അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനവുമായി തെരഞ്ഞെടുപ്പ് കമിഷൻ. കേരളം, തമിഴ്‌നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ആകെ 18.69 കോടി വോടർമാരാണുള്ളത്.കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ അറിയിച്ചു.
അഞ്ചു സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് വോടെടുപ്പ് നടക്കുന്നത്. ആകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകൾ. മൂന്നു ലക്ഷം സർവീസ് വോടർമാർ. എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണം വൻതോതിൽ ഉയരും. കേരളത്തിൽ 2016ൽ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 21,498 ആയിരുന്നു. ഇത് ഇക്കുറി 40,771 ആയി വർധിപ്പിക്കും.
ആരോഗ്യരംഗത്ത് അഭൂതപൂർവമായ പ്രതിസന്ധി തുടരുന്നുവെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമിഷണർ സുനിൽ അറോറ പറഞ്ഞു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അനുഭവം മാതൃകയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവേ പാതയിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ റെയിൽവെ പോലീസ് സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി. മുംബൈയിലെ വിരാർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പാളത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച 32 വയസ്സുകാരനെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് രക്ഷപ്പെടുത്തിയത്.
അമ്മയുടെ മരണത്തെ തുടർന്നുണ്ടായ മാനസിക സമ്മർദം മൂലമാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. റെയിൽവേ ട്രാക്കിൽ കിടന്ന ഇയാളെ ട്രെയിൻ വരുന്നതിന് തൊട്ടുമുൻപ് റെയിൽവേ പോലീസ് പിടിച്ചുമാറ്റുകയായിരുന്നു.
യുവാവിനെ പോലീസ് രക്ഷപ്പെടുത്തുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിരാർ സ്വദേശിയായ യുവാവ് കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്. ഈ മാസം ആദ്യമാണ് ഇയാളുടെ അമ്മ മരിച്ചത്. തുടർന്ന് ഇയാൾ വലിയ മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് റെയിൽവേ പോലീസ് പറയുന്നത്.
#WATCH: RPF personnel averted a suicide attempt when they dragged a man out of railway tracks where he was lying down as a train was approaching him, at Virar railway station in Mumbai. The man was allegedly disturbed by the demise of his mother. (24.02)
(Souce: Indian Railways) pic.twitter.com/gbp5cn5WXw
— ANI (@ANI) February 26, 2021
യു.ഡി.എഫ് വാതിലടച്ചതിന് പിന്നാലെ പി.സി ജോർജിന്റെ ജനപക്ഷം പാർട്ടി വീണ്ടും എൻ.ഡി.എയിലേക്കെന്ന് സൂചന.
കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പുയർത്തിയതോടെയാണ് പി.സി. ജോർജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 27 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും പി.സി ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.
സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണ നൽകാമെന്നാണ് കോൺഗ്രസ് നിലപാട്. യുഡിഎഫിൻറെ ഔദാര്യം കേരള ജനപക്ഷത്തിന് ആവശ്യമില്ലെന്നാണ് പി.സി ജോർജ്ജ് ഇതിനോട് പ്രതികരിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമാവുകയും പത്തനംതിട്ട മണ്ഡലത്തിൽ കെ. സുരേന്ദ്രന് വേണ്ടി പി.സി ജോർജ് പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തിരുന്നു.
എന്നാൽ പ്രതീക്ഷിച്ച വിജയം എൻഡിഎയ്ക്ക് ലഭിക്കാതിരുന്നതോട കേരളത്തിൽ എൻ.ഡി.എ എന്നത് തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആക്ഷേപിച്ച് പി.സി. ജോർജ് മുന്നണി വിടുകയായിരുന്നു.
നിലവിൽ ഒരുമുന്നണിയുടെയും ഭാഗമല്ലാതിരിക്കുന്ന പി.സി ജോർജിനെ എൻഡിഎയിലേക്ക് തിരികെ കൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്നുണ്ട്.
മുന്നണിയിലേക്കെത്തിയാൽ പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളി സീറ്റുകൂടി ബിജെപി വിട്ടുകൊടുത്തേക്കും.
നടുവിന് പരിക്കേറ്റ് മൂന്നാഴ്ചയോളം നടക്കാനോ, ഇരിക്കാനോ, ഉറങ്ങാനോ സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു താനെന്ന് നടി മന്യ. നട്ടെല്ലിന് സര്‍ജറി വേണ്ടി വരല്ലേ എന്നാണ് ഇപ്പോഴത്തെ പ്രാര്‍ത്ഥന. ഇനി ഒരിക്കലും നൃത്തം ചെയ്യാന്‍ കഴിയില്ലെന്ന് കരുതിയിരുന്നതായും മന്യ പറയുന്നു. സുഖം പ്രാപിക്കുമെന്ന പ്രതീക്ഷിയിലാണ് ഇപ്പോള്‍ കഴിയുന്നതെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മന്യയുടെ കുറിപ്പ്:
മൂന്നാഴ്ച മുമ്പ്, എനിക്ക് പരിക്കേറ്റു. ഡിസ്‌ക്കിന് പ്രശ്‌നമുണ്ടെന്ന് സ്‌കാനിങ്ങില്‍ മനസിലായി. അത് എന്റെ ഇടതു കാലിനെ ഏതാണ്ട് പൂര്‍ണമായും തളര്‍ത്തി. വേദന കൊണ്ട് ഇടതു കാല്‍ ഒട്ടും അനക്കാന്‍ പറ്റാത്ത അവസ്ഥ. ഇന്ന്, നട്ടെല്ലില്‍ സ്റ്റിറോയിഡ് ഇഞ്ചെക്ഷനുകള്‍ എടുത്തു. അസ്വസ്ഥയായതിനാല്‍ അതിനു മുമ്പും ശേഷവും ഞാന്‍ സെല്‍ഫി എടുത്തു.
കോവിഡ് കാരണം സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. പ്രാര്‍ത്ഥനകളോടെ വേദനയെ നേരിട്ടു. ഉടന്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ്. മൂന്ന് ആഴ്ചത്തേക്ക് വേദന കാരണം എനിക്ക് ഇരിക്കാനോ നടക്കാനോ നില്‍ക്കാനോ ഉറങ്ങാനോ സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനുമായി പരമാവധി ശ്രമിക്കുകയാണ്.
ഈ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയില്ല. ഓരോ നിമിഷവും ആസ്വദിക്കുക. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുക. ജീവിതം ഹ്രസ്വവും അപ്രതീക്ഷിതവുമാണ്. എനിക്ക് ഇനി ഒരിക്കലും നൃത്തം ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതി, പക്ഷേ ന്യൂറോ സര്‍ജന്‍ എന്നോട് പറഞ്ഞു, പതുക്കെ എനിക്ക് എന്റെ ശക്തി വീണ്ടെടുക്കാന്‍ കഴിയും.
നട്ടെല്ലിന് സര്‍ജറി വേണ്ടി വരല്ലേ എന്നാണ് പ്രാര്‍ത്ഥന. കഴിഞ്ഞ മൂന്നാഴ്ചയായി ഇതാണ് എന്റെ ജീവിതം. എന്നിരുന്നാലും, സാവധാനം സുഖപ്പെടുത്തുന്നതിന് ദൈവത്തോട് വളരെ നന്ദി. ഈ ജീവിതത്തിന് ദൈവത്തിന് നന്ദി. എനിക്കു വേണ്ടി പ്രാര്‍ഥിച്ച എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഒരു വലിയ നന്ദി. എപ്പോഴും ഓര്‍മ്മിക്കുക, ജീവിതം എളുപ്പമല്ല, ഇതുപോലുള്ള കാര്യങ്ങള്‍ സംഭവിക്കും. പൊരുതുക. ഒരിക്കലും തോറ്റു കൊടുക്കരുത്.
ശരീരം മുഴുവൻ രോമങ്ങളുമായി നിൽക്കുന്ന ഒരു ഭീമാകാരൻ ചെമ്മരിയാടിന്റെ വിഡിയോ ഇതിനോടകം സമൂഹമാധ്യങ്ങളിൽ വൈറലായി കഴിഞ്ഞു. ലോകം ആശ്ചര്യത്തോടെ നോക്കിയ ഈ ആടിന്റെ പ്രത്യേകതയ്ക്ക പിന്നിലും ഒരു കഥയുണ്ട്. അനങ്ങാനാവാതെ ഇവർ നിൽക്കുന്നതും 35 കിലോയോളം വരുന്ന രോമം മുറിച്ച് മാറ്റുന്നതും എല്ലാം വിഡിയോയിലൂണ്ട്.
ഓസ്ട്രേലിയയിലെ വിക്ടോറിയയ്ക്കു സമീപം ലാൻസ്ഫീൽഡിലെ വനമേഖലയിൽ നിന്നു ബരാക്കിനെ നാട്ടുകാർ കണ്ടെത്തുമ്പോൾ ഇതെന്തു ജീവിയാണെന്ന ആശ്ചര്യമായിരുന്നു കണ്ടെടുത്തവർക്ക്. ദേഹം മുഴുവൻ കട്ടിപിടിച്ച ഭീമൻ കമ്പിളി മൂടിയ ഒരു സത്വം. കണ്ടാൽ ആകാശത്തു നിന്ന് ഏതോ മേഘം ഇറങ്ങി വന്ന് മണ്ണിൽ കിടക്കുകയാണെന്നു തോന്നും. ഏതായാലും ഞെട്ടിയ അധികൃതർ അവിടത്തെ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. പിന്നീട് അധികൃതർ ചെറുതായി ഒന്നു പരിശോധിച്ചപ്പോൾ സംഭവം മനസ്സിലായി.ബരാക്ക് ഒരു ചെമ്മരിയാടാണ്.
ദീർഘകാലമായി മുറിച്ചു നീക്കാത്തതിനാൽ ഒന്നും രണ്ടുമല്ല, 35 കിലോ കമ്പിളിയാണ് അവന്റെ ദേഹത്തു കുന്നുകൂടി വളർന്നത്. ഈ വലിയ ഭാരം കാരണം നേരെ ചൊവ്വെ ഒന്നു നടക്കാൻ പോലുമാകാത്ത സ്ഥിതിയിലായിരുന്നു ബരാക്ക്. മുഖത്തേക്കും കമ്പിളിരോമം വളർന്നതിനാൽ കാഴ്ചയ്ക്കും തകരാറുണ്ടായിരുന്നു.
ഏതോ ഫാമിൽ വളർത്തിയിരുന്ന ബരാക്ക് 5 വർഷം മുൻപ് അവിടെ നിന്നു ഓടി രക്ഷപ്പെട്ടാണ് കാട്ടിലെത്തിയതെന്നാണു കരുതപ്പെടുന്നത്. അന്നു മുതൽ അവന്റെ ശരീരത്തിൽ കമ്പിളി വളർന്നുകൊണ്ടേയിരിക്കുകയാണ്. ചെവിയിൽ ഏതു ഫാമിലേതാണെന്നു വ്യക്തമാക്കിയുള്ള അടയാളമുണ്ടായിരുന്നെങ്കിലും തലയിലെ കമ്പിളി രോമം ഉരഞ്ഞതിനാൽ അതു നഷ്ടമായി. അതിനാൽ ഓസ്ട്രേലിയയിലെ മൃഗസംരക്ഷണ കേന്ദ്രമായ എഡ്ഗാർ സാങ്ച്വറിയിലേക്ക് അവനെ മാറ്റി.
ഏതായാലും കിട്ടിയ ഉടനെ തന്നെ ബരാക്കിന്റെ കമ്പിളി വെട്ടാനുള്ള ഏർപ്പാടാണ് സാങ്ച്വറി അധികൃതർ ആദ്യം ചെയ്തത്. ഒരു മണിക്കൂറോളം ചെലവിട്ടാണ് അവന്റെ ശരീരത്തിൽ നിന്ന് വമ്പിച്ച അളവിലുള്ള കമ്പിളി പ്രത്യേക കത്രിക ഉപയോഗിച്ച് നീക്കം ചെയ്തത്. ജഡപോലെ കട്ടിപിടിച്ചിരുന്ന കമ്പിളിക്കുള്ളിൽ ചുള്ളിക്കമ്പുകൾ, മുള്ളുകൾ, ചെള്ളുകൾ, പുഴുക്കൾ, മറ്റു കീടങ്ങൾ എന്നിവയൊക്കെയുണ്ടായിരുന്നു.കമ്പിളി നീക്കം ചെയ്തപ്പോൾ ഇവയിൽ പലതും പുറത്തുചാടി.
കുറേക്കാലമായി തന്നെ കഷ്ടപ്പെടുത്തിയ കമ്പിളിപ്പുതപ്പ് പോയതോടെ ബരാക്കിന്റെ തനി സ്വരൂപം തെളിഞ്ഞു വന്നു.നന്നേ മെലിഞ്ഞു ക്ഷീണിതനായിരുന്നു അവൻ. വമ്പൻ മുടിവെട്ടിനു ശേഷം മരുന്നുകൾ കലക്കിയ വെള്ളത്തിൽ ഒരു കുളി കൂടിയായതോടെ ബരാക്ക് ഉഷാറായി.ദേഹത്ത് നിന്ന് 35 കിലോ ഭാരമാണ് ഒഴിവായിരിക്കുന്നത്.സന്തോഷത്തോടെയും സമാധാനത്തോടെയും അവനിപ്പോൾ എഡ്ഗാർ സാഞ്ച്വറി എന്ന തന്റെ പുതിയ അഭയകേന്ദ്രത്തിലെ മറ്റ് ആടുകൾക്കൊപ്പം വസിക്കുകയാണ്. ബരാക്കിന്റെ ദേഹത്തു നിന്നെടുത്ത കമ്പിളി ഉപയോഗിച്ച് ഏകദേശം 62 സ്വെറ്ററുകളുണ്ടാക്കാം, അല്ലെങ്കിൽ 490 ജോടി സോക്സുകൾ.
എന്നാൽ ഇത്തരത്തിൽ കമ്പിളി വളർന്ന് ഭീകരരൂപിയായ ആദ്യത്തെ ചെമ്മരിയാടല്ല ബരാക്ക്. ഇതിനു മുൻപും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. 2005ൽ ന്യൂസീലൻഡിൽ നിന്നും ഷ്രെക്ക് എന്നൊരു ചെമ്മരിയാടിനെ ഇതുപോലെ കിട്ടിയിരുന്നു. 27 കിലോ കമ്പിളിയായിരുന്നു ഷ്രെക്കിന്റെ ദേഹത്ത് ഉണ്ടായിരുന്നത്, ആറുവർഷങ്ങളുടെ വളർച്ച. രാജ്യാന്തര മാധ്യമങ്ങളിലെല്ലാം വാർത്ത വന്നതോടെ ഷ്രെക്ക് ലോകപ്രശസ്തനായി. ഷ്രെക്കിന്റെ ഈ കമ്പിളിക്കുപ്പായം വെട്ടി നീക്കം ചെയ്യുന്നതിന്റെ ലൈവ് വിഡിയോ ന്യൂസീലൻഡിലെ ദേശീയ ടിവി ചാനലിൽ ലൈവായി കാണിച്ചിരുന്നു. തന്റെ പത്താം ജന്മദിനം ഷ്രെക്ക് ആഘോഷിച്ചത് അന്നത്തെ ന്യൂസീലൻഡ് പ്രധാനമന്ത്രി ഹെലൻ ക്ലാർക്കിനൊപ്പമാണ്.
മൂഫ്ലോൺ എന്ന വന്യജീവിയിൽ നിന്നാണ് ചെമ്മരിയാടുകൾ പരിണമിച്ചത്. മനുഷ്യർ ആദ്യം ഇണക്കി വളർത്തിയ ജീവികളിലൊന്നാണ് ചെമ്മരിയാടുകൾ. മൂഫ്ലോണുകൾക്ക് രോമം വളരുമെങ്കിലും അവ തണുപ്പുകാലം കഴിഞ്ഞ് കൊഴിയും. എന്നാൽ മനുഷ്യർക്കൊപ്പം കൂടിയ ചെമ്മരിയാടുകൾക്ക് ഈ ശേഷി ക്രമേണ നഷ്ടപ്പെട്ടു. ഇതിനാൽ, ഇടയ്ക്കിടെ ഇവയുടെ രോമം വെട്ടിയെടുക്കേണ്ടത് ആവശ്യമാണ്. നമ്മൾക്ക് നിസ്സാരമായ പല കാര്യങ്ങളും മൃഗങ്ങൾക്ക് സാരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ബരാക്ക്.
മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നാടകീയ നീക്കങ്ങൾ. പ്രതികൾ തങ്ങൾ ആണെന്നവകാശപ്പെട്ട് കീഴടങ്ങാൻ നാലുപേർ മാന്നാർ പോലീസ് സ്റ്റേഷനിൽ എത്തി.
ബുധനാഴ്ചയാണ് സംഭവം. എറണാകുളം പറവൂർ സ്വദേശികളായ നാലുപേർ ഒരു കാറിലാണ് മാന്നാർ പോലീസ് സ്റ്റേഷനിൽ യുവതിയെ തട്ടിക്കൊണ്ടു പോയത് ഞങ്ങളാണ് എന്ന് അവകാശപ്പെട്ടു കീഴടങ്ങാൻ എത്തിയത്. എന്നാൽ പോലീസ് ചോദിച്ച ചോദ്യങ്ങൾക്ക് ഇവർ വ്യക്തമായ മറുപടി നൽകിയില്ല.
കേസിലെ പ്രധാന പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു നീക്കം എന്നാണ് പോലീസിന്റെ നിഗമനം.യുവാക്കളെ ഇപ്പോൾ മാന്നാർ പോലീസിന്റെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്.
ലൈംഗീക പീഡനം, മനുഷ്യക്കടത്ത് ആരോപണത്തിൽ കേസെടുത്തതിനു പിന്നാലെ മുൻ യുഎസ് ഒളിമ്പിക്സ് ജിംനാസ്റ്റിക് പരിശീലകൻ ജീവനൊടുക്കി. ജോൺ ഗെഡെർട്ട് ആണ് മരിച്ചത്. മിഷഗൺ അറ്റോർണി ജനറൽ ഡന നെസൽ ജോൺ ഗെഡെർട്ടിന്റെ മരണം സ്ഥിരീകരിച്ചു.
2012 ലെ വനിതാ ജിംനാസ്റ്റിംഗ് ടീമിന്റെ മുഖ്യപരിശീലകനായിരുന്നു ഗെഡെർട്ട്. നൂറുകണക്കിന് അത്ലറ്റുകളെ പീഡിപ്പിച്ച ടീം ഡോക്ടർ ലാറി നാസർ ഗെഡെർട്ടിനൊപ്പമാണ് പ്രവർത്തിച്ചത്. 250 ലധികം പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ നാസറിന് 2018 ൽ 300 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. 63 കാരനായ ഗെഡെർട്ടിന് മിഷിഗണിൽ പരിശീലന കേന്ദ്രം ഉണ്ടായിരുന്നു. ഇവിടെ ഡോക്ടറായി നാസർ പ്രവർത്തിച്ചിരുന്നു.
വാഷിംഗ്ടൺ: ഇന്ത്യ-പാക് വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് അമേരിക്ക. ദക്ഷിണേഷ്യയിൽ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ക്രിയാത്മക നടപടിയാണിതെന്ന് അമേരിക്ക പ്രസ്താവനയിൽ പറഞ്ഞു.
ബൈഡൻ ഭരണകൂടം പാക്കിസ്ഥാനുൾപ്പെടെ മേഖലയിലെ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിവരികയാണ്. അതിർത്തിയിലെ ഈ പുരോഗതി മുന്നോട്ടുകൊണ്ടുപോകാൻ ഇരു രാജ്യങ്ങളെയും അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചെന്ന് ആരോപിച്ച് പ്രശസ്ത ഹോളിവുഡ് നടന്‍ ടോം ഹോളണ്ടിനു നേരെ സംഘപരിവാർ അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും സൈബര്‍ ആക്രമണം.
ടോമിന്റെ വരാനിരിക്കുന്ന സ്‌പൈഡര്‍ മാന്‍ 3 എന്ന സിനിമ നിരോധിക്കണമെന്നാണ് പ്രചാരണം നടന്നത്.
ബോയ്‌കോട്ട് സ്‌പൈഡര്‍മാന്‍ എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. മോട്ടേറ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന് പേര് നല്‍കിയതിനെ കളിയാക്കി കൊണ്ട് ടോം ഹോളണ്ട് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റാണ് പ്രശ്നങ്ങൾക്ക് കാരണമായത്. യഥാര്‍ത്ഥത്തില്‍ ഇംഗ്ലീഷ് എഴുത്തുകാരനും ക്രിക്കറ്ററുമായ ടോം ഹോളണ്ട് എന്ന വ്യക്തിയാണ് ട്വീറ്റ് ചെയ്തത്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഉയർത്തിയ 49 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ,
രണ്ടാം ഇന്നിങ്സിൽ 7.4 ഓവറിൽ ഒരു വിക്കറ്റും നഷ്ടപ്പെടാതെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഓരോഹിത് ശർമ 25 പന്തിൽ നിന്ന് 25 റൺസും ശുഭ്മാൻ ഗിൽ 21 പന്തിൽ നിന്ന് 15 റൺസും നേടിയാണ് വിജയലക്ഷ്യം കണ്ടത്. ഈ ജയത്തോടെ പരമ്പരയിൽ 2-1ന്റെ ലീഡ് ഇന്ത്യ നേടി.
അഹമ്മദാബാദിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 145 റൺസും ഇംഗ്ലണ്ട് 112 റൺസുമാണ് നേടിയത്. രണ്ടാം ഇന്നിങ്സിൽ 30.4 ഓവറിൽ 81 റൺസിന് ഇംഗ്ലണ്ട് ഓൾഔട്ടായി. രണ്ടാം ഇന്നിങ്സിൽ 49 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 7.4 ഓവറിൽ തന്നെ വിജയം സ്വന്തമാക്കി.
ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെതിരെ ശക്തമായ ബൗളിങ് പ്രതിരോധം ഉയർത്താൻ ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ അഞ്ചും അശ്വിൻ നാലും വിക്കറ്റ് വീഴ്ത്തി. വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റെടുത്തു. ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ വീഴ്‌ത്തി അക്ഷർ പട്ടേലാണ് ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ സാക് ക്രോളിയെ അക്ഷർ പുറത്താക്കി. മൂന്നാം പന്തിൽ ബെയർസ്റ്റോയും പുറത്തായി. രണ്ടുപേരും റൺസൊന്നും എടുക്കാതെയാണ് കളം വിട്ടത്.
അധികം വൈകാതെ തന്ന ഡോം സിബ്‌ലിയെയും പുറത്താക്കി അക്ഷർ മൂന്നാം വിക്കറ്റും നേടി. 25 റൺസെടുത്ത ബെൻ സ്റ്റോക്സിനെ അശ്വിനും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. 19 റൺസെടുത്ത ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ എൽബിഡബ്ല്യുവിൽ കുടുങ്ങി അക്ഷർ വീണ്ടും ഇംഗ്ലണ്ടിന് ഇരട്ട പ്രഹരമേൽപ്പിച്ചു. ഇതോടെ ഇന്നിങ്സിലെ നാലാം വിക്കറ്റും മത്സരത്തിലെ പത്താം വിക്കറ്റും അക്ഷർ സ്വന്തമാക്കി.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 33 റൺസിന്റെ ലീഡാണ് നേടാനായത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 112 റൺസ് മറികടക്കാനായി ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് 145 റൺസ് എടുക്കുന്നതിനിടയിൽ മുഴുവൻ വിക്കറ്റും നഷ്ടമായി. ജോ റൂട്ടാണ് ഇന്ത്യൻ നിരയെ തകർത്തത്. റൂട്ട് അഞ്ചു വിക്കറ്റ് വീഴ്ത്തി. 6.2 ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഇംഗ്ലണ്ട് നായകന്‍ അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തിയത്.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ രോഹിത് ശർമ്മ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. രോഹിത് 66 റൺസെടുത്തു. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി 27 റൺസെടുത്തു. രണ്ടാം ദിനത്തിൽ രഹാനെയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഏഴുറണ്‍സെടുത്ത രഹാനെയെ ജാക്ക് ലീച്ച് വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടുപിന്നാലെ തന്നെ രോഹിതിന്റെ വിക്കറ്റും വീഴ്ത്തി ലീച്ച് ഇന്ത്യയെ ഞെട്ടിച്ചു.
അടുത്തതായി ഇറങ്ങിയ റിഷഭ് പന്ത് വന്നതുപോലെ മടങ്ങി. ഒരു റൺസെടുത്ത പന്തിനെ ജോ റൂട്ട് വിക്കറ്റിനു മുന്നിൽ കുടുക്കി. പിന്നാലെ ത്നെ വാഷിങ്ടൺ സുന്ദറും അക്ഷർ പട്ടേലും റൺസൊന്നും എടുക്കാതെ മടങ്ങി. പിന്നീട് എത്തിയ അശ്വിൻ ഇന്ത്യയെ കരകയറ്റാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. 17 റൺസെടുത്ത അശ്വിനെ റൂട്ട് പുറത്താക്കിയതോടെ ഇന്ത്യൻ നിര തകർന്നു. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 112 റൺസാണ് എടുത്തത്.
മൊട്ടേരയിലെ ക്രിക്കറ്റ് പിച്ചിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുമ്പോഴും പ്രതിരോധം തീർത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. മൊട്ടേരയിലെ പിച്ചിൽ ദുർഭൂതങ്ങളില്ലെന്നും ഇരു ടീമുകളുടെയും ബാറ്റ്‌സ്‌മാൻമാരുടെ മോശം പ്രകടനമാണ് ടെസ്റ്റ് മത്സരം വേഗം അവസാനിക്കാൻ കാരണമെന്നും കോഹ്‌ലി പറഞ്ഞു.
“വളരെ സത്യസന്ധമായി പറഞ്ഞാൽ, ബാറ്റ്‌സ്‌മാൻമാർ കഴിവിനൊത്ത് ഉയർന്നിട്ടില്ല. ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റിന് നൂറ് റൺസെടുത്ത ഞങ്ങൾ പിന്നീട് 150 ന് ഓൾഔട്ടായി. ചുരുങ്ങിയത് ഒന്നാം ഇന്നിങ്സിലെങ്കിലും ബാറ്റിങ്ങിന് അനുകൂലമായ പിച്ചായിരുന്നു. പക്ഷേ, ഞങ്ങളത് ഉപകാരപ്പെടുത്തിയില്ല. മൊട്ടേരയിലെ പിച്ചിൽ ദുർഭൂതങ്ങളൊന്നും ഒളിഞ്ഞിരിക്കുന്നില്ല,” കോഹ്‌ലി പറഞ്ഞു.
അതേസമയം, മൊട്ടേരയിലെ പിച്ചിനെ കുറിച്ച് ഐസിസി തന്നെ തീരുമാനിക്കട്ടെ എന്നാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ അഭിപ്രായം. “മൊട്ടേരയിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമാണോ എന്ന് ഐസിസിയാണ് വിലയിരുത്തേണ്ടത്, താരങ്ങളല്ല,” തോൽവിക്ക് ശേഷം റൂട്ട് പ്രതികരിച്ചു. വളരെ വെല്ലുവിളികൾ നിറഞ്ഞ കളിയായിരുന്നു മൊട്ടേരയിലേതെന്നും റൂട്ട് പറഞ്ഞു.
മുൻ ഇന്ത്യൻ താരങ്ങളായ വിവിഎസ് ലക്ഷമൺ, യുവരാജ് സിങ്, ഇംഗ്ലണ്ട് മുൻ നായകൻ മെെക്കിൾ വോൺ, ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്‌സൺ അടക്കമുള്ളവർ മൊട്ടേരയിലെ പിച്ചിനെ പരിഹസിച്ചും വിമർശിച്ചും രംഗത്തെത്തിയിരുന്നു.