Latest News

വധശിക്ഷയിൽ നിന്നു രക്ഷപ്പെട്ട്, തൃശൂർ പുത്തൻചിറ ചെറവട്ട സ്വദേശി ബെക്സ് കൃഷ്ണൻ നാട്ടിലെത്തിയപ്പോൾ സഫലമായത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ 6 വർഷത്തെ പ്രയത്നം. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്ന ബെക്സ് ഓടിച്ച കാറിടിച്ചു സുഡാനി ബാലൻ മരിച്ചതിനെ തുടർന്നായിരുന്നു വധശിക്ഷ. ബന്ധു സേതുവാണു സഹായമഭ്യർഥിച്ച് യൂസഫലിയുടെ പക്കലെത്തിയത്.

സുഡാനി കുടുംബത്തോടു പലവട്ടം സംസാരിച്ചെങ്കിലും മാപ്പു നൽകാൻ അവർ തയാറായില്ല. 6 വർഷം ശ്രമിച്ച ശേഷമാണ് അനുനയിപ്പിക്കാനായതെന്നും അവർക്കുള്ള നഷ്ടപരിഹാരമായി ജനുവരിയിൽ തന്നെ താൻ ഒരു കോടി രൂപ കോടതിയിൽ കെട്ടിവച്ചതായും യൂസഫലി പറ‍ഞ്ഞു. നിയമനടപടികൾക്കു ശേഷം ഇപ്പോഴാണു മോചനം സാധ്യമായത്.

ഏപ്രിൽ 11നു കൊച്ചി പനങ്ങാട്ട് ഉണ്ടായ ഹെലികോപ്റ്റർ അപകടത്തെ തുടർന്നുള്ള നട്ടെല്ല് ശസ്ത്രക്രിയയ്ക്കു ശേഷം അബുദാബിയിലെ വീട്ടിൽ പൂർണാരോഗ്യത്തിലേക്കു തിരിച്ചെത്തുകയാണ് യൂസഫലി. ബെക്സ് സംഭവത്തിൽ ഇടപെട്ടതിനെ കുറിച്ച് ആദ്യമായി വിശദമാക്കുന്നതും ഇപ്പോഴാണ്. ‘‘ മരിച്ച ബാലന്റെ പിതാവുമായി ഒട്ടേറെത്തവണ സംസാരിച്ചു. അപകട ശേഷം സുഡാനിലേക്കു മടങ്ങിയ അവരെ തിരികെ അബുദാബിയിൽ കൊണ്ടു വന്നു താമസിപ്പിക്കുകയും ചെയ്തു.

അവരെല്ലാം ഉൾപ്പെടെ പ്രാർഥിച്ചതുകൊണ്ടാകാം ഞാൻ ഹെലികോപ്റ്റർ അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്,’’ അദ്ദേഹത്തിന്റെ വാക്കുകൾ. അബുദാബിയില്‍ നിന്നും ജയില്‍ മോചിതനായ ബെക്സ് കൃഷ്ണന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോള്‍ സ്വീകരിക്കാനായി മകന്‍ അദ്വൈതും ഭാര്യ വീണയും എത്തിയിരുന്നു.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തന്റെ സഹോദരന്‍ മരണത്തിന് കീഴടങ്ങിയെന്ന് നടി മഹി വിജ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ സഹോദര വിയോഗം പങ്കുവെച്ചത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച സഹോദരന് കിടക്ക ലഭിക്കാതെ വന്ന സാഹചര്യത്തില്‍ മഹി വിജ് സഹായം അഭ്യര്‍ഥിച്ച് രംഗത്ത് വന്നിരുന്നു.

അന്ന് നടന്‍ സോനു സൂദ് ആണ് മഹിയുടെ സഹോദരന് വേണ്ട ചികിത്സാ സൗകര്യവും മറ്റും ഒരുക്കിയിരുന്നത്. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകളും വിഫലമാക്കിയായിരുന്നു സോഹദരന്റെ വിയോഗം. എന്റെ 25 വയസ്സുകാരനായ സഹോദരന്‍ കോവിഡിനോടുള്ള അവന്റെ പോരാട്ടം അവസാനിപ്പിച്ചിരിക്കുന്നു. രക്ഷപ്പെടാനുള്ള സാധ്യത ഏറെ കുറവായിരുന്നിട്ടും പ്രതീക്ഷയോടെയാണ് ഞങ്ങള്‍ ജീവിച്ചത്. എന്റെ അനുജന് കിടക്ക ലഭിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്‍കിയ സോനു സൂദിന് നന്ദി- മഹി വിജ് കുറിച്ചു.

അപരിചിതന്‍ എന്ന സംഗീത് ശിവന്റെ മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തില്‍ വേഷമിട്ട നടിയാണ് മഹി വിജ്. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ല മഹി. രണ്ട് പെണ്‍മക്കളുടെ അമ്മയാണവര്‍. രണ്ടാമത്തെ മകളുടെ ജനനവുമായി ബന്ധപ്പെട്ട് പൊതുരംഗത്ത് നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു മോഡലും റിയാലിറ്റി ഷോ താരവുമായ മഹി.

 

തന്നെ ആക്രമിക്കാനെത്തിയ തെരുവ് നായയെ തിരിച്ച് ആക്രമിച്ച് പത്താം ക്ലാസുകാരന്‍. വടകര എളയടത്തെ പത്താം ക്ലാസുകാരന്‍ ഇയാസ് അബ്ദുള്ളയാണ് നായയെ തിരിച്ച് ആക്രമിച്ചത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് നായയുടെ കടിയേല്‍ക്കുകയും നായ ചാകുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരെയാണ് ഈ തെരുവു നായ ആക്രമിച്ചത്. ഇന്നലെ വീണ്ടും നായ പലരേയും കടിച്ചു. തുടര്‍ന്ന് ഇയാസ് അബ്ദുള്ളയെ ആക്രമിക്കാന്‍ നായ ഓടി അടുക്കുകയായിരുന്നു. തുടര്‍ന്നാണ് തന്നെ കടിക്കാന്‍ വന്ന നായയെ ഇയാസ് നേരിട്ടത്.

ആര്‍എസി ഹൈസ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥിയായ ഇയാസ് അബ്ദുള്ളയെ കടിച്ച ഉടന്‍ തന്നെ നായയെ ഇയാസ് അബ്ദുള്ള സാഹസികമായി കീഴ്‌പ്പെടുത്തി കൊല്ലുകയായിരുന്നു.സംഭവത്തില്‍ ഇയാസിന് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റ ഇയാസ് അബ്ദുള്ള വടകര താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സ നേടി.

ഇയാസിനെ കൂടാതെ മരുന്നൂര്‍ റഷീദിന്റെ മകന്‍ മുഹമ്മദ് സയാനും (7) പരിക്കേറ്റു. രയരോത്ത് മുഹമ്മദിന്റെ മകനാണ് ഇയാസ്. ഗുരുതരമായി കടിയേറ്റ മുഹമ്മദ് സയാനെകോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമകാരിയായ നായയെ കൊലപ്പെടുത്തിയ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയുടെ ധീരതയെ പ്രശംസിച്ച് നാട്ടുകാര്‍ രംഗത്തെത്തി.

കോവിഡ് വ്യാപിക്കുകയാണ്. അതിനിടെ യുപി തലസ്ഥാനമായ ലഖ്‌നോവില്‍ നിന്നും പുറത്തുവരുന്നത് ആശ്വാസമേകുന്ന വാര്‍ത്തയാണ്. ഏതാനും ആഴ്ചകളായി ലഖ്‌നോവില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞുവരികയാണ്. കോവിഡ് വ്യാപനം ഫലപ്രദമായി നിയന്ത്രിച്ചതിലൂടെ അഭിനന്ദനമേറ്റുവാങ്ങുകയാണ് മലയാളിയായ ഐ.എ.എസ് ഓഫിസര്‍ റോഷന്‍ ജേക്കബ്.

ഏപ്രില്‍ പകുതിയോടെ പ്രതിദിനം 6000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ ജൂണ്‍ നാലിന് വെറും 40 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. റോഷന്‍ ജേക്കബ് എന്ന 43കാരി ഐ.എ.എസ് ഓഫിസറെ പ്രത്യേക ചുമതല നില്‍കി നിയോഗിച്ചതോടെയാണ് ലഖ്‌നോവില്‍ കോവിഡ് വ്യാപനം കുറയുന്നത്.

ജില്ല മജിസ്‌ട്രേറ്റിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 17 മുതല്‍ ജൂണ്‍ രണ്ട് വരെയായിരുന്നു റോഷന്‍ ജേക്കബിന് ചുമതല. ജനങ്ങളാണ് കോവിഡിനെതിരായ പോരാട്ടത്തിലെ ഏറ്റവും വലിയ ഹീറോയെന്ന് റോഷന്‍ ജേക്കബ് പറയുന്നു. അവരുടെ നിശ്ചദാര്‍ഢ്യത്തിന് മുന്നില്‍ വൈറസ് കീഴടങ്ങുകയായിരുന്നു. ലഖ്‌നോവില്‍ ആദ്യമെത്തുമ്പോള്‍ നഗരം മുഴുവന്‍ ഭീതിയിലായിരുന്നു. എല്ലാ രോഗികളും ആശുപത്രിക്കിടക്ക തേടി നടക്കുകയായിരുന്നു. ഇത്, ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് വെല്ലുവിളിയായിരുന്നു.

ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഡിനോസര്‍ വര്‍ഗത്തെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. ഓസ്ട്രലോട്ടിട്ടാന്‍ കൂപ്പറെന്‍സിസ് എന്ന വിഭാഗത്തില്‍പ്പെടുന്ന ഈ ഡിനോസറിന് കൂപ്പര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ക്വീന്‍സ് ലാന്‍ഡിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള ഒരു കൃഷിയിടത്തില്‍ നിന്നാണ് ഈ ഭീമാകാരന്‍ ദിനോസറിന്റെ ഫോസില്‍ ആദ്യമായി കണ്ടെത്തിയത്. ഏകദേശം 6.5 മീറ്റര്‍ ഉയരവും 30 മീറ്റര്‍ നീളവും ഉള്ളതാണ് ഈ ദിനോസറുകളെന്ന് ഗവേഷകരുടെ അനുമാനം.ഏകദേശം ഒരു ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിന്റെ വലിപ്പവും രണ്ട് നിലക്കെട്ടിടത്തിന്റെ ഉയരവും.

ഇലകളും സസ്യങ്ങളും ഭക്ഷണമാക്കുന്ന സൗറോപോഡ്‌സ് എന്ന വിഭാഗത്തില്‍പ്പെട്ടവയാണ് ഈ ഡിനോസറുകളെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈ ദിനോസറിനെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിക്കാനും വര്‍ഗീകരിക്കാനുമുള്ള ശ്രമം നടത്തി വരികയായിരുന്നു. ചെറിയ തലയും നീളമുള്ള കഴുത്തും വാലും തൂണുകള്‍ പോലുള്ള കാലുകളും ഇവയ്ക്കുണ്ട്. ഒമ്പത് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിലാണ് ഇവ ഭൂമിയില്‍ ജീവിച്ചിരുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. 67 ടണ്‍ ഭാരമാണ് ഇവയ്ക്കുണ്ടായിരുന്നതെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.

മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയ്ക്ക് പോയ വിസ്താര വിമാനം ആകാശത്ത് വെച്ച് ശക്തിയായി ഉലഞ്ഞതിനെത്തുടര്‍ന്നത് എട്ട് പേര്‍ക്ക് പരിക്ക്. ലാന്‍ഡിങ്ങിന് പതിനഞ്ച് മിനിറ്റ് മുമ്പ് താഴ്ന്ന് തുടങ്ങുമ്പോള്‍ 20000-17000 അടി ഉയരെ വെച്ചാണ് അപകടം നടന്നത്.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. 113 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണം എന്നാണ് പ്രഥമിക നിഗമനം. പ്രതികൂല കാലാവസ്ഥ മൂലം കഴിഞ്ഞ ദിവസം ബെംഗളുരു-കൊല്‍ക്കത്ത വിമാനം റാഞ്ചിയിലേക്ക് തിരിച്ച് വിട്ടിരുന്നു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും നിര്‍ഭാഗ്യകരമായ സംഭവത്തില്‍ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായും വിസ്താര അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാലെന്‍സ് സിറ്റിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ബാരിക്കേഡില്‍ നിന്നും ഒരാള്‍ മാക്രോണിന്റെ മുഖത്തടിക്കുകയായിരുന്നു.

അടിയേറ്റ ഉടനെ പ്രസിഡന്റ് പിറകിലേക്ക് മാറുകയും സുരക്ഷാജീവനക്കാര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തിന് രക്ഷാകവചം ഒരുക്കുകയും ചെയ്തു. പ്രസിഡന്റിന്റെ കൈപിടിച്ച് അഭിസംബോധന ചെയ്ത ശേഷം ഫ്രഞ്ച് ഭാഷയില്‍ എന്തോ പറഞ്ഞ് കൊണ്ടാണ് പ്രതി അടിക്കുന്നത്. ഇയാള്‍ അടിക്കുന്നതും അടിയേറ്റ് മാക്രോണ്‍ പിറകിലേക്ക് വീഴുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്‌പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെത്തുടര്‍ന്ന് നിരവധി പേരാണ് മാക്രോണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജനാധിപത്യമെന്നാല്‍ ആരോഗ്യപരമായ ചര്‍ച്ചകളും സംവാദങ്ങളുമാണെന്നും ശാരീരികമായ ആക്രമണം അല്ലെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് തുറന്നടിച്ചു. രാഷ്ട്രീയപരമായ കാര്യങ്ങളില്‍ എത്ര തന്നെ എതിരഭിപ്രായം ഉണ്ടെങ്കിലും ഒരു ജനാധിപത്യരാജ്യത്ത് അവ ഒരിക്കലും ദേഹോപദ്രവത്തില്‍ കലാശിക്കരുതെന്ന് പല രാഷ്ട്രീയനേതാക്കളും അഭിപ്രായപ്പെട്ടു.

 

തിരുവനന്തപുരം; സംസ്ഥാന സർക്കാർ ലോക് ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി പരിമിതമായ ദീർഘദൂര സർവ്വീസുകൾ യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ച് നടത്തുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ​ സർവ്വീസുകളെക്കുറിച്ചുള്ള വിവരങ്ങൾ “എന്റെ കെഎസ്ആർടിസി” മൊബൈൽ ആപ്പ്, www.keralartc.com എന്ന വെബ്സൈറ്റിലും ലഭ്യമാകും. ഈ സർവ്വീസുകളിലേക്കുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി മുൻകൂട്ടി റിസർവ്വ് ചെയ്യാനുമാകും.

നാഷണൽ ഹൈവെ, , എംസി റോഡ് , മറ്റ് പ്രധാന സ്റ്റേറ്റ് ഹൈവേകൾ എന്നിവടങ്ങിലൂടെയാണ് പ്രധാനമായും ​ദീർഘദൂര സർവ്വീസുകൾ നടത്തുന്നത്. ഓർഡിനറി , ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സർവ്വീസുകൾ നിലവിലുള്ളത് പോലെ തുടരും. കർശന നിയന്ത്രണമുള്ള ജൂൺ 12, 13 തീയതികളിൽ ദീർഘദൂര സർവ്വീസുകൾ ഉണ്ടാകില്ല. എന്നാൽ ആവശ്യ സർവ്വീസുകൾക്കായുള്ള ബസുകൾ ഉണ്ടായിരിക്കും. പതിമൂന്നാംതീയതി ഉച്ചയ്ക്ക് ശേഷം ദീർഘദൂര ബസുകൾ വീണ്ടും പുനരാരംഭിക്കുകയും ചെയ്യും.

ഇതിൽ യാത്രാക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചേ യാത്ര അനുവദിക്കുകയുള്ളൂ. കൂടാതെ ആവശ്യമുള്ള യാത്രാ രേഖകൾ ഉൾപ്പെടെ കൈയ്യിൽ കരുതണം. ബസുകളിൽ ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന ജൂൺ 17 മുതൽ പൂർണ്ണമായും ദീർഘ ദൂര സർവ്വീസുകൾ പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

ജൂലൈ ആറ് വരെയാണ് വിലക്ക് നീട്ടിയതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല. യാത്രാ വിലക്ക് ജൂണ്‍ 30 വരെ നീട്ടിയെന്നായിരുന്നു എമിറേറ്റ്സ് അറിയിച്ചിരുന്നത്.

ഇന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പുറത്തുവിട്ട പുതിയ അറിയിപ്പിലാണ് ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസുകളുണ്ടാവില്ലെന്ന വിവരമുള്ളത്. കഴിഞ്ഞമാസം 25 നാണ് ഇന്ത്യയിൽ നിന്നുളള വിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്.

യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വീസയുള്ളവർ എന്നിവരെ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം. അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സർവീസുകള്‍ തുടരും.

കൊച്ചിയിലെ ഫ്ലാറ്റിൽ യുവതി ക്രൂര പീഡനത്തിനിരയായ കേസിൽ പ്രതി മാർട്ടിൻ ജോസഫ് പുലി ക്കുന്നേലിനായുള്ള തിരച്ചിൽ ഊർജിതം. മാർട്ടിൻ എവിടയാണെന്ന് തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്‌ത് രണ്ടുമാസത്തിനിപ്പുറം ആണ് പൊലിസ് ഉണർന്ന് പ്രവർത്തിക്കുന്നത്.

എഫ്.ഐ.ആർ പ്രകാരം 2020 ഫെബ്രുവരി 15 മുതൽ 2021 മാർച്ച്‌ എട്ടുവരെയാണ് ഫ്ലാറ്റിനുള്ളിൽ പെൺകുട്ടിക്ക് നേരെ ക്രൂര പീഡാനം അരങ്ങേറിയത്. ഒടുവിൽ ഫ്ലാറ്റിൽ നിന്ന് ഒരു രാത്രി ഓടി രക്ഷപ്പെട്ട യുവതി ഒരു മാസത്തിനു ശേഷം ഏപ്രിൽ എട്ടിന് കൊച്ചി സെൻട്രൽ പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. രണ്ടു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ സാധിച്ചില്ല. എന്നാൽ അന്വേഷണം കൃത്യമായാണ് മുന്നോട്ട് പോകുന്നതെന്ന് കമ്മിഷണർ പറഞ്ഞു.

പ്രതി തൃശൂരിൽ തന്നെ ഉണ്ടെന്ന് ഡെപ്യുട്ടി കമ്മിഷണറും വ്യക്തമാക്കി. പ്രതിയെ ഭയന്നു നാടുവിട്ട യുവതി സുഹൃത്തുക്കളുടെ വീട്ടിൽ അഭയം തേടിയിരിക്കുകയാണ്. ലൈംഗിക പീഡനത്തിന് പുറമെമാർട്ടിൻ യുവതിയുടെ ശരീരത്തിൽ ചൂടുവെള്ളം ഒഴിച്ചു പൊള്ളിച്ചു. മുളകുപൊടി മുഖത്തു തേച്ചു. ബെൽറ്റ് കൊണ്ടും ചൂലുകൊണ്ടും അടിച്ചു. മുഖത്ത് അടിക്കുന്നതും പതിവായിരുന്നു നഗ്ന ചിത്രങ്ങൾ ഉണ്ടെന്ന് പഞ്ഞായിരുന്നു ഭീഷണികളിൽ ഏറെയും. മാർട്ടിൻ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷയിൽ ഹൈകോടതി സർക്കാരിനോട് വിശദീകരണം തേടി. അന്വേഷണം വൈകുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ എറണാകുളം സെൻട്രൽ പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി.

Copyright © . All rights reserved
➤