°c ചൂടാക്കിയ ഓവനിൽ 20 മിനിറ്റു കുക്ക് ചെയ്ത് തിരിച്ചിട്ട് അടുത്ത സൈഡും കുക്ക് ആക്കിയെടുക്കാം. അപ്പോൾ കുടംപുളിയും തേങ്ങാപ്പാലും ഉള്ളിൽ കയറി സ്വാദിഷ്ടമാകും. ഇനി ഓവനില്ലെങ്കിൽ പാനിൽ തന്നെ അതികം ചൂടില്ലാതെ രണ്ടുസൈഡും തിരിച്ചും മറിച്ചുമിട്ട് കുക്ക് ചെയ്തെടുക്കാം.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.