മ്യാന്മര് വീണ്ടും പട്ടാള ഭരണത്തിലേക്ക്. ഓംഗ് സാന്‍ സുചിയും പ്രസിഡന്റ് വിന് മിന്‍ടും അറസ്റ്റില്‍. ഭരണകക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എന്‍എല്‍ഡി)യുടെ നേതാക്കളെയും സൈന്യം തടവിലാക്കി.
രാജ്യത്ത് ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തി വച്ചു. തലസ്ഥാനത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ എൻഎൽഡി വൻ വിജയം നേടിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ അട്ടിമറിയെന്നാണ് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണം.
സൈനിക നടപടികളോട് ജനങ്ങൾ വൈകാരികമായി പ്രതികരിക്കരുതെന്ന് എൻഎൽഡി വക്താവ് മയോ ന്യൂന്ത് പറഞ്ഞു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. നിയമപ്രകാരം മാത്രമേ പ്രവർത്തിക്കാവൂ എന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. പാർട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഹാൻ താർ മൈന്റിനെയും സൈന്യം തടവിലാക്കിയിട്ടുണ്ട്.
യാങ്കോണിലും നയ്പിറ്റോയിലും സൈനികർ തെരുവിലുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. സൈന്യവുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ല. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം പാർലമെന്റിന്റെ ആദ്യ സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് സൈന്യം ഇടപെടൽ നടത്തിയത്.
ലോകത്തിന് ഇന്നുളള ഏറ്റവും മികച്ച സ്വത്ത് ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ ഉല്പാദന ശേഷിയാണെന്ന് വിശേഷിപ്പിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്.
ആഗോള വാക്‌സിൻ ക്യാംപെയിൻ യാഥാർഥ്യമാക്കുന്നതിൽ ഇന്ത്യ സുപ്രധാനപങ്കുവഹിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കവെയായിരുന്നു അദ്ദേഹം രാജ്യത്തെ വാഴ്ത്തിയത്. ‘ഇന്ത്യ വികസിപ്പിച്ച വാക്‌സിനുകളുടെ വലിയതോതിലുളള ഉല്പാദനം ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞങ്ങൾ ഇന്ത്യൻ സ്ഥാപനങ്ങളുമായി അതിന് വേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്.
ആഗോള വാക്‌സിൻ ക്യാംപെയിൻ യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാം ഇന്ത്യയിലുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വാക്‌സിൻ ഉല്പാദനശേഷിയാണ് ഇന്ന് ലോകത്തിന്റെ ഏറ്റവും മികച്ച സ്വത്ത്. അത് പൂർണ്ണമായി ഉപയോഗിക്കണമെന്ന് ലോകം മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു.’
ഇന്ത്യ അയൽ രാജ്യങ്ങൾക്ക് 55 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകൾ സമ്മാനിച്ചതിന് പിന്നാലെയായിരുന്നു യുഎൻ സെക്രട്ടറി ജനറലിന്റെ പ്രസ്താവന. ഇന്ത്യ അയൽരാജ്യങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകിയതിന് പുറമേ ബ്രസീൽ, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്ക് വിപണനാടിസ്ഥാനത്തിൽ ഇന്ത്യ വാക്‌സിൻ കയറ്റുമതി ചെയ്തിരുന്നു.
ജനുവരി 21 മുതൽ 55 ലക്ഷം ഡോസ് വാക്‌സിനാണ് അയൽരാജ്യങ്ങൾക്ക് ഇന്ത്യ സമ്മാനിച്ചിട്ടുളളത്. 1.5 ലക്ഷം ഡോസുകൾ ഭൂട്ടാനും, മാലദ്വീപ്, മൗറീഷ്യസ്, ബെഹ്‌റിൻ എന്നീ രാജ്യങ്ങൾക്ക് ഒരുലക്ഷം വീതവും 10 ലക്ഷം ഡോസുകൾ നേപ്പാളിനും 20 ലക്ഷം ബംഗ്ലാദേശിനും 15 ലക്ഷം മ്യാന്മറിനും 50,000 ഡോസുകൾ സീഷെൽസിനും 5 ലക്ഷം ഡോസുകൾ ശ്രീലങ്കയ്ക്കും ഇന്ത്യ നൽകിയിരുന്നു.
സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങളിലേക്കു വിപണനാടിസ്ഥാനത്തിൽ വാക്‌സിനുകൾ ഉടൻ കയറ്റുമതി ചെയ്യും. ഒമാൻ, പസഫിക് ദ്വീപ് സ്റ്റേറ്റുകൾ, കരീബിയൻ കമ്യൂണിറ്റി രാജ്യങ്ങൾ തുടങ്ങിയക്ക് വാക്‌സിൻ സമ്മാനിക്കുന്നത് സംബന്ധിച്ചും തീരുമാനമെടുത്തിട്ടുളളതായി വിദേശ കാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വാക്‌സിനുകൾക്കായി നിരവധി രാജ്യങ്ങൾ താല്പര്യം പ്രകടിപ്പിച്ചിട്ടുളളതായും അദ്ദേഹം വ്യക്തമാക്കി.
ഡൽഹി -ഹരിയാന അതിർത്തിയായ സിംഘുവിൽ വെള്ളിയാഴ്ച കർഷകർക്ക് നേരെ അരങ്ങേറിയ അതിക്രമം ഞെട്ടിക്കുന്നതാണെന്ന് ബ്രിട്ടീഷ് എം.പി. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അധികാരത്തിൽ ഇരിക്കുന്നവർ അടിച്ചമർത്തുകയാണെങ്കിൽ അത് അവരുടെ പ്രക്ഷോഭത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന് ബ്രിട്ടീഷ് ലേബർ പാർട്ടി എം.പി തൻമൻജീത് സിങ് ദേസി പറഞ്ഞു.
സിംഘുവിൽ കർഷകരെ പൊലീസും ആൾക്കൂട്ടവും ചേർന്ന് ഭീഷണിപ്പെടുത്തുകയാണെന്നും വെള്ളം, വൈദ്യൂതി, ഇന്‍റർനെറ്റ് തുടങ്ങിയവ നിർത്തിവെച്ച് പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കർഷകരെ മർദിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
‘പൊലീസും ആൾക്കൂട്ടവും ചേർന്ന് കർഷകരെ അതിക്രമിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. ജലം, വൈദ്യുതി, ഇന്‍റർനെറ്റ് തുടങ്ങിയവ നിർത്തിയശേഷം ഡൽഹി കാലിയാക്കണമെന്നാണ് നിർദേശം.
അക്രമം ക്ഷമിക്കാൻ കഴിയില്ല. അധികാരത്തിലിരിക്കുന്നവർ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുകയാണെങ്കിൽ, അവർ കൂടുതൽ ശക്തിയാർജിക്കും. ലോകം നിങ്ങളെ ഉറ്റുനോക്കുന്നു’ -തൻമൻജീത് ട്വീറ്റ് ചെയ്തു.
പഞ്ചാബ് വംശജനായ രാഷ്ട്രീയക്കാരനാണ് ദേസി. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ 100 എം.പിമാരും ഭരണകർത്താക്കളും യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസന് കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. കൂടാതെ ഹൗസ് ഓഫ് കോമൺസിലെ ചോദ്യോത്തര വേളയിൽ കർഷക പ്രക്ഷോഭം വിഷയമായി ഉയർത്തിക്കൊണ്ടുവരികയും ചെയ്തിരുന്നു.
സിംഘു അതിർത്തിയിൽ വെള്ളിയാഴ്ച കർഷകർക്ക് നേരെ വ്യാപക അക്രമം അരങ്ങേറിയിരുന്നു. പൊലീസുകാരുടെയും നാട്ടുകാരാണെന്ന് പറഞ്ഞെത്തിയ ആർ.എസ്.എസ് ഗുണ്ടകളുടെയും നേതൃത്വത്തിലായിരുന്നു ആക്രമണം. കർഷകരുടെ ടെന്‍റ് പൊളിക്കുകയും കർഷകർക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു.
Shocked to see mobs and police trying to intimidate and clear Delhi #FarmersProtest, after stopping their water, electricity and internet.
Violence can’t be condoned, but if people in power abuse peaceful protesters, it’ll merely make their movement stronger.#TheWorldIsWatching pic.twitter.com/F6ibfaElSl
— Tanmanjeet Singh Dhesi MP (@TanDhesi) January 30, 2021
കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചയാളുടെ രണ്ട് വയസ്സുള്ള മകൾക്ക് എയർ ഇന്ത്യ ഒന്നര കോടി നഷ്ടപരിഹാരം നൽകും. അപകടത്തിൽ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീെൻറ മകൾക്ക് 1.51 കോടി നൽകാൻ തയാറാണെന്ന് എയർ ഇന്ത്യ കമ്പനി ഹൈകോടതിയിൽ അറിയിച്ചു. തുക എത്രയും വേഗം നൽകാൻ ഷറഫുദ്ദീെൻറ ഭാര്യ അമീന ഷെറിനും മകളും മാതാപിതാക്കളും നൽകിയ ഹരജി തീർപ്പാക്കി ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടു.
മരിച്ചയാളുെടയും ഭാര്യയുെടയും നഷ്ടപരിഹാരം തീരുമാനിക്കാനുള്ള പൂർണരേഖകൾ ലഭിച്ചശേഷം ഇക്കാര്യത്തിലും തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. വിമാനാപകട ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും അനുവദിച്ച് ഉത്തരവിടുകയും വേണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
ഷറഫുദ്ദീനൊപ്പം യാത്രക്കാരായിരുന്ന ഭാര്യക്കും മകൾക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഹരജിക്കാർക്ക് അന്തർ ദേശീയ സ്റ്റാൻേഡർഡ് പ്രകാരമുള്ള കുറഞ്ഞ തുകപോലും അനുവദിച്ചിട്ടില്ലെന്നും ഇത് നൽകാൻ ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. നേരേത്ത ഹരജി പരിഗണിക്കവേ ഹരജിക്കാരുടെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാറും എയർ ഇന്ത്യയും (നാഷനൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ) കോടതിയെ അറിയിച്ചു. ക്ലെയിം ഫോറം ഉടൻ നൽകുമെന്ന് ഹരജിക്കാരും അറിയിച്ചു.
തുടർന്ന് എത്രയും വേഗം അപേക്ഷ നൽകാനും പരിഗണിച്ച് നൽകാൻ ഉദ്ദേശിക്കുന്ന തുക വ്യക്തമാക്കാനും കോടതി നിർദേശിച്ചു. തുടർന്നാണ് കഴിഞ്ഞ ദിവസം കുട്ടിക്ക് 1,51,08,234 രൂപ നഷ്ടപരിഹാരം നൽകാമെന്ന് വിമാനക്കമ്പനി അറിയിച്ചത്. ആവശ്യമായ രേഖകൾ ലഭിക്കുമ്പോൾ സഹഹരജിക്കാർക്കും മതിയായ നഷ്ടപരിഹാരം നൽകാനും അനുവദിക്കുന്ന തുകയുടെ കാര്യത്തിൽ തർക്കമുണ്ടെങ്കിൽ ഹരജിക്കാർക്ക് ഹൈകോടതിയെ അടക്കം ഉചിതഫോറങ്ങളെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹരജി തീർപ്പാക്കിയത്.
മിനിസ്‌ക്രീന്‍ താരം വിവേക് ഗോപന്‍ ബിജെപിയില്‍ അംഗത്വമെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, ബി ഗോപാലകൃഷ്ണനുമൊപ്പം നില്‍ക്കുന്ന വിവേക് ഗോപന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിവേക് ബിജെപിയില്‍ അംഗത്വമെടുത്തെന്ന തരത്തിലുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ വിവേക് ഗോപനോ നേതാക്കളോ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ചു കൊണ്ട് വിവേക് ഗോപന്‍ രംഗത്തെത്തിയിരുന്നു. ‘പരസ്പരം’ എന്ന സീരിയലിലൂടെയാണ് വിവേക് ശ്രദ്ധേയനായത്.
2011ല്‍ പുറത്തിറങ്ങിയ ഒരു മരുഭൂമിക്കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തിയത്. പുള്ളക്കാരന്‍ സ്റ്റാറാ, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങി 15 ഓളം സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. അതേസമയം, കൃഷ്ണകുമാര്‍, പ്രവീണ എന്നീ താരങ്ങളുടെ പേരുകളും ബിജെപി സ്ഥാനാര്‍ത്ഥി ആകുമെന്ന തരത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും എന്ന് വ്യക്തമാക്കി കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്നും വാര്‍ത്ത ആരോ സൃഷ്ടിച്ചതാണെന്നും പറഞ്ഞ് നടി പ്രവീണയും രംഗത്തെത്തിയിരുന്നു. സംവിധായകന്‍ രാജസേനന് ബിജെപി ഇത്തവണ സീറ്റ് നല്‍കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെടുമങ്ങാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു രാജസേനന്‍.
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ആളാണ് സോമദാസ് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാർത്ഥി ആയിരുന്ന സോമദാസിന്റെ അവസാന നാളുകള്‍ അതീവ ദയനീയമാണ്. ഇന്ന് രാവിലെയാണ് സോമദാസ് അന്തരിച്ചതായി വാര്‍ത്തകള്‍ വന്നത്. കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുക ആയിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായി എങ്കിലും തീവ്ര പരിചരണ വിഭാഗത്തല്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഭാര്യയും നാല് പെണ്‍മക്കളും ഉണ്ട്.
വ്യത്യസ്തമായ ആലാപന ശൈലിയായിരുന്നു അന്ന് മുതല്‍ ഈ ഗായകന്‍ മലയാളികളുടെ മനസിലേക്ക് കയറിക്കൂടാന്‍ ഇടയായത്. കാലങ്ങള്‍ കഴിഞ്ഞ ശേഷമാണ് പിന്നെ മറ്റൊരു ഷോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ സോമദാസ് എത്തുന്നത്. വിവാഹ മോചിതനായ സോമദാസ് മുന്‍ ബന്ധത്തില്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ പറ്റിയും മക്കളെ നേടിയെടുക്കാന്‍ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ സോമദാസിന്റെ തുറന്നു പറച്ചിലുകള്‍ക്ക് പിന്നാലെയാണ് മുന്‍ ഭാര്യ സൂര്യ, സോമദാസ് പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണ് എന്ന ആരോപണവുമായി രംഗത്ത് വന്നത്. എന്നാല്‍ സൂര്യക്കെതിരെ, ഇവരുടെ മക്കളും അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ മുന്‍ ഭാര്യയും രംഗത്ത് വന്നതോടുകൂടി സ്ഥിഗതിഗതികള്‍ മാറിമറിഞ്ഞു.
അടുത്തിടെ ഒരു സ്റ്റേജ് ഷോയിൽ പങ്കെടുത്ത് തിരിച്ചു വന്നതിനു ശേഷമാണ് സോമദാസിന് കൊവിഡ് ബാധിക്കുന്നത്. ബിഗ് ബോസിന് ശേഷം വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെ താരം രംഗത്ത് വന്നിരുന്നു. ടെലിവിഷന്‍ പരിപാടികള്‍ക്ക് പുറമെ, കലാരംഗത്ത് സജീവം ആയിരുന്നു സോമദാസ്. കലാലോകത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടം ആണ് സോമദാസിന്റെ മരണം നല്‍കിയത്.
കോവിഡ് ബാധിതനായ ശേഷം ആശുപത്രിയില്‍ കിടക്കയില്‍ ആയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അതേസമയം മദ്യപിക്കാന്‍ പാടില്ലാതിരുന്നിട്ടും ഷോ കഴിഞ്ഞ ശേഷം മദ്യപിച്ചത് കൂടുതല്‍ നില സങ്കീര്ണമാക്കിയതായും സംശയം ഉണ്ട്. മദ്യപിക്കരുത് എന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും മദ്യപിച്ചത് ലിവറിന്റെ ആരോഗ്യത്തെ ബാധിച്ചതായും സോമദാസുമായി അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചു. പറക്കമുറ്റാത്ത നാല് കുഞ്ഞുങ്ങള്‍ ആണ് സോമദസിനുള്ളത്. അവരുടെ കാര്യം എങ്ങും എത്താതെ നില്‍ക്കുന്നതിന്റെ ഇടയില്‍ ആണ് താരത്തെ മരണം കീഴ്‌പെടുത്തിയത്.ബിഗ് ബോസില്‍ സോമദാസ് കൂടുതല്‍ സമയവും പറഞ്ഞത് മക്കളുടെ വിശേഷങ്ങള്‍ ആണ്. മക്കള്‍ക്ക് വേണ്ടി അന്ന് സോമദാസ് ആലപിച്ച കണ്ണാന കണ്ണേ എന്ന് തുടങ്ങുന്ന ഗാനം ഇന്നും ബിഗ് ബോസ് പ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.
സ്പിരിച്ച്വൽ ഡെസ്ക്.
ആഗോളസഭയുടെ കരിസ്മാറ്റിക് മുന്നേറ്റങ്ങളെ ഏകോപിപ്പിക്കുന്ന ‘കാരിസി’ന്റെ (കരിസ്മാറ്റിക് റിന്യൂവൽ ഇന്റർനാഷണൽ സർവീസ്) ഏഷ്യൻ പ്രതിനിധിയും മലയാളിയുമായ സിറിൾ ജോണിന് ഷെവലിയർ ബഹുമതി സമ്മാനിച്ച് ഫ്രാൻസിസ് പാപ്പ. ജീവിതസാക്ഷ്യത്തിലൂടെയും സംഘാടന മികവിലൂടെയും ക്രിയാത്മക ഇടപെടലുകളിലൂടെയും കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന് നൽകിയ സമഗ്രസംഭാവനകളാണ് വിഖ്യാതമായ പേപ്പൽ പുരസ്‌ക്കാരത്തിന് ഇദ്ദേഹത്തെ അർഹനാക്കിയത്. അൽമായർക്ക് നൽകുന്ന ഉന്നതമായ പേപ്പൽ ബഹുമതിയാണ് ഷെവലിയർ.
ലോക്‌സഭ സെക്രട്ടേറിയറ്റിൽ ജോയിന്റ് സെക്രട്ടറിയും ചീഫ് ഓഫ് പ്രോട്ടോക്കോൾ ഓഫീസറുമായിരുന്ന സിറിൾ ജോൺ 1982 മുതൽ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ നേതൃനിരയിൽ സജീവമാണ്. കോട്ടയം ജില്ലയിലെ കുറവിലങ്ങാടാണ് സ്വദേശം. ഡൽഹി അതിരൂപതയുടെ നവീകരണ പ്രസ്ഥാനത്തിന്റെ ചെയർമാനായും ഇന്ത്യൻ നാഷണൽ സർവീസ് ടീമിന്റെ ചെയർമാനായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ ശുശ്രൂഷകൾ ഏകോപിപ്പിക്കുന്ന ഐ.സി.സി.ആർ.എസിൽ അംഗവും 2007- 2015 കാലയളവിൽ വൈസ് പ്രസിഡന്റുമായിരുന്നു.
ആഗോള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിൽ ഏകീകരണവും നവീനതയും യാഥാർത്ഥ്യമാക്കാൻ 2019ൽ ‘കാരിസി’ന് രൂപം കൊടുത്തപ്പോൾ, 18 അംഗ സമിതിയിലേക്ക് ഏഷ്യയിൽനിന്നുള്ള പ്രതിനിധിയായി ഫ്രാൻസിസ് പാപ്പ നിയോഗിച്ചത് സിറിൾ ജോണിനെയാണ്. ഷെവലിയർ ബഹുമതി സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പാപ്പ നടത്തിയത്. സ്ഥാനിക ചിഹ്‌നങ്ങൾ സ്വീകരിക്കുന്ന തിയതി പിന്നീട് തീരുമാനിക്കും. ദൈവം നൽകിയ സ്‌നേഹസമ്മാനമായി പേപ്പൽ പുരസ്‌ക്കാരം സ്വീകരിക്കുന്നുവെന്ന് സിറിൾ ജോൺ പറഞ്ഞു.
മധ്യസ്ഥ പ്രാർത്ഥനയാണ് ഇദ്ദേഹത്തിന്റെ പ്രധാന കാരിസം. ദൈവീക വെളിപാടുകൾ സമർപ്പിച്ച് ദൈവഹിതം തേടുന്ന ‘പ്രവാചക മധ്യസ്ഥ പ്രാർത്ഥന’യുടെ (പ്രൊഫറ്റിക് ഇന്റർസെഷൻ) പരിശീലനത്തിനായി വിവിധ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഡൽഹിയിൽ ‘ജീവൻ ജ്യോതി ആശ്രമം’ എന്ന പേരിൽ ധ്യാനകേന്ദ്രം ആരംഭിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. 34 വർഷം നീണ്ട സർക്കാർ ഉദ്യോഗത്തിൽനിന്ന് 2016ൽ വിരമിച്ച ഇദ്ദേഹം വിശ്വാസ സംബന്ധമായ ഊടുറ്റ അഞ്ച് ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
‘സ്പർഡ് ബെ ദ സ്പിരിറ്റ്’, ‘കം, ലെറ്റ്‌സ് സെലിബ്രേറ്റ് ദ ഹോളി യൂക്കരിസ്റ്റ്’, ‘ദ കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ ഇൻ ഇന്ത്യ- ആൻ അപ്രൈസൽ’, ‘പ്രേ ലിഫ്റ്റിംഗ് അപ് ഹോളി ഹാൻഡ്‌സ്’, പ്രൊഫറ്റിക് ഇന്റർസെഷൻസ്’ എന്നിവയാണ് പ്രമുഖ ഗ്രന്ഥങ്ങൾ. ‘പ്രേ ലിഫ്റ്റിംഗ് അപ് ഹോളി ഹാൻഡ്‌സ്’ ജാപ്പനീസ്, കൊറിയൻ, മാൻഡരിൻ, സിംഹള, ഹിന്ദി, മലയാളം ഉൾപ്പെടെ 16 ഭാഷകളിലേക്ക് തർജിമ ചെയ്യപ്പെട്ടു. ‘പ്രൊഫറ്റിക് ഇന്റർസെഷൻസ്’ 10 ഭാഷകളിലേക്കും ‘സ്പർഡ് ബെ ദ സ്പിരിറ്റ്’ 10 ഭാഷകളിലേക്കും തർജിമ ചെയ്തിട്ടുണ്ട്. ഭാര്യയ്ക്കും നാലു മക്കൾക്കുമൊപ്പം ന്യൂഡൽഹിയിലാണ് ഇപ്പോൾ താമസം.
കുലീനതയുടെയും ആദരവിന്റെയും കൃതജ്ഞതയുടെയും അടയാളമായി സഭയോട് വിശ്വസ്തത പ്രകടിപ്പിച്ച് മാതൃകാപരമായി സഭാ സാമൂഹികസേവനങ്ങൾ കാഴ്ചവെച്ച് ജീവിക്കുന്നവർക്ക് സാർവത്രികസഭയുടെ തലവനെന്ന നിലയിൽ പാപ്പ നൽകുന്ന സ്ഥാനിക പദവികളാണ് പേപ്പൽ ബഹുമതികൾ. വത്തിക്കാൻ ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിലും രാജ്യത്തിന്റെ സർവ സൈന്യാധിപനെന്ന തലത്തിലുമാണ് പേപ്പൽ ബഹുമതികൾ നൽകപ്പെടുന്നത്. വിവിധ ഓർഡറുകളായി (പേരുകളിൽ) ഷെവലിയർ ബഹുമതി ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. മഹാനായ ഗ്രിഗറി പതിനാറാമൻ പാപ്പ 1831 സെപ്തംബർ ഒന്നാം തീയതി ‘ക്വാദ് സുമ്മിസ്’ എന്ന തിരുവെഴുത്തുവഴി സ്ഥാപിച്ച ‘സെന്റ് ഗ്രിഗറി ദ ഗ്രേറ്റ് ഓർഡറാ’ണ് സിറിൾ ജോണിന് സമ്മാനിക്കുന്നത്.
സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്മോര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് സംവിധായകനെതിരെ നടപടി. രജനികാന്ത് നായകനായ ‘യന്തിരന്‍’ എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിലാണ് കോടതിയുടെ ഉത്തരവ്.
എഴുത്തുകാരന്‍ അരൂര്‍ തമിഴ്‌നാടന്‍ നല്‍കിയ കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തന്റെ കഥയായ ജിഗൂബയാണ് ശങ്കര്‍ യന്തിരനാക്കിയതെന്നാണ് അറൂര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 1996 ല്‍ ആണ് അറൂറിന്റെ കഥ പുറത്തിറങ്ങിയത്.
2010 ലാണ് ‘യന്തിരന്‍’ സിനിമ പുറത്തിറങ്ങിയതാണ്. അന്ന് കേസ് കൊടുത്തിട്ട് വര്‍ഷം പത്ത് പിന്നിട്ടു. ഈ വര്‍ഷക്കാലയളവില്‍ ശങ്കര്‍ കോടതിയില്‍ ഹാജരാകുന്നതിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. 2018 ല്‍ സിനിമയുടെ രണ്ടാം ഭാഗവും വന്നിരുന്നു. ബഹുഭാഷകളിലായി ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച സാമ്പത്തിക വിജയവും നേടിയിരുന്നു.
കായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കായലിന്റെ കാവലാളായ രാജപ്പന്‍ ഇപ്പോള്‍ നാടിന്റെ അഭിമാനതാരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചതോടെയാണ് കായലിന്റെ സ്വന്തമായ രാജപ്പന്‍ കുമരകത്തിന്റെ താരമായി മാറിയത്.
എന്നാല്‍ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറയും മുന്‍പ് തന്നെ കുമരകത്തുകാര്‍ക്ക് രാജപ്പനെ അറിയാം. കുമരകം മഞ്ചാടിക്കരി സ്വദേശിയായ രാജപ്പന്റെ രണ്ടു കാലുകളും ചെറുപ്പത്തില്‍ പോളിയോ ബാധിച്ച് തളര്‍ന്നതാണ്. മീനച്ചിലാറും കായലും കണ്ടാണ് രാജപ്പന്‍ ഇതുവരെ വളര്‍ന്നത്. വേമ്പനാട്ടുകായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കിയെടുത്താണ് അരക്ക് കീഴെ തളര്‍ന്ന ഈ എഴുപത്തിരണ്ടുകാരന്‍ ജീവിതം പുലര്‍ത്തുന്നത്.
ജലശ്രോതസുകള്‍ മലിനമാകുന്നത് കണ്ടാണ് രാജപ്പന്‍ വള്ളത്തില്‍ പ്ലാസ്റ്റിക് കവറുകളും കുപ്പികളും പെറുക്കുന്നതിനായി ഇറങ്ങിയത്. രാവിലെ തോട്ടില്‍ കെട്ടിയിട്ട വള്ളത്തിനരികിലേക്ക് നിരങ്ങിയെത്തും. ഇതുമായി കായലിലേയ്ക്കിറങ്ങും. രാജപ്പന്റെ എല്ലാ ദിവസവും തുടങ്ങുന്നത് ഇങ്ങനെയാണ്.
കുമരകം മുതല്‍ കോട്ടയം വരെ മീനച്ചിലാറ്റിലും തോടുകളിലും കായലിലുമെല്ലാം രാജപ്പനെത്തും. വൈകുന്നേരമാവുന്നതോടെ കുപ്പികള്‍ പെറുക്കി മടങ്ങും. ഒരു കിലോക്ക് 12 രൂപ വരെയാണ് കിട്ടുക. പ്ലാസ്റ്റിക് കുപ്പികളായതിനാല്‍ വലിയ തൂക്കമുണ്ടാവില്ല. കടവില്‍ കൂട്ടിയിട്ട് കുറച്ചധികം കുപ്പികളാകുമ്പോഴെ വില്‍ക്കൂ. വാടകക്കെടുത്ത വള്ളത്തിലാണ് നേരത്തെ കുപ്പി പെറുക്കാനിറങ്ങിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും സഹായിച്ച് രാജപ്പന് സ്വന്തമായി ഒരു വള്ളം ലഭിച്ചു. ഇതിലാണ് ഇപ്പോള്‍ യാത്ര. വേമ്പനാട് കായല്‍, മണിയാപറമ്പ്, 900, പരിപ്പ്, കൈപ്പുഴമുട്ട്, നീണ്ടൂര്‍, മാന്നാനം, പുലിക്കുട്ടിശേരി, കരീമഠം, ചീപ്പുങ്കല്‍, ചെങ്ങളം എന്നിവിടങ്ങളില്‍ വള്ളത്തിലെത്തി കുപ്പികള്‍ ശേഖരിക്കും. ഞായറാഴ്ച്ച ഒഴികെ എല്ലാ ദിവസവും കായലില്‍ പോകുന്നുണ്ട്. പുലര്‍ച്ചെ ഇറങ്ങിയാല്‍ രാത്രി ഒന്‍പതിനാണ് മടങ്ങിയെത്തുന്നത്.
വീടിനു സമീപത്തെ കടവില്‍ വള്ളം അടുപ്പിച്ചതിനു ശേഷം വള്ളത്തില്‍ നിന്നും ചെറിയ പലക കരയിലേക്കിട്ട് അതിലൂടെ നിരങ്ങിയാണ് വീട്ടിലേക്ക് എത്തുന്നത്. ശേഖരിക്കുന്ന കുപ്പികള്‍ മറ്റും മറ്റുള്ളവരുടെ സഹായത്തിലാണ് കരയിലേക്ക് ഇറക്കിവെക്കുന്നത്. ശേഖരിച്ച് വെയ്ക്കുന്ന കുപ്പികള്‍ കച്ചവടക്കാര്‍ക്ക് നല്കുകയാണ് ചെയ്യുന്നത്.
മറ്റ് ജോലികള്‍ ചെയ്യാന്‍ ആരോഗ്യം സമ്മതിക്കാത്തതിനാല്‍ കായലിലെ കുപ്പികള്‍ പെറുക്കി വിറ്റു കിട്ടുന്ന തുകയാണ് ഏക ജീവിത മാര്‍ഗം. ഈ തുക കൂടാതെ വികലാംഗപെന്‍ഷന്‍ മാത്രമാണ് ആശ്രയം. അവിവാഹിതനായ രാജപ്പന്‍ തോട്ടുവക്കത്തെ പ്രളയത്തില്‍ തകര്‍ന്ന് ശോച്യാവസ്ഥയിലായ വീട്ടിലാണ് താമസം. തൊട്ടടുത്ത് സഹോദരി വിലാസിനിയും കുടുംബവും സഹായത്തിനുണ്ട്.
രാജപ്പന്‍ കായലില്‍ കുപ്പികള്‍ ശേഖരിക്കുന്നതിനിടെ പ്രദേശവാസിയായ നന്ദു എന്ന യുവാവ് തന്റെ കാമറയില്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ദേശീയ പത്രങ്ങള്‍ അടക്കം വിഷയം ചര്‍ച്ചയാക്കിയത്. ഇതേ തുടര്‍ന്നാണ് വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിലും എത്തിയത്.
ജീവിത മാര്‍ഗം ഇതാണെങ്കിലും കിട്ടുന്ന കുപ്പികളുടെ എണ്ണം കുറയുന്നതാണ് രാജപ്പന് സന്തോഷം. അത്രയെങ്കിലും മാലിന്യം കുറയുമല്ലോ എന്നാണ് രാജപ്പെന്റ ചിന്ത. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെകുറിച്ചറിഞ്ഞതിലും മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചതിലും സന്തോഷവും അഭിമാനവും ഉണ്ടെന്ന് രാജപ്പന്‍ പറയുന്നു. തന്റെ സേവനത്തെ അഭിനന്ദിച്ച അദ്ദേഹത്തോട് നന്ദിയുണ്ടെന്നും രാജപ്പന്‍ പറഞ്ഞു.
സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ പ്രാബല്യത്തില്‍. അടിസ്ഥാനവിലയില്‍ ഏഴു ശതമാനം വര്‍ധന വരുത്തിയതോടെ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വര്‍ധിക്കുക. ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകും.
ഓള്‍ഡ് പോര്‍ട് റം അഥവാ ഒ.പി.ആറിന്‍റെ 660 രൂപ വിലയുള്ള ഒരു ലീറ്റര്‍ മദ്യത്തിനു ഇനി മുതല്‍ 710 രൂപ നല്‍കേണ്ടി വരും. 560 രൂപയായിരുന്ന ജവാന് 600 രൂപയും നല്‍കണം. എം.എച്ച് ബ്രാന്‍ഡിയ്ക്ക് 950 ല്‍ നിന്നും 1020 ആയും ഓള്‍ഡ് മങ്ക് ലെജന്‍ഡിനു 2020 ല്‍ നിന്നും 2110 ആയും വില വര്‍ധിക്കും. ഇതുപോലെ മദ്യത്തിന്‍റെ ഇനമനുസരിച്ച് പത്തു രൂപ മുതല്‍ 90 രൂപ വരെയാണ് വര്‍ധന. നേരത്തെ കോവിഡ് സെസ് ഏര്‍പ്പെടുത്തിയപ്പോഴായിരുന്നു മദ്യത്തിന്‍റെ വിലവര്‍ധിച്ചത്.
മദ്യകമ്പനികളുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് ഏഴു ശതമാനം വര്‍ധന വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം . പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നും ഘട്ടം ഘട്ടമായി ചില്ലു കുപ്പിയിലേക്ക് മാറുന്നതിന്‍റെ ഭാഗമായി 750 മില്ലി ലിറ്റര്‍ മദ്യം ഇനി ചില്ലുകുപ്പിയിലായിരിക്കും ലഭിക്കുക. മാത്രമല്ല ഒന്നര ലീറ്ററിന്‍റേയും രണ്ടര ലീറ്ററിന്‍റേയും മദ്യവും ഔട്്ലെറ്റുകളിലെത്തും.
ഫെബ്രുവരി ഒന്നുമുതലാണ് വില വര്‍ധന പ്രാബല്യത്തില്‍ വരുന്നതെങ്കിലും ഒന്നാം തീയതി ഡ്രൈ ആയതിനാല്‍ ചൊവ്വാഴ്ച മുതലാകും പ്രാബല്യത്തില്‍ വരിക. ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. നേരത്തെ ഡ്രൈ ഡേ മാറ്റണമെന്ന ആവശ്യം ബാറുകാര്‍ എക്സൈസ് വകുപ്പിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നയപരമായ തീരുമാനമായതിനാല്‍ എക്സൈസ് വകുപ്പ് ബാറുകാരുടെ ആവശ്യം സര്‍ക്കാരിനു മുന്നില്‍ വെച്ചിട്ടുണ്ട്.