പ്രശാന്ത് അലക്സാണ്ടർ
റോഡിന്റെ ഈ വശത്തുനിന്നും ,ദാ… ആ കാണുന്ന തോട്ടത്തിനു കുറുകെ വീട്ടിലേക്ക് ഒരു പാലം പണിയണം “..
മുതിർന്നു കഴിഞ്ഞാൽ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളുടെ ലിസ്റ്റിലേക്ക് ഈ തീരുമാനം കൂടി ഞാൻ ചേർത്തു.അങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണം ഉണ്ട് .ഇവിടെ നിന്നും നോക്കിയാൽ വീട് കാണാം, പക്ഷേ മെറ്റില് പാകിയ റോഡിലൂടെ അര കിലോമീറ്റർ നടന്ന് ഇടത്തോട്ട് ഒരു വലിയ വളവ് തിരിഞ്ഞ് വീണ്ടും അത്രയും തന്നെ നടന്നാലേ വീട്ടിൽ ചെന്ന് കയറാൻ പറ്റൂ.എന്തിനാണോ ഈ വളവുകൾ ഉണ്ടാക്കിയത് ? വളവുകൾ ചുറ്റി എത്ര സമയമാണ് വെറുതെ പോകുന്നത്? എത്ര പേരാണ് വളവുകളിൽ മരിക്കുന്നത് ?
പാലം വന്നാൽ ഷോർട്ട് കട്ട് ആയി .
ഞാൻ ഷിബുവിനെ നോക്കി…
കുത്തിയിരുന്ന് പഠിച്ചു നല്ല മാർക്ക് വാങ്ങുന്ന കുട്ടികളെ കാണുമ്പോൾ എല്ലാ വിഷയത്തിനും തോൽക്കുന്നവന്റെ മുഖത്ത് വരുന്ന ഒരു ഇതില്ലേ.. അതേ ഭാവം അവന്റെ മുഖത്ത്..
എങ്ങനെ ഉണ്ടാകാതെ ഇരിക്കും..? ഇത്രയും കാലം ഇതിലെ നടന്നിട്ടും ഇങ്ങനെ ഒരു ഐഡിയ അവനു തോന്നിയില്ലല്ലോ.നാട്ടിലെ ആർക്കെങ്കിലും തോന്നിയോ ..? ഗൾഫിൽ നിന്ന് വന്ന് രണ്ടുനില വീട് വെച്ച് നാട്ടുകാരുടെ മുമ്പിൽ പ്രമാണിയായി വിലസുന്ന അച്ഛന് തോന്നിയോ..? ഇല്ലല്ലോ..? ദീർഘവീക്ഷണം വേണം ..ശക്തൻ തമ്പുരാനെ ഒക്കെ പോലെ..അച്ഛന് അതില്ല.. അല്ലെങ്കിൽ പിന്നെ, അവിടുത്തെ ജോലി ഉപേക്ഷിച്ച്, ഒരു നല്ല റോഡോ, കറന്റിന് വോൾട്ടേജോ ഗ്രെയിൻസ് ഇല്ലാതെ ടിവിയോ കാണാൻ പറ്റാത്ത ഈ നാട്ടിലേക്ക് തിരിച്ചു വരുമോ..? ശരിയാണ് അമ്മ പറയുന്നത്.. പക്ഷേ അച്ഛന് ഇല്ലാത്തത് എനിക്കുണ്ട്..ഈ ഒമ്പതാം ക്ലാസുകാരന്..
ഞാൻ പാലം പണിയും.. എന്റെയും ജാസ്മിന്റെയും മക്കൾ അതിലൂടെ നടന്ന് ബുദ്ധിമുട്ടില്ലാതെ സ്കൂളിൽ പോകും.. എന്നെപ്പറ്റി ഓർത്ത് എന്റെ മക്കൾ അഭിമാനപുളകിതരാകും..
ഹൗ..!!
ഷിബുവിന് എന്നോട് തോന്നിയത് എനിക്ക് എന്നോട് തന്നെ തോന്നി ..
“ഏതു ജാസ്മിനാടാ സോണറ്റേ..?ഞങ്ങളുടെ ക്ലാസ്സിലെ കൊച്ചോ..??”
ഷിബുവിന്റെ ചോദ്യം കേട്ട് ഞാനൊന്നു ഞെട്ടി.
എന്നുപറഞ്ഞാൽ ,ഞായറാഴ്ച വൈകിട്ട് ദൂരദർശനിൽ കണ്ട ഭാർഗവി നിലയത്തിൽ മധു ഞെട്ടിയ പോലെ ഒന്നും അല്ല .
പരീക്ഷയ്ക്ക് തകൃതിയായി കോപ്പിയടിച്ചു കൊണ്ടിരിക്കുമ്പോൾ ക്ലാസിലുള്ള ടീച്ചർ നമ്മളുടെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കിയാൽ മുഖത്തു വരുത്താതെ ഉള്ളിൽ മാത്രം ഉണ്ടാകുന്ന ഒരു ഞെട്ടൽ ഇല്ലേ -ഏതാണ്ട് അതുപോലെ ഒന്ന്..
കാരണം ഉണ്ട്..
കണ്ണും കണ്ണും ഒരായിരം കഥകൾ പറഞ്ഞിട്ടുണ്ട് എന്നല്ലാതെ ഞാനും ജാസ്മിനും ഇതുവരെ പരസ്പരം മിണ്ടിയിട്ടില്ല.. എന്നാലും ഭയങ്കര ഇഷ്ടമാണ്..
സ്കൂളിന്റെ പടവുകൾ കയറി വന്നാൽ അവൾ ആദ്യം നോക്കുക ഞാൻ സ്ഥിരമായി നിൽക്കുന്നിടത്തേക്ക് ആയിരിക്കും..ഒരിക്കൽ ഞാൻ സ്ഥാനം മാറിനിന്ന് അവളെ ഒന്ന് പരീക്ഷിച്ചു.. അവൾ എന്നെ കാണാതെ ചുറ്റിനും കണ്ണോടിച്ച് അവസാനം എന്നെ കണ്ടെത്തി ..ആശങ്ക നിറഞ്ഞ ആ മുഖം ആശ്വാസം നിറഞ്ഞ ഒരു പുഞ്ചിരിയായി മാറുന്നത് ഞാൻ കണ്ടു..എന്റെ മുഖത്തെ വിജയ ഭാവം അവളും.. ആ ഭാവങ്ങൾക്ക് പിറന്ന കള്ളച്ചിരിയിൽ നിന്നാണ് ഞങ്ങൾ ലൈൻ ആണെന്ന് ഞങ്ങൾ ഉറപ്പിച്ചത് ..
ആരും കാണാതെ ക്ലാസ് മുറിയിലെ മേശയിലും, കുമ്മായം പൂശിയ ഭിത്തികളിലും, ഞാൻ, കോമ്പസ്സിന്റെ അറ്റം കൊണ്ട് ലൗ ചിഹ്നത്തിന് ഉള്ളിൽ എസ് ജെ എന്ന് എഴുതി വച്ചിട്ടുണ്ട് . അത് ഞങ്ങളുടെ പേരാണെന്ന് ഞങ്ങൾക്ക് അല്ലാതെ ആർക്കും അറിയില്ലല്ലോ.. ആരും അറിയണ്ട.. എങ്ങനെയെങ്കിലും ആരെങ്കിലും ഇതറിഞ്ഞ് ടീച്ചർമാരുടെ ചെവിയിൽ എത്തിച്ചാൽ പിന്നെ പറയണ്ട, വീട്ടുകാർ അറിയും, അവളെ തല്ലും, എനിക്കും കിട്ടും,ചിലപ്പോൾ അവളെ ഈ സ്കൂളിൽ നിന്ന് തന്നെ മാറ്റു. ‘അയ്യോ’… ഇപ്രാവശ്യം മധുവിനെ പോലെ തന്നെ ഞാൻ ഞെട്ടി.
അത് ഷിബു കണ്ടു എന്ന് തോന്നുന്നു. അതോ ഇല്ലേ..? ശ്ശേ..ആ ക്‌ണാപ്പന്റെ കോങ്കണ്ണ് കാരണം ഒന്നും ക്ലിയർ ആകുന്നില്ല. ഈ കോങ്കണ്ണ് ഉള്ളവരുടെ കാഴ്ച എങ്ങനെ ആയിരിക്കും..?കൃഷ്ണമണി രണ്ടും മൂക്കിൻ തുമ്പത്ത് ആക്കി നമ്മൾ നോക്കുമ്പോൾ എല്ലാം രണ്ടായിട്ട് ആണ് കാണുക.പക്ഷേ ഇവന്റെ കൃഷ്ണമണി രണ്ടും രണ്ടു വശത്തേക്കാണ് .അപ്പോൾ സാധാരണ മനുഷ്യർക്ക് കാണാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാണാൻ പറ്റുമോ ..?
ചോക്രകണ്ണൻ ..
ആ കണ്ണുകൾ അവന് നൽകിയ വിളിപ്പേരാണ്.. അത് ലോപിപ്പിച്ചു പലരും അവനെ കണ്ണാ എന്നാണ് ഇപ്പോൾ വിളിക്കുന്നത് ..ഞാൻ പക്ഷേ അവനെ ഇരട്ടപ്പേര് വിളിക്കാറില്ല. വിളിച്ചാൽ അവൻ എന്നെ തിരിച്ചു ‘ബണ്ണേ’ന്ന് വിളിക്കുമെന്ന് പേടിച്ചിട്ടൊന്നുമല്ല .
അതിപ്പം അവൻ വിളിച്ചാലും ഇല്ലേലും കാണുന്നവൻ ഒക്കെ വിളിക്കും. മോഹൻലാലിന്റെ അങ്കിൾ ബൺ ഇറങ്ങിയതിനു ശേഷം ആണ് എന്റെ പേര് നവീകരിക്കപ്പെട്ടത്. അതുവരെ പരമ്പരാഗതമായി തടിയൻമാരെ വിളിക്കുന്ന പേരായിരുന്നു എനിക്ക് – പൊണ്ണൻ .
ഞാനും ഷിബുവും ടൗണിൽ ബസ്സിറങ്ങി സ്കൂളിലേക്ക് നടക്കുമ്പോൾ കണ്ണോ-പൊണ്ണോ എന്ന് ഈണത്തിൽ വിളി ഉയരും.കണ്ണൻ ‘കാ’ മാറ്റി ‘കു’ ആക്കി തിരിച്ചു വിളിക്കും.ഞാൻ അതിനൊന്നും പ്രതികരിക്കാറില്ല. നല്ല തെറി ഒക്കെ എനിക്ക് അറിയാം. പക്ഷെ വിളിക്കില്ല.
ചെറിയ ഒരു കാരണം ഉണ്ട്.
പണ്ട് പൊടിമില്ല് നടത്തുന്ന ചാക്കോ ചേട്ടന്റെ മോൻ ഷിനോയിയുടെ(സൺഡേ സ്കൂളിലെ ക്ലാസ്സ്മേറ്റ് ) വീട്ടിൽ അവന്റെയും പെങ്ങൾ മാരുടെയും കൂടെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നപ്പോൾ കള്ളക്കളി കളിച്ച ഷിനോയിയെ അറിയാവുന്ന മുഴുവൻ തെറിയും വിളിച്ചു, സ്റ്റമ്പായി വെച്ചിരുന്ന കപ്പത്തണ്ടും ചവിട്ടി ഒടിച്ചു ഞാൻ വീട്ടിലേക്ക് പോന്നു .
വൈകുന്നേരം കവലയിൽ നിന്നും പപ്പാ വീട്ടിൽ വന്നു കയറിയത് ഒരു വലിയ വെള്ള പേപ്പറും കയ്യിൽ പിടിച്ചു കൊണ്ടാണ്. അതിൽ ഞാൻ ഷിനോയിയെ വിളിച്ച തെറി എല്ലാം വിശദമായി എഴുതിയിട്ടുണ്ട്.
അന്ന് പപ്പാ സച്ചിനും ,ഞാൻ ബോളും ആയിമാറി. ഇനിയൊരിക്കലും ചീത്ത വാക്കുകൾ പറയില്ല എന്ന് മാതാവിനെ ചൊല്ലി സത്യം ചെയ്തതിനുശേഷമാണ് ബൗണ്ടറിക്ക് വെളിയിൽ നിന്ന് എനിക്ക് വീട്ടിനുള്ളിലേക്ക് കയറാൻ അനുവാദം കിട്ടിയത് ..
“എടചെക്കാ…ഞങ്ങളുടെ ക്ലാസ്സിലെ ജാസ്മിൻ ആണോന്ന്..”?ഷിബു ചിന്തയിൽ നിന്ന് എന്നെ തോണ്ടി വിളിച്ചു ..
“ങേ.. നിങ്ങളുടെ ക്ലാസിൽ ജാസ്മിൻ ഉണ്ടോ..”? ഏതാ അവൾ..”?
ഷിബുവും ഒൻപതിൽ തന്നെയാണ്, പക്ഷേ മലയാളം മീഡിയം .
”എടചെക്കാ…. മറ്റേ ആ പെണ്ണ് .. ഏറു പന്ത് കളിച്ചപ്പോൾ നിന്റെ ഏറു കയ്യിൽ കൊണ്ട് ചോറ്റുപാത്രം വേസ്റ്റ് കുഴിയിലേക്ക് വീണു പോയില്ലേ..? ലവൾ..ടീച്ചറിനോട് പറയാതിരിക്കാൻ നീ നീളമുള്ള ഒരു കമ്പിട്ടു കുറെ തോണ്ടി കളിച്ചായിരുന്നല്ലോ” ..
“ഓ ..അവളുടെ പേര് ജാസ്മിൻന്നാണോ”..? ഞാൻ ആശ്ചര്യ ഭാവേന ചോദിച്ചു ..
“അതല്ലേടാ ..ഇത് 8 A യിലെ ജാസ്മിൻ”…കള്ള നാണത്തോടെ ഞാൻ പറഞ്ഞു .
“8 Aയിലോ “..?
എ ഡിവിഷനിലെ കുട്ടികളെ ഒന്നും കണ്ണന് അത്ര പിടിയില്ല. കാരണം, ഞങ്ങളുടെ സ്കൂളിൽ എ ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ബാക്കി b മുതൽ E,F വരെ മലയാളവും ആണ് .എണ്ണത്തിൽ ഞങ്ങൾ ‘A’കാർ ന്യൂനപക്ഷം ആണെങ്കിലും സ്റ്റാറ്റസിൽ ഞങ്ങൾ ഉന്നതർ ആണ്. ഭയങ്കര പഠിത്തക്കാരാണ് ഞങ്ങൾ എന്നാണ് പൊതുവേ ഒരു വെയ്പ്പ് ..എന്നാലും വല്ലപ്പോഴുമൊക്കെ ആരെങ്കിലുമൊക്കെ തോക്കും. അങ്ങനെ ഏതെങ്കിലും ഒരുത്തൻ തോറ്റാൽ
…ഹൗ …!!
ഈ തോൽക്കുന്ന കാര്യം പറയുമ്പോൾ എന്താ പുല്ലിംഗം മാത്രം വരുന്നത്..!!? പെൺപിള്ളാരും തോറ്റിട്ടുണ്ടല്ലോ.. ആൺപിള്ളേര് തോറ്റാൽ ഉഴപ്പ് കൊണ്ട് പെൺകുട്ടികൾ തോറ്റാൽ മൊണ്ണ ആയതുകൊണ്ട്, എന്നും പറയാറുണ്ട്..ഓരോ മുൻവിധികൾ..അല്ലേ.. ?
ഏതായാലും, പറഞ്ഞുവന്നത് എന്താണെന്നുവച്ചാൽ, ഇംഗ്ലീഷ് മീഡിയത്തിൽ നിന്ന് ഒരുത്തനോ ഒരുത്തിയോ തോറ്റാൽ മലയാളം മീഡിയത്തിലേക്ക് തരംതാഴ്ത്തുകയോ(അങ്ങനയെ ഞങ്ങൾ പറയൂ) ടിസി കൊടുത്ത് വിടുകയോ ചെയ്യും..
അടുത്ത വർഷം മുതൽ പത്താം ക്ലാസ് വരെ ഓൾ പാസ് കൊടുക്കും എന്നു പറയുന്നത് കേട്ടു.. അല്ലെങ്കിൽ മലയാളം മീഡിയത്തിൽ എട്ടിലും ഒൻപതിലും പഠിക്കുന്ന പലരും അടുത്ത അസംബ്ലി ഇലക്ഷന് വോട്ട് ചെയ്യും.
“8 A യിലോ..? അത് ഏതവൾ”..? കണ്ണൻറെ പൂരികം പൊങ്ങി.
” എടാ ആ ചുവന്ന BSA SLRൽ വരുന്ന കൊച്ച്.
‘ ചുവന്ന’ എന്ന് എടുത്തു പറഞ്ഞത് എന്നാത്തിനാണെന്ന് അറിയാമോ..?കാരണം ഉണ്ട്,പറയാം..
കള്ളം പറയുമ്പോൾ ചെറിയ കാര്യങ്ങൾ എടുത്തു പറഞ്ഞാൽ അതിന്റെ വിശ്വാസ്യത കൂടും. ആ കള്ളത്തിൽ കുറച്ച് സത്യം ഉണ്ടാവുകയും വേണം. ചുവന്ന കളറിൽ അല്ലാതെ ഞാൻ BSA SLR കണ്ടിട്ടേയില്ല.വേറെ കളറിൽ ഉണ്ടോ ആവോ ..?
“അല്ലെങ്കിൽ തന്നെ മലയാളം മീഡിയത്തിൽ വന്ന് ലൈൻ അടിക്കേണ്ട ഗതികേട് ഒന്നും എനിക്കില്ല ”
ഇപ്പറഞ്ഞത് പഴുതടച്ച ന്യായം.
മലയാളം മീഡിയത്തിലെ പയ്യന്മാർ ഇംഗ്ലീഷ് മീഡിയത്തിലെ പെൺപിള്ളേരെ ലൈൻ അടിക്കാറുണ്ട് .അവിടെ പെൺകുട്ടികൾ ന്യൂനപക്ഷം ആണല്ലോ.പക്ഷെ ഞങ്ങൾ ആണുങ്ങൾ തിരിച്ചു മലയാളം മീഡിയത്തിൽ ചെന്ന് പ്രേമിക്കാൻ നോക്കിയാൽ മലയാളത്തിലെ ചെക്കന്മാർ പിടിച്ചു നല്ല ഇടി തരും.പൊതുവേ ഇടി എനിക്ക് അത്ര ഇഷ്ടമില്ലാത്തതുകൊണ്ട് ആ സാഹസത്തിനു മുതിരില്ല എന്ന് കണ്ണന് അറിയാം .
കണ്ണൻ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
തലയിൽ കൊളുത്തി പുറം വഴി തൂക്കിയിട്ടിരുന്ന പുസ്തകസഞ്ചി എടുത്തു കറക്കി അവൻ തറയിൽ വച്ചു .നീളൻ ജുബ്ബ ധരിച്ച സാഹിത്യകാരന്മാർ തൂക്കിയിട്ടു നടക്കുന്നതു പോലത്തെ ഒരു സഞ്ചിയിൽ ആണ് അവൻ പുസ്തകം കൊണ്ടുവരുന്നത് ..രാവിലെ പോകുമ്പോൾ സഞ്ചിയുടെ വായ ഒരു വലിയ സേഫ്റ്റിപിൻ കൊണ്ട് അടച്ചു വച്ചിട്ടുണ്ടാവും. നിക്കറിന്റെ സിബ്ബ് ഇരിക്കുന്ന ഭാഗത്ത് മറ്റൊരു സേഫ്റ്റിപിൻ. ആ പിൻ അഴിച്ചെടുത്ത് കടിച്ചു പിടിച്ച് അവൻ വട്ടക്കാടിന്റെ മറവിലേക്ക് നീങ്ങി നിന്നു.
ശർർർ…..
ഇലകളെ ലക്ഷ്യമാക്കി അവൻ മൂത്ര ഗൺ ചീറ്റിച്ചു..
“എടാ ഞാൻ നിൻറെ ആത്മാർത്ഥ സുഹൃത്താണോ..?
കടിച്ചുപിടിച്ച സേഫ്റ്റി പിന്നിന്റെയും പല്ലിന്റെയും വിടവിലൂടെ കണ്ണന്റെ ശബ്ദം.
സത്യം പറഞ്ഞാൽ അവനു വിഷമമാകും. കള്ളം പറഞ്ഞാൽ അവൻ ആ ചീറ്റുന്ന മൂത്രത്തിൽ തൊട്ടു സത്യം ചെയ്യാൻ പറഞ്ഞാലോ ..?
സത്യസന്ധത തെളിയിക്കാൻ അങ്ങനെ ചില ഏർപ്പാടുകൾ ഞങ്ങൾ സ്കൂൾ പിള്ളേരുടെ ഇടയിൽ ഉണ്ട് ..ഏതായാലും അവൻ അത് ഒഴിച്ച് തീർക്കട്ടെ.. എന്നിട്ട് പറയുന്നതാണ് ബുദ്ധി..
“പറയെടാ”
കണ്ണൻ വായിൽനിന്നും പിൻ എടുത്ത് നിക്കറിൽ കുത്തി.
” നീ എന്താ അങ്ങനെ ചോദിച്ചത്
..?
പെട്ട് പോകുന്ന അവസരങ്ങളിൽ മറുചോദ്യം ചോദിക്കുകയാ ബുദ്ധി.അപ്പോൾ സത്യവും പറയേണ്ട കള്ളവും പറയണ്ട.
“എന്നിട്ട് നീ എന്നോട് ഇതുവരെയും പറഞ്ഞില്ലല്ലോ”..?
” അതല്ലേ ഇപ്പോ പറഞ്ഞത് ..”
“അതങ്ങ് ഉഗാണ്ടേ പോയി പറഞ്ഞാ മതി. ഇത് നീ അബദ്ധത്തിൽ പറഞ്ഞതാ”.. അവന്റെ സ്വരത്തിൽ ചെറിയ വിഷമം ഉണ്ട് .
“നമ്മൾ സ്നേഹിക്കുന്ന പോലെ തന്നെ തിരിച്ചും ഉണ്ടാവണമെന്നില്ല ഷിബു”…
ആ ഡയലോഗ് ഞാൻ മനസ്സിൽ തന്നെ ഒട്ടിച്ചു വെച്ചു .അവനെ കൂടുതൽ വേദനിപ്പിക്കണ്ട..
“ഞാൻ എല്ലാ കാര്യങ്ങളും നിന്നോട് പറയാറുള്ള അല്ലേ” ..പറ ..”??
അതെ ശരിയാണ് ..
പയ്‌ലോൺ ചേട്ടൻ പാട്ടത്തിനെടുത്ത തെങ്ങിൻതോപ്പിൽ കയറി കല്ലെറിഞ്ഞു തേങ്ങ ഇട്ടതും, ലീലാമ്മ ആൻറിയുടെ പറമ്പിൽ വെളുപ്പിനെ പോയി പുളി പെറുക്കി കൊണ്ട് പോയതും, ശശി പാപ്പാൻ കാണാതെ ആനയുടെ പള്ളയ്ക്ക് അറ്റം കൂർപ്പിച്ച മുള കൊണ്ട് എറിഞ്ഞതും,പെണ്ണുങ്ങളുടെ കുളിക്കടവിൽ ചേമ്പിൻ കാടുകളുടെ പിന്നിൽ ഒളിച്ചിരുന്ന് കുളിസീൻ കണ്ടതും,
അവന്റെ അപ്പന്റെ പോക്കറ്റിൽ നിന്ന് ബീഡി കട്ടെടുത്തു കൊണ്ടുവന്നു, റബ്ബർ പുരയിൽ ആരും കാണാതെ, ഞങ്ങൾ പുകയൂതി വിട്ട് കൊച്ചുപുസ്തകം വായിച്ചതും അങ്ങനെ പുറത്തറിഞ്ഞാൽ തല പോകുന്ന എത്ര കേസുകെട്ടുകൾ ആണ് അവൻ എന്നോട് പറഞ്ഞിട്ടുള്ളതും ഞങ്ങളൊരുമിച്ച് ചെയ്തിട്ടുള്ളതും .
ഇതൊക്കെ ആണെങ്കിലും എനിക്ക് അവനോട് ഒരു ആത്മാർത്ഥ സുഹൃത്തിനോട് എന്നപോലെ ഒന്നും തോന്നിയിട്ടില്ല ..
“ഇവനോട് ഒന്നും വലിയ കൂട്ട് വേണ്ട” എന്ന് അമ്മ വർഷങ്ങൾക്ക് മുന്നേ പറഞ്ഞിട്ടുണ്ട്.അവന്റെ അപ്പൻ ദിവാകരൻ ഞങ്ങളുടെ പറമ്പിൽ പണിക്ക് വരുന്നതാ.കൂട്ടു കൂടുമ്പോൾ നിലയും വിലയും ഒന്നും നോക്കണ്ട എങ്കിലും ആത്മാർത്ഥ സുഹൃത്ത് ഒക്കെ ആക്കുമ്പോൾ അതു പോരല്ലോ.. അതൊക്കെ ഈ അല്പ ബുദ്ധിയോട് പറഞ്ഞിട്ടു കാര്യമുണ്ടോ ..?ഇരുവശത്തേക്കും കാണാവുന്ന കണ്ണുണ്ടായിട്ടും കാര്യമില്ല..ചൊക്രകണ്ണൻ ..
“ഇനി ഞാൻ നിന്നോട് ഒന്നും പറയേംല്ല ഒന്നിനും നിന്റെ കൂടെ വരികേം ഇല്ല”.
കണ്ണൻ തറപ്പിച്ചു പറഞ്ഞു ..
ഇതാണ് മനുഷ്യന്മാരുടെ കുഴപ്പം… ഒന്നു പറഞ്ഞാൽ രണ്ടിന് പ്രതികാരം ചെയ്യും ആത്മാർത്ഥ സുഹൃത്തായി കണ്ടിരുന്നെങ്കിൽ അവനെന്നോട് ക്ഷമിച്ചാൽ പോരായിരുന്നോ …?
എത്ര ആത്മാർത്ഥത പറഞ്ഞാലും എല്ലാത്തിനും കണക്കുണ്ട്. ഭൂമിയുടെ സ്പന്ദനം കണക്കിലാണ് എന്നു പറഞ്ഞ ചാക്കോ മാഷ് ഒരു തത്വജ്ഞാനി തന്നെ.
ഇവന്റെ കൂട്ടില്ലെങ്കിൽ സ്കൂളിൽ പ്രശ്നമില്ല, ഇംഗ്ലീഷ് മീഡിയത്തിൽ വേറെ ഫ്രണ്ട്സ് ഉണ്ട്. പക്ഷേ നാട്ടിൽ.. ഇവിടെ എനിക്ക് മറ്റാരോടും വലിയ അടുപ്പം ഇല്ല .ഒറ്റപ്പെടാൻ സാധ്യതയുണ്ട്. മാത്രമല്ല,എനിക്ക് വേണ്ട ചില അവശ്യവസ്തുക്കളുടെ സപ്ലൈയും നിലയ്ക്കും .തൽക്കാലം ഇവനെ പിണക്കുന്നത് ബുദ്ധിയല്ല.
തുലാമഴ മേഘങ്ങൾ ഉരുണ്ടുകൂടി വരുന്നു. മലയാളമാസം നോക്കിയാണ് ഭൂമി ചരിക്കുന്നത് എന്ന് തോന്നിപ്പോകും. എന്തൊരു കൃത്യത ആണ് എല്ലാവർഷവും.
കരിമേഘങ്ങൾ തൊട്ട അന്തരീക്ഷം ഇരുണ്ടു തുടങ്ങി ,ഓന്തിനെപ്പോലെ .
“നീ പിണങ്ങാതെ ..ഒക്കെ വിശദമായി നാളെ പറയാം .. മഴ ഇപ്പോ പെയ്യും ,നീ വിട്ടോ ”
ഇത്രയും ഒറ്റശ്വാസത്തിൽ അവന്റെ ചെവിയിൽ പറഞ്ഞു ആശ്വസിപ്പിച്ചു ഞാൻ ഗേറ്റ് തുറന്ന് വീട്ടിലേക്ക് ഓടി..
എനിക്ക് അവനോട് വലിയ അടുപ്പം ഉണ്ട് എന്ന് തോന്നിപ്പിക്കാൻ ആണ് ഞാൻ ഇത്രയും അവന്റെ ചെവിയിൽ തന്നെ പറഞ്ഞത് ..
മുന്നറിയിപ്പില്ലാതെ ആകാശത്ത് ഒരു കതിന പൊട്ടി…
സഞ്ചി വലിച്ചു തലയിൽ വച്ച് അവൻ ഓടി..
മഴ തൊടും മുമ്പ് വീടെത്താൻ അവന് കഴിയുമെന്നു തോന്നുന്നില്ല. എത്തിയിട്ടും കാര്യമില്ല ,ആ വീടിനുള്ളിൽ കുട നിവർത്തി പിടിച്ചിരുന്നാലും നനയും ..
‘അവന് ഒരു നല്ല വീട് പണിതു കൊടുക്കണം’.
വലുതാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റിലേക്ക് അതും കൂടി ഞാൻ ചേർത്തു .
വീശിയടിച്ച കാറ്റിനൊപ്പം മഴയും ചീറിപ്പാഞ്ഞ് എത്തി ..
ഒരു നല്ല മഴ കിട്ടിയിട്ട് ഇപ്പോൾ എത്രനാളായി..?
മനുഷ്യൻ ഉയർത്തി വിടുന്ന പുക കണ്ണു മറച്ചത് കൊണ്ടോ എന്തോ ഭൂമി ഇപ്പോൾ കലണ്ടർ നോക്കാറില്ല എന്നു തോന്നുന്നു..
ഗ്രാമം ആയതു കൊണ്ടും ചുറ്റും മരങ്ങൾ ഉള്ളത് കൊണ്ടും ചൂടിന് ആശ്വാസം ഉണ്ടാകും എന്ന് കരുതിയത് തെറ്റി..
AC ഇല്ലാതെ പറ്റില്ല.
സ്ഥലം മാറ്റം നാട്ടിലേക്കായത് കൊണ്ട് വാടക ലാഭം ഉണ്ടല്ലോ,അത് AC യിലേക്ക് വകമാറ്റാം..ഒരെണ്ണം അമ്മയുടെ റൂമിലും വെക്കാം..എന്നാലും ഇത്രയും കാലം അമ്മ എങ്ങനെ ഈ ചൂടത്ത് കിടന്നു..?അമ്മയ്ക്ക് ശീലമായിക്കാണും..
“ഈ വീട് പൊളിച്ചു പണിയുകയെ നിവൃത്തി ഉള്ളു. നമുക്ക് നല്ലൊരു വീട് വാടകയ്ക്ക് നോക്കണം” മഞ്ജു അഭിപ്രായപ്പെട്ടു.
എന്റെ കണ്ണിൽ അല്ലറ ചില്ലറ റിപ്പയർ വർക്കുകൾ മാത്രയെ കാണുന്നുള്ളൂ.
അവിടെ ആണ് പൊളിച്ചു പണിയാൻ ഭാര്യ പറയുന്നത്.
“പിള്ളേർക്ക് ആകെ ബുദ്ധിമുട്ടാകും.ഒന്നിനും ഒരു സൗകര്യം ഇല്ല”.അവൾ തീരുമാനം എടുത്തു കഴിഞ്ഞു..
പിള്ളേര് കുറച്ചു ബുദ്ധിമുട്ടൊക്കെ അറിഞ്ഞു വേണ്ടേ വളരാൻ.
ഞാനൊക്കെ പണ്ട് അരണ്ട വെളിച്ചത്തിൽ ഇരുന്ന് പഠിച്ച്, രാവിലെ എണീറ്റു ഇവിടുന്ന് നടന്ന് ആ വലിയ വളവ് തിരിഞ്ഞു പിന്നെയും നടന്നു ടൗണിൽ എത്തി, അവിടുന്ന് ആൾക്കൂട്ടത്തിനിടയിൽ തിക്കി ഞെരുങ്ങി ബസ്സിൽ കയറി ആണ് സ്കൂളിൽ പൊയ്ക്കോണ്ടിരുന്നത്. ഇന്നിപ്പോൾ സ്കൂൾ ബസ് വീട്ടുമുറ്റത്ത് എത്തും. ഇൻവേർട്ടർ ഉള്ളത് കൊണ്ട് കറന്റും പോവുകയില്ല.റോഡ് ഒക്കെ ടാറിട്ടു വെടിപ്പായി. ആ വളവിപ്പോഴും അങ്ങനെ തന്നെ.പാലം പണിയുന്ന കാര്യം, വലുതായപ്പോൾ, ഞാൻ അങ്ങ് മറന്നു പോയി
“എന്താ ആലോചിക്കുന്നത്..”?
“ഒന്നുമില്ല”
“എന്നാൽ ചെയ്യാനുള്ളതൊക്കെ ചെയ്ത് തീർക്ക്,പെട്ടെന്ന് ഇറങ്ങണം.പോകുന്ന വഴി എനിക്ക് ചില കാര്യങ്ങൾ ഉണ്ട്”.
“ഉം..ആയിക്കോട്ട്”..
ഞാൻ ഗേറ്റ് കടന്ന് അകത്തേക്ക് നടന്നു..
പണ്ട് മഴയ്ക്ക് മുൻപേ വീട്ടിലേക്ക് ഓടിയ ഷിബു പിന്നെ സ്കൂളിൽ വന്നില്ല. അന്നത്തെ കാറ്റിൽ നില തെറ്റി വീണ പ്ലാവ് അവനെ കട്ടിലിലാക്കി.കട്ടിൽ എന്നൊക്കെ പറയുന്നത് ആർഭാടം ആകും.
ആശുപത്രിയിൽ നിന്ന് വീട്ടിലെ തറയിലേക്ക് അവനെ കൊണ്ടുവന്നപ്പോൾ ഞാൻ ഒന്ന് പോയി കണ്ടു.അവന്റെ ആത്മാർത്ഥ സുഹൃത്ത് അവനെ കാണാൻ എത്തിയത് അവനു സന്തോഷം ആയി . സമയം കിട്ടുമ്പോഴൊക്കെ വരാം എന്ന് ഞാൻ അവന്റെ കയ്യിൽ പിടിച്ചു പറഞ്ഞു. പിന്നീട് പത്താം ക്ലാസും കോളേജിലും ഒക്കെ ആയിട്ടുള്ള തിരക്കുകൾ കാരണം അങ്ങോട്ട് ഞാൻ പോയിട്ടില്ല.
ചികിത്സകൾ അവനെ എഴുന്നേല്പിച്ചു നടത്തി.ജീവിതത്തോട് അവൻ പോരാടി. കുറെ കാലം കഴിഞ്ഞു സുഹൃത്തുക്കളുമായി ചേർന്ന് ഒരു ബിസിനസ് തുടങ്ങി. അത് പച്ച പിടിച്ചപ്പോൾ അവർ അവനെ ഒഴിവാക്കി. അതിന്റെ വിഷമത്തിൽ അവൻ വീട്ടിന് പുറകിലെ മാവിൽ തൂങ്ങി ചത്തു. എന്നാലും തളർന്നു വീണിടത്ത് നിന്നും തിരിച്ചു വന്നവൻ എന്തിന് ആത്മഹത്യ ചെയ്തു എന്ന് എല്ലാവരും ഓർത്തു..
സുഹൃത്തുക്കൾ അവന് അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു..
തിരികെ പോരുമ്പോൾ ആ വീട് ഞാൻ കണ്ടു. പഴയത് പോലെ തന്നെ. പുറകിലത്തെ മാവ് എന്നെ എന്തോ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ ചില്ലകൾ വീശിയാട്ടി..
പ്രശാന്ത് അലക്സാണ്ടർ
പത്തനംതിട്ടയിലെ മല്ലപ്പള്ളി സ്വദേശി . ചലച്ചിത്രനടൻ , 2002 മുതൽ ടെലിവിഷൻ – ചലചിത്ര മേഖലയിൽ സജീവമാണ് .തിരുവല്ലയിലെ മാർത്തോമ കോളേജിലും തുടർന്ന് കൊടൈക്കനാൽ ക്രിസ്ത്യൻ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.ഭാര്യ ഷീബ തിരുവല്ല മാർത്തോമ കോളേജിൽ അധ്യാപികയാണ് . രക്ഷിത്, മന്നവ് എന്നിവരാണ് മക്കൾ.
ഒരുപിടി നല്ല ചിത്രങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഉടൻ പുറത്തിറങ്ങാനുള്ള ചിത്രമായ ഓപ്പറേഷൻ ജാവയിലെ പ്രകടനത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നു.
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിലെ ആദ്യ ഗാനം പുറത്ത്. കെ.എസ് ചിത്ര ആലപിച്ച ” കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം” എന്ന ഗാനത്തിന്റെ ലിറക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്. താരാട്ട് പാട്ടായി ഒരുക്കിയ ഗാനം അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങിയിരിക്കുന്നത്.
റോണി റാഫേല്‍ സംഗീതം ഒരുക്കിയ ഗാനം ചിത്രയ്ക്ക് പുറമേ ശ്രേയ ഘോഷാല്‍, എം.ജി ശ്രീകുമാര്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് മരക്കാര്‍. മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.
പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. തിയേറ്ററുകള്‍ പ്രദര്‍ശനം ആരംഭിച്ച പശ്ചാത്തലത്തില്‍ ഈ വര്‍ഷം മാര്‍ച്ച് 26ന് ചിത്രം റിലീസിന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉടന്‍ എത്തില്ല എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.
കര്‍ഷക വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പ്രതിഷേധവുമായി കര്‍ഷകരുടെ വിധവകള്‍. തന്റെ പരാമര്‍ശങ്ങളില്‍ കങ്കണ നിരുപാധികം മാപ്പ് പറയണമെന്നും കങ്കണയുടെ എല്ലാ സിനിമകളും ബഹിഷ്‌കരിക്കാനും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു.
കങ്കണയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. കര്‍ഷ സമരത്തിനെതിരെ കങ്കണ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് പ്രതിഷേധം. സമരം ചെയ്യുന്നത് കര്‍ഷകരല്ലെന്നും തീവ്രവാദികളാണെന്നുമായിരുന്നു കങ്കണ പറഞ്ഞത്.
‘അതെ, ഞങ്ങള്‍ കര്‍ഷകരാണ്, തീവ്രവാദികളല്ല’ എന്ന ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് സ്ത്രീകള്‍ പ്രതിഷേധം നടത്തിയത്. കര്‍ഷക സമരത്തെ കുറിച്ച് പോപ് താരം റിഹാന പങ്കുവെച്ച ട്വീറ്റിന് മറുപടിയായി സമരം നടത്തുന്നത് ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണെന്ന് കങ്കണ പറഞ്ഞിരുന്നു.
കങ്കണ റണാവത്തിന്റെ ചിത്രങ്ങള്‍ കത്തിക്കുകയും ചെരിപ്പെറിഞ്ഞുമായിരുന്നു പ്രതിഷേധം. കര്‍ഷകരെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്യാതെ അവരുടെ സിനിമകള്‍ കാണില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
സാമൂഹ്യ പ്രവര്‍ത്തക സ്മിത തിവാരിയുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ആക്ടിവിസ്റ്റുകളായ അനില്‍ തിവാരി, അങ്കിത് നയ്താം, സുനില്‍ റാവത്, സുരേഷ് തല്‍മലെ, നീല്‍ ജയ്‌സ്വാള്‍, മനോജ് ചവാന്‍, സന്ദീപ് ജജുല്‍വാര്‍, ചന്ദന്‍ ജയന്‍കര്‍, പ്രതീപ് കോസരെ, ബബ്ലു ദ്രുവ്, അഷുതോഷ് അംബാഡെ തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
പോലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരെ അടിച്ചമര്‍ത്തുന്നത് ഞങ്ങള്‍ കണ്ടതാണ്. കര്‍ഷകരെ നിഷ്‌കരുണം മര്‍ദ്ദിക്കുകയും അവര്‍ മരിക്കുകയും ചെയ്യുന്നു. ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ കര്‍ഷകര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുകയില്ലെന്ന് കര്‍ഷകന്റ വിധവയായ ഭാരതി പവാര്‍ പ്രതിഷേധ പരിപാടിയില്‍ പറഞ്ഞു.
കടക്കെണിയിലായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതും അതിന്റെ പരിണിതഫലമായി തങ്ങളുടെ കുടുംബം അനുഭവിച്ചതും എന്താണെന്ന് വിധവയായ സീദം ഓര്‍മ്മിച്ചു. കര്‍ഷകരുടെ വിധവകളോടും അനാഥരോടും സഹതാപം കാണിക്കുന്നതിന് പകരം കങ്കണയെപ്പോലുള്ള ദേശസ്നേഹമില്ലാത്ത ആളുകള്‍ അവരുടെ ത്യാഗങ്ങളെ കളിയാക്കുന്നുവെന്നും സീദം പറഞ്ഞു.
ബിജെപിയുടെ അനൗദ്യോഗിക വക്താവാണ് കങ്കണ റണാവത്ത് എന്നും പാവപ്പെട്ട കര്‍ഷകരെ തീവ്രവാദികളായി താരതമ്യപ്പെടുത്തുന്ന നടിയുടെ ട്വീറ്റുകളും പ്രതിഷേധ യോഗത്തില്‍ സംസാരിച്ച വസന്തറാവു നായിക് ഷെട്ടി സ്വവ്ലമ്പന്‍ മിഷന്‍ (വിഎന്‍എസ്എസ്എം) പ്രസിഡന്റ് കിഷോര്‍ തിവാരി വിമര്‍ശിച്ചു.
കര്‍ഷക സമരത്തിന്റെ വാര്‍ത്ത പങ്കുവെച്ച് എന്താണ് ആരും ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു റിഹാനയുടെ ട്വീറ്റ്. ഇതിന് മറുപടിയായി പോപ്പ് താരത്തെ ‘വിഡ്ഢി’യെന്നും ‘ഡമ്മി’യെന്നുമൊക്കെ പരിഹസിച്ചാണ് കങ്കണ പ്രതികരിച്ചത്. കര്‍ഷകരല്ല രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണ് അവിടെ പ്രതിഷേധിക്കുന്നതെന്നും അതുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത് എന്നുമാണ് റിഹാനയുടെ ചോദ്യം പങ്കുവച്ച് അതിന് മറുപടിയായി കങ്കണ കുറിച്ചത്.
‘ആരും അവരെക്കുറിച്ച് സംസാരിക്കാത്തത് എന്തെന്നാല്‍ അവര്‍ കര്‍ഷകരല്ല, ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണ് അതുവഴി തകര്‍ന്ന് ദുര്‍ബലമാകുന്ന രാഷ്ട്രത്തെ ചൈനയ്ക്ക് എറ്റെടുക്കാനും യുഎസ്എ പോലെ ഒരു ചൈനീസ് കോളനിയാക്കി മാറ്റാനും വേണ്ടി. അവിടെ ഇരിക്കു വിഡ്ഢി, നിങ്ങള്‍ ഡമ്മികളെ പോലെ ഞങ്ങളുടെ ദേശത്തെ വില്‍ക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല’ എന്നായിരുന്നു കങ്കണയുടെ മറുപടി ട്വീറ്റ്.
കടയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഹലാൽ ഭക്ഷണം ലഭിക്കുമെന്ന സ്റ്റിക്കർ നീക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയ ഹിന്ദു ഐക്യവേദി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആർവി ബാബുവിനെയാണ് എറണാകുളം നോർത്ത് പറവൂർ .പോലീസ് അറസ്റ്റ് ചെയ്തത്.
ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്കർ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പാറക്കടവ് കുറുമശേരി ബേക്കറി ഉടമയെയാണ് ഇവർ ഭീഷണിപ്പെടുത്തിയത്. ഡിജിപിയുടെ നിർദേശപ്രകാരമാണ് ആർവി ബാബുവിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.
സംഭവത്തിൽ വർഗീയപരമായി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു എന്ന പരാതിയിലാണ് അറസ്റ്റ്. അതേസമയം, ബാബുവിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും സംഘപരിവാറിനെ തകർക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നേതാവ് ശോഭാ സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്.
ഡിസംബർ 28ാം തീയതിയാണ് കുറുമശേരിയിൽ പ്രവർത്തനമാരംഭിച്ച കടയുടെ മുമ്പിൽ ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന് കാണിച്ച് പ്രദർശിപ്പിച്ച സ്റ്റിക്കർ നീക്കാൻ ഹിന്ദു ഐക്യവേദി പ്രവർത്തകർ ആവശ്യപ്പെട്ടത്. ഈ ബേക്കറിയിലേക്ക് പാറക്കടവ് പ്രദേശത്തെ ഹിന്ദു ഐക്യവേദി പ്രവർത്തകർ നേരിട്ട് എത്തി കട ഉടമക്ക് സംഘടനയുടെ ലെറ്റർ പാഡിലുള്ള കത്ത് കൈമാറി.
കത്ത് കൈപ്പറ്റി ഏഴ് ദിവസത്തിനകം ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്കർ നീക്കിയില്ലെങ്കിൽ സ്ഥാപനം ബഹിഷ്‌കരിക്കുമെന്നും, പ്രതിഷേധം സംഘടിപ്പിക്കുമെന്നുമായിരുന്നു കത്തിലെ താക്കീത്. വിവാദം ഒഴിവാക്കാൻ കട ഉടമ സ്റ്റിക്കർ നീക്കി. പിന്നാലെ സോഷ്യൽമീഡിയയിൽ സംഭവം വാർത്തയായതോടെയാണ് അറസ്റ്റുണ്ടായത്.
കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുജയ്, ലെനിൻ, അരുൺ, ധനേഷ് എന്നിവരെയാണ് മതസ്പർധ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്ന കുറ്റം ചുമത്തി ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
മാവേലിക്കര കോഴിപാലത്ത് വിവാഹ വീടിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് (33) ആണ് മരിച്ചത്. വരന്റെ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി.
കഴിഞ്ഞ മാസം 26ന് രാത്രിയാണ് സംഘര്‍ഷമുണ്ടായത്. വിവാഹ വീട്ടില്‍ എത്തിയവര്‍ റോഡില്‍ കൂട്ടംകൂടി മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് രഞ്ജിത്തിന്റെ തലയ്ക്ക് മര്‍ദ്ദനമേറ്റിരുന്നു. ശേഷം 30നു വൈകിട്ട് രഞ്ജിത്ത് മരിച്ചു.
വരന്റെ അച്ഛന്‍ നെല്‍സണ്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തി മാവേലിക്കര പോലീസ് കേസെടുത്തു. നെല്‍സണ്‍ കൊല്ലത്താണ് ജോലി ചെയ്യുന്നത്. ഇവിടെയുള്ള ആളുകള്‍ ആണ് സല്‍ക്കാരത്തിന് എത്തിയത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
വാഷിങ്ടൻ ∙ മനുഷ്യാവകാശ നിഷേധവും സാമ്പത്തിക ദുരുപയോഗവുമടക്കമുള്ള ചൈനീസ് നടപടികളെ അമേരിക്ക ശക്തമായി നേരിടുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ചൈന ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ചൈനയുടെ സാമ്പത്തിക അധിനിവേശത്തെ യുഎസ് ചെറുത്തു തോൽപിക്കുക തന്നെ ചെയ്യും. എന്നാൽ യുഎസുന്റെ താൽപര്യങ്ങൾ കൂടി പരിഗണിച്ചു മുന്നോട്ടു പോകാൻ തയാറാണെങ്കിൽ ചൈനയുമായി ചേർന്നു പ്രവർത്തിക്കുന്നതിനു മറ്റു തടസ്സങ്ങളില്ലെന്നും ബൈഡൻ പറഞ്ഞു.
അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയുള്ള ചൈനയുടെ നീക്കങ്ങളിൽ ആശങ്കയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ബൈഡന്റെ പ്രസ്താവന. ചൈന അയൽരാജ്യങ്ങൾക്കു ഭീഷണിയെങ്കിൽ ഇടപെടുമെന്നായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവിന്റെ പ്രതികരണം. ഇന്ത്യ– പസിഫിക് മേഖലയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സുഹൃദ്‌രാജ്യങ്ങൾക്കൊപ്പം നിലകൊള്ളുമെന്നു യുഎസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
റഷ്യയ്ക്കെതിരെയും കടുത്ത ഭാഷയിലാണ് ബൈഡൻ സംസാരിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കടുത്ത വിമർശകനായ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ എത്രയും പെട്ടെന്നു തടവിൽനിന്നു മോചിപ്പിക്കണമെന്നു ബൈഡൻ ആവശ്യപ്പെട്ടു. യുഎസ് ആഭ്യന്തര മന്ത്രാലയത്തിലെ ആദ്യ സന്ദർശനത്തിനിടെയാണ് റഷ്യയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പുടിന്റെ നടപടിയിൽ ബൈഡൻ അതൃപ്തി പരസ്യമാക്കിയത്. റഷ്യയുടെ ആക്രമണാത്മക നടപടികളെ യുഎസ് കണ്ടില്ലെന്നു നടിക്കില്ലെന്നും റഷ്യയെ ഫലപ്രദമായി നേരിടാൻ യുഎസിന് ആകുമെന്നും ബൈഡൻ പറഞ്ഞു.
രാസായുധ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട നവൽനി, ജർമനിയിൽ 5 മാസം നീണ്ട ചികിത്സയ്ക്കു ശേഷം കഴിഞ്ഞ 17 നാണു റഷ്യയിൽ തിരിച്ചെത്തിയത്. വിമാനമിറങ്ങിയ ഉടൻ അറസ്റ്റിലായ നവൽനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു റഷ്യയിലെങ്ങും പ്രക്ഷോഭം പടരുന്നതിനിടെയാണ് നവൽനി അനുകൂല പ്രസ്താവനയുമായി ബൈഡൻ രംഗത്തെത്തിയത്.
മ്യാൻമറിൽ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്തതിനെതിരെയും ശക്തമായ പ്രതികരണമാണ് ബൈഡൻ നടത്തിയത്. സൈന്യം ഉടൻ തന്നെ നടപടി പിൻവലിക്കണമെന്നും ജനാധിപത്യം പുനഃസ്ഥാപിക്കാൻ തയാറായില്ലെങ്കിൽ തിരിച്ചടിക്കാൻ മടിക്കില്ലെന്നും ബൈഡൻ പ്രതികരിച്ചു. മ്യാൻമറിനെതിരെ നടപടികളിലേക്കു കടന്നാൽ ചൈന അതു മുതലെടുക്കുമെന്ന മറുവാദം ഉയരുന്നതിനിടെയാണ് ബൈഡന്റെ മുന്നറിയിപ്പ്. ലോകരാജ്യങ്ങൾ സൈനിക അട്ടിമറിയെ തള്ളി രംഗത്തു വന്നപ്പോൾ പരോക്ഷമായി അനുകൂലിക്കുന്ന പ്രസ്താവനകളായിരുന്നു ചൈനയുടേത്.
ജനാധിപത്യത്തിന്റെ വീണ്ടെടുപ്പും അതിനു യുഎസിന്റെ നേതൃത്വവും പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റിന്റെ ചുമതലയേറ്റ ശേഷം ജോ ബൈഡൻ രാജ്യാന്തര തലത്തിൽ നേരിടുന്ന ആദ്യ വെല്ലുവിളിയാണ് മ്യാൻമർ പ്രശ്നം. റഷ്യയിലും ജനാധിപത്യ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ടെങ്കിലും വർഷങ്ങളായി തുടരുന്നതാണ്.
തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയിൽ അമ്മയെ കൊന്നശേഷം മകൻ ആത്മഹത്യ ചെയ്തു. ആങ്കോട് സ്വദേശി മോഹനകുമാരിയും മകൻ വിപിനുമാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് വിവരം.
അമ്മയുടെ മൃതദേഹം കട്ടിലില്‍നിന്നാണ് കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക നിഗമനം. വിപിൻ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹത്തിനടുത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.
വിപിനും ഭാര്യയും അമ്മയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായും വഴക്കു പതിവായിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചു. ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെയെന്ന് വിപിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സംഭവം നടക്കുമ്പോൾ വിപിന്റെ ഭാര്യയും കുട്ടിയും വീട്ടിൽ ഉണ്ടായിരുന്നില്ല.
അന്നം തരുന്നവൻ ആരായാലും ദൈവമായ് കരുതുന്നവരാണ് ഓരോ ഭാരതീയനും …അങ്ങനെ ഉള്ള നമ്മുടെ കാഴ്ചപ്പാടിനെ മാറ്റിമറിക്കാൻ ഒരു രാജ്യം ഭരിക്കുന്നവർ തന്നെ കരണഹേതുവാകുമ്പോൾ നമ്മൾ പലതും കണ്ടില്ലന്നു നടിക്കരുത് …
സാമ്പത്തിക ശാസ്ത്രം മോടിപിടിപ്പിച്ച നമ്മൾ ആരോഗ്യ രംഗത്ത് കുതിച്ചു കയറ്റം നടത്തിയ നമ്മൾ മാർസിലും ഓർബിറ്റിലും വരെ എത്തിപിടിച്ച നമ്മൾ എത്തിപിടിക്കാത്തതും വികസനം നടത്തതുമായ ഒരേ ഒരു സബ്ജെക്ട് ഉണ്ടങ്കിൽ അത് കാർഷികവുമായി ബന്ധപ്പെട്ടതാണ് ..
എന്നിരുന്നാലും നമ്മുടെ കർഷകർ അവർ കാലാകാലങ്ങളായി നേടിയെടുത്ത അറിവുകൾ കൊണ്ട് ഇന്ത്യയെന്ന രാജ്യത്തെ 138 കോടി ജനങ്ങളെ തീറ്റിപോറ്റുന്നതും ഒരു വല്യ നേട്ടം തന്നാണ് . എന്നാൽ നമ്മുടെ വിശപ്പടക്കുന്ന ..നമ്മളെ പുഷ്ടിപ്പെടുത്താൻ കഷ്ടപ്പെടുന്ന ഒരു ജനത hardly nourished …അവരുടെ കുഞ്ഞുങ്ങൾ പട്ടിണികിടക്കേണ്ടിവരുന്നു ..നമ്മുടെ അന്നദാതാക്കൾ ആത്മഹത്യ ചെയ്യേണ്ടി വരുന്നു …
പ്രകൃതി തന്നെ അവർക്കുനേരെ അഴിച്ചുവിടുന്ന ദുരന്തങ്ങൾക്ക് കൂടുതൽ പുകച്ചിൽ നൽകികൊണ്ട് അന്ന ദാതാവായ അവരെ ആട്ടിയോടിക്കുന്നിടത്ത് കാണപ്പെടാത്ത ദൈവത്തിനും ഗോമാതാവിനും മാത്രം പൂജ അർപ്പിച്ചാൽ അവർ പ്രസാദിക്കുമോ ?…
നമുക്ക് ജീവൻ തരുന്നവർ അവരുടെ ജീവൻ പിടിച്ചു നിൽക്കാനാവാതെ തങ്ങളുടെ തന്നെ ജീവൻ ഹോമിക്കുമ്പോൾ മനുഷ്യരായ നമുക്ക് ഇങ്ങനെ തല ഉയർത്തി നടക്കാൻ നാണമാകില്ലേ ..
മണ്ണിനു ഫലഭൂയിഷ്ടതയേകുന്ന റിസോഴ്സസ് നമുക്ക് കൊടുക്കാനാവാതെ… കർഷകരെ ക്രൂശിക്കുന്നതിൽ സന്തോഷം കണ്ടെത്തിയാൽ ഇനി വരുന്നൊരു ജനതയ്ക്ക് പട്ടിണി കിടന്നു മരിക്കേണ്ടിവരും …നമ്മുടെ കുഞ്ഞുങ്ങൾ പട്ടിണി കിടന്നു മരിക്കേണ്ടി വരും നാളുകൾ വിദൂരമല്ല . അതു കൊണ്ട് നമ്മൾതന്നെ തീരുമാനിക്കുക are we going to be a part of their problem or a solution???
പലതരത്തിൽ പലപ്പോൾ ആയി അടിച്ചമർക്കപെട്ട വർഗ്ഗമാണ് നമ്മുടെ കൃഷിക്കാർ. അവർക്ക് ഇനിയും പലവിധ അടിമത്തങ്ങൾ സഹിക്കാൻ കഴിയണമെന്നില്ല. അതിനാൽ ഫാർമേഴ്‌സ് ബില്ല് അവരുടെമേൽ അടിച്ചേല്പിക്കാതെ ഓരോ സ്റ്റേറ്റുകളുടെയും കാലാവസ്ഥയും പ്രതികൂല സാഹചര്യങ്ങളും നന്നായി പഠിച്ചതിന് ശേഷം ചില ശുപാർശകൾ ( recommendations) വയ്ക്കുന്നതിന് ഓരോ സ്റ്റേറ്റിന്റേയും അധികാരികൾക്ക് മാർഗനിർദേശം നല്കാൻ കഴിയണം.
അല്ലാതെ ഇത്ര കോടി ജനങ്ങളെ അന്നമൂട്ടുന്ന കൈകളെ തന്നെ തിരിച്ചു കൊത്തുന്ന പാമ്പുകളായ് നമ്മുടെ രാജ്യതലവൻമാർ മാറുന്നത് കണ്ടുനിൽക്കേണ്ടിവരുന്നത് വളരെ ശോചനീയമാണ് . അവർക്ക് നേരെ ചീറ്റിയ ജലപീരങ്കികൾ ഒരുദിവസമെങ്കിലും അവരുടെ വരണ്ടുണങ്ങിയ പാടത്തേക്കൊരുവട്ടം ചീറ്റിയിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചു പോവുന്നു …
ജോസ്‌ന സാബു സെബാസ്റ്റ്യൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി പറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ച് കെ. സുധാകരൻ എം.പി. രമേശ് ചെന്നിത്തലയെയും ഷാനിമോൾ ഉസ്മാനെയും തുറന്ന് വിമർശിച്ച് കൊണ്ട് സുധാകരൻ രംഗത്തെത്തി.
പിണറായിക്കെതിരായ പരാമർശം നടത്തിയത് പാർട്ടിക്കു വേണ്ടിയാണ്. പരാമർശം ഒഴിവാക്കേണ്ടിയിരുന്നു എന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണം തന്നെ വേദനിപ്പിച്ചു.
തനിക്കെതിരെ പാർട്ടിയിൽ നീക്കം നടക്കുന്നുണ്ടെന്നും വിവാദത്തിന് പിന്നിൽ സിപിഎം അല്ലെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് പാർട്ടിക്കും നേതാക്കൾക്കും പാർട്ടിക്കും പ്രതികരണ ശേഷിയില്ലെന്നും സുധാകരൻ കൂട്ടിചേർത്തു.
തന്നെ കെ.പി.സി.സി. നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നത് കൊണ്ടാവാം പരാമർശം ചിലർ വിവാദമാക്കിയതെന്നും സുധാകരൻ പറഞ്ഞു.
പരാമർശത്തിൽ ജാതിവെറിയില്ലെന്ന് സുധാകരൻ ആവർത്തിച്ചു. ഞാനും അദ്ദേഹവും ഒരു ജാതിയാണ്. ഞാൻ നമ്പൂതിരിയോ ഭട്ടതിരിപ്പാടോ നായരോ ഒന്നുമല്ല ഈഴവനാണെന്നും അദ്ദേഹം പറഞ്ഞു.
ശുഭാപ്തി വിശ്വാസത്തോടു കൂടി ശരിയായ ചികിത്സയ്ക്ക് വിധേയരായി മുന്നോട്ട് പോയാൽ എത്ര അസുഖകരമായ അവസ്ഥയിലും അർബുദത്തെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ സാധിക്കും എന്ന സന്ദേശം നൽകുകയാണ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ കാൻസർ പോരാളിയായ നന്ദു മഹാദേവ.